Prabodhanm Weekly

Pages

Search

2014 മെയ്‌ 23

ഹംദര്‍ദ് യൂനിവേഴ്‌സിറ്റി മലയാളി അറിയേണ്ടത്

അജ്മല്‍ മമ്പാട് /കവര്‍‌സ്റ്റോറി

         മരുന്നുകുപ്പികളിലെ യൂനാനിത്തരത്തിന്റെ ഒരു നാമം മാത്രമായിരിക്കും മിക്ക മലയാളിക്കും ഹംദര്‍ദ്. കേരളത്തില്‍ നിന്ന് 2700-ല്‍ പരം കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അരമണിക്കൂര്‍ അകലെ ഇന്ദ്രപ്രസ്ഥത്തിന്റെ തെക്കന്‍ ഭൂമികളിലൊന്നില്‍ ആര്യവേപ്പിലകളുടെ തെളിഞ്ഞ കാറ്റേറ്റ്, പച്ചപ്പുല്‍ നിരകളുടെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ നിലകൊള്ളുന്ന വിദ്യാഭ്യാസസ്ഥാപന സമുച്ചയങ്ങളാണ് ഒറ്റ വാക്കില്‍ 'ഹംദര്‍ദ്'. വിദ്യാഭ്യാസ മേഖലയില്‍ ഒരുപടികൂടി കടന്നു ചിന്തിക്കുന്നവര്‍ക്ക് 'ഹംദര്‍ദ്' ഒരു സ്റ്റഡി സര്‍ക്കിള്‍ ആണ്. ഇന്ത്യയില്‍ ഐ.എ.എസ് കോച്ചിംഗ് സെന്ററുകളില്‍ അഗ്രിമസ്ഥാനം നേടിയെടുത്ത ഒരു നാമം. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹംദര്‍ദ്, യുനാനി വൈദ്യത്തിന്റെ തട്ടകമാണ്. പരിചയ സമ്പന്നരായ വിദ്യാഭ്യാസ-സാംസ്‌കാരിക-രാഷ്ട്രീയ വിശാരദന്മാര്‍ക്ക് ഹംദര്‍ദ് എന്ന പദം, യുനാനി വൈദ്യത്തില്‍ നിന്ന് തുടങ്ങി രാജ്യവ്യാപക സ്വാധീനം നേടിയ ഒരു മഹദ് വ്യക്തിത്വത്തെ കുറിച്ച തിളക്കമാര്‍ന്ന ഓര്‍മകളാണ്. ഉര്‍ദു വാക്യമായ ഹംദര്‍ദിന് മലയാള ഭാഷയിലെ 'സഹാനുഭൂതി' എന്നര്‍ഥമാക്കാം.

         'വിഡ്ഢിയായ ഭരണാധികാരി' എന്ന് ചില ചരിത്രകാരന്മാര്‍ വിധിയെഴുതിയ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ, പാതിവഴിയില്‍ നിര്‍മിതി അവസാനിപ്പിക്കേണ്ടിവന്ന തുഗ്ലക് ഫോര്‍ട്ടിന്റെ അയല്‍പക്കത്താണ് ഹംദര്‍ദ് യൂണിവേഴ്‌സിറ്റി. ദല്‍ഹിയിലെ മലയാളി സന്ദര്‍ശകരില്‍ മിക്കവരും സന്ദര്‍ശിക്കാന്‍ മിനക്കെടാത്ത, ചരിത്രമുറങ്ങുന്ന തുഗ്ലക് ഫോര്‍ട്ടും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തില്‍ തന്നെയാണ്. ആ ചരിത്ര സത്യത്തോടുള്ള അവഗണന ഹംദര്‍ദ് സന്ദര്‍ശനത്തിന്റെ സാധ്യതകളെയും ഇല്ലാതെയാക്കുന്നു. നൂറ്റാണ്ടുകളുടെ ചരിത്രമൊന്നും ഹംദര്‍ദിന് പറയാനില്ല. പക്ഷേ, ആ സംരംഭത്തിനു പിന്നിലെ മഹദ്‌വ്യക്തിത്വത്തിന്റെ സന്ദേശങ്ങള്‍ നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് അലയൊലി തീര്‍ക്കാന്‍ പോന്നവയാണ്. ഇത് വെറും ഒരു അലങ്കാരവാക്കല്ല. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും പ്രഗല്‍ഭമതിയായ ഇന്ത്യന്‍ മുസ്‌ലിം വ്യക്തിത്വങ്ങളിലൊരാളാണ് ഹംദര്‍ദിന്റെ സ്ഥാപകന്‍. ആഗോള ബിസിനസ് സംരംഭത്തിന്റെ ഉപജ്ഞാതാവ്, ഒരു പ്രശസ്ത ചികിത്സാ രീതിയുടെ കൈകാര്യ കര്‍ത്താവ്, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തുടക്കക്കാരന്‍, ഇന്ത്യയിലെ രണ്ട് പ്രമുഖ യൂനിവേഴ്‌സിറ്റികളുടെ ചാന്‍സലര്‍, സുന്ദരമായി പണിതുയര്‍ത്തപ്പെട്ട സമുച്ചയങ്ങളുടെ സംവിധായകന്‍, പൗരാണിക ചികിത്സാരീതികള്‍ക്കും ആധുനികതക്കുമിടയില്‍ ആരോഗ്യകരമായ പാലം തീര്‍ത്ത മഹാ മനീഷി, സര്‍വോപരി ഒരു തികഞ്ഞ ദൈവ വിശ്വാസി അതായിരുന്നു ഹകീം അബ്ദുല്‍ ഹമീദ്. 

         പിതാവ് മരണപ്പെട്ടപ്പോള്‍ 14 കാരനായ അബ്ദുല്‍ ഹമീദ് അനന്തരമെടുത്തത് അദ്ദേഹം നടത്തിക്കൊണ്ടുവന്ന യൂനാനി മരുന്നിന്റെ കച്ചവടമാണ്. ലോകസമൂഹത്തിന്നാകമാനം നല്‍കാന്‍ ലാളിത്യത്തില്‍ ചാലിച്ച ഒരുപാട് സന്ദേശങ്ങള്‍ ആ മനുഷ്യന്റെ ജീവിതകാലത്തുടനീളം നിഴലിച്ചുകാണാം. രോഗങ്ങളെയും ചികിത്സാരീതികളെയും പറ്റി സ്വന്തമായ ഒരു പഠനരീതി സൃഷ്ടിച്ച് പരിചയസമ്പന്നനായ ഒരു ഭിഷഗ്വരനായി അദ്ദേഹം മാറി. ഇന്ത്യയിലെ ഖിലാഫത്ത് സമരകാലത്ത് വൈദേശികോല്‍പ്പന്നങ്ങളുടെ ബഹിഷ്‌കരണവും, അതിനെത്തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും യൂനാനി വൈദ്യത്തിന് വമ്പിച്ച പ്രോത്സാഹനമായി. സാമൂഹിക ശ്രേണിയുടെ നിമ്‌നോന്നതികള്‍ ആ ചികിത്സാരീതിയെ നെഞ്ചേറ്റുവാങ്ങാന്‍ ജനലക്ഷങ്ങള്‍ക്ക് തടസ്സമായില്ല. 1932-ല്‍ ഹകീം സാഹിബിന്റെ പത്രാധിപ നേതൃത്വത്തില്‍ ഉര്‍ദു മാസിക 'ഹംദര്‍ദെ-സിഹ്ഹത്ത്' ഇറങ്ങിത്തുടങ്ങി. പരിചയസമ്പന്നരായ നിരവധി ഡോക്ടര്‍മാരുടെ ചികിത്സാനുഭവങ്ങളും, രോഗനിര്‍ണയ രീതികളും അത് കൈകാര്യം ചെയ്തു. പിന്നീടത് 'ഹംദര്‍ദ് ദവാഖാന'യിലൂടെ ഹംദര്‍ദ് യൂനിവേഴ്‌സിറ്റിയിലേക്കും അതിന്റെ വിവിധ ശാഖകളിലേക്കും പടര്‍ന്നു പന്തലിച്ചു. 

         ഇന്ത്യന്‍ സമൂഹം അദ്ദേഹത്തിന്റെ നിഷ്‌കാമ കര്‍മങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഒരു മനുഷ്യായുസ്സില്‍ അര്‍പ്പണബോധമുള്ള ഒരു മുസ്‌ലിമിന് എന്തുനല്‍കാനാവും എന്നതിന്റെ മികവാര്‍ന്ന നിദര്‍ശനം. സ്വപ്നങ്ങളും വീക്ഷണങ്ങളും ഹകീം സാഹിബിന്റെ ഭാവനയില്‍ ഒതുങ്ങി നിന്നില്ല. അവ ചിറക് മുളച്ച് പറന്നുയര്‍ന്നു. വീക്ഷണങ്ങള്‍ പലര്‍ക്കുമുണ്ട്. ആശയസമ്പുഷ്ടവും, ദൂരദൂരഫലദായകവുമായ ദീര്‍ഘവീക്ഷണങ്ങള്‍. അവ പ്രവൃത്തി പഥത്തിലെത്തിക്കല്‍ മിക്കപ്പോഴും അസാധ്യമായിരിക്കും. ഹകീം സാഹിബ് പക്ഷേ തന്റെ വീക്ഷണങ്ങളുടെയും സ്വപ്നങ്ങളുടെയും വലിയൊരു ഭാഗം തന്റെ ജീവിത കാലത്ത് തന്നെ യാഥാര്‍ഥ്യത്തിലേക്ക് പരിഭാഷപ്പെടുത്തി.  ഒരു യൂനിവേഴ്‌സിറ്റിതന്നെ പിറവി കൊണ്ടത് മഹത്തായ സ്വപ്ന സാക്ഷാല്‍ക്കാരമായിട്ടാണ്. ഇന്ത്യാ-പാക് വിഭജനത്തിന്റെ കത്തുന്ന ദിനങ്ങളില്‍, പുറത്തിറങ്ങാന്‍ ഭയന്ന് ദല്‍ഹിയിലെ മുസ്‌ലിം സമൂഹം വീട്ടില്‍ കഴിഞ്ഞുകൂടിയ നേരങ്ങളില്‍ ഖുത്വ്ബ് മിനാറിന്റെയും തുഗ്ലക്ക് ആബാദ് ഫോര്‍ട്ടിന്റെയും ഇടയിലെ വന്യമായ ഇടങ്ങളില്‍ ഭൂമി അന്വേഷിച്ച് നടക്കുകയായിരുന്നു അബ്ദുല്‍ ഹമീദ്. എം. മുകുന്ദന്റെ 'ദല്‍ഹി ഗാഥകളി'ല്‍ അന്നത്തെ സൗത്ത് ദല്‍ഹിയുടെ യഥാര്‍ഥ ചിത്രം അക്ഷരമുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ന് വാഹനപ്പെരുപ്പം കാരണം, ഒരാള്‍ക്ക് പ്രയാസപ്പെട്ട് മാത്രം മുറിച്ചുകടക്കാന്‍ കഴിയുന്ന വിശാലമായ റോഡുകളായി അവിടം മാറി. 

         ആ റോഡുകള്‍ക്കു സമീപം ഇന്ന് നൂറ് ഏക്കറോളം ഭൂമി ഹംദര്‍ദ് യൂനിവേഴ്‌സിറ്റി കാമ്പസ് എന്ന മേല്‍വിലാസത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കാമ്പസിനോട് ചേര്‍ന്ന് 'ചഹാന്‍പനാഹ്' എന്നൊരു കാടുണ്ട്. മരുന്നിന് ഉപയോഗിക്കാവുന്ന ഫലവൃക്ഷങ്ങള്‍ പലതും ഹകീം സാഹിബ് അവിടെ കണ്ടെത്തി.  ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കരങ്ങളാല്‍ തറക്കല്ലിടപ്പെട്ട Institute of  History of  Medicine & Medical Research, ഫാക്കല്‍റ്റി ഓഫ് സയന്‍സിലൂടെ ഇപ്പോള്‍ MBBS-ല്‍ എത്തിനില്‍ക്കുന്നു. കാലക്രമത്തില്‍ വിവിധ വൈജ്ഞാനിക ശാഖാ സമുച്ചയങ്ങളുടെ പിറവിക്ക് കാരണക്കാരായി അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍. ഫാര്‍മസി, നഴ്‌സിംഗ്, യൂനാനി, സോഷ്യല്‍ സയന്‍സ്, MBBS, നാനോ ടെക്‌നോളജി, മജീദിയ ഹോസ്പിറ്റല്‍, നാഷ്‌നല്‍-ഇന്റര്‍നാഷ്‌നല്‍ ഹോസ്റ്റലുകള്‍, റാബിഅ മസ്ജിദ്, കണ്‍വെന്‍ഷന്‍ സെന്റര്‍, ആര്‍കിവ്‌സ്... ഇങ്ങനെ ഒട്ടനേകം ശാഖകള്‍. അതിലെ പല കെട്ടിടങ്ങളുടെയും നിര്‍മിതിയില്‍ ഹകീം സാഹിബിന്റെ സംവിധാന മികവ് മുഴച്ചുകാണാം. അല്ലാഹുവിന്റെ 99 നാമങ്ങള്‍ അറബിയില്‍ ചിത്രണം ചെയ്യപ്പെട്ട ഉള്‍വശമുള്ള ഒരു കെട്ടിടം 'ഗോള്‍ബില്‍ഡിംഗ്' എന്ന പേരില്‍ ഇവിടെയുണ്ട്. വിശ്വപ്രസിദ്ധ പുസ്തകങ്ങളുടെ വലിയൊരു കലവറയുണ്ടതില്‍. ആ കെട്ടിടത്തോട് ചേര്‍ന്ന് ഹകീം സാഹിബ് അന്ത്യവിശ്രമം കൊള്ളുന്നു. ഇവിടെയുള്ള മജീദിയ ഹോസ്പിറ്റല്‍, മെഡിക്കല്‍ കോളേജായി മാറിക്കൊണ്ടിരിക്കുന്നു.

         'ഓര്‍മവെച്ച കാലം മുതല്‍ ഉദയസൂര്യന്‍ തന്നെ കിടപ്പുമുറിയില്‍ കണ്ടിട്ടില്ല' എന്നത് അദ്ദേഹത്തിന്റെ തന്നെ വാക്കുകളാണ്. നിഷ്ഠയിലധിഷ്ഠിതമായ ജീവിതവീക്ഷണം അദ്ദേഹത്തിനു സമ്മാനിച്ചത് 92 വര്‍ഷത്തെ കര്‍മനിര്‍വൃതി. ഇന്ത്യാ ഗവണ്‍മെന്റ് പത്മശ്രീ, പത്മഭൂഷണ്‍ അവാര്‍ഡുകള്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. 1983-ല്‍ യു.എസ്.എസ്.ആറിന്റെ അവിസെന്ന അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. ഹകീം സാഹിബ് സ്ഥാപിച്ച ഗാലിബ് അക്കാദമി ഉര്‍ദുഭാഷാ സംസ്‌കാര പോഷണത്തിന്റെ മകുടോദാഹരണമായി മാറി. ഹകീം എന്നത് യുനാനി ഡോക്ടര്‍മാരുടെ സ്ഥാനപ്പേരാണ്. 60 വര്‍ഷത്തില്‍പരം വൈദ്യസേവന പാരമ്പര്യം അദ്ദേഹത്തിനുണ്ട്. രോഗിയുടെ നാഡിമിടിപ്പില്‍ വിരലുവെച്ച് ആന്തരികാവയവങ്ങളുടെ ന്യൂനതകളിലേക്കെത്തി നോക്കാന്‍ അസാമാന്യ കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്. തന്റെയടുക്കലേക്ക് വരാന്‍ കഴിയാത്തവിധം അവശരായ രോഗികളെ സായാഹ്‌ന സമയങ്ങളില്‍ നേരിട്ട് സന്ദര്‍ശനം നടത്തും. ഇന്ത്യ കണ്ട ഏറ്റവും വലിയ വിദ്യാഭ്യാസ വിചക്ഷണന്മാരില്‍ ഒരാളായ സാക്കിര്‍ ഹുസൈന്‍ പറഞ്ഞു: ''എന്റെ രോഗത്തിനുള്ള പകുതി മരുന്ന് ഹകീം സാഹിബുമൊത്തുള്ള സംസാരമാണ്.'' ജസ്റ്റിസ് എച്ച്.ആര്‍ ഖന്ന ആ പ്രഗത്ഭമതിയെ 'ഋഷിബാബ' എന്ന് സ്‌നേഹത്തോടെ അഭിസംബോധന ചെയ്യാറുണ്ടായിരുന്നു. ആ മഹാനുഭാവന്റെ ഭൗതിക ശരീരത്തിന് അന്ത്യയാത്ര മൊഴിയാന്‍ നിറകണ്ണുകളോടെ തിങ്ങിനിറഞ്ഞ ജനസഞ്ചയത്തില്‍ ശീതീകൃത മെഴ്‌സിഡസ് കാറില്‍ വന്നിറങ്ങിയവരും, റിക്ഷവലിക്കാരും ഉണ്ടായിരുന്നു എന്നത് ആ ഐതിഹാസികതയുടെ നിറംപൊലിപ്പിക്കുന്നു. ഈദ്-ഹോളി ആഘോഷ വേളകളില്‍ ഹിന്ദു-മുസ്‌ലിം ഭേദമില്ലാതെ ജനങ്ങള്‍ക്കദ്ദേഹം മധുരപലഹാരങ്ങളും മധുരം പകരുന്ന ഓര്‍മകളും സമ്മാനിച്ചു. സര്‍സയ്യിദിന്റെയും രാജാറാം മോഹന്‍ റോയിയുടെയും സ്വഭാവ രീതികള്‍ മേളിച്ച വ്യക്തിത്വമായി പലരും അദ്ദേഹത്തെ വാഴ്ത്തുന്നു. 

കേരളത്തിന് പുറത്ത് ഉപരിപഠനത്തിന് എസ്.ഐ.ഒ ഹെല്‍പ് ലൈന്‍
അലീഗഢ് യൂനിവേഴ്‌സിറ്റി            08267870398 (റഷാദ്)
ജാമിഅ മില്ലിയ്യ                    08802018385 (കെ.സി ഇര്‍ഫാന്‍ അലി)
ഹംദര്‍ദ് യൂനിവേഴ്‌സിറ്റി            09718201306 (ഹിലാല്‍)
ദല്‍ഹി യൂനിവേഴ്‌സിറ്റി                    08285879780 (മുഷീര്‍ ഹഖ്)
ഇഫ്‌ലു ഹൈദരാബാദ്                    09177095524 (താഹിര്‍ ജമാല്‍)
ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി  07382064362 (അഫ്‌സല്‍)
പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റി    07598728769 (അസ്‌വീല്‍)
ജെ.എന്‍.യു                            09968798510 (വസീം)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 86-88
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം