പിതാക്കളും പുത്രന്മാരും
കുടുംബനാഥന്‍, തറവാട്ടു കാരണവര്‍, ഗോത്രനേതാവ്, രാജ്യഭരണാധികാരി, മതപണ്ഡിതന്‍, അധ്യാപകന്‍ തുടങ്ങിയ സ്ഥാനങ്ങളെ സമൂഹത്തോടുള്ള ഉത്തരവാദിത്തമായി ഉള്‍ക്കൊള്ളാനും നിറവേറ്റാനുമാണ് പ്രവാചകന്മാര്‍ പഠിപ്പിച്ചിരുന്നത്. 'ഉത്തരം ബോധിപ്പിക്കാന്‍ ബാധ്യതയുള്ള ഇടയന്മാരാണ് നിങ്ങളോരോരുത്തരും' എന്ന പ്രവാചകവചനത്തിന്റെ പൊരുളും അതാണ്. ഇതാണ് പിതൃരൂപങ്ങളോട്, പിതൃസ്ഥാനങ്ങളോടുള്ള ധാര്‍മികകല്‍പന. അതേസമയം, അധീശവ്യവസ്ഥയുടെ തലവന്മാരാകുന്നതോടെ പിതൃരൂപങ്ങള്‍ പിതൃബിംബങ്ങളായി പരിണമിക്കുകയാണ് ചെയ്യുന്നത്. ഒരു പിതുരാധിപത്യ വ്യവസ്ഥയുടെ രൂപപ്പെടലില്‍ നിന്നാണ് സമൂഹങ്ങളില്‍ അക്രമവും അനീതിയും ജനിക്കുന്നത്. അധികാരം സ്വന്തമാക്കുന്നതിനു വേണ്ടിയുള്ള പരിശ്രമങ്ങളും മല്‍സരങ്ങളും സംസ്‌കാരങ്ങളെ ജീര്‍ണതയിലേക്കും മാര്‍ഗഭ്രംശത്തിലേക്കും നയിക്കുന്നു. പ്രബുദ്ധവും പുരോഗമനോന്മുഖവുമായ സമൂഹങ്ങള്‍ അവര്‍ക്കിടയിലെ അധികാരമാല്‍സര്യവും തജ്ജന്യമായ അക്രമങ്ങളും നിമിത്തം (ബഗ്‌യന്‍ ബൈനഹും) അന്ധകാരത്തിലേക്കു പതിക്കുകയാണ് ചെയ്യുന്നതെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. ഈ കിടമല്‍സരങ്ങള്‍ അധീശത്വമുള്ള പിതൃരൂപങ്ങള്‍ക്ക് ജന്മം നല്‍കുന്നു. പിതൃബിംബത്തെ വേദപുസത്കം ത്വാഗൂത്ത് എന്നു വിളിക്കുന്നു. അല്ലാഹുവിന് വഴങ്ങുക എന്നതോടു ചേര്‍ത്ത് അതിന്റെ തന്നെ അനിവാര്യമായ മറുവശമായി ത്വാഗൂത്തിനെ വെടിയുക എന്നും ഖുര്‍ആന്‍ പറയുന്നു.
അധീശത്വം സംസ്‌കാരങ്ങളുടെ ധാര്‍മികവും വിചാരപരവുമായ പുരോഗമനത്തെ തടയും. തങ്ങള്‍ക്കു കീഴിലുള്ളവരോടുള്ള ഉത്തരവാദിത്ത നിര്‍വഹണത്തെക്കാള്‍ പിതൃബിംബങ്ങള്‍ ജാഗ്രത്താവുക അവര്‍ക്കു മേലുള്ള തങ്ങളുടെ നിയന്ത്രണങ്ങള്‍ ഭദ്രമാക്കുന്നതിലായിരിക്കും. ജീവിതങ്ങള്‍ക്കു മേല്‍ കടുത്ത നിയന്ത്രണങ്ങളും ഭാരങ്ങളും അടിച്ചേല്‍പിക്കുന്നതിന് വേണ്ടിയാവും അവരുടെ പരിശ്രമം. അധീശവ്യവസ്ഥയുടെ ഭാഗമായ, ബിംബവല്‍ക്കരിക്കപ്പെട്ട പിതൃസ്ഥാനമായ പൗരോഹിത്യം ഇതിന് വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും മറകളും സൃഷ്ടിക്കും. യാന്ത്രികമായ വിധിയിലുള്ള വിശ്വാസം, പാരമ്പര്യത്തോടുള്ള കൂറ്, ജാതീയമായ ധര്‍മങ്ങളോടുള്ള പ്രതിബദ്ധത തുടങ്ങിയവയെ ഇതിനായി വളര്‍ത്തുകയും ഉപയോഗപ്പെടുത്തുകയും ചെയ്യും. ഇങ്ങനെ സംസ്‌കാരങ്ങള്‍ക്കു മേല്‍ ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും മൊരി (Cake of Cu-stom) രൂപപ്പെടുന്നു. ഈ മൊരിക്കകത്ത് വളര്‍ച്ച തടയപ്പെടുന്നതോടെയാണ് സമൂഹം യാഥാസ്ഥിതികവും സംസ്‌കാരം പുരോഗമനവിമുഖവുമായിത്തീരുന്നത്.
ഈ മൊരി പൊട്ടിച്ചെറിയാന്‍ കല്‍പിക്കപ്പെട്ടവരാണ് പ്രവാചകന്മാര്‍. പുതപ്പു തട്ടിമാറ്റി എണീക്കാന്‍ മുഹമ്മദ് നബിയോട് ഖുര്‍ആന്‍ കല്‍പിക്കുന്നതിനെയും ഇങ്ങനെ വായിക്കണം. ആ സന്ദര്‍ഭത്തില്‍ നബിതിരുമേനി പനി കൊണ്ടു വിറച്ച് പുതച്ചു മൂടിക്കിടക്കുകയായിരുന്നു. അതിനാല്‍, വിശ്രമം നിര്‍ത്തി ഉണര്‍വ്വോടെയെഴുന്നേറ്റ് ദൗത്യം നിര്‍വഹിക്കുവിന്‍ എന്നതാണ് സൂറഃ അല്‍മുദ്ദസ്സിറിലെ ആ കല്‍പനയുടെ പ്രഥമമായ അര്‍ഥം. അതേസമയം ഒരു കട്ടിക്കരിമ്പടം പോലെ സമൂഹത്തെ പൊതിഞ്ഞിരിക്കുന്ന സാമൂഹികവും മതപരവുമായ എല്ലാ അത്യാചാരങ്ങളെയും തട്ടിമാറ്റാന്‍ സന്നദ്ധനായിക്കൊള്‍ക എന്ന ഒരു ഉല്‍പ്രേക്ഷ ഇതിലുണ്ട്. പിന്നെയുള്ള അവിടുത്തെ ജീവിതം ആ മൊരി, Cake of Custom തകര്‍ത്ത് സമൂഹത്തെ പുരോഗതിയിലേക്കു നയിക്കാന്‍ വേണ്ടിയായിരുന്നു. എന്നാല്‍, ഗോത്രമുഖ്യന്മാരും പുരോഹിതന്മാരുമടക്കമുള്ള സമൂഹത്തിലെ പിതൃബിംബങ്ങള്‍ പ്രവാചകന്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന പാരമ്പര്യങ്ങളെ നിലനിര്‍ത്താന്‍ യത്‌നിച്ചു. ഈ പിതൃബിംബങ്ങളെയാണ് ഖുര്‍ആന്‍ മലഅ് എന്ന് അടയാളപ്പെടുത്തുന്നത്. ഇവര്‍ സൃഷ്ടിച്ച ശ്രേണിഘടനയില്‍ ഏറ്റവും താഴെത്തട്ടില്‍ നില്‍ക്കേണ്ടി വന്നവരെ 'അര്‍ദലുകള്‍' എന്നു പറയും. ഏതൊരു സമൂഹത്തിലെയും ഏത് പ്രവാചകന്റെയും പ്രാഥമിക അനുഗാതാക്കള്‍ ഈ 'അര്‍ദലുകളാ'യിരുന്നു. മക്കന്‍ സമൂഹത്തിന്റെ ആചാരങ്ങളെയും പാരമ്പര്യഭ്രമങ്ങളെയും കുല, കുടുംബാഭിമാനങ്ങളെയും നിശിതമായി ചോദ്യം ചെയ്തു കൊണ്ടാണ് മുഹമ്മദ് നബി തന്റെ ബോധനപ്രവര്‍ത്തനങ്ങളാരംഭിച്ചത്. അതിനാല്‍ത്തന്നെ, മക്കന്‍ സമൂഹത്തിലെ അടിമകളും, അടിമകളിലും വരേണ്യരിലും പെട്ട സ്ത്രീകളും ആരംഭം മുതല്‍ക്കേ നബിയുടെ മതത്തില്‍ ആകൃഷ്ടരായതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കുലാടിസ്ഥാനത്തില്‍ വരേണ്യരില്‍പ്പെട്ടവരെങ്കിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും വളരെപ്പെട്ടെന്നു തന്നെ നബിയോട് ചേര്‍ന്നു നിന്നു; ഒപ്പം വിദേശികളും. അമ്മാറും ബിലാലും സുമയ്യയും ഉമ്മുഹബീബയും ഇബ്‌നു മസ്ഊദും സല്‍മാനും സുഹൈബുമൊക്കെ ഇപ്രകാരം തുടക്കം മുതല്‍ക്ക് നബിയോടൊപ്പം ചേര്‍ന്ന, പല കാരണങ്ങളാല്‍ സമൂഹം അധഃകൃതരാക്കി മാറ്റി നിര്‍ത്തിയിരുന്നവരാണ്.
പിതൃസ്ഥാനവും പിതൃബിംബവും
പിതൃബിംബങ്ങളോടുള്ള സമരത്തിന്റെ ചില തത്വങ്ങള്‍ നമുക്ക് പരിശോധിക്കാം. പിതൃ-പുത്ര സംഘര്‍ഷം എന്ന ഒരാശയമുണ്ട് മനഃശാസ്ത്ര, സാമൂഹികശാസ്ത്ര വ്യവഹാരങ്ങളില്‍. ഈ ആശയത്തെ തികച്ചും വ്യക്തിനിഷ്ഠമായി മാത്രം കണ്ടുകൊണ്ടുള്ള നിഗമനങ്ങള്‍ ചില മനഃശാസ്ത്രതത്ത്വങ്ങളിലുണ്ട്. അത് സ്വന്തം അച്ഛനുമായി ഒരാളുടെ ജീവിതത്തിലോ മനോവ്യാപാരങ്ങളിലോ ഉണ്ടാവുന്ന അസൂയയും എതിര്‍പ്പും ഏറ്റുമുട്ടലുമൊക്കെയായി ബന്ധപ്പെട്ടതാണ്. ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ സ്വപിതാവുമായേറ്റു മുട്ടേണ്ടി വന്നിട്ടില്ലാത്ത മക്കളുണ്ടാവില്ലെന്ന് മേല്‍പ്പറഞ്ഞ മനഃശാസ്ത്ര സിദ്ധാന്തങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ഇതിന് പല മാനങ്ങളുമുണ്ട്. അതേസമയം നാം സൂചിപ്പിച്ച ആശയം ഇത്ര ചുരുങ്ങിയ ഒന്നല്ല. ഏറ്റവും പ്രാഥമികമായ പിതുരധികാരരൂപം കുടുംബത്തിലെ പിതാവ് തന്നെയാണ്. അതേസമയം പിതൃബിംബങ്ങള്‍ എന്നതിനെ സമൂഹത്തിലെ അധികാരരൂപങ്ങള്‍ എന്ന തലത്തിലേക്ക് നാം വികസിപ്പിക്കുന്നു.
പിതൃ-പുത്ര സംഘര്‍ഷത്തിന്റെ സ്വഭാവത്തില്‍ത്തന്നെ ഇബ്‌റാഹീമിന്റെ ചരിത്രം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ഈ സംഘര്‍ഷത്തിന്റെ ആഖ്യാനത്തില്‍ ഏറ്റവുമാദിമഘട്ടത്തില്‍ സ്വപിതാവ് ആസറിനെത്തന്നെ സ്ഥാപിക്കുകയും ചെയ്യുന്നു. ആസറുമായാണ് അവിടുന്ന് ആദ്യം സംവാദം നടത്തുന്നത്. അയാളായിരുന്നു ഇബ്‌റാഹീമിന്റെ ആദ്യത്തെ പ്രഖ്യാപിതശത്രു. ഇതു പോലെ ബിംബവത്കരിക്കപ്പെട്ട ഒരു പിതൃരൂപം മുഹമ്മദ് നബിയുടെ ജീവിതത്തിലുമുണ്ട്; അദ്ദേഹത്തിന്റെ പിതൃവ്യനായ അബൂലഹബ്. ചരിത്രം തന്നെ മുന്നോട്ടു വെക്കുന്ന രൂപകങ്ങളത്രേ ആസറും അബൂലഹബും. പിതൃരൂപങ്ങളിലെ അധീശബിംബങ്ങളോട് പടവെട്ടാന്‍ ധര്‍മൗല്‍സുക്യമുള്ള പുത്രന്മാര്‍ക്കുള്ള പ്രേരണയാണത്. വിശുദ്ധരായ പ്രവാചകന്മാര്‍ അധീശത്വമുള്ള പിതൃരൂപങ്ങളോടാണ് പടവെട്ടിയത് എന്നതിന്റെ അടയാളങ്ങളാണ് ഇവര്‍ രണ്ടു പേരും. തികച്ചും Tyrannical ആയ പിതൃരൂപങ്ങളുടെ പാരത്രികപരിണതിയെ പ്രഖ്യാപിക്കുന്നതിലും ഖുര്‍ആന്‍ ഇവര്‍ രണ്ടുപേരെ അടയാളങ്ങളാക്കുന്നു. അബൂലഹബിന്റെ കാര്യത്തില്‍ ഒരു സൂറഃ തന്നെ ഖുര്‍ആനിലുണ്ട്. സൂറഃ അല്‍മസദില്‍ ഐഹികവും പാരത്രികവുമായി നശിച്ചു പോയവന്‍ തന്നെയാണ് അയാള്‍ എന്നു പറയുന്നു. ആസറിന്റെ കാര്യത്തില്‍, അയാള്‍ക്കു വേണ്ടി ഇബ്‌റാഹീം നടത്തുന്ന പ്രാര്‍ഥനയെ ദൈവം നിരാകരിക്കുകയാണ്. ആസര്‍ ഊറിലെ മുഖ്യപുരോഹിതനും ഊറിന്റെ ഭരണാധികാരിയായ ഊര്‍നമ്മുവിന്റെ (നംറൂദ്) സദസ്സിലെ പ്രമുഖനുമായിരുന്നു. അബൂലഹബാകട്ടെ, മക്കയിലെ ഗോത്രമുഖ്യന്മാരില്‍ പ്രധാനിയും.
അധികാരവും പണവും മതവും തമ്മിലുള്ള അവിശുദ്ധബാന്ധവത്തെ ഖുര്‍ആന്‍ ചരിത്രമവതരിപ്പിച്ചു കൊണ്ട് നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ഇബ്‌റാഹീമിന്റെ കാലത്തിനും ശേഷം വളരെക്കഴിഞ്ഞ് നിയുക്തനായ, യിസ്രായേല്യരുടെ വിമോചകനും കൂടിയായ പ്രവാചകന്‍ മോശയുടെ കാലത്ത് ഈജിപ്തിന്റെ അധികാരശക്തിയായ ഫറോവയോട് യിസ്രായേല്യരില്‍ത്തന്നെ പെട്ട ധനികന്‍ ഖാറൂന്‍ കാണിച്ചിരുന്ന ആഭിമുഖ്യത്തെയും തല്‍ഫലമായി അയാളില്‍ പതിച്ച ദൈവശാപത്തെയും കുറിച്ച് സൂറഃ അല്‍ഖസ്വസ്വില്‍ വിവരിക്കുന്നു. പുറപ്പാടിനു ശേഷം മൂസായുടെ കുറച്ചു ദിവസത്തെ അഭാവത്തില്‍ ജനതയെ ആത്മീയമായ മതിഭ്രമത്തിലാക്കി ഉന്മാദത്തിനടിപ്പെടുത്താന്‍ ശ്രമിച്ച പുരോഹിതന്‍ സാമിരിയെയും ഫറോവ-ഖാറൂന്മാര്‍ക്കൊപ്പം ധിക്കാരിയായെണ്ണുകയാണ് വേദഗ്രന്ഥം. ഊര്‍നമ്മുവിന്റെ അധികാരത്തിന് പൗരോഹിത്യമതത്തിന്റെ പിന്തുണയുണ്ടായിരുന്നു. ജ്യോതിഷനിമിത്തങ്ങളിലും ജ്യോതിര്‍ഗോളങ്ങളുടെ ദൈവത്വത്തിലുമധിഷ്ഠിതമായിരുന്ന ബാബിലോണിയന്‍ മതത്തിലെ മുഖ്യദൈവമായിരുന്നു ചന്ദ്രദേവതയായ നമ്മു. ശമഷും (സൂര്യന്‍) ഇഷ്തറുമാണ് (ശുക്രനക്ഷത്രം -അക്കാലത്ത് ശുക്രന്‍ നക്ഷത്രമായാണ് ഗണിക്കപ്പെട്ടിരുന്നത്-) മറ്റ് പ്രമുഖ ദൈവങ്ങള്‍. നമ്മുവിന്റെ വാസസ്ഥാനമായി ഊറിന്റെ തലസ്ഥാനപട്ടണമായ ഹറാനിനെ ബാബിലോണിയക്കാര്‍ കരുതിപ്പോന്നു. നമ്മുവിന്റെ പ്രതിനിധിയായിക്കൊണ്ട് ഊര്‍ ഭരിക്കുന്ന പരമാധികാരിയാണ് ഊര്‍നമ്മു എന്നാണ് ആസറിന്റെ മതം ജനങ്ങളെ വിശ്വസിപ്പിച്ചത്. നക്ഷത്രവും ചന്ദ്രനും സൂര്യനും പ്രകൃതിനിയമങ്ങള്‍ക്ക്, അല്ലാഹുവിന്റെ നിയമങ്ങള്‍ക്ക് വിധേയരാണെന്ന് കാണിച്ചു കൊടുത്തുകൊണ്ടാണല്ലോ ഇബ്‌റാഹീം ജനങ്ങളോടുള്ള തന്റെ പ്രബോധനം ആരംഭിക്കുന്നത്.
എന്തായാലും സ്വന്തം വീട്ടില്‍ സ്വന്തം പിതാവിനോട് കലഹിക്കുന്ന ഇബ്‌റാഹീമിനെ വരച്ചു കാട്ടുന്ന ഖുര്‍ആന്‍, ശേഷം വിവരിക്കുന്നത് രാജാവുമായി അദ്ദേഹം നടത്തുന്ന സംവാദമാണ്. ആസര്‍ ജനിതകമായി ഇബ്‌റാഹീമിന്റെ പിതാവാണ് എന്നതു കൊണ്ടു മാത്രമല്ല, അദ്ദേഹത്തിന്റെ ചരിത്രം പിതൃപുത്ര സംഘര്‍ഷത്തിന്റെ ആഖ്യാനമാവുന്നത്. ഭരണ നേതാവും മതനേതാവും സമൂഹത്തിലെ പിതൃസ്ഥാനീയരാണ്. പിതൃസ്ഥാനത്തോടുള്ള ആദരവും കടപ്പാടും വേദപുസ്തകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അധ്യാപനങ്ങളില്‍ ഒന്നാണ്. എന്നാല്‍ പിതൃസ്ഥാനം എന്നത് ഉത്തരവാദിത്തമാണ്. അധികാരമല്ല. ഉത്തരവാദിത്തം അധികാരമായും അധികാരം അധീശവ്യവസ്ഥയായും പരിവര്‍ത്തിതമാകുമ്പോഴാണ് സമൂഹത്തില്‍ അനൈതികമായ ശ്രേണീബദ്ധതയും വിവേചനങ്ങളും രൂപപ്പെടുന്നത്. അവകാശലംഘനങ്ങളുടെ മൂലകാരണവും ഇതു തന്നെ. ഭരണരൂപങ്ങളെക്കുറിച്ച് ചരിത്രത്തെ ആധാരമാക്കി അരിസ്റ്റോട്ടിലിന്റെ ഒരു വിശകലനമുണ്ട്. അദ്ദേഹത്തിന്റെ നിരീക്ഷണത്തില്‍ രാഷ്ട്രസംഘാടനത്തിന് പൊതുവേ മൂന്ന് രൂപങ്ങളുണ്ട്. ഒന്ന്, ഏകാധിപത്യം (Autocracy). പ്രകൃത്യാ തന്നെ അടഞ്ഞ ഒരു വ്യവസ്ഥയോ ദുര്‍ഭരണമോ (Tyranny) അല്ല ഇത്. എന്നാല്‍ ഭരണാധികാരിയുടെ സ്വേച്ഛാധിപത്യത്തിലേക്ക് (Dictatorship) തരം താഴുന്നതോടെ ഇത് അധാര്‍മികമാവും. രണ്ടാമത്തേത് പ്രഭുജനാധിപത്യമാണ് (Aristocracy). ഇതിനെയും ന്യായീകരിക്കുന്ന ചരിത്രസന്ദര്‍ഭങ്ങളോ സാമൂഹികസാഹചര്യങ്ങളോ ഉണ്ടാവാം. എന്നാല്‍ കുലീനാധിപത്യത്തിലേക്ക് (Oligarchy) വഴുതുമ്പോള്‍ ഇതും നീതിവിരുദ്ധമായിത്തീരുന്നു. മൂന്നാമത്തെ രാഷ്ട്രസംഘാടനരൂപമാണ് ജനാധിപത്യം (Democracy). ഇതിന് Polity എന്നാണ് അരിസ്‌റ്റോട്ടില്‍ പേരു നല്‍കിയത്. ഇതിനും നല്ലതല്ലാത്ത ചില സാധ്യതകളുണ്ട്. വളരെ വേഗം ഇത് കാമ്പില്ലാത്ത ഒരാള്‍ക്കൂട്ടഭരണമായി മാറാം. അല്ലെങ്കില്‍ വ്യാജമായ വികാരമിളക്കി വിടുന്നവരുടെ ആധിപത്യം (Demagoguery). എന്നുവെച്ചാല്‍, അധീശ പിതൃരൂപങ്ങള്‍ ഏറ്റവും പുരോഗമനപരവും പൗരനെ അധികാരിയായംഗീകരിക്കുന്നതുമായ ജനാധിപത്യവ്യവസ്ഥയിലും രൂപപ്പെടാം.
വ്യവസ്ഥയോട് കലഹിച്ച ഒരു വിഭാഗത്തെ ഖുര്‍ആന്‍ 'ഇന്നഹും ഫിത്‌യതുന്‍' എന്ന് വിശേഷിപ്പിക്കുന്നുണ്ട് (സൂറഃ അല്‍കഹ്ഫ്). അവര്‍ ചെറുപ്പക്കാരുടെ, പിതൃബിംബങ്ങളോട് കലഹിച്ച പുത്രന്മാരുടെ ഒരു കൂട്ടമായിരുന്നു എന്നര്‍ഥം. മൂസായുടെ ചരിത്രം പറയുമ്പോഴും, അദ്ദേഹത്തിന്റെ ദൗത്യത്തെ അംഗീകരിക്കാന്‍ സന്നദ്ധരായത് ഫറോവയുടെ അധീശത്വത്തെയോ അയാളുടെ സമൂഹത്തിലെ മേലാളവിഭാഗത്തെയോ ഭയക്കാത്ത കുറച്ചു ചെറുപ്പക്കാര്‍ മാത്രമായിരുന്നു എന്നു പറയുന്നു. ഇവിടെ ആ ചെറുപ്പക്കാരെ വേദഗ്രന്ഥം അടയാളപ്പെടുത്തുന്നത് ദുര്‍രിയഃ എന്ന വാക്കു കൊണ്ടാണ്. മക്കള്‍ എന്നാണ് ഈ പദത്തിന്റെ ഭാഷാര്‍ഥം. പിതൃബിംബങ്ങളോടുള്ള കലാപങ്ങളിലേക്കു തന്നെയാണ് ഇവിടെയും സൂചന. ഒന്നാമതായും യിസ്രായേല്യരെത്തന്നെ അടിമകളാക്കി വെച്ചിരുന്ന അവിടുത്തെ വംശീയസ്വേച്ഛാധിപത്യത്തോടുള്ള കലാപം. ഒപ്പം വ്യവസ്ഥിതിയോട് രാജിയാവുകയും വിധേയത്വബോധത്തിലേക്ക് താഴുകയും ചെയ്ത സ്വസമുദായത്തിലെത്തന്നെ മാതാപിതാക്കളോടും കാരണവന്മാരോടുമുള്ള കലാപം. മറുവശത്ത് യാഥാസ്ഥിതികത്വത്തോട് രാജിയാവുകയും സ്വഭര്‍ത്താവിന്റെ തന്നെ കലാപങ്ങളോട് വൈമുഖ്യം കാണിക്കുകയും ചെയ്ത ഒരു സ്ത്രീയെ- ലൂത്വിന്റെ പത്‌നിയെ- ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് കിഴവി എന്നാണ്. വൈയക്തികമോഹങ്ങളുടെയോ സ്വാര്‍ഥവികാരങ്ങളുടെയോ, അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ലൈംഗികാഭിനിവേശങ്ങളുടെയോ പേരിലുള്ള കോംപ്ലക്‌സ് അല്ല ഖുര്‍ആനിലെ പിതൃപുത്ര സംഘര്‍ഷങ്ങളുടെ ആധാരം എന്നര്‍ഥം. അധീശത്വത്തിനെതിരായ, പിതുരാധിപത്യത്തിനെതിരായ കലാപമാണ് ഇവിടെ യുവത്വം ആയി വിശേഷിപ്പിക്കപ്പെടുന്നത്; മക്കള്‍, യുവാക്കള്‍ എന്നൊക്കെ പറയുന്നത് കലാപകാരികളെയും. തന്റെ ശിഷ്യന്മാരോട് യേശുക്രിസ്തു ഇങ്ങനെ പറഞ്ഞു: ''ഭൂമിയില്‍ സമാധാനമാണ് കൊണ്ടുവന്നിരിക്കുന്നത് എന്നു നിങ്ങള്‍ കരുതരുത്. സമാധാനമല്ല, വാളാണ് ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്. എന്തെന്നാല്‍ ഒരുവനെ തന്റെ പിതാവിനെതിരായും മകളെ അമ്മയ്‌ക്കെതിരായും, മരുമകളെ അമ്മായിയമ്മയ്‌ക്കെതിരായും ഭിന്നിപ്പിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്'' (മത്തായി 10: 34-35)
ഊര്‍നമ്മുവും തേറഹുമൊക്കെ പിതുരാധിപത്യത്തിന്റെ അടയാളങ്ങളാകുന്നു. അവരുടെ അധികാരങ്ങളെയാണ് അബ്രഹാം വെല്ലുവിളിച്ചത്. ഇതേ കലാപത്തെത്തന്നെയാണ് മുഹമ്മദ് നബിയും ഏറ്റെടുത്തത്.
എന്തായിരുന്നാലും സമൂഹത്തിലെ പിതുരാധിപത്യഘടനയെ ചോദ്യം ചെയ്തു കൊണ്ട് വലിയൊരു കലാപത്തിന് തുടക്കം കുറിക്കുകയാണ് ഇബ്‌റാഹീം നബി ചെയ്തത്. തന്മൂലം ആദ്യം വീട്ടില്‍ നിന്നും പിന്നെ നാട്ടില്‍ നിന്നുമുള്ള ബഹിഷ്‌കരണത്തിന് അദ്ദേഹം ഇരയായി. ഇതേ ബഹിഷ്‌കരണം തന്നെ, മുഹമ്മദ് നബിയുടെ ചരിത്രത്തിലും നാം കാണുന്നു.
പുരോഹിതാധികാരത്തിന്റെ മതം
സ്ഥാപിതമതപൗരോഹിത്യം സ്വയം അധീശവിഭാഗമായിരിക്കെത്തന്നെ, രാഷ്ട്രീയവും സാമൂഹികവുമായ പിതൃബിംബങ്ങളെ വിശ്വാസങ്ങളാലും ആചാരങ്ങളാലും സാധൂകരിക്കാനും ശ്രമിക്കുന്നു. ഇവിടെ പുരോഹിതന്മാരുടെ മതം പ്രവാചകന്മാരുടെ മതത്തില്‍ നിന്ന് കൃത്യമായി വേര്‍തിരിയുന്നുണ്ട്. യൂദജനതയ്ക്കു മേലുള്ള റോമന്‍ മേധാവിത്തത്തെ രാഷ്ട്രീയമായി പ്രതിരോധിച്ച പ്രവാചകന്മാരാണ് യഹ്‌യയും ഈസയും. റോമന്‍ സാമന്തനായിരുന്ന അര്‍ദ്ധയഹൂദന്‍ ഹെരോദിന്റെ പുത്രനായ അന്തിപ്പാസ് രാജാവിനോടുള്ള ഏറ്റുമുട്ടലാണ് സ്‌നാപകയോഹന്നാന്റെ (യഹ്‌യ) കൊലയില്‍ കലാശിച്ചത്.
ഒരു പ്രബോധകന്‍ അല്ലെങ്കില്‍ സുവിശേഷകന്‍ എന്ന നിലക്ക് ഈസായുടെ ജീവിതത്തിന്റെ കുറേക്കൂടി അവസാനഘട്ടത്തെയാണ് ബൈബിളും ഖുര്‍ആനും പരാമര്‍ശിക്കുന്നത്. വിമോചകനും വിപ്ലവകാരിയുമെന്ന നിലയില്‍ യേശുവിന്റെ ജീവിതമാരംഭിയ്ക്കുന്നത് എസ്സീന്യരോടൊപ്പമാണെന്നു വിചാരിക്കാം.
യൂദാസ് മക്കാബിയസിന്റെ നേതൃത്വത്തില്‍ ഗ്രീക്കുകാര്‍ക്കെതിരെ യൂദന്മാര്‍ നടത്തിയ സ്വാതന്ത്ര്യസമരത്തെ (മക്കാബി വിപ്ലവം) തുടര്‍ന്ന് മക്കാബികള്‍ (ഹാസ്‌മോനികള്‍) യൂദ നേതൃത്വമേറ്റെടുത്തു. പിന്നീടൊരു രണ്ടുനൂറ്റാണ്ടു കാലം, യേശുവിന്റെ കാലം വരെ അവരായിരുന്നു യൂദന്മാര്‍ക്ക് രാഷ്ട്രീയവും മതപരവുമായ നേതൃത്വം നല്‍കിയത്. പില്‍ക്കാലത്ത് മക്കാബികളും അവരുടെ നേതൃത്വവും ധാര്‍മികമായും രാഷ്ട്രീയമായും വന്‍ പരാജയമായിത്തീര്‍ന്നു. യൂദ ജീവിതത്തിനു മേല്‍ റോമന്‍ അധിനിവേശമുണ്ടായി. ഇക്കാലത്ത് യൂദന്മാര്‍ക്കിടയില്‍ ആത്മീയവും രാഷ്ട്രീയവുമായ പല തരം ചിന്താപ്രസ്ഥാനങ്ങളുടലെടുത്തു. കേവല പാരമ്പര്യത്തിലും അനുഷ്ഠാനങ്ങളിലുമധിഷ്ഠിതമായ ഫിരിസേയരായിരുന്നു മുഖ്യധാര. അതില്‍ പൗരോഹിത്യവും മത ചൂഷണവുമുണ്ടായി. ഫിരിസേയ പുരോഹിതന്മാരെയും വേദജ്ഞരായ ശാസ്ത്രിമാരെയും നിശിതവിമര്‍ശം ചെയ്തു കൊണ്ടാണ് യേശു തന്റെ പ്രബോധന പ്രവര്‍ത്തനമാരംഭിക്കുന്നതു തന്നെ. കപടനാട്യക്കാര്‍, പറയുന്നത് ചെയ്യാത്തവര്‍, മനുഷ്യരുടെ ചുമലില്‍ ദുര്‍വഹഭാരങ്ങള്‍ കെട്ടിവെക്കുന്നവര്‍, ഒരു വിരല്‍ കൊണ്ടു പോലും സഹായിക്കാന്‍ തയ്യാറില്ലാത്തവര്‍, മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, വിധവകളുടെയും അനാഥരുടെയും ഭവനങ്ങള്‍ വിഴുങ്ങുന്നവര്‍, സ്ഥാനമോഹികള്‍, തീറ്റപ്രിയന്മാര്‍ എന്നെല്ലാം യേശു അവരെ ആക്ഷേപിക്കുന്നുണ്ട് (മത്തായി അധ്യായം 23 കാണുക). പുറം മാത്രം വൃത്തിയാക്കപ്പെട്ട പാത്രങ്ങളോടും വെള്ള പൂശിയ ശവക്കല്ലറകളോടുമൊക്കെ ഉപമിക്കുകയാണ് മിശിഹാ അവരുടെ പൗരോഹിത്യ വൃത്തിയെ. മത്തായി പന്ത്രണ്ടാമധ്യായത്തില്‍ യേശു ഫിരിസേയപുരോഹിതന്മാരോട് ഇപ്രകാരം പറയുന്നു: അണലിസന്തതികളേ, ദുഷ്ടരായിരിക്കേ നല്ല കാര്യങ്ങള്‍ പറയാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു? ഹൃദയത്തിന്റെ നിറവില്‍ നിന്നാണല്ലോ അധരങ്ങള്‍ സംസാരിക്കുന്നത് (12:34). ലൂക്കാ മൂന്നാമധ്യായത്തില്‍ സ്‌നാപകയോഹന്നാനും ഫിരിസേയരെ അണലിസന്തതികള്‍ എന്നു തന്നെ വിശേഷിപ്പിക്കുന്നുണ്ട്. പുരോഹിതന്മാര്‍ നല്ല കാര്യങ്ങള്‍ പ്രസംഗിക്കുന്നത് ഹൃദയത്തില്‍ നിന്നല്ല, മറിച്ച് കേവലം ചുണ്ടുകളില്‍ നിന്നാണെന്നാണ് യേശുവിന്റെ വചനത്തില്‍ നിന്ന് മനസ്സിലാവുന്നത്.
പുരോഹിത പിതൃബിംബങ്ങളോടേറ്റുമുട്ടിയും ഹെരോദ് രാജാവിന്റെ വാഴ്ചയെ ചോദ്യം ചെയ്തും ധര്‍മനിരതരും വിപ്ലവകാരികളുമായി നിലകൊണ്ട യൂദപ്രസ്ഥാനമായിരുന്നു എസ്സീന്യര്‍. ഇവരിലൊരു വിഭാഗം ഫലസ്ത്വീനിലെ ഗലീലയ്ക്കടുത്ത നസറേത്തില്‍ അധിവസിച്ചിരുന്നു. ഈ എസ്സീന്‍ പ്രസ്ഥാനത്തില്‍ നേതൃപരമായ പങ്കാളിത്തം വഹിച്ചുകൊണ്ടാണ് സ്‌നാപക യോഹന്നാനും യേശുക്രിസ്തുവും തങ്ങളുടെ വിപ്ലവ ജീവിതമാരംഭിക്കുന്നതെന്ന് പ്രബലമായൊരു പക്ഷമുണ്ട്.
വിമോചനപരവും വിപ്ലവാത്മകവുമായ ഉള്ളടക്കമുള്ള, പ്രവാചകന്മാരുടെയും കാലാതീതരായ ഗുരുക്കന്മാരുടെയും ദര്‍ശനത്തെ അധീശത്വ ബോധമുള്ള പുരോഹിതന്മാര്‍ കൈയാളിയതോടെ അതിന്റെ സാമൂഹികതയും പ്രതിബദ്ധതയും നശിച്ചു. നിലവിലുള്ള അധീശഘടനയോടു കലഹിച്ചിരുന്ന യഥാര്‍ത്ഥ മതത്തെ ഒന്നാമതായും അവര്‍ സ്ഥാപനവല്‍ക്കരിച്ചു. അതിലൂടെ രൂപപ്പെട്ട പുരോഹിതാധിപത്യം (Priestocracy, Ecclesiastical Supremacy) മതത്തിനു പുറത്തുള്ള അധീശരൂപങ്ങളോടു സന്ധി ചെയ്തു. ഇപ്രകാരം ചൂഷണത്തിന്റെ ഉപകരണമായിത്തീര്‍ന്ന സ്ഥാപിതമതത്തിന്റെ വൈതാളികന്മാര്‍ യഥാര്‍ഥ സനാതന തത്ത്വങ്ങളെ മനുഷ്യന്റെ ഹേതു (rational) യുക്തിയുമായി ഒരു നിലക്കും പൊരുത്തപ്പെടാത്ത ഡോഗ്മകളാക്കി പരിവര്‍ത്തിപ്പിച്ചു. മതത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളെയും ദൈവശാസ്ത്രപാഠങ്ങളെയും നിഗൂഢവത്കരിക്കുകയും ചെയ്തു.
ഇക്കാരണങ്ങളാലാണ് പുരോഹിതന്മാര്‍ സ്വര്‍ഗരാജ്യത്തിലേക്കുള്ള പാതയില്‍ നിങ്ങളെ തടയുന്നവരാണെന്ന് യേശുക്രിസ്തു പറഞ്ഞത്. ഖുര്‍ആനും ഇതോര്‍മിപ്പിക്കുന്നുണ്ട്: ''പണ്ഡിതന്മാരും പുരോഹിതന്മാരുമായവരില്‍ ഭൂരിഭാഗവും ജനങ്ങളുടെ സമ്പത്ത് അവിഹിതമായി അനുഭവിക്കുന്നവരും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് അവരെ തടയുന്നവരുമാകുന്നു'' (സൂറഃ അത്തൗബ 34). ഇതോടു ചേര്‍ത്തു തന്നെ സമ്പത്ത് കേന്ദ്രീകരിക്കപ്പെടുന്നതിനെതിരായ ദര്‍ശനവും അപ്രകാരം ധനം കുന്നുകൂട്ടുന്നവരോടുള്ള താക്കീതും അവതരിപ്പിക്കുന്നുണ്ട്.
Comments