Prabodhanm Weekly

Pages

Search

2015 ഫെബ്രുവരി 27

മനുഷ്യജീവിതം പുഷ്പിക്കുന്നത് നിര്‍ഭയത്വം പരിലസിക്കുമ്പോഴാണ്

പി.ടി കുഞ്ഞാലി /കവര്‍സ്‌റ്റോറി

         മനുഷ്യജീവിതത്തിനു ഇസ്‌ലാമിക നിരീക്ഷണത്തില്‍ രണ്ടു ഘട്ടങ്ങളാണ്. അതിലൊന്ന് അനന്തമായ  കാലത്തില്‍  നിന്ന് നമുക്കു കോരിക്കിട്ടുന്ന ഭൂമിയിലെ ഹ്രസ്വസന്ദര്‍ഭം. അതു കര്‍മയോഗം. മറ്റൊന്നു കര്‍മസാക്ഷ്യങ്ങളുമായി സ്രഷ്ടാവിനെ ചെന്നു കാണുന്നതോടെ സമാരംഭമാകുന്ന പ്രതിഫലകാലം. അതു പക്ഷേ അനന്തവും ശാശ്വതവുമാണ്. ഈ ശാശ്വതകാലത്തെ ശുഭാശുഭങ്ങള്‍ നിര്‍ണയിക്കുന്നതു ഹ്രസ്വതയാര്‍ന്ന ഭൂജീവിതവും. ഇസ്‌ലാം മുന്നോട്ടു വെക്കുന്ന ഈയൊരു ജീവിത വീക്ഷണത്തിന്റെ സമീകൃതഭാവം അത്ഭുതാവഹമാണ്. ജനിയില്‍ നിന്ന് മൃതിയിലേക്കുള്ള നമ്മുടെ സഞ്ചാരകാലം കേവലം വ്യക്തിപരമല്ല. അതു തീര്‍ത്തും സാമൂഹിക പ്രധാനമാണ്. അഥവാ മനുഷ്യന്റെ കര്‍മയോഗം സമഷ്ടിപരമാണെന്നര്‍ത്ഥം. ഏകാന്തഭരിതമായ ഒരു പ്രാര്‍ത്ഥനാ ജീവിതം മനുഷ്യ പ്രകൃതിയെ റദ്ദാക്കുന്നതാണ്. അതുകൊണ്ടാണ്  അറേബ്യയിലെ കല്ലുമലകളിലെ പോടുകളിലേക്ക് ധ്യാനത്തിനു പോയ മുഹമ്മദിനെ വെളിപാടാനന്തരം അവിടെ ഭജനമിരിക്കാന്‍ അനുവദിക്കാതിരുന്നത്. നിയോഗത്തിന്റെ ഭാരം ഭയന്നു സ്വഗൃഹത്തിന്റെ വിജനതയിലേക്കൊട്ടിയ പ്രവാചകനെ അവിടെനിന്ന് അല്ലാഹു ഇറക്കി അയക്കുന്നതു മറ്റൊരു  ഏകാന്തതയിലേക്കല്ല, പൊതുമണ്ഡലത്തിന്റെ ഒത്ത മധ്യത്തിലേക്കാണ്. ഇതു വെറുതെയല്ല. 

ഇണയും തുണയും കുടുംബവും സമൂഹവുമായി ആഹ്ലാദത്തോടെ ജീവിക്കുവാന്‍ കാമിച്ചവരുടേതാണ് എന്നും മാനവ മഹാചരിത്രം. ഈ ജീവിതചക്രത്തെ പുരസ്‌കരിക്കുകയും അതിനു കാവല്‍ നില്‍ക്കുകയുമാണ്   ആദി മനുഷ്യ ജീവിതം തൊട്ടു ഭൂമിയില്‍ നാം നിര്‍വഹിച്ച ദൗത്യം.  സാമൂഹിക ജീവിതത്തിന്റെ  സമ്പൂര്‍ണമായ വിമലീകരണമാണ് ശുദ്ധമായ ആത്മീയത. വ്യക്തി എന്ന നിലയില്‍ അയാള്‍ സമ്പൂര്‍ണനായി പരിഗണിക്കപ്പെടുന്നത് മരണാനന്തര ജീവിതത്തിലാണ്. ഇവിടെ പവിത്രമായ മാതൃ പുത്ര ബന്ധങ്ങള്‍ കൂടി  അവിടെ നിഷ്പ്രഭമാകുന്നു. ഏകാന്തനായ വ്യക്തി വിചാരണ ചെയ്യപ്പെടുകയും അയാള്‍ പ്രതിഫലാര്‍ഹനാവുകയും ചെയ്യുന്ന സന്ദര്‍ഭം. അവിടെ വ്യക്തിയും അയാളുടെ വിശ്വാസ കര്‍മങ്ങളും മാത്രം. ആ വിശ്വാസ കര്‍മങ്ങള്‍ പക്ഷേ ഭൂമിയില്‍ വ്യക്തിനിഷ്ഠ പ്രധാനമല്ല. അതു സമൂഹ പ്രധാനമാണ്. അതുകൊണ്ടുതന്നെ സാമൂഹിക ജീവിതത്തിന്റെ നിര്‍മാണം ഇസ്‌ലാമിന് പ്രധാന ദൗത്യമാണ്. ആദം മുതല്‍ അന്ത്യ പ്രവാചകന്‍ വരെയുള്ള മഹാ ജീവിതങ്ങളില്‍ തിളച്ചു നിന്നതും സാമൂഹികതയുടെ ഈ വര്‍ണരാജികള്‍ തന്നെയാണ്. ആരോഗ്യകരമായ ഒരു സാമൂഹിക നിര്‍മ്മിതി ഭൂമിയില്‍ സാധിക്കേണ്ടത് സ്രഷ്ടാവിന്റെ താല്‍പര്യം തന്നെ.  ഏകനായ സ്രഷ്ടാവിലേക്കുള്ള നിരുപാധികമായ കീഴ്‌വണക്കം ഭൂമിയില്‍ പ്രാപ്തമാകേണ്ടത് പക്ഷേ സൃഷ്ടികളുടെ സര്‍വതമായ സമൃദ്ധിയിലും നിര്‍ഭയത്വത്തിലുമാണ്. 

മനുഷ്യ ജീവിതം ഉജ്ജ്വലമാകുന്നതും അതിലൂടെ സാംസ്‌കാരികവും സര്‍ഗാത്മകവുമായ പുതു ആവിഷ്‌കാരങ്ങള്‍ ഉയിര്‍ക്കുകയും ചെയ്യുന്നതും ഈയൊരു നിര്‍ഭയത്വം അവരില്‍ പരിലസിക്കുമ്പോഴാണ്. ഭൂമിയില്‍ പരജീവിതങ്ങള്‍ക്ക് എപ്പോഴൊക്കെ നിര്‍ഭയത്വം തകരുന്നുവോ  അപ്പോഴാണ് ക്ഷുദ്രമായ  അരാജക സമൂഹം  നിലവില്‍ വരിക. ഇത് ഏതു തരം ഉത്ഥാനത്തെയും ഉന്തിയിടും. അതോടെ അരക്ഷിത ബോധം മേല്‍ക്കൈ നേടും. അത്തരം മുന്‍കൈകള്‍ പടരുമ്പോള്‍ കൊള്ളയും കൊലയും ഭീതിയും സമൂഹത്തെ പുണര്‍ന്നു നില്‍ക്കും. നിര്‍ദോഷികളും നിസ്സഹായരുമായ സാധു മനുഷ്യര്‍ നിര്‍ദയം വേട്ടയാടപ്പെടും. മനുഷ്യരിലെ സ്വാര്‍ത്ഥ കാമനകള്‍  സാമൂഹിക പരിസ്ഥിതിയെ കുടഞ്ഞെറിയും. അപ്പോള്‍ അവര്‍ സ്രഷ്ടാവിനെ വിസ്മരിക്കും. ചരിത്രത്തിന്റെ ഇത്തരം സന്നിഗ്ധ ഘട്ടങ്ങളില്‍ ദൈവസ്ഥാനങ്ങളില്‍ കുടിലമോഹങ്ങള്‍ സ്ഥാപിതമാവും. ഈ തരം ക്ഷുദ്രതകള്‍ എവിടെ ഉല്‍പാദിതമായോ അപ്പോഴൊക്ക പ്രപഞ്ച സൃഷ്ടാവ്   പ്രവാചക നിയോഗത്തിലൂടെ  തിരുത്തുകള്‍ നടത്തിയിട്ടുണ്ട്.  ആദി പ്രവാചകന്‍ മുതല്‍ പ്രവാചകനായ മുഹമ്മദ് വരെ. തൗഹീദില്‍ നിന്ന് മനുഷ്യ സമൂഹം വഴി തെറിച്ചു പോകുമ്പോഴാണ് ഇതു സംഭവിക്കുന്നത്. തൗഹീദ് എന്നാല്‍ ഏകനായ അല്ലാഹുവിന്റെ  ശാസനാധികാരത്തിനു കീഴില്‍ ശാന്തി മേയുന്ന ഒരു സാമൂഹിക ജീവിത നിര്‍മിതി തന്നെയാണ്.  

അതായത് പ്രവാചക ജീവിതങ്ങള്‍ പ്രതിനിധീകരിക്കുന്നത് നീതിയും ന്യായങ്ങളും നിര്‍ഭയത്വവും  തുടിക്കുന്ന ഒരു സാമൂഹികതയെയാണ് എന്നര്‍ത്ഥം. സ്വന്തം ജനതയെ അഗാധമായി വാല്‍സല്യപ്പെടുന്നവരായിരുന്നു അവര്‍. അവരെ നിയോഗിക്കുന്ന പ്രപഞ്ച സ്രഷ്ടാവും സൃഷ്ടികളെ അതിനേക്കാള്‍  അപാരമായി സ്‌നേഹിക്കുന്നു.  ഈ സ്‌നേഹത്തിന്റെ തന്നെ അന്തസ്സാരമാണ് അവരില്‍ പുലരണമെന്ന് അവന്‍ ഇച്ഛിക്കുന്ന നീതിയും നിര്‍ഭയത്വവും. അപ്പോള്‍ സാമൂഹികമായ നിര്‍ഭയത്വം  തൗഹീദിന്റെ അനുബന്ധമെന്നല്ല  തൗഹീദ് തന്നെയാണ്.  അല്ലാഹു തന്റെ ആത്മ സൗഹൃദത്തിലേക്കുയര്‍ത്തിയ  ഇബ്‌റാഹീം പ്രവാചകന്‍  ഇതു നമുക്ക് നിവര്‍ത്തിച്ചു തരുന്നു.  അമിതാധികാരത്തിന്റെ പ്രമത്തതയില്‍ മനുഷ്യ ജീവിതത്തിന്റെ സ്വച്ഛതയെ പരിഹസിക്കുകയും അവരെ ഭയത്തില്‍ നിര്‍ത്തുകയും ചെയ്ത നംറൂദിനെയും പരിഷകളെയും ഇബ്‌റാഹീം പ്രവാചകന്‍ ക്ഷണിക്കുന്നത്  തൗഹീദിലേക്കു തന്നെയാണ്.   ഏകനായ ദൈവത്തിന്റെ   മഹനീയ  സാക്ഷ്യത്തിലേക്ക്. അയാളത് നിരാകരിക്കുന്നു. ആ നിരാകരണം തനിക്കപ്പുറമുള്ള ദൈവസാന്നിധ്യത്തിലുള്ള അവിശ്വാസം കൊണ്ടല്ല. നംറൂദും ഒരര്‍ഥത്തില്‍ ദൈവവിശ്വാസിയായിരുന്നു. ക്ഷേത്രങ്ങളും പ്രതിഷ്ഠകളും പുരോഹിത പരിഷകളും നംറൂദിന്റെ നാട്ടിലും സുലഭമായിരുന്നു. അതു പക്ഷേ തന്റെ ശാസനകള്‍ക്ക് താഴെ നില്‍ക്കുന്ന ദൈവങ്ങളായിരുന്നു. പിന്നെയെന്തുകൊണ്ടാണ് അദ്ദേഹം പ്രവാചകനെ നിഷേധിച്ചത്?  ആ തൗഹീദ് സാമൂഹിക ജീവിതത്തിലെ നീതിയും സ്വച്ഛതയുമായി ബന്ധപ്പെടുന്നതുകൊണ്ടാണ്; അവരുടെ നിര്‍ഭയത്വവുമായി ബന്ധപ്പെട്ടതുകൊണ്ട്. 

മനുഷ്യോന്മുഖമായ തന്റെ  പ്രസ്ഥാനവുമായി  ഇബ്‌റാഹീം പ്രവാചകന്‍ സഞ്ചാരിയാകുന്നത്  ഭൂഖണ്ഡാന്തരങ്ങളിലാണ്. ഒടുവില്‍ വിധി നിയോഗമായി എത്തിപ്പെടുന്നതോ അറേബ്യന്‍ വിജനതയിലെ കല്ലുഭൂമിയില്‍. അവിടെയദ്ദേഹം വലിയൊരു സാമൂഹിക നിയോഗം തന്നെയാണു പൂര്‍ത്തിയാക്കുന്നത്. തന്റെ സ്വന്തം ജീവിതംപോലെ തപിച്ചു നില്‍ക്കുന്ന ആ കല്ലു ഭൂമിയില്‍  വരാനിരിക്കുന്ന ഒരു മഹത്തായ സാംസ്‌കാരിക പ്രഭാവത്തിന്റെ  ആദി പ്രസരത്തെ കുടിയിരുത്തുന്നു. അവിടെയവരെ തന്റെ നാഥനുമായി ബന്ധിപ്പിക്കുന്ന ഒരു ഗൃഹം പണിയുന്നു. ശേഷം ആ മഹാനിര്‍മിതിയുടെ കൊത്തളത്തില്‍  നിന്നുകൊണ്ടു അദ്ദേഹം നിര്‍വഹിക്കുന്ന ആത്മനിഷ്ഠമായ ഒരു പ്രാര്‍ത്ഥനയുണ്ട്: ''ഞാനിവിടെ മഹത്തായൊരു  നാഗരികതയെ കുടിയിരുത്തുകയാണ്. ഈ നാടും നാട്ടുകാരും എക്കാലവും  സുരക്ഷിതത്വവും നിര്‍ഭയത്വവും സമൃദ്ധിയും പുലരുന്ന ഒന്നാകണം.'' ഈ കാതരമായ പ്രാര്‍ത്ഥനക്ക് അല്ലാഹു മേലൊപ്പ് വെക്കുന്നുണ്ട്. ഭൗതികലോകത്തിലെ ഈയൊരു നിലപാട്  വിശ്വാസ ഭേദങ്ങള്‍ പരിഗണിക്കാതെയാവും. ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം സമൃദ്ധിയും ജീവിത സുരക്ഷയും  മതേതരമല്ല മതപരം തന്നെയാണ്.  എന്നിട്ടും ഇത്തരം ഭൗതിക സന്നാഹങ്ങള്‍ എല്ലാവര്‍ക്കുമെന്ന് അല്ലാഹു പ്രഖ്യാപിക്കുന്നതു സൂക്ഷ്മമായ നിരവധി പാരായണങ്ങള്‍ മുന്നോട്ടു വെക്കുന്നു. മൂസാ പ്രവാചകന്റെ ദൗത്യവും ഇതേ തൗഹീദു തന്നെയാണ്. ഏതു ജീവിത സന്നാഹങ്ങളും അഭയ കേന്ദ്രങ്ങളും  വിശ്വാസ വിവേചനങ്ങള്‍ക്ക് അതീതമായി സാര്‍വത്രികമാക്കാനുള്ള ഇടപെടല്‍ തന്നെയായിരുന്നു.

