ഹൈദരാബാദ് കേന്ദ്രസര്‍വകലാശാല
സര്‍വകലാശാലകളുടെ നഗരമെന്നറിയപ്പെടുന്ന ഹൈദരാബാദില്‍ തലയെടുപ്പോടെ നില്‍ക്കുന്ന യുനിവേഴ്‌സിറ്റിയാണ് HCU എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല. പച്ചപ്പ് നിറഞ്ഞ അന്തരീക്ഷവും മാനുകളും മയിലുകളും നിറഞ്ഞ വനാന്തരീക്ഷവും കൊച്ചരുവികളും അടുക്കി വെച്ച പാറക്കെട്ടുകളും കൊണ്ട് പ്രകൃതി രമണീയമാണ് ഹൈദരാബാദ് സര്‍വകലാശാല കാമ്പസ്. 1974-ല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ ഈ സര്‍വകലാശാലയില്‍ ഇന്ന് അയ്യായിരത്തിലധികം വിദ്യാര്‍ഥികളും നാനൂറോളം അധ്യാപകരുമുണ്ട്. നാല്‍പത്തിയാറോളം ഡിപ്പാര്‍ട്ടുമെന്റുകളും 12 സെന്ററുകളും, ഡിപ്ലോമ, Graduation, എം.ഫില്‍, പി.എച്ച്.ഡി ഇനത്തില്‍ 150 ഓളം പ്രോഗ്രാമുകളും ഇവിടെയിന്നുണ്ട്. NAAC (National Assessment and Accreditation Council)ന്റെ A' ഗ്രേഡും, Universtiy with Potential for Excellence (UPE) അംഗീകാരവും സര്‍വകലാശാലക്കുണ്ട്. അനവധി വിദേശ വിദ്യാര്‍ഥികളും ഇവിടെ പഠനം നടത്തുന്നു. വിജ്ഞാനത്തിന്റെ ഉറവയായി വളരെ സമ്പുഷ്ടമായൊരു പുസ്തകാലയവും സര്‍വകലാശാലയില്‍ കാണാം. ഇന്ദിരാ ഗാന്ധിയുടെ സ്മരണക്കായി നിര്‍മിച്ച ഈ ലൈബ്രറിയില്‍ (ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ ലൈബ്രറി) 3.56 ലക്ഷം പുസ്തകങ്ങളും 600 ല്‍ പരം ഫോറിന്‍ ജേര്‍ണലുകളും 18000 ത്തില്‍ പരം ഓണ്‍ലൈന്‍ ജേര്‍ണലുകളും പത്തില്‍ പരം ഡാറ്റ ബെയ്‌സുകളുമുണ്ട്. വിദ്യാര്‍ഥികളുടെ താമസത്തിനായി 8 ലേഡീസ് ഹോസ്റ്റലുകളും 13 ബോയ്‌സ് ഹോസ്റ്റലുകളും സര്‍വകലാശാല ഒരുക്കിയിരിക്കുന്നു. പുതുതായി പണി തീര്‍ന്ന രണ്ടു ബോയ്‌സ് ഹോസ്റ്റലുകളും ഒരു ലേഡീസ് ഹോസ്റ്റലും വേറെയും.
ആന്ധ്രയില്‍ ശക്തമായിക്കൊണ്ടിരുന്ന നക്‌സല്‍ മുന്നേറ്റങ്ങളെ ഫലപ്രദമായി ചെറുക്കുന്നതിനെ കുറിച്ചുള്ള ആലോചനകളുടെ ഭാഗമായികൂടിയാണ് ഈ സര്‍വകലാശാല പിറവിയെടുക്കുന്നത്. വളരെയേറെ രാഷ്ട്രീയ പ്രബുദ്ധതയുള്ള വലിയൊരു കൂട്ടം ചെറുപ്പക്കാരെ പഠനഗവേഷണ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ സര്‍വകലാശാലക്ക് കഴിയുകയും ചെയ്തുവെന്നതാണ് യാഥാര്‍ഥ്യം. സര്‍വകലാശാലയുടെ തുടക്കം മുതല്‍ തന്നെ ചെറിയ തോതിലാണെങ്കിലും മലയാളി സാന്നിധ്യമുണ്ടായിരുന്നു. ആദ്യ കാലത്ത് വടക്കന്‍ കേരളത്തെ അപേക്ഷിച്ച് തെക്കന്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളായിരുന്നു ഇവിടേക്ക് ചേക്കേറിയിരുന്നത്. ഹൈദരാബാദ് സര്‍വകലാശാലയിലേക്കുള്ള മലയാളി ഒഴുക്കിന്റെ വേഗതയും അളവും നിര്‍ണയിക്കുന്നതില്‍ മലയാളിയുടെ ഗള്‍ഫ് കുടിയേറ്റവും കേരളത്തിലെ കോളേജുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവും പ്ലസ്ടുവിന്റെ വരവും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. തൃശൂരില്‍ നിന്ന് പാലക്കാട് വഴി തിരിഞ്ഞ് പോവുന്ന ശബരി എക്‌സ്പ്രസിന്റെ സഞ്ചാരപാതക്ക് ഇവിടെയെത്തുന്ന കുട്ടികളുടെ മേഖലാ പശ്ചാത്തലം നിര്‍ണയിക്കുന്നതില്‍ വലിയ പങ്കുണ്ട്. ഇന്ന് ഗതാഗതം വികാസം പ്രാപിച്ചതിന്റെ പ്രത്യക്ഷ മാറ്റം കാണുന്നത് വിദ്യാര്‍ഥികളുടെ എണ്ണത്തിലാണ്. ഇതോടെ മറ്റു പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികള്‍ കൂടി ഇവിടേക്കു എത്തിത്തുടങ്ങി. കേരളത്തില്‍ പ്ലസ് ടു വ്യാപകമായ 2000-2005 കാലഘട്ടത്തിലാണ് ഈ ഒഴുക്കിന്റെ വേഗതയില്‍ വര്‍ധനവുണ്ടായത്. മുസ്‌ലിം കുട്ടികളുടെ എണ്ണത്തിലും കാര്യമായ വര്‍ധനവുണ്ടായി. പക്ഷെ, എണ്ണത്തിലുണ്ടായ ഈ വര്‍ധനവ് പഠനഗവേഷണ മേഖലകളില്‍ എങ്ങനെയാണ് പ്രതിഫലിച്ചത് എന്നതിനെ കുറിച്ചാലോചിക്കുമ്പോള്‍ പ്രതീക്ഷ നല്‍കുന്ന ഒരു ചിത്രമല്ല ഉരുത്തിരിഞ്ഞ് വരുന്നത്. ഇപ്പോള്‍ കാമ്പസിലുള്ള മലയാളി സാന്നിധ്യത്തെ മുമ്പുണ്ടായിരുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ മുമ്പുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ കുറച്ചു കൂടി വൈവിധ്യതയുള്ളവരായിരുന്നുവെന്ന് കാണാന്‍ കഴിയും. ഗവേഷണ വിദ്യാര്‍ഥികളുടെ പ്രബന്ധങ്ങളില്‍ വരെ ഈ വൈവിധ്യത പ്രകടമായിരുന്നു. ഇന്നുള്ളത് വളരെ ഐകരൂപ്യമുള്ള ഒരു വിദ്യര്‍ഥി സമുച്ചയമാണ്. അവരുടെ ഗവേഷണങ്ങളിലും ഈ സമാനരൂപം പ്രകടമാവുന്നുവെന്നുള്ളത് ആശങ്കയുളവാക്കുന്നതാണ്. പ്രത്യേകിച്ച് ഇന്നത്തെ മുസ്‌ലിം വിദ്യാര്‍ഥികളുടെ ഗവേഷണങ്ങള്‍ പത്തുവര്‍ഷം മുമ്പ് കഴിഞ്ഞ ചില വര്‍ക്കുകളുടെ തനിയാവര്‍ത്തനങ്ങളോ അല്ലങ്കില്‍ അതിന്റെ വിപുലീകരണമോ ആണ്.
ഇന്നത്തെ കാമ്പസ് അന്തരീക്ഷത്തില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കിടയില്‍ ഒരു തരത്തിലുള്ള മത-രാഷ്ട്രീയ വര്‍ഗീകരണം കാണാവുന്നതാണ്. ഈ പ്രവണത മോശമാണെന്ന അഭിപ്രായം ഇല്ലെങ്കിലും, മൊത്തം വായനയും ഗവേഷണ താല്‍പര്യങ്ങളും പഠന സ്വഭാവവും ആ നിലക്ക് വഴിതിരിയുമ്പോള്‍ അത് സൃഷ്ടിക്കുന്ന ആശങ്ക അസ്ഥാനത്തല്ല എന്ന് കാണാന്‍ കഴിയും. കേരളത്തിലെ ഒരു മുസ്‌ലിം വിദ്യാര്‍ഥിയുടെ കാര്യമെടുത്താല്‍, തീര്‍ത്തും സംഘടനാ കലുഷിതമായ ഒരിടത്തിലാണവന്‍/അവള്‍ ജീവിക്കുന്നത്. ഒരു സോഷ്യല്‍ സയന്‍സ് വിദ്യാര്‍ഥിയെ സംബന്ധിച്ചേടത്തോളം ഇതില്‍ നിന്ന് രക്ഷപ്പെടുക ഏറെക്കുറെ അസാധ്യം തന്നെയാണ്. ഈയൊരു സാഹചര്യമാവാം കുറെകൂടി തുറസ്സുറ്റതാക്കാവുന്ന ഗവേഷണ മേഖലകളെ പോലും കുടുസ്സാക്കി മാറ്റാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നത്. ഇത്തരം പ്രബന്ധങ്ങള്‍ക്കെല്ലാം പറയാനുള്ളത് ഒരേ കാര്യങ്ങളാണ് എന്ന് വരുമ്പോള്‍ അക്കാദമിക തലത്തില്‍ മുന്നേറാന്‍ പ്രാപ്തിയുള്ള വലിയൊരു വിഭവെത്തയാണ് നഷ്ടമാവുന്നത്. അതുകൊണ്ടുതന്നെ സര്‍വകലാശാലകളിലേക്കുള്ള എണ്ണത്തിലുള്ള വര്‍ധനവ് (ജോലിയും മറ്റും ഒഴിച്ചുനിര്‍ത്തിയാല്‍) പ്രതീക്ഷക്ക് വക നല്‍കുന്നില്ല. മലയാളി അധ്യാപകരുടെ സാന്നിധ്യം ചെറിയ ഒരളവിലാണെങ്കില്‍ പോലും മലയാളി വിദ്യാര്‍ഥികളുടെ വരവിനെ സ്വാധീനിക്കുന്നുണ്ട്. കംപാരറ്റീവ് ലിറ്ററേച്ചറിലും ഫൈന്‍ ആര്‍ട്‌സ് ഡിപാര്‍ട്ടുമെന്റുകളിലും മലയാളി വിദ്യാര്‍ഥികളുടെ എണ്ണക്കൂടുതല്‍ ഇതിനുദാഹരണമായി പറയാം. അതേസമയം അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുമിച്ചിടപഴകാനുള്ള ഒരു പൊതു ഇടമില്ല എന്നത് സങ്കടകരമാണ്.
കാമ്പസിനെ സജീവമാക്കുന്ന മറ്റൊരു കാര്യം ഇവിടത്തെ വിദ്യാര്‍ഥി രാഷ്ട്രീയമാണ്. പ്രധാനമായും SFI, ABVP, ASA (Ambedkar Student Association), BSF (Bahujan Samaj Front), TSA (Telungana Student Association), NSUI തുടങ്ങിയ സംഘടനകളാണ് മുന്‍ നിരയിലുള്ളത്. ഇതില്‍ SFI, ABVP, ASA സംഘടനകളില്‍ മലയാളി സാന്നിധ്യം സജീവമാണ്. ഹൈദരാബാദിന്റെ പ്രത്യേക സാഹചര്യത്തില്‍, തെലുങ്കാനയുടെ ആസ്ഥാനമായ ഹൈദരാബാദ് നഗരഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന സ്ഥാപനം എന്ന നിലയില്‍, ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും തെലുങ്കാനയോടുള്ള അടുപ്പമാണ് ഇവിടത്തെ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ പൊതു സ്വഭാവത്തെ നിര്‍ണയിക്കുന്ന പ്രധാന ഘടകം. ഇവിടെ ഉയര്‍ന്നുവരുന്ന മറ്റു രാഷ്ട്രീയ പ്രശ്‌നങ്ങളെ പോലും തൊട്ടുണര്‍ത്തുന്നതും ആലോചനകളിലേക്കു കൊണ്ടുവന്നതും തെലുങ്കാനയാണ്. അഥവാ ഒരു രാഷ്ട്രീയ ഇഷ്യൂ എന്ന നിലക്ക് തെലുങ്കാനയുടെ സാന്നിധ്യമാണ് ഇവിടത്തെ സാധാരണ ജനങ്ങളുടെ പൊതു ബോധത്തെ നിര്‍ണയിക്കുന്നത്. യഥാര്‍ഥത്തില്‍ തെലുങ്കാനയെന്നത് ഇവിടെ ഒരു രൂപകം (Metaphor) ആണെന്നുവേണം കരുതാന്‍. ജാതി, മതം, വര്‍ഗം, ലിംഗം, ഭാഷ, ദേശം, എന്നിങ്ങനെയുള്ള ഒട്ടനവധി ഘടകങ്ങള്‍ ഉണ്ടാക്കുന്ന അസമത്വത്തെ തെലുങ്കാന പല അര്‍ത്ഥത്തില്‍ പ്രതീകവല്‍ക്കരിക്കുന്നുണ്ട്. അങ്ങനെയാണ് അസമത്വങ്ങള്‍ക്കെതിരെയുള്ള ആക്ടിവിസത്തിന്റെ പ്രചോദനം തെലുങ്കാനയായി മാറുന്നത്. കാമ്പസിലെ മലയാളികളുടെ രാഷ്ട്രീയത്തെ ഇതു എത്രമാത്രം പ്രചോദിപ്പിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്ന കാര്യം സംശയകരമാണ്. കാമ്പസിലെ മലയാളി രാഷ്ട്രീയമെന്ന് പറയുന്നത് കേരള രാഷ്ട്രീയമായി ചുരുങ്ങാറാണ് പതിവ്. ഒരു മലയാളിയുടെ കാമ്പസ് രാഷ്ട്രീയ സ്വത്വത്തെ നിര്‍ണയിക്കുന്നത് കേരള രാഷ്ട്രീയത്തില്‍ സംഭവിക്കുന്ന വ്യതിയാനങ്ങളാണ്. ഈ മാറ്റം ലോക്കല്‍ രാഷ്ട്രീയവുമായി ഒരു നിലക്കും വൈരുധ്യമാവുന്നില്ലെങ്കില്‍ കൂടി ഹൈദരാബാദ് പോലുള്ളൊരിടത്ത് വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടിയിട്ടും ഇവിടത്തെ ഒരു രാഷ്ട്രീയം ഉള്‍ക്കൊള്ളാനാവുന്നില്ല എന്നത് ഖേദകരം തന്നെ.
ഇന്ന് കാമ്പസില്‍ 400 ല്‍ പരം മലയാളി വിദ്യാര്‍ഥികളുണ്ട്. ഇതില്‍ 90-95 ഓളം പേര്‍ ഗവേഷണ വിദ്യാര്‍ഥികളാണ്. ഇതിലെ പെണ്‍ സാന്നിധ്യം ഏകദേശം 40-45 ഓളം വരും. ദേശ വ്യത്യാസമനുസരിച്ച് ആണ്‍ കുട്ടികളുടെ കാര്യത്തില്‍ മലബാര്‍ ഏരിയയും പെണ്‍കുട്ടികളുടെ കാര്യത്തില്‍ തെക്കന്‍ കേരളവുമാണ് മുന്നില്‍. പി.എച്.ഡി ചെയ്യുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ മലബാറില്‍ നിന്നുള്ള കുട്ടികള്‍ വിരലിലെണ്ണാവുന്നത്രയും തുച്ഛമാണ്. അതേ സമയം സയന്‍സ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വളരെ മുമ്പുതന്നെ മലബാറില്‍ നിന്നുള്ള മുസ്‌ലിം പെണ്‍കുട്ടികള്‍ ഇവിടെ ഗവേഷണത്തിനായി എത്തിയിരുന്നുവെന്നത് ശ്രദ്ധേയമാണ്.
Comments