കാഫര്‍ കുഞ്ഞിമ്മായന്റെ പെണ്‍മക്കള്‍
കാഫര്‍ കുഞ്ഞിമ്മായന്റെ പെണ്‍മക്കള്‍
ടി.കെ അബ്ദുല്ല സാഹിബിന്റെ നടന്നു തീരാത്ത വഴികളില്‍ 'വേറിട്ട വ്യക്തിത്വങ്ങളു'ടെ ആദ്യ അധ്യായത്തില്‍ കാഫര്‍ കുഞ്ഞിമ്മായന്റെ പെണ്‍മക്കളെ കുറിച്ചുള്ള ഭാഗങ്ങള്‍ വായിച്ചു. ലേഖകന്‍ കാഫര്‍ കുഞ്ഞിമ്മായന്റെ പെണ്‍മക്കളെ പരാമര്‍ശിച്ചിടത്ത് ഹലീമ ആബൂട്ടിയെന്ന ഒരു മകളെ വിട്ടുപോയിട്ടുണ്ട്.
മുസ്‌ലിം പുരുഷന്മാര്‍ തന്നെ സ്‌കൂളുകളില്‍ പോകാതിരുന്ന ഒരുകാലത്ത്, പാവാടയും ബ്ലൗസുമണിഞ്ഞ് കോണ്‍വെന്റ് സ്‌കൂളിലേക്ക് പോയ തലശ്ശേരിയിലെ പെണ്‍കുട്ടികള്‍ ചരിത്രം സൃഷ്ടിച്ചിരുന്നു. മലബാറിലെ ആദ്യത്തെ മുസ്‌ലിം വനിതാ എഞ്ചിനീയര്‍ അലീക്കസ്ഥാനത്ത് നഫീസയെ സംഭാവന ചെയ്തത് തലശ്ശേരിയായിരുന്നു.
തലശ്ശേരി സഹോദരിമാര്‍ എന്നറിയപ്പെട്ട ആമിന ഹാശിം, ആഇശ റഊഫ്, ഹലീമ ആബൂട്ടി എന്നിവര്‍ വി.സി കുഞ്ഞിമ്മായന്‍ എന്ന കാഫര്‍ കുഞ്ഞിമ്മായന്റെ മക്കളായിരുന്നു.
ചണ്ഡിഗഢില്‍ നിന്ന് ഡോക്ടറായി പുറത്തിറങ്ങിയ ആമിന ഹാശിം ഊട്ടിയില്‍ ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെ പ്രസിഡന്റും ടെന്നീസ് താരവുമായിരുന്നു. മലയാളത്തിനും ഇംഗ്ലീഷിനും പുറമെ അറബി, ഫ്രഞ്ച്, റഷ്യന്‍ ഭാഷകളിലും അവര്‍ക്ക് പ്രാവീണ്യമുണ്ടായിരുന്നു. മദ്രാസ് ഫ്രഞ്ച് കോണ്‍സലില്‍ പാര്‍ട്ട് ടൈം ട്രാന്‍സലേറ്ററായിരുന്ന ആമിന ഹാശിം ലണ്ടന്‍ വിക്‌ടോറിയ കോളേജ് ഓഫ് മ്യൂസിക്കില്‍ നിന്ന് പിയാനോയില്‍ ഡിപ്ലോമയും നേടിയിരുന്നു. 1952-ല്‍ തലശ്ശേരി നിയോജക മണ്ഡലത്തില്‍ നിന്ന് മദ്രാസ് അസംബ്ലിയിലേക്ക് സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥിയായി മത്സരിച്ച ആമിന ഹാശിമാണ് മലബാറില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആദ്യത്തെ മുസ്‌ലിം വനിത.
മലബാറിലെ ആദ്യത്തെ മുസ്‌ലിം വനിതാ ഇന്‍സ്ട്രക്ടറായിരുന്നു ആഇശ റഊഫ്. മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ഏറെ പ്രവര്‍ത്തിച്ചിട്ടുള്ള ആഇശ റഊഫ് സിലോണില്‍ അധ്യാപികയായിരുന്നു. സിലോണിലെ ആദ്യ മുസ്‌ലിം വനിതാ കോളേജായ സഹീറാ കോളേജിന്റെ സ്ഥാപകയും പ്രിന്‍സിപ്പലുമായിരുന്നു അവര്‍. കൊളംബോ കോര്‍പ്പറേഷനിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഡെപ്യൂട്ടി മേയറും ആഇശ റഊഫായിരുന്നു.
സാരി ധരിച്ച് പ്രവര്‍ത്തന മണ്ഡലങ്ങളില്‍ തിളങ്ങിയ ആമിനയില്‍ നിന്നും ആഇശയില്‍ നിന്നും തികച്ചും വ്യത്യസ്തയായിരുന്നു ഹലീമ ആബൂട്ടി. തലശ്ശേരിയിലെ മുസ്‌ലിം സ്ത്രീകളുടെ വസ്ത്രമായ തടുപ്പും പെണ്‍കുപ്പായവും ധരിച്ച് സാമൂഹിക- സേവന രംഗത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഹലീമ ആബൂട്ടിക്ക് സാധിച്ചു. അവശ വിഭാഗങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച ഹലീമ തലശ്ശേരി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്.
ഹലീമ ആബൂട്ടിയുടെ മകള്‍ റംല ബാബു പിന്നീട് തലശ്ശേരി നഗരസഭയില്‍ ഇടത് സ്ഥാനാര്‍ഥിയായി മത്സരിച്ച് കൗണ്‍സിലറായിട്ടുണ്ട്. ഹലീമയുടെ പുത്ര ഭാര്യയാണ് ഇപ്പോഴത്തെ തലശ്ശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ആമിനാ മാളിയേക്കല്‍.
കെ. മുജീബുര്‍റഹ്മാന്‍, തലശ്ശേരി
സ്ത്രീകളില്‍ മദ്യാസക്തി വര്‍ധിക്കുന്നു
മദ്യത്തിന്റെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ പുരുഷന്മാരാണെങ്കിലും അതിന്റെ ദുരിതഫലങ്ങള്‍ ഏറെയും അനുഭവിക്കുന്നത് സ്ത്രീകളാണ് എന്നായിരുന്നു നമ്മുടെ ഇതുവരെയുള്ള അറിവും കാഴ്ചപ്പാടും. എന്നാല്‍ ഇതിനിരകളായിക്കൊണ്ടിരിക്കുന്ന സ്ത്രീകള്‍ക്കിടയില്‍ തന്നെ മദ്യാസക്തി ഗണ്യമായി വര്‍ധിക്കുന്നു എന്ന കണക്കുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പത്തൊമ്പത് ശതമാനം മദ്യപന്മാരുള്ള കേരളത്തില്‍ അതില്‍ അഞ്ചു ശതമാനം സ്ത്രീകളാണെന്ന കണക്കുകള്‍ ഞെട്ടിക്കുന്നതാണ്.
കോളേജ് വിദ്യാര്‍ഥിനികള്‍ക്കിടയില്‍ മദ്യപാനം ഒരു ഫാഷനായി മാറിയിരിക്കുന്നു. അതിന്റെ തോത് ക്രമാതീതമായി കൂടിയതിനു പിന്നില്‍ നമ്മുടെ സിനിമകള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. സ്ത്രീകള്‍ മദ്യപിക്കാത്ത ഒരൊറ്റ സിനിമയും ഇന്നിറങ്ങുന്നില്ല. മദ്യത്തെ മഹത്വവത്കരിച്ച് പൊതുസമൂഹത്തില്‍ സ്ത്രീകളിലൂടെതന്നെ അതിന് മാന്യതയുടെ മുഖം നല്‍കാനുള്ള ബോധപൂര്‍വമായ ഗൂഢശ്രമങ്ങള്‍ നടക്കുന്നു.
സുല്‍ഫത്ത് റാഫി കൂട്ടിലങ്ങാടി
കരിനിയമകാലത്ത് പച്ചിലകള്‍ പൊഴിയും
പൗരാവകാശ സംരക്ഷണ പ്രവര്‍ത്തകനും എ.പി.സി.ആര്‍ ദേശീയ കോ-ഓര്‍ഡിനേറ്ററുമായ അഖ്‌ലാഖ് അഹ്മദുമായി നടത്തിയ അഭിമുഖം (ലക്കം 2849) വായിച്ചു. കരിനിയമങ്ങള്‍ വഴിയും മറ്റു നിഷ്ഠുര നിയമങ്ങളിലൂടെയും നിരവധി ചെറുപ്പക്കാര്‍ വിവിധ ജയിലുകളിലായി നമ്മുടെ ഭാരതത്തില്‍ ദുരിതം പേറി ജീവിതം കഴിച്ചുകൂട്ടുന്നുണ്ട്. 'ഭീകരപ്രവര്‍ത്തകരുമായുള്ള ബന്ധം' ഉളവാക്കിയ നിന്ദയും മാനസികാഘാതവും കാരണം ഇവരുടെ കുടുംബാംഗങ്ങളുടെ മനോവേദന അതിലുമേറെയാണ്. മുസ്‌ലിംകള്‍ക്കെതിരെ വളരെ വ്യാപകമായി പുലര്‍ത്തപ്പെടുന്ന, തീര്‍ത്തും ഹീനമായ മുന്‍വിധിയുടെയും ദേശീയ അന്വേഷണ ഏജന്‍സികളുടെ നരനായാട്ടിന്റെയും ഇരകളാണ് ഇന്ന് ഇന്ത്യയിലെ വിവിധ കാരാഗൃഹങ്ങളില്‍ കഴിയുന്ന നിരപരാധികളായ ഈ വിചാരണത്തടവുകാര്‍. ഇവരുടെ മോചനം എല്ലാ മനുഷ്യ സ്‌നേഹികളുടെയും സ്വപ്നമാണ്. അല്‍ബദര്‍, ഹുജി, ലശ്കര്‍, ഇന്ത്യന്‍ മുജാഹിദീന്‍ തുടങ്ങിയ വിവിധ ഭീകര സംഘടനകളുടെ പ്രവര്‍ത്തകരോ ഏജന്റുമാരോ ആണെന്ന് ആരോപിക്കപ്പെട്ട് ഇരുമ്പഴികള്‍ക്കുള്ളില്‍ ദുരിതജീവിതം നയിച്ചുകൊണ്ടിരിക്കുന്ന ഈ യുവാക്കള്‍ക്ക് എന്നാണൊരു മോചനമുണ്ടാവുക? ഭരണകൂടവും നിയമകേന്ദ്രങ്ങളും അന്വേഷണ ഏജന്‍സികളും ഇത്തരം നീതിനിഷേധങ്ങളോട് നിസ്സംഗ സമീപനം സ്വീകരിക്കുകയോ ഇത്തരം നെറികേടുകള്‍ക്ക് കൂട്ടുനില്‍ക്കുകയോ ചെയ്യുമ്പോള്‍ ഈ യുവാക്കള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേറെയെന്ത് പോംവഴിയാണുള്ളത്?
ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ച് (195-ാം വകുപ്പ്) 'തെളിവുകള്‍ കെട്ടിച്ചമക്കുക'യെന്ന ഗുരുതരമായ കുറ്റകൃത്യം ചെയ്തുകൊണ്ടിരിക്കുന്ന ദല്‍ഹി പോലീസിന്റെ പ്രത്യേക വിഭാഗത്തെ (സ്‌പെഷല്‍ സെല്‍) നിലക്കു നിര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മുസ്‌ലിം ചെറുപ്പക്കാരെ ഭീകരതയുടെ പ്രണേതാക്കളായി മുദ്രകുത്തി ജയിലിലടക്കുന്നത് സമുദായത്തിനകത്ത് വലിയ തോതില്‍ അരക്ഷിതബോധം സൃഷ്ടിക്കുന്നുണ്ടെന്ന് ദേശീയ ന്യൂനപക്ഷ കമീഷന്‍ വ്യക്തമാക്കിയതാണ്. വളര്‍ന്നുവരുന്ന വര്‍ഗീയത, ഫാഷിസം എന്നിവയെ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ട് 1993 ജൂലൈ 11-ന് ദല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ രൂപീകരിച്ച ഫോറം ഫോര്‍ ഡെമോക്രസി ആന്റ് കമ്യൂണല്‍ അമിറ്റി (എഫ്.ഡി.സി.എ) എന്ന സംഘടനയുടെ ഇടപെടല്‍ അവശ്യമായ സന്ദര്‍ഭമാണിത്.
സാലിം ചോലയില്‍ ചെര്‍പ്പുളശ്ശേരി
സംഗീതം തന്നെ വിഷയം
ഏപ്രില്‍ 26-ന്റെ (ലക്കം 2848) പ്രബോധനത്തില്‍ ജമീല്‍ അഹ്മദ് എഴുതിയ 'ഇസ്‌ലാമിനോളം സംഗീതമുണ്ടോ' എന്ന ലേഖനം വായിച്ചു. ഏതൊന്നിനെക്കുറിച്ചും ഫത്‌വ പറയുന്ന പണ്ഡിതര്‍ ആ മേഖലയില്‍ സാമാന്യ ധാരണ നേടിയിരിക്കണമെന്ന ജമീല്‍ അഹ്മദിന്റെ അഭിപ്രായത്തോട് ആര്‍ക്കും വിയോജിക്കാന്‍ കഴിയില്ല. 'പൊതുവെ സംഗീതമെന്താണെന്ന് നിര്‍വചിക്കാന്‍ കഴിയായ്കയാണ് പ്രധാന കുഴപ്പമായി അനുഭവപ്പെടാറുള്ളത്' എന്നു ലേഖകന്‍ എഴുതിയിരുന്നുവല്ലോ.
സംഗീതം എന്നത് സ്വരങ്ങളും അനുസ്വരങ്ങളുമായി (Tones and Semi tones) പന്ത്രണ്ട് ശബ്ദവ്യത്യാസങ്ങളുടെ ആകെത്തുകയാണ.് അതില്‍ത്തന്നെ മേല്‍സ്ഥായി, കീഴ്സ്ഥായി, മന്ത്രസ്ഥായി എന്നൊക്കെയുള്ളവ വന്നാലും ഈ പന്ത്രണ്ട് സ്വരങ്ങളില്‍പ്പെടാത്ത യാതൊരു ശബ്ദവും 'ശബ്ദം' എന്ന നിലയില്‍ പ്രപഞ്ചത്തിലില്ല തന്നെ. ഇതേ പന്ത്രണ്ട് സ്വരാനുസ്വരങ്ങളില്‍ നിന്നാണ് ലോകത്തുള്ള സകല സംഗീത ശാഖകളും ഉണ്ടായിട്ടുള്ളതും. അത് ഹിന്ദുസ്ഥാനിയും കര്‍ണാട്ടിക്കുമായ ഇന്ത്യന്‍ സംഗീതമായാലും അറേബ്യനായാലും വെസ്റ്റേണായാലും ചൈനീസും ആഫ്രിക്കനും എന്തായാലും.
സംഗീതം എന്നതിനെ ഉപകരണസംഗീതമായും, വായ്പ്പാട്ടായും പ്രത്യേകം വേര്‍തിരിക്കേണ്ട കാര്യമില്ല. വെറും 'അ'കാരമോ 'ഇ'കാരമോകൊണ്ട് മനുഷ്യ ശബ്ദത്തിലൂടെയും സംഗീതം ഉണ്ടാക്കാമല്ലോ. സംഗീതം പാട്ടായി മാറുന്നത് അതില്‍ സാഹിത്യമോ കവിതയോ ചേരുമ്പോഴാണ.് ഏത് തോന്ന്യാസവും എഴുതിപ്പിടിപ്പിച്ച് സംഗീതവുമായി കൂട്ടിച്ചേര്‍ത്ത് ഗാനം എന്ന പേരില്‍ പുറത്തിറങ്ങുന്ന വൃത്തികേടിന് സംഗീതത്തെ പഴിചാരരുത്. ആ ഒരു നിലയില്‍ സംഗീതത്തെ വിലയിരുത്തുകയും അരുത്.
ദൈവാരാധനയുടെ കാര്യത്തില്‍ ക്രിസ്തീയ വിശ്വാസികള്‍ ആരാധനാഗാനങ്ങള്‍ കൊണ്ട് സംഗീതത്തെ ഒഴിച്ചുകൂടാനാവാത്ത ഒന്നാക്കി മാറ്റി. ഹിന്ദു സമൂഹത്തില്‍ ഭജനയും മറ്റുമായി ഒരു പരിധിവരെ സംഗീതത്തെ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇസ്‌ലാമില്‍ സംഗീതത്തിന് പ്രാധാന്യം കൊടുക്കുന്നില്ലെങ്കിലും ഈണത്തില്‍ സംഗീത സാന്ദ്രമായ ഖുര്‍ആന്‍ പാരായണത്തെ പ്രോത്സാഹിപ്പിക്കാത്ത, അതിഷ്ടപ്പെടാത്ത ആരാണുള്ളത്. ബിലാലിന്റെ ബാങ്കിനെ പ്രകീര്‍ത്തിക്കുന്നതും അതിലെ സംഗീതാത്മകത കൊണ്ട് തന്നെയാവാം.
ചുരുക്കത്തില്‍, ലോകനിലനില്‍പിനായി ഈ പ്രപഞ്ചത്തില്‍ സര്‍വശക്തന്‍ ഉണ്ടാക്കിയിട്ടുള്ള അത്ഭുതകരങ്ങളായ സകലതിനെപ്പറ്റിയും ആധികാരികതയോടെ വിവരിച്ചിട്ടുള്ള ഖുര്‍ആനിലും, തദ്വാര ഇസ്‌ലാമിലും സംഗീതത്തെക്കുറിച്ച് ഒരു വിരുദ്ധാഭിപ്രായം ഉണ്ടാകാന്‍ ഒരു വഴിയും കാണുന്നില്ല. അത് സൂക്ഷ്മമായി പരിശോധിക്കേണ്ടതും പഠിക്കേണ്ടതും ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കേണ്ടതും ഈയൊരു കാര്യത്തില്‍ മറ്റുള്ളവര്‍ ഇസ്‌ലാമിനെ ഇകഴ്ത്തുന്നത് അവസാനിപ്പിക്കാന്‍ ശ്രമിക്കേണ്ടതും പണ്ഡിതസമൂഹത്തിന്റെ ബാധ്യത തന്നെയാണ്.
ഏകദേശം മുപ്പത്തിയഞ്ച് വര്‍ഷത്തിലധികമായി കലാരംഗത്ത് പ്രവര്‍ത്തിക്കുകയും മിക്കവാറും അതുകൊണ്ട് തന്നെ ഉപജീവനം നടത്തുകയും ഇസ്‌ലാമിക ചര്യകളെ കഴിയുന്നത്ര പിന്‍പറ്റി ജീവിക്കുകയും ചെയ്യുന്ന ഒരു കലാകാരന്‍ എന്ന നിലയില്‍ ഇസ്‌ലാമിന് സംഗീതത്തെക്കുറിച്ചുള്ള ആധികാരികത വിശദമായി അറിയാന്‍ താല്‍പര്യമുണ്ട്. അതുകൊണ്ടു തന്നെയാണ് ഇതെഴുതിയതും.
എം.എം സൈഫ്, ഗിറ്റാറിസ്റ്റ്
'ഭാഷയുടെ രാഷ്ട്രീയം' മുഖലേഖനം ശ്രദ്ധേയമായി. അറബി, ഉര്‍ദു, പാര്‍സി ഭാഷകളോട് കേന്ദ്രം കാണിക്കുന്ന അവജ്ഞ ബോധപൂര്‍വമല്ലാതെ മറ്റെന്താണ്? അന്താരാഷ്ട്ര ഭാഷകളായ അറബി, ഉര്‍ദു, പാര്‍സി ഇവ നമ്മുടെ നാട്ടില്‍ നിലനില്‍ക്കേണ്ടതും അതിനെ വളര്‍ത്തിയെടുക്കേണ്ടതും അനിവാര്യമാണ്. യു.പി.എസ്.സിയുടെ പരീക്ഷകളില്‍ നിന്ന് ഇവ തഴയപ്പെടുന്നത് ന്യൂനപക്ഷ സമൂഹത്തോടുള്ള അവഗണനയാണ്. ഭാഷകളെ നിലനിര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് സര്‍ക്കാറിന്റെ കടമ.
അബ്ദുല്‍ മലിക് മുടിക്കല്‍
Comments