ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി മലേഷ്യ ഇസ്‌ലാം വൈവിധ്യങ്ങളുടെ പാഠശാല
ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ ഉപരിപഠനം തേടി വിദേശ രാജ്യങ്ങളിലേക്കു ദേശാന്തരം ചെയ്യുന്നതിന് കേരളീയ മുസ്‌ലിം സമൂഹത്തിന് പുകള്‍പെറ്റ ഒരു പാരമ്പര്യമുണ്ട്. അറിയപ്പെടുന്ന ചരിത്രമനുസരിച്ച് നാലു നൂറ്റാണ്ടുകള്‍ക്കു മുമ്പു മക്കയിലെ ഹറമിലെ വിജ്ഞാന സദസ്സില്‍ ഇബ്‌നുഹജറുല്‍ ഹൈതമിയുടെ ശിഷ്യത്വം സ്വീകരിച്ച ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ തുടക്കം കുറിച്ച വിജ്ഞാന സപര്യയുടെ ഉജ്ജ്വല മാതൃകയാണത്. കേരളത്തിനു പുറത്ത് വിശിഷ്യ ഇന്ത്യക്കു പുറത്തേക്കുള്ള ഇസ്‌ലാമിക വിജ്ഞാനാന്വേഷണങ്ങള്‍ പലപ്പോഴും ചെന്നെത്തുന്നത് അറബ് നാടുകളിലെ ഇസ്‌ലാമിക സര്‍വകലാശാലകളിലും ഈജിപ്തിലെ വിശ്വോത്തര ഇസ്‌ലാമിക കലാലയമായ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയിലുമാണ്. ഇസ്‌ലാമിക വിജ്ഞാനം തേടി കിഴക്കനേഷ്യന്‍ മുസ്‌ലിം രാജ്യമായ മലേഷ്യയിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രത്തിലേക്കുള്ള മലയാളി പ്രയാണങ്ങള്‍ക്ക് നീണ്ട കാലത്തെ ചരിത്രപാരമ്പര്യമില്ല. അസ്ഹറിലും മദീനയിലും ഖത്തറിലുമൊക്കെ പഠിച്ച് പുറത്തിറങ്ങിയ പ്രഗല്‍ഭ പണ്ഡിതന്മാരുടെ നീണ്ട നിര തന്നെ കേരളത്തില്‍ ഉണ്ടെങ്കിലും അങ്ങനെയൊന്ന് മലേഷ്യയിലെ ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് അവകാശപ്പെടാന്‍ സാധ്യമല്ല. കാരണം മുപ്പത് വയസ്സു മാത്രം പ്രായമുള്ള ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി എന്ന ഈ സ്ഥാപനത്തില്‍ ആദ്യ മലയാളി സാന്നിധ്യമുണ്ടാകുന്നത് 1999-ല്‍ മാത്രമാണ്.
പാണക്കാട് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ പുത്രന്‍ മുനവ്വറലി ശിഹാബ് തങ്ങളാണ് മലേഷ്യയിലെ ഇന്റര്‍ നാഷ്‌നല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ ആദ്യ മലയാളി വിദ്യാര്‍ഥി. കുല്ലിയ്യ ഓഫ് ഇസ്‌ലാമിക് റിവീല്‍ഡ് നോളജില്‍ ബാചിലര്‍ ഡിഗ്രി കോഴ്‌സ് പൂര്‍ത്തിയാക്കി തിരിച്ചു പോരുന്നതിനു മുമ്പു തന്നെ കേരളത്തില്‍ നിന്നു മറ്റു പലരെയും ഐ. ഐ.യു.എമ്മിലേക്കു ദിശ തിരിച്ചുവിടാന്‍ അദ്ദേഹത്തിനായി. 2003-ല്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ ശഫീഖ് ഹുദവി ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് എജുക്കേഷന്‍ ഡിപാര്‍ട്ട്‌മെന്റില്‍ നിന്ന് ഡോക്ടറേറ്റ് നേടി പുറത്തിറങ്ങുന്ന ആദ്യ മലയാളിയാകുന്നത് അങ്ങനെയാണ്. 2011-ല്‍ എജുക്കേഷനില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹം ഇപ്പോള്‍ യൂനിവേഴ്‌സിറ്റി ടെക്‌നോളജി മലേഷ്യയില്‍ എജുക്കേഷന്‍ ഡിപാര്‍ട്ട്‌മെന്റില്‍ അസി. പ്രഫസറാണ്.
1983-ലാണ് ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി മലേഷ്യ (ഐ.ഐ.യു.എം) സ്ഥാപിതമാകുന്നത്. 1982-ല്‍ മലേഷ്യയില്‍ നടന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോണ്‍ഫറന്‍സ് (ഒ.ഐ.സി) രാജ്യങ്ങളുടെ സമ്മേളനത്തിലാണ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ അന്നത്തെ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ തീരുമാനമാകുന്നത്. പ്രശസ്ത ഇസ്‌ലാമിക ചിന്തകനും എഴുത്തുകാരനുമായ പ്രഫ. ഡോ. ഇസ്മാഈല്‍ റാജി അല്‍ ഫാറൂഖിയാണ് പാശ്ചാത്യ യൂനിവേഴ്‌സിറ്റികളോടു കിടപിടിക്കുന്ന, ഗവേഷണ പഠനങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും ഉന്നത നിലവാരം പുലര്‍ത്തുന്ന ആധുനിക ഇസ്‌ലാമിക സര്‍വകലാശാലകളുടെ ആവശ്യകതയെ കുറിച്ച് സംസാരിച്ചത്. തുര്‍ക്കി, സുഊദി അറേബ്യ, പാകിസ്താന്‍, ബംഗ്ലാദേശ്, മലേഷ്യ, സുഡാന്‍ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാല് ഇസ്‌ലാമിക യൂനിവേഴ്‌സിറ്റികള്‍ സ്ഥാപിക്കണമെന്നതായിരുന്നു തീരുമാനം. ഈ തീരുമാന പ്രകാരം പാകിസ്താനിലെ ഇസ്‌ലാമാബാദിലും ബംഗ്ലാദേശിലും സുഡാനിലും സമാനമായ യൂനിവേഴ്‌സിറ്റികള്‍ നിലവില്‍ വന്നിട്ടുണ്ടെങ്കിലും ഐ.ഐ.യു.എമ്മിനെ വ്യതിരിക്തമാക്കുന്നത് അക്കാദമിക നിലവാരവും പ്രഫഷനലിസവുമാണ്. ഐ.ഐ.യു.എമ്മിലേക്ക് സ്വദേശത്തു നിന്നും വിദേശത്തുനിന്നും വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതും ഈ സ്റ്റാന്‍ഡേര്‍ഡു തന്നെ. ഇസ്‌ലാമൈസേഷന്‍ ഓഫ് നോളജ് എന്ന പ്രഖ്യാപിത ലക്ഷ്യവുമായി ലോക ശ്രദ്ധ ആകര്‍ഷിക്കുന്ന ഏക യൂനിവേഴ്‌സിറ്റിയും ഇതുതന്നെ. 110 വിദേശ രാജ്യങ്ങളില്‍ നിന്നായി ഇരുപതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ ഈ സ്ഥാപനത്തില്‍ പഠിച്ചുകൊണ്ടിരിക്കുന്നു. ഇസ്‌ലാമിക യൂനിവേഴ്‌സിറ്റിയുടെ ഏറ്റവും വലിയ അക്കാദമിക സവിശേഷത ഇസ്‌ലാമൈസേഷന്‍ ഓഫ് നോളജ് എന്ന ആശയവും പ്രയോഗവും വൈജ്ഞാനിക അക്കാദമിക തലങ്ങളില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നതു തന്നെയാണ്.
ഇസ്‌ലാമിക യൂനിവേഴ്‌സിറ്റിയുടെ സാമ്പ്രദായിക മോഡലുകള്‍ക്ക് വിരുദ്ധമാണ് ഐ.ഐ.യു.എമ്മിന്റെ പാഠ്യരീതികള്‍. അന്താരാഷ്ട്രതലത്തിലെ പ്രമുഖ യൂനിവേഴ്‌സിറ്റികളോടു കിടപിടിക്കുന്ന അത്യാധുനിക സൗകര്യങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും പുറമെ പാഠ്യപദ്ധതിയിലും അക്കാദമിക രംഗത്തും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു ഈ യൂനിവേഴ്‌സിറ്റി. ഇസ്‌ലാമിക വിഷയങ്ങള്‍ക്കു പുറമെ സയന്‍സ്, ഹ്യൂമന്‍ സയന്‍സ്, മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിംഗ് എജുക്കേഷന്‍, എം.ബി.എ, മാനേജ്‌മെന്റ് കോഴ്‌സുകള്‍, ഇസ്‌ലാമിക് ഫിനാന്‍സ് ആന്റ് ബാങ്കിംഗ് തുടങ്ങി നിരവധി കോഴ്‌സുകളും ഈ യൂനിവേഴ്‌സിറ്റി ഓഫര്‍ ചെയ്യുന്നുണ്ട്. ക്വലാലംബൂര്‍ നഗരത്തില്‍ നിന്ന് 25 കി. മീ വടക്ക് കിഴക്കു മാറി പ്രകൃതി രമണീയമായ ഗോംബാകിലാണ് 700 ഏക്കര്‍ വിസ്തൃതിയുള്ള മെയിന്‍ കാമ്പസ്. കുവന്താനിലെ ആയിരം ഏക്കര്‍ വിസ്തീര്‍ണമുള്ള മെഡിക്കല്‍ കാമ്പസും ക്വലാലംബൂരില്‍ തന്നെയുള്ള ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് സയന്‍സ് ആന്റ് സിവിലൈസേഷന്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ് ലാമിക് ബാങ്കിംഗ് ആന്റ് ഫിനാന്‍സ് എന്നിവ യൂനിവേഴ്‌സിറ്റിക്കു കീഴിലെ മറ്റു കാമ്പസുകളാണ്. അണ്ടര്‍ ഗ്രാജ്വേറ്റ്, പി.ജി കോഴ്‌സുകള്‍ക്കു പുറമേ നിരവധി കോഴ്‌സുകളില്‍ ഗവേഷണ പഠനത്തിന് സൗകര്യങ്ങളുള്ള ഈ സ്ഥാപനം ഒരു റിസര്‍ച്ച് യൂനിവേഴ്‌സിറ്റി എന്ന പദവിയിലേക്കുയര്‍ന്നുകൊണ്ടിരിക്കുന്നു.
ഈയടുത്ത കാലം വരെയും യൂനിവേഴ്‌സിറ്റിയിലെ മലയാളി സാന്നിധ്യം നാമമാത്രമായിരുന്നു. മലേഷ്യയിലെ ഈ ഉന്നത ഇസ്‌ലാമിക കലാലയത്തില്‍ ഇന്ന് ഇരുപത്തഞ്ചോളം മലയാളി വിദ്യാര്‍ഥികളുണ്ട്. 2012 ബാചില്‍ എം.ബി.എ, മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്കായി കൂടുതല്‍ മലയാളികള്‍ വന്നു ചേര്‍ന്നത് ഐ.ഐ.യു.എമ്മില്‍ ഒരു മലയാളി കൂട്ടായ്മയുണ്ടാകാന്‍ നിമിത്തമായി. ഇവിടെ ആദ്യകാലത്തു തന്നെ വന്നു ചേര്‍ന്ന ആര്‍. യൂസുഫ് ഇപ്പോള്‍ ഡോക്ടറേറ്റ് നേടി ഈ സ്ഥാപനത്തിലെ ലക്ചററായി ജോലി ചെയ്യുന്നു. ഇതുവരെ 2 പേര്‍ കുല്ലിയ്യ ഓഫ് എജുക്കേഷനില്‍ നിന്ന് പി.എച്ച്.ഡി പൂര്‍ത്തിയാക്കുകയും അഞ്ചു പേര്‍ കുല്ലിയ്യ ഓഫ് ഇസ്‌ലാമിക റിവീല്‍ഡ് നോളജില്‍ നിന്ന് മാസ്റ്റര്‍ ഡിഗ്രി പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ്യയിലെ രണ്ട് പൂര്‍വ വിദ്യാര്‍ഥികളും ചെമ്മാട് ദാറുല്‍ ഹുദാ യൂനിവേഴ്‌സിറ്റിയിലെ മൂന്ന് വിദ്യാര്‍ഥികളുമാണ് പി.ജി പൂര്‍ത്തിയാക്കിയവര്‍. മൂന്നു പേര്‍ ഈ വര്‍ഷം എം.ബി.എയും രണ്ടു പേര്‍ മാനേജ്‌മെന്റ് സ്റ്റഡീസും പൂര്‍ത്തിയാക്കി. ഇസ്‌ലാമിക് ബാംങ്കിംഗ് എജുക്കേഷന്‍ ഡിപാര്‍ട്ടുമെന്റുകളില്‍ രണ്ടു പേര്‍ വീതവും എക്കണോമിക്‌സ്, മാനേജ്‌മെന്റ്, ഇസ്‌ലാമിക റിവീല്‍ഡ് നോളജ് ഡിപ്പാര്‍ട്ടുമെന്റില്‍ ഓരോരുത്തര്‍ വീതവും ഇപ്പോള്‍ യൂനിവേഴ്‌സിറ്റിയില്‍ പഠനം തുടരുന്നു. സൈക്കോളജിയില്‍ ബാചിലര്‍ ഡിഗ്രി പൂര്‍ത്തിയാക്കി രണ്ടു മലയാളി പെണ്‍കുട്ടികളില്‍ ഒരാള്‍ മാത്രമാണ് തുടര്‍ പഠനവുമായി യൂനിവേഴ്‌സിറ്റിയിലുള്ളത്.
യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ കേരളത്തിലെ പല ഇസ്‌ലാമിക സംഘടനകളെയും പ്രതിനിധാനം ചെയ്യുന്നവരാണെങ്കിലും സംഘടനകള്‍ക്കതീതമായി ഒരു മലയാളി കൂട്ടായ്മ വേണമെന്നത് ഐ.ഐ.യു.എമ്മിലെ എല്ലാ മലയാളി വിദ്യാര്‍ഥികളുടെയും ആഗ്രഹമായിരുന്നു. കേരളത്തിലെ വ്യത്യസ്ത സംഘടനകളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഉന്നത കലാലയങ്ങളില്‍ നിന്ന് പഠിച്ചിറങ്ങിയ ഇരുപത്തിയഞ്ചോളം മലയാളി വിദ്യാര്‍ഥികള്‍ ചേര്‍ന്ന ഐ.ഐ.യു.എം മലയാളി സൊസൈറ്റി രൂപീകരിക്കപ്പെടുന്നത് അങ്ങനെയാണ്. ഡോ. ആര്‍. യൂസുഫ് പ്രസിഡന്റും സുഹൈല്‍ ഹുദവി സെക്രട്ടറിയുമായ ഈ മലയാളി കൂട്ടായ്മ രണ്ടാഴ്ച കൂടുമ്പോള്‍ യോഗങ്ങള്‍ സംഘടിപ്പിക്കുന്നു. ഖുര്‍ആന്‍ ക്ലാസ്സുകള്‍ക്കു പുറമേ കാലികവും അക്കാദമികവുമായ വിഷയങ്ങളില്‍ പഠന ക്ലാസ്സുകളും ചര്‍ച്ചകളുമാണ് യോഗങ്ങളുടെ മുഖ്യ അജണ്ട.
Comments