Prabodhanm Weekly

Pages

Search

2014 മെയ്‌ 23

യുവ വസന്തങ്ങളുടെ ചലച്ചിത്രോത്സവം

പി.എ.എം ഹനീഫ്

         'സോളിഡാരിറ്റിയുള്ള കേരളത്തിന് പത്തുവയസ്' ആഘോഷങ്ങളുടെ തുടക്കമായിരുന്നു യൂത്ത് സ്പ്രിംഗ് ഉത്സവം. കേരളീയ യൗവനത്തിന്റെ സര്‍ഗാത്മകതകളില്‍ 2014 യൂത്ത് സ്പ്രിംഗ് ചലച്ചിത്രോത്സവം ഒട്ടേറെ സുവര്‍ണ മുദ്രകള്‍ പതിപ്പിച്ചു. ഛായാഗ്രഹണ കല എന്നതിനപ്പുറം കാമറക്ക് ആയുധമാകാനും കഴിയും എന്ന് ഒപ്പിട്ടവരുടെ ഉത്സവം കൂടിയായിരുന്നു 2014 യൂത്ത് സ്പ്രിംഗ്. തീക്ഷ്ണ രാഷ്ട്രീയമുള്ള നിരവധി ചെറു സിനിമകളുടെ പാരസ്പര്യങ്ങള്‍. വിവിധ നിറങ്ങളില്‍ ഒട്ടേറെ ആനിമേഷന്‍ ചിത്രങ്ങള്‍. ചെറുപ്പത്തിന്റെ മാത്രം കൈമുദ്രയുള്ള ഒട്ടേറെ നല്ല സിനിമകള്‍. അത്ഭുതപ്പെടുത്തുന്ന കുഞ്ഞു കൈമുദ്രകള്‍.

         ഇക്കാലം സിനിമ എന്നാല്‍ സാധാരണ പ്രേക്ഷകരെ ആഹ്ലാദിപ്പിക്കുകയോ അവര്‍ക്കാവശ്യമുള്ളതെന്ന് സംവിധായകന്‍ വിശ്വസിക്കുന്ന സ്റ്റണ്ടും സെക്‌സും അടക്കം സകലതും കുത്തി നിറച്ച ഒരുതരം രുചികരമായ 'അവിയല്‍ പരുവ' സിനിമ ഉല്‍പാദിപ്പിക്കുമ്പോള്‍, യൂത്ത് സ്പ്രിംഗ് ചലച്ചിത്രോത്സവത്തില്‍ ആധുനിക ലോക സിനിമയില്‍ ചെറുപ്പത്തിന്റെ കൈയൊപ്പുകള്‍ അടയാളപ്പെടുത്തുന്നതായിരുന്നു ഒട്ടുമിക്ക സിനിമകളും.

         പുഷ്പം രാമലിംഗം അമുദന്‍ എന്ന 'പോരാളി' ആയിരുന്നു ഈ ചലച്ചിത്രോത്സവത്തിലെ യഥാര്‍ഥ താരം. തിരുച്ചിയിലെ ധര്‍മനാഥപുരം കോളനിയിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു വലിയ വിഭാഗം കീഴാളരുടെ പാദരക്ഷാ നിര്‍മാണവുമായി ബന്ധപ്പെട്ട 'കഥ' പറയുന്ന 'സെറുപ്പ്' എന്ന 54 മിനിറ്റ് ദൈര്‍ഘ്യമുള്ള തമിഴ് ഡോക്യുമെന്ററി അമുദന്റെ പോരാട്ട വീര്യം മുഴുവന്‍ ഉള്‍ക്കൊള്ളുന്നു. 'വന്ദേമാതരം', 'റേഡിയേഷന്‍ സ്റ്റോറി പാര്‍ട്ട് 3' എന്നിതുകളും വരുംകാല പോരാട്ട സിനിമകളില്‍ അമുദന്റെ മുന്‍നിര സ്ഥാനം അടയാളപ്പെടുത്തുന്നവയായി. ഗോപാല്‍ മേനോന്റെ 'നാഗാ സ്റ്റോറി', 2012-ല്‍ അസമില്‍ ബോഡോകളും മുസ്‌ലിംകളും തമ്മിലുണ്ടായ വംശീയ സംഘര്‍ഷങ്ങളുടെ രാഷ്ട്രീയ കാരണങ്ങള്‍ തെരയുന്ന 'അസം' എന്ന കൊളാഷ്, എം. നൗഷാദ് എഴുത്തുകാരന്‍ എന്നതിലുപരി ചലിച്ചിത്ര ആക്ടിവിസ്റ്റു കൂടിയാണ് എന്ന് അടയാളപ്പെടുത്തുന്നു. 'ബേര്‍ണിംഗ് ഗട്‌സ്' എം.ബി.എല്‍ മീഡിയ സ്‌കൂളിലെ പ്രതിഭകളുടെ സമ്മാനമായിരുന്നു. കസ്ൂതിരരംഗന്‍-ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ തയാറാക്കിയ ഒരു സത്യ വിശകലനം. ഹനീന, സംറ അബ്ദുര്‍റസാഖ് തുടങ്ങി നിരവധി പ്രതിഭകളുടെ കൈയൊപ്പ് വീണ നല്ലൊരു ഡോക്യുമെന്ററി. സംറയും എ.കെ ഫാസിലയും കാമറ കൊണ്ട് എഴുതിയ 'In the Name of Secularism' ഡോക്യുമെന്ററി എന്നതിലുപരി അപൂര്‍വ ദൃശ്യചാരുതയുള്ള നല്ലൊരു പെണ്‍ പോരാട്ടമായി. നാല്‍പതില്‍ പരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വേഷം മാത്രം നുള്ളിപ്പെറുക്കി ചില 'അന്ധര്‍' വിവേചനം കല്‍പിച്ച മുസ്‌ലിം പെണ്‍ വിഭാഗത്തിന്റെ ചില നേര്‍ക്കാഴ്ചകളായിരുന്നു ഈ ദൃശ്യാനുഭവം. ചില മതേതര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍വഹിക്കുന്ന പെണ്‍ അടിച്ചമര്‍ത്തലുകളെ ഈ കൊച്ചുപെണ്‍കുട്ടികള്‍ ധീരമായി നേരിടുന്നു. 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ സിനിമാനുഭവത്തിന് ജി.ഐ.ഒ പോലുള്ള സംഘടനകള്‍ തണല്‍ ഒരുക്കേണ്ടതുണ്ട്. നജ്മ നസീറിന്റെ 13 മിനിറ്റ് ദൈര്‍ഘ്യമുള്ള 'സഹയാത്രിക', സത്യന്‍ ഒഡേസയുടെ 'അഗ്നിരേഖ', ആതിര വിശ്വനാഥന്റെ 'ഇലകള്‍ മഞ്ഞ', പ്രജിത രാജേന്ദ്രന്റെ 8 മിനിറ്റ് ദൈര്‍ഘ്യമുള്ള 'മസ്‌കാര', റമീസുദ്ദീന്‍ ഒരുക്കിയ 'ജനങ്ങള്‍ക്കു വേണ്ടി' തുടങ്ങി നൂറിലധികം ചിത്രങ്ങള്‍ വര്‍ത്തമാനകാലത്ത് സിനിമ എന്ന മാധ്യമം എന്തൊക്കെ ആയിരിക്കണം എന്നതിന്റെ മികച്ച ദൃഷ്ടാന്തങ്ങളായിരുന്നു.

         മലയാള സിനിമക്കും ചില നല്ല കൊടുക്കല്‍ വാങ്ങലുകള്‍ സാധിക്കുന്നതായി യൂത്ത് സ്പ്രിംഗ് ചലച്ചിത്രോത്സവം വെളിപ്പെടുത്തുന്നു. ലോകമെങ്ങും ഉയിര്‍ക്കൊള്ളുന്ന നവ സിനിമകളുടെ വൈവിധ്യങ്ങള്‍ മാത്രമല്ല ഇതിലൂടെ നാം പഠിക്കുന്നത്. ഉരുത്തിരിയേണ്ട പുതിയ രാഷ്ട്രീയ ചലച്ചിത്ര നിര്‍മിതികളെക്കുറിച്ചും ഒട്ടേറെ നവീന പാഠങ്ങള്‍, പഠിക്കാനിനിയും വേണ്ടത്ര എന്നതും ഇത്തരമൊരു ചലച്ചിത്രോത്സവം പറയുമ്പോള്‍ സമാന മനസ്‌കരുടെ ഇതുപോലൊരു ദൃശ്യ ഉത്സവത്തിന് ആതിഥ്യമരുളിയ സോളിഡാരിറ്റിയും അതിന്റെ സാരഥി ടി. മുഹമ്മദ് വേളവും സഖാക്കളും നന്ദി അര്‍ഹിക്കുന്നു. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 86-88
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം