പലിശയാണ് പ്രതി
തിരുവനന്തപുരത്തിനടുത്ത് കിഴക്കേ മുക്കാലയില്‍ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെത്തുടര്‍ന്ന് അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്ത വാര്‍ത്ത് ബ്ലേഡ് മാഫിയകളുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് വീണ്ടും ചൂടുപിടിച്ച ചര്‍ച്ചയാക്കിയിരിക്കുകയാണ്. ബ്ലേഡ് മാഫിയയുടെ അക്രമം മൂലമുള്ള ആദ്യത്തെ ആത്മഹത്യയല്ല കിഴക്കേ മുക്കാലയിലേത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം കഴിഞ്ഞ വര്‍ഷം 15 പേര്‍ ഇതേ കാരണത്താല്‍ സ്വയം ജീവനൊടുക്കിയിട്ടുണ്ട്. പുതിയ സംഭവത്തെത്തുടര്‍ന്ന് അനധികൃത പണമിടപാടുകാര്‍ക്കെതിരെ കര്‍ശനമായ നടപടി പ്രഖ്യാപിച്ചുകൊണ്ട് 'ഓപറേഷന്‍ കുബേര'ക്ക് തുടക്കം കുറിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നീക്കം ശ്ലാഘനീയം തന്നെ. 'ബ്ലേഡ് കമ്പനി'കളുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ എല്ലാവരെയും മുഖം നോക്കാതെ പിടികൂടുമെന്ന് അദ്ദേഹവും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും പ്രസ്താവിച്ചിരിക്കുന്നു. സാധാരണക്കാര്‍ക്ക് അംഗീകൃത ബാങ്കുകളില്‍ നിന്ന് അനായാസം വായ്പ ലഭ്യമാകാനുള്ള സംവിധാനമൊരുക്കുമെന്നും ആഭ്യന്തര മന്ത്രി വാഗ്ദത്തം ചെയ്തിട്ടുണ്ട്. ഓപ്പറേഷന്‍ കുബേര ഇതിനകം 2500-ഓളം റെയ്ഡുകള്‍ നടത്തുകയും 248 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 158 പേരെ പിടികൂടുകയും ചെയ്തിരിക്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഇതുപോലെ ഒരു സാഹചര്യത്തില്‍ 'ഓപ്പറേഷന്‍ നീരാളി' എന്ന പേരില്‍ സംസ്ഥാന വ്യാപകമായി റെയ്ഡുകള്‍ നടന്നിരുന്നു. നിരവധി കേസുകളും രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. ആ കേസുകളുടെ ഗതി പിന്നീടെന്തായി എന്നറിയില്ല. രാഷ്ട്രീയ സ്വാധീനവും പണക്കൊഴുപ്പും കേസുകളൊക്കെ മരവിപ്പിച്ചു എന്നാണ് കേള്‍വി. 1958-ലെ 'കേരള പണം കടം കൊടുപ്പുകാര്‍ നിയമം' കര്‍ശനമായി നടപ്പാക്കുമെന്നും ആവശ്യമെങ്കില്‍ അതിന് കാലോചിതമായ ഭേദഗതികള്‍ കൊണ്ടുവരുമെന്നുമൊക്കെ ഉത്തരവാദപ്പെട്ടവര്‍ അന്ന് പറഞ്ഞിരുന്നു. അതിനും തുടര്‍ പ്രവര്‍ത്തനം ഉണ്ടായില്ല. പ്രസ്തുത നിയമപ്രകാരം വാണിജ്യ ബാങ്കുകളെക്കാള്‍ കൂടുതലായി പരമാവധി 2 ശതമാനം പലിശയേ കടംകൊടുപ്പുകാര്‍ ഈടാക്കാന്‍ പാടുള്ളൂ. അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ മൂന്നു വര്‍ഷം തടവിനും 50000 രൂപ വരെ പിഴയൊടുക്കാനും അര്‍ഹരാകുന്നു. ഈ ശിക്ഷകള്‍ക്ക് വിധേയരായ എത്ര ബ്ലേഡ് മുതലാളിമാരുണ്ട് കേരളത്തില്‍? 4 മുതല്‍ 13 ശതമാനം വരെയാണ് അംഗീകൃത ബാങ്കുകള്‍ ഈടാക്കുന്ന വാര്‍ഷിക പലിശ. ബ്ലേഡുകാര്‍ ഈടാക്കുന്നതാകട്ടെ 15 മുതല്‍ 25 ശതമാനം വരെ മാസാന്ത പലിശയാണ്. പത്തു ശതമാനം ദിവസപ്പലിശ ഈടാക്കുന്നവരുമുണ്ട്.
ബ്ലേഡ് മാഫിയകള്‍ കൊള്ളപ്പലിശ വാങ്ങുന്നുവെന്നതും ഋണബാധിതരെ ആക്രമിക്കുകയും തട്ടിക്കൊണ്ടുപോവുകയും കൊന്നുകളയുകയും ആത്മഹത്യക്ക് നിര്‍ബന്ധിതരാക്കുകയുമൊക്കെ ചെയ്യുന്നുവെന്നതും സത്യമാണ്. എന്നാല്‍, വായ്പാ രംഗത്തെ എല്ലാ ദുരിതങ്ങള്‍ക്കും കാരണം ബ്ലേഡ് മാഫിയകളാണെന്നും അംഗീകൃത ബാങ്കുകളില്‍ നിന്ന് വായ്പാ ലഭ്യത അനായാസമാക്കിയാല്‍ പ്രശ്‌നങ്ങള്‍ പരിഹൃതമാകുമെന്നുമുള്ള നിലപാട് യാഥാര്‍ഥ്യബോധമുള്ളതല്ല. ബാങ്കുകളില്‍ നിന്ന് കടമെടുത്തവരിലും ധാരാളം പേര്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. വായ്പകള്‍ തിരിച്ചുകിട്ടാന്‍ പല ബാങ്കുകളും അവലംബിക്കുന്നത് ഗുണ്ടാ സംഘങ്ങളെയാണ്. അപ്പുറത്ത് കൂടുതല്‍ കിരാതവും നിഷ്ഠുരവുമായ കൊള്ളപ്പലിശക്കാരുള്ളതുകൊണ്ടാണ് ബാങ്കുകളുടെ ക്രൂരകൃത്യങ്ങള്‍ നാം കാണാതെ പോകുന്നത്. ബാങ്കുകള്‍ ഇഞ്ചിഞ്ചായി കൊല്ലുമ്പോള്‍ ബ്ലേഡുകാര്‍ ഒറ്റയടിക്ക് അറുത്തുമുറിക്കുന്നുവെന്നതാണ് വ്യത്യാസം. ജീവിതാവശ്യങ്ങള്‍ നിവര്‍ത്തിക്കാനാകാതെ ക്ലേശിക്കുന്നവര്‍ സമൂഹത്തില്‍ നിന്ന് ആവശ്യപ്പെടുന്നത് സഹായവും സാന്ത്വനവുമാണ്. പലിശ സ്ഥാപനങ്ങള്‍ അവരോടു സ്വീകരിക്കുന്ന സമീപനം ചൂഷണത്തിന്റേതും പിടിച്ചുപറിയുടേതുമാണ്. ആളുകളുടെ ദാരിദ്ര്യത്തെയും ക്ലേശങ്ങളെയും ചരക്കാക്കിയുള്ള ലാഭക്കച്ചവടമാണ് പലിശയിടപാട്. ഈ അധാര്‍മികതയുടെ നീതിവത്കരണമാണ് യഥാര്‍ഥ പ്രശ്‌നം. അഥവാ പലിശയാണ് ഒന്നാം പ്രതി.
പലിശ വാങ്ങുന്നതും കൊടുക്കുന്നതും അധര്‍മമാണ്. ഇത് കേട്ടാല്‍ ഇന്ന് ആളുകള്‍ ചിരിച്ചു തള്ളുമെങ്കിലും അതാണ് സത്യം. ഈ ബോധം സജീവമായാലേ പലിശയിടപാടിന്റെ ദുരന്തങ്ങള്‍ നിര്‍മാര്‍ജനം ചെയ്യപ്പെടൂ. എന്തിനും ഏതിനും എന്തു പലിശ കൊടുത്തും നിസ്സങ്കോചം കടം വാങ്ങാന്‍ ആളുകള്‍ക്ക് അശേഷം മടിയില്ല. പഴയകാലത്ത് അത്യാവശ്യങ്ങള്‍ നിവര്‍ത്തിക്കാനുള്ള പോംവഴിയായിരുന്നു കടം. ഇന്ന് ആര്‍ഭാടത്തിനും ആഡംബരത്തിനും എളുപ്പത്തില്‍ പണമുണ്ടാക്കാനുമാണ് പലരും കടം വാങ്ങുന്നത്. ആര്‍ഭാട പൂര്‍ണമായ കല്യാണങ്ങള്‍, ആഡംബര കാറുകള്‍ ഇതിനൊക്കെ എളുപ്പത്തില്‍ കടം തരാന്‍ പലിശ വ്യാപാരികള്‍ സദാ സന്നദ്ധരാണ്. സ്വന്തമായി സ്ഥലമുള്ളവര്‍ ബ്ലേഡില്‍ നിന്ന് വായ്പയെടുത്ത് വമ്പന്‍ വീടുണ്ടാക്കുന്നു. അങ്ങനെ നിര്‍മിച്ച വീട്ടില്‍ പാലുകാച്ചുന്നതിനു മുമ്പ് വീടും സ്ഥലവും ബ്ലേഡ് കമ്പനി കൊണ്ടുപോയ അനുഭവങ്ങളുണ്ട്. വായ്പാ ഏജന്‍സികള്‍ ആവശ്യമുള്ളതിനും ഇല്ലാത്തതിനുമൊക്കെ വായ്പ ഓഫര്‍ ചെയ്യുന്നത് സഹായിക്കാനല്ല ചൂഷണം ചെയ്യാനാണ് എന്ന വിചാരം മിക്ക സാധാരണക്കാര്‍ക്കുമില്ല. അതുകൊണ്ട് അല്ലലും ആര്‍ഭാടവുമില്ലാതെ സമാധാന ജീവിതം നയിച്ചിരുന്ന എത്രയോ ആളുകള്‍ കടക്കയത്തില്‍ മുങ്ങിപ്പോകുന്നുണ്ട്. ഈ കുറിപ്പെഴുതുമ്പോള്‍ പേഴ്‌സണല്‍ ഫോണില്‍ ഒരു കോള്‍. ഒരംഗീകൃത ബാങ്കില്‍ നിന്നാണ്. മുഖവുരയൊന്നുമില്ലാതെ വക്താവ് സദയം അറിയിച്ചു: ''സാറിനു ബ്രാന്‍ഡ് പുതിയ കാര്‍ വേണമെങ്കില്‍ ഇതൊരു നല്ല അവസരമാണ്. ഞങ്ങള്‍ ലളിതമായ വ്യവസ്ഥയില്‍ വായ്പ നല്‍കുന്നുണ്ട്. ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ശമ്പള സര്‍ട്ടിഫിക്കറ്റുമായി വന്നാല്‍ മതി...'' ഹാ എന്തെളുപ്പം! കാറില്ലാത്ത ആരും ഒന്ന് സ്വന്തമാക്കിക്കളയാം എന്ന് ചിന്തിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഈ മാനോഭാവം മാറ്റേണ്ടതാണ്. അത്യാവശ്യമില്ലാത്ത ആഡംബരങ്ങള്‍ കടം കൊണ്ട് സ്വന്തമാക്കി വിലസുന്നത് നാണക്കേടായി കാണുന്ന അന്തരീക്ഷമുണ്ടാവണം. അതോടൊപ്പം സാധാരണക്കാര്‍ക്ക് അത്യാവശ്യ കാര്യങ്ങള്‍ക്ക് പലിശയില്ലാതെ വായ്പ ലഭ്യമാക്കുന്ന സാമൂഹിക സംവിധാനവും വേണം. വ്യവസായ-വ്യാപാര സംരംഭങ്ങള്‍ക്ക് ലാഭനഷ്ട പങ്കാളിത്താടിസ്ഥാനത്തില്‍ മൂലധന ലഭ്യത ഉറപ്പുവരുത്താം. ഇതൊന്നും ഉട്ടോപ്യന്‍ ആശയമല്ല. ലോകത്തിന്റെ പല ഭാഗങ്ങളിലും പലിശരഹിത ധനകാര്യ സ്ഥാപനങ്ങള്‍ സമാന്തര ബാങ്കുകളായി വിജയകരമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്നുണ്ട്. പക്ഷേ, ഇന്ത്യ ഇനിയും പലിശരഹിത ബാങ്കിനോട് മുഖം തിരിച്ചു നില്‍ക്കുകയാണ്. പലിശരാഹിത്യം ഒരു ഇസ്‌ലാമിക തത്ത്വമായതാണെന്നതാണിതിനു കാരണം. പക്ഷേ, പ്രായോഗികവും ഗുണകരവുമായ ഈ സംവിധാനം സ്വീകരിക്കാന്‍ ഇന്ത്യയെക്കാള്‍ മതേതരമായ പാശ്ചാത്യ രാജ്യങ്ങള്‍ ഒട്ടും മടിച്ചിട്ടില്ല. ഇവിടെയാകട്ടെ നേരത്തെ ആര്‍.ബി.ഐയുടെ അനുമതിയോടെ വിജയകരമായി പ്രവര്‍ത്തിച്ചുവന്ന എ.ഐ.സി.എല്‍ പോലുള്ള സംരംഭങ്ങള്‍ക്ക് പലിശ കണക്കാക്കുന്നില്ല എന്ന കുറ്റം ചുമത്തി അനുമതി നിഷേധിക്കുകയാണുണ്ടായത്. പലിശയുടെ നീരാളിപ്പിടുത്തത്തിലമര്‍ന്ന് വെപ്രാളപ്പെടുന്ന സാധാരണക്കാര്‍ക്ക് മോചനം വാഗ്ദാനം ചെയ്യുന്ന സംരംഭങ്ങള്‍ നിരോധിക്കുന്നതിലൂടെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് ആരുടെ താല്‍പര്യമാണ്? കേരളം സംസ്ഥാനതലത്തില്‍ പലിശരഹിത ധനകാര്യ സംരംഭങ്ങള്‍ സ്ഥാപിക്കാന്‍ മുന്നോട്ടുവന്നത് ഇത്തരുണത്തില്‍ ശുഭോദര്‍ക്കമാണ്. ദേശീയതലത്തില്‍ ആര്‍.ബി.ഐയുടെ അംഗീകാരത്തോടെ പലിശരഹിത ബാങ്കുകള്‍ സ്ഥാപിതമാകുന്നതിന്റെ ആദ്യ ചുവടുവെപ്പാകട്ടെ അത്.
Comments