ഇബ്‌റാഹീം പ്രവാചകന്‍ മക്കയില്‍ വികസിപ്പിച്ച നവ സമൂഹത്തില്‍  ദീര്‍ഘകാലം ഈയൊരു സാമൂഹിക ഉല്‍ക്കര്‍ഷ തുടരുക തന്നെ ചെയ്തു. നൂറ്റാണ്ടുകള്‍ കൊണ്ടു ഈ സ്വപ്നങ്ങള്‍ക്ക് അറേബ്യയില്‍ ഊനതകള്‍ വന്നു. ദൈവത്തിന്റെ സൃഷ്ടികള്‍  അവിടെ അഭയത്തിലും സമൃദ്ധിയിലും തുല്യരല്ലാതെയായി. ഗോത്ര മാഹാത്മ്യങ്ങള്‍ പരസ്പരം മത്സരിച്ചപ്പോഴും മക്കയില്‍ സാധാരണക്കാരന് നഷ്ടമായത് സുരക്ഷയും സമൃദ്ധിയും തന്നെയാണ്. അപ്പോഴാണ് വലിയൊരു സാമൂഹിക നിയോഗവുമായി  അന്ത്യ പ്രവാചകന്‍ ജാതനാവുന്നത്. അദ്ദേഹവും ഉദ്‌ഘോഷിച്ചത് ശുദ്ധമായ തൗഹീദ് തന്നെയാണ്. അറേബ്യന്‍ ഗോത്ര വര്‍ഗങ്ങള്‍  ദൈവവിശ്വാസികള്‍ തന്നെയായിരുന്നു.  അതു പക്ഷേ അവര്‍ പണിതുവെച്ച അവരുടെ സ്വന്തം ദൈവങ്ങള്‍. അതവര്‍ക്കു നല്‍കിയത്  സൗകര്യങ്ങളും ദൈവങ്ങള്‍ക്ക് അര്‍ച്ചനയും. ഇതൊരു പരസ്പര സഹകരണമായിരുന്നു.  സാധാരണക്കാരന്റെ ജീവിത വിശാലതകളെ റാഞ്ചിപ്പിടിക്കാനുള്ള കുലാധികാരത്തിന്റെ സൗകര്യം.  ഇതിനെയാണ് സത്യത്തില്‍ പ്രവാചകന്‍ മറിച്ചിട്ടത്. ഏതു സമൂഹത്തിനും വ്യക്തിക്കും  ഏറ്റവും മുഖ്യമായത് അവരുടെ ജീവിത സുരക്ഷിതത്വം തന്നെയാണ്. മക്കയിലും പ്രാന്തത്തിലും ഇതൊട്ടുമേ ഉണ്ടായിരുന്നില്ല. ഖുറൈശി വംശത്തിന്റെ അപ്രമാദിത്വത്തില്‍ ജീവിതയാനം തടയപ്പെട്ട ബഹു സഹസ്ര ജനത മക്കയിലും പ്രാന്തത്തിലും ഉണ്ടായിരുന്നു. അതിനു കാരണമാകട്ടെ ഗോത്ര മഹിമയുടെ ഗര്‍വും അഹങ്കാരവും. അതിനെതിരെയാണ് പ്രവാചകന്‍ സംസാരിച്ചത്.  ജീവിതത്തിലെ ഈ  സുരക്ഷാബോധം എത്ര മഹനീയമാണെന്ന് പ്രവാചകന്‍ അവരെ പഠിപ്പിക്കുന്നുണ്ട്. ഉഷ്ണത്തിന്റേയും ശൈത്യത്തിന്റേയും പ്രതികൂല രൂക്ഷതയില്‍ പോലും  ജീവിതായോധനം തേടി വ്യാപാരയാത്രകള്‍ പോവാന്‍ നിങ്ങള്‍ക്കു സാധിക്കുന്നത് ഈ ഗൃഹത്തിന്റെ നാഥന്‍ നല്‍കിയ സുരക്ഷിതത്വ ബോധത്തിന്റെ തണലിലാണ്. നിങ്ങള്‍ ജീവിത യാത്രയില്‍ വ്യാപൃതരാവുക.  നിങ്ങള്‍ അപ്പോള്‍ അനുഭവിക്കുന്ന നിര്‍ഭയത്വം മറ്റുള്ളവര്‍ക്കു കൂടി സമര്‍പ്പിക്കുക. അതിനായി ഈ ഗൃഹത്തിന്റെ നാഥന് കീഴടങ്ങുക. ഈ നിരീക്ഷണത്തില്‍ വമ്പിച്ച പ്രപഞ്ച സത്യങ്ങള്‍ ഉള്ളടങ്ങിയിട്ടുണ്ട്. അറബികളുടെ ഉപജീവനമാര്‍ഗം വ്യാപാര യാത്രകള്‍ തന്നെയാണ്.  അതു ശാലീനമാര്‍ന്ന് സംഘാടനം ചെയ്യപ്പെടണമെങ്കില്‍ തീര്‍ച്ചയായും സുരക്ഷിതത്വവും സാമൂഹികമായ നിര്‍ഭയത്വവും സംഭവിക്കേണ്ടതുണ്ട്.  അപ്പോള്‍ മാത്രമേ അവരില്‍ സാമ്പത്തികവും ധൈഷണികവുമായ വികാസം സംഭവിക്കുകയുള്ളു. അഥവാ ഈ ഗൃഹത്തിന്റെ നാഥനെ പുണരുമ്പോഴാണ്  ഭയവും ദാരിദ്ര്യവുമെന്ന തീര്‍ത്തും  ഭൗതികമായ പ്രതിഭാസങ്ങള്‍ പോലും അസ്തമിക്കുകയുള്ളു എന്നതാണ്. 

