അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി താങ്ങും തണലുമായി മലയാളിക്കൂട്ടായ്മകള്‍
കേരളത്തില്‍ നിന്ന് ഏകദേശം മൂവായിരം കിലോമീറ്റര്‍ അകലെയാണ് അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി. ഒന്നര നൂറ്റാണ്ട് പിന്നിട്ട ഈ സര്‍വകലാശാലയുടെ ഓരോ പടവിലും ചരിത്രം മയങ്ങുന്നുണ്ട്. ബ്രിട്ടീഷ് വിരുദ്ധ നിലപാട് ഉപേക്ഷിച്ച് സൗഹൃദ പാത നേടിയ ഉപഭൂഖണ്ഡത്തിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ ആരംഭം ഇവിടെയായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ദേശീയ മുസ്‌ലിംകളുടെ വിഹാര കേന്ദ്രമായി, മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാരുടെ ആസ്ഥാനമായി, മാര്‍ക്‌സിസ്റ്റ് വിരുദ്ധ സമരങ്ങളുടെ രണഭൂമിയായി, ജനതാ പാര്‍ട്ടി പരീക്ഷണങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണായി, ഇന്ത്യന്‍ മുസ്‌ലിംകളുടെ ബൗദ്ധിക കേന്ദ്രമായി അത് മാറി.
ഈ കെട്ടിട സമുച്ചയങ്ങളിലെവിടെയെങ്കിലും വെച്ച് ഡോ. സാക്കിര്‍ ഹുസൈന്‍, മുഹമ്മദ് അബ്ദുര്‍റഹ്മാന്‍, സയ്യിദ് അമീര്‍ അലി, രാജാ മഹേന്ദ്ര പ്രതാപ്, നവാബ് ലിയാഖത്ത് അലി ഖാന്‍, അതിര്‍ത്തി ഗാന്ധി ഖാന്‍ അബ്ദുല്‍ ഗഫ്ഫാര്‍ ഖാന്‍, ശൈഖ് അബ്ദുല്ല, അലി സഹോദരന്മാര്‍, ഹര്‍ഷ് നാരായണന്‍, റാഫി അഹ്മദ് ഖിദ്വായി, മുഹമ്മദ് ഹബീബ്, മുശീറുല്‍ ഹസന്‍, സയ്യിദ് ഹാമിദ്, സാഹിബ് സിംഗ് വര്‍മ, ഹാമിദ് അന്‍സാരി, നസ്‌റുദ്ദീന്‍ ഷാ, വക്കം പുരുഷോത്തമന്‍ തുടങ്ങിയവര്‍ വ്യത്യസ്ത കാലങ്ങളിലും നേരങ്ങളിലും തങ്ങളുടെ ഗുരുനാഥന്മാരുടെ സാന്നിധ്യത്തിലും അല്ലാതെയും ചൂടേറിയ ചര്‍ച്ചകളിലും വാഗ്വാദങ്ങളിലും ഏര്‍പ്പെട്ടിട്ടുണ്ടാവണം.
ഈ പാതവക്കിലെ പുല്‍ത്തകിടുകളിലും സ്ട്രാച്ചി ഹാളിലും ഇരുന്ന് ഹസ്രത്ത് മൊഹാനിയും മജാസ് ലഖ്‌നവിയും കെയ്ഫി ആസ്മിയും അലി സര്‍ദാര്‍ ജഫ്രിയും ജാന്‍ നിസാര്‍ അക്തറും മകന്‍ ജാവേദ് അക്തറും കെ.എ അബ്ബാസും മജ്‌റൂഹ് സുല്‍ത്താന്‍ പൂരിയും ഷാഹിദ് ലത്വീഫും പത്‌നി ഇസ്മത്ത് ചുഗ്തായിയും ഖുര്‍റത്തുല്‍ ഐന്‍ ഹൈദറും, മഹാഭാരതം സീരിയലിന് തിരക്കഥയും സംഭാഷണവും എഴുതിയ റാഹി മസൂം റാസയും പുനത്തില്‍ കുഞ്ഞബ്ദുല്ലയും സാഹിത്യത്തെയും സമൂഹത്തെയും കുറിച്ച ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടാകാം.
കാമ്പസിന്റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന അനേകം പച്ചപ്പുല്‍ മൈതാനികളില്‍ ഏതെങ്കിലുമൊന്നില്‍ നിന്നാവാം ലാലാ അമര്‍നാഥും ധ്യാന്‍ ചന്ദും സഫര്‍ ഇഖ്ബാലുമെല്ലാം ക്രിക്കറ്റും ഹോക്കിയും പരിശീലിച്ചിട്ടുണ്ടാവുക. സമന്വയത്തിന്റെ മാതൃകാ സ്ഥാനമാണ് ഇത്. ശാസ്ത്രവും സാഹിത്യവും കലയും ചരിത്രവും സാമ്പത്തിക ശാസ്ത്രവും ഭാഷയും ഗണിതവും വൈദ്യവും എഞ്ചിനീയറിംഗും ഭരണവും നയതന്ത്രവും കായിക വിനോദവും ഇവിടെ ഇഴചേര്‍ന്ന് കിടക്കുന്നു.
രാത്രി രണ്ട് മണിവരെ പ്രവര്‍ത്തിക്കുന്ന മൗലാനാ ആസാദ് ലൈബ്രറിയില്‍ പുസ്തകങ്ങളില്‍ കണ്ണും പൂഴ്ത്തിയിരിക്കുന്ന വിദ്യാര്‍ഥികളും അധ്യാപകരും. ബൗദ്ധിക സംവാദങ്ങളും ചര്‍ച്ചകളും കൊണ്ട് സജീവമാകുന്ന ഡിപ്പാര്‍ട്ട്‌മെന്റുകള്‍, സെമിനാറുകള്‍, ക്ലാസ് മുറികള്‍, കവിയരങ്ങുകള്‍, നുമായിഷ്, വിജയത്തിലേക്ക് വിളിക്കുന്ന പള്ളി മിനാരങ്ങള്‍, ധാപകള്‍, വെടിവെട്ടം സജീവമായ ചായക്കടകള്‍, പിന്നെ തേനീച്ചക്കൂട് പോലെ സദാ സജീവമായ കാന്റീന്‍.
മത്സര പരീക്ഷക്കായി വിദ്യാര്‍ഥികളെ സജീവമാക്കാന്‍ പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍. അവ നിറയെ നാളത്തെ കളക്ടര്‍മാരും അംബാസിഡര്‍മാരും. പുറമെ കുതിര സവാരിയും സ്‌കേറ്റിംഗും ട്രക്കിംഗും സിനിമയും സംഗീതവുമായി നടക്കുന്ന വിദ്യാര്‍ഥി കൂട്ടായ്മകളെയും കാണാം.
ആയിരത്തിലധികം ഏക്കറിലായി പരന്നു കിടക്കുന്ന വിശാലമായ കാമ്പസില്‍ നഴ്‌സറി മുതല്‍ ഗവേഷണം വരെയുള്ള പഠന സൗകര്യങ്ങളുണ്ട്. 98 ഡിപ്പാര്‍ട്ട്‌മെന്റുകള്‍, 12 ഫാക്കല്‍റ്റികളിലും 300 കോഴ്‌സുകളിലുമായി 30000 വിദ്യാര്‍ഥികള്‍ പഠിച്ചുകൊണ്ടിരിക്കുന്നു. പത്തൊമ്പത് ഹാളുകളിലെ എണ്‍പതോളം ഹോസ്റ്റലുകളില്‍ വിദ്യാര്‍ഥികള്‍ അന്തിയുറങ്ങുന്നു, ചിലരൊക്കെ പകലും.
സ്ത്രീവിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്ന സ്ഥാപനം. അച്ചടക്കത്തോടെ പെണ്‍കുട്ടികള്‍ക്ക് പഠിക്കാനുള്ള അന്തരീക്ഷമൊരുക്കുന്നു. ഡിഗ്രി തലം വരെ പെണ്‍കുട്ടികള്‍ക്ക് പ്രത്യേക കോളേജും പി.ജി തലം മുതല്‍ പ്രത്യേകം താമസ സൗകര്യവുമുണ്ട്.
പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം തുടങ്ങിയ വ്യത്യസ്ത മേഖലകളിലായി 150 മലയാളി വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടിവിടെ. പ്രവേശന പരീക്ഷയിലൂടെ കാമ്പസില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളില്‍ ഏകദേശം എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളിലും മലയാളി സാന്നിധ്യമുണ്ടാവാറുണ്ട്. സംസ്‌കൃതത്തിലും ഹിന്ദിയിലും വൈദ്യശാസ്ത്രത്തിലും നിയമപഠനത്തിലും മലയാളികള്‍ അവരുടെ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. സോഷ്യോളജി, എക്കണോമിക്‌സ്, അറബിക് എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ സ്വര്‍ണ മെഡലുകള്‍ നേടി മലയാളികള്‍ അവരുടെ വൈജ്ഞാനിക മികവ് തെളിയിച്ചുകൊണ്ടിരിക്കുന്നു. പല ഡിപ്പാര്‍ട്ട്‌മെന്റിലും തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ മലയാളികള്‍ക്ക് സാധിച്ചിട്ടുണ്ട്. അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി മലയാള ഭാഷക്ക് നല്‍കുന്ന പ്രാധാന്യത്തിന് ഉത്തമോദാഹരണമാണ്, യൂനിവേഴ്‌സിറ്റിയില്‍ അമ്പത് വര്‍ഷം മുമ്പുതന്നെ ആരംഭിച്ച മലയാളം ഡിപ്പാര്‍ട്ട്‌മെന്റ്.
അലീഗഢ് കാമ്പസിലെ മലയാളിക്കൂട്ടായ്മകള്‍ എന്നും വിദ്യാര്‍ഥികള്‍ക്ക് താങ്ങും തണലുമായിരുന്നു. 1997-ല്‍ രൂപം കൊണ്ട്, അലീഗഢിലെ മലയാളിക്കൂട്ടായ്മയാണ് 'അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി മലയാളി അസോസിയേഷന്‍' (എ.എം.യു.എം.എ). വ്യത്യസ്ത സംസ്‌കാരവുമായും സാഹചര്യവുമായും ഇടപഴകുമ്പോള്‍ വിദ്യാര്‍ഥികള്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും അവര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുക എന്നതാണ് അസോസിയേഷന്റെ പ്രധാന ലക്ഷ്യം.
മലയാളിക്കൂട്ടായ്മ എന്ന അര്‍ഥത്തില്‍ ആദ്യമായി കാമ്പസിലേക്ക് വരുന്നവര്‍ക്ക് വേണ്ടി 'ഫ്രഷേഴ്‌സ് പാര്‍ട്ടി'യും വര്‍ഷാവസാനത്തില്‍ കാമ്പസില്‍ നിന്ന് പിരിഞ്ഞുപോകുന്നവര്‍ക്ക് 'ഫെയര്‍വെല്‍ പാര്‍ട്ടി'യും സംഘടിപ്പിക്കുന്നു. ഇതിനു പുറമെ ഗൈഡന്‍സ് ക്ലാസ്സുകള്‍, ഇഫ്ത്വാര്‍ സംഗമങ്ങള്‍, ഈദ് -ഓണം സൗഹൃദ സംഗമങ്ങള്‍ എന്നിവ നടത്തി കേരളത്തിന്റെ ആഘോഷ മുഹൂര്‍ത്തങ്ങള്‍ പങ്കിടാന്‍ വിദ്യാര്‍ഥികള്‍ക്ക് വേദിയൊരുക്കുന്നു. മലയാളി വിദ്യാര്‍ഥികള്‍ക്കായി കായിക മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. സംഘടനാ ഭദ്രതയുള്ള സംഘമായി എ.എം.യു.എം.എ ഇതിനകം മാറിയിട്ടുണ്ട്. വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന തെരഞ്ഞെടുപ്പിലൂടെ സംഘടനാ ഭാരവാഹികളെ ഉത്തരവാദിത്വമേല്‍പിക്കുന്നു. അവരെ സഹായിക്കാന്‍ ഓരോ ഹാളിന്റെ പ്രതിനിധികള്‍ അടങ്ങുന്ന എക്‌സിക്യൂട്ടീവ് ബോഡിക്കും രൂപം നല്‍കുന്നു. മാത്രമല്ല, നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ധനസഹായവും എ.എം.യു.എം.എയും എ.എം.യു.ഒ.എസ്.എ.കെ (അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ കേരള)യും സംയുക്തമായി നല്‍കിവരുന്നു.
അലീഗഢ് കാമ്പസിലെ മലയാളികള്‍ സംഗമിക്കുന്ന ഒരിടമാണ് മലയാള വിഭാഗത്തിലെ 'സര്‍ഗവേദി'ക്ക് കീഴിലുള്ള 'ചര്‍ച്ചാ വേദി.' വൈജ്ഞാനിക ചര്‍ച്ചകള്‍ എന്നതിലപ്പുറം മലയാളികള്‍ക്ക് അവരുടെ ഭാഷയില്‍ സംവദിക്കാനും തര്‍ക്കിക്കാനുമുള്ള വേദിയാണിത്.
കേരളത്തിലെ എസ്.ഐ.ഒ, എം.എസ്.എഫ്, എം.എസ്.എം, എസ്.കെ.എസ്.എസ്.എഫ് എന്നീ വിദ്യാര്‍ഥി സംഘടനകളുടെ മലയാളി ശാഖകളും അലീഗഢില്‍ നിലവിലുണ്ട്. സംഘടനാ പക്ഷപാതിത്വത്തിനപ്പുറത്ത് എല്ലാവര്‍ക്കും ഒരുമിക്കാനും ആശയങ്ങള്‍ കൈമാറാനും അലീഗഢിലെ ഇത്തരം വിദ്യാര്‍ഥി സംഘടനാ വേദികളിലൂടെ സാധ്യമാവുന്നു എന്നത് സന്തോഷകരമാണ്.
Comments