Prabodhanm Weekly

Pages

Search

2014 മെയ്‌ 23

മലബാര്‍ വിദ്യാര്‍ഥികളുടെ ഉപരിപഠനം സര്‍ക്കാറിനെന്തുണ്ട് പറയാന്‍?

അമീന്‍ഹസന്‍ മോങ്ങം /കവര്‍‌സ്റ്റോറി

         എസ്.എസ്.എല്‍.സി ഫലം പുറത്തുവന്നു. പ്രതീക്ഷിച്ചപോലെ വമ്പിച്ച വിജയ ശതമാനം. റെക്കോര്‍ഡ് വേഗത്തില്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി 19 ദിവസത്തിനകം ഫലപ്രഖ്യാപനം. നടന്നതൊക്കെ നല്ല കാര്യം. പത്ത് കടന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉപരിപഠനത്തിന് അവസരം കൂടി ഒരുക്കുമ്പോഴേ ഈ റെക്കോര്‍ഡ് പ്രകടനവും വിജയവും പൂര്‍ണമാവുകയുള്ളൂ.

         കേരളത്തില്‍ ഇത്തവണ പാസായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും (4,42,678) തുടര്‍ന്ന് പഠിക്കാനുള്ള സൗകര്യം കേരളത്തിലില്ല. 3,26,780 ഹയര്‍സെക്കന്ററി സീറ്റുകളാണ് കേരളത്തിലുള്ളത്. വി.എച്ച്.എസ്.ഇ, പോളിടെക്‌നിക്ക്, ഐ.ടി.ഐ സീറ്റുകളെല്ലാം ചേര്‍ത്താല്‍ പോലും 77,158 വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനാവസരമില്ല. വിജയ ശതമാനം വര്‍ധിപ്പിച്ച് ആഘോഷമാക്കുന്ന സര്‍ക്കാറിന് ഈ വിദ്യാര്‍ഥികളുടെ ഉപരിപഠനം ഉറപ്പുവരുത്താനുള്ള ബാധ്യത കൂടിയുണ്ട്. 

         അവസരം നഷ്ടപ്പെടുന്ന 77,158 വിദ്യാര്‍ഥികളില്‍ 62,176 പേരും മലബാറിലാണ് എന്നുള്ളത് ഭരണകൂടം മലബാറിനോട് തുടരുന്ന വിവേചന ഭീകരതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിത്തീര്‍ന്നിരിക്കുന്നു. മലബാറിനോട് കാണിക്കുന്ന അവഗണനയുടെ ആഴം പൊതുജന ശ്രദ്ധയില്‍ വന്നത് വിദ്യാഭ്യാസരംഗത്തെ വിവേചനമവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 2006-ല്‍ എസ്.ഐ.ഒ ഉയര്‍ത്തിക്കൊണ്ടുവന്ന സമരങ്ങളിലൂടെയായിരുന്നു. കേരളമെന്നാല്‍ ഒരൊറ്റ ഏകകമല്ലെന്ന യാഥാര്‍ഥ്യത്തെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഉറക്കെ വിളിച്ചുപറഞ്ഞ് എസ്.ഐ.ഒവിന്റെ നേതൃത്വത്തില്‍ നടന്ന അവകാശ പോരാട്ടത്തെ തുടര്‍ന്ന് മലബാറിനോടുള്ള വിവേചനത്തെ കണ്ടില്ലെന്ന് നടിച്ചിരുന്ന അധികാരിവര്‍ഗം ഐക്യകേരളം നിലവില്‍ വന്ന കാലം മുതല്‍ ആരംഭിച്ച വിവേചന ഭീകരത പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ചെറിയ തോതിലെങ്കിലും നടത്താന്‍ നിര്‍ബന്ധിതരായി. അങ്ങനെയാണ് 2008-ല്‍ മലബാറില്‍ പ്ലസ്ടുവിന് അധിക ബാച്ചുകള്‍ അനുവദിക്കപ്പെട്ടത്. തുടര്‍ന്ന് വന്ന വര്‍ഷങ്ങളില്‍ താല്‍ക്കാലികമായി അഡീഷണല്‍ സീറ്റുകള്‍ അനുവദിച്ചും മറ്റുമൊക്കെ സര്‍ക്കാറുകള്‍ ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് വെളിപ്പെടുത്തുന്നതാണ് കഴിഞ്ഞ വര്‍ഷവും ഓപണ്‍ സ്‌കൂളില്‍ റജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ എണ്ണം സൂചിപ്പിക്കുന്നത്.

         കേരളത്തില്‍ ഹയര്‍ സെക്കന്ററികളില്ലാത്ത പഞ്ചായത്തുകളിലെ ഹൈസ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്തും നിലവിലുള്ള ഹയര്‍സെക്കന്ററികളില്‍ അധിക ബാച്ചുകള്‍ അനുവദിച്ചും മലബാറിലെ ജില്ലകളില്‍ നിലനില്‍ക്കുന്ന പ്ലസ് ടു സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കാന്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. യോഗ്യതയുള്ള സ്‌കൂളുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിപ്പിക്കുകയും ചെയ്തു. ഇതോടൊപ്പം എറണാകുളം, തൃശൂര്‍ ജില്ലകളിലും അധിക ബാച്ചുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

         എന്നാല്‍ തെക്കന്‍ ജില്ലകളിലെ മാനേജ്‌മെന്റുകളെ കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ചില സ്വകാര്യ മാനേജ്‌മെന്റുകള്‍ ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് സിംഗിള്‍ ബെഞ്ച് സര്‍ക്കാര്‍ നടപടികള്‍ സ്റ്റേ ചെയ്തു. ഇതേ തുടര്‍ന്ന് 10% വീതം രണ്ട് തവണയായി അണ്‍എയ്ഡഡ് മേഖലയിലടക്കം നിലവിലെ ബാച്ചുകളില്‍ അഡീഷനല്‍ സീറ്റുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് കഴിഞ്ഞ വര്‍ഷത്തേക്കുള്ള താല്‍ക്കാലിക നടപടിയായിരുന്നു. കഴിഞ്ഞ മാസം സര്‍ക്കാറിന്റെ അപ്പീല്‍ പരിഗണിച്ച ഹൈകോടതി ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ചിന്റെ സ്റ്റേ നടപടി ഒഴിവാക്കുകയും സര്‍ക്കാര്‍ തീരുമാനത്തിന് അംഗീകാരം നല്‍കുകയും ചെയ്തു. തെക്കന്‍ ജില്ലകളില്‍ സീറ്റുകള്‍ കുറവുണ്ടെങ്കില്‍ അതുകൂടി പരിഗണിക്കണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍, സര്‍ക്കാര്‍ നടപടികള്‍ അട്ടിമറിക്കാന്‍, കഴിഞ്ഞ വര്‍ഷം 50,000ത്തില്‍ പരം സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നുവെന്നും ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടന്നത് മലപ്പുറം ജില്ലയിലുമാണെന്നും മറ്റുമുള്ള വലിയ പ്രചാരണങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. എസ്.എസ്.എല്‍.സി ഫലപ്രഖ്യാപന ദിവസം തന്നെ ഹയര്‍സെക്കന്ററി ഡയറക്ടര്‍ അടക്കമുള്ളവര്‍ പത്രസമ്മേളനത്തില്‍ സൂചിപ്പിച്ച വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ടാണ് ഈ പ്രചാരണം. 

         ഏകജാലക സംവിധാനത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പ്ലസ്ടു സീറ്റുകള്‍ ഒഴിഞ്ഞു കിടന്നിരുന്നു. സര്‍ക്കാര്‍ അധിക സീറ്റുകളനുവദിച്ചപ്പോള്‍ അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് കൂടി നല്‍കിയതോടെ ഇത് വര്‍ധിച്ചു. അണ്‍എയ്ഡഡ് സ്‌കൂളുകളിലെ സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം തന്നെയുള്ള വലിയ ഫീസിന് പുറമെ പി.ടി.എ ഫണ്ടും ഡൊണേഷനുമായി ഭീമമായ തുക നല്‍കേണ്ടിവരുന്നതും അണ്‍എയ്ഡഡ് മേഖലയില്‍ വിദ്യാര്‍ഥികള്‍ പ്രവേശിക്കാതിരിക്കുന്നതിന് കാരണമാകുന്നു. ഇതിന് പുറമെ വിദ്യാര്‍ഥികളില്ലാത്ത എസ്.സി, എസ്.ടി സംവരണ സീറ്റുകളും വിദ്യാര്‍ഥികള്‍ കുറവുള്ള ചില ട്രൈബല്‍ മേഖലകളിലെയും റിമോട്ട് ഏരിയകളിലെയും സ്‌കൂളുകളിലെ സീറ്റുകളും മാത്രമാണ് സംസ്ഥാനത്ത് ഒഴിഞ്ഞ് കിടന്നത്. സി.ബി.എസ്.ഇ സ്‌കൂള്‍ ലെവല്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികളെ പ്ലസ്ടു പ്രവേശനത്തിന് പരിഗണിക്കാതിരുന്നതും ഇതിന് കാരണമായി. സ്റ്റേറ്റ് സിലബസില്‍ എസ്.എസ്.എല്‍.സി പാസായ വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നു എന്നത് ചൂണ്ടിക്കാട്ടിയും സീറ്റ് വര്‍ധനവിനെ എതിര്‍ക്കുന്നവരുണ്ട്. എന്നാല്‍ പത്താം ക്ലാസ് വരെ സ്റ്റേറ്റ് സിലബസില്‍ പഠിക്കാന്‍ താല്‍പര്യം കാണിക്കാത്ത സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാര്‍ഥികളടക്കം ഹയര്‍സെക്കന്ററിക്ക് സ്റ്റേറ്റ് സിലബസില്‍ പഠിക്കാന്‍ വരുന്നതിന്റെ കണക്കുകള്‍ ഇവര്‍ കാണാതെ പോകുന്നു.

         2012-2013 വര്‍ഷത്തില്‍ ഓപണ്‍ സ്‌കൂളില്‍ 74,000 വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കില്‍ 2013-2014 വര്‍ഷത്തില്‍ അത് 89,811 ആയി വര്‍ധിച്ചു. ഇതില്‍ തന്നെ 16,000 വിദ്യാര്‍ഥികള്‍ മലപ്പുറം ജില്ലയില്‍ നിന്നാണ്. ഓപണ്‍ സ്‌കൂളില്‍ രജിസ്റ്റര്‍  ചേയ്യേണ്ടിവരുന്ന വിദ്യാര്‍ഥികളില്‍ 60%ത്തിലധികവും മലബാറില്‍ നിന്നാണ്. എന്നിട്ടും മലപ്പുറത്ത് റീജ്യനല്‍ സെന്റര്‍ അനുവദിച്ചപ്പോള്‍ അതിനെതിരെയും മുറവിളികളുണ്ടായി. കഴിഞ്ഞ തവണ അധിക ബാച്ചുകള്‍ അനുവദിക്കുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന കുട്ടികള്‍ ഒടുവില്‍ നിരാശരായി ഓപ്പണ്‍ സ്‌കൂളില്‍ പ്രവേശനം നേടാന്‍ നിര്‍ബന്ധിതരായി. അവസാനം റജിസ്റ്റര്‍ ചെയ്ത 15,000 പേരില്‍ 5,000ത്തോളം വിദ്യാര്‍ഥികള്‍ മലപ്പുറം ജില്ലക്കാരായിരുന്നു. മലപ്പുറം ജില്ലയില്‍ 22,389 കുട്ടികളും കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ 11,000-ത്തോളം വീതം കുട്ടികളും ഓപ്പണ്‍ സ്‌കൂളിലാണ് രജിസ്റ്റര്‍ ചെയ്തത്. 

         ഈ കണക്കുകള്‍ മറച്ചുപിടിച്ചാണ് സംസ്ഥാനത്ത് സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നുവെന്നും ഇനി അധിക ബാച്ചുകള്‍ അനുവദിക്കേണ്ട സാഹചര്യമില്ലെന്നും കൊണ്ട് പിടിച്ച പ്രചാരണം നടക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഒഴിഞ്ഞ് കിടന്ന സീറ്റുകളില്‍ 76 ശതമാനവും സ്വകാര്യ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ ആയിരുന്നുവെന്ന് ഹയര്‍സെക്കന്ററി ഡയറക്ടറേറ്റില്‍ നിന്ന് ലഭിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. കണക്കുകള്‍ പ്രകാരം 25,000-ത്തില്‍ പരം സീറ്റുകളാണ് സംസ്ഥാനത്ത് ഒഴിഞ്ഞ് കിടന്നത്. ഇതില്‍ 20,000-ത്തോളം സീറ്റുകള്‍ അണ്‍എയ്ഡഡ് സ്‌കൂളുകളിലേതാണ്. ബാക്കി സീറ്റുകളില്‍ ഭൂരിഭാഗവും ആളുവരാത്ത സംവരണ സീറ്റുകളും മാനേജ്‌മെന്റ് ക്വോട്ടയിലെയും കമ്യൂണിറ്റി ക്വാട്ടയിലെയും സീറ്റുകളുമാണ്. ഏകജാലകം വഴിയുള്ള അലോട്ട്‌മെന്റ് പൂര്‍ത്തിയാകുന്നത് വരെയുള്ള കണക്കുകള്‍ മാത്രമാണ് സര്‍ക്കാറിന്റെ കൈയിലുള്ളത്. എന്നാല്‍, സംവരണ സീറ്റുകളടക്കം മാനേജ്‌മെന്റുകള്‍ പിന്നീട് നികത്തിയിട്ടുണ്ടെന്ന് ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ പോയി പരിശോധിച്ചാല്‍ ആര്‍ക്കും മനസ്സിലാകും. ചില ഓണംകേറാമൂലകളിലെ സ്‌കൂളുകളിലും ട്രൈബല്‍ ഏരിയകളിലെ സ്‌കൂളുകളിലും മെരിറ്റ് സീറ്റുകള്‍ തന്നെ ഒഴിഞ്ഞു കിടന്നു എന്നതും ശരിയാണ്. പത്തും നൂറും കിലോമീറ്ററുകള്‍ താണ്ടി സ്‌കൂളില്‍ പോവാന്‍ ഏതു വിദ്യാര്‍ഥിയാണ് തയാറാവുക?

         യഥാര്‍ഥത്തില്‍ മലബാറിലെ പ്ലസ്ടു സീറ്റുകളുടെ കുറവ് പരിഹരിക്കാന്‍ എന്ന പേരില്‍ സര്‍ക്കാറുകള്‍ കാണിച്ച മറ്റൊരു വഞ്ചനയുടെ ഇരകളാവുകയാണ് വിദ്യാര്‍ഥികള്‍. അപര്യാപ്തത പരിഹരിക്കാനായി അനുവദിച്ച ബാച്ചുകളില്‍ ഭൂരിഭാഗവും അണ്‍എയ്ഡഡ് മേഖലയിലായിരുന്നു. സംസ്ഥാനത്തെ മൊത്തം 55,000 അണ്‍എയ്ഡഡ് സീറ്റുകളില്‍ 31,000-വും മലബാറിലാണ്. ഇതില്‍ ഭൂരിഭാഗവും കഴിഞ്ഞ വര്‍ഷം ഒഴിഞ്ഞു കിടന്നു എന്ന് പറഞ്ഞാല്‍ വലിയ ഫീസിന് പുറമെ പി.ടി.എ ഫണ്ടും ഡൊണേഷനും കൊടുത്ത് ഇവിടങ്ങളില്‍ മക്കളെ പഠിപ്പിക്കാന്‍ നമ്മുടെ രക്ഷിതാക്കള്‍ക്ക് സാധിക്കുന്നില്ല എന്നതിന്റെ വ്യക്തമായ ഉദാഹരണമായിട്ടാണ് അതിനെ മനസ്സിലാക്കേണ്ടത്. അല്ലാതെ, കാശുണ്ടായിട്ടും മക്കള്‍ പഠിക്കേണ്ടെന്ന് ഒരു രക്ഷിതാവും തീരുമാനിച്ചതാവില്ലല്ലോ. മലബാറില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഓപ്പണ്‍ സ്‌കൂളുകളില്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴും സീറ്റുകളിനിയും ഒഴിഞ്ഞു കിടക്കും. കാരണം അണ്‍എയ്ഡഡ് സ്‌കൂളുകളിലെ ഭീമമായ ഫീസും ഡൊണേഷനും പി.ടി.എ ഫണ്ടും താങ്ങാന്‍ ഈ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കാവില്ല. 

         പുതിയ സ്‌കൂളുകള്‍ അനുവദിക്കാനുള്ള വിജ്ഞാപനത്തെ തുടര്‍ന്ന് 1080 അപേക്ഷകളാണ് സംസ്ഥാന സര്‍ക്കാറിന് ലഭിച്ചത്. ഇതില്‍ 150 എണ്ണം ഹൈസ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്ത് ഹയര്‍സെക്കന്ററികള്‍ ആക്കാനുള്ള അപേക്ഷകളാണ്. ഹയര്‍സെക്കന്ററികളില്ലാത്ത 148 പഞ്ചായത്തുകളില്‍ ഓരോ ഹൈസ്‌കൂള്‍ വീതം അപ്‌ഗ്രേഡ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഗവണ്‍മെന്റ്, കോര്‍പ്പറേറ്റ് എയ്ഡഡ് സ്‌കൂളുകള്‍, ട്രസ്റ്റിന് കീഴിലെ എയ്ഡഡ് സ്‌കൂളുകള്‍, വ്യക്തികളുടെ എയ്ഡഡ് സ്‌കൂളുകള്‍ എന്നിങ്ങനെയാണ് സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള മുന്‍ഗണനാക്രമം. ആകെ ലഭിച്ച 150 അപേക്ഷകളില്‍ 130 എണ്ണം സാധുവാണെന്നാണ് സര്‍ക്കാറിന്റെ നിഗമനം. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ജെ ജോസഫ് എന്നിവരടങ്ങിയ മന്ത്രിസഭാ ഉപസമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. 676 പുതിയ ബാച്ചുകള്‍ സംസ്ഥാനത്ത് അനുവദിക്കുമെന്നാണ് വിവരം. അങ്ങനെ വന്നാല്‍ 33900 അധിക സീറ്റുകള്‍ ലഭിക്കും. ഹയര്‍സെക്കന്ററികളില്‍ അധ്യാപക വിദ്യാര്‍ഥി അനുപാതം 40ല്‍ പരിമിതപ്പെടുത്തണമെന്ന ലബ്ബ കമീഷന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചിട്ടുള്ളതിനാല്‍ 50 അധിക സീറ്റുകളിലധികമുള്ള നിലവിലെ ബാച്ചുകളില്‍ അധിക സീറ്റ് അനുവദിക്കുന്ന പതിവ് ശൈലി തുടരാന്‍ സാധ്യതയില്ല. 

         മലബാറിലെ സീറ്റുകളുടെ അപര്യാപ്തത നിയമസഭാ രേഖകളില്‍ നിന്നടക്കം വ്യക്തമാണെങ്കിലും ഇടത് അധ്യാപക സംഘടനകളുടെ നേതൃത്വത്തില്‍ സി.പിഎം നടത്തുന്ന പ്രചാരണം സര്‍ക്കാര്‍ തീരുമാനത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വ്യക്തം. മാനേജ്‌മെന്റുകള്‍ കോഴ വാങ്ങുമെന്നും അധ്യാപക നിയമനങ്ങള്‍ നടക്കുന്നില്ലെന്നുമുള്ള കാരണം പറഞ്ഞാണ് അവര്‍ ഇതിനെ എതിര്‍ക്കുന്നത്. എ.ഐ.ടി സ്‌കൂളുകള്‍ എയ്ഡഡ് ആക്കാനുള്ള നിര്‍ദ്ദേശത്തോടും ഇതേ നിലപാട് തന്നെയാണ് സി.പി.ഐ.എം സ്വീകരിച്ചത്. 

         1956 മുതല്‍ 2014 വരെയുള്ള സര്‍ക്കാറുകളില്‍ 37 വര്‍ഷം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തത് മലബാറുകാരാണ്. മലബാറിനോടുള്ള കൊടിയ വിവേചനത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന് ഒരിക്കലും ഒഴിഞ്ഞ് മാറാനാവില്ല. ചരിത്രവും മലബാറിലെ പുതുതലമുറയും അവര്‍ക്ക് മാപ്പ് നല്‍കുകയുമില്ല. മലപ്പുറം ജില്ലയുടെ രൂപീകരണമടക്കം മലബാറിന്റെ മുഴുവന്‍ വികസന പ്രക്രിയകളിലും നിഷേധാത്മകമായ നിലപാട് സ്വീകരിച്ച കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ഇക്കാര്യത്തിലും 'ഉറച്ചനിലപാടില്‍' തന്നെയാണ്. കേരളത്തിലെമ്പാടും വ്യാപകമായ കോഴ തടയാന്‍ ഭരണകൂടത്തിന് ഇച്ഛാശക്തിയില്ലാത്തതിന് മലബാറിലെ വിദ്യാര്‍ഥികളെന്ത് പിഴച്ചു? മലബാറിന്റെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മാത്രമെന്താണ് ഒരു കോഴയുടെ കണക്ക്? കഴിഞ്ഞ ഇടത് സര്‍ക്കാര്‍ പ്ലസ്ടു സ്‌കൂളുകള്‍ അനുവദിക്കുവാന്‍ വാങ്ങിച്ച ലക്ഷങ്ങള്‍ക്ക് എന്ത് പേരിട്ടാണാവോ വിളിക്കുക? അധ്യാപക നിയമനം നടക്കാത്തതും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്‌നം തന്നെയാണ്. അതിന് വേണ്ടി സമരം ചെയ്യാതെ ഉപരിപഠനാവസരം നഷ്ടപ്പെടുന്ന വിദ്യാര്‍ഥികള്‍ ഇനി പഠിക്കേണ്ടതില്ല എന്ന് പറയുന്നതിന്റെ 'ഇടത്' ന്യായമെന്താണെന്ന് അധികമൊന്നും ചിന്തിക്കാതെ തന്നെ ആര്‍ക്കും മനസ്സിലാവും.

         യഥാര്‍ഥത്തില്‍ ഇപ്പോള്‍ അനുവദിക്കാന്‍ തീരുമാനിച്ച മുഴുവന്‍ ബാച്ചുകളും അനുവദിച്ചാല്‍ പോലും മലബാറിലെ അപര്യാപ്തത പരിഹരിക്കാനാവില്ല. നേരത്തെ സൂചിപ്പിച്ച രീതിയിലാണ് പുതിയ ബാച്ച് അനുവദിക്കുന്നതിന്റെ നടപടി ക്രമങ്ങളെങ്കിലും എയ്ഡഡ് മേഖലയില്‍ മാത്രമായിരിക്കും ഇതനുവദിക്കുക എന്നാണ് വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ലഭിക്കുന്ന വിവരം. വിജയ ശതമാനം വര്‍ധിച്ചതിനെ തുടര്‍ന്നുണ്ടായ സീറ്റുകളുടെ കുറവ് പരിഹരിക്കാന്‍ തിരുകൊച്ചിയില്‍ 305 അഡീഷണല്‍ ബാച്ചുകള്‍ അനുവദിച്ചാല്‍ മതിയാവും. നൂറുകണക്കിന് ഹൈസ്‌കൂളുകള്‍ അടിസ്ഥാന സൗകര്യങ്ങളോട് കൂടി ഉണ്ടെന്നിരിക്കെ അവയില്‍ കുറച്ച് അപ്‌ഗ്രേഡ് ചെയ്താല്‍ തീരാവുന്ന പ്രശ്‌നമേ അവിടെയുള്ളൂ. ഇതിന് സര്‍ക്കാര്‍ തയാറാവേണ്ടതുണ്ട്. എന്നാല്‍ മലബാറിലെ സ്ഥിതിയതല്ല. മലപ്പുറം ജില്ലയിലെ കണക്ക് മാത്രം എടുത്താല്‍ 12 എയ്ഡഡ്, ഗവണ്‍മെന്റ് സ്‌കൂളുകള്‍ മാത്രമാണ് ഇനി മലപ്പുറത്ത് അപ്‌ഗ്രേഡ് ചെയ്യാന്‍ ബാക്കിയുള്ളത്. ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂളുകളുടെ എണ്ണത്തില്‍ നിലനില്‍ക്കുന്ന ഭീകരമായ അന്തരം ഇതില്‍ നിന്ന് തന്നെ വ്യക്തമാണ്. 

         1,244 പുതിയ ബാച്ചുകളാണ് മലബാറില്‍ ആവശ്യമുള്ളത്. ഇത് അനുവദിക്കാനുള്ള ഹയര്‍സെക്കന്ററികളോ അപ്‌ഗ്രേഡ് ചെയ്യാനുള്ള ഹൈസ്‌കൂളുകളോ ഇവിടെയില്ല. എന്നുമാത്രമല്ല, ഉള്ളവയില്‍ തന്നെ അടിസ്ഥാന സൗകര്യങ്ങളുമില്ല. അതുകൊണ്ട് തന്നെ ഓരോ പഞ്ചായത്തിലെയും വിദ്യാര്‍ഥികളുടെ എണ്ണത്തെ അടിസ്ഥാനമാക്കി പുതിയ ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂളുകള്‍ സ്ഥാപിക്കുകയും ഗവണ്‍മെന്റ് സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും പുതുതായി അനുവദിക്കുന്ന ബാച്ചുകളിലടക്കം അധ്യാപക നിയമനം ഉടന്‍ പൂര്‍ത്തിയാക്കുകയും വേണം. ഭൂമിശാസ്ത്രവും ജനസംഖ്യയും പരിഗണിച്ച് കൊണ്ടുള്ള ശാസ്ത്രീയമായ സമീപനം സര്‍ക്കാര്‍ സ്വീകരിച്ചാല്‍ മാത്രമേ ഈ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമുണ്ടാവൂ. വിദ്യാര്‍ഥികളുടെ എണ്ണത്തിലെ ബാഹുല്യം മൂലം രാവിലെയും ഉച്ചക്കുമുള്ള ഷിഫ്റ്റുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ ഇപ്പോഴും മലബാറിലുണ്ട്. ഇവയടക്കം സ്‌കൂളുകള്‍ വിഭജിച്ച് പുതിയ സ്‌കൂളുകള്‍ ആരംഭിക്കാനും സര്‍ക്കാര്‍ തയാറാവണം. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 86-88
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം