Prabodhanm Weekly

Pages

Search

2015 ഫെബ്രുവരി 27

അടുത്ത ലക്ഷ്യം തുര്‍ക്കി

         കഴിഞ്ഞ മാസം മൂന്നാം വാരം ചേര്‍ന്ന ഒ.ഐ.സി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്‍) യുടെ ഒരു യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാന്‍ പ്രസ്താവിച്ചു: ''മുസ്‌ലിം സമുദായം ഒരാത്മ പരിശോധനക്ക് തയാറാകേണ്ടിയിരിക്കുന്നു. ഭീകരതക്കും വംശീയതക്കുമെതിരെ ശക്തമായി ശബ്ദമുയര്‍ത്തണം. ലോക കാര്യങ്ങളില്‍ മുസ്‌ലിം ലോകം പാലിക്കുന്ന മൗനം ഭീകര-വിധ്വംസക ശക്തികളുടെ വളര്‍ച്ചക്ക് സഹായകമാകുന്നുണ്ട്. അഭിനവ ലോറന്‍സുമാര്‍ നമുക്കെതിരെ ഗൂഢാലോചനകള്‍ സംഘടിപ്പിക്കാന്‍ അത് അവസരമാക്കുകയും ചെയ്യുന്നു. മുസ്‌ലിം ലോകത്തെ ബലഹീനമാക്കാനും പശ്ചിമേഷ്യയെ ശിഥിലീകരിക്കാനുമുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് പാശ്ചാത്യര്‍. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയില്‍ ഒറ്റ മുസ്‌ലിം രാഷ്ട്രവും അംഗമായിട്ടില്ല. മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെയും പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കുന്നത് കേവലം അഞ്ചു രാജ്യങ്ങളാണ്. 56 രാജ്യങ്ങളുള്‍ക്കൊള്ളുന്ന ഈ സമൂഹം ദേശ-ഭാഷാ-ഭൂമിശാസ്ത്ര വ്യത്യാസങ്ങള്‍ക്കും മദ്ഹബുപരമായ ഭിന്നതകള്‍ക്കും അതീതമായി സ്വന്തം പ്രശ്‌നങ്ങള്‍ക്ക് സ്വയം പരിഹാരമന്വേഷിക്കാന്‍ സന്നദ്ധരാകണം. അതുമാത്രമാണ് വെല്ലുവിളികളെ വിജയകരമായി നേരിടാനുള്ള ശരിയും പ്രായോഗികവുമായ വഴി''(ഏഷ്യന്‍ ഏജ് ജനു:22).

മുസ്‌ലിം ലോക ഐക്യത്തെക്കുറിച്ച് ഉറുദുഗാന്‍ ഉന്നയിച്ച ആശയം പുതിയതല്ല. ക്ഷണികമായ സ്വാര്‍ഥ താല്‍പര്യങ്ങളില്‍ നിന്നുയര്‍ന്ന് സമുദായത്തിന്റെ വിശാല താല്‍പര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നവരെല്ലാം ചിരകാലമായി താലോലിക്കുന്ന സ്വപ്നമാണത്. പക്ഷേ സമകാലീന സാഹചര്യത്തില്‍ അത് സഫലമാകുന്നതിന്റെ യാതൊരു ലക്ഷണവുമില്ല. അടുത്ത വര്‍ഷം ഒ.ഐ.സി കോണ്‍ഫറന്‍സിന് ആതിഥ്യമരുളേണ്ട രാജ്യമാണ് തുര്‍ക്കി. ആ പശ്ചാത്തലത്തില്‍ പറഞ്ഞ മാമൂല്‍ വര്‍ത്തമാനമായി വേണമെങ്കില്‍ ഉറുദുഗാന്റെ പ്രസ്താവനയെ കാണാം.

എന്നാല്‍ തുര്‍ക്കിയുടെ പ്രസ്താവനക്ക് അതിനപ്പുറം ഗൗരവതരമായ മാനങ്ങളുണ്ടെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ കരുതുന്നത്. യൂറോപ്യന്‍ യൂനിയന്റെ ഉത്ഭവം മുതല്‍ അതിലംഗമാകാന്‍ നോമ്പു നോറ്റു നടന്ന രാജ്യമാണ് തുര്‍ക്കി. തുര്‍ക്കിയില്‍ ജനാധിപത്യം യൂറോപ്യന്‍ നിലവാരത്തിലേക്ക് വളര്‍ന്നിട്ടില്ല, മനുഷ്യാവകാശങ്ങള്‍ സുരക്ഷിതമല്ല എന്നിങ്ങനെ ഓരോ കാരണങ്ങള്‍ പറഞ്ഞ് ഇ.യു അവര്‍ക്ക് അംഗത്വം നിഷേധിക്കുകയായിരുന്നു. യഥാര്‍ഥ കാരണം തുര്‍ക്കി ഒരു മുസ്‌ലിം രാജ്യമായതും സൈപ്രസിന്മേല്‍ അവകാശമുന്നയിക്കുന്നതുമാണെന്ന് എല്ലാവര്‍ക്കുമറിയാം. എ.കെ പാര്‍ട്ടി അധികാരത്തില്‍ വന്ന് ഏതാനും വര്‍ഷം പിന്നിട്ടപ്പോള്‍ ഇ.യു വില്‍ ചേരാനുള്ള താല്‍പര്യം തുര്‍ക്കി ഉപേക്ഷിച്ചു. ഇപ്പോള്‍ തുര്‍ക്കിയുടെ സമ്പദ്ഘടന വെച്ചടിവെച്ചടി മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുകയാണ്. കടങ്ങളെല്ലാം വീട്ടി. ജനജീവിതം വികസ്വരമായി. ഇ.യുവാകട്ടെ സാമ്പത്തിക മാന്ദ്യത്തിലകപ്പെട്ട് കടത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതു പാശ്ചാത്യ ലോകത്തെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്. തുര്‍ക്കി ഭരിക്കുന്നത് ഇസ്‌ലാമിക മൂല്യങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്ന കക്ഷിയാണ് എന്നത് ഈ അലോസരത്തിന് ആക്കം കൂട്ടുന്നുമുണ്ട്. ഫ്രീഡം ഫ്‌ളോട്ടില സംഭവത്തെത്തുടര്‍ന്ന് തുര്‍ക്കിയുടെ ഇസ്രയേല്‍ വിരുദ്ധ നിലപാട് ശക്തിപ്പെട്ടത് ഇസ്രയേലിനെ എന്ന പോലെ യൂറോപ്പിനെയും അമേരിക്കയെയും ആശങ്കപ്പെടുത്തുന്നു. ഹമാസ് നേതാവ് ഖാലിദ് മിശ്അലിന്ന് ഖത്തര്‍ വിടേണ്ടിവരികയാണെങ്കില്‍ അഭയം നല്‍കാന്‍ തുര്‍ക്കി മുന്നോട്ടുവന്നത് ഇസ്രയേലിനെയും അമേരിക്കയെയും ശരിക്കും ചൊടിപ്പിച്ചിരിക്കുന്നു. തുര്‍ക്കിയും ഇറാനും സിറിയയും ലബനാനും ഉള്‍ക്കൊള്ളുന്ന ഒരു ഗ്രീന്‍ ബെല്‍റ്റ് രൂപപ്പെടാനുള്ള സാധ്യതയും പടിഞ്ഞാറിനെ ഭയപ്പെടുത്തുന്നുണ്ട്.

