Prabodhanm Weekly

Pages

Search

2014 മെയ്‌ 23

കെ.കെ പാത്തുമ്മയ് ഹജ്ജുമ്മ

റംലാ അബ്ദുല്‍ ഖാദര്‍, കരുവമ്പൊയില്‍

         പഴയ കാല ഇസ്വ്‌ലാഹീ പ്രവര്‍ത്തകനും പണ്ഡിതനുമായിരുന്ന കെ.പി അസ്സന്‍ മൊല്ലാ സാഹിബിന്റെ പത്‌നിയായിരുന്നു പാലക്കുഴിയില്‍ പാത്തുമ്മയ്(93). ഞങ്ങളുടെ നാട്ടിലും ചുറ്റുവട്ടത്തും വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ച അസ്സന്‍മൊല്ലാ സാഹിബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായിരുന്നു പരേത.

         കോഴിക്കോട് ജില്ലയില്‍ നരിക്കുനിക്കടുത്ത് മുട്ടാഞ്ചേരിയില്‍ വിദ്യാഭ്യാസ പ്രക്രിയക്ക് നിമിത്തമായത് മര്‍ഹൂം കെ.പി കുട്ടിഹസ്സന്‍ ഹാജിയും കെ.കെ കുഞ്ഞിമൊയ്തീന്‍ കുട്ടി മൊല്ലയും നടത്തിയിരുന്ന ഓത്തുപള്ളിയായിരുന്നു. ഇവരുടെ ബന്ധത്തിന് സ്ഥിര പ്രതിഷ്ഠ ലഭിച്ചത് ഇവരുടെ മക്കളായ ഹസ്സന്‍ മൊല്ലയും പാത്തുമ്മയ്‌യും തമ്മിലുള്ള വിവാഹത്തോടെയാണ്. സ്വന്തം മക്കളുടെ പഠനത്തോടൊപ്പം നാട്ടിലെ മറ്റു കുട്ടികളുടെ പഠനത്തിനും സംസ്‌കരണത്തിനും പ്രോത്സാഹനം നല്‍കിയ ഈ ദമ്പതികള്‍ നാട്ടിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തൂത്തെറിയുന്നതിലും വിജയം വരിച്ചിരുന്നു. തങ്ങളുടെ ആറ് ആണ്‍മക്കളെയും ആറ് പെണ്‍മക്കളെയും വിദ്യാഭ്യാസം ചെയ്യിക്കുന്നതില്‍ അവര്‍ അനുഷ്ഠിച്ച ത്യാഗങ്ങള്‍ നിസ്തുലമത്രെ.

         സ്വന്തമായി നടത്തിയിരുന്ന മാനേജ്‌മെന്റിനു കീഴിലുള്ള സ്‌കൂളില്‍ അധ്യയന സമയത്തിനു മുമ്പ് മദ്‌റസാപഠനം കൂടി നല്‍കിയാണ് നാട്ടിലെ കുട്ടികളെ അവര്‍ വിദ്യാലയത്തിലെത്തിച്ചത്. മക്കളുടെ പ്രാഥമിക പഠനത്തിനു ശേഷം ഹൈസ്‌കൂള്‍ പഠനത്തിനായി കുന്ദമംഗലം ഹൈസ്‌കൂളിലും കൊടുവള്ളി ഹൈസ്‌കൂളിലും അയച്ച് തുടര്‍ വിദ്യാഭ്യാസം നല്‍കി. പിതാവിന്റെ മരണശേഷം സ്‌കൂളിന്റെ പേര് 'ഹസ്സനിയാ എ.യു.പി സ്‌കൂള്‍' എന്നാക്കിമാറ്റി. അക്കാലത്ത് സ്‌കൂള്‍ മാനേജര്‍ പാത്തുമ്മയ് ഹജ്ജുമയായിരുന്നു.

         നിത്യച്ചെലവിന് പ്രയാസപ്പെട്ടിരുന്ന കാലത്താണ് മൂത്ത മകനെ കോളേജ് വിദ്യാഭ്യാസത്തിനായി ഫാറൂഖ് കോളേജില്‍ ചേര്‍ത്തുന്നത്. 'എന്റെ മാല വിറ്റിട്ടെങ്കിലും അവന്‍ ഒരു കൊല്ലം പഠിക്കട്ടെ!' എന്നായിരുന്നു ആ ഉമ്മയുടെ ആവശ്യം. മൂത്തമകന്‍ നാട്ടിലെ ആദ്യ എം.എസ്സിക്കാരനും കോളേജ് അധ്യാപകനുമായി. പിന്നീട് വര്‍ഷംതോറും മക്കളെ പല സ്ഥലങ്ങളിലായി ഉപരിപഠനത്തിനയച്ചു. അങ്ങനെ നാട്ടിലെ ആദ്യത്തെ മൃഗഡോക്ടര്‍, ആദ്യത്തെ അധ്യാപികമാര്‍ എന്നിങ്ങനെ ആദ്യ സ്ഥാനക്കാര്‍ പാലക്കുഴിയില്‍ വീട്ടില്‍ നിന്നുണ്ടായി. തിരൂര്‍ പോളിടെക്‌നിക്കില്‍ നിന്ന് റിട്ടയര്‍ ചെയ്ത പരേതനായ അബ്ബാസ്, ഇപ്പോള്‍ കെ.എം.സി.ടി എഞ്ചിനീയറിംഗ് കോളേജ് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് വി.കെ ഹംസ, ഹസ്സനിയാ സ്‌കൂളില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഹമീദ് മാസ്റ്റര്‍, കൊടുവള്ളി ഹൈസ്‌കൂളില്‍ അധ്യാപകനായിരിക്കെ മരണമടഞ്ഞ ഉബൈദുറഹ്മാന്‍, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടറായി വിരമിച്ച ഡോ.പി.കെ മുഹ്‌സിന്‍, കോഴിക്കോട് ജില്ലാ വെറ്റനറി ആശുപത്രി സീനിയര്‍ ഡോക്ടറായ പി.കെ ശിഹാബുദ്ദീന്‍ പന്നൂര്, എം.എ സത്താര്‍ മാസ്റ്ററുടെ പത്‌നി സഫിയ്യ ടീച്ചര്‍, കരുവമ്പൊയില്‍ റിട്ട. ഡെപ്യൂട്ടി തഹ്‌സില്‍ദാര്‍ കെ. അബ്ദുല്‍ ഖാദറിന്റെ ഭാര്യ പി.കെ റംല ടീച്ചര്‍, പൂനൂര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഹെഡ്മാസ്റ്ററായി വിരമിച്ച എന്‍. അബൂബക്കര്‍ മാസ്റ്ററുടെ പത്‌നി ഹഫ്‌സ, കോഴിക്കോട് ആകാശവാണിയില്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവ് ആയി വിരമിച്ച അബ്ദുല്ല നന്മണ്ടയുടെ പത്‌നി ആഇശ, ചേന്ദമംഗല്ലൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍  ആയിരുന്ന ടി. അബ്ദുല്ല മാസ്റ്ററുടെ പത്‌നി മൈമൂന, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയറായി വിരമിച്ച പറമ്പില്‍ ബസാര്‍ അബ്ദുല്‍ ഹമീദിന്റെ ഭാര്യ സൗദ എന്നിങ്ങനെ പന്ത്രണ്ട് മക്കളും 118 പേരക്കുട്ടികളും ഇവര്‍ക്കുണ്ട്.

റംലാ അബ്ദുല്‍ ഖാദര്‍, കരുവമ്പൊയില്‍


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 86-88
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം