ജനാധിപത്യ രാഷ്ട്രീയവും മുസ്‌ലിംകളും
ബഹുസ്വര സമൂഹത്തിലെ മുസ്‌ലിം ജീവിതം -14
ഇന്ത്യയിലെ മുസ്‌ലിം ജീവിതത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അവര്‍ കഴിഞ്ഞുകൂടുന്നത് ജനാധിപത്യ രാഷ്ട്രീയത്തിന്റെ ചട്ടക്കൂട്ടിലാണ് എന്നതാണ്. ജനാധിപത്യ ഘടന എല്ലാ പൗരന്മാര്‍ക്കും തുല്യാവകാശങ്ങള്‍ നല്‍കുന്നു; മുസ്‌ലിംകളും അതില്‍ ഉള്‍പ്പെടും. നിലവിലെ സാഹചര്യത്തില്‍ ഈ ജനായത്ത ഘടനയുടെ സുപ്രധാനമായ രണ്ട് സവിശേഷതകള്‍ കാണാതിരുന്നുകൂടാ.
ഒന്ന്, രാഷ്ട്ര ഭരണത്തില്‍ പങ്കാളികളാകാനും അതിന്റെ പ്രയോജനങ്ങള്‍ അനുഭവിക്കാനും അത് എല്ലാ സമൂഹങ്ങള്‍ക്കും അവകാശം നല്‍കുന്നു. എല്ലാവരുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നു. ജാതിയുടെയും വംശത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള എല്ലാ വിവേചനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തുന്നു.
രണ്ട്, ഏത് വിശ്വാസവും പ്രത്യയശാസ്ത്രവും രാഷ്ട്രീയ വീക്ഷണവും കൈക്കൊള്ളാനും അത് പ്രഖ്യാപിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്നു.
ബഹുസ്വര സമൂഹത്തിലെ അംഗങ്ങളെന്ന നിലക്ക് ഇത്തരമൊരു രാഷ്ട്രീയ ഘടനയാണ് മുസ്‌ലിംകള്‍ക്ക് മുമ്പിലുള്ളത്. അതിലാണ് അവര്‍ പ്രവര്‍ത്തന നിരതരാവുന്നത്. ആരോഗ്യവും സന്തുലിതത്വവുമുള്ള ഒരു ദേശീയ സമൂഹത്തിന്റെ സൃഷ്ടിക്ക് അവരുടെ സേവനവും രാഷ്ട്രത്തിന് ആവശ്യമുണ്ട്. ആ മഹാ യത്‌നത്തിന് നേതൃത്വം നല്‍കാന്‍ വരെ കെല്‍പ്പുറ്റവരാണ് മുസ്‌ലിംകള്‍. കാരണം, അവര്‍ക്ക് ദൈവപ്രോക്തമായ ഒരു മൂല്യ സംഹിതയുണ്ട്; നീതിയും ധര്‍മവും പുലരുന്ന ഒരു സംവിധാനമാണ് അത് മുന്നോട്ടുവെക്കുന്നത്. അസമത്വത്തില്‍ നിന്നും അധാര്‍മികതയില്‍ നിന്നും മുക്തമായ ഒരു സാമൂഹിക ജീവിതത്തിന് വേണ്ടി ഉഴലുന്ന രാജ്യ നിവാസികള്‍ക്ക് വളരെയേറെ ആശ്വാസം പകരാന്‍ ഈ മൂല്യ സംഹിത സ്വായത്തമാക്കിയവര്‍ക്ക് കഴിയും. ഈ ആശ്വാസം ഒരേ സമയം ഭൗതികവും ആത്മീയവുമാണ്. ദിശാബോധം നഷ്ടപ്പെട്ട ജീവിതത്തെ ചില തത്ത്വങ്ങളില്‍ അത് ഉറപ്പിച്ചു നിര്‍ത്തുന്നു. മൃഗീയതകളില്‍ നിന്ന് മനുഷ്യത്വത്തിന്റെ ഉദാത്ത തലങ്ങളിലേക്ക് രാജ്യവാസികളെ ഉയര്‍ത്താന്‍ അതിന് കെല്‍പുണ്ട്. ഇത് കേവലം ആശയവാദമല്ല. മനുഷ്യന്റെ ശാരീരികവും ഭൗതികവുമായ എല്ലാ ആവശ്യങ്ങളും പരിഗണിച്ചു കൊണ്ടുള്ള പ്രായോഗിക ചുവട് വെപ്പാണ്.
അപ്പോള്‍ രാജ്യനിവാസികളെ അസമത്വങ്ങളില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും രോഗങ്ങളില്‍ നിന്നും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളില്‍ മുസ്‌ലിംകള്‍ പങ്കാളികളായാല്‍ മാത്രം പോരാ; അതിന് നേതൃത്വം കൊടുക്കുകയും വേണം. ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് ദൈവകല്‍പിതമായ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതുപോലെ തന്നെയാണ്. ഈ പോരാട്ടങ്ങളില്‍ അണിചേരുന്നത് എന്തെങ്കിലും ഭൗതിക നേട്ടങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുമാവരുത്. മനുഷ്യക്ഷേമമെന്നത് അവര്‍ ഹൃദയത്തില്‍ താലോലിക്കുന്ന ഒരു ആശയമായിരിക്കണം. ചില പ്രത്യയശാസ്ത്രങ്ങളില്‍ സ്വന്തം താല്‍പര്യങ്ങളും പൊതു താല്‍പര്യങ്ങളും നിതാന്ത ഏറ്റുമുട്ടലില്‍ ആയിരിക്കും. ഇസ്‌ലാമില്‍ അങ്ങനെയല്ല. രണ്ടിനെയും സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു രീതിയാണുള്ളത്. അതിനാല്‍ മൊത്തം സമൂഹത്തിന്റെയും താല്‍പര്യങ്ങള്‍ക്ക് വേണ്ടി രംഗത്തിറങ്ങുമ്പോള്‍, അതൊരിക്കലും തന്നെ മുസ്‌ലിം സമൂഹത്തിന്റെ ഉന്നമനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമാവുകയില്ല.
പൊതു പ്രവര്‍ത്തനങ്ങളിലേക്കിറങ്ങുമ്പോള്‍ പലിശ പോലെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വ്യവഹാരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതുപോലും സമൂഹത്തെ സാമ്പത്തിക ചൂഷണത്തില്‍ നിന്ന് മോചിപ്പിക്കുക എന്ന പൊതു നന്മ ഉദ്ദേശിച്ചാണല്ലോ. ഇസ്‌ലാമിക മൂല്യങ്ങള്‍ സ്വന്തം ജീവിതത്തിലേക്ക് ആവാഹിക്കാന്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ തയാറുണ്ടെങ്കില്‍ പൊതുരംഗത്ത് വലിയ സംഭാവനകള്‍ അര്‍പ്പിക്കാന്‍ അവര്‍ക്ക് കഴിയും, തീര്‍ച്ച. ആശയങ്ങള്‍ക്ക് ഒരു കുറവും നമ്മുടെ നാട്ടിലില്ല. ആ ആശയങ്ങള്‍ പ്രയോഗവത്കരിക്കപ്പെട്ട ജീവിത മാതൃകകളാണ് കാണാന്‍ കിട്ടാത്തത്. അതാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ശാപവും. ഇസ്‌ലാമിക മൂല്യങ്ങള്‍ സ്വാംശീകരിച്ചുകൊണ്ട് നിസ്വാര്‍ഥതയുടെയും ജീവിത വിശുദ്ധിയുടെയും മാതൃകകളായി മാറാന്‍ മുസ്‌ലിംകള്‍ക്ക് കഴിയുമെങ്കില്‍ അത്തരം കറകളഞ്ഞ വ്യക്തിത്വങ്ങള്‍ പൊതു സമൂഹത്തില്‍ ചലനങ്ങളുണ്ടാക്കും. മുസ്‌ലിംകള്‍ റോള്‍ മോഡലുകളായി തിരിച്ചറിയപ്പെടാന്‍ തുടങ്ങും. മനുഷ്യരെ അവരുടെ ദുരിതങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള യത്‌നങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടേ ഇതൊക്കെ സാധ്യമാവൂ. മുന്‍കാലങ്ങളില്‍ മുസ്‌ലിംകള്‍ ആ ദൗത്യം ഏറ്റെടുത്തിട്ടുണ്ട്; ഇനിയും അവര്‍ക്കത് ഏറ്റെടുക്കാന്‍ കഴിയും.
പൊതു സമൂഹത്തിന് വേണ്ടിയുള്ള പോരാട്ടവും ദഅ്‌വാ പ്രവര്‍ത്തനവും ഇഴചേര്‍ന്നാണ് മുന്നോട്ടു പോവുക. കുറച്ചുകൂടി കൃത്യമാക്കി പറഞ്ഞാല്‍, സാമൂഹിക പുനരുദ്ധാരണ പ്രവര്‍ത്തനം എന്ന് പറയുന്നത് ദഅ്‌വാ പ്രവര്‍ത്തനത്തിന്റെ അവിഭാജ്യഘടകമാണ്. മനുഷ്യരെ അവരുടെ ദുരിതങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കഠിനാധ്വാനം ചെയ്യുകയും, സകല വ്യവഹാരങ്ങളിലും നീതിയുടെയും ധര്‍മത്തിന്റെയും പക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്യുന്ന ജനവിഭാഗത്തിനല്ലേ യഥാര്‍ഥത്തില്‍ അല്ലാഹുവിന്റെ സത്യസരണിയിലേക്ക് ജനങ്ങളെ ക്ഷണിക്കാന്‍ ഏറ്റവും അര്‍ഹതയുള്ളത്? പ്രബോധകന്റെ ജീവിതം സാമൂഹിക പ്രവര്‍ത്തനത്തിന് മാതൃകയാവുമ്പോഴാണ് പ്രബോധന പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാവുക.
അതോടൊപ്പം, ഇന്ത്യന്‍ മുസ്‌ലിംകള്‍ അവരുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതില്‍ ഒട്ടും അലംഭാവം കാണിക്കരുത്. പറ്റെ ദുര്‍ബലരും പിച്ച തെണ്ടുന്നവരുമായ ഒരു വിഭാഗം എന്ത് സന്ദേശം ഉയര്‍ത്തിപ്പിടിച്ചാലും പൊതുസമൂഹം അത് കാര്യ ഗൗരവത്തില്‍ എടുക്കുകയില്ല. വ്യക്തിത്വ വികാസം അതിന്റെ ഭൗതിക മാനങ്ങളില്‍ വരെ വിജയകരമായ ദഅ്‌വാ പ്രവര്‍ത്തനത്തിന് ഒഴിച്ചുകൂടാന്‍ പാടില്ലാത്തതാണ്. ഏതായാലും ഇസ്‌ലാമികാശയങ്ങളുടെ പ്രേരണയാല്‍ തയാറാക്കപ്പെട്ട സാമൂഹിക-സാമ്പത്തിക വികസനത്തിന്റെ ബ്ലൂപ്രിന്റ് ജനശ്രദ്ധ ആകര്‍ഷിക്കാതിരിക്കില്ല. ഇതും ദൈവമാര്‍ഗത്തിലെ പ്രയത്‌നം തന്നെ; ദൈവം ഒപ്പമുണ്ടാവുക തന്നെ ചെയ്യും.
വിവ: അശ്‌റഫ് കീഴുപറമ്പ്
(അവസാനിച്ചു)
അവലംബ കൃതികള്‍:
1. bugaje, umar, A Response to Receiprocity, Ecncounter 2:2 (1996)
2. faridi, F.r., In Quest of Justice (Urdu), Markazi Maktaba al Islami, Delhi, 1994.
3. (The Revd.) DR. CHRISTIPHER LAMB, Beyond Reciprocity Towards Reconciliation, Encounter 3:1 (1997).
4. Husain, Afzal, Jamaat-e-Islami and its role in the reconstruction of the country and the Millat (Urdu), Markazi Maktaba Islami, Delhi, (n.d.)
5. Al-Haskafi, al- Durr-al- Mukhtar
6. Islam, Azafarul, Muslim and Arab Perspectives, Vol. 2:11-12 (1995), pp. 51-56/
7. Islahi, Abdul Alim, Dar-al-Islam Aur Dar-al Harb (Urdu) Maktaba-al-Aqsa, Hyderabad (n.d.).
8. Islahi, Amin Ahsan, Dawat-e-Din Aur Uska Tariq-e-Kar, Markazi Maktaba Islami, Delhi (1995).
9. Jalaluddin, Syed, Problems of Indian Muslims (Urdu) Afkar-e-Milli, Vol 12:2-3, 1997, p. 74.
10. Al-Kasami, Badai and Sanai (Cairo 1910)
11. Al-Mawardi, Al,-Ahkam al Sultaniyah
12. Al-Marghinani, Al Hidayah
13. Maududi, Abul Aala, The ethical system of Islam (Urdu) Markazi Maktaba al- Islami, Delhi (n.d.).
14. Maududi, Abul Aala, Islam aur Adle Ijtemai- Islamic Publication Ltd., Lahore (1978).
15. Maududi, Abul Aala, The Issue of Nationalism, Markazi Maktaba Islami, Delhi 1992).
16. Murad, Khurram, Christian/Muslim Reciprocity - Some comments, Encounter 2:2 (1996).
17. Mernissi, Fatima, Islam and Democracy (Tr. by Mary Ji Lakeland), Addison- Westy Publishing Co. (N.Y.m 1992).
18. Al-Attas, S.M. Al- Naquib, Islam and Secularism, HIndustan Publications, Delhi (1984).
19. Abd-Al- Qadir Awdah, Al-Tashri al-Janai-fi-al-Islam Beirut (n.d.).
20. Al-Sarkhasi, Al- Mabsut, Kitab-Al-Siyyar.
21. Siddiqui, M. Nejatullah, Tahrik-e-Ilsami Asr-e-Hazir Mein (Urdu), Markazi Maktaba Islami, Deklhi (1995).
22. Syed Qutb, Al-Adalah-al-Ijtemaeah fi al-Islam.
23. Tamimi, Azzam (E.d.), Power - sharing in Islam, Liberty for Muslim Worldl Publication (1993).
24. Talbi, Mohamed, Is Cultural and Religious Co-existence Possible, Encounter 1:2 1995).
25. Urooj, Qadri, The Mission of Ummah (Urdu), Markazi Maktaba Islami, Delhi (1968).
26. Abu Zehra, Al Jarima wa-al-Uqubah fi-al-Fiqh al - islam Cairo (n.d.).
27. Zaydan, Abd-al-Karim, Al-Ahkam-al-Dhmmiyyin, Baghdad (1963).
Comments