പക്ഷേ പശ്ചിമേഷ്യയിലെ ഏകാധിപത്യ രാജ്യങ്ങളില്‍ ഇടപെടുന്നതുപോലെ എളുപ്പമല്ല ജനാധിപത്യം വേരൂന്നിയ തുര്‍ക്കിയില്‍ ഇടപെടുക; തുര്‍ക്കിയില്‍ ജനാധിപത്യം നിലവില്‍ വന്ന നാള്‍ മുതലേ അവരതിനു ശ്രമിക്കുന്നുണ്ടെങ്കിലും. അവരുടെ കൈയിലുള്ള തരുപ്പു ശീട്ടാണ് ഫത്ഹുല്ല ഗുലന്‍. തുര്‍ക്കി ജനതയെ സര്‍ക്കാറിനെതിരെ ഇളക്കി വിടാന്‍, ആത്മീയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ മറവില്‍ വന്‍തോതില്‍ ഫണ്ടു നല്‍കി ഫത്ഹുല്ലാ ഗുലന്‍ നിയുക്തനായിരിക്കുകയാണത്രേ. ഏതായാലും സൈന്യം ഉള്‍പ്പെടെ ഭരണകൂടത്തിന്റെ സകല തലങ്ങളിലും അദ്ദേഹത്തിന്റെ അനുയായികള്‍ കടന്നുകയറിയിട്ടുണ്ട്. പട്ടാള അട്ടിമറിക്കുള്ള ചില ശ്രമങ്ങള്‍ പാളിപ്പോയതായും പറയപ്പെടുന്നു. പടിഞ്ഞാറന്‍ മാധ്യമങ്ങളില്‍ തുര്‍ക്കി വിരുദ്ധ പ്രചാരണം മൂര്‍ഛിച്ചിരിക്കുകയാണ്. പാശ്ചാത്യ ശക്തികളുടെ അടുത്ത ലക്ഷ്യം തുര്‍ക്കിയായിരിക്കാമെന്ന് ചില നിരീക്ഷകര്‍ പ്രവചിച്ചിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ഈയിടെ തുര്‍ക്കിയിലെ വിദേശ അംബാസഡര്‍മാരെ അഭിസംബോധന ചെയ്തുകൊണ്ട് ഉറുദുഗാന്‍ തുറന്നടിച്ചത്: ''യൂറോപ്പ് ഞങ്ങളെ ആക്ഷേപിക്കുന്നതിനുപകരം സ്വന്തം ഉടുപ്പിലെ ചളി കളയാന്‍ നോക്കണം. ഞങ്ങളെ പാഠം പഠിപ്പിക്കാന്‍ മിനക്കെടാതെ അവിടെ ഗുരുതരമായി വളരുന്ന ഇസ്‌ലാമോഫോബിയ തുടച്ചുനീക്കാന്‍ ശ്രമിക്കുക. വംശീയതയിലും അസമത്വത്തിലും ഇസ്‌ലാം പേടിയിലും അധിഷ്ഠിതമായ അത്യാപല്‍ക്കരമായ പൊതുമനസ്സാണവിടെ രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത് സമൂഹത്തിനു മാത്രമല്ല രാജ്യത്തിന്റെ സുരക്ഷക്കും വന്‍ ഭീഷണിയായിത്തീരും. ഗുലന്‍ പ്രസ്ഥാനമായാലും പടിഞ്ഞാറന്‍ മീഡിയയുടെ തുര്‍ക്കി വിരുദ്ധ പ്രചാരണമായാലും എല്ലാം ഏറെ ആസൂത്രിതമായിട്ടാണ് നടന്നുവരുന്നത്.''

തുര്‍ക്കിയും യൂറോപ്യന്‍ യൂനിയനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാവി എന്താകുമെന്ന് ഇപ്പോള്‍ പറയാനാവില്ല. എങ്കിലും തുര്‍ക്കിയില്‍ അത്ര എളുപ്പത്തില്‍ ലക്ഷ്യം നേടാന്‍ അവര്‍ക്കാവില്ല. തങ്ങള്‍ നേരിടുന്ന ഭീഷണി എന്താണെന്ന് കൃത്യമായി തിരിച്ചറിയാന്‍ തുര്‍ക്കിക്കു കഴിഞ്ഞിരിക്കുന്നു. രോഗ കാരണം കണ്ടെത്തുകയാണല്ലോ വിജയകരമായ ചികിത്സയുടെ മുന്നുപാധി. അഭിനവ ലോറന്‍സുമാരെക്കുറിച്ച് ഉറുദുഗാന്‍ നടത്തിയ പരാമര്‍ശം ഏറെ ശ്രദ്ധേയമാണ്. ഒന്നാം ലോകയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഉസ്മാനി ഖിലാഫത്തിന് അന്ത്യം കുറിക്കാനും അതിന്റെ ഭൂപ്രദേശങ്ങള്‍ ബ്രീട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമാക്കാനും തയാറാക്കിയ പദ്ധതിയുടെ ഭാഗമായി അറേബ്യയിലെത്തിയ അതിവിദഗ്ധനും ധിഷണാശാലിയുമായ ചാരനായിരുന്നു തോമസ് എഡ്‌വേര്‍ഡ് ലോറന്‍സ്. അറബികളെ തുര്‍ക്കിക്കെതിരെ ഇളക്കി വിടുകയും ഛിദ്രീകരിക്കുകയുമായിരുന്നു ലോറന്‍സ് ഓഫ് അറേബ്യയുടെ ദൗത്യം. അയാളത് അത്യന്തം വിജയകരമായി തന്നെ ചെയ്തു. പാശ്ചാത്യ ലോകം ഇന്നും ആസ്വദിച്ചുകൊണ്ടിരിക്കുകയാണാ വിജയം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /101-104
എ.വൈ.ആര്‍