അശാന്തിയും ദാരിദ്ര്യവും ഇസ്‌ലാം ക്ഷമിക്കുന്നേയില്ല .  മനുഷ്യജീവിതം സമാധാനമോലുന്നതാകുക എന്നതാണ് അതന്വേഷിക്കുന്നത്. ഇസ്‌ലാം എന്ന വാക്കുപോലും സൂചിതമാക്കുന്നതും അത്തരമൊരു സാധ്യതയാണ്. നിയോഗ ജീവിതത്തിന്റെ ദീര്‍ഘം  പ്രവാചകന്‍ ജീവിച്ചത് ഒരു ബഹുസ്വര സമൂഹത്തിലാണ്. ദീര്‍ഘമാര്‍ന്ന ഈ പതിമൂന്നാണ്ടുകളിലും സംഭവിച്ച അഭിമുഖീകരണങ്ങളില്‍ അദ്ദേഹം പറഞ്ഞത് എനിക്കും നിങ്ങള്‍ക്കും നമ്മുടെ വിശ്വാസഭിന്നങ്ങളില്‍  സംതൃപ്തരാകാം എന്നു തന്നെയാണ്. വിശുദ്ധ വാക്യങ്ങളില്‍ ഘോഷിക്കുന്നതും അതുതന്നെ. വിശ്വാസങ്ങളിലും നിഷ്ഠകളിലും ഭിന്നിക്കാന്‍  അവസരം നല്‍കാത്ത ഖുറൈശി  മുഷ്‌ക്കാണ് പലായനവും ശേഷം നിരവധി അഭിമുഖീകരണങ്ങളും സാധിതമാക്കിയത്. അല്ലായിരുന്നുവെങ്കില്‍ മക്കയിലെ ബഹുസ്വരതയില്‍ ഇസ്‌ലാം പൂത്തു നില്‍ക്കുമായിരുന്നു. ഇസ്‌ലാം മുന്നോട്ടു വെക്കുന്നത് എന്നും പരജീവിതങ്ങളോടു വഴിയുന്ന അന്‍പും കരുണയുമാണ്. അതു വിശ്വാസത്തിന്റെ അകത്താണ്. മനുഷ്യ ജീവിതത്തോടു മാത്രമല്ല ഈച്ചയും പൂച്ചയും കാടും തോടും പൂവും കായയും അല്ലാഹുവിന്റെ കാരുണ്യത്തില്‍ ആവൃതമാണ്. ഇത് സംരക്ഷിക്കുക പ്രവാചകാനുയായികള്‍ക്ക് വിശ്വാസപരമായി ബാധ്യതയാണ്. അതുകൊണ്ടാണ് മക്ക ജയിക്കാന്‍ പോകുന്ന മഹാസൈന്യത്തിന്റെ  നായകന്‍ വഴിയോരത്തു കണ്ട ഒരു ശ്വാന കുടുംബത്തിനു തന്റെ അവസാന സൈനികനും കടന്നു പോവുന്നതുവരെ  കാവലേര്‍പ്പെടുത്തിയത്. രണഘോരതയില്‍ പോലും ജലനിര്‍ഗ്ഗമനികള്‍ അടക്കരുതെന്നും മരനിരകളുടെ ഹരിതശാഖികള്‍ അറുക്കരുതെന്നും  പ്രവാചകന്‍ ശാസന വെച്ചത്. ദാഹാര്‍ത്തയായ ശുനകക്കുഞ്ഞിനു കുടിജലം നല്‍കിയതിനെ സ്വര്‍ഗത്തോളം വാഴ്ത്തി നിര്‍ത്തിയത്. നിര്‍ഭയത്വം തടയപ്പെട്ട മാര്‍ജാരന്റെ പേരില്‍ നരകശാസന വന്നത്. ഊഷരമായ ഉഹുദ് മലയെ നോക്കി പ്രവാചകന്‍ തരളിതനായത്. 

ശത്രുപീഡനങ്ങളില്‍ പുളഞ്ഞ് വിവശരായ അനുചാരികള്‍  സ്വസ്ഥതയും സുരക്ഷയും കാമിച്ചു പ്രവാചകന്റെ ചാരത്തെത്തി പ്രാര്‍ത്ഥനക്കാവശ്യപ്പെടുന്നു. അദ്ദേഹം അവരോടു പറയുന്നതു മറ്റൊരു പരിഹാരമാണ്. നിങ്ങള്‍ പ്രവര്‍ത്തിക്കുക. അപ്പോള്‍ ജസീറത്തുല്‍ അറബില്‍ ഏതു സ്ത്രീ രത്‌നത്തിനും നിര്‍ഭയമായ സഞ്ചാര സുഖങ്ങള്‍ സംഭവിക്കുന്ന ശുഭനാളുകള്‍ വരും എന്നാണ്. നിങ്ങളുടെ സഹനത്തിന് ആകാശത്ത് സ്വര്‍ഗമുണ്ടെന്ന് മാത്രമല്ല. വിശ്വാസി ഭൂമിയില്‍ നിര്‍വഹിക്കേണ്ട ദൗത്യം  തന്റെ പരജീവിത പരിസരം നിര്‍ഭയമാക്കുക എന്നതുകൂടിയാണ്. ഇബ്‌റാഹീം പ്രവാചകന്‍ മക്കയില്‍ പ്രവര്‍ത്തിച്ചതും ഇതിനാണ്. ഈ സാധ്യതയെ പുനരാവിഷ്‌കരിക്കാനാണ് പ്രവാചകന്‍  മുഹമ്മദ് മക്കയില്‍ യത്‌നിച്ചതും യസ്‌രിബില്‍ വിജയിച്ചതും. അപ്പോഴാണു യസ്‌രിബ് 'മദീനത്തുന്നബി'യാകുന്നത്. തന്റെ നിയോഗ ജീവിതം പകുത്ത ഈ രണ്ടു നഗര കേന്ദ്രങ്ങളും അദ്ദേഹം പവിത്ര പ്രദേശങ്ങളായി പ്രഖ്യാപിച്ചു. ഭൂമിയില്‍ മനുഷ്യ ജീവിതം മേയുന്ന സര്‍വ ദേശങ്ങളിലും അല്ലാഹു ഉദ്ദേശിക്കുന്ന സുരക്ഷിതത്വത്തിന്റേയും നിര്‍ഭയത്വത്തിന്റേയും ശാന്തി സാന്ത്വനങ്ങളുടെയും കാവ്യാത്മകമായ പ്രതീകാവിഷ്‌കാരം തന്നെയാണീ ഹറം സങ്കല്‍പ്പം. വിശ്വാസി അവന്റെ സ്രഷ്ടാവിനു മുന്നില്‍ നിര്‍ഭയനും അഭിജാതനുമാകണം. മറ്റു മനുഷ്യ സഹോദരങ്ങളും പരിസരവും പരിസ്ഥിതിയും ഇതുപോലെ സുരക്ഷിതവും. ഭൗതിക ലോകം എല്ലാവര്‍ക്കുമുള്ളതാണ്. വിവേചന രഹിതമായ വിതരണമാണിവിടെ അല്ലാഹുവിന്റെ തീര്‍പ്പ്. ഈ വിതരണ സാമഗ്രികളില്‍ ജീവിത വിഭവങ്ങളും സുരക്ഷിതത്വവും പ്രധാനം തന്നെയാണ്. പരസ്പരം മാനിക്കാന്‍ പ്രമാണ വിശ്വാസം കൊണ്ടു തന്നെ നമുക്കു ബാധ്യതയുണ്ട്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /101-104
എ.വൈ.ആര്‍