ഉന്നത വിദ്യാഭ്യാസം കേരളം മാറിയേ പറ്റൂ
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സ്വീകരിക്കുന്ന നടപടികളെയും അറബിക് യൂനിവേഴ്‌സിറ്റിയടക്കമുള്ള പുതിയ വിദ്യാഭ്യാസ പദ്ധതികളെയും കുറിച്ച് കേരള ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. പി. അന്‍വര്‍ പ്രബോധനത്തോട് സംസാരിക്കുന്നു.
പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് കേരളം ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും ഇന്നും മികച്ച മാതൃകയാണ്. പക്ഷെ, ഉന്നത വിദ്യാഭ്യാസ രംഗത്ത് എത്തുമ്പോള്‍ ആ നിലവാരം താഴേക്ക് പോകുന്നു. മലയാളി വിദ്യാര്‍ഥികള്‍ പോലും ഉപരി പഠനത്തിന് ഇതര സംസ്ഥാനങ്ങളിലേക്ക് വണ്ടി കയറേണ്ട അവസ്ഥയാണുള്ളത്. എന്തു കൊണ്ടാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒരു മാറ്റം സംഭവിക്കാത്തത്?
ശരിയാണ്, സാക്ഷരതാമിഷനിലും സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയിലും കേരളം നേരത്തെ തന്നെ ഇന്ത്യക്ക് മാതൃകയാണ്. ആ മികവ് ഉന്നത വിദ്യാഭ്യാസ രംഗത്ത് പുലര്‍ത്താന്‍ പല കാരണങ്ങളാല്‍ നമുക്കായിട്ടില്ല. കേരളത്തിലെ ഏറ്റവും മികച്ച യൂനിവേഴ്‌സിറ്റിയായ കുസാറ്റ് പോലും ലോകറാങ്കിംഗില്‍ 1650-ാം സ്ഥാനത്ത് മാത്രമാണുള്ളത്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ റാങ്കാവട്ടെ 4053 ആണ്. ലോകനിലവാരത്തില്‍ കേരളത്തിലെ യൂനിവേഴ്‌സിറ്റികള്‍ എത്ര താഴെയാണുള്ളതെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. അയല്‍ സംസ്ഥാനങ്ങളായ തമിഴ് നാട്ടിലെയും കര്‍ണാടകയിലേയും യൂനിവേഴ്‌സിറ്റികള്‍ ഇവയേക്കാള്‍ റാങ്കിംഗില്‍ മുകളിലാണ്. സ്വാഭാവികമായും കേരളത്തിലെ യൂനിവേഴ്‌സിറ്റികളുടെ ഗുണനിലവാരമില്ലായ്മയും ഇതര സംസ്ഥാനങ്ങളിലേക്ക് ഉന്നത വിദ്യാഭ്യാസത്തിന് പോകാന്‍ മലയാളികളെ പ്രേരിപ്പിക്കുന്ന കാരണങ്ങളിലൊന്നാണ്.
നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരത്തകര്‍ച്ചയുടെ കാരണങ്ങള്‍ കണ്ടെത്തി ചികിത്സിക്കുകയാണ് ഒരു മാറ്റത്തിന് ആദ്യം വേണ്ടത്. കലാലയങ്ങളിലെ രാഷ്ട്രീയ അതിപ്രസരമാണ് ഉന്നത വിദ്യാഭ്യാസ രംഗത്തെ ഒരു തീരാ ശാപം. ഒരു മാറ്റവും അംഗീകരിക്കാനാവാത്ത രാഷ്ട്രീയ ഹുങ്കും, എല്ലാം വിവാദമാക്കി ഒന്നും നടപ്പാക്കാന്‍ സമ്മതിക്കാത്ത അന്തരീക്ഷവുമാണ് യൂനിവേഴ്‌സിറ്റികളടക്കമുള്ള നമ്മുടെ ഉന്നത കലാലയങ്ങളിലുള്ളത്. അധ്യാപകരിലും വിദ്യാര്‍ഥികളിലും മറ്റ് സ്റ്റാഫുകളിലും ഈ അമിത രാഷ്ട്രീയവല്‍ക്കരണം കാണാം. അതിനാല്‍ ഭരണപക്ഷം എത്ര നല്ല മാറ്റം കൊണ്ടു വന്നാലും എതിര്‍ത്ത് തോല്‍പ്പിക്കുയെന്നതാകുന്നു എല്ലാവരുടെയും ലക്ഷ്യം. കാലങ്ങളായി നിലനില്‍ക്കുന്ന ഈ നിഷേധാത്മക നിലപാട് നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗത്തെ മൊത്തം ഗുണമേന്മയെയാണ് പ്രതികൂലമായി ബാധിച്ചത്. ഇത് പരിഹരിക്കാന്‍ ഉന്നത വിദ്യാഭ്യാസ സമിതിയുടെ തീരുമാനങ്ങള്‍ കൊണ്ടോ പദ്ധതികള്‍ കൊണ്ടോ മാത്രം സാധിക്കില്ല. അധ്യാപകരും വിദ്യാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പൊതു സമൂഹവും ഒന്നടങ്കം ഉന്നത വിദ്യാഭ്യാസത്തോടുള്ള തങ്ങളുടെ സമീപനം മാറ്റേണ്ടതുണ്ട്. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ വിദ്യാഭ്യാസരംഗത്ത് വരുന്ന മാറ്റങ്ങളെ ഗുണപരമായി ഉള്‍ക്കൊള്ളാന്‍ എല്ലാവര്‍ക്കും സാധിക്കണം. ഒട്ടോണമസ് കോളേജ് അടക്കമുള്ള പദ്ധതികളിലൂടെ ഈ മാറ്റം കേരളത്തില്‍ കൊണ്ടുവരാനാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും സര്‍ക്കാറും ശ്രമിക്കുന്നത്. അതോടൊപ്പം നിലവിലെ യൂനിവേഴ്‌സിറ്റികളുടെയും കോളേജുകളുടെയും ഗുണനിലവാരം വീണ്ടെടുക്കാനുള്ള നിര്‍ദേശങ്ങളും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്.
കോളേജ് അധ്യാപകര്‍ക്ക് നിര്‍ബന്ധിത ട്രെയ്‌നിംഗ് നല്‍കാനുള്ള സംവിധാനമാണ് അതില്‍ മുഖ്യമായത്. നിലവില്‍ സ്‌കൂള്‍ ഹയര്‍സെക്കന്ററി തലങ്ങളില്‍ അധ്യാപകനാകാന്‍ ട്രെയ്‌നിംഗ് കോഴ്‌സ് നിര്‍ബന്ധമാണ്. പക്ഷെ, കോളജ്-യൂനിവേഴ്‌സിറ്റി ലക്ചര്‍മാര്‍ക്ക് അത് ബാധകമല്ല. പല ലക്ചര്‍മാരുടെയും അധ്യാപനം ശരാശരിക്കും താഴെയാണ്. അതിനാല്‍ നിര്‍ബന്ധമായും മൂന്ന് മാസത്തെ ട്രെയ്‌നിംഗ് കോഴ്‌സ് കോളേജ് അധ്യാപകര്‍ക്ക് ഏര്‍പ്പെടുത്തണമെന്നുള്ള ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സിലിന്റെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ബജറ്റില്‍ ഈ ലക്ഷ്യാര്‍ഥമുള്ള ഫാക്കല്‍റ്റി ട്രെയ്‌നിംഗ് അക്കാദമിക്ക് സംഖ്യ വിലയിരുത്തിയിട്ടുണ്ട്. ഈ ട്രെയ്‌നിംഗ് കോഴ്‌സ് അധ്യാപകരുടെ ഗുണനിലവാരമുയര്‍ത്തുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്. ഇതുപോലെ കോളേജുകളുടെയും യൂനിവേഴ്‌സിറ്റികളുടെയും ഗുണനിലവാരം പരിശോധിച്ച് അവയെ ഗ്രേഡുകളാക്കി തിരിക്കാനുള്ള സംവിധാനമേര്‍പ്പെടുത്താനും നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്.
ഇതിനുവേണ്ടി ദേശീയ തലത്തിലെ നാക് (National Accreditaion and Assessment Council) പോലെ സംസ്ഥാന തലത്തില്‍ K.S.A.A.C (Kerala State Assessment and Accreditaion Council) രൂപീകരിക്കും. ഗവണ്‍മെന്റ്, എയ്ഡഡ് അണ്‍ എയ്ഡഡ്, ടെക്‌നിക്കല്‍/ആര്‍ട്‌സ് & സയന്‍സ്‌കോളേജ് തുടങ്ങി കേരളത്തിലെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഈ കൗണ്‍സില്‍ ഗുണനിലവാരപരിശോധനക്ക് വിധേയമാക്കും. ഗ്രേഡിംഗിലെ മികവനുസരിച്ചായിരിക്കും തുടര്‍ന്നുള്ള യു.ജി.സി അടക്കമുള്ള ഏജന്‍സികളുടെ ഫണ്ടുകളും പുതിയ കോഴ്‌സുകളും കോളേജുകള്‍ക്ക് അനുവദിക്കുക. താഴ്ന്ന ഗ്രേഡുള്ളവര്‍ നിലവാരമുയര്‍ത്തിയാല്‍ മാത്രമേ ഇത്തരം സഹായങ്ങള്‍ അവര്‍ക്ക് ലഭിക്കുകയുള്ളൂ. സ്വാഭാവികമായും അക്കാദമിക മികവ് പുലര്‍ത്താന്‍ എല്ലാ കോളേജുകളും നിര്‍ബന്ധിതമായിത്തീരും. അത് വൈകാതെ നമ്മുടെ മൊത്തം ഉന്നത വിദ്യാഭ്യാസ നിലവാരത്തെ ഉയര്‍ത്തുകയും ചെയ്യും. സംസ്ഥാനതലത്തില്‍ ഇങ്ങനെയൊരു ഏജന്‍സി ഉണ്ടാക്കണമെന്നും പെര്‍ഫോമന്‍സ് ബെയ്‌സ് ഫണ്ടിംഗാണ് നടപ്പിലാക്കേണ്ടതെന്നും യു.ജി.സിയുടെയും റൂസയുടെയും (RUSA-Rashtriya Ucchathar Shiksha Abhiyan-National Higher Education Mission) മാര്‍ഗനിര്‍ദേശത്തിലുള്ളത് കൂടിയാണ്. സര്‍ക്കാര്‍ വൈകാതെ ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതോടുകൂടി ഉന്നതവിദ്യാഭ്യാസ രംഗത്ത് ഗുണപരമായ ഒട്ടേറെ മാറ്റങ്ങള്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റൂസയെക്കുറിച്ച് (RUSA) താങ്കള്‍ സൂചിപ്പിച്ചു. പല സംസ്ഥാനങ്ങളിലും റൂസയുടെ ഫണ്ടുപയോഗിച്ച് പല പദ്ധതികളും ഉന്നതവിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കി തുടങ്ങിയിരിക്കുന്നു. കേരളത്തില്‍ ഇതുവരെ ഇത്തരമൊരു പദ്ധതിയെക്കുറിച്ചും കേട്ടിട്ടുപോലുമില്ല. ഉന്നത വിദ്യാഭ്യാസരംഗത്ത് ലഭിക്കേണ്ട കോടികളുടെ കേന്ദ്രഫണ്ടല്ലേ ഇതുവഴി കേരളം നഷ്ടപ്പെടുത്തുന്നത്?
റൂസയുടെ ഫണ്ടും പദ്ധതികളും സംസ്ഥാനങ്ങള്‍ക്ക് ലഭിക്കണമെങ്കില്‍ അവര്‍ പറയുന്ന നടപടികള്‍ പൂര്‍ത്തീകരിച്ച് ഇന്‍സ്റ്റ്യൂഷന്‍ പ്ലാനുകള്‍ സമര്‍പ്പിക്കണം. കഴിഞ്ഞ അധ്യയനവര്‍ഷം കേരളം ഒരു ഇന്‍സ്റ്റ്യൂഷന്‍ പ്ലാന്‍ പോലും റൂസക്ക് സമര്‍പ്പിച്ചിട്ടില്ല. അതിനാല്‍ ഒരു പദ്ധതിയോ ഫണ്ടോ നമുക്ക് ലഭിച്ചിട്ടുമില്ല. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മാത്രം വിചാരിച്ചാല്‍ നേടിയെടുക്കാവുന്നതല്ല റൂസയുടെ പദ്ധതികള്‍. സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്താലേ അത് ലഭിക്കൂ. റൂസ പാസാക്കുന്ന പദ്ധതികള്‍ക്ക് 35 ശതമാനം ഫണ്ട് കണ്ടെത്തേണ്ടത് സംസ്ഥാനസര്‍ക്കാരാണ്. 1000 കോടിയുടെ പ്രൊജക്ടിന് 350 കോടി കേരളസര്‍ക്കാര്‍ വഹിക്കണം. ഈ ഫണ്ട് എങ്ങനെ കണ്ടെത്തും എന്ന പ്രതിസന്ധിയാണ് സര്‍ക്കാറിന്റെ ഈ രംഗത്തെ മെല്ലെപ്പോക്കിന് കാരണമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കേരള സര്‍ക്കാര്‍ നിയമിക്കുന്ന ടെക്‌നിക്കല്‍ ടീം സംസ്ഥാനത്തിന് അനുയോജ്യമായ റൂസയുടെ പദ്ധതികള്‍ പഠിച്ച്, തെരഞ്ഞെടുത്തശേഷം മാത്രമാണ് അവ ഉന്നതവിദ്യാഭ്യാസ സമിതിക്ക് മുമ്പാകെ വരിക. അപ്പോള്‍ മാത്രമാണ് ഞങ്ങള്‍ക്കതില്‍ ഇടപെടാന്‍ കഴിയുക. കഴിഞ്ഞ അധ്യയനവര്‍ഷത്തിലെ ഫണ്ടുകള്‍ ഏതായാലും കേരളത്തിന് നഷ്ടപ്പെടും. ഈ പുതിയ അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍ ടെക്‌നിക്കല്‍ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചാല്‍ തുടര്‍ന്നുള്ള പ്രക്രിയകള്‍ വേഗത്തിലാക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും ഉന്നതവിദ്യാഭ്യാസ സമിതി സംവിധാനിച്ചിട്ടുണ്ട്.
പുതിയ അധ്യയനവര്‍ഷം ഉന്നത വിദ്യാഭ്യാസരംഗത്ത് അങ്ങനെ വല്ല പദ്ധതി പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാമോ?
തീര്‍ച്ചയായും. നിലവില്‍ ഉന്നത വിദ്യാഭ്യാസ സമിതി സര്‍ക്കാറിന് സമര്‍പ്പിച്ച നിര്‍ദേശത്തിലുള്ള അറബിക് യൂനിവേഴ്‌സിറ്റിയും സര്‍ക്കാറിന്റെ തന്നെ പ്ലാനിലുള്ള പോലീസ് യൂനിവേഴ്‌സിറ്റിയുമെല്ലാം റൂസയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്താമെന്നാണ് പ്രതീക്ഷിക്കുന്നത്. റൂസയുടെ സഹായത്തോടെ അധ്യാപക പരിശീലനപരിപാടിയടക്കമുള്ള പ്രൊജക്ടുകളും ഈ വര്‍ഷം തന്നെ ആരംഭിക്കാനാവും. അപ്പോഴും ഒരാശങ്ക പങ്കുവെക്കേണ്ടതുണ്ട്. നിലവിലെ കേന്ദ്രസര്‍ക്കാര്‍ മാറിയാല്‍ റൂസയുടെ സ്‌കീമുകള്‍ തന്നെ അട്ടിമറിക്കുകയോ മരവിപ്പിക്കുകയോ ചെയ്‌തേക്കാം എന്നതാണത്.
അറബിക് യൂനിവേഴ്‌സിറ്റി എന്ന പ്രോജക്റ്റ് രൂപം കൊള്ളുന്നതെങ്ങനെയാണ്? എന്താണ് അതിലെ വിദ്യാഭ്യാസ പദ്ധതികള്‍?
നിലവിലെ അറബിക് കോളേജുകളെയും അതിലെ കോഴ്‌സുകളെയും വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സാധ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ആ വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസ സമിതി നിശ്ചയിച്ച ഞാന്‍ ചെയര്‍മാനായുള്ള കമ്മിറ്റി നടത്തിയ വിശദമായ ചര്‍ച്ചയുടെ ഫലമായുണ്ടായ നിര്‍ദേശങ്ങളിലൊന്നാണ് അറബിക് യൂനിവേഴ്‌സിറ്റി. നിലവിലെ അറബിക് കോളേജുകളുടെ ഘടനയും സിലബസും പുതുക്കാനും നവീനകോഴ്‌സുകള്‍ ആരംഭിക്കാനുമുള്ള നിര്‍ദേശങ്ങളും കമ്മിറ്റി മുന്നോട്ടു വെച്ചിട്ടുണ്ട്. നിലവില്‍ ഹയര്‍സെക്കന്ററിക്ക് തുല്യമുള്ള രണ്ട് വര്‍ഷ ദൈര്‍ഘ്യമുള്ള അഫ്ദലുല്‍ ഉലമ പ്രിലിമിനറി കോഴ്‌സ് അറബിക് കോളേജുകളില്‍ നിന്ന് ഹയര്‍സെക്കന്ററി വിഭാഗത്തിലേക്ക് മാറ്റാനും ഉദ്ദേശ്യമുണ്ട്. പല സര്‍ക്കാര്‍ ഫണ്ടുകളും ഈ ഘടന നിലനില്‍ക്കുന്നതിനാലാണ് അറബി കലാലയങ്ങള്‍ക്ക് ലഭിക്കാതിരിക്കുന്നത്. മറ്റു എയ്ഡഡ് ആര്‍ട്‌സ് ആന്റ് കോളേജുകളുടെ ഘടനയിലേക്ക് അറബിക് കോളേജുകള്‍ വരികവഴി അവയ്ക്ക് ലഭിക്കുന്ന എല്ലാ പദ്ധതികളും സഹായങ്ങളും ഇവക്കും ലഭിക്കണമെന്നാണ് ഉന്നത വിദ്യാഭ്യാസ സമിതി ലക്ഷ്യമിടുന്നത്.
അറബിക് കോളേജുകളുടെ ഈ സമഗ്ര പരിഷ്‌കരണം ചര്‍ച്ച ചെയ്യുന്ന വേളയിലാണ് കേരളത്തില്‍ ഒരു അന്തര്‍ദേശീയ നിലവാരമുള്ള അറബിക് യൂനിവേഴ്‌സിറ്റിയെന്ന പദ്ധതി കമ്മറ്റിയുടെ ചര്‍ച്ചയില്‍ വന്നത്. തുടര്‍ന്നു നടന്ന വിശദമായ പഠനത്തിന്റെ ഫലമായാണ് ഇപ്പോള്‍ സര്‍ക്കാറിന് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടുണ്ടാകുന്നത്. അറബ് ലോകത്തെ ഉന്നത യൂനിവേഴ്‌സിറ്റികളുമായി അക്കാദമിക സഹകരണം ഈ അറബിക്ക് യൂനിവേഴ്‌സിറ്റിക്ക് ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്. അങ്ങനെ അറബ് ലോകത്തെ വിദ്യാര്‍ഥികള്‍ക്ക് കൂടി ആശ്രയിക്കാവുന്ന ഉന്നത അറബിക്ക് സര്‍വകലാശാലയായി അത് മാറണം. റിസര്‍ച്ച് സ്റ്റഡീസിനായിരിക്കും ഈ യൂനിവേഴ്‌സിറ്റിയില്‍ മുഖ്യ പരിഗണന.
യൂനിവേഴ്‌സിറ്റിയുടെ അക്കാദമിക മികവിനെ ബാധിക്കുന്ന അമിത രാഷ്ട്രീയ ഇടപെടല്‍ ഈ യൂനിവേഴ്‌സിറ്റിയില്‍ ഉണ്ടാവരുതെന്ന് സര്‍ക്കാറിനോട് നിര്‍ദേശിക്കും. വി.സിയെയും മറ്റ് അധ്യാപകരെയും നിയമിക്കുന്നത് അക്കാദമിക മികവിന്റെ അടിസ്ഥാനത്തിലാവണം. വിദേശ ലക്ചര്‍മാര്‍ അടക്കം അവിടെയുണ്ടാവണം. നിലവിലെ നമ്മുടെ സങ്കല്‍പത്തിലുള്ള ഒരുപാട് അഫിലിയേറ്റഡ് കോളേജുകളുള്ള ഒരു യൂനിവേഴ്‌സിറ്റിയായല്ല ഞങ്ങള്‍ അറബിക് യൂനിവേഴ്‌സിറ്റയെന്ന പ്രൊജക്ട് നിര്‍ദേശിച്ചിരിക്കുന്നത്. മറിച്ച്, ജെ.എന്‍.യു, അലിഗഡ്, ഇഫ്‌ലു പോലെ സ്വതന്ത്രയൂനിവേഴ്‌സിറ്റിയാണ്. ഈ വിഷയങ്ങളിലെല്ലാം അന്തിമ തീരുമാനമെടുക്കേണ്ടത് കേരള സര്‍ക്കാരാണ്.
കേവലം അറബി ഭാഷയുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ മാത്രം പഠിപ്പിക്കുന്ന ഒരു യൂനിവേഴ്‌സിറ്റിയായി ഈ സങ്കല്‍പം ചുരുങ്ങുമോ? നിലവിലെ സംസ്‌കൃത യൂനിവേഴ്‌സിറ്റിയിലുള്ള വേദിക് പഠനം, ഫിലോസഫിക്കല്‍ സ്റ്റഡീസ് പോലത്തെ കോഴ്‌സുകള്‍ അറബിക് യൂനിവേഴ്‌സിറ്റിയില്‍ പ്രതീക്ഷിക്കാമോ?
അറബിക് ഭാഷ പഠിപ്പിക്കുന്ന വ്യത്യസ്ത കോഴ്‌സുകള്‍ മാത്രമുള്ള ഒരു യൂനിവേഴ്‌സിറ്റിയെന്ന ചെറിയ സങ്കല്‍പമല്ല അറബിക് യൂനിവേഴ്‌സിറ്റിക്കുള്ളത്. അത് കൊണ്ടാണ് ഞാനാദ്യം തന്നെ റിസര്‍ച്ച് സ്റ്റഡീസിനായിരിക്കാം ഈ യൂനിവേഴ്‌സിറ്റി മുഖ്യ പരിഗണന നല്‍കുക എന്ന് പറഞ്ഞത്. ഇന്തോ- അറബ് കള്‍ചര്‍, ഖുര്‍ആനിക് സ്റ്റഡീസ്, അറബിക് ഫിലോസഫി തുടങ്ങി ഒട്ടനവധി കോഴ്‌സുകള്‍ അറബിക് യൂനിവേഴ്‌സിറ്റിയില്‍ ആരംഭിക്കാനാവും. ഇപ്പോള്‍ പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുള്ളത്. വൈകാതെ അതിന്റെ വിശദ രൂപങ്ങള്‍ ഉണ്ടാകും. സര്‍ക്കാര്‍ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ എല്ലാ സംഘടനകള്‍ക്കും പണ്ഡിതന്മാര്‍ക്കും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. ഇപ്പോള്‍ തന്നെ പ്രാഥമിക വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ഉണ്ട് (www.kshec.kerala.gov.in). കോഴ്‌സുകളെ കുറിച്ച് പഠിക്കുന്നതിന് വേണ്ടി കമ്മറ്റി ഇപ്പോള്‍ തന്നെ ഇന്ത്യയിലെ ചില സ്വകാര്യ ഇസ്‌ലാമിക യൂനിവേഴ്‌സിറ്റികള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ ശാന്തപുരം ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയും (www.aljamia. net) ചെമ്മാട് ദാറുല്‍ ഹുദാ യൂനിവേഴ്‌സിറ്റിയും (www.darulhuda. com) ബംഗാളിലെ ആലിയാ യൂനിവേഴ്‌സിറ്റിയും (www.aliah.ac.in) അതിലുള്‍പ്പെട്ടതാണ്. ഇവിടെ നിന്നെല്ലാം സ്വീകരിക്കാന്‍ പറ്റുന്ന മാതൃകകളുണ്ടെങ്കില്‍ അറബിക് യൂനിവേഴ്‌സിറ്റിയില്‍ അത് നടപ്പാക്കും. ഇങ്ങനെ വിശാലാര്‍ഥത്തിലുള്ള ഒരു വൈജ്ഞാനിക സംരംഭമാണ് അറബിക് യൂനിവേഴ്‌സിറ്റികൊണ്ട് ഉദ്ദേശിക്കുന്നത്.
Comments