Prabodhanm Weekly

Pages

Search

2015 ഫെബ്രുവരി 27

പര്‍ദക്കു ചുറ്റും കറങ്ങാതിരിക്കുക

ലദീദ ഫര്‍സാന /പ്രതികരണം

         പെണ്ണും അവളെ ചുറ്റിപ്പറ്റിയുള്ളതുമെല്ലാം എന്നും ചര്‍ച്ചാ വിഷയമാണ്. അവള്‍ മുസ്‌ലിമാണെങ്കില്‍ ചര്‍ച്ചക്ക് കൂടുതല്‍ സജീവത കൈവരും. മുസ്‌ലിം സ്ത്രീയുടെ വസ്ത്രങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇതിന്റെ ഭാഗമാണ്. വസ്ത്രധാരണത്തില്‍ കാലാനുസൃതമായ പല മാറ്റങ്ങളും ഉണ്ടാകാറുണ്ട്. ഒരു കാലത്ത് ഇസ്‌ലാമിക സംസ്‌കാരത്തില്‍ നിന്ന് വിഭിന്നമായ വസ്ത്രധാരണാരീതിയായിരുന്നു മുസ്‌ലിം സ്ത്രീകള്‍ക്കിടയിലുണ്ടായിരുന്നത്. നവോത്ഥാന പ്രസ്ഥാനങ്ങളുടെ ശക്തമായ ഇടപെടലുകളുടെ ഫലമായി വസ്ത്രധാരണത്തിലെ ഇസ്‌ലാമിക പാഠം സ്ത്രീകള്‍ മനസ്സിലാക്കുകയും തങ്ങളുടെ വേഷവിധാനം അതനുസരിച്ച് ചിട്ടപ്പെടുത്തുകയും ചെയ്തു. അന്നുതൊട്ട് ഇന്നുവരെ ഭൂരിഭാഗം മുസ്‌ലിം പെണ്ണും ഇസ്‌ലാമിക മാനദണ്ഡമനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തിയ വസ്ത്രം തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്.

സമൂഹത്തിന്റെ എല്ലാ മേഖലയിലും മാന്യമായി വസ്ത്രം ധരിച്ച മുസ്‌ലിം സ്ത്രീകള്‍ ധാരാളമായി കടന്നുവന്നിട്ടുണ്ട്. ന്യൂനപക്ഷം മാത്രമാണ് ഉദ്യോഗത്തിന്റെയോ പണത്തിന്റെയോ മടിത്തട്ടിലിരുന്ന് ഇസ്‌ലാമിക പാഠങ്ങളെ അവഗണിച്ചുകൊണ്ടുള്ള വേഷവിധാനം സ്വീകരിക്കുന്നത്. തട്ടം പിന്‍ ചെയ്ത, മുഴുകൈയും ഇറക്കവുമുള്ള ചുരിദാറുകള്‍ ധരിച്ച പെണ്‍കുട്ടികള്‍ പഠിച്ചുല്ലസിക്കുന്ന നമ്മുടെ കോളേജുകള്‍ ഇതിന്റെ നേര്‍സാക്ഷ്യമാണ്. മുടി പാറിപ്പറത്തിയും ടൈറ്റ് ജീന്‍സും ഹാഫ്സ്ലീവ് ബനിയനും ധരിച്ച, മുസ്‌ലിം പെണ്‍കുട്ടികള്‍ കുറച്ചുമാത്രമേ കാണപ്പെടുന്നുള്ളൂ.

ഒരു കാലത്തുണ്ടായിരുന്ന മുഴുകൈ ബ്ലൗസും മൂടിപ്പുതച്ച സാരിയും, പിന്നീട് വന്ന സല്‍വാര്‍, ഇപ്പോള്‍ വിവിധ പേരുകളിലുള്ള ചുരിദാര്‍ തുടങ്ങിയവ ഓരോ കാലത്തെയും മുസ്‌ലിം പെണ്ണിന്റെ വൈവിധ്യമാര്‍ന്ന വേഷവിധാനത്തില്‍ പെട്ടതാണ്. വസ്ത്രങ്ങളിലെ ഈ മാറ്റങ്ങള്‍ തന്നെ വൈവിധ്യങ്ങളെ ഇഷ്ടപ്പെടുന്ന പെണ്‍മനസ്സുകളില്‍ നിന്നും, പരമാവധി ലാഭം നേടാനുള്ള കച്ചവട താല്‍പര്യങ്ങളില്‍നിന്നും വന്നതാണ്. ഇതേ രീതിയിലാണ് വിവിധ തരത്തിലുള്ള പര്‍ദകളുടെ ആവിര്‍ഭാവത്തെയും അതിന്റെ അതിപ്രസരത്തെയും മനസ്സിലാക്കേണ്ടത്. കുറച്ച് മുമ്പുവരെ ചുരിദാറുകളിലെ വൈവിധ്യങ്ങളെ പരീക്ഷിച്ചത് പോലെതന്നെയാണ് ഇന്ന് പ്രത്യക്ഷപ്പെട്ട പര്‍ദ വൈവിധ്യവും. ഇതുവരെ ചുരിദാറിലെ 'ലോംഗ് ടോപ്പും,' 'കറാച്ചി'യുമാണ് ട്രെന്‍ഡ് എങ്കില്‍ ഇന്ന് പര്‍ദയിലെ 'ബട്ടര്‍ ഫ്‌ളൈയും,' 'യമന്‍ കോട്ടും' ആണെന്നു മാത്രം. കുറച്ച് കാലം കഴിഞ്ഞാല്‍ പര്‍ദാ ട്രെന്‍ഡും അസ്തമിക്കും. അത്ര മാത്രമേ ഈ മാറ്റത്തെ മുഖവിലക്കെടുക്കേണ്ടതുള്ളൂ. 'ഇതാണ് ഇസ്‌ലാം നിഷ്‌കര്‍ഷിച്ച വസ്ത്രം' എന്ന് തെറ്റിദ്ധരിച്ചുകൊണ്ടുള്ള മടക്കമൊന്നുമല്ല പര്‍ദാ വ്യാപനത്തിന് പിന്നില്‍ എന്നാണ് എന്റെ അഭിപ്രായം.

മുസ്‌ലിം പെണ്ണിന്റെ കറുത്ത പര്‍ദയെപ്പറ്റി എന്നും ആരോപണങ്ങളും ആശങ്കകളും ഉയര്‍ന്നുവരാറുണ്ട്. അവളുടെ പര്‍ദക്കുള്ളില്‍ ഒളിച്ചിരിക്കുന്നത് ഭീകരവാദമാണ് എന്ന അര്‍ഥത്തിലുള്ള ആശങ്കകള്‍ ചിലര്‍ പങ്കുവെക്കുന്നു. നിക്ഷിപ്ത താല്‍പര്യങ്ങളാണ് ഇതിലേക്ക് ചിലരെ നയിക്കുന്നത്. അവരുടെ ലക്ഷ്യം ഇസ്‌ലാമിനെ അധിക്ഷേപിക്കലാണ്. ആ അജണ്ട നടപ്പാക്കാന്‍ വേണ്ടി അവര്‍ പല രീതിയില്‍ ശ്രമിക്കും, ആക്ഷേപങ്ങള്‍ ഉന്നയിക്കും. അതില്‍ നിന്ന് മോചിതരാവാന്‍ വേണ്ടി നാം പെണ്ണിന്റെ കറുത്ത പര്‍ദയെ നിരുത്സാഹപ്പെടുത്തേണ്ടതുണ്ടോ? ഇനി നമ്മള്‍ കറുത്ത പര്‍ദയെ ഒഴിവാക്കി എന്നു കരുതുക. അപ്പോള്‍ ആരോപണങ്ങള്‍ കെട്ടടങ്ങുമോ? അടുത്തതായി അവര്‍ പെണ്ണിന്റെ പിന്‍ ചെയ്ത തട്ടത്തെ അപഹസിക്കും. അങ്ങനെ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് അവര്‍ മാറിക്കൊണ്ടിരിക്കും. നമ്മള്‍ അതില്‍പെട്ട് നമ്മുടെ സ്ത്രീകളെ പരിഷ്‌കരിക്കേണ്ട ആവശ്യം എന്ത്? അവള്‍ ശരിയായ രീതിയില്‍ ഉന്നത വിദ്യാഭ്യാസം നേടട്ടെ; കറുത്തതോ മഴവില്‍ വര്‍ണങ്ങളിലുള്ളതോ ധരിക്കട്ടെ, അതിനപ്പുറം നാം അവളെ ചര്‍ച്ചയിലേക്ക് വലിച്ചിഴക്കേണ്ടതില്ല.

മാറിവന്ന ഈ പര്‍ദാ പ്രേമം അതിന്റെ ട്രെന്‍ഡ് മാറുമ്പോള്‍ അവസാനിക്കും. നമുക്ക് ചര്‍ച്ച ചെയ്യാനും നേടിയെടുക്കാനും മറ്റു ധാരാളം കാര്യങ്ങളുണ്ട്. എപ്പോഴും മുസ്‌ലിം പെണ്ണിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച്, ഗൗരവപൂര്‍ണമായ മറ്റു ചര്‍ച്ചകളെ മറക്കാതിരിക്കുക. മറ്റുള്ളവര്‍ ഓടി മുന്നേറുമ്പോള്‍ വീണ്ടും നാം പിന്നോട്ട് തന്നെ നടക്കുന്നത് ബുദ്ധിപരമല്ലല്ലോ. 

(തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിലെ ഡിഗ്രി ഒന്നാം വര്‍ഷ-സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥിയാണ് ലേഖിക)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /101-104
എ.വൈ.ആര്‍