Prabodhanm Weekly

Pages

Search

2015 ഫെബ്രുവരി 27

സഹാനുഭൂതി <br>പ്രബോധന പ്രവര്‍ത്തനത്തിന്റെ മുഖമുദ്ര

ഇബ്‌റാഹീം ശംനാട് /വഴിവെളിച്ചം

          ഒരാള്‍ വിശ്വസിക്കുന്ന മതത്തിലേക്കോ വിശ്വാസത്തിലേക്കോ ആദര്‍ശസംഹിതയിലേക്കോ മറ്റൊരാളെ സൗമ്യതയോടെ, സൗഹൃദം കാത്ത്‌സൂക്ഷിച്ച് ക്ഷണിക്കുന്നതിനാണ് പ്രബോധനം എന്നുപറയുന്നത്. തെറ്റായ വിശ്വാസാചാരങ്ങളില്‍ നിന്നും അനുഷ്ഠാനങ്ങളില്‍ നിന്നും ശരിയായ വിശ്വാസ കര്‍മങ്ങളിലേക്കുള്ള യുക്തിപൂര്‍വവും സദുപദേശസഹിതവുമുള്ള ക്ഷണം. അതാണ് അറബി ഭാഷയിലെ ദഅ്‌വ എന്ന പ്രയോഗം കൊണ്ട് വിവക്ഷിക്കുന്നത്. പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇസ്‌ലാമിലെ സാങ്കേതിക പദം.

പ്രബോധന പ്രവര്‍ത്തനം പല രൂപത്തിലും നിര്‍വഹിക്കാം. സൗമ്യമായ ക്ഷണം, ജീവിത മാതൃക, ഉല്‍കൃഷ്ടമായ സ്വഭാവഗുണങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, വിവിധതരം മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം മുതല്‍ അസഹ്യവും രണോത്സുകവുമായ നടപടിക്രമങ്ങള്‍ വരെ നീളുന്ന ഒട്ടേറെ രീതികള്‍ ഈ രംഗത്ത് കാണാം.

വ്യത്യസ്ത മത-തത്ത്വസംഹിതകളുടെ സംഘര്‍ഷഭൂമിയിലാണ് വര്‍ത്തമാനകാലത്ത് നാം ജീവിച്ച് കൊണ്ടിരിക്കുന്നത്. ആധിപത്യം നേടാനും ലോക ജേതാക്കളാകാനുമുള്ള ആസൂത്രിത പോരാട്ടങ്ങള്‍ മതവിഭാഗങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഹിന്ദുത്വ ശക്തികള്‍ പോലും അവരുടെ മതത്തിലേക്ക് ആളുകളെ പ്രലോഭിപ്പിച്ചും നിര്‍ബന്ധിച്ചും കൊണ്ട് പോവാനുള്ള ശ്രമത്തിന് തുടക്കം കുറിച്ചിരിക്കുകയാണല്ലോ. ഇത്തരം മതം മാറ്റങ്ങള്‍ തീര്‍ത്തും അപഹാസ്യമാണ്. അതുകൊണ്ടാണ് ലക്ഷക്കണക്കിന് അന്യ മതവിശ്വാസികള്‍ ഉപജീവനം തേടുന്ന അറബ് നാടുകളില്‍ നിന്ന് ഇത്തരം നിര്‍ബന്ധ മതപരിവര്‍ത്തനത്തിന്റെ ഒരു ഉദാഹരണം പോലും എടുത്ത് കാണിക്കാന്‍ കഴിയാത്തത്. ഈ നാടുകളിലെ പ്രത്യേക സാഹചര്യത്തില്‍ ചെറിയ സമ്മര്‍ദം പോലും മതംമാറാന്‍ കാരണമാകുമെന്നിരിക്കെ വിശേഷിച്ചും. 

ഇസ്‌ലാം വാളുകൊണ്ട് പ്രചരിപ്പിച്ച മതമാണ് എന്നത് ശത്രുക്കളുടെ ആരോപണം മാത്രം. ഗീര്‍വാണ പ്രഭാഷണങ്ങളിലൂടെയോ, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിലൂടെയോ ആയിരുന്നില്ല ഇസ്‌ലാം പ്രചരിച്ചത് എന്നതിന് ചരിത്രത്തില്‍ ധാരാളം തെളിവുകള്‍ കാണാം. ഒരു സംഭവം ഇവിടെ ഉദ്ധരിക്കാം. സംഘര്‍ഷഭരിതമായ ഈ കാലഘട്ടത്തില്‍ ആശയ പ്രചാരണത്തിന്റെ ഫലപ്രദമായ മാര്‍ഗം കണ്ടെത്താന്‍ അത് നമുക്ക് സഹായകമായേക്കും.

ഒന്നിച്ച് യാത്ര ചെയ്യാന്‍ അവസരം ലഭിച്ച രണ്ട് സഞ്ചാരികളുടെ ഹൃദയസ്പൃക്കായ അനുഭവമാണിത്. സഹ സഞ്ചാരിയുടെ സഹാനുഭൂതിയുടെ തൂവല്‍സ്പര്‍ശമേറ്റ് അപരന് മനഃപരിവര്‍ത്തനം ഉണ്ടായതിന്റെ വിവരണം.  പതിമൂന്ന് നൂറ്റാണ്ടു മുമ്പ് നടന്ന സംഭവം.

ഇന്നത്തെ ഇറാഖിലെ കൂഫ അക്കാലത്ത് ഇസ്‌ലാമിക ഭരണത്തിന്റെ ആസ്ഥാനമായിരുന്നു. ഭരണനിര്‍വഹണത്തിനും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും വേണ്ടി മുസ്‌ലിം ലോകം ഉറ്റ് നോക്കിയിരുന്നത് കൂഫയിലേക്കായിരുന്നു. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ആസ്ഥാനമെന്ന നിലയില്‍ നാനാ മതസ്ഥരില്‍പെട്ട ജനങ്ങള്‍ കൂഫയിലേക്ക് പോവുക അക്കാലത്ത് പതിവായിരുന്നു.

ഏതോ വിദൂര സ്ഥലത്ത്‌നിന്ന് വരുന്ന രണ്ട് സഞ്ചാരികള്‍  കൂഫയിലേക്കുള്ള യാത്രാമധ്യേ കണ്ട്മുട്ടാനും പരിചയപ്പെടാനും ഇടയായി. അവരില്‍ ഒരാള്‍ മുസ്‌ലിമും മറ്റൊരാള്‍ സഹോദര സമുദായാംഗവുമാണ്. സംഭാഷണങ്ങള്‍ക്കും കുശലാന്വേഷണങ്ങള്‍ക്കും ശേഷം യാത്ര തുടര്‍ന്നു. അദ്ദേഹം തന്റെ കൂടെ യാത്ര ചെയ്യുന്ന മുസ്‌ലിമിനോട് ചോദിച്ചു:

''കൂഫക്ക് അപ്പുറത്തുള്ള ഒരു ഇടവഴിയിലൂടെയാണ് എനിക്ക് പോവേണ്ടത്. ഞാന്‍ താമസിക്കുന്ന ഗ്രാമത്തിലെ വീട്ടിലേക്കെത്തിച്ചേരുന്നത് ആ ഇടവഴിയിലൂടെയാണ്. താങ്കള്‍ക്ക് എവിടെയാണ് പോവേണ്ടത്?''

മുസ്‌ലിം സഞ്ചാരി: ''എനിക്ക് കൂഫയിലെത്തണം. അവിടെയാണ് എന്റെ താമസം.'' പല കാര്യങ്ങളും ചര്‍ച്ച ചെയ്തും പരസ്പരം സഹായിച്ചും സഹകരിച്ചും അവര്‍ യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു. അവര്‍ കൂഫക്ക് അടുത്ത് എത്താറായി. കൂഫയിലെ മുഖ്യപാതയില്‍നിന്ന് സഹോദര മതസ്ഥനായ സഞ്ചാരി തന്റെ ഗ്രാമത്തിലേക്കുള്ള ഇടവഴിയിലേക്ക് തിരിഞ്ഞു. ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ് അവര്‍ ഒന്നിച്ച് യാത്ര ചെയ്തിരുന്നതെങ്കിലും അവരുടെ മനസ്സ് അത്രയേറെ അടുപ്പത്തിലായിക്കഴിഞ്ഞിരുന്നു. വിടവാങ്ങുന്നതിന്റെ വേപഥു അവര്‍ക്ക് പറഞ്ഞറിയിക്കാന്‍ കഴിയുന്നതിന്റെയുമപ്പുറമായിരുന്നു.

വിടവാങ്ങലിന്റെ ആലിംഗനത്തിന് ശേഷം ആ സഹോദരന്‍ തന്റെ ഗ്രാമത്തിലേക്കുള്ള വഴിയില്‍ പ്രവേശിക്കവെ മുസ്‌ലിം സുഹൃത്ത് തന്നെ അനുഗമിക്കുന്നതായി അദ്ദേഹം ശ്രദ്ധിച്ചു. അദ്ദേഹം ആരാഞ്ഞു:

''കൂഫയിലാണ് താമസിക്കുന്നതെന്നും അവിടേക്കാണ് പോവുന്നത് എന്നുമാണല്ലോ താങ്കള്‍ എന്നോട് പറഞ്ഞിരുന്നത്?''

മുസ്‌ലിം സുഹൃത്ത്: ''അതേ. തീര്‍ച്ചയായും കൂഫയിലേക്കാണ് എനിക്ക് പോവാനുള്ളത്.''

ഇത് കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ ആകാംക്ഷ വര്‍ധിച്ചു. ''എങ്കില്‍ പിന്നെ താങ്കള്‍ എന്റെ ഗ്രാമത്തിലേക്കുള്ള ഈ ഊടുവഴിയില്‍ എന്നെ പിന്തുടരേണ്ട കാര്യം? ആ വഴിയില്‍ നേരെ ചെന്നാല്‍ കൂഫയിലെത്താമല്ലോ?''

മുസ്‌ലിം സുഹൃത്ത്: ''കൂഫയിലേക്കുള്ള വഴി എനിക്ക് നന്നായി അറിയാം. ഈ യാത്രയില്‍ നമ്മള്‍ ദീര്‍ഘനേരം സുഹത്തുക്കളായിരുന്നുവല്ലോ. ഒന്നിച്ച് യാത്ര ചെയ്തു. എന്തെല്ലാം കാര്യങ്ങളാണ് നമ്മള്‍ ഇരുവരും പങ്കുവെച്ചത്! രണ്ട് സുഹൃത്തുക്കള്‍ ഒന്നിച്ച് യാത്ര ചെയ്യുമ്പോള്‍ അവര്‍ക്ക് പരസ്പരം ഉത്തരവാദിത്തങ്ങളും കടപ്പാടുകളുമുണ്ടെന്ന് എന്റെ പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. അതിനാല്‍ താങ്കള്‍ എന്നെ ഇതുവരെ അനുഗമിച്ചല്ലോ. അതുകൊണ്ട് കുറച്ച് കൂടി താങ്കള്‍ക്ക് അകമ്പടി സേവിക്കുക എന്റെ ഉത്തരവാദിത്തമാണ്.''

ഇത് കേട്ട ആ സുഹൃത്ത് അല്‍പനേരത്തെ മൗനത്തിന് ശേഷം ഇങ്ങനെ തുടര്‍ന്നു: ''ആ പ്രവാചകന്‍ പ്രചരിപ്പിച്ച ആശയങ്ങള്‍ എന്തുകൊണ്ട് ഇത്ര വേഗത്തില്‍ ജനഹൃദയങ്ങളിലേക്ക് എത്തിച്ചേര്‍ന്നു എന്നതിനെ കുറിച്ച് ഞാന്‍ ആലോചിക്കുകയായിരുന്നു. തീര്‍ച്ചയായും അദ്ദേഹത്തിന്റെ അധ്യാപനങ്ങള്‍ എത്ര മഹത്തരമാണെന്ന് താങ്കളോടൊപ്പമുള്ള ഈ യാത്രയും എന്നെ ബോധ്യപ്പെടുത്തി.''

കാലം അനുസ്യൂതമായി പിന്നെയും സഞ്ചരിച്ചു. ഒരു ദിവസം ആ പഴയ സഞ്ചാരി കൂഫയിലേക്ക് പുറപ്പെട്ടു. അവിടെ എത്തിയപ്പോള്‍ ഒരു കാര്യം അദ്ദേഹത്തെ അത്ഭുതപരതന്ത്രനാക്കി. തന്നോടൊപ്പം ദീര്‍ഘനേരം സഞ്ചരിച്ച ആ മുസ്‌ലിം സുഹൃത്ത് ഭരണാധികാരിയായ അലി(റ)യല്ലാതെ മറ്റാരുമായിരുന്നില്ല എന്ന് അദ്ദേഹത്തിന് ബോധ്യമായി. ആ സഞ്ചാരിക്ക് അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എത്ര ഉപചാരപരമായ യാത്രാമൊഴിയാണ് തനിക്ക് അദ്ദേഹം നല്‍കിയത്! രാജ്യത്തിന്റെ ഭരണചക്രം തിരിക്കുന്ന ഒരു ഭരണാധികാരിക്കൊപ്പമായിരുന്നുവല്ലോ തന്റെ യാത്ര എന്നതില്‍ ആത്മാഭിമാനം കൊണ്ട ആ സഞ്ചാരി താമസംവിനാ ഇസ്‌ലാം സ്വീകരിക്കുകയും ഇസ്‌ലാമിന്റെ ഏറ്റവും നല്ല അനുയായി ആയി ജീവിക്കുകയും ചെയ്തതായി ചരിത്രം രേഖപ്പെടുത്തുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /101-104
എ.വൈ.ആര്‍