Prabodhanm Weekly

Pages

Search

2014 മെയ്‌ 23

രക്ഷിതാക്കള്‍ക്ക് സംഭവിക്കുന്ന പതിനൊന്ന് വീഴ്ചകള്‍

ഡോ. ജാസിമുല്‍ മുത്വവ്വ /കുടുംബം

         മക്കളെ വളര്‍ത്തുകയെന്നത് കലയാണ്, അറിവാണ്, നൈപുണിയാണ്. നാം പലപ്പോഴും മക്കളെ വളര്‍ത്തുന്നത് തെറ്റായ പാരമ്പര്യ രീതികള്‍ പിന്‍തുടര്‍ന്നോ, പെട്ടെന്നുള്ള ദേഷ്യത്തിന്റെയോ ക്രോധത്തിന്റെയോ പ്രതികരണം പ്രകടിപ്പിച്ചോ ആണ്. ശിക്ഷണപരമായി നോക്കിയാല്‍ മക്കളെ നശിപ്പിക്കലാണത്. വൈകിയേ നമുക്കത് ബോധ്യപ്പെടൂ. മാതാപിതാക്കളുടെ തെറ്റായ ധാരണകള്‍ മൂലം നശിച്ചുപോയ മക്കളെ എനിക്കറിയാം. കുറ്റമറ്റ അടിസ്ഥാനങ്ങളും ശരിയായ സിദ്ധാന്തങ്ങളും മൂല്യങ്ങളും ആധാരമാക്കി നാം നേടേണ്ട അറിവും പരിശീലിച്ചെടുക്കേണ്ട വൈദഗ്ധ്യവുമാണ് മക്കളെ വളര്‍ത്തുക എന്ന കല. ആത്മസംസ്‌കരണത്തിനുതകുന്ന പാഠ്യ പദ്ധതികളും രീതികളും വിശദീകരിച്ച് ഖുര്‍ആനിക സൂക്തങ്ങള്‍ അവതരിച്ചത് ഇതിനാലാണ്. ശിക്ഷണപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങളാണ് നബി ചരിതം നമ്മുടെ മുമ്പില്‍ സമര്‍പ്പിക്കുന്നത്. ജീവിതാനുഭവങ്ങളിലൂടെയും പരിചയങ്ങളിലൂടെയും കിട്ടും കുറെ അറിവുകള്‍. ഇവയൊക്കെ തീര്‍ത്തും അവഗണിച്ചാണ് നാം നമ്മുടെ ശിക്ഷണ-ശീലന നടപടികള്‍ കൈക്കൊള്ളുന്നത്. ദുഃഖകരമാണിത്. മാതാപിതാക്കളുടെ ഭാഗത്ത് നിന്ന് സംഭവിച്ച് പോകുന്ന പതിനൊന്ന് തെറ്റുകള്‍ ഞാന്‍ ചൂണ്ടിക്കാണിക്കാം:

1. ബാങ്കുകളില്‍ വെച്ച ക്യാമറ പോലെ ഇരുപത്തിനാല് മണിക്കൂറും മക്കളെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന സ്വഭാവം. രാപ്പകല്‍ ഭേദമില്ലാതെ ഈ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കുന്നത് പോലെ മക്കളുടെ ഓരോ ചലനവും അനക്കവും നാം രേഖപ്പെടുത്തിവെക്കും. ഇത് നിരവധി ദോഷഫലങ്ങള്‍ ഉളവാക്കും. ആത്മവിശ്വാസമില്ലായ്മ, അനാദരവ്, നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ കള്ളക്കളി തുടങ്ങിയ ശീലങ്ങള്‍ മക്കളില്‍ ഉണ്ടാക്കാനേ ഈ രീതി ഉതകൂ. ശരിയായ രീതി മക്കളെ ഇടവിട്ടിടവിട്ട് നിരീക്ഷിക്കുകയാണ്. അല്ലെങ്കില്‍ ദൂരെ നിന്ന് നിരീക്ഷിച്ച് അവരുടെ ജീവിതരീതിയെക്കുറിച്ച് ധാരണ ഉണ്ടാക്കുകയാണ്.

2. മക്കളുടെ വസ്ത്രം, ആഹാരം, കളി, വിനോദം, അഭിരുചി തുടങ്ങി എല്ലാറ്റിലും കടന്നു കയറി ഇടപെടല്‍. ഇത് മൂലം മക്കളില്‍ ചഞ്ചല വ്യക്തിത്വമാണ് രൂപപ്പെടുക. തീരുമാനങ്ങളെടുക്കുന്നതില്‍ അശക്തരായിത്തീരും അവര്‍. ചെറിയ മാര്‍ഗ നിര്‍ദേശങ്ങളിലൂടെ തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കുകയാണ് ശരിയായ രീതി.

3. ഏക സന്തതിക്കും ജന്മനാ രോഗമോ വൈകല്യമോ ഉള്ള കുട്ടിക്കും കൊടുക്കുന്ന അതി ശ്രദ്ധയും പരിഗണനയും. ഇത് കുട്ടിയില്‍ ശാഠ്യവും മാതാപിതാക്കളുടെ കല്‍പനകളോട് ധിക്കാരഭാവവും സൃഷ്ടിക്കും. പുറമെ, കുട്ടിയെ അഹങ്കാരിയാക്കും, അവനെ ആത്മവഞ്ചനയില്‍ അകപ്പെടുത്തും.

4. കുട്ടികളെ ആരാധനാ കാര്യങ്ങളില്‍ കര്‍ക്കശമായി നിര്‍ബന്ധിക്കുകയും അവരോട് കഠിന നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന രീതി. ഈ സമീപനം അവരില്‍ മതത്തോടുള്ള അകല്‍ച്ചയും വെറുപ്പുമാണ് സൃഷ്ടിക്കുക. സുബ്ഹ് നമസ്‌കാരത്തിന്ന് ഉണരാത്ത ആറ് വയസ്സായ കുഞ്ഞിനെ അടിച്ചെഴുന്നേല്‍പിക്കുന്ന പിതാവിനെ ഞാന്‍ കണ്ടിട്ടുണ്ട്. ഇതുകൊണ്ട് കുട്ടി മാതാപിതാക്കളുടെ മുമ്പില്‍ മാത്രം നമസ്‌കരിക്കുന്നവനായിത്തീര്‍ന്നു. മതത്തെ മക്കള്‍ക്ക് പ്രിയങ്കരമാക്കിത്തീര്‍ക്കുക എന്നത് അഭ്യസിക്കേണ്ട കലയാണ്; നേടേണ്ട നൈപുണിയാണ്.

5. കുട്ടികള്‍ തെറ്റ് വരുത്തിയെന്ന് കേള്‍ക്കുമ്പോഴേക്ക് മുന്‍-പിന്‍ ചിന്തയില്ലാതെ ചാടിപ്പുറപ്പെടുന്ന രീതി. ഉടനെ തുടങ്ങും ആരോപണവും വിചാരണയും ശിക്ഷാനടപടിയും. പിന്നീടാണ് അറിയുക അബദ്ധം നമുക്കാണ് പിണഞ്ഞതെന്ന്. മക്കളുടെ മനസ്സില്‍ മാതാപിതാക്കളോട് വെറുപ്പും അവജ്ഞയും ഉളവാക്കാനേ ഇത് ഉതകൂ. ക്രമേണ പരസ്പര ബന്ധം ഉലയും.

6. മക്കളുടെ പരീക്ഷണ വാഞ്ഛയെയും പുതിയവ കണ്ടെത്താനുള്ള താല്‍പര്യത്തെയും അഭിനിവേശത്തെയും അടിച്ചമര്‍ത്തുക. ഒരു പുതിയ വിഭവം ഉണ്ടാക്കുകയായിരുന്ന മകളെ അടുക്കളയില്‍ നിന്ന് ആട്ടിയോടിച്ച ഉമ്മയെ എനിക്കറിയാം. മകളോട് സ്‌നേഹത്തോടെ സംസാരിച്ച് അവളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ഉമ്മ വേണ്ടത്.

7. തങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ കഴിയാതിരുന്നത് മക്കളിലൂടെ സാക്ഷാല്‍ക്കരിക്കാന്‍ ചില രക്ഷിതാക്കള്‍ പാടുപെടുന്നത് കാണാം. കുട്ടികളുടെ അഭിരുചിക്കും താല്‍പര്യങ്ങള്‍ക്കും ഇണങ്ങുന്നതാവണം തങ്ങളുടെ ആശയും മോഹവും എന്ന നോട്ടമേ ഉണ്ടാവില്ല. ഇംഗ്ലീഷ് ഭാഷ അറിഞ്ഞു കൂടാത്ത ഒരു ഉമ്മ തന്റെ മക്കളെ ആ ഭാഷ പഠിക്കാന്‍ നിര്‍ബന്ധിച്ചാണ് മോഹം തീര്‍ത്തത്. ഇന്ന് ആ തീരുമാനത്തില്‍ അവര്‍ ഖേദിക്കുകയാണ്. മക്കള്‍ക്ക് അറബി വായിക്കാനറിയില്ല, ഖുര്‍ആന്‍ ഓതാനും വിവരമില്ല. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കാന്‍ കഴിയാതിരുന്ന ഒരു പിതാവ് മക്കളെ ഖുര്‍ആന്‍ മനഃപാഠമാക്കി അയാളെ കേള്‍പ്പിക്കണം. മക്കളുടെ മനഃപാഠമാക്കാനുള്ള കഴിവ് ആ പിതാവ് പരിഗണിച്ചതേയില്ല. മക്കള്‍ക്ക് മതത്തോട് തന്നെ വെറുപ്പായി എന്നതാണ് ഉണ്ടായ 'നേട്ടം'

8. മക്കളെ കണക്കില്‍ കവിഞ്ഞ് വേലികെട്ടി സംരക്ഷിക്കുന്ന പ്രവണത. പക്വതയില്ലാത്ത, എന്തിനെയും ഭയക്കുന്ന, സംശയാലുവായ, അറച്ചുനില്‍ക്കുന്ന സന്തതിയെ സൃഷ്ടിക്കാനേ ഈ രീതി സഹായിക്കൂ. മക്കള്‍ക്ക് മോഹങ്ങളോ ലക്ഷ്യങ്ങളോ ഉണ്ടാവില്ല. ഉത്തരവാദിത്വങ്ങള്‍ കൈയേല്‍ക്കാന്‍ അവര്‍ വിസമ്മതിക്കും. എന്നല്ല ചിലപ്പോള്‍ അവര്‍ക്ക് മാര്‍ഗ ഭ്രംശം സംഭവിച്ചെന്നുമിരിക്കും. മക്കളോട് സന്തുലിത സമീപനം സ്വീകരിക്കുകയാണ് ശരിയായ രീതി. കുട്ടിയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തനാക്കുകയാണ് മാതാപിതാക്കള്‍ വേണ്ടത്. ജീവിത കാലം മുഴുവന്‍ അവരെ തങ്ങളെ ആശ്രയിക്കുന്നവര്‍ ആക്കിത്തീര്‍ക്കുകയല്ല.

9. ആണ്‍കുട്ടിയോടും പെണ്‍കുട്ടിയോടുമുള്ള പെരുമാറ്റത്തില്‍ വിവേചനവും വ്യത്യാസവും. നമ്മുടെ സമൂഹത്തില്‍ പൊതുവായി കണ്ടുവരുന്ന സ്വഭാവമാണിത്. നീതി പൂര്‍വ്വകമായ പെരുമാറ്റമാണ് ശരി. ആണ്‍ കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ വെറുപ്പും അകല്‍ച്ചയും സൃഷ്ടിക്കാനേ തെറ്റായ ഈ സമീപനം സഹായിക്കൂ.

10. കുട്ടികളുടെ വസ്ത്രം, ഫോണ്‍, കമ്പ്യൂട്ടര്‍, മറ്റ് പഠനോപകരണങ്ങള്‍ ഇവ നിരന്തരം പരിശോധിക്കുകയും കുറ്റം കണ്ടെത്താനുള്ള വാസനയോടെ ചാരപ്പണി നടത്തുകയും ചെയ്യുക. ഇത് രക്ഷിതാക്കളും മക്കളും തമ്മിലെ വിശ്വാസം തകര്‍ക്കും. അവരുടെ അനുവാദം ചോദിച്ചും പരിശോധനക്ക് വ്യവസ്ഥ വെച്ചും വേണമെങ്കില്‍ ഇതാകാവുന്നതാണ്.

11. കുട്ടികളുടെ വികാരവും വേദനയും മനസ്സിലാക്കാതെ അവരെ മറ്റുള്ളവരുടെ മുന്നില്‍ നിസ്സാരവല്‍ക്കരിക്കുകയും കൊച്ചാക്കുകയും ചെയ്യുക. ഇങ്ങനെ വഷളാക്കുന്ന രക്ഷിതാക്കളോട് കുട്ടിയില്‍ ക്രമേണ പ്രതികാരബുദ്ധി വളരും. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 86-88
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം