Prabodhanm Weekly

Pages

Search

2015 ഫെബ്രുവരി 27

തുര്‍ക്കിയുടെ സാംസ്‌കാരിക ജീവിതത്തിലേക്കുള്ള ശ്രദ്ധ ക്ഷണിക്കല്‍

തുര്‍ക്കിയുടെ സാംസ്‌കാരിക 
ജീവിതത്തിലേക്കുള്ള ശ്രദ്ധ ക്ഷണിക്കല്‍

'രു മരമാകുന്നതിനേക്കാള്‍ ഞാന്‍ ആഗ്രഹിക്കുന്നത് അതിന്റെ അര്‍ഥമായി/ഫലമായി മാറാനാണ്' എന്നു പറഞ്ഞ ഒര്‍ഹാന്‍ പാമുക്കാണ് തുര്‍ക്കിയെന്ന സ്ഥലനാമത്തെ ചരിത്രബോധം തീരെ കുറവായ എന്നെപ്പോലുള്ളവരുടെ സജീവ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. ആര്‍ഭാടമായ ആത്മീയതയുടെ ഓര്‍മകളവശേഷിപ്പിക്കുന്ന ആരാധനാലയങ്ങളെയും അധികാരം ആസക്തിയിലേക്ക് കൂപ്പുകുത്തിവീണതിന്റെ സ്മാരകമെന്നോണം നെടുവീര്‍പ്പുകള്‍ പ്രതിധ്വനിക്കുന്ന അന്തപ്പുരങ്ങളെയും സ്വൂഫി മിസ്റ്റിസിസത്തിന്റെ ഭാവനാ ലോകത്തെയും കുറിച്ച് ഷമീന അസീസ് (ലക്കം 2886, 87)നല്‍കിയ വാങ്മയ ചിത്രങ്ങള്‍ ആകര്‍ഷകമായി. തുര്‍ക്കിയുടെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക ജീവിതത്തിലേക്കും കടന്നു ചെല്ലേണ്ടതുണ്ട്. ഒരിക്കലും വീഴാതിരിക്കുന്നതിലല്ല; വീഴുന്ന ഓരോ ചരിത്ര സന്ദര്‍ഭത്തിലും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ പ്രകടിപ്പിക്കുന്ന നിശ്ചയദാര്‍ഢ്യത്തിലാണ് മഹത്വം എന്ന് കണ്‍ഫ്യൂഷിയസ് പറഞ്ഞത് ഉര്‍ദുഗാന്റെയും ഗുല്ലിന്റെയും ആധുനിക തുര്‍ക്കിയെക്കുറിച്ചാണെന്ന് തോന്നിപ്പോകുന്നു.

സി.കെ അന്‍വര്‍ അഴീക്കോട്

മതപ്രഭാഷണങ്ങള്‍ മറ്റു മതസ്ഥര്‍ക്കു കൂടി വേണ്ടിയാകട്ടെ

രു പ്രദേശത്തെ മുഴുവന്‍ പ്രകമ്പനം കൊള്ളിക്കുന്ന മത പ്രസംഗങ്ങളുടെ കോലാഹലമാണിപ്പോള്‍ നാടു മുഴുവന്‍. പ്രദേശത്തെ വിദ്യാര്‍ഥികളെയും രോഗികളെയും ഗര്‍ഭിണികളെയും മറ്റും സാരമായി ബാധിക്കുന്നു ഈ ശബ്ദകോലാഹലം. ഗുണത്തേക്കാള്‍ ദോഷം ചെയ്യുന്ന ഈ ശക്തിപ്രകടനം അധികനാള്‍ ജനങ്ങള്‍ ക്ഷമിച്ചിരിക്കുമെന്ന് തോന്നുന്നില്ല. സഹോദര സമുദായങ്ങള്‍ക്ക് ദ്രോഹകരമാകുംവിധം ഒരു മുസ്‌ലിം പെരുമാറുമ്പോള്‍ യഥാര്‍ഥ മുസ്‌ലിമിന്റെ ധര്‍മമാകുന്നില്ല അത്. ഇതര മത വിഭാഗങ്ങള്‍ ഈ ശബ്ദകോലാഹലങ്ങള്‍ കേട്ട് സഹി കെടുന്നുണ്ടെന്ന ബോധം മുസ്‌ലിം സമുദായത്തിനുണ്ടാവണം. മത പ്രഭാഷണങ്ങളുടെ രീതിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തണമെന്നാണ് പൊതു അഭിപ്രായം. എല്ലാ വിഭാഗങ്ങള്‍ക്കും ഉള്‍ക്കൊള്ളാനും ഇതര മതവിഭാഗങ്ങളെ പങ്കെടുപ്പിക്കാനും, അവര്‍ക്ക് കൂടി ഇസ്‌ലാമിനെക്കുറിച്ച് അറിയാനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്ന പ്രഭാഷണങ്ങളാണ് സംഘടിപ്പിക്കേണ്ടത്.

പി.കെ കുഞ്ഞബ്ദുല്ല കരിയാട്

സാദിഖ് മൗലവി എന്ന എഴുത്തുകാരന്‍

ഫീല്‍ഡില്‍ നിശ്ശബ്ദ വിപ്ലവകാരിയായി, മരണത്തിന് മണിക്കൂറുകള്‍ മുമ്പുവരെ പ്രവര്‍ത്തകരുടെ മനസ്സുമായി സംവദിച്ച സി.ടി സാദിഖ് മൗലവിയില്‍ ഒരു എഴുത്തുകാരന്‍ ഒളിഞ്ഞുകിടപ്പുണ്ടായിരുന്നു. രചനയുടെ മേഖലയിലേക്ക് തിരിഞ്ഞിരുന്നുവെങ്കില്‍ തീര്‍ച്ചയായും മൗലിക സൃഷ്ടികള്‍ അദ്ദേഹത്തില്‍ നിന്ന് പിറവിയെടുക്കുമായിരുന്നു.

 ഇസ്‌ലാമിനെതിരായ ആരോപണ-കുപ്രചാരണങ്ങള്‍ക്ക് മറുപടി പറയാന്‍ 1980-ലാണ് തൃശൂരില്‍ നിന്ന് ടിറ്റ് ഫോര്‍ ടാറ്റ് മാസിക പ്രസിദ്ധീകരണം തുടങ്ങിയത്. ജമാഅത്തെ ഇസ്‌ലാമി തൃശൂര്‍ ജില്ലാ സമിതിയുടെ തീരുമാനമനുസരിച്ച് സ്പിരിറ്റഡ് യൂത്ത് ഫ്രണ്ടായിരുന്നു പ്രസാധകര്‍. ഈ യൂത്ത് ടീമില്‍ സാദിഖ് മൗലവിയുമുണ്ടായിരുന്നു. അന്ന് കൊടുങ്ങല്ലൂര്‍ എറിയാട് മദ്‌റസത്തുല്‍ ബനാത്തില്‍ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ശരീഅത്ത് സംവാദം കൊടുമ്പിരിക്കൊണ്ടിരുന്ന വേളയില്‍, മാസിക പേര് സൂചിപ്പിക്കും പോലെ ഉരുളക്കുപ്പേരി എന്ന ശൈലിയിലായിരുന്നു. എങ്കിലും ഇസ്‌ലാമിന്റെ മഹത്വവും നന്മയും ഉയര്‍ത്തിക്കാട്ടുന്ന ഒരു ഐറ്റം നിര്‍ബന്ധമായും മാസികയില്‍ വേണമെന്ന് തീരുമാനിക്കപ്പെട്ടിരുന്നു. ആ കോളം സാദിഖ് മൗലവിയായിരുന്നു എഴുതിയിരുന്നത്. ദാര്‍ശനികാപഗ്രഥനത്തോടെ അദ്ദേഹം എഴുതിയിരുന്ന താത്ത്വിക ലേഖനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. എഴുത്തില്‍ തുടരാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല, ജോലിയും പ്രാസ്ഥാനിക ഉത്തരവാദിത്തങ്ങളും കാരണമായി.

സാദിഖ് മൗലവി പ്രവര്‍ത്തകരുടെ ഹൃദയങ്ങളില്‍ പ്രാര്‍ഥനാപൂര്‍വം സ്മരിക്കപ്പെടും. ആദ്യകാല പ്രസ്ഥാന നായകരില്‍ നിന്ന് ശിക്ഷണം കിട്ടിയ അദ്ദേഹം മുന്‍ഗാമികളുടെ രീതി കണിശമായി തുടര്‍ന്നുപോന്നു. ബഹളവും ബദ്ധപ്പാടുമില്ലാതെ മുലാഖാത്തില്‍ ശ്രദ്ധയൂന്നി. പ്രവര്‍ത്തകരുമായി ഒറ്റക്കൊറ്റക്കുളള ഈ കൂടിക്കാഴ്ചയില്‍ പരസ്പരം ഉള്ള് തുറന്നു. തര്‍ബിയത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും തലങ്ങളില്‍ ഇതുളവാക്കുന്ന സദ്ഫലങ്ങള്‍ വിപുലമാണെന്നദ്ദേഹം വിശ്വസിച്ചു. അതിനാല്‍, നിശ്ചിത മുലാഖാത്ത് പരിപാടികള്‍ക്ക് തടസ്സം വന്നേക്കാവുന്ന മറ്റു കാര്യങ്ങളൊന്നും മൗലവി ഏല്‍ക്കാറില്ല.

ഞങ്ങളുടെ മുലാഖാത്തില്‍ രണ്ട് വിഷയങ്ങള്‍ അനുബന്ധമായി വരാറുണ്ട്. പ്രാസ്ഥാനികമായ പുതിയ വിശേഷങ്ങളും മാധ്യമ-രചനാ കാര്യങ്ങളുമാണവ. ഒടുവിലെ മുലാഖാത്തില്‍, എഴുത്തില്‍ സജീവമാകണമെന്നദ്ദേഹം എന്നെ ഉപദേശിച്ചു.

ടി.വി മുഹമ്മദലി

തസ്വവ്വുഫീ ജീവിതം

താന്‍ ഉള്‍ക്കൊണ്ട ആശയങ്ങള്‍ സഹജീവികളുമായി പങ്കുവെച്ച് കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച സാദിഖ് മൗലവിയുടെ വിയോഗ വാര്‍ത്ത അതീവ നഷ്ടബോധത്തോടെയാണ് ശ്രവിച്ചത്. ജനിച്ചവരെല്ലാം മരിക്കേണ്ടവരാണ്. ആ മരണം തന്റെ ദൗത്യനിര്‍വഹണ മുഹൂര്‍ത്തത്തില്‍ സംഭവിക്കുന്നത് സൗഭാഗ്യമാണ്.

തന്നോട് സംവദിക്കുന്ന ആരെയും നിരാശപ്പെടുത്താതെയും അവഗണിക്കാതെയും അവരെ കൈയിലെടുക്കുന്ന ശൈലിയാണ് സാദിഖ് മൗലവി അനുവര്‍ത്തിച്ചിരുന്നത്. ഇരിമ്പിളിയം മസ്ജിദുത്തഖ്‌വയില്‍ രണ്ടു വര്‍ഷത്തിലേറെ അദ്ദേഹം ജുമുഅ ഖുത്വ്ബ നിര്‍വഹിച്ചിരുന്നു. തദവസരത്തിലെ റമദാന്‍ കാലത്ത്, ആര്‍ക്കെങ്കിലും വല്ല കാര്യത്തിലും സംശയമോ വിശദീകരണമോ ആവശ്യമുണ്ടെങ്കില്‍ 'ചോദ്യപ്പെട്ടി'യില്‍ കുറിച്ചിട്ടാല്‍ ജുമുഅക്ക് ശേഷം അതിന് തൃപ്തികരമായ മറുപടി ലഭിക്കുമായിരുന്നു.

തസ്വവ്വുഫി ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. തെക്കന്‍ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ക്രിസ്തീയ പുരോഹിതരുമായി ആശയസംവാദം നടത്തിയിരുന്ന കാര്യം ഈയുള്ളവനോട് പറഞ്ഞത് ഓര്‍മയുണ്ട്. ആരെയും വേദനിപ്പിക്കുകയോ അലോസരപ്പെടുത്തുകയോ ചെയ്യാത്ത മിതഭാഷിയായിരുന്നു ആ മഹാമനസ്‌കന്‍. താന്‍ നിലകൊള്ളുന്ന പ്രസ്ഥാനത്തിന്റെ പുറത്തുള്ളവരെ അവജ്ഞയോടെ നോക്കിക്കാണുന്ന കുടിലമനസ്‌കത ഒരിക്കലും അദ്ദേഹത്തെ തീണ്ടിയിട്ടില്ലായിരുന്നു. തന്റെ കാല്‍പാടുകളെ അനുധാവനം ചെയ്യുന്ന ഒരു കുടുംബത്തെ തനിക്ക് മുതല്‍ക്കൂട്ടായി പിന്നില്‍ നിര്‍ത്തിയാണ് ആ സാത്വികന്‍ വിടചൊല്ലിയത്. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചേടത്തോളം ചാരിതാര്‍ഥ്യജനകമായിട്ടുളളത് അതാണ്; അതു മാത്രമാണ്.

ടി.പി ശംസുദ്ദീന്‍ ഇരിമ്പിളിയം

സ്ത്രീധനവും പണ്ഡിതന്മാരുടെ മൗനവും

സുന്നീ പണ്ഡിതനായ എ.പി അബ്ദുര്‍റഹ്മാന്‍ ഫൈസിയുമായുള്ള ബഷീര്‍ തൃപ്പനച്ചിയുടെ അഭിമുഖം (ലക്കം 2887) വായിച്ചു. സ്ത്രീധനം ഇസ്‌ലാമിക വിരുദ്ധമാണെന്ന് പ്രമാണങ്ങളുടെ വെളിച്ചത്തില്‍ തെളിയിക്കുന്ന അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ രചനാ സൂക്ഷ്മത അഭിനന്ദനാര്‍ഹമാണ്. ആ ഗ്രന്ഥം സമസ്തയിലെ പണ്ഡിതന്മാര്‍ക്കെല്ലാം അദ്ദേഹം അയച്ചുകൊടുത്തിട്ടും പ്രതികരിക്കാതെ അവരൊന്നടങ്കം മൗനം പാലിച്ചു എന്നത് ഞെട്ടിക്കുന്നതാണ്. സമൂഹത്തെ നന്മയിലേക്ക് നയിക്കാന്‍ ബാധ്യസ്ഥരായ പണ്ഡിതന്മാര്‍ ഇത്തരം വിഷയങ്ങളില്‍ മൗനമവലംബിക്കുന്നതിന്റെ ഭവിഷ്യത്ത് ആലോചിച്ചില്ലെന്നോ? സാമാന്യ ജനത്തെ ബോധവത്കരിക്കുന്നതിന് മുമ്പ്, സ്ത്രീധനം പോലുള്ള വിഷയങ്ങളില്‍ മൗനസമ്മതം നല്‍കുന്ന പണ്ഡിതന്മാരെയാണ് ബോധവത്കരിക്കേണ്ടത്. ഇത്തരം പണ്ഡിതന്മാരെ നേര്‍വഴിക്ക് ചരിപ്പിക്കാനാവട്ടെ ഫൈസിയുടെയും സമാന ചിന്താഗതിക്കാരുടെയും ശ്രമം.

പാലാഴി മുഹമ്മദ് കോയ

ഹൃദ്യമായ സംസാരം

യ്യിദ് ഹാശിം ഹദ്ദാദ് തങ്ങളുമായുള്ള ബഷീര്‍ തൃപ്പനച്ചിയുടെ അഭിമുഖം (ലക്കം 2882) ഹൃദ്യമായിരുന്നു. അതുവഴി ഡോ. ബശീര്‍ അഹ്മദ് മുഹ്‌യിദ്ദീന്റെ പ്രബോധന മേഖലയിലെ അതുല്യ പ്രവര്‍ത്തനങ്ങളെ പറ്റിയും അറിയാന്‍ കഴിഞ്ഞു. ബഷീര്‍ സൂചിപ്പിച്ച 22-9-2007-ലെയും 18-8-2012-ലെയും പ്രബോധനം തെരഞ്ഞു പിടിച്ചു വായിച്ചപ്പോള്‍ അതിലേറെ സന്തോഷവും സംതൃപ്തിയും തോന്നി. ഡോ. ഹംസ മലൈബാരി, സയ്യിദ് ഇസ്മാഈല്‍ ശിഹാബുദ്ദീന്‍ പൂക്കോയ തങ്ങള്‍ എന്നിവരുടെ നിശ്ശബ്ദ സേവനങ്ങള്‍ ഏത് മലയാളിയെയും ആഹ്ലാദിപ്പിക്കുന്നതാണ്. തലശ്ശേരിക്കടുത്ത പാനൂര്‍ മൊകേരിയില്‍ ജനിച്ച പൂക്കോയ തങ്ങള്‍ 'അലാ ഹാമിശിത്തഫാസീര്‍' എന്ന പേരില്‍ അറബി ഭാഷയില്‍ വിശുദ്ധ ഖുര്‍ആന്  വ്യാഖ്യാനം രചിച്ച കാര്യം എത്ര പേര്‍ക്കറിയാം? 'ഒഴിഞ്ഞ പാത്രങ്ങള്‍ ഒച്ചവെക്കും' എന്നൊരു ചൊല്ലുണ്ട്. നിറഞ്ഞ പാത്രങ്ങളെ കണ്ടെത്തി പരിചയപ്പെടുത്തുന്ന പ്രബോധനത്തിന് ഭാവുകങ്ങള്‍.

ഹസനുല്‍ ബന്ന കണ്ണൂര്‍

പ്രതികരണത്തിന്റെ സൗന്ദര്യം

കാര്യങ്ങള്‍ മനസ്സിലാക്കണമെന്നുള്ളവര്‍ക്ക് ഒരു സൂചന മതി. താജ് ആലുവയുടെ 'നമ്മോടെങ്ങനെ പെരുമാറുന്നുവെന്നല്ല, നാമെങ്ങനെ പ്രതികരിക്കുന്നുവെന്നതാണ്' എന്ന ലേഖനം (ലക്കം 2886) അതിനുദാഹരണമാണ്. എല്ലാ പ്രശ്‌നങ്ങളിലും നമ്മുടെ പ്രതികരണം മനോഹരമാക്കുക. നിരന്തരം ഈ പ്രവൃത്തി ചെയ്യുമ്പോള്‍ സ്വര്‍ഗത്തില്‍ നിന്ന് നമ്മുടെ ഹൃദയത്തിലേക്ക് ഒരു വാതില്‍ തുറന്നുവെക്കപ്പെടും.

ബഷീര്‍ കെ.കെ അല്‍ഐന്‍

പൊങ്ങച്ച മാമാങ്കം

ന്ത്യന്‍ ജനത ജീവല്‍പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ സംസ്ഥാന മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ധൂര്‍ത്തും പൊങ്ങച്ച പ്രകടന മാമാങ്കങ്ങളുമായി നടക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഒബാമയെ വരവേല്‍ക്കാന്‍ കോടികളാണ് ചെലവഴിച്ചത്. ഒബാമയെ മുഖം കാണിക്കാനും സ്വീകരിക്കാനുമായി നമ്മുടെ പ്രധാനമന്ത്രി ധരിച്ചതാവട്ടെ സ്വന്തം പേരെഴുതിയ  വസ്ത്രവും. പട്ടിണി പാവങ്ങളുടെ പണം ഇങ്ങനെ ധൂര്‍ത്തടിക്കുന്നത് ചോദ്യം ചെയ്യാനും ഇടപെടാനും ആരുമില്ലാതെ പോയി.

നേമം താജുദ്ദീന്‍

ഹഫ്‌സയെന്ന ഹാഷിംക്കയെ ഓര്‍ക്കുമ്പോള്‍

സൗഹൃദത്തിന് പ്രായ വ്യത്യാസമോ, അറിവിലും അനുഭവത്തിലുമുള്ള ഏറ്റക്കുറച്ചിലോ ഒരു തടസ്സമേയല്ലെന്ന് എന്നെ പഠിപ്പിച്ചത് ഹാഷിംക്കയെന്ന ഹഫ്‌സയാണ്. ഞാന്‍ ശാന്തപുരത്ത് സെക്കന്ററി ക്ലാസില്‍ പഠിക്കുമ്പോഴേ അദ്ദേഹത്തെ അറിയും. മാ യെന്ന പ്രശസ്തമായ അദ്ദേഹത്തിന്റെ നോവലിലൂടെ ആയിരുന്നു അത്. നിഷേധിയും ധിക്കാരിയുമായ ഒരു എഴുത്തുകാരനാണ് മായിലൂടെ വായിച്ചറിഞ്ഞ ഹഫ്‌സ. പക്ഷേ, ഈ നിഷേധത്തിനും ധിക്കാരത്തിനും ഇടയിലും ഖുര്‍ആന്‍ സൂക്തങ്ങള്‍ സുലഭമായി ഉദ്ധരിച്ചത് തെല്ലൊന്ന് അത്ഭുതപ്പെടുത്തുകയും ചെയ്തിരുന്നു. ഏതായാലും പൊതു മണ്ഡലത്തിന് സ്വീകാര്യനായ ഒരു എഴുത്തുകാരനായിത്തീരും ഹഫ്‌സ എന്നതായിരുന്നു  മാ വായിച്ചപ്പോള്‍ ഉണ്ടായ ആദ്യത്തെ തോന്നല്‍. വിമര്‍ശിക്കാന്‍ വേണ്ടിയാണെങ്കിലും ജമാഅത്തെ ഇസ്‌ലാമിയെ സര്‍ഗാത്മക രചനക്ക് വിഷയമാക്കിയ, ഒരുപക്ഷേ, ആദ്യത്തെ മലയാള നോവലായിരിക്കും മാ. എഴുത്തുകാരന്റെ മുസ്‌ലിം-ഇസ്‌ലാമിക പശ്ചാത്തലത്തിലേക്ക് അത് വേണ്ടുവോളം സൂചന നല്‍കുന്നുണ്ട്. 

മാക്ക് ശേഷമുള്ള ഹഫ്‌സയുടെ സര്‍ഗാത്മക രചനകളൊന്നും എന്റെ വായനാവട്ടത്തില്‍ വന്നിട്ടില്ല. വിവേകത്തില്‍ വന്ന ചില കുറിപ്പുകള്‍ വായിച്ചതോര്‍മയുണ്ട്. എന്നാല്‍ ഹാഷിംക്ക എന്ന വ്യക്തിയെ പരിചയപ്പെടുന്നത് രണ്ടായിരാമാണ്ടിന്റെ തുടക്കത്തിലാണ്. മുറാദ് ഹോഫ്മാന്റെ Islam  2000 എന്ന കൃതി പ്രബോധനത്തിനു വേണ്ടി അദ്ദേഹം പരിഭാഷപ്പെടുത്തിക്കൊണ്ടിരുന്നപ്പോഴായിരുന്നു അത്. വിവര്‍ത്തനത്തിനിടയില്‍ അവ്യക്തമായി തോന്നിയ പദങ്ങളുടെയും സംജ്ഞകളുടെയും സൂക്ഷ്മ പഠനത്തിനുവേണ്ടി മിക്കവാറും എല്ലാ ദിവസവും അദ്ദേഹം പ്രബോധനം ലൈബ്രറിയില്‍ വരുമായിരുന്നു. വിവര്‍ത്തനത്തില്‍ അദ്ദേഹം പുലര്‍ത്തുന്ന സൂക്ഷ്മത കണ്ടപ്പോള്‍ വല്ലാത്ത മതിപ്പുതോന്നി.  മാ എഴുതിയ ഹഫ്‌സയാണ് എന്നറിഞ്ഞപ്പോള്‍ ഒരു കൗതുകത്തിന് പരിചയപ്പെട്ടെങ്കിലും പിന്നീട് കുറേകാലം ഞാന്‍ ഹാഷിംക്കയെയോ ഹാഷിംക്ക എന്നെയോ ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ, അതിനിടയിലെപ്പോഴോ എനിക്ക് അല്‍പ്പമൊക്കെ ഉര്‍ദു അറിയാമെന്ന് മനസ്സിലാക്കിയ ഹാഷിംക്ക ചില ഉര്‍ദു വാക്കുകളുടെയും പ്രയോഗങ്ങളുടെയും അര്‍ഥം എന്നോട് ചോദിച്ചു തുടങ്ങി. ഇങ്ങനെ ആരംഭിച്ച പരിചയം ക്രമേണ ഇസ്‌ലാമികവും പ്രാസ്ഥാനികവുമായ തര്‍ക്കങ്ങളിലേക്കും സംവാദങ്ങളിലേക്കും വഴിമാറി. 

എല്ലാവിധ എസ്റ്റാബ്ലിഷ്‌മെന്റുകളുടെയും നിശിത വിമര്‍ശകനായിരുന്നു ഹാഷിംക്ക. അദ്ദേഹത്തിന്റെ വിമര്‍ശനങ്ങളില്‍ പലതിനോടും സ്വാഭാവികമായും എനിക്ക് യോജിക്കാനും കഴിഞ്ഞിരുന്നില്ല. ആ വിയോജിപ്പുകള്‍ അദ്ദേഹത്തോട് തുറന്നു പറയുകയും ചെയ്തിരുന്നു. അതാണ് ഞങ്ങള്‍ക്കിടയിലെ സംസാരത്തെ 

പലപ്പോഴും തര്‍ക്കവും സംവാദവുമാക്കി മാറ്റിയത്. പക്ഷേ, ഹാഷിംക്കയുമായുള്ള സംസാരവും അദ്ദേഹത്തിന്റെ നിശിത വിമര്‍ശനവും അനുകൂലികളുടെ എത്രയോ വാക്കുകളെക്കാളും എഴുത്തുകളെക്കാളും എനിക്ക് പ്രയോജനം ചെയ്തിട്ടുണ്ട്. ഈ തര്‍ക്കത്തിനും സംസാരത്തിനുമിടയില്‍ വല്ലാത്തൊരു ആത്മബന്ധം ഞങ്ങള്‍ക്കിടയില്‍ വളര്‍ന്നു എന്നതാണ് എല്ലാറ്റിനുമുപരി എടുത്ത് പറയേണ്ടത്. അത് മരണം വരെ തുടരുകയും ചെയ്തു. 

സുഹൃത്തുക്കളും കൂട്ടുകാരുമായി നമുക്ക് ഒരുപാട് പേരുണ്ട്. പക്ഷേ, ഈ ബന്ധങ്ങളിലധികവും ഔപചാരികമാണെന്നുമാത്രം. അതിനിടയിലാണ് സ്‌നേഹത്തില്‍ ചാലിച്ച ഹാഷിംക്കയെപ്പോലുള്ളവരുടെ അത്യപൂര്‍വ സൗഹൃദം മരുഭൂമിയിലെ നീരുറവയാകുന്നത്. ആത്മാര്‍ഥമായി സ്‌നേഹിക്കുകയും അത് നമ്മെ അനുഭവിപ്പിക്കുകയും ചെയ്ത ആളായിരുന്നു ഹാഷിംക്ക. 'എടാ ഹുസൈനേ' എന്ന വിളിയില്‍ അദ്ദേഹത്തിന്റെ മനസ്സിലെ സ്‌നേഹത്തിന്റെ കടലിരമ്പം അനുഭവിക്കാന്‍ കഴിയുമായിരുന്നു. പല പുതിയ മുസ്‌ലിം എഴുത്തുകാരെയും എഴുത്തുകാരികളെയും ഞാന്‍ പരിചയപ്പെട്ടത് ഹാഷിംക്കയിലൂടെയാണ്. ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരനായ ഫരീദ് ഇസ്ഹാഖ്, ജാപനീസ് എഴുത്തുകാരിയായ സച്ചീക്കാ മുറാത്ത തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം. 'എടാ ഹുസൈനേ, നീ ഈ പുസ്തകം നിര്‍ബന്ധമായും വായിക്കണം' എന്ന് ഹാഷിംക്ക വിളിച്ചു പറയും. എന്നിട്ട് അദ്ദേഹം തന്നെ ചിലപ്പോള്‍ അത് കൊണ്ടുവന്നു തരും, അല്ലെങ്കില്‍ എവിടെ കിട്ടുമെന്ന് പറയും.

അവസാനമായി ഒരു സ്വകാര്യ ദുഃഖം കൂടി: അദ്ദേഹം അവസാനമായി എഴുതാനാഗ്രഹിച്ച ഒരു പുസ്തകം അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ചായിരുന്നു. ഇതദ്ദേഹം രോഗശയ്യയിലായിരിക്കുമ്പോഴും പലരോടും പറഞ്ഞിട്ടുള്ളതാണ്. ഇങ്ങനെ ഒരു പുസ്തകം എഴുതാനുള്ള നിര്‍ദേശം അദ്ദേഹത്തിന് മുന്നില്‍ വെച്ചത് ഈ കുറിപ്പുകാരനായിരുന്നു. അതിനൊരു പശ്ചാത്തലമുണ്ടായിരുന്നു. നാം പൊതുവില്‍ വിട്ടുവീഴ്ച ചെയ്യുക, മാപ്പ്‌കൊടുക്കുക എന്നൊക്കെ അര്‍ഥം പറയാറുള്ള, അല്ലാഹുവിന്റെ സവിശേഷ ഗുണമായ 'അല്‍അഫുവ്വി'ന് മായ്ച്ചുകളയുക എന്നതാണ് ഏറ്റവും സൂക്ഷ്മമായ അര്‍ഥം എന്ന് അദ്ദേഹം പറയുകയുണ്ടായി. അതിന് അദ്ദേഹം ഇങ്ങനെയൊരു വിശദീകരണവും നല്‍കി: പൊറുത്തുകൊടുക്കുക, വിട്ടുവീഴ്ചചെയ്യുക എന്നൊക്കെ അര്‍ഥം പറയുമ്പോള്‍ പാപത്തിന്റെയോ കുറ്റത്തിന്റെയോ ശിക്ഷയാണ് ഒഴിവാക്കിക്കൊടുക്കുന്നത്. പാപവും കുറ്റവും അതുപോലെ നിലനില്‍ക്കും. എന്നാല്‍ 'മായ്ച്ചുകളയുന്നവന്‍' എന്ന് അര്‍ഥം പറയുമ്പോള്‍ ശിക്ഷ മാത്രമല്ല, എന്താണോ മനുഷ്യനില്‍ നിന്നുണ്ടായ കുറ്റമോ പാപമോ അതിനെത്തന്നെ കാലത്തില്‍ നിന്നും ചരിത്രത്തില്‍ നിന്നും മായ്ച്ചുകളയുന്നവന്‍ എന്ന അര്‍ഥം സിദ്ധിക്കുന്നു. മനുഷ്യനോടുള്ള അല്ലാഹുവിന്റെ അഗാധമായ കാരുണ്യവും സ്‌നേഹവുമാണ് ഇത് കാണിക്കുന്നത്. തികച്ചും പുതുമയുള്ള ഹാഷിംക്കയുടെ ഈ വ്യാഖ്യാനം കേട്ടപ്പോഴാണ് പ്രസ്തുത വിഷയത്തില്‍ ഒരു പുസ്തകം എന്ന ആശയം അദ്ദേഹത്തിന്റെ മുന്നില്‍ വെച്ചത്. പിന്നീട് ഹാഷിംക്കയുടെ ചിന്തയിലും ആലോചനയിലുമെല്ലാം ആ പുസ്തകമായിരുന്നു. അതിനിടയിലാണ് അദ്ദേഹം രോഗത്തിന്റെ പിടിയിലായത്. പക്ഷേ, രോഗശയ്യയിലും 'അല്ലാഹു അനുഗ്രഹിച്ചാല്‍ ആ പുസ്തകം ഞാന്‍ ചെയ്യു'മെന്ന് അദ്ദേഹം പലരോടും പറഞ്ഞിരുന്നു. പക്ഷേ, അല്ലാഹുവിന്റെ അലംഘനീയമായ വിധി അതിന് അദ്ദേഹത്തെ അനുവദിക്കുകയുണ്ടായില്ല.

കെ.ടി. ഹുസൈന്‍

ശബ്ദമലിനീകരണം

ഖാലിദ് മൂസാ നദ്‌വി എഴുതിയ ലേഖനം (ലക്കം 2885) അവസരോചിതമാണ്. ഇന്ന് പലരുടെയും പ്രസംഗം വികാരം സൃഷ്ടിക്കുന്നവയാണ്. വിഷയത്തിലേക്ക് പലപ്പോഴും അവ പ്രവേശിക്കില്ല. രാത്രി പ്രസംഗത്തിന്റെ മൈക്ക് പെര്‍മിഷന്‍ നിയമപരമായി പത്ത് മണിക്ക് അവസാനിക്കുന്നതാണ്. ഇവരുടെ പ്രസംഗം പന്ത്രണ്ട് മണി കഴിഞ്ഞും നീളും. ഇക്കഴിഞ്ഞ റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന്  രാവിലെ സ്വുബ്ഹിക്ക് മുമ്പ് നാല് മണിക്ക് മൈക്കും തുറന്ന് വെച്ച് മൗലൂദ് പാരായണമാരംഭിച്ചു. മൗലൂദ് ഓതണമെന്നുള്ളവര്‍ക്ക് ആകാം, അതെന്തിന് സാമൂഹിക ദ്രോഹമാക്കി മാറ്റണം?

അഹ്മദ് കടവത്തൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /101-104
എ.വൈ.ആര്‍