ചാപല്‍ഹില്‍ വെടിവെപ്പിന് പിന്നിലെ മത/വംശീയ വിദ്വേഷം
ചാപല്‍ഹില്‍ വെടിവെപ്പിന് പിന്നിലെ മത/വംശീയ വിദ്വേഷം
കഴിഞ്ഞ ഫെബ്രുവരി 11-ന് അമേരിക്കയിലെ ചാപല്‍ഹില്‍ പട്ടണത്തില്‍ ദിയാഅ് ബറകാത്ത് (23), അദ്ദേഹത്തിന്റെ ഭാര്യ യുസ്ര്‍ മുഹമ്മദ് (21), യുസ്‌റിന്റെ സഹോദരി റസാന്‍ അബൂസ്വല്‍ഹ (19) എന്നിവര്‍ ദാരുണമായി വധിക്കപ്പെട്ടു. മൂന്ന് പേരും നോര്‍ത്ത് കരോളിന യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളായിരുന്നു. 46-കാരനായ ക്രെയ്ഗ് സ്റ്റീഫന്‍ ഹിക്‌സ് എന്നൊരാളാണ് കൊലയാളി. പോലീസ് കേസെടുത്തു. കൊലയാളിയെ പിടികൂടി. പിന്നെ യാതൊന്നുമില്ല. പൂര്‍ണ നിശ്ശബ്ദത. ഒരൊറ്റ മുഖ്യധാരാ ചാനലും വാര്‍ത്ത കൊടുക്കാന്‍ പോലും തയാറായില്ല.
ലോക്കല്‍ പോലീസാവട്ടെ, കാര്‍ പാര്‍ക്കിംഗ് സംബന്ധമായ കശപിശയാണ് വധത്തിന് കാരണമെന്ന് പറഞ്ഞ് പ്രശ്‌നത്തെ അത്യന്തം നിസ്സാരവത്കരിച്ചു. അപ്പോഴാണ് സോഷ്യല്‍ മീഡിയ ഇടപെട്ടത്. പാര്‍ക്കിംഗ് കശപിശയല്ല വധത്തിന് കാരണമെന്ന് അതോടെ വ്യക്തമായി. മത/വംശീയ വിദ്വേഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലപാതകി മുന്നൊരുക്കത്തോടെ വധിക്കപ്പെട്ട മൂന്ന് പേരും താമസിക്കുന്ന ഫ്‌ളാറ്റിലേക്ക് വന്ന് വെടിവെക്കുകയായിരുന്നു. വെടികൊണ്ടത് മൂന്ന് പേരുടെയും തലയില്‍. കൊലപാതകിയുടെ മുന്‍ ഭാര്യയുടെ മൊഴിയനുസരിച്ച്, ഹോളിവുഡ് സിനിമകളും മറ്റും കണ്ട് മുസ്‌ലിം വിദ്വേഷം തലക്ക് പിടിച്ച ആളായിരുന്നു ക്രെയ്ഗ് സ്റ്റീഫന്‍ ഹിക്‌സ്.
യഥാര്‍ഥ വിവരങ്ങള്‍ സോഷ്യല്‍ മീഡിയ പുറത്ത് വിട്ടതോടെ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ലണ്ടനിലെ ബി.ബി.സിക്ക് മുമ്പില്‍ പ്രകടനം നടന്നു. തന്റെ മരുമകനും രണ്ട് പെണ്‍മക്കളും കൊല്ലപ്പെട്ടത് പാര്‍ക്കിംഗ് തര്‍ക്കത്തെ തുടര്‍ന്നാണെന്ന ഗവണ്‍മെന്റ് ഭാഷ്യത്തെ പിതാവ് അബൂ സ്വല്‍ഹ പുഛിച്ച് തള്ളി. അദ്ദേഹം പറഞ്ഞു: ''വംശീയ വിദ്വേഷമാണ് ഇതിന് നൂറു ശതമാനവും കാരണം. ഭരണകൂടം മൗനം വെടിഞ്ഞില്ലെങ്കില്‍ ഞാന്‍ അലറി വിളിക്കാന്‍ പോവുകയാണ്.'' പ്രതി ഇടക്കിടെ വന്ന് തന്റെ മക്കളെ ഭീഷണിപ്പെടുത്താറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
സംഭവം ഒച്ചപ്പാടായതോടെ അമേരിക്കയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ചെറിയ തോതില്‍ വാര്‍ത്ത സംപ്രേഷണം ചെയ്തു. സംഭവം നടന്ന് പതിനഞ്ച് മണിക്കൂറിന് ശേഷം! വാര്‍ത്തയും വിശകലനങ്ങളും 'പാര്‍ക്കിംഗ് തര്‍ക്ക'ത്തില്‍ നിന്ന് ഒരിഞ്ച് മുന്നോട്ടു പോയില്ല. ഒരു മുസ്‌ലിം നാമധാരിയാണ് പ്രതിസ്ഥാനത്തെങ്കില്‍ ഉണ്ടാകുമായിരുന്ന ഒച്ചപ്പാട് എത്രയായിരിക്കും! ഷാര്‍ലി എബ്‌ദോ സംഭവത്തിനു ലഭിച്ച കവറേജ് ഓര്‍ക്കുക.
ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിംകളെക്കുറിച്ചുമുള്ള പാശ്ചാത്യ മീഡിയയുടെ വിഷലിപ്തമായ അവതരണങ്ങളാണ് മത/വംശീയ വിദ്വേഷത്തെ ഉല്‍പാദിപ്പിക്കുന്നതെന്ന സത്യം ചര്‍ച്ചകളില്‍ ഉയര്‍ന്നുവരികയുണ്ടായി. 'അമേരിക്കന്‍ സ്‌നൈപര്‍' പോലുള്ള ഇസ്‌ലാമോഫോബിക് ഹോളിവുഡ് സിനിമകള്‍ അമേരിക്കന്‍ സമൂഹത്തെ എങ്ങനെ സ്വാധീനിക്കുമെന്നും മുഖ്യധാരാ മാധ്യമങ്ങള്‍ ചര്‍ച്ചചെയ്തില്ല. അവര്‍ ചര്‍ച്ച ചെയ്തില്ലെങ്കില്‍ മുമ്പത്തെപ്പോലെ സത്യങ്ങള്‍ കുഴിച്ചുമൂടപ്പെടും എന്ന ഭയമൊന്നും ഇക്കാലത്ത് വേണ്ട. അമേരിക്കന്‍ മുഖ്യധാരാ മീഡിയാ പ്രവര്‍ത്തനം സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനങ്ങളെക്കുറിച്ച് എഡ്‌വേഡ് സഈദ്, എലിസബത്ത് പൂലെ, ഖയ് ഹാഫിസ്, മിലി വില്ലിംസണ്‍, കരീം കരീം, തെയുന്‍ വാന്‍ ജിക്, കിമ്പര്‍ലി പവല്‍, ദിന ഇബ്‌റാഹീം തുടങ്ങി ഒട്ടേറെ ഗവേഷകര്‍ സൂക്ഷ്മ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. 'അക്രമാസക്തരും പിന്നാക്കക്കാരും ഫണ്ടമെന്റലിസ്റ്റുകളും പാശ്ചാത്യ സംസ്‌കാരത്തിന് ഭീഷണി ഉയര്‍ത്തുന്നവരുമായ ജനസമൂഹം' എന്നാണ് പാശ്ചാത്യ മീഡിയയുടെ മുസ്‌ലിംകളെക്കുറിച്ച അവതരണം. അതിന്റെ ഇരകളില്‍ ഒരാള്‍ മാത്രമാണ് കൊലപാതകിയായ ക്രെയ്ഗ് സ്റ്റീഫന്‍ ഹിക്‌സ്.
പുടിന്‍ ആ തെളിവുകള്‍ പുറത്തുവിടുമോ?
യൂട്യൂബില്‍ പരതിയാല്‍ 9/11-ന് തകര്‍ന്ന അമേരിക്കയിലെ വേള്‍ഡ് സെന്റര്‍ 7 ബില്‍ഡിംഗിനെക്കുറിച്ച്, ലോകത്തുടനീളം അംബരചുംബികളായ കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന പ്രഗത്ഭരും അനുഭവ പരിജ്ഞാനമുള്ളവരുമായ നിരവധി ആര്‍ക്കിടെക്റ്റുകളുടെയും ഡിസൈനര്‍മാരുടെയും അഭിപ്രായ പ്രകടനങ്ങള്‍ കാണാം. രണ്ട് മണിക്കൂറിലേറെയുണ്ട് ആ ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം. അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തില്‍ '7 ബില്‍ഡിംഗും' തകര്‍ന്നിരുന്നു. വീഡിയോ ചിത്രം വ്യക്തമാക്കുന്നത് പോലെ, ആ കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടാവുകയോ അതില്‍ എന്തെങ്കിലും വസ്തുക്കള്‍ ഇടിക്കുകയോ ചെയ്യുന്നില്ല. ലോകോത്തര നിലവാരമുള്ള ഉരുക്ക് കൊണ്ട് നിര്‍മിച്ച ആ ബഹുനിലകെട്ടിടം നിമിഷാര്‍ധം കൊണ്ട് തകര്‍ന്ന് ഒരു കല്‍ക്കൂമ്പാരം മാത്രമായി. അകത്ത് ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ചിട്ടല്ലാതെ ഇങ്ങനെയൊരു പൊടിഞ്ഞ് തകരല്‍ സാധ്യമല്ലെന്നാണ് ആ എഞ്ചിനീയറിംഗ് വിദഗ്ധര്‍ ഏകകണ്ഠമായി അഭിപ്രായപ്പെടുന്നത്. തകര്‍ന്ന കെട്ടിടങ്ങളുടെ ഉരുക്ക് അവശിഷ്ടങ്ങള്‍ ഒന്നും ബാക്കിവെക്കാതെ ഒരു മാസം കൊണ്ട് ചൈനയിലേക്ക് റിസൈക്ലിംഗിന് കൊടുത്തയച്ചതിനാല്‍ കെട്ടിടങ്ങള്‍ക്ക് എന്തു സംഭവിച്ചു എന്നറിയാന്‍ ഇനി യാതൊരു മാര്‍ഗവുമില്ലെന്നും അവര്‍ പറയുന്നു. പുറത്ത് നിന്ന് ഒരാളും ആ ഉരുക്ക് കമ്പികളുടെ അവശിഷ്ടങ്ങള്‍ കണ്ടിട്ടില്ല. തെളിവുകളെല്ലാം തെരഞ്ഞ് പിടിച്ച് നശിപ്പിക്കുകയായിരുന്നു. 9/11-ല്‍ അമേരിക്കയില്‍ നടന്ന ഭീകരാക്രമണം ഭരണകൂട -സയണിസ്റ്റ് ആസൂത്രണമായിരുന്നു എന്ന് വാദിക്കുന്ന എത്രയോ പുസ്തകങ്ങളും ഇതിനകം പുറത്തിറങ്ങി. അതില്‍ പറയുന്ന കാര്യങ്ങള്‍ക്കൊന്നും അമേരിക്കന്‍ ഭരണകൂടം ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.
അമേരിക്ക ഒളിച്ചുവെക്കുന്നതൊക്കെ റഷ്യ വലിച്ച് പുറത്തിടുമെന്ന പുതിയൊരു ഭീഷണി ഉയര്‍ന്നിരിക്കുന്നു ഇപ്പോള്‍. ഉക്രയിന്‍ പ്രശ്‌നത്തില്‍ ഒബാമ വല്ലാതെ കളിച്ചാല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍ തന്റെ കൈവശമുളള '9/11 തെളിവുകള്‍' പുറത്ത് വിട്ടേക്കുമെന്ന് അവിടത്തെ പ്രമുഖ പത്രമായ പ്രാവ്ദ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ സാറ്റലൈറ്റ് ഇമേജുകളും ഉള്‍പ്പെടും. അമേരിക്കന്‍ ഗവണ്‍മെന്റിനും അവിടത്തെ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും 'ഭീകരാക്രമണ'ത്തില്‍ പങ്കുണ്ട് എന്നതിന്റെ തെളിവുകള്‍. അമേരിക്ക നേരിട്ടല്ല, ചിലയാളുകളെ ഉപയോഗിച്ചാണ് അത് ഒപ്പിച്ചെടുത്തതെന്ന് മാത്രം. റഷ്യ തെളിവുകള്‍ പുറത്ത് വിടുന്നതോടെ ആക്രമണത്തെ കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം അപ്പടി വ്യാജമായിരുന്നു എന്ന് സ്ഥാപിക്കാനാവുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
ഒറ്റ മന്ത്രിസ്ഥാനം സ്വീകരിച്ച്
മന്ത്രിസഭയിലേക്ക്
മുങ്ങാന്‍ പോകുന്ന കപ്പലിലെ ആഡംബര മുറികള്‍ ബുക്ക് ചെയ്തിട്ട് വല്ല കാര്യവുമുണ്ടോ? അതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് സുരക്ഷിതമായി പോകുന്ന ഒരു കപ്പലില്‍ സാദാ സീറ്റ് ലഭിക്കുന്നതല്ലേ? ചോദ്യം തുനീഷ്യയിലെ ഇസ്‌ലാമിക പ്രസ്ഥാനമായ അന്നഹ്ദയുടെ നേതാവ് റാശിദുല്‍ ഗനൂശിയുടേതാണ്. തുനീഷ്യന്‍ പാര്‍ലമെന്റില്‍ ഏറ്റവും വലിയ കക്ഷിയായ നിദാഅ് തൂനിസിന്റെ നിയുക്ത പ്രധാനമന്ത്രി ഹബീബ് അസ്സ്വയ്ദ് നേതൃത്വം നല്‍കുന്ന മന്ത്രിസഭയില്‍ അന്നഹ്ദ ചേരാന്‍ തീരുമാനിച്ചതിനെതിരെ വന്ന രൂക്ഷ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു അപ്രധാന മന്ത്രിസ്ഥാനം (തൊഴില്‍) മാത്രം സ്വീകരിച്ചുകൊണ്ട് മന്ത്രിസഭയില്‍ ചേരാനുള്ള തീരുമാനം അഭിമാനം പണയം വെച്ചതിന് തുല്യമാണ് എന്നായിരുന്നു പ്രധാന വിമര്‍ശം.
തുനീഷ്യയിലെ ജനാധിപത്യ പരീക്ഷണത്തെയാണ് ഗനൂശി മുങ്ങാന്‍ പോകുന്ന കപ്പല്‍ എന്ന് വിശേഷിപ്പിച്ചത്. അറബ് വസന്തം അരങ്ങേറിയ ഈജിപ്ത് ഏകാധിപത്യത്തിലേക്ക് തിരിച്ചുപോയി. മറ്റു നാടുകളില്‍ എല്ലാം കുത്തഴിഞ്ഞിരിക്കുന്നു. തുനീഷ്യ മാത്രമാണ് അപവാദം. ഈജിപ്തിലേത് പോലുള്ള കടുത്ത ധ്രുവീകരണം തുനീഷ്യയിലും രൂപപ്പെട്ടിരുന്നു. ഒരു ഭാഗത്ത് ബാജി ഖായിദ് സബ്‌സീ നേതൃത്വം നല്‍കുന്ന നിദാഅ് തൂനിസും അവരുടെ കൂട്ടാളികളും. വിപ്ലവാനന്തരം അന്നഹ്ദ ഭരണമേറ്റെടുത്തപ്പോള്‍ അവര്‍ പ്രതിപക്ഷത്തായിരുന്നു. അന്നഹ്ദയും സഖ്യകക്ഷികളും മറുവശത്തും. ഏറ്റവുമൊടുവില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നിദാഅ് തൂനിസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. അന്നഹ്ദ രണ്ടാം സ്ഥാനത്തും. ഈ മുന്നണികള്‍ തമ്മിലുള്ള ഭിന്നതകളും അഭിപ്രായ വ്യത്യാസങ്ങളും ജനാധിപത്യത്തിന് നല്ല വേരോട്ടമുള്ള നാട്ടിലാണെങ്കില്‍ പ്രശ്‌നമില്ല. പക്ഷേ, തുനീഷ്യയില്‍ ജനാധിപത്യം പിച്ചവെക്കുകയാണ്. 50+1 ഭൂരിപക്ഷം വെച്ചുള്ള ഭരണം ഒട്ടും സുരക്ഷിതമായിരിക്കില്ല അത്തരമൊരു രാജ്യത്ത്. എല്ലാ പ്രമുഖ ദേശീയ കക്ഷികളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ദേശീയ ഗവണ്‍മെന്റിന് മാത്രമേ രാജ്യത്തെ ജനാധിപത്യ ക്രമത്തിലൂടെ മുന്നോട്ടു നയിക്കാനാവൂ.
ഇതുകൊണ്ടാണ്, നിദാഅ് തൂനിസുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന്, അവരുടെ മന്ത്രിസഭയില്‍ പങ്കാളികളാവുന്നതെന്ന് ഗനൂശി പറഞ്ഞു. നിദാഅ് തൂനിസ്, അന്നഹ്ദ, ആഫാഖ് തൂനിസ്, അല്‍ ഇത്തിഹാദുല്‍ വത്വനി, പിന്നെ സ്വതന്ത്രര്‍- ഇത്രയുമടങ്ങുന്നതാണ് പുതിയ മന്ത്രിസഭ. അതായത് 70 ശതമാനം പാര്‍ലമെന്റ് അംഗങ്ങളുടെ പിന്തുണ അതിനുണ്ടാകും. അന്നഹ്ദ വക്താവായിരുന്ന സിയാദുല്‍ അദാരിയാണ് മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പ് കൈകാര്യം ചെയ്യുക. ദേശതാല്‍പര്യത്തിന് വേണ്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാതിരുന്ന അന്നഹ്ദ ഇനിയും അത്തരം ത്യാഗങ്ങള്‍ക്ക് തയാറാണെന്ന് ഗനൂശി കൂട്ടിച്ചേര്‍ത്തു (ഗനൂശിയുടെ ലേഖനം അല്‍ജസീറ നെറ്റില്‍, 11.2.2015).
Comments