ചോദ്യോത്തരം
സിനിമയും
ആശയപ്രചാരണത്തിന്റെ മാധ്യമമല്ലേ?
ഏതൊരാശയത്തെയും പ്രസ്ഥാനത്തെയും എളുപ്പത്തില്‍ ജനമധ്യത്തിലെത്തിക്കാന്‍ ഏറ്റവും എളുപ്പവും ജനപ്രിയവുമായ മാധ്യമമല്ലേ സിനിമ? ആധുനിക ലോകത്ത് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും മാധ്യമങ്ങള്‍ വളരെ മോശമായി ചിത്രീകരിക്കുമ്പോള്‍ സിനിമ എന്ന പൊതുജന മാധ്യമത്തെയും ഉപയോഗിച്ചുകൂടേ? സിനിമക്ക് വിപണി സാധ്യതയുമുള്ളതല്ലേ?
ഉത്തരേന്ത്യയിലെ മുസ്‌ലിം സഹോദരങ്ങള്‍ പലരും കഴിവുറ്റ കലാകാരന്മാരും അഭിനേതാക്കളും സംവിധായകരുമാണ്. ഉദാഹരണത്തിന് ഖാന്‍ കുടുംബങ്ങള്‍. പക്ഷേ, ഇവരെയൊക്കെ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താന്‍ അഥവാ ഇസ്‌ലാമിക മൂല്യമുള്ളതും മുസ്‌ലിംകളെ പറ്റിയുള്ള തെറ്റിദ്ധാരണ മാറ്റാനുതകുന്നതുമായ സിനിമകള്‍ സൃഷ്ടിക്കാന്‍ ദേശീയ മുസ്‌ലിം സംഘടനകള്‍ ശ്രമം നടത്തിയിട്ടുണ്ടോ?
മാധ്യമരംഗത്ത് പൊതുജനങ്ങള്‍ക്ക് വളരെയധികം പ്രതീക്ഷകള്‍ നല്‍കിയ ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാടെന്താണ്?
ഡോ. അസ്‌ലം വടകര
സിനിമ ഏറ്റവും ഫലപ്രദവും ജനമനസ്സുകളില്‍ സ്വാധീനം ചെലുത്തുന്നതുമായ മാധ്യമമാണെന്ന കാര്യത്തിലോ അതിനെ ഇസ്‌ലാമിന്റെയും മാനവിക, ധാര്‍മിക മൂല്യങ്ങളുടെയും പ്രചാരണത്തിനുപയോഗപ്പെടുത്തേണ്ടതാണെന്നതിലോ ആധുനിക പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായാന്തരമില്ല. മുഹമ്മദ് നബി(സ)യുടെ ജീവിതത്തെ ആധാരമാക്കി സിറിയന്‍ സംവിധായകന്‍ മുസ്ത്വഫ അഖാദ് നിര്‍മിച്ച 'ദ മെസ്സേജ്', ലിബിയന്‍ സ്വാതന്ത്ര്യ സമരപോരാളി ഉമര്‍ മുഖ്താറിനെക്കുറിച്ച പടം തുടങ്ങിയവ നേര്‍ക്കുനേരെത്തന്നെ ഇസ്‌ലാമിന്റെ സന്ദേശം നല്‍കുന്ന സിനിമകളാണ്. കൂടാതെ ധാരാളം ചരിത്ര ഫിലിമുകളും മൂല്യാധിഷ്ഠിത ഫീച്ചര്‍ ഫിലിമുകളും ഒട്ടനവധി ഡോക്യുമെന്ററികളും മുസ്‌ലിം ലോകത്ത് പുറത്തിറങ്ങിയിട്ടുണ്ട്. ഇന്ത്യയിലും ചിലതൊക്കെ പുറത്ത് വന്നിട്ടുണ്ടെങ്കിലും അര്‍ഹമായ പരിഗണന സിനിമക്ക് ലഭിച്ചിട്ടില്ല. മുസ്‌ലിം സംഘടനകളുടെയും സാംസ്‌കാരിക കൂട്ടായ്മകളുടെയും ശ്രദ്ധ പതിയേണ്ട രംഗമാണിത്. സംവിധായകര്‍ക്കോ നടന്മാര്‍ക്കോ മറ്റു സാങ്കേതിക വിദഗ്ധര്‍ക്കോ ക്ഷാമമൊന്നുമില്ല. നിശ്ചയദാര്‍ഢ്യമുള്ള നിര്‍മാതാക്കളാണ് പ്രശ്‌നം. അച്ചടി മാധ്യമങ്ങളുടെയും ചാനലുകളുടെയും കാര്യത്തില്‍ പോലും ഇന്ത്യന്‍ മുസ്‌ലിം സമൂഹം ഏറെ പിന്നാക്കമാണല്ലോ. ഖുര്‍ആന്‍ മനഃപാഠമാക്കലും വഅ്‌ള് പറയലുമാണ് ഏറ്റവും വലിയ ഇസ്‌ലാമിക സേവനം എന്ന ധാരണ മാറ്റിവെച്ച്, വിവര സാങ്കേതിക വിദ്യ ബഹുദൂരം മുന്നോട്ടുപോയ ഈ കാലഘട്ടത്തില്‍ ആധുനികോത്തര മാധ്യമങ്ങളെ പ്രയോജനപ്പെടുത്താതെ ഇസ്‌ലാമിക പ്രബോധനമോ പ്രതിരോധമോ വിജയിപ്പിക്കാനാവില്ല. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ഈ ദിശയില്‍ ചിലതൊക്കെ ചെയ്തൂ എന്നേ അവകാശപ്പെടാനാവൂ.
ചുംബന സമരത്തിന്റെ ഇസ്‌ലാമിക മാനം
''..... പരസ്യ സ്‌നേഹ പ്രകടനം സദാചാര വിരുദ്ധമാണെന്ന മറുവാദം അംഗീകരിച്ചാല്‍ തന്നെയും ചുംബനം സമര രീതിയായി ഉപയോഗിക്കുന്ന സന്ദര്‍ഭങ്ങളില്‍ ശരീരത്തെ പ്രതിരോധത്തിനുള്ള ഉപാധിയാക്കുന്നു എന്ന അര്‍ഥം അതിന് നല്‍കിയാല്‍ പോരേ? പൊതുവഴികളില്‍ വെച്ച് പരസ്യമായി ചുംബിക്കാന്‍ വേണ്ടിയുള്ള സമരമല്ല ചുംബന സമരം. പ്രണയ ചേഷ്ടകള്‍ പരസ്യപ്പെടുത്തണമെന്ന താല്‍പര്യവും അതിനില്ല. 'അഫ്‌സ്പ'ക്കെതിരെ നഗ്നരായി പ്രകടനം നടത്തിയ മണിപ്പൂരിലെ വനിതകളുടെ ആവശ്യം നഗ്നതാ പ്രകടനം അനുവദിക്കണമെന്നല്ലല്ലോ. സൈന്യത്തിന്റെ ക്രൂരതക്കെതിരെയുള്ള സമരായുധമായി അവര്‍ സ്വന്തം ശരീരത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു. സമരമുഖങ്ങളിലെ കെട്ടിപ്പിടുത്തത്തിനും ചുംബനത്തിനും ഈ നിലയ്ക്കാണ് പ്രസക്തി. അതിനെ ഇസ്‌ലാമിക സദാചാരവുമായി കൂട്ടിക്കുഴക്കാതിരിക്കുകയാവും ഭംഗി.'' ഈ അഭിപ്രായത്തെപ്പറ്റി എന്തു പറയുന്നു?
സിദ്ദീഖ് കുറ്റിക്കാട്ടൂര്‍
ലക്ഷ്യം പോലെ മാര്‍ഗവും ധാര്‍മികവും നിര്‍ദോഷകരവുമായിരിക്കണമെന്നത് ഇസ്‌ലാമിന്റെ അധ്യാപനമാണ്. മറ്റു പോംവഴികളില്ലെങ്കിലല്ലാതെ അഹിതകരമായ മാര്‍ഗങ്ങള്‍ അവലംബിച്ചുകൂടാ. ധാര്‍മികവും സദാചാരപരവുമായ മാര്‍ഗങ്ങള്‍ തന്നെ യഥേഷ്ടം തുറന്നു കിടക്കെ, സ്വകാര്യത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ പരസ്യമായി ചെയ്തു തന്നെ വേണമോ പ്രതിഷേധം? ചില പ്രവൃത്തികള്‍, അത് ചെയ്യുന്നവരുടെ ഉദ്ദേശ്യം എന്തു തന്നെയായാലും കാണികളില്‍ അതുണ്ടാക്കുന്ന പ്രതികരണവും വികാരവുമാണ് പരിഗണിക്കേണ്ടത്. പ്രവാചകന്‍ ഒരിക്കല്‍ തന്റെ പത്‌നിമാരിലൊരാളായ സ്വഫിയ്യയോടൊപ്പം നില്‍ക്കേ വഴിയേ പോവുന്ന ഒരാള്‍ അത് കാണാനിടയായി. നബി (സ) അയാളെ വിളിച്ചുവരുത്തി പറഞ്ഞു: ''ഞാന്‍ മുഹമ്മദ്, ഇതെന്റെ ഭാര്യ സ്വഫിയ്യ.'' പിന്നീടയാളെ പറഞ്ഞുവിട്ടു. വഴിപോക്കന്‍ തെറ്റിദ്ധരിക്കാതിരിക്കാനാണ് നബി (സ) അങ്ങനെ ചെയ്തതെന്ന് വ്യക്തം. ചുംബനസമരം നേരില്‍ കാണാനും പടമെടുക്കാനും സാവേശം തടിച്ചുകൂടിയ ജനക്കൂട്ടം എല്ലാം പ്രതിഷേധ സമരം വിജയിപ്പിക്കാന്‍ വന്നവരാണോ? ഒട്ടേറെയാളുകളുടെ ഉദ്ദേശ്യം മറ്റു ചിലതായിരുന്നെന്ന് വ്യക്തമല്ലേ? ബലാത്സംഗം, സ്ത്രീപീഡനം പോലുളള തിന്മകളില്‍ പ്രതിഷേധിക്കാന്‍ അതേ മാര്‍ഗങ്ങള്‍ പ്രയോഗിക്കുന്നതിനെക്കുറിച്ച് എന്തു പറയുന്നു? സൈനികാതിക്രമങ്ങളില്‍ പ്രതിഷേധിക്കാനാണെങ്കിലും ഉടുതുണി അഴിച്ചു കാണിച്ചവര്‍ ആരായാലും അനുകരണീയമല്ല അവര്‍ ചെയ്തത്. ഇസ്‌ലാം അതംഗീകരിക്കുന്ന പ്രശ്‌നമേയില്ല.
കാന്തപുരം വിമര്‍ശിക്കപ്പെടുന്നത് എന്തുകൊണ്ട്
''സ്വന്തം നിലപാടില്‍ നിന്നും കടുകിട മാറുന്നതയാളല്ല മുസ്‌ലിയാര്‍. അതുകൊണ്ടാണ് എതിരാളികള്‍ അദ്ദേഹത്തെ യാഥാസ്ഥിതികന്‍ എന്ന് പരിഹസിക്കുന്നത്. അങ്ങനെ പരിഹസിക്കുന്നവരോട് എന്തു പറയുന്നു എന്നു ചോദിച്ചപ്പോള്‍ മുസ്‌ലിയാര്‍ പറഞ്ഞത്, യാഥാസ്ഥിതികന്‍ എന്നതിന്റെ അര്‍ഥം അവരോട് ചോദിക്കൂ എന്നാണ്. യഥാസ്ഥിതി പുലരണം എന്ന് ആഗ്രഹിക്കുന്നയാള്‍ എന്നാണ് അതിന് അര്‍ഥമെങ്കില്‍ ഞാന്‍ അതുതന്നെയാണ്'' (മലയാളത്തിലെ ഒരുപറ്റം എഴുത്തുകാരും പണ്ഡിതരും കാന്തപുരത്തിന്റെ പൊതു പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യുന്ന 'കാന്തപുരം ഉലമ ആക്ടിവിസത്തിന്റെ വര്‍ത്തമാനം' എന്ന പുസ്തകത്തില്‍ നിന്ന്).
സ്ത്രീ പള്ളിപ്രവേശം മുതല്‍ ചേകനൂര്‍ വരെയുളള വിഷയങ്ങളില്‍ ശക്തവും വ്യക്തവുമായ നിലപാടുള്ള വ്യക്തിയാണ് കാന്തപുരമെന്നും ആദര്‍ശശാലിയായ ഈ മഹാ പണ്ഡിതനെ സമൂഹം ശരിയായ വിധം അഭിമുഖീകരിച്ചിട്ടില്ലെന്നും നിരീക്ഷിക്കുന്നതാണ് പുസ്തകം. മുസ്‌ലിം സംഘടനകള്‍ക്ക് അനഭിമതനായ ഇദ്ദേഹം വിമര്‍ശിക്കപ്പെടുന്നത് എന്തുകൊണ്ട്?
സമദ് കല്ലടിക്കോട്
യഥാസ്ഥിതിയില്‍ ഉറച്ചുനില്‍ക്കുന്നതാണ് യാഥാസ്ഥിതികത്വം. സത്യവും ശരിയുമായ ആദര്‍ശത്തിലും നയനിലപാടുകളിലും ഉറച്ചുനില്‍ക്കുന്നതും ഓന്തിനെപോലെ സാഹചര്യങ്ങള്‍ക്കനുസൃതമായി മാറുന്ന സ്വഭാവമില്ലാതിരിക്കുന്നതും തന്നെയാണ് ദൃഢവിശ്വാസിയുടെ ലക്ഷണം; അതിനെ യാഥാസ്ഥിതികത്വം എന്ന് മറ്റുള്ളവര്‍ ആക്ഷേപിച്ചാലും ശരി. എന്നാല്‍ തന്റെ ആദര്‍ശത്തിലെയും നയനിലപാടുകളിലെയും അബദ്ധങ്ങള്‍ മതിയായ തെളിവുകളുടെ പിന്‍ബലത്തോടെ ചൂണ്ടിക്കാണിക്കപ്പെട്ടാല്‍ അതംഗീകരിച്ച് തെറ്റ് തിരുത്തുന്നതാണ് യഥാര്‍ഥ വിശ്വാസിയുടെ സമീപനമായിരിക്കേണ്ടത്. അവിടെയാണ് എ.പി അബൂബക്കര്‍ മുസ്‌ലിയാരെ മറ്റുള്ളവര്‍ വിമര്‍ശിക്കുന്നതും ചോദ്യം ചെയ്യുന്നതും.
ഇതര മുസ്‌ലിം സംഘടനകള്‍ അദ്ദേഹത്തിന്റെ മഹത്വവും വ്യക്തിത്വവും മാനിക്കുന്നില്ലെന്ന പരാതിക്ക് അടിസ്ഥാനമില്ല. കാരണം കേരളത്തിലെ ഏറ്റവും വലിയ മത സംഘടനയുടെ നേതൃത്വത്തെയും പണ്ഡിതന്മാരെയും മാനിക്കാതെ ആ സംഘടന പിളര്‍ത്തി പോയതാണ് കാന്തപുരത്തിന്റെ കഴിഞ്ഞകാലം. തുടര്‍ന്ന് മുസ്‌ലിം സംഘടനകളെയൊന്നും അദ്ദേഹത്തിന്റെ സമസ്ത അംഗീകരിച്ചില്ല, അവരെ മുബ്തദിഉകളായി മുദ്രകുത്തി സലാം പറയുന്നതുപോലും വിലക്കി. ആ വിലക്ക് പാഠപുസ്തകങ്ങളില്‍ എഴുതിച്ചേര്‍ക്കുകയും ചെയ്തു. ഈ നിലപാടില്‍ ഇന്നേവരെ മാറ്റമുണ്ടായിട്ടില്ല. അതുപോലെ, മറ്റു സംഘടനകളുമായി വേദി പങ്കിടാനും അബൂബക്കര്‍ മുസ്‌ലിയാര്‍ വിസമ്മതിച്ചു. ബി.ജെ.പി, കമ്യൂണിസ്റ്റ് നേതാക്കളെ സ്വന്തം വേദികളിലേക്ക് ക്ഷണിച്ചുകൊണ്ടുവരാന്‍ അദ്ദേഹം കാണിക്കുന്ന ഔത്സുക്യം ഇതര മുസ്‌ലിം സംഘടനകളുടെ കാര്യത്തില്‍ ഇന്നുവരെ പ്രകടിപ്പിച്ചിട്ടില്ല.
എല്ലാറ്റിനും പുറമെ, അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ഥിക്കാനും പരേതാത്മാക്കളോട് സഹായം തേടാനും മഖ്ബറകള്‍ തീര്‍ഥാടന കേന്ദ്രങ്ങളാക്കാനും മരണപ്പെട്ട എല്ലാ മുസ്‌ലിയാക്കളുടെയും ആണ്ട് നേര്‍ച്ചകള്‍ ഏര്‍പ്പെടുത്താനും, ഖണ്ഡിതമായ ഖുര്‍ആന്‍ സൂക്തങ്ങളെയും ഹദീസുകളെയും ദുര്‍വ്യാഖ്യാനിക്കാന്‍ അദ്ദേഹത്തിന്റെ സമസ്ത ധാര്‍ഷ്ട്യം കാണിക്കുന്നു. ഹജ്ജ് കര്‍മത്തിന് പോവുന്ന സ്ത്രീകള്‍ക്ക് വിശുദ്ധ ഹറമിലെ ജുമുഅ-ജമാഅത്തുകളില്‍ പോലും ഇവരുടെ ശരീഅത്തില്‍ വിലക്കുണ്ട്. സ്ത്രീകളെ അടിമകളെപ്പോലെ കാണുന്ന അവരുടെ നിലപാട് ഇസ്‌ലാമിനെത്തന്നെ തെറ്റിദ്ധരിക്കാന്‍ കാരണമായിത്തീരുന്നു. 'നമ്മെ സഹായിക്കുന്നവരെ നാമും സഹായിക്കും' എന്ന പ്രഖ്യാപിത രാഷ്ട്രീയ നിലപാട് സാക്ഷാല്‍ ഫാഷിസ്റ്റുകളോട് പോലും മൃദുസമീപനം പുലര്‍ത്താന്‍ വഴിയൊരുക്കുന്നു. തിരുകേശമെന്ന പേരില്‍ സംഭരിച്ചുവെച്ച വ്യാജമുടി ഓരോ റബീഉല്‍ അവ്വലിലും പ്രദര്‍ശിപ്പിക്കുകയും അത് മുക്കിയ വെള്ളം ആയിരങ്ങളെ കുടിപ്പിക്കുകയും ചെയ്യുന്ന നിലപാടിലും ഒരു വിട്ടുവീഴ്ചയുമില്ല. ഇതാണ് അദ്ദേഹം അഭിമാനിക്കുന്ന യാഥാസ്ഥിതികത്വം. സ്വാഭാവികമായും അന്ധമായ ഉസ്താദ് ഭക്തര്‍ക്കൊഴികെ, മറ്റു വിശ്വാസികള്‍ക്ക് വിമര്‍ശിക്കാതിരിക്കാനും ചോദ്യം ചെയ്യാതിരിക്കാനും സാധ്യമല്ല അബൂബക്കര്‍ മുസ്‌ലിയാരുടെ ഈ നിലപാടുകളെ.
മഹ്‌റും സ്ത്രീധനവും, ഏതാണ് ഭേദം?
സ്ത്രീധനം നിഷിദ്ധമായും നിയമവിരുദ്ധമായും ഗണിക്കപ്പെടുന്നു. ഇസ്‌ലാമിലെ വിവാഹത്തിന് വരന്‍ വധുവിന് നല്‍കുന്ന 'മഹ്ര്‍' അല്ലാതെ മറ്റൊരു സാമ്പത്തിക മാനദണ്ഡവും ഉപാധിയും ഇല്ല എന്നും കണക്കാക്കപ്പെടുന്നു. എങ്കിലും ഇന്ത്യയിലെ മുസ്‌ലിംകളില്‍ പ്രത്യേകിച്ച് കേരളത്തില്‍ സ്ത്രീധന സമ്പ്രദായം വ്യാപകമായി തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇവിടെ സ്ത്രീധനം പലപ്പോഴും വധുവിനും കുടുംബത്തിനും ഒരു ശാപവും പ്രയാസവുമായി മാറുന്നുണ്ടെങ്കിലും, സ്ത്രീധനമില്ലാത്ത, അഥവാ മഹ്‌റിനെ കുറിച്ച് മാത്രം സംസാരിക്കുന്ന അറേബ്യന്‍ ഗള്‍ഫ് നാടുകളില്‍ മഹ്ര്‍ ഒരു വില്ലനായും ശാപമായും പേടിസ്വപ്നമായും വരനും കുടുംബവും അനുഭവിച്ചുവരുന്നു. നമ്മുടെ നാട്ടിലൊക്കെ സ്ത്രീധനം നല്‍കിയിട്ടാണെങ്കിലും യുവതികളുടെ വിവാഹ(സ്വപ്ന)ം പൂവണിയുന്നുണ്ടല്ലോ. പക്ഷേ, അറേബ്യന്‍ ഗള്‍ഫ് നാടുകളില്‍ ഈ മഹ്‌റിന്റെ പേരില്‍ യുവാക്കള്‍ വിവാഹിതരാകാന്‍ വൈകുകയും വധുവിന്റെയും അവളുടെ രക്ഷാകര്‍ത്താവിന്റെയും മുമ്പില്‍ മുട്ടുമടക്കുകയും ചെയ്യേണ്ട ഗതികേടും കണ്ടുവരുന്നു. നല്ല മഹ്‌റുണ്ടെങ്കില്‍ പ്രായഭേദമില്ലാതെ ഏത് സ്ത്രീയെയും വിവാഹം ചെയ്യാമെന്നതാണവസ്ഥ. അപ്പോള്‍ പിന്നെ സ്ത്രീധനം തന്നെയല്ലേ നല്ല വിവാഹബന്ധത്തിനും നല്ല കുടുംബജീവിതത്തിനും ആരോഗ്യകരമായ പരിഹാരം?
സിദ്ദീഖ് കോഴിക്കോട്, രിയാദ്
യുവതീ യുവാക്കളുടെ വൈവാഹിക ജീവിതത്തെ പരമാവധി പ്രോത്സാഹിപ്പിച്ച ഇസ്‌ലാം അതേറ്റവും ലളിതവും സുതാര്യവുമാക്കാനും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. വരന്‍, വധുവിന്റെ രക്ഷിതാവ്, രണ്ട് സാക്ഷികള്‍ എന്നിവരും ഇരുമ്പിന്റെ മോതിരത്തോളം വില കുറഞ്ഞ മഹ്‌റും ഉണ്ടെങ്കില്‍ വിവാഹം നടത്താം. സാധ്യതയും സൗകര്യവുമുള്ള വരന്മാര്‍ക്ക് സമ്പന്നരെയും പാവങ്ങളെയും ക്ഷണിച്ച് സദ്യയും നടത്താം; നടത്താതിരിക്കുകയും ചെയ്യാം. ഇത്രയേറെ സുതാര്യമായ വിവാഹം ഒരു വശത്ത് മഹ്‌റിന്റെ തോതും മറുവശത്ത് അഭിശപ്തമായ സ്ത്രീധനവും ഏര്‍പ്പെടുത്തി താങ്ങാനാവാത്ത ഭാരവും തദ്വാരാ ദുഷ്‌കരവുമാക്കിത്തീര്‍ത്തത് മുതലാളിത്ത സംസ്‌കാരമാണ്. എന്തിലും ഏതിലും പണമാണ് നിര്‍ണായക ഘടകം എന്ന് വന്നിരിക്കുന്നു. തന്മൂലമാണ് അറബ് ലോകത്ത് മഹ്‌റും ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ സ്ത്രീധനവും വിവാഹം തന്നെ അസാധ്യമാക്കുന്ന പരുവത്തിലെത്തിച്ചത്. രണ്ടിനുമെതിരായ ബോധവത്കരണത്തില്‍ പ്രധാന പങ്ക് വഹിക്കേണ്ട പണ്ഡിതന്മാരും മത സംഘടനകളും പ്രശ്‌നത്തിന് വേണ്ടത്ര ഗൗരവം കല്‍പിക്കുന്നില്ല. തന്റെ കാലത്ത് മഹ്ര്‍ നിലവാരം ഉയരാന്‍ തുടങ്ങിയപ്പോള്‍ ഖലീഫ ഉമര്‍(റ) മിമ്പറില്‍ നിന്ന് അതിന് തടയിടാന്‍ ഒരുങ്ങിയതാണ്. ഖുര്‍ആന്‍ സൂക്തം വ്യാഖ്യാനിച്ചുകൊണ്ടുള്ള ഒരു സ്ത്രീയുടെ എതിര്‍ ശബ്ദമാണ് തല്‍ക്കാലം അദ്ദേഹം പിന്മാറാന്‍ കാരണമെന്നാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. പക്ഷേ, ഏതാചാരവും സാമൂഹിക വിപത്തായി മാറുമ്പോള്‍ അത് നിയന്ത്രിക്കാനുള്ള അധികാരം ഭരണകൂടങ്ങള്‍ക്കുണ്ട്. അറബ് ലോകത്തെ ഫ്യൂഡല്‍ ഭരണകൂടങ്ങള്‍ അതിന് സന്നദ്ധരല്ല എന്നതാണ് പ്രശ്‌നം. ഇന്ത്യയില്‍ എല്ലാ മതസ്ഥര്‍ക്കും സ്ത്രീധനം നിയമവിരുദ്ധമാണ്. നിയമത്തെ യഥേഷ്ടം തോല്‍പിക്കുന്നതിനെതിരെ അധികാരികള്‍ ജാഗരൂകമാവുകയും വിജിലന്‍സ് സംവിധാനം കാര്യക്ഷമമാക്കുകയും യുവജന-സാംസ്‌കാരിക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ബോധവത്കരണം ശക്തിപ്പെടുത്തുകയും വേണം. സ്ത്രീധനം തീര്‍ത്തും അനാചാരമാണ്, മഹ്ര്‍ മൗലികമായി ശരിയായ ആചാരവും. തമ്മില്‍ ദേഭമേത് എന്ന ചോദ്യം ഉത്ഭവിക്കുന്നില്ല.
Comments