ജെ.എന്‍.യു വൈകുന്നേരം സൂര്യനുദിക്കുന്ന കാമ്പസ്
ഒരു സെമസ്റ്ററിന് അടക്കേണ്ട ഫീസ് 175 രൂപ. ബിരുദ-ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് മാസം രണ്ടായിരം രൂപ. മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ്, ഗവേഷക വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം എട്ടായിരം രൂപ ഫെലോഷിപ്പ്. തിരക്ക് പിടിച്ച തലസ്ഥാന നഗരിയില്‍ നിറയെ പച്ചപ്പ് നിറഞ്ഞ ആയിരം ഏക്കര്‍ കാമ്പസില്‍ താമസം, എട്ട് നില ലൈബ്രറി, ലോകം മുഴുവന്‍ അറിയപ്പെടുന്ന നിരവധി അധ്യാപകരുടെ ക്ലാസ്സിലിരുന്ന് പഠിക്കാനവസരം. ഇന്ത്യയിലും വിദേശത്തുമുള്ള കഴിവുറ്റ വിദ്യാര്‍ഥികളുടെ സഹവാസം. രാത്രികള്‍ പകല്‍ പോലെ സുരക്ഷിതമായ കാമ്പസ് അന്തരീക്ഷം. ജെ.എന്‍.യുവിനെ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വേറിട്ടതാക്കുന്നത് ഇത്തരം സവിശേഷതകളാണ്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒട്ടനവധി അക്കാദമിക് ബുദ്ധിജീവികളെ സംഭാവന ചെയ്ത ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി ഉന്നത പഠനം ആഗ്രഹിക്കുന്ന ഏതൊരു വിദ്യാര്‍ഥിയുടെയും സ്വപ്നമാണ്.
ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കാനെത്തുന്നു. വിവിധ കോഴ്‌സുകളിലായി ഏഴായിരത്തിലധികം വിദ്യാര്‍ഥികള്‍. ലോക പ്രശസ്ത പത്രപ്രവര്‍ത്തകന്‍ പി. സായ്‌നാഥ് മുതല്‍ സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വരെ ജെ.എന്‍.യുവിന്റെ സന്താനങ്ങളാണ്. സര്‍വേപ്പള്ളി ഗോപാല്‍, റോമിള ഥാപ്പര്‍, സുമിത് സര്‍ക്കാര്‍, സതീഷ് ചന്ദ്ര, ബിപന്‍ ചന്ദ്ര, സുതിപ്ത കവിരാജ് തുടങ്ങിയ പ്രമുഖര്‍ ഇവിടെ അധ്യാപകരായിരുന്നു. ഗോപാല്‍ ഗുരു, എം.എസ്.എസ് പാണ്ഡ്യന്‍, സോയ ഹസന്‍ തുടങ്ങി ഒരുപാട് ലോക പ്രശസ്ത അക്കാദമിസ്റ്റുകള്‍ ഇന്നും ഇവിടെ അധ്യാപകരായുണ്ട്.
പതിനെട്ടോളം ഹോസ്റ്റലുകളുള്ള ആയിരം ഏക്കര്‍ വിശാലമായ റെസിഡന്‍ഷ്യല്‍ കാമ്പസാണ് ജെ.എന്‍.യുവിലേത്. വിവാഹിതരായ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി മാത്രം ജെ.എന്‍.യുവില്‍ 'മഹാനദി' എന്ന പേരില്‍ ഹോസ്റ്റലുണ്ട്. ഇഷ്ടഭക്ഷണം മുതല്‍ എന്തും നിങ്ങള്‍ക്ക് കാമ്പസിനുള്ളില്‍ കിട്ടും. 'ധാബ'കള്‍ ജെ.എന്‍.യുവിന്റെ സ്വന്തമാണ് എന്ന് പറയാം (ചെറിയ ചായക്കടകള്‍ക്കും അതിന്റെ ചുറ്റുവട്ടത്തിനുമാണ് ധാബ എന്ന് പറയുക). പാതിരാ വരെ ഉണര്‍ന്നിരിക്കുന്ന ഈ ധാബകള്‍ ഗൗരവപ്പെട്ട ചര്‍ച്ചകള്‍ക്കും സൊറ പറച്ചിലുകള്‍ക്കും പറ്റിയ ഒന്നാന്തരം ഇടമാണ്. പകല്‍ പരമാവധി ഉറങ്ങി രാത്രി 'ഹയാത്താ'ക്കുന്ന വിദ്യാര്‍ഥികള്‍ ഒരുപാടാണ് കാമ്പസില്‍. ജെ.എന്‍.യുവില്‍ സൂര്യനുദിക്കുക വൈകുന്നേരമാണ് എന്നാണ് പറയാറ്. രാത്രികളിലാണ് വിദ്യാര്‍ഥി സംഘടനകളുടെയും മറ്റും പൊതുപരിപാടികള്‍,പബ്ലിക് ടോക്കുകള്‍ എന്നിവ നടക്കുക. 'അപ്രഖ്യാപിത അടിയന്തരാവസ്ഥക്കെതിരെ അരുന്ധതി റോയ് സംസാരിക്കുന്നു, സബര്‍മതി മെസ്-രാത്രി 9.30' ഇങ്ങനെയായിരിക്കും പരിപാടികളുടെ നോട്ടീസ്. രാത്രികളിലെ ഇത്തരം സമയക്രമങ്ങള്‍ ജെ.എന്‍.യുവിന്റെ പ്രത്യേകതയാണ്. അതേസമയം, ഏത് പാതിരാവിലും പെണ്‍കുട്ടികള്‍ക്ക് പൂര്‍ണ സുരക്ഷിതത്വം നല്‍കുന്ന കാമ്പസ് അന്തരീക്ഷമാണ് ജെ.എന്‍.യുവിലേത്.
ഏറെ വ്യവസ്ഥാപിതമായ രീതിയില്‍ ഇന്ത്യ മുഴുവന്‍ പ്രവേശന പരീക്ഷ നടത്തിയാണ് ജെ.എന്‍.യു വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. പിന്നാക്ക വിദ്യാര്‍ഥികള്‍ക്ക് സഹായകമായ പ്രവേശന സംവിധാനമാണ് ഇവിടെയുള്ളത്. പിന്നാക്ക പ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയില്‍ അഞ്ചു പോയിന്റ് അധികം ലഭിക്കും. കൂടാതെ പരീക്ഷ എഴുതുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും ഈ ആനുകൂല്യമുണ്ട്. മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഈ അധിക പോയിന്റ് നല്‍കണമെന്നുള്ള ആവശ്യം ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയനും ഒട്ടുമിക്ക വിദ്യാര്‍ഥി സംഘടനകളും ഉയര്‍ത്തുന്നുണ്ട്. കാരണം, ജെ.എന്‍.യുവില്‍ മുസ്‌ലിം വിദ്യാര്‍ഥി സാന്നിധ്യം വളരെ കുറവാണ്; ഭാഷാ വിഷയങ്ങളൊഴിച്ചുള്ളതില്‍ പ്രത്യേകിച്ചും. ഈ വിഷയം പഠിക്കാനായി ജെ.എന്‍.യു അക്കാദമിക കൗണ്‍സില്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. അനുകൂല തീരുമാനമുണ്ടായാല്‍ മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് വലിയ പരിഹാരമാകും അത്. ഭാഷാ വിഷയങ്ങളില്‍ മാത്രമാണ് ജെ.എന്‍.യു. ഇപ്പോള്‍ ബിരുദ കോഴ്‌സുകള്‍ നല്‍കുന്നത്. ഏറെ ജോലി സാധ്യതകളുള്ള ഭാഷാ പഠന കോഴ്‌സുകളില്‍ നിര്‍ഭാഗ്യവശാല്‍ മലയാളി സാന്നിധ്യം കുറവാണ്. വരും വര്‍ഷങ്ങളില്‍ മറ്റു വിഷയങ്ങളിലും ബിരുദകോഴ്‌സുകള്‍ ആരംഭിക്കാനുള്ള ആലോചനകള്‍ നടന്നുവരുന്നു. ജെ.എന്‍.യുവിന് സ്വന്തമായി പ്രസ് ആരംഭിച്ചു എന്നതാണ് ഈ വര്‍ഷത്തെ ഏറ്റവും സന്തോഷകരമായ വിശേഷം. 24 മണിക്കൂറും ലൈബ്രറി പ്രവര്‍ത്തനക്ഷമമാണ്. ലൈബ്രറിയില്‍ നിന്ന് ലഭിക്കുന്ന ഓണ്‍ലൈന്‍ ജേര്‍ണലുകള്‍, തിസീസുകള്‍ എന്നിവ ലോകത്തെവിടെ നിന്നും ഇന്റര്‍നെറ്റ് വഴി ലഭ്യമാവുന്ന സംവിധാനം ജെ.എന്‍.യു ലൈബ്രറി വിദ്യാര്‍ഥികള്‍ക്കായി ആരംഭിച്ചിരിക്കുന്നു എന്നത് മറ്റൊരു സന്തോഷവാര്‍ത്ത.
ജെ.എന്‍.യു ഒരു ചെറിയ ഇന്ത്യയാണ്. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും അധ്യാപകരുമായുള്ള ഇടപെടല്‍ നമ്മുടെ വ്യക്തിത്വത്തെ വളര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ സാംസ്‌കാരിക പരിപാടികള്‍, ഫുഡ് ഫെസ്റ്റുകള്‍, ആഘോഷങ്ങള്‍ എന്നിവ കൊണ്ട് സജീവമാണ് ഇവിടത്തെ കാമ്പസ്. വിവിധ ദേശക്കാരുടെ സാംസ്‌കാരിക ആഘോഷങ്ങള്‍ക്ക് ജെ.എന്‍.യു ഭരണാലയം ഒരു തുക സംഭാവനയായി നല്‍കാറുണ്ട്. ഫിലിം ക്ലബ്, മ്യൂസിക് ക്ലബ്, ഫോട്ടോഗ്രഫി ക്ലബ്, നാച്വര്‍ ആന്റ് വൈല്‍ഡ് ലൈഫ് ക്ലബ്, ഡിബേറ്റിംഗ് ക്ലബ് തുടങ്ങിയവ ജെ.എന്‍.യുവിന്റെ സാംസ്‌കാരിക അന്തരീക്ഷത്തെ മികവുറ്റതാക്കുന്നു. സാഹസിക യാത്രകള്‍ തുടര്‍ച്ചയായി നടത്തുന്ന മൗണ്ടനൈറിംഗ് ക്ലബ് ജെ.എന്‍.യുവിലെ നിറസാന്നിധ്യമാണ്. റവല്യൂഷണറി കള്‍ച്ചറല്‍ ഫ്രണ്ട്, ബഹുരൂപ്, ഇന്ത്യന്‍ പീപ്പിള്‍ തിയറ്റര്‍ അസോസിയേഷന്‍ തുടങ്ങി വ്യത്യസ്ത സാംസ്‌കാരിക കൂട്ടായ്മകളും കാമ്പസിനെ ഊര്‍ജസ്വലമാക്കി നിര്‍ത്തുന്നു. 'ബട്‌ല ഹൗസ്' എന്ന റവല്യൂഷണറി കള്‍ച്ചറല്‍ ഫ്രണ്ടിന്റെ നാടകം ദേശീയ ശ്രദ്ധയാകര്‍ഷിച്ചതാണ്. ആവിഷ്‌കാര വൈവിധ്യം കൊണ്ട് വേറിട്ട് നില്‍ക്കുന്നവയാണ് എല്ലാ ഹോസ്റ്റലുകളിലും വര്‍ഷന്തോറും നടക്കുന്ന ഹോസ്റ്റല്‍ ദിന പരിപാടികള്‍. കാമ്പസിന്റെ മുക്കുമൂലകളില്‍ ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍, ഹോസ്റ്റലുകളില്‍ ജിംനേഷ്യം, വിശാലമായ യൂനിവേഴ്‌സിറ്റി ഗ്രൗണ്ട്, കൊല്ലം തോറും നടക്കുന്ന കായിക മത്സരങ്ങള്‍ എന്നിവ സ്‌പോര്‍ട്‌സ് രംഗത്തും ജെ.എന്‍.യു ശ്രദ്ധ നല്‍കുന്നു എന്നതിന്റെ ഉദാഹരണങ്ങളാണ്. കാമ്പസിലെ പാര്‍ഥസാരഥി പാറക്കൂട്ടങ്ങള്‍ സുന്ദരമായ കാഴ്ചയാണ്; ഒരിക്കലും മറക്കാനാവാത്തതും.
വിദ്യാര്‍ഥി രാഷ്ട്രീയം ജെ.എന്‍.യുവിന്റെ ജീവവായുവാണ്. നാം കേട്ടുപരിചയിച്ചിട്ടില്ലാത്ത പല വിദ്യാര്‍ഥി സംഘടനകളും കൂട്ടായ്മകളും ജെ.എന്‍.യുവിലുണ്ട്. ഈയടുത്ത് 'നൂറു പൂക്കള്‍' (Hundred Flowers) എന്ന് പേരുള്ള ഒരു കൂട്ടായ്മയെ പരിചയപ്പെട്ടു. 'കോഫിവിത്ത് കിതാബ്' എന്ന പേരില്‍ അവര്‍ ഈയടുത്ത് ഒരു പരിപാടി നടത്തി. ഇതൊരു ഉദാഹരണം മാത്രം. തീവ്ര ഇടതു വിദ്യാര്‍ഥി പക്ഷമെന്നവകാശപ്പെടുന്ന ഐസ (ആള്‍ ഇന്ത്യാ സ്റ്റുഡന്‍സ് അസോസിയേഷന്‍) ആണ് ജെ.എന്‍.യുവിലെ ഏറ്റവും അണികളുള്ള വിദ്യാര്‍ഥി സംഘടന. എസ്.എഫ്.ഐയിലുണ്ടായ പിളര്‍പ്പിനെത്തുടര്‍ന്ന് വിമതപക്ഷം രൂപീകരിച്ച ഡി.എസ്.എഫ് (ഡെമോക്രാറ്റിക് സ്റ്റുഡന്‍സ് ഫെഡറേഷന്‍) രണ്ടാമത്തെ വലിയ ശക്തിയാണ്. എസ്.എഫ്.ഐ, ഡി.എസ്.യു, എ.ഐ.ബി.എസ്.എഫ്, എ.ബി.വി.പി, എന്‍.എസ്.യു.ഐ, എ.ഐ.എസ്.എഫ്, എസ്.ഐ.ഒ, കാമ്പസ് ഫ്രണ്ട് തുടങ്ങി ഒട്ടനവധി വിദ്യാര്‍ഥി സംഘടനകള്‍ ജെ.എന്‍.യുവിലുണ്ട്. കാമ്പസ് ഇലക്ഷനോടനുബന്ധിച്ച് നടക്കുന്ന പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് മറക്കാനാവാത്തതാണ്. വിവിധ വിദ്യാര്‍ഥി സംഘടനകളെ പ്രതിനിധീകരിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവര്‍ അവരുടെ നയം പ്രഖ്യാപിക്കുന്ന വേദിയാണിത്. സ്ഥാനാര്‍ഥികള്‍ തമ്മില്‍ നേര്‍ക്കുനേര്‍ ചൂടേറിയ വാഗ്വാദമാണ് നടക്കുക. തങ്ങളുടെ സ്ഥാനാര്‍ഥിയെ ആവേശം കൊള്ളിക്കാന്‍ ബാന്റും വാദ്യങ്ങളുമായി അണികളും സദസ്സിലുണ്ടാവും. കാണികള്‍ക്ക് സ്ഥാനാര്‍ഥികളോട് ചോദ്യം ചോദിക്കാനുള്ള അവസരവുമുണ്ട്. മെസ് ബില്‍ കൂടിയത് മുതല്‍ മന്‍മോഹന്‍ സിംഗ് വരെ, ഹോസ്റ്റലിന്റെ ശോചനീയാവസ്ഥ മുതല്‍ ഹോങ്കോംഗ് ഉച്ചകോടി വരെ, നരേന്ദ്രമോഡി മുതല്‍ നവലിബറല്‍ പോളിസി വരെ അന്ന് അന്തരീക്ഷത്തില്‍ മുഴങ്ങിക്കേള്‍ക്കും. മാധ്യമപ്രവര്‍ത്തകര്‍, പൊതു പ്രവര്‍ത്തകര്‍ തുടങ്ങി ഒരു വലിയ ജനാവലി അന്ന് ജെ.എന്‍.യുവിലുണ്ടാവും. രാത്രി പത്തരയോടെ ആരംഭിക്കുന്ന ഈ പരിപാടി പിറ്റേന്ന് നേരം വെളുക്കുന്നത് വരെ നീണ്ടുനില്‍ക്കും. വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ സൗന്ദര്യം പകര്‍ന്നുതരുന്ന ഒരു അപൂര്‍വ കാഴ്ചയാണ് ഈ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ്. ആര്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള ഒരു ജനാധിപത്യ സംവിധാനം ജെ.എന്‍.യു രാഷ്ട്രീയത്തെ മികവുറ്റതാക്കുന്നു. നിങ്ങള്‍ ഒറ്റക്കാണെങ്കിലും നിങ്ങള്‍ക്ക് കാമ്പസിനുള്ളില്‍ പരിപാടികള്‍ നടത്താം, നോട്ടീസ് വിതരണം ചെയ്യാം. ആരും നിങ്ങളെ ചോദ്യം ചെയ്യാന്‍ വരില്ല. കാമ്പസില്‍ കൊക്കക്കോള, പെപ്‌സി തുടങ്ങിയ കുത്തക ഉല്‍പന്നങ്ങള്‍ നിരോധിച്ചിരിക്കുന്നത് ജെ.എന്‍.യു രാഷ്ട്രീയത്തിന്റെ മറ്റൊരു കൗതുകമാണ്. രാത്രികളില്‍ നടക്കുന്ന പോസ്റ്റ് ഡിന്നര്‍ ഡിബേറ്റുകള്‍, മെസ്സില്‍ ദിനേന ലഭിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ വിശദീകരിക്കുന്ന പാംഫ്‌ലെറ്റുകള്‍ ഇവ ജെ.എന്‍.യു വിദ്യാര്‍ഥിയുടെ രാഷ്ട്രീയബോധത്തെ ചിട്ടപ്പെടുത്തുന്നതില്‍ ഏറെ സഹായകമാവുന്നുണ്ട്.
ജെ.എന്‍.യുവിന്റെ ആദ്യകാലം തൊട്ടേ ഇവിടെ മലയാളികളുണ്ടായിരുന്നു; അധ്യാപകരായും വിദ്യാര്‍ഥികളായും മറ്റു ജീവനക്കാരായും. ലൈബ്രറി -കാന്റീന്‍ നടത്തുന്ന ഗോപാലേട്ടനും സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷ്‌നല്‍ സ്റ്റഡീസ് കാന്റീന്‍ നടത്തുന്ന ബാബുവേട്ടനും കാല്‍പതിറ്റാണ്ടോളമായി ഇവിടത്തെ നിറസാന്നിധ്യങ്ങളാണ്. സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷ്‌നല്‍ സ്റ്റഡീസ് മേധാവി നിവേദിത മേനോന്‍, പ്രഫ. എ.കെ രാമകൃഷ്ണന്‍, ഡോക്ടര്‍ ഹാപ്പിമോന്‍ ജേക്കബ് തുടങ്ങി ഇരുപതോളം മലയാളി അധ്യാപകര്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നു. നാനൂറിലധികം മലയാളികള്‍ ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികളായിട്ടുണ്ട്. മലയാളി വിദ്യാര്‍ഥികളുടെ വരവില്‍ അടുത്ത കാലങ്ങളിലുണ്ടായ മാറ്റം മലബാര്‍ മേഖലയില്‍ നിന്ന് ധാരാളം വിദ്യാര്‍ഥികള്‍ ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നു എന്നതാണ്. തെക്കന്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളായിരുന്നു മുന്‍കാലങ്ങളില്‍ കൂടുതലുണ്ടായിരുന്നത്. കേരളത്തിലെ മുസ്‌ലിം മതസ്ഥാപനങ്ങളില്‍ നിന്ന് ഒരുപാട് വിദ്യാര്‍ഥികള്‍ ജെ.എന്‍.യുവിലെത്തുന്നുണ്ട്. ഉത്തരേന്ത്യന്‍ മദ്‌റസകളില്‍ നിന്നും ഇവിടേക്ക് വിദ്യാര്‍ഥികള്‍ പഠിക്കാനെത്താറുണ്ട്. പക്ഷേ, അവര്‍ക്ക് സാമൂഹിക ശാസ്ത്ര വിഷയങ്ങള്‍, സയന്‍സ് വിഷയങ്ങള്‍ എന്നിവയില്‍ പ്രവേശനം നേടിയെടുക്കാന്‍ കഴിയാറില്ല. അവര്‍ മുഖ്യമായും പഠിക്കുന്നത് അറബി, ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷാ കോഴ്‌സുകളാണ്. കേരളത്തിലെ മതകലാലയങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ഥികളാവട്ടെ സാമൂഹികശാസ്ത്ര വിഷയങ്ങളിലടക്കം പ്രവേശനം നേടിയെടുക്കുന്നു. വിദ്യാര്‍ഥികളെ ഇതിനു പ്രാപ്തരാക്കുന്നതില്‍ കേരളത്തിലെ മതകലാലയങ്ങളെ അഭിനന്ദിക്കേണ്ടതുണ്ട്. സങ്കടകരമായ വസ്തുത, പെണ്‍കുട്ടികളെ ഇത്തരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പറഞ്ഞയക്കാന്‍ മുസ്‌ലിം സംഘടനാ സ്ഥാപനങ്ങള്‍ പ്രോത്സാഹനം നല്‍കുന്നില്ല എന്നതാണ്. കേരളത്തില്‍ നിന്നുള്ള മുസ്‌ലിം പെണ്‍കുട്ടികളുടെ എണ്ണം വിരലിലെണ്ണാന്‍ മാത്രമാണ് ജെ.എന്‍.യുവില്‍. എഴുപത് ശതമാനത്തിലധികം പെണ്‍കുട്ടികളുള്ള, പെണ്‍കുട്ടികള്‍ക്ക് ഏറെ സുരക്ഷിതത്വമുള്ള ജെ.എന്‍.യുവിലേക്ക് പെണ്‍മക്കളെ അയക്കാന്‍ രക്ഷിതാക്കള്‍ തയാറാവേണ്ടതുണ്ട്.
ജെ.എന്‍.യു കാമ്പസില്‍ അക്ഷരം, കൈരളി തുടങ്ങിയ വ്യത്യസ്ത മലയാളി കൂട്ടായ്മകളുണ്ട്. കേരളത്തിലുള്ള വിവിധ രാഷ്ട്രീയ വിഷയങ്ങള്‍ ജെ.എന്‍.യുവില്‍ ചര്‍ച്ചയാവാറുണ്ട്. മണല്‍ മാഫിയക്കെതിരെ സമരം നടത്തുന്ന കണ്ണൂരിലെ ജസീറയെ പങ്കെടുപ്പിച്ച് ജസീറ സോളിഡാരിററി ഫോറം ജെ.എന്‍.യുവില്‍ പരിപാടി നടത്തിയിരുന്നു. ഓണത്തോടനുബന്ധിച്ച് രൂപീകരിക്കുന്ന ഓണം കമ്മിറ്റി സജീവമായ ഒരു മലയാളി സംരംഭമാണ്. ഓണാഘോഷ പരിപാടികള്‍, അതിനോടനുബന്ധിച്ച് നടക്കുന്ന ഫിലിം ഫെസ്റ്റിവല്‍, കലാകായിക മത്സരങ്ങള്‍ എന്നിവക്ക് ഈ കമ്മിറ്റി നേതൃത്വം നല്‍കുന്നു. വിദ്യാര്‍ഥികള്‍ക്കിടയിലുള്ള ചര്‍ച്ചാ കൂട്ടായ്മകളാണ് എടുത്തു പറയേണ്ട മറ്റൊന്ന്. തങ്ങളുടെ ഗവേഷണ പഠന വിഷയങ്ങള്‍ മറ്റു വിദ്യാര്‍ഥികളുമായി ചര്‍ച്ച ചെയ്യുന്ന ഇത്തരം കൂട്ടായ്മകള്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കിടയില്‍ സജീവമായി നടന്നുവരുന്നു. നാട്ടിലെ സംഘടനാ ശാഠ്യങ്ങള്‍ മറന്ന് വിവിധ മുസ്‌ലിം സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒരുമിച്ചിരുന്ന് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ആശയങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്ന ഇത്തരം ഒത്തുചേരലുകള്‍ കേരളീയ മുസ്‌ലിം യുവത്വത്തിന്റെ ഭാവി പ്രതീക്ഷാനിര്‍ഭരമാണ് എന്ന് വിളിച്ചോതുന്നു.
Comments