Prabodhanm Weekly

Pages

Search

2015 ഫെബ്രുവരി 27

നാദാപുരം:<br> പ്രശ്‌നത്തിന്റെ ജാതിയും മതവും

ടി. ശാക്കിര്‍ /കവര്‍സ്‌റ്റോറി

         കേരളത്തിലെ ഓരോ പ്രദേശത്തെയും മുസ്‌ലിം ജീവിതത്തിന് തങ്ങളുടേതായ സവിശേഷതകളും വൈവിധ്യതകളുമുണ്ട്. ചരിത്രപരമായി വടക്കന്‍ കേരളത്തിലെ മുസ്‌ലിം സമുദായത്തില്‍ സമ്പന്നവും വരേണ്യവുമായ ജന വിഭാഗം കടന്നുപോയിട്ടുണ്ട്. ജാതിപരമായി അവര്‍ സവര്‍ണ-ഫ്യൂഡല്‍ ജനവിഭാഗങ്ങളുടെ തായ്‌വഴിക്കാരോ തുടര്‍ച്ചക്കാരോ തന്നെയാണ്. ഈഴവരാകട്ടെ കീഴ്ജാതിക്കാരും. ഫ്യൂഡല്‍ വരേണ്യതക്കെതിരായി സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നടന്ന സമരങ്ങളും പ്രക്ഷോഭങ്ങളും തന്നെയാണ് നമ്മുടെ സമൂഹത്തെ കൂടുതല്‍ ജനാധിപത്യവത്കരിച്ചത്. മുസ്‌ലിം സമൂഹത്തിലാകട്ടെ ഫ്യൂഡല്‍-വരേണ്യ വാഴ്ചക്കും മനോഭാവത്തിനുമെതിരായ സമരത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയത് സമുദായത്തിനകത്തെ നവോത്ഥാന ഉണര്‍വുകള്‍ തന്നെയാണ്.

ഇസ്‌ലാമിന്റെ തെളിമയുള്ള ആദര്‍ശബോധത്തിലേക്ക് സമുദായം സമുദ്ധരിക്കപ്പെട്ടതിന്റെ സ്വാഭാവിക ഫലമായിരുന്നു ജാതിഘടനയുടെ അവശിഷ്ടമായ ഫ്യൂഡല്‍-വരേണ്യ സങ്കല്‍പ്പങ്ങളുടെയും ഘടനകളുടെയും സ്വാഭാവിക തളര്‍ച്ച. ആ അര്‍ഥത്തിലുള്ള നവോത്ഥാന ശ്രമങ്ങള്‍ക്ക് പൊതുവെ സ്വാധീനം കുറഞ്ഞ പ്രദേശമാണ് നാദാപുരം മേഖല. അതിന്റെ അനന്തരഫലമാണ് പ്രദേശത്ത് നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന സംഘര്‍ഷങ്ങള്‍.

ഈ ജാതി സംഘര്‍ഷത്തെ പരസ്പര വിദ്വേഷമാക്കി സ്ഥാപനവല്‍ക്കരിക്കുകയാണ് മേഖലയില്‍ സി.പി.എമ്മും മുസ്‌ലിം ലീഗും ചെയ്യുന്നത്. ഈഴവനോട് വിരോധമുള്ള മുസ്‌ലിമിനെയും മുസ്‌ലിമിനോട് വിരോധമുള്ള ഈഴവനെയും സൃഷ്ടിച്ചെടുക്കുന്ന വിചിത്രമായ സാമൂഹിക അന്തരീക്ഷം അതുവഴി ജന്മമെടുക്കുന്നു. തങ്ങള്‍ പാരമ്പര്യമായി കണ്ടും അനുഭവിച്ചും വരുന്നു എന്നതിനപ്പുറം ഈ വിരോധത്തിന്റെ യുക്തിയും ന്യായവും എന്ത് എന്നത് ഇരുസമുദായങ്ങളിലെയും ആള്‍ക്കൂട്ടത്തെ സംബന്ധിച്ചിടത്തോളം ആലോചനാ വിഷയം ആകാറില്ല. സന്ദര്‍ഭാനുസൃതം ആളിക്കത്തിച്ചെടുക്കാനാവുംവിധം സജ്ജമാക്കി നിര്‍ത്തിയ ഈ വിദ്വേഷ രാഷ്ട്രീയം ഇരുപാര്‍ട്ടികളെ സംബന്ധിച്ചിടത്തോളവും സമയാ സമയങ്ങളിലെ രാഷ്ട്രീയ തുരുപ്പ് ശീട്ടാണ്. അതില്‍ കവിഞ്ഞ്, തലമുറകളോളം നിലനില്‍ക്കുന്ന അതിന്റെ പ്രത്യാഘാതത്തെക്കുറിച്ച് അധികാര പ്രമത്തരായ രാഷ്ട്രീയക്കാര്‍ക്ക് ആലോചിക്കേണ്ടതില്ലല്ലോ.

ജാതിബോധത്തിനെതിരായ പ്രത്യക്ഷവും പരോക്ഷവുമായ സമരങ്ങളും നവോത്ഥാനവുമാണ് ഇസ്‌ലാമിനെ കേരളത്തില്‍ ജനപ്രിയമാക്കിയത്. ഇസ്‌ലാം ഉയര്‍ത്തുന്ന, സര്‍വരും മനുഷ്യരാണ് എന്ന മുദ്രാവാക്യമായിരുന്നു ഇതിന്റെ അടിസ്ഥാനം. മനുഷ്യര്‍ക്കിടയിലെ വിവേചനബോധം ജാതിബോധത്തിന്റെ തന്നെ തുടര്‍ച്ചയില്‍ നിന്നാണെന്ന് സമുദായം തിരിച്ചറിഞ്ഞത് മുതലാണ് ഈ സമരവും നവോത്ഥാനവും സാധ്യമായതും. നാദാപുരത്തെ ഒരു സംഘര്‍ഷ കാലത്ത് മേഖലയിലെ അഭിവന്ദ്യനായ പണ്ഡിതന്‍ കെ. മൊയ്തു മൗലവി പ്രതികരിച്ചത് 'സര്‍വ മനുഷ്യരെയും ഒന്നായി കാണേണ്ട നാം ഇപ്പോഴും ജാതി കളിക്കുകയാണ്' എന്നാണ്.

നാദാപുരം മേഖല വീണ്ടും സംഘര്‍ഷ പ്രദേശമായി മാറി. ഒരു ചെറുപ്പക്കാരന്റെ നിഷ്ഠുരമായ കൊലപാതകത്തെത്തുടര്‍ന്ന് 70 ലധികം വീടുകള്‍ തകര്‍ക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു. നാദാപുരം സംഘര്‍ഷങ്ങള്‍ക്ക് ചുരുങ്ങിയത് രണ്ട് പതിറ്റാണ്ടു കാലത്തെ പ്രായമുണ്ട്. ഒരുപാടു ജീവനുകള്‍ ഇക്കാലയളവില്‍ കൊന്നൊടുക്കപ്പെട്ടിട്ടുണ്ട്. അനേകം ഭവനങ്ങള്‍ തകര്‍ക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഒരു നിരന്തര സംഘര്‍ഷ മേഖല എന്ന രീതിയില്‍ നാദാപുരം സംഘര്‍ഷങ്ങളെ രാഷ്ട്രീയ സംഘര്‍ഷം എന്ന ഒറ്റ വാക്കില്‍ എഴുതിത്തള്ളാറാണ് പതിവ്. അതേസമയം രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കപ്പുറമുള്ള ആഴങ്ങളും മാനങ്ങളും അതിനുണ്ട്.

സി.പി.എമ്മും മുസ്‌ലിം ലീഗും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളാണ് നാദാപുരം പ്രശ്‌നങ്ങളുടെ പ്രത്യക്ഷ മുഖം. അതേസമയം കേവല രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കപ്പുറം സാമുദായിക നിറമുള്ള സംഘര്‍ഷങ്ങളാണ് പലപ്പോഴുമിത്. വര്‍ഗീയത തന്നെയാണ് ഇരുവിഭാഗവും എടുത്തുപയോഗിക്കുന്ന മികച്ച ആയുധം. പ്രദേശത്തെ സി.പി.എമ്മിന്റെ ഏറ്റവും വലിയ ആള്‍ബലം ഈഴവ സമൂഹമാണ്. മേഖലയിലെ പ്രമുഖമായ ജാതി വിഭാഗമാണ് ഈഴവന്മാര്‍. മുസ്‌ലിം ലീഗിന്റേത് സ്വാഭാവികമായും മുസ്‌ലിം സമുദായവും.

നിരന്തര സംഘര്‍ഷങ്ങളും അതിന്റെ ആധികളും നഷ്ട കണക്കുകളും കൂട്ടിയും കിഴിച്ചും താല്‍ക്കാലിക ലാഭ-നഷ്ടങ്ങളെക്കുറിച്ച് കണക്കുകൂട്ടുന്നതിനപ്പുറം സമുദായം പുനര്‍വിചിന്തനം നടത്തേണ്ടുന്ന വിഷയമാണിത്. സമാധാനമുള്ള സാമൂഹികാന്തരീക്ഷമെന്നത് ആര്‍ക്ക് നിര്‍ബന്ധമില്ലെങ്കിലും ഇസ്‌ലാമിക സമൂഹത്തിന് നിര്‍ബന്ധമുള്ള വിഷയമാണല്ലോ. വിശുദ്ധ കഅ്ബയുടെ പോലും സ്ഥാപക ലക്ഷ്യത്തെക്കുറിച്ച് ഖുര്‍ആന്‍ എടുത്തുപറയുന്ന ഒരു കാര്യം ശാന്തിയുള്ള നാട് സാക്ഷാല്‍ക്കരിക്കപ്പെടും എന്നാണ്.

വര്‍ഗീയത എന്ന വിഡ്ഢിത്തത്തെക്കുറിച്ച് ഇരുസമുദായവും തിരിച്ചറിയുന്ന നിമിഷം അവസാനിക്കാവുന്നതേയുള്ളൂ മേഖലയിലെ സംഘര്‍ഷങ്ങള്‍. ഇരുവിഭാഗത്തിലെയും ക്രിമിനലുകളെ സംരക്ഷിക്കാന്‍ ഉന്നതങ്ങളില്‍ ഒത്തുതീര്‍പ്പിലെത്തി ഇരകള്‍ നിരന്തരം തോല്‍പ്പിക്കപ്പെടുന്ന ഈ സംഘര്‍ഷങ്ങള്‍ സാധാരണക്കാരുടെ ആവശ്യമേ അല്ല, മറിച്ച് രാഷ്ട്രീയ നേതൃത്വങ്ങളുടെ ആവശ്യം മാത്രമാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /101-104
എ.വൈ.ആര്‍