ബോകൊ ഹറാമിന്റെ മറവില്‍ അധിനിവേശമോ, മുസ്‌ലിം ഉന്മൂലനമോ?
പടിഞ്ഞാറെ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യം കൂടിയാണ്. പെട്രോളും കാര്‍ബോ ഹൈഡ്രേറ്റ് ഉല്‍പാദനവും മറ്റു പ്രകൃതി സമ്പത്തുകളും വിദേശ രാജ്യങ്ങള്‍ നൈജീരിയയില്‍ കണ്ണുവെക്കാന്‍ ധാരാളം മതിയായിരുന്നു. 1960-ല്‍ ബ്രിട്ടീഷ് ആധിപത്യത്തില്‍നിന്ന് സ്വാതന്ത്ര്യം നേടിയെങ്കിലും പടിഞ്ഞാറന്‍ സംസ്‌കാരത്തിന്റെ പിടിയില്‍നിന്ന് മുസ്‌ലിംകളടക്കമുള്ള ജനത മോചിതരായിരുന്നില്ല. രിയാദിലെ കിംഗ് സഊദ് യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാലത്ത് ഒരു സെമസ്റ്ററില്‍ അടുത്ത സീറ്റിലുണ്ടായിരുന്ന നൈജീരിയന്‍ വിദ്യാര്‍ഥിയായ അബ്ദുല്ല കോഫൊ കോണാക്രിയുടെ കൈവശമുണ്ടായിരുന്ന അര്‍ധ നഗ്നയായ യുവതിയെക്കുറിച്ച് 'ഭാര്യയാണോ' എന്ന എന്റെ ചോദ്യത്തിന് 'അല്ല ഗേള്‍ ഫ്രണ്ടാ'ണ് എന്നായിരുന്നു 'കൂളായ' മറുപടി. കൂടെ ജീവിച്ച് ഗര്‍ഭം ധരിക്കാനും മറ്റും കഴിയുമെന്ന് തെളിയിച്ചാല്‍ വിവാഹത്തെക്കുറിച്ച് ആലോചിക്കുമെന്നും കോണാക്രി കൂട്ടിച്ചേര്‍ത്തു. നൈജീരിയ അടക്കമുള്ള പടിഞ്ഞാറെ ആഫ്രിക്കയിലെ സാധാരണ മുസ്‌ലിം ജീവിതം വായിച്ചെടുക്കാന്‍ ഈ സംഭവം ധാരാളം മതി.
സ്വാതന്ത്ര്യം നേടുമ്പോള്‍ മുസ്‌ലിം ഭൂരിപക്ഷ രാജ്യമായിരുന്ന നൈജീരിയയില്‍ വര്‍ഷങ്ങളായി ശക്തമായ ക്രിസ്തീയവല്‍ക്കരണമാണ് നടന്നുവരുന്നത്. 2003-ലെ കണക്ക് പ്രകാരം 50.4 ശതമാനം മുസ്‌ലിംകളും 48.2 ശതമാനം ക്രിസ്തുമത വിശ്വാസികളും ബാക്കി ഇതര മതവിഭാഗങ്ങളുമാണ് നൈജീരിയയിലുണ്ടായിരുന്നത്. 2012-ലെത്തുമ്പോള്‍ നൈജീരിയന്‍ ജനസംഖ്യയുടെ 49.3% ക്രിസ്തുമത വിശ്വാസികളും 48.8% മുസ്‌ലിംകളുമാണെന്ന് Pew Research Center പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. വിദ്യാഭ്യാസപരവും സാമ്പത്തികവുമായ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ അവരെ രാഷ്ട്രീയ രംഗത്തും പിന്നാക്കക്കാരായി തന്നെ നിലനിര്‍ത്തി. സ്വാതന്ത്ര്യാനന്തര നൈജീരിയയിലെ രാഷ്ട്രീയ മേധാവിത്തം എക്കാലത്തും ക്രിസ്തീയ വിഭാഗത്തിനായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം മുസ്‌ലിം ഐഡന്റിറ്റി സ്ഥാപിക്കാന്‍ ഇസ്‌ലാമിക സംഘടനകള്‍ മുറവിളി കൂട്ടുകയും ചെറുതായ സംഘട്ടനങ്ങള്‍ നടക്കുകയും ചെയ്യാറുണ്ടായിരുന്നുവെങ്കിലും 2002-ല്‍ 'ബോകൊ ഹറാമി'ന്റെ തുടക്കംവരെ അതിന് തീവ്രവാദ രൂപം കൈവന്നിരുന്നില്ല.നൈജീരിയയിലെ ഇസ്‌ലാമിക നവജാഗരണത്തിന് തടയിടുന്നതിന് ബോകൊ ഹറാം നല്‍കിവരുന്ന 'സംഭാവന' വളരെ വലുതാണെന്ന് സാരം.
ഉത്തര നൈജീരിയയിലെ ഔദ്യോഗിക ഭാഷയായ 'ഹോസ'യില്‍ നിന്നാണ് 'ബോകൊ ഹറാം' എന്ന പേര്. അയല്‍രാജ്യമായ ഛാഡിലും 'ഹോസ' ഉപയോഗിക്കുന്നുണ്ട്. 'പാശ്ചാത്യ വിദ്യാഭ്യാസം നിഷിദ്ധം' എന്നാണ് ബോകൊ ഹറാമിന്റെ അര്‍ഥം. പാശ്ചാത്യ രാജ്യങ്ങളുടെ സഹായത്തോടെ മുസ്‌ലിം നൈജീരിയയില്‍ അതിവേഗം ക്രിസ്തീയവല്‍ക്കരണം നടന്നുകൊണ്ടിരിക്കെ ഒരു വിഭാഗം തീവ്രവാദികള്‍ ഉയര്‍ത്തിയ മുദ്രാവാക്യം പിന്നീട് പ്രസ്തുത വിഭാഗത്തിന്റെ പേരായി മാറുകയായിരുന്നു. നൈജീരിയയില്‍ ഇസ്‌ലാമിക ശരീഅത്ത് നടപ്പാക്കണമെന്ന വാദം ഉന്നയിച്ച് അതിന്‌വേണ്ടി സംഘടിച്ച ഈ വിഭാഗത്തിന്റെ യഥാര്‍ഥ പേര് 'ജമാഅത് അഹ്‌ലുസ്സുന്ന ലിദ്ദഅ്‌വ വല്‍ജിഹാദ്' എന്നായിരുന്നു. നൈജീരിയന്‍ താലിബാന്‍ എന്നും മാധ്യമ ലോകം ബോകൊ ഹറാമിനെ വിളിച്ചുവരുന്നുണ്ട്.
2002-ല്‍ സ്ഥാപിതമായ സംഘടനയുടെ സ്ഥാപക നേതാവ് കടുത്ത പശ്ചാത്യവിരോധിയായ മുഹമ്മദ് യൂസുഫായിരുന്നു. രാജ്യത്ത് പൂര്‍ണ ജനാധിപത്യ വ്യവസ്ഥ സ്ഥാപിക്കണമെന്നും വിദ്യാഭ്യാസ രംഗം പൊളിച്ചെഴുതണമെന്നുമായിരുന്നു മുഹമ്മദ് യൂസുഫിന്റെ ആവശ്യം. അഫ്ഗാനിസ്താനിലെ താലിബാന്‍ പോരാട്ടത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് 'അഫ്ഗാനിസ്താന്‍' എന്നപേരില്‍ രൂപം നല്‍കിയ സംഘടനയാണ് പിന്നീട് ബോകൊ ഹറാമായി മാറുന്നത്. മുഹമ്മദ് യൂസുഫിനെ നൈജീരിയന്‍ സൈന്യം വകവരുത്തിയ ശേഷം 2009-ലാണ് നിലവിലെ പ്രസിഡന്റ് അബൂബക്കര്‍ മുഹമ്മദ് ഷീക്കൊ സ്ഥാനമേല്‍ക്കുന്നത്. ഷീക്കൊ മുഹമ്മദ്, യൂസുഫിനെക്കാള്‍ വലിയ തീവ്രവാദിയും പാശ്ചാത്യ വിരുദ്ധനുമായാണ് അറിയപ്പെടുന്നത്.
കഴിഞ്ഞ ഏപ്രില്‍ 14-ന് നൈജീരിയിലെ ബോര്‍ണോ പ്രവിശ്യയിലെ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍നിന്ന് 200-ലധികം വരുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയതോടെയാണ് ബോകൊ ഹറാമും അബൂബക്കര്‍ മുഹമ്മദ് ഷീക്കൊയും വീണ്ടും ലോകവാര്‍ത്തകളുടെ തലക്കെട്ട് പിടിച്ചടക്കുന്നത്. ഇരുപതോളം വാഹനങ്ങളുമായെത്തിയ തീവ്രവാദി സംഘം പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോവുകയായിരുന്നു. വിദ്യാര്‍ഥികളെ വില്‍പന നടത്തുകയോ വധിക്കുകയോ ചെയ്യുമെന്നും തീവ്രവാദികള്‍ ഭീഷണി മുഴക്കി. മാനുഷിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത ഇത്തരം പ്രവൃത്തികള്‍ സ്വാഭാവികമായും ലോക മനസ്സാക്ഷിയെ ഞെട്ടിച്ചു. ഇതിനെതിരെ നൈജീരിയയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധം ഇരമ്പി. സംഭവത്തെ രൂക്ഷമായ ഭാഷയില്‍ അപലപിച്ച നൈജീരിയന്‍ മുസ്‌ലിംകളും മുസ്‌ലിം ലോകവും ഇസ്‌ലാമിക സംഘടനകളും ഇത്തരം കൃത്യങ്ങള്‍ എന്തിന്റെ പേരിലാണെങ്കിലും ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് നിരക്കാത്തതും തനി കാടത്തവുമാണെന്ന് വിലയിരുത്തി.
ഇസ്‌ലാമിക നിയമങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് ലോകത്തെ വിവിധ ഇസ്‌ലാമിക കൂട്ടായ്മകള്‍ പറഞ്ഞു. ബോകൊ ഹറാമിന്റെ പ്രവര്‍ത്തനം കാടത്തവും മനുഷ്യത്വ വിരുദ്ധവുമാണെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപറേഷന്‍ (ഒ.ഐ.സി) സെക്രട്ടറി ജനറല്‍ ഇയാദ് മദനി പറഞ്ഞു. സംഭവം ഇസ്‌ലാമിക വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒ.ഐ.സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി, മനുഷ്യാവകാശ ഫോറം തുടങ്ങിയവയും സംഭവത്തെ കടുത്ത ഭാഷയില്‍ അപലപിച്ചു. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവം അത്യന്തം കുറ്റകരമായ പ്രവൃത്തിയാണെന്നും ഭൂമിയില്‍ കലാപം സൃഷ്ടിക്കുന്നതാണെന്നും ലോക മുസ്‌ലിം പണ്ഡിതസഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഇസ്‌ലാം ഇത്തരം നീചകൃത്യങ്ങള്‍ അനുവദിക്കുന്നില്ലെന്നും എത്രയും വേഗം പെണ്‍കുട്ടികളെ മോചിപ്പിക്കണമെന്നും പണ്ഡിതസഭ ആവശ്യപ്പെട്ടു. നൈജീരിയയില്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയ സംഭവം അപലപനീയമാണെന്നും ഇസ്‌ലാമിന്റെ പ്രതിഛായ കളങ്കപ്പെടുത്തുന്ന പ്രവൃത്തികളാണ് ബോകൊ ഹറാമിന്റേതെന്നും സുഊദി ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ് പറഞ്ഞു. തെറ്റ് തിരുത്തി നേരായ മാര്‍ഗത്തിലേക്ക് മടങ്ങാന്‍ സംഘടന തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
സംഭവം നടന്ന ഉടനെ നൈജീരിയന്‍ പ്രസിഡന്റ് ഗുഡ്‌ലക്ക് ജോനാഥന്‍ പെണ്‍കുട്ടികളുടെ മോചനത്തിന് ലോക രാഷ്ട്രങ്ങളുടെ സഹായം തേടിയിരുന്നു. യു.എന്നിലെ വിദ്യാഭ്യാസ കാര്യമേധാവി ഗോര്‍ഡണ്‍ ബ്രൗണ്‍ നൈജീരിയന്‍ സ്‌കൂളുകളില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ സുരക്ഷാ സേനക്കൊപ്പം പ്രദേശവാസികളെയും ഉള്‍പ്പെടുത്തിയായിരിക്കും പദ്ധതി ആവിഷ്‌ക്കരിക്കുകയെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും യു.എന്‍ വിദ്യാഭ്യാസ മേധാവികൂടിയായ അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയ വാര്‍ത്ത പുറത്തുവന്നയുടനെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. ബോകൊ ഹറാമിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തെ നിര്‍ബന്ധിക്കുന്നതാണ് പ്രസ്തുത സംഭവമെന്നും അദ്ദേഹം പറഞ്ഞു. തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിനികളെ കണ്ടെത്താന്‍ അമേരിക്കയുടെ സഹായവും ഒബാമ വാഗ്ദാനം ചെയ്തു.
മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച തട്ടിക്കൊണ്ടുപോകല്‍ സംഭവം അരങ്ങേറിയ ഉടനെ ലോക മാധ്യമങ്ങള്‍ ബോകൊ ഹറാമിന്റെ ക്രൂരതകള്‍ ഇസ്‌ലാമിന് നേരെ ചേര്‍ത്തുവെക്കാനും സംഭവത്തിന് 'തഫ്‌സീര്‍' രചിക്കാനും ആരംഭിച്ചിരുന്നു. പ്രശസ്ത പടിഞ്ഞാറന്‍ മാധ്യമങ്ങളെല്ലാം ബോകൊയെ വിട്ട് ഇസ്‌ലാമിന്റെ 'തീവ്രത'കള്‍ വിവരിച്ചുതുടങ്ങി. സംഭവത്തിന് ഇസ്‌ലാമിക പാഠങ്ങളുമായി യാതൊരു ബന്ധവുമില്ലെങ്കിലും 'ബോകൊ ഹറാം ഇസ്‌ലാമിക് മിലിറ്റന്റ്‌സ്' എന്നാണ് വാര്‍ത്തകളില്‍ നിറഞ്ഞാടിയത്. ഇസ്‌ലാമിന് പാശ്ചാത്യ വിദ്യാഭ്യാസത്തോടുള്ള എതിര്‍പ്പാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്നും ഇസ്‌ലാമിക തീവ്രവാദമാണ് സംഭവത്തിന് പ്രചോദനമെന്നും മറ്റുമായി മാധ്യമങ്ങള്‍ രംഗം കൊഴുപ്പിച്ചു. അതിനെയും മറികടന്ന് സ്ത്രീകളുടെ സ്ഥാനം വീടാണെന്ന ഇസ്‌ലാമിക ആശയമാണ് ഇത്തരം നീചകര്‍മങ്ങള്‍ക്ക് പിന്നിലെന്നും ചില മാധ്യമങ്ങള്‍ തട്ടിവിട്ടു. അമേരിക്കന്‍ ്രപഥമ വനിത മിഷേല്‍ ഒബാമ മുതല്‍ അഫ്ഗാന്‍ വീരേതിഹാസം മലാല യൂസുഫ് സായ് വരെ ഇസ്‌ലാമിലെ പെണ്‍ജീവിത ദുരന്തം വരച്ചുകാട്ടി. വിദ്യാഭ്യാസത്തിനും പുരോഗതിക്കും അവസര സമത്വത്തിനും എതിരായ ഇസ്‌ലാമിക തീവ്രവാദം ഒരു ആഗോള വിപത്താണെന്നും അതെവിടെയായാലും കണ്ടെത്തി നേരിടേണ്ടതാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസംഗിച്ചതും മാധ്യമങ്ങള്‍ പ്രാധാന്യപൂര്‍വം റിപ്പോര്‍ട്ട് ചെയ്തു. ചുരുക്കത്തില്‍ തീവ്രവാദവും അതിന്റെ ഉല്‍പന്നമായ ഇത്തരം നികൃഷ്ടതകളും ഇസ്‌ലാമിന്റെ സംഭാവനകളാണെന്ന് വിളിച്ചുപറയാന്‍ ലഭിച്ച സുവര്‍ണാവസരം പരക്കെ നന്നായി വിനിയോഗിച്ചു.
'ബോകൊ ഹറാമി'കളുടെ പ്രസ്താവനകളും സംഭവത്തിന് ശേഷം പൊടിപൊടിച്ചു. തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെ അടിമകളായി പരിഗണിക്കുമെന്നും നിര്‍ബന്ധിച്ച് വിവാഹം ചെയ്തുകൊടുക്കുമെന്നും 'അജ്ഞാത' ബോകൊ ഹറാം വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വന്നു. ബോകൊ ഹറാം തീ്രവവാദികളുടെ റിക്കാര്‍ഡ് ചെയ്ത ശബ്ദരേഖകളും വിവിധ മാധ്യമങ്ങള്‍ ലോകത്തെ കേള്‍പ്പിച്ചു. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ചില സ്‌കൂളുകളില്‍ 'ബോകൊ'കള്‍ അതിക്രമിച്ച് കടന്ന് ആണ്‍കുട്ടികളെ വെടിവെച്ചുകൊന്നതായും പെണ്‍കുട്ടികളോട് പോയി വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ട് വിട്ടയച്ചതായും 'ആര്‍ക്കേവി'ല്‍നിന്ന് പൊടിതട്ടിയെടുത്ത റിപ്പോര്‍ട്ടുകളും പുതിയ സംഭവത്തിന് ശക്തിപകര്‍ന്ന് പ്രത്യക്ഷപ്പെട്ടു. 'ബി.ബി.സി അറബി'യുടെ ചില റിപ്പോര്‍ട്ടുകളില്‍ ബോകൊ ഹറാം പിടികൂടുന്ന സ്ത്രീകളെ അടിമകളാക്കി ഉപയോഗിക്കുന്നതായും ഇസ്‌ലാമിലെ ജിഹാദില്‍ പിടികൂടുന്നവരെ 'ഗനീമത്താ'യി ഉപയോഗിച്ചതാണ് തെളിവായി ബോകൊ ഹറാം കാണുന്നതെന്നും മറ്റുമായ വാര്‍ത്തകള്‍ ഇടം പിടിച്ചു. മറ്റൊരു വാക്കില്‍, ബോകൊ ഹറാമിന് യാതൊരു പോറലുമേറ്റില്ലെങ്കിലും ഇസ്‌ലാമിക ദര്‍ശനത്തെ കഴിയുന്നത്ര വികൃതമാക്കാന്‍ സംഭവം കാരണമായി.
ബോകോ ഹറാം തീവ്രവാദികളുടെ ചെലവില്‍ നൈജീരിയയില്‍ പാശ്ചാത്യ അധിനിവേശത്തിന് കളമൊരുങ്ങുന്നതായാണ് സൂചന. തീവ്രവാദ വേട്ടയുടെ മറവില്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും സൈനിക ഇടപെടല്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. തട്ടിക്കൊണ്ടുപോയവര്‍ക്കായുള്ള തെരച്ചിലിനാണ് ഇരു രാജ്യങ്ങളുടെയും തീവ്രവാദവിരുദ്ധ സേന നൈജീരിയയിലെത്തിയത്. ഫ്രഞ്ച് സേനയും തെരിച്ചിലിനായി നൈജീരിയയിലെത്തും. തട്ടിക്കൊണ്ടുപോയ 230-ഓളം പെണ്‍കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്നുവെന്ന് കരുതുന്ന സാമ്പിസ വനമേഖല (Sambisa Forest) വളഞ്ഞ അമേരിക്കന്‍ മറീനുകള്‍ സ്ഥലം കണ്ടെത്തിയെന്നും ഉടന്‍ മോചനമുണ്ടാകുമെന്നും ഇതെഴുതുമ്പോള്‍ റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞു. എന്നാല്‍, കാണാതായ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള തെരച്ചിലിനപ്പുറം ബോകോ ഹറാം തീവ്രവാദ സംഘടനയെ ഉന്മൂലനം ചെയ്യുകയാണ് ലക്ഷ്യമെന്നും ദൗത്യം പൂര്‍ത്തിയാക്കാന്‍ കാലതാമസമുണ്ടാകുമെന്നും മറ്റുമുള്ള നേതാക്കളുടെ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത് നൈജീരിയയില്‍ അധിനിവേശം തന്നെയാണ് ലക്ഷ്യമെന്നാണ്.
ബോകൊ ഹറാം തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിനികളെ മോചിപ്പിക്കാനെന്ന മറവില്‍ നൈജീരിയയില്‍ അധിനിവേശം നടത്തുകയാണ് അമേരിക്കയും സഖ്യകക്ഷികളും ലക്ഷ്യമിടുന്നതെന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ക്ക് അഭിപ്രായമുണ്ട്. നൈജീരിയയുടെ സമ്പത്ത് കൊള്ളയടിക്കാനും പ്രദേശത്ത് സൈനിക സാന്നിധ്യം ഉറപ്പുവരുത്താനുമുള്ള അവസരമായി സംഭവത്തെ അധിനിവേശ ശക്തികള്‍ കാണുന്നതായും അവര്‍ കരുതുന്നു. അമേരിക്കയുടെ ഇടപെടല്‍ പിന്‍വാതിലിലൂടെ നടത്തുന്ന മൃദു കൊളോണിയലിസ(Soft Colonialism)മാണെന്ന് പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ Abiodun Aremu അഭിപ്രായപ്പെട്ടു. അമേരിക്കയുടെ സ്വപ്ന സാക്ഷാല്‍ക്കാരത്തിനുള്ള അവസരമാണ് ബോകൊ ഹറാം ഒരുക്കിക്കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ സൈന്യത്തെ നൈജീരിയയിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുന്നതിലൂടെ രാജ്യത്തെ അധിനിവേശ ശക്തികള്‍ക്ക് പണയപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നൈജീരിയന്‍ സാമ്പത്തിക മേഖലയില്‍ കണ്ണും നട്ടാണ് അമേരിക്കന്‍ സൈന്യം അധിനിവേശത്തിനൊരുങ്ങുന്നതെന്ന് പ്രശസ്ത രാഷ്ട്രീയ നിരീക്ഷകന്‍ ഡേവിഡ് ഇമ്മാനുവല്‍ പറഞ്ഞു.
അതോടൊപ്പം ബോകൊ ഹറാം എന്ന ദുരൂഹ സംഘത്തിന്റെ ശക്തിയിലും പ്രവര്‍ത്തനങ്ങളിലും സംശയം പ്രകടിപ്പിക്കുന്ന ധാരാളമാളുകളുണ്ട്. നൈജീരിയയില്‍നിന്ന് ഇസ്‌ലാമിനെ തുടച്ചുനീക്കാനും രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് പിടിമുറുക്കാനും ശ്രമിക്കുന്നവരുടെ കൈയിലെ പാവകള്‍ മാത്രമാണ് ബോകൊ ഹറാമെന്നും അവര്‍ കരുതുന്നു. ബോകൊ ഹറാം എന്ന സംഘടനയുടെ പിന്നില്‍ ആരാണെന്നതും ഇവര്‍ക്ക് ആയുധവും മറ്റും എങ്ങനെ ലഭിക്കുന്നുവെന്നതും ദുരൂഹമാണ്. അള്‍ജീരിയയില്‍നിന്നും മൊറോക്കൊയില്‍നിന്നും ബോകൊ തീവ്രവാദ വിഭാഗത്തിന് ആയുധങ്ങളും മറ്റു സഹായങ്ങളും ലഭിക്കുന്നുവെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുമ്പോഴും, മലമടക്കുകളും വനങ്ങളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരം തീവ്രവാദ വിഭാഗങ്ങളെ പിടികൂടുക പ്രയാസമല്ല. വര്‍ത്തമാനകാലത്ത് സായുധ പോരാട്ടത്തിന് ആവശ്യമായ യാതൊരു സാങ്കേതിക വിദ്യയുടെയും പിന്‍ബലമില്ലാത്ത, അല്‍പം 'ഫിഖ്ഹ്' പരിജ്ഞാനം മാത്രമുള്ള ബോകൊ ഹറാം നേതൃത്വം എങ്ങനെ ഒരു രാഷ് ്രടത്തിന്റെ സായുധ ശക്തിക്ക് മുമ്പില്‍ പിടിച്ചുനില്‍ക്കുന്നുവെന്നും ഇവര്‍ ചോദിക്കുന്നു.
ലോകത്ത് പ്രവര്‍ത്തിക്കുന്ന മറ്റേത് 'ഇസ്‌ലാമിക' തീവ്രവാദ ഗ്രൂപ്പുകളെയും പോലെ ബോകൊ ഹറാമും ഇസ്‌ലാമിന് കനത്ത ്രപഹരമേല്‍പിക്കാന്‍ മാത്രം 'ശക്തരാ'ണ്. മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ബോകൊ ഹറാം തീവ്രവാദികള്‍ ചില ഗള്‍ഫ് പൗരന്മാര്‍ ധരിക്കുന്ന 'ഗുത്‌റ' എന്ന ചുവന്ന വരയുള്ള തലപ്പാവുകള്‍കൊണ്ട് തലയും മുഖവും മൂടിയിരിക്കും. നൈജീരിയയില്‍ ലഭ്യമല്ലാത്ത പ്രസ്തുത തലപ്പാവുകള്‍ തീ്രവവാദികളുടെ ചിഹ്നമാകുന്നത് ആഗോള പ്രതിഭാസത്തിന്റെ ഭാഗമാകാനേ തരമുള്ളൂ. ബോകൊ ഹറാം തീ്രവവാദ വിഭാഗം നൈജീരിയന്‍ മണ്ണില്‍ ഒരു യാഥാര്‍ഥ്യമാണെങ്കിലും രാജ്യത്തെ മുസ്‌ലിം ജനവിഭാഗത്തിന്റെ പിന്തുണ ഇവര്‍ക്കില്ല. ഏതോ അജ്ഞാത ശക്തികളുടെ കൈയിലെ പാവകളായ ഇത്തരം തീവ്രവാദികളെ ഇല്ലാതാക്കേണ്ടത് ഇസ്‌ലാമിക ലോകത്തിന്റെ ബാധ്യതയാെന്നണ് നൈജീരിയന്‍ മുസ്‌ലിംകള്‍തന്നെ പറയുന്നു. മുസ്‌ലിംകളില്‍ നല്ല സ്വാധീനമുള്ള നിരവധി ഇസ്‌ലാമിക സംഘടനകള്‍ സമാധാനപൂര്‍വം പ്രവര്‍ത്തിക്കുന്നുണ്ട് നൈജീരിയയില്‍. ബോകൊ ഹറാമിന് സാധാരണ മുസ്‌ലിംകളില്‍ യാതൊരു സ്വാധീനവുമില്ലെന്ന് നൈജീരിയയിലെ ഇസ്‌ലാമിക സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന് മനസ്സിലാക്കാം. മുസ്‌ലിംകള്‍ക്കിടയില്‍തന്നെ ഒറ്റപ്പെട്ട പ്രസ്തുത തീവ്രവാദ സംഘടനക്ക് പിന്നില്‍ ആരെന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.
എന്നാല്‍, ബോകൊ ഹറാമിന്റെ ക്രൂരതകള്‍ ഒപ്പിയെടുത്ത് ലോകത്തിന് മുമ്പിലെത്തിക്കുന്ന മാധ്യമങ്ങള്‍ ബോകൊ ഹറാമിന്റെ അനുകൂലികളെ ഉന്മൂലനം ചെയ്യാനെന്ന വ്യാജേന സാധാരണ മുസ്‌ലിംകളെ നൈജീരിയന്‍ സേന അതിക്രൂരമായി പീഡിപ്പിച്ചുകൊല്ലുന്ന സംഭവം കണ്ടതായേ നടിക്കാറില്ല. തീവ്രവാദത്തിന്റെ ലേബലൊട്ടിച്ചാല്‍ ഏത് ക്രൂരതകള്‍ക്കും മറയിടാനാകുമെന്ന സൗകര്യവും അതിനുണ്ട്. 2010-ല്‍ ഇത്തരം ഒരു ദൃശ്യം അല്‍ജസീറ പുറത്ത് വിട്ടത് ലോകത്ത് വന്‍കോളിളക്കം സൃഷ്ടിച്ചിരുന്നു. സാധാരണക്കാരായ സിവിലിയന്മാരെ 'ബോകൊ' ബന്ധം ആരോപിച്ച് പരസ്യമായി തലക്ക് വെടിവെച്ചുകൊല്ലുന്ന രംഗമാണ് അല്‍ജസീറ റിപ്പോര്‍ട്ടര്‍ ലോകത്തിന് മുമ്പിലെത്തിച്ചത്.
ഇസ്‌ലാമിക വിശുദ്ധി പോകട്ടെ, എല്ലാ മാനവ മൂല്യങ്ങളെയും ധിക്കരിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ ബോകൊ ഹറാമിന് നൈജീരിയയില്‍ ഇസ്‌ലാമോ ശരീഅത്തോ സ്ഥാപിക്കാനാവില്ലെന്നുറപ്പ്. എന്നാല്‍, ബോകൊ ഹറാം ഒരു മുസ്‌ലിം ഉന്മൂലന സാധ്യതയും അധിനിവേശ സാധ്യതയുമാണ് തുറന്നിടുന്നത്. അതിനാല്‍ തുടര്‍ന്നും നൈജീരിയയില്‍നിന്ന് ബോകൊ ക്രൂരതകള്‍ നിറഞ്ഞ വാര്‍ത്തകള്‍ പുറത്ത് വന്നേക്കും. അധിനിവേശം പൂര്‍ണമാകുന്നതോടെ മാത്രമേ തിരയടങ്ങുകയുള്ളൂ. അതുവരെ എ്രത വിലപ്പെട്ട മനുഷ്യ ജീവനുകള്‍ നഷ്ടപ്പെടുമെന്നും ഇസ്‌ലാമികവിരുദ്ധത ആളിക്കത്തുമെന്നും കണ്ടറിയണം.
Comments