വസന്തം കൂമ്പടഞ്ഞിട്ടില്ല
നിങ്ങളെ എല്ലാവരെയും കണ്‍നിറയെ കാണുമ്പോള്‍ ഞാന്‍ ആവേശഭരിതനാണ്. ഒരുപാട് സംസാരിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ഇപ്പോള്‍ അതിന് പറ്റിയ സന്ദര്‍ഭമല്ല. ആരോഗ്യം ഞാന്‍ വീണ്ടെടുക്കുന്നേയുള്ളൂ.
സത്യത്തില്‍ എനിക്കു വലിയ രോഗങ്ങളൊന്നുമില്ല. അതാണല്ലോ ഇതുവരെയുള്ള പരിശോധനകളില്‍ നിന്നെല്ലാം മനസ്സിലായത്. അല്‍ഹംദുലില്ലാഹ്! രോഗമില്ല എന്ന് അറിയുന്നത് തന്നെയാണല്ലോ ഏറ്റവും വലിയ ആരോഗ്യം. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനകള്‍ അല്ലാഹു കേട്ടിരിക്കുന്നു. പതുക്കെയാണെങ്കിലും ഞാന്‍ സാധാരണ ജീവിതത്തിലേക്കു തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്.
നിങ്ങള്‍ ഓരോരുത്തരുടെയും സ്‌നേഹവും പരിലാളനയും എനിക്ക് നിര്‍ലോഭം കിട്ടിയ നാളുകളാണ് കഴിഞ്ഞുപോയത്. ഇസ്‌ലാമിക പ്രസ്ഥാനം നമുക്ക് ഈ ദുന്‍യാവില്‍ നേടിത്തരുന്ന ഏറ്റവും വലിയ സൗഭാഗ്യമാണിത്-സ്‌നേഹസമൃദ്ധമായ സാഹോദര്യത്തിന്റെ ശക്തമായ സുരക്ഷാവലയം. ഈ സ്‌നേഹ മരുന്നുകൊണ്ട് മാറാത്ത ഏത് രോഗമാണുള്ളത്?
ഈ ദീനും പ്രസ്ഥാനവും നമുക്ക് നല്‍കിയതും നാം അങ്ങോട്ട് തിരിച്ചുനല്‍കിയതും തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍, സത്യത്തില്‍ എത്ര കുറച്ചാണ് നാം തിരിച്ചുനല്‍കിയത്! അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തിനും നമ്മുടെ സഹപ്രവര്‍ത്തകരുടെ അളവറ്റ സ്‌നേഹത്തിനും നന്ദി കാണിക്കാന്‍ എത്ര നൂറ്റാണ്ട് നാം ജീവിച്ചിരിക്കണം! നമ്മുടെ കൊച്ചു ജീവിതവും അതില്‍ നാം ചെയ്യുന്ന ഇബാദത്തുകളും നമ്മള്‍ നമ്മെക്കുറിച്ച് മേനി നടിക്കുന്ന ത്യാഗപരിശ്രമങ്ങളും അല്ലാഹു നമുക്കു ചെയ്തുതന്ന അനുഗ്രഹങ്ങളോട് താരതമ്യം ചെയ്യുമ്പോള്‍ എത്ര നിസ്സാരം!
എന്റെ മുമ്പിലിരിക്കുന്നത് ഈ പ്രസ്ഥാനത്തിന്റെ കാതലാണ്-ന്യൂക്ലിയസ്. പ്രസ്ഥാനത്തിനുള്ളില്‍ നമ്മള്‍, റുക്‌നുകളുടെ ഉത്തരവാദിത്തങ്ങള്‍ വളരെ ഭാരിച്ചതാണ്. ജമാഅത്തെ ഇസ്‌ലാമിയെ മുന്നോട്ട് നയിക്കേണ്ടവരാണ് നമ്മള്‍. പരസഹസ്രം കാര്‍ക്കൂനുകളുടെയും മുത്തഫിഖുകളുടെയും മുന്നില്‍ നില്‍ക്കുന്നവരാണ് നമ്മള്‍. അവരുടെ വേഗതയും ചടുലതയും നിശ്ചയിക്കേണ്ടത് നമ്മളാണ്. അവരുടെ മുന്നില്‍, നമ്മുടെ യുവാക്കളുടെ മുന്നില്‍, നമ്മുടെ കുട്ടികളുടെ മുന്നില്‍ നമ്മള്‍ തടസ്സങ്ങളാവരുത്. അവര്‍ക്ക് ആവേശവും ആത്മവിശ്വാസവും പകര്‍ന്ന് മുന്നില്‍ നടക്കേണ്ടവരാണ് നമ്മള്‍. ദാരിദ്ര്യവും കഷ്ടപ്പാടുകളും നമ്മുടെ ഗതിവേഗം നിയന്ത്രിച്ചുകൂടാ. പ്രായവും ക്ഷീണവും, രോഗം പോലും നമ്മെ തളര്‍ത്തിക്കൂടാ. പ്രതിസന്ധികള്‍ നമ്മെ പിന്തിരിപ്പിച്ചുകൂടാ.
പ്രതിസന്ധികളുണ്ട്, തിരിച്ചടികളുണ്ട്-ഇതെല്ലാം എല്ലാ കാലത്തുമുണ്ടായിരുന്നു. നമ്മുടെ ഈമാനിന്റെ കാരറ്റ് നോക്കാനുള്ള അല്ലാഹുവിന്റെ നടപടിക്രമങ്ങളാണിതെല്ലാം. എല്ലാം പരീക്ഷണങ്ങളാണ്. വിജയവും പരാജയവും പരീക്ഷണങ്ങളാണ്; ഐശ്വര്യവും ദാരിദ്ര്യവും പരീക്ഷണങ്ങളാണ്; രോഗവും ആരോഗ്യവും പരീക്ഷണങ്ങളാണ്. ഏത് അവസ്ഥയിലും നമുക്ക് വിജയിച്ചേ തീരൂ. വസന്തം കൂമ്പടഞ്ഞിട്ടില്ല. വൈകിയാണെങ്കിലും അത് വിരിയുക തന്നെ ചെയ്യും.
'ഞാന്‍ മുസ്‌ലിമാണ്; ഇസ്‌ലാമിസ്റ്റാണ്' എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് കൂടുതല്‍ ഉത്തരവാദിത്തബോധത്തോടെ സഗൗരവം എഴുന്നേറ്റ് നില്‍ക്കേണ്ട ഒരു കാലത്താണ് നാം ജീവിക്കുന്നത്. 'ഘര്‍വാപസി'യുടെ കാലം! പ്രതികൂലാവസ്ഥകള്‍ നമ്മെ തളര്‍ത്താന്‍ പാടില്ല. പ്രതിസന്ധികള്‍ വരും; പോകും. ദല്‍ഹി തെരഞ്ഞെടുപ്പ് ഫലം കണ്ടില്ലേ, എത്ര പ്രതീക്ഷാജനകമാണ് അല്ലാഹുവിന്റെ നടപടിക്രമം!
പ്രതികൂല കാലാവസ്ഥകളില്‍, എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ച്, തങ്ങളുടെ ശരീരം കൊണ്ടും സമ്പത്ത് കൊണ്ടും ജിഹാദ് ചെയ്ത് ഈ പ്രസ്ഥാനത്തെ മുന്നോട്ട് നയിച്ച അനേകം പേര്‍ നമ്മോട് വിട ചൊല്ലി. നിസ്വാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ലളിതവും വിശുദ്ധവുമായ ജീവിതം കൊണ്ടും നമ്മെ വിസ്മയിപ്പിച്ച ബഹുമാന്യരായ അബ്ദുല്‍ അഹദ് തങ്ങളും സാദിഖ് മൗലവിയുമാണ് നേതൃനിരയില്‍ നിന്ന് ഏറ്റവും ഒടുവിലായി നമ്മളോട് വിട പറഞ്ഞവര്‍. ത്യാഗോജ്വലമായ ജീവിതം നയിച്ച നൂറുകണക്കിന് പ്രവര്‍ത്തകരും ഈ മീഖാത്തില്‍ നമ്മെ വിട്ടുപിരിഞ്ഞിട്ടുണ്ട്. അവര്‍ക്കെല്ലാം അല്ലാഹു അവന്റെ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞുകൊടുക്കട്ടെ.
അല്ലാഹു നമ്മെ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ. അല്ലാഹു നമ്മെ ഏല്‍പിച്ച ഉത്തരവാദിത്തങ്ങളും മനുഷ്യസമൂഹം നമ്മിലര്‍പ്പിച്ച പ്രതീക്ഷകളും നിറവേറ്റാന്‍ നമുക്ക് സാധിക്കുമാറാകട്ടെ.
ജമാഅത്ത് അംഗങ്ങളുടെ സമ്മേളനത്തില്‍ ചെയ്ത പ്രഭാഷണം
Comments