Prabodhanm Weekly

Pages

Search

2014 മെയ്‌ 23

വിജ്ഞാനത്തിന്റെ പുതു ദേശാടനങ്ങള്‍

ശിഹാബ് പൂക്കോട്ടൂര്‍ /കവര്‍‌സ്റ്റോറി

         ചിതറുക, പരക്കുക എന്നര്‍ഥമുള്ള ഗ്രീക്ക് പദത്തില്‍ നിന്ന് വന്നതാണ് ഡയസ്‌പോറ എന്ന വാക്ക്. പിറന്ന നാടും സംസ്‌കാരവും വിസ്മരിക്കാതെ മറ്റൊരു ദേശത്ത് ജീവിക്കുക എന്നതാണ് ഇതിന്റെ വിവക്ഷ. മലയാളികളുടെ കുടിയേറ്റങ്ങള്‍ വളരെ പഴക്കം ചെന്നതാണ്. മതപരമായും രാഷ്ട്രീയമായും സാമ്പത്തികമായും ചില മാനങ്ങള്‍ ഈ കുടിയേറ്റങ്ങള്‍ക്കെല്ലാം ഉണ്ടായിരുന്നു. മലയാളി മുസ്‌ലിംകളുടെ ദേശാടനവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. ബര്‍മ, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാഷ്ട്രങ്ങളിലേക്കും പിന്നീടങ്ങോട്ട് വളര്‍ന്നു വികസിച്ച ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കുള്ള കുടിയേറ്റം ഇതില്‍ വളരെ പ്രധാനമാണ്. കേരള മോഡല്‍ വികസനത്തിന്റെ പുറത്ത് നിര്‍ത്തപ്പെട്ടവരായിരുന്നു പൊതുവെ കേരളത്തിലെ മുസ്‌ലിംകള്‍. സവിശേഷമായി മലബാറിലെ മുസ്‌ലിം സമുദായം മറ്റൊരു വികസന സാധ്യതയായിട്ടാണ് ഗള്‍ഫ് കുടിയേറ്റങ്ങളെ തെരഞ്ഞെടുത്തത്. ഈ പ്രവാസം കേരളത്തെ താങ്ങിനിര്‍ത്തുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്. തൊണ്ണൂറുകളോടെ ശക്തിപ്പെട്ട ഗള്‍ഫ് കുടിയേറ്റം 'കേരള മോഡല്‍ വികസനം' നിഷേധിക്കപ്പെട്ടവര്‍ക്ക് സമാന്തരമായി വളരാനും വികസിക്കാനും സാധിക്കുന്ന ഒരു തുരുത്തായിരുന്നു. ഇതിലൂടെ അവര്‍ നേടിയെടുത്ത മതപരവും രാഷ്ട്രീയവും സാമൂഹികവും വിദ്യാഭ്യാസപരവുമായ വളര്‍ച്ച ന്യൂനപക്ഷ സമുദായത്തെ അടയാളപ്പെടുത്തുന്നതായിരുന്നു.

         എന്നാല്‍, മലബാറിലെ ജനവിഭാഗങ്ങള്‍ക്ക് ഭരണകൂടം നിഷേധിച്ച വിദ്യാഭ്യാസ അവകാശം (കേരള മോഡല്‍ വിദ്യാഭ്യാസത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടവര്‍) തിരിച്ചുപിടിക്കാനുള്ള വിജ്ഞാനത്തിന്റെ ദേശാടനത്തിന് ഒരു പതിറ്റാണ്ടായി വലിയ വര്‍ധനവുണ്ടായിരിക്കുകയാണ്. അക്കാദമിക് സാഹചര്യം, ഗുണാത്മക വിദ്യാഭ്യാസം, ഭാഷാജ്ഞാനം തുടങ്ങിയ ഘടകങ്ങള്‍ കൂടി അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരം കുടിയേറ്റങ്ങള്‍ രൂപപ്പെട്ടുവരുന്നത്. പഴയകാലത്ത് മക്കയിലേക്കും ഈജിപ്തിലേക്കുമൊക്കെ അറിവ് തേടി ദേശാന്തരഗമനങ്ങള്‍ നടത്തിയിരുന്നവരില്‍ മുസ്‌ലിംകള്‍ വളരെ കുറവായിരുന്നു. ഇന്ന് വിദ്യാഭ്യാസ കുടിയേറ്റം വലിയ തോതില്‍ വികസിച്ചിരിക്കുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക മെട്രോപോളിറ്റന്‍ സിറ്റികളിലേക്കും ഈ ഒഴുക്ക് തുടരുന്നുണ്ട്. ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ കുടിയേറിയ മലയാളികളുടെ ജനസംഖ്യ ഏകദേശം തദ്ദേശീയരുടേതിനു തുല്യമാണ്. കാമ്പസുകളിലും പുറത്ത് നിന്ന് വന്ന വിദ്യാര്‍ഥികളില്‍ ഏറ്റവും വലിയ സമുദായം മലയാളികളാണ്. എന്നാല്‍ ദല്‍ഹി, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലേക്കാണ് മുസ്‌ലിം സമൂഹത്തിനകത്തെ ഏറ്റവും ഊര്‍ജസ്വലരായ ഒരു തലമുറ കൂടുതലായി കുടിയേറുന്നത്. പ്രവാസം ഇവിടെയുണ്ടാക്കിയ (പ്രത്യേകിച്ച് മലബാറില്‍) സമാന്തര വികാസങ്ങളുടെ ഭാഗമായിട്ടാണ് വിദ്യാഭ്യാസ യാത്രകള്‍ ശക്തിപ്പെടുന്നത്. സാമ്പത്തികാഭിവൃദ്ധിയും വിദ്യാഭ്യാസ വീക്ഷണങ്ങളില്‍ വന്ന മാറ്റവും ഇത്തരം യാത്രകളെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്.

         മുസ്‌ലിം സമുദായത്തിനകത്ത് ഇത് ഏറെ മാറ്റങ്ങള്‍ക്ക് കാരണമായിത്തീര്‍ന്നിട്ടുണ്ട്. സമുദായ സംഘടനകളുടെ അജണ്ടകളില്‍ വലിയ മാറ്റം ഇത്തരം കുടിയേറ്റങ്ങള്‍ വഴി വിദ്യാഭ്യാസം നേടിയ തലമുറ ഉണ്ടാക്കിയെടുക്കുന്നു. കേരളത്തിന്റെ പരിമിതമായ കാമ്പസ് ഇടങ്ങളെ മറികടന്ന് വിശാലമായ സര്‍വകലാശാലകളിലേക്കെത്തുമ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍, ചോദ്യങ്ങള്‍, അനുഭവങ്ങള്‍ എന്നിവയെ മുന്‍നിര്‍ത്തിയാണ് നവ യാത്രകളിലൂടെ അറിവ് നേടുന്ന പുതിയ തലമുറ രാഷ്ട്രീയം ക്രമപ്പെടുത്തുന്നത്. കേരളത്തിനകത്തും കാമ്പസുകളിലും കേട്ടു പരിചയമില്ലാത്ത രാഷ്ട്രീയ വിശകലനങ്ങള്‍ കേവലമായൊരു കേന്ദ്ര സര്‍വകലാശാല അക്കാദമിക് വ്യവഹാരമല്ല; ജീവിതാനുഭവങ്ങളിലൂടെ വികസിച്ചുവരുന്ന ഒന്നാണത്. 

         കേന്ദ്ര സര്‍വകലാശാലകളില്‍ മലയാളികളുടെ സാന്നിധ്യം എന്നതിലുപരി മുസ്‌ലിം വിദ്യാര്‍ഥികളുടെ പ്രാതിനിധ്യവും അവരുടെ കൂട്ടായ്മകളുമാണ് ജെ.എന്‍.യുവിലും ജാമിഅ മില്ലിയയിലും ദല്‍ഹി യൂനിവേഴ്‌സിറ്റിയിലും ഇഫ്‌ളുവിലും ഹൈദരാബാദ് സര്‍വകലാശാലകളിലും മറ്റു സര്‍വകലാശാലകളിലും ശക്തിപ്പെട്ടുവരുന്നത്. സെക്യുലര്‍ ഐഡിയോളജിയുടെ അധീശത്വപരമായ നിര്‍വഹണങ്ങളെക്കുറിച്ച് ഇവ സ്വയം തന്നെ പല ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. ജെ.എന്‍.യു എന്ന പുരോഗമന മിത്ത് ഇതിനെ സ്വാംശീകരിക്കാനും മാറ്റിനിര്‍ത്താനും ഒരുപോലെ സന്നദ്ധമാവുന്നുണ്ട്. മുസ്‌ലിം വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ തങ്ങളുടെ ബാനറില്‍ ഉയര്‍ത്തി മുസ്‌ലിം പ്രതിനിധാനത്തിന് ഇത്തരം കൂട്ടായ്മകള്‍ക്ക് അര്‍ഹതയില്ലെന്ന സെക്യുലര്‍ ധാര്‍ഷ്ട്യമാണ് ജെ.എന്‍.യു നിര്‍വഹിക്കുന്നത്. ഇടത് സംഘടനകള്‍ ഭരണകൂട ഭീകരതയുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതും ഇതിന്റെ ഭാഗമാണ്.

         മണ്ഡല്‍ കമീഷനു ശേഷം കാമ്പസുകളിലേക്ക് വരുന്ന പിന്നാക്ക വിഭാഗങ്ങളും ഗള്‍ഫ് പ്രവാസത്തിനു ശേഷം കാമ്പസുകളില്‍ പ്രവേശിച്ച കേരളത്തിലെ മുസ്‌ലിം വിദ്യാര്‍ഥികളും തമ്മില്‍ രൂപപ്പെടുന്ന രാഷ്ട്രീയ സാമ്യതകള്‍ മുഖ്യധാര വരേണ്യതയെ പ്രകോപിപ്പിക്കുന്നുണ്ട്. കുടിയേറുന്ന വിദ്യാര്‍ഥികളെ ഭരണകൂടംതന്നെ സൂക്ഷ്മമായി നിരീക്ഷണത്തിന് വിധേയമാക്കുകയാണ്. കാമ്പസുകള്‍ക്കകത്ത് രൂപപ്പെടുന്ന ദേശീയ രാഷ്ട്രീയ ചര്‍ച്ചകള്‍, വിശകലനങ്ങള്‍ എന്നിവയധികവും നിലവിലെ പൊതുമണ്ഡലവുമായും ബന്ധപ്പെട്ടതാണ്. 'മുഖ്യധാര' രാഷ്ട്രീയ പാര്‍ട്ടികളുടെ വിദ്യാര്‍ഥി സംഘടനകള്‍ പോലും ഇതില്‍ ഒരുപരിധിവരെ പങ്കാളികളാകുന്നു. ദേശരാഷ്ട്രത്തിന്റെ രൂപീകരണ ചരിത്രവുമായും അതിന്റെ വളര്‍ച്ചയുമായും ബന്ധപ്പട്ട് കിടക്കുന്ന ആധുനിക മതേതര കാമ്പസിനെ പുനരാലോചിക്കുക എന്ന രാഷ്ട്രീയ / അക്കാദമിക് ചര്‍ച്ചകളും ഈ കാമ്പസുകളില്‍ സജീവമാണ്. പുറംനാടുകളിലേക്കുള്ള വിദ്യാഭ്യാസ കുടിയേറ്റങ്ങളുടെ തുടക്കത്തില്‍ മുസ്‌ലിം വിദ്യാര്‍ഥികളില്‍ ഉണ്ടായിരുന്ന ആധുനിക ത്വര ഇപ്പോള്‍ ശക്തിപ്പെട്ട നവ വിദ്യാഭ്യാസ യാത്രകളില്‍ കാണപ്പെടുന്നില്ല. അതുകൊണ്ടുതന്നെ കാമ്പസുകളില്‍ മതവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ധാരാളം നടക്കുന്നുണ്ട്. മത സംഘടനകളുടെ വിവിധ പരിപാടികള്‍ മാത്രമല്ല ഈദുഗാഹുകള്‍ വരെയും കാമ്പസുകളില്‍ നടക്കുന്നുണ്ട്. മുസ്‌ലിം വിദ്യാര്‍ഥിയുടെ/ വിദ്യാര്‍ഥിനിയുടെ മത ചിഹ്നങ്ങള്‍ കേവലം വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമായിട്ടല്ല ഇവിടങ്ങളില്‍ ഉയര്‍ത്തപ്പെടുന്നത്. ദല്‍ഹിയിലും ഹൈദരാബാദിലുമുള്ള കാമ്പസുകളില്‍ മുസ്‌ലിം വിദ്യാര്‍ഥിനികളുടെ സാന്നിധ്യം വളരെ വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവര്‍ ധരിക്കുന്ന മഫ്ത കാമ്പസുകളില്‍ സെക്യുലര്‍ ലിബറലുകളുടെയും നൈതിക രാഷ്ട്രീയത്തിന്റെയും ഇടയിലുള്ള ഒരു സംവാദ വിഷയമാണ്. മഫ്തക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നത് കേവല ലിബറല്‍ അവകാശത്തിന്റെ പൂര്‍ത്തീകരണത്തിനല്ല. മറിച്ച്, ഇസ്‌ലാമിക മൂല്യങ്ങളില്‍ ഊന്നി തങ്ങളുടെ നൈതിക രാഷ്ട്രീയ ബോധ്യങ്ങളെ പ്രകടിപ്പിക്കുന്നതിനു വേണ്ടിയുമാണ് എന്നാണ് മുസ്‌ലിം വിദ്യാര്‍ഥിനികളുടെ സംഘങ്ങള്‍ വാദിക്കുന്നത്.

         കാമ്പസുകള്‍ക്കകത്ത് രൂപപ്പെട്ടുവരുന്ന ഇത്തരം സംവാദങ്ങള്‍ കൂടുതല്‍ ജനാധിപത്യ ഇടങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. മലയാളി കൂട്ടായ്മകള്‍, അതില്‍തന്നെ വ്യത്യസ്ത അഭിരുചികള്‍ ഒരുമിക്കുന്ന ആഘോഷങ്ങള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. ഏതെങ്കിലും ഒരാഘോഷത്തെ ഏറ്റെടുക്കുന്നതിനു പകരം ആഘോഷങ്ങളിലും വേദികളിലും ജനാധിപത്യ ഇടങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതിനും മുസ്‌ലിം വിദ്യാര്‍ഥികളുടെ കൂട്ടായ്മകള്‍ക്ക് സാധിച്ചിട്ടുണ്ട്. മലബാര്‍ പ്രദേശങ്ങളില്‍ നിന്നാണ് (മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍) ധാരാളം വിദ്യാര്‍ഥികള്‍ കേന്ദ്ര സര്‍വകലാശാലകളില്‍ എത്തിപ്പെട്ടിരിക്കുന്നത്. അവരുടേതായ പരിമിതികള്‍ക്കകത്തും വിദ്യാഭ്യാസപരമായ പുരോഗതി നേടാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. ഗുണനിലവാരമുള്ള പ്രബന്ധങ്ങളും ഗവേഷണ തിസീസുകളും അവരിലൂടെ പുറത്തിറങ്ങുന്നുണ്ട്. കേരള ചരിത്രമെഴുത്തില്‍ മുഖ്യധാര അവഗണിച്ച ചരിത്രങ്ങളെയും പ്രദേശങ്ങളെയും സാമൂഹിക വ്യവഹാരങ്ങളെയും പ്രകാശിപ്പിക്കുന്ന അന്വേഷണങ്ങളാണ് ഇത്തരം ഗവേഷണങ്ങളിലധികവും. പുതിയ മേഖലകളിലേക്കു കൂടി ഗവേഷണ മേഖലകള്‍ വികസിച്ചാല്‍ സമഗ്രമായ സംഭാവനകള്‍ അര്‍പ്പിക്കാന്‍ അവര്‍ക്ക് സാധിക്കും. ജനാധിപത്യ-മതേതര സങ്കല്‍പങ്ങളെക്കുറിച്ച ്പുനരാലോചനകള്‍ നടത്തുന്ന ഇടതു/വലതു കാമ്പസുകള്‍ സ്ഥാപിച്ചെടുത്ത നെഹ്‌റുവിയന്‍ പ്രോജക്ടിന്റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യുന്ന, പാര്‍ശ്വവത്കൃത ജനവിഭാഗങ്ങളുടെ ജീവിതത്തെയും സംസ്‌കാരത്തെയും വ്യക്തമാക്കുന്ന ധാരാളം ഗവേഷണ പ്രബന്ധങ്ങള്‍ മലയാളി വിദ്യാര്‍ഥികളുടെ പുതുതലമുറയില്‍ നിന്ന് ലഭ്യമാകുന്നുണ്ട്. കാമ്പസില്‍ നടക്കുന്ന ഏത് പൊതു എന്‍ഗേജ്‌മെന്റുകളിലും ഇവരുടെ സാന്നിധ്യമുണ്ട്. സംവാദങ്ങളിലും വര്‍ത്തമാനങ്ങളിലും മാത്രമല്ല, ഇലക്ഷനുകളിലും ഇത്തരം വിഷയങ്ങള്‍ പ്രതിപാദ്യമാവുകയും അവയെ പ്രതിനിധീകരിച്ച് മത്സരിക്കുകയും ചെയ്യുന്നവരുണ്ട്. എസ്.ഐ.ഒ ഇഫഌവിലും ഹൈദരാബാദ് സര്‍വകലാശാലകളിലും മത്സരിക്കുകയും വിജയം നേടുകയും ചെയ്തിട്ടുണ്ട്.

         നവകുടിയേറ്റത്തിന്റെ മറ്റൊരു പ്രത്യേകത മതസംഘടനകളുടെ സ്വാധീനമാണ്. ദല്‍ഹിയിലും ഹൈദരാബാദിലും ചെന്നൈയിലും ബംഗളൂരുവിലും മുംബൈയിലും എത്തുന്നവരിലധികവും ഏതെങ്കിലും മത സംഘടനയുമായി ബന്ധപ്പെട്ടവരാണ്. കേരളത്തില്‍ നിന്ന് വ്യത്യസ്തമായി മുസ്‌ലിം/ ഇസ്‌ലാം വിദ്യാര്‍ഥി സംഘടനകള്‍ എല്ലാവരും പരസ്പരം സഹകരിച്ചാണ് ഇവിടങ്ങളില്‍ പ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും സംഘടിപ്പിക്കുന്നത്. സംഘടനാപരമായ അയിത്തം ഈ തലമുറയില്‍ തീരെയില്ല എന്ന് പറയുന്നതാവും ശരി. എല്ലാ മുസ്‌ലിം സംഘടനകളിലെയും സമുദായത്തിലെയും ക്രീമാണ് ഓരോ വര്‍ഷവും നാടുകടന്ന് അറിവു തേടുന്നത്. ഈ അഡ്മിഷന്‍ വര്‍ഷത്തിലും ധാരാളം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്. സമുദായത്തിനകത്തും സംഘടനകള്‍ക്കകത്തും ഇതിനാനുപാതികമായ മാറ്റങ്ങള്‍ വളരെ കുറവാണ്. എന്നാല്‍ സംഘടനകള്‍ക്ക് ഇവരുടെ സംവേദന ശേഷിയെയും അക്കാദമിക യോഗ്യതകളെയും പരിഗണിക്കാതെ മുന്നോട്ടുപോകാന്‍ കഴിയാത്ത വിധം വിദ്യാഭ്യാസ കുടിയേറ്റം ശക്തിപ്പെട്ടിട്ടുണ്ട്. ആസൂത്രണത്തോടെ ഇവരുടെ കഴിവുകള്‍ എങ്ങനെ സമുദായത്തിനകത്തേക്കും പുറത്തേക്കും വികസിപ്പിക്കാന്‍ സാധിക്കുമെന്ന് ആലോചിക്കേണ്ടതുണ്ട്. മുസ്‌ലിം സമുദായത്തിന്റെ വലിയൊരു ബൗദ്ധിക സമ്പത്താണ് ഈ പുതു ദേശാടനങ്ങളിലൂടെ ശക്തിയാര്‍ജിക്കുന്നത്. ഭരണകൂടവും കാവി ഡസ്‌ക്കുകളും ഇതിനെ ജാഗ്രതയോടെ നേരിട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ഇവരെ സ്വീകരിക്കാനുള്ള സംവിധാനങ്ങളും അഴിച്ചുപണികളും സമുദായ സംഘടനകള്‍ക്കകത്ത് അടിയന്തരമായി നടക്കേണ്ടതുണ്ട്.  


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 86-88
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം