കുട്ടിക്കാലം മധുര സ്മരണകള്‍
1945 മെയ് മാസത്തില്‍, കൊടുങ്ങല്ലൂരിനടുത്ത് എറിയാട് ഗ്രാമത്തിലെ ഒരു ഇടത്തരം കര്‍ഷക കുടുംബത്തിലാണ് എന്റെ ജനനം. എറിയാടും, മാടവന, അഴീക്കോട്, കാതിയാളം തുടങ്ങിയ പരിസര ഗ്രാമങ്ങളും മുസ്‌ലിം ഭൂരിപക്ഷ മേഖലയായിരുന്നില്ലെങ്കിലും, മുസ്‌ലിം പ്രതാപം നിലനിന്ന സ്ഥലങ്ങളായിരുന്നു. അംഗസംഖ്യയെക്കാള്‍ സ്വാധീനം പൊതുവെ ഈ പ്രദേശങ്ങളില്‍ മുസ്‌ലിംകള്‍ക്കുണ്ടായിരുന്നു. സാമ്പത്തികമായി സ്വല്‍പം മെച്ചപ്പെട്ട അവസ്ഥയിലായിരുന്നു പല മുസ്‌ലിം കുടുംബങ്ങളും. ധാരാളം ഭൂസ്വത്തുള്ളവരും കച്ചവടക്കാരും ഇവിടെ ഉണ്ടായിരുന്നു. അക്കാലത്ത് മദിരാശി,ബോംബെ,കറാച്ചി, സിങ്കപ്പൂര്‍, മലയ, സിലോണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കച്ചവടാവശ്യാര്‍ഥം കുടിയേറിപ്പാര്‍ത്തിരുന്നു പലരും. ഇത് സാമ്പത്തിക വളര്‍ച്ചക്ക് മാത്രമല്ല, ഒരു വിധത്തില്‍ സാമൂഹിക ഉണര്‍വിനും കാരണമായിട്ടുണ്ടെന്ന് തോന്നുന്നു. പില്‍ക്കാലത്ത് പ്രദേശത്തുണ്ടായ വിദ്യാഭ്യാസ വളര്‍ച്ചക്കും ഉദ്യോഗമേഖലയിലേക്കുള്ള വര്‍ധിച്ച പ്രവേശത്തിനുമൊക്കെ ഇതു വഴിവെച്ചിട്ടുണ്ട്. മുസ്‌ലിംകള്‍ക്കിടയില്‍ തീരെ ദരിദ്രരും ഇടത്തരക്കാരും ഉണ്ടായിരുന്നു. ദരിദ്രരും സമ്പന്നരും തമ്മില്‍ സഹകരണമൊക്കെ ഉണ്ടായിരുന്നെങ്കിലും ഒരു വിടവ് നിലനിന്നിരുന്നുവെന്നതും വസ്തുതയാണ്.
കൃഷിയായിരുന്നു പ്രദേശത്തിന്റെ പ്രത്യേകത. തെങ്ങും നെല്ലുമായിരുന്നു പ്രധാനം. ചിലപ്പോള്‍ ഇടവിളകളും ഉണ്ടാകും. സ്വന്തമായി കൃഷി ഭൂമിയുള്ള കുടുംബങ്ങളില്‍ അരി വാങ്ങേണ്ടിവന്നിരുന്നില്ല. എന്നാല്‍ ദരിദ്ര കുടുംബങ്ങളില്‍ വലിയ കഷ്ടപ്പാടും പട്ടിണിയുമായിരുന്നു; പ്രത്യേകിച്ചും ബ്രിട്ടീഷ് ഗവണ്‍മെന്റ് റേഷന്‍ നിയന്ത്രണമേര്‍പ്പെടുത്തിയ ഘട്ടത്തില്‍. മരച്ചീനിയും കാവുത്തും ഒരു നേരം കഞ്ഞിയുമൊക്കെയായി കഷ്ടിച്ച് വിശപ്പടക്കിയിരുന്നു അത്തരം കുടുംബങ്ങള്‍. കഞ്ഞി വിളമ്പാനായി 'പിഞ്ഞാണ'ങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ചിരട്ടയുടെ കയിലോ, പ്ലാവിലയോ ഉപയോഗിച്ചാണ് കഞ്ഞികുടിക്കുക. നെല്‍വയലുകള്‍ ധാരാളമുള്ള പ്രദേശമായിരുന്നു എറിയാട്. ഇന്നെതല്ലാം നികത്തി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിറഞ്ഞു കഴിഞ്ഞു. പടിഞ്ഞാറന്‍ തീരപ്രദേശമായിരുന്നതിനാല്‍ മത്സ്യ ബന്ധനവും മത്സ്യവില്‍പനയും തൊഴിലാക്കിയവരും ഉണ്ടായിരുന്നു. വീടിനടുത്തുള്ള വയലുകളില്‍ മത്തന്‍, വെള്ളരി, കക്കരി തുടങ്ങിയ ഇടവിളകള്‍ ഉണ്ടാക്കാറുണ്ടായിരുന്നു. കുട്ടിക്കാലത്ത് അതിലൊക്കെ പങ്കാളിയായത് ഓര്‍മ്മയുണ്ട്. വേനല്‍ക്കാലത്ത് നെല്ല് കൊയ്തു കഴിഞ്ഞ ശേഷമാണ് ഇത്തരം ഇടവിളകള്‍ ഉണ്ടാക്കുക.
മുസ്‌ലിംകളുടെ മതപരമായ അവസ്ഥ പൊതുവെ മറ്റു പ്രദേശങ്ങളിലേതുപോലെത്തന്നെയായിരുന്നു എറിയാട്ടും. പരമ്പരാഗത സമുദായം. അന്ധവിശ്വാസ-അനാചാരങ്ങളൊക്കെ ഉണ്ടായിരുന്നു. 'ചന്ദനക്കുടം' എന്ന് വിളിക്കുന്ന ഉറൂസ് നടന്നിരുന്നു സാഹിബിന്റെ പള്ളിയില്‍. ഖബര്‍ കെട്ടിപ്പൊക്കി മഖ്ബറയുണ്ടാക്കിയ ഇവിടെ ഉത്സവ പ്രതീതിയിലാണ് ചന്ദനക്കുടം നടന്നിരുന്നത്. എന്നാല്‍, പിന്നീട് നവോത്ഥാന പ്രവര്‍ത്തനങ്ങളുടെയും സാമൂഹിക ഉണര്‍വിന്റെയും ഫലമായി അതിന്റെ പൊലിമ കുറഞ്ഞു. ആദ്യകാലത്തുണ്ടായിരുന്നത്ര വീര്യത്തോടുകൂടി പില്‍ക്കാലത്ത് ഉറൂസ് നടക്കുകയുണ്ടായില്ല. എന്നാല്‍, അന്ധവിശ്വാസങ്ങളുടെ ഇരുട്ട് നിറഞ്ഞുനിന്ന മറ്റു ചില പ്രദേശങ്ങളെപ്പോലെ അത്രയും പിന്നാക്കമായിരുന്നില്ല എറിയാട്. സാമൂഹികവും സാംസ്‌കാരികവുമായി ഉണര്‍വുള്ള കുറച്ചുപേരെങ്കിലും പ്രദേശത്തുണ്ടായിരുന്നു. ഇവിടെ കേന്ദ്രീകരിച്ച് പില്‍ക്കാലത്ത് രൂപപ്പെട്ട നവോത്ഥാന ശ്രമങ്ങള്‍ക്കും പ്രമുഖ വ്യക്തിത്വങ്ങളുടെ രംഗപ്രവേശത്തിനും ഇത് വഴി തുറന്നുവെന്നും ഓര്‍ക്കണം.
1933ല്‍ കേരളത്തിലുണ്ടായ കര്‍ഷക സമരത്തിന്റെ പ്രധാനകേന്ദ്രമായിരുന്നു എറിയാട്. അതില്‍ നേതൃപരമായ പങ്കുവഹിച്ച കെ.എം. ഇബ്‌റാഹീം സാഹിബ്,മൊയ്തീന്‍ സാഹിബ് തുടങ്ങിയവരുടെ പേരുകള്‍ സ്മരണീയമാണ്. സ്വാതന്ത്ര്യസമരത്തിലും സമുദായ പരിഷ്‌കരണ രംഗത്തും രാഷ്ട്രീയ മണ്ഡലത്തിലും ചരിത്രപരമായ ഇടപെടലുകള്‍ നടത്തിയ ധീരവ്യക്തിത്വം മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് പിറന്നത് അഴീക്കോടാണ്. പില്‍ക്കാലത്ത് നിരവധി പ്രമുഖവ്യക്തിത്വങ്ങള്‍ ഇവിടെ നിന്ന് ഉയര്‍ന്നുവന്നിട്ടുണ്ട്.
ഇടത്തരം കര്‍ഷക കുടുംബമായിരുന്നു ഞങ്ങളുടേതെന്ന് പറഞ്ഞുവല്ലോ. കാരണവര്‍ പറഞ്ഞു കേട്ട അഭിപ്രായമനുസരിച്ച് കൊല്ലത്തു നിന്ന് എറിയാട് വന്ന് താമസമാക്കിയതാണത്രെ ഞങ്ങളുടെ കുടുംബം. 'കൊല്ലത്ത് കടമ്പോട്ടുകാര്‍' എന്ന് കുടുംബം അറിയപ്പെട്ടുവെന്നത് ഇതിന്റെ തെളിവായി പറയാറുണ്ട്. എന്നാല്‍ ഇത്തരമൊരു കുടുംബപാരമ്പര്യം കൊല്ലത്ത് ഉള്ളതായി അറിയാന്‍ കഴിഞ്ഞിട്ടില്ല; അന്വേഷിച്ചിട്ടുമില്ല. എറിയാട്ടെ പ്രധാന കുടുംബമാണ് മണപ്പാട്ട്. താമസിക്കുന്ന സ്ഥലത്തിനനുസരിച്ച് പടിയത്ത് മണപ്പാട്ട്, പടിയത്ത് പുത്തന്‍ ചാലില്‍,പടിയത്ത് ബ്ലാങ്ങാചാലില്‍ എന്നിങ്ങനെ പല കൈവഴികളായി പിരിഞ്ഞ കുടുബം. അതിന്റെ ഒരു ശാഖയാണ് കടമ്പോട്ടുകുടുംബം എന്നാണഭിപ്രായം. എന്റെ വാപ്പ അബ്ദുല്ല മൗലവി. വാപ്പയുടെ വാപ്പയെ കണ്ട ഓര്‍മിയില്ല എനിക്ക്. ഉമ്മയുടെ കുടുംബം എറണാകുളം ജില്ലയിലെ എടവനക്കാടുനിന്ന് എറിയാട്ടേക്ക് കുടിയേറിപ്പാര്‍ത്തവരാണ്. ഉമ്മ ഖദീജ പുന്നിലത്ത് തറവാട്ടുകാരിയാണ്. എടവനക്കാട്ടെ പ്രധാന കുടുംബമാണിത്. ഉപ്പാപ്പ- ഉമ്മയുടെ ഉപ്പ-ആലിക്കുഞ്ഞിഹാജി അറിയപ്പെട്ട വ്യക്തിയായിരുന്നു. കുഞ്ഞുബീവാത്തുവെന്നായിരുന്നു ഉമ്മാമയുടെ പേര്.
വാപ്പയും സഹോദരങ്ങളും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഇത്തരമൊരു കൂട്ടുകുടുംബത്തില്‍ ജനിച്ചു വളര്‍ന്നതു കൊണ്ട് കുടുംബാംഗങ്ങളുടെ സ്‌നേഹപരിലാളനകള്‍ ഏറ്റുവാങ്ങാന്‍ എനിക്ക് ഭാഗ്യമുണ്ടായി. ഇത്തരമൊരു കുടുംബാന്തരീക്ഷം നമ്മുടെ വ്യക്തിത്വരൂപീകരണത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. വാപ്പക്ക് രണ്ട് ഭാര്യമാരിലായി ഞങ്ങള്‍ പന്ത്രണ്ടു മക്കളുണ്ടായിരുന്നു. തിരൂരിലുണ്ടായിരുന്ന കാലത്ത് അവിടെ നിന്നാണ് ആദ്യം വാപ്പ വിവാഹം കഴിച്ചത്. അതില്‍ രണ്ടു കുട്ടികളുണ്ടായി; അബ്ദുര്‍റഹ്മാന്‍, സ്വദഖത്തുല്ല, രണ്ടുപേരും മരിച്ചുപോയി. ആ ഭാര്യയുടെ മരണശേഷമാണ് വാപ്പ എന്റെ ഉമ്മയെ വിവാഹം കഴിച്ചത്. അതില്‍ പത്തു മക്കള്‍; യഥാക്രമം ഫാത്വിമ ബീവി, പ്രഫ. മുഹമ്മദലി, ആഇശ, ജമാലുദ്ദീന്‍, അബ്ദുര്‍റഷീദ്, നാസറുദ്ദീന്‍, അസ്മാബീവി, സ്വഫിയ, മുഹമ്മദ് അസ്‌ലം, ആഇശക്ക് ശേഷം നാലാമനായാണ് ഞാന്‍ ജനിച്ചത്. ഇതില്‍ നാല് പേര്‍ മരണപ്പെട്ടു.
സാമ്പത്തികമായി ഇടത്തരം കുടുംബമായിരുന്നു ഞങ്ങളുടേത്. വലിയ ഭൂസ്വത്തൊന്നും ഉണ്ടായിരുന്നില്ലെങ്കിലും വാപ്പയുടെ വാപ്പയില്‍ നിന്ന് അനന്തരം ലഭിച്ച 8-10 ഏക്കര്‍ ഭൂമി കുടുംബത്തിന്റെ കൂട്ടുസ്വത്തായി ഉണ്ടായിരുന്നു. അതെല്ലാം ഭാഗിച്ചുപോയി. പില്‍ക്കാലത്ത് അത് ചെറിയ ചെറിയ തുണ്ടുകളായി മാറി. കൃഷിക്കാരും കച്ചവടക്കാരും കുടുംബത്തിലുണ്ടായിരുന്നു. നെല്‍കൃഷിയുണ്ടായിരുന്നതുകൊണ്ട് പൊതുവെ അരി വാങ്ങേണ്ടി വന്നിരുന്നിരുന്നില്ല. പൊതുവില്‍ ദാരിദ്ര്യം നിറഞ്ഞ കാലത്തും വീട്ടില്‍ ഒരു നേരം ചോറും മീന്‍കറിയുമൊക്കെ ലഭിക്കാനുള്ള വകയുണ്ടായിരുന്നു.
സന്തോഷകരമായിരുന്നു എന്റെ കുട്ടിക്കാലം. മാതാപിതാക്കളുടെ പരിലാളനകളും കുടുംബത്തിന്റെ സ്‌നേഹവാല്‍സല്യങ്ങളും ജ്യേഷ്ഠ സഹോദരങ്ങളുടെ സംരക്ഷണവുമൊക്കെ ആവോളം ലഭിച്ചാണ് വളര്‍ന്നത്. പഠിക്കാന്‍ മോശമല്ലാതിരുന്നതിനാല്‍ സഹപാഠികളുടെയും സുഹൃത്തുക്കളുടെയും അധ്യാപകരുടെയുമൊക്കെ സ്‌നേഹവും ലഭിച്ചിരുന്നു. മൂത്ത സഹോദരിമാരുടെ ശ്രദ്ധയും പരിചരണവും എടുത്തു പറയേണ്ടതാണ്. അറബി, മലയാളം, അറബി ലിപികള്‍ അറിയുമായിരുന്ന ഉമ്മക്ക് മലയാള അക്ഷരാഭ്യാസം ഇല്ലായിരുന്നുവെങ്കിലും വലിയൊരു മനസുണ്ടായിരുന്നു. വിനയവും ലാളിത്യവുമായിരുന്നു ഉമ്മയുടെ സ്വഭാവസവിശേഷത. ഉമ്മയുടെ ഉമ്മ സാമൂഹിക- കുടുംബകാര്യങ്ങളില്‍ വലിയ ശ്രദ്ധയുള്ള ആളായിരുന്നു. അലിവും സ്‌നേഹവും ഉമ്മയില്‍ നിറഞ്ഞുനിന്നു. ഉമ്മയില്‍ ഞാന്‍ ഏറ്റവും ഇഷ്ടപ്പെട്ട ഗുണവും അതുതന്നെ. ഉമ്മയുടെയും ഉമ്മാമയുടെയും ഈ സ്വഭാവ വൈശിഷ്ട്യങ്ങള്‍ എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. പള്ളിയുമായി അടുത്ത ബന്ധമാണ് ഞങ്ങള്‍ക്കുണ്ടായിരുന്നത്. അതുകൊണ്ട് പള്ളിയിലെ ഉസ്താദുമാരും പള്ളിദര്‍സിലെ സഹപാഠികളുമൊക്കെയായി അടുപ്പമുണ്ടായിരുന്നു. അത്തരം സുഹൃത്തുക്കള്‍ പലപ്പോഴും വീട്ടിലെ സന്ദര്‍ശകരായിരുന്നു. അവരെയെല്ലാം ഹൃദ്യമായി സ്വീകരിച്ച് സര്‍ക്കരിക്കുമായിരുന്നു ഉമ്മ. നല്ല സ്വാതന്ത്ര്യമുണ്ടായിരുന്നു വീട്ടില്‍. ഏതു സുഹൃത്തിനെയും കൂട്ടി, മുന്‍ കൂട്ടി അറിയിക്കാതെത്തന്നെ വീട്ടില്‍ ചെന്നുകയറാം. വിഭവസമൃദ്ധമല്ലെങ്കിലും, അവര്‍ക്കെല്ലാം സുഭിക്ഷമായി ഭക്ഷണം കൊടുക്കാന്‍ ഉമ്മ താല്‍പര്യപ്പെട്ടിരുന്നു. ഉള്ള ഭക്ഷണം പങ്കുവെക്കുക എന്നതായിരുന്നു ഉമ്മയുടെ പോളിസി. ആ ഹൃദയവിശാലത കണ്ടു പഠിക്കേണ്ടതുതന്നെയായിരുന്നു.
അടുക്കും ചിട്ടയുമുള്ള വ്യക്തിയായിരുന്നു വാപ്പ. ഏതു കാര്യത്തിലും കര്‍ശന നിലപാടുണ്ടായിരുന്നു വാപ്പക്ക്; പഠിപ്പിക്കുന്നതിലും അച്ചടക്കം പാലിക്കുന്നതിലുമെല്ലാം. ഞങ്ങളുടെ കുടുംബത്തില്‍ ആദ്യമായി 'ഹയര്‍'പരീക്ഷ പാസായ വാപ്പക്ക് മുന്‍ഷി പരീക്ഷയില്‍ ഒന്നാം റാങ്കുണ്ടായിരുന്നു. ഹൈസ്‌കൂള്‍ അധ്യാപകനായിരുന്ന വാപ്പ, ഇരിങ്ങാലക്കുട ഗവ.ഹൈസ്‌കൂളിലും എറിയാട് ഹൈസ്‌കൂളിലുമാണ് പഠിപ്പിച്ചിരുന്നത് എന്നാണെന്റെ ഓര്‍മ്മ. തിരൂരിലും മലബാറിലെ മറ്റു ചില പ്രദേശങ്ങളിലും പള്ളിദര്‍സില്‍ പഠിച്ച ശേഷമാണ് അധ്യാപക പരീക്ഷ എഴുതിയത്. വാപ്പയുടെ വാപ്പ അത്തരം കാഴ്ചപ്പാടൊന്നും ഉള്ള ആളായിരുന്നില്ല. വാപ്പ സ്വയം ചുറ്റുപാടിന്റെ പ്രേരണക്കനുസരിച്ച് പഠിക്കുകയായിരുന്നു. അങ്ങനെ വിദ്യാഭ്യാസപരമായി വളരാന്‍ പ്രചോദനമേകുന്ന ഒരു സാമൂഹികാന്തരീക്ഷം എറിയാട്ട് ഉണ്ടായിരുന്നുവെന്നുകൂടി വേണം മനസ്സിലാക്കാന്‍. പ്രദേശത്തുകാര്‍ പൊതുവെ വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നല്‍കിയിരുന്നു. വിദ്യാര്‍ഥികളെ സ്‌കൂളിലയക്കാന്‍ താല്‍പര്യം കാണിച്ചിരുന്നു. അതുകൊണ്ട് പള്ളിദര്‍സിനുശേഷം ഹയര്‍ പരീക്ഷ എഴുതാനും തുടര്‍ന്ന് മലപ്പുറത്ത് മുന്‍ഷി ട്രെയിനിംഗിന് പോകാനും വാപ്പക്ക് കഴിഞ്ഞു. സി.എന്‍. അഹ്മദ് മൗലവിയും പിന്നീട് കരുവള്ളി മുഹമ്മദ് മൗലവിയുമൊക്കെ അവിടെ അധ്യാപകരായിരുന്നു. ഇത്തരമൊരു കുടുംബപശ്ചാത്തലവും സാമൂഹികാന്തരീക്ഷവും എന്റെ ജീവിതത്ത അനുഗൃഹീതമായ വഴികളിലേക്ക് തിരിച്ചു വിട്ടുവെന്ന് പറയാം. (തുടരും)
Comments