അബ്ദുല്‍ ഹകീം സാഹിബ്
അബ്ദുല്‍ ഹകീം സാഹിബ് (65) ഇഹലോകത്തോട് വിടവാങ്ങി. ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍. എറണാകുളം ജില്ലയിലെ എടവനക്കാട് സ്വദേശിയായ മൂസ മൗലവി(കുട്ടുമൗലവി)യുടെ മകനായ അദ്ദേഹം 1980-ന് മുമ്പുതന്നെ ദുബൈയിലെത്തി. അല്‍ നബൂദ കോണ്‍ട്രാക്ടിംഗ് കമ്പനിയിലാണ് ജോലി കിട്ടിയത്.
1982-ല്‍ ദുബൈയിലെ സെന്റര്‍ (ഫിര്‍ജ്മുറാര്‍) തുടങ്ങുന്നതിന് മുമ്പ് അദ്ദേഹത്തിന്റെയും അബ്ദുല്‍ ഗനി സാഹിബിന്റെയും റൂമില്‍ വെച്ചായിരുന്നു ക്ലാസ്സുകളും യോഗങ്ങളും നടന്നിരുന്നത്. കെ.എ മഅ്‌റൂഫ് സാഹിബ് പ്രസിഡന്റായി സെന്റര്‍ തുടങ്ങിയതിനു ശേഷം അബ്ദുല്‍ ഹകീം സാഹിബ് ധാരാളം ക്ലാസ്സുകള്‍ എടുക്കാറുണ്ടായിരുന്നു. ദേരയിലെ (താഇഫ് റോഡില്‍) സെന്റര്‍ തുടങ്ങിയതിന് ശേഷവും വെള്ളിയാഴ്ച ക്ലാസ്സുകളില്‍ മിക്ക ആഴ്ചകളിലും അബ്ദുല്‍ ഹകീം സാഹിബിന്റെ ഭക്തിനിര്‍ഭരമായ ക്ലാസ്സുകള്‍ ഉണ്ടാകുമായിരുന്നു.
ഇംഗ്ലീഷ് ഭാഷയില്‍ ബിരുദാനന്തര ബിരുദം നേടിയിരുന്ന അദ്ദേഹത്തിന് അറബിയിലും ഉര്‍ദുവിലും നല്ല പാണ്ഡിത്യമുണ്ടായിരുന്നു. നല്ല ഖുര്‍ആന്‍ പണ്ഡിതനായിരുന്നു അദ്ദേഹം. എല്ലായ്‌പ്പോഴും പുതിയ പഠനങ്ങളില്‍ വ്യാപൃതനായിരുന്നു.
വിസിറ്റ് വിസയിലുള്ള (ജോലിക്ക് ശ്രമിക്കുന്ന) സുഹൃത്തുക്കളെ അദ്ദേഹം ആശ്വസിപ്പിക്കും. അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കും. സി.വി ശരിയാക്കി കൊടുക്കും. പലരുടെയും ഇംഗ്ലീഷിലുള്ള സി.വി അറബിയിലേക്ക് മൊഴിമാറ്റം നടത്തി (എന്റേതടക്കം) കൊടുക്കുമായിരുന്നു. നാട്ടില്‍ നിന്ന് വരുന്ന സ്ഥാപന പിരിവുകാരെ കഴിയുന്നത്ര സഹായിക്കും. ഒരു വ്യക്തിയെ തന്നെ പല തവണ സഹായിക്കുന്നതില്‍ ഒരു മുഷിപ്പും അദ്ദേഹത്തിനുണ്ടായിരുന്നില്ല.
തെളിഞ്ഞ വ്യക്തിജീവിതത്തിന്റെ ഉടമയും സൗമ്യ ശീലനുമായിരുന്നു. ദേഷ്യപ്പെട്ട് സംസാരിക്കുന്നവരോടും പുഞ്ചിരിച്ച് കൊണ്ടാണ് അദ്ദേഹം തിരിച്ച് സംസാരിക്കുക. ഫലിത പ്രിയനുമായിരുന്നു. എല്ലാ വിഭാഗം ആളുകളോടും വളരെ അടുത്തിടപഴകുമായിരുന്നു.
ദുബൈയില്‍ ഐ.വൈ.എ രൂപീകരിച്ചപ്പോള്‍ അതിന്റെ രക്ഷാധികാരിയായി. യുവാക്കളെ ഒപ്പം നിര്‍ത്തി അവര്‍ക്ക് വേണ്ട ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കും. സെന്ററില്‍ നിന്ന് താമസം മാറാന്‍ ആഗ്രഹം പ്രകടിപ്പിച്ച യുവാക്കളോട് 'യുവാക്കളായവര്‍ ഇവിടെ നിന്ന് പോയാല്‍ നാട്ടില്‍ നിന്ന് വരുന്നവരെ സഹായിക്കാന്‍ വൃദ്ധരായ ഞങ്ങളെപ്പോലുള്ളവര്‍ക്ക് സാധിക്കുമോ?' എന്ന് പറഞ്ഞ് അവരെ നിരുത്സാഹപ്പെടുത്തി. റേഡിയോയില്‍ ധാരാളം പ്രഭാഷണങ്ങള്‍ നടത്തിയ അബ്ദുല്‍ ഹകീം സാഹിബ് 'ഇസ്‌ലാം ആന്റ് ക്രിസ്റ്റ്യാനിറ്റി' എന്ന ഇംഗ്ലീഷ് ഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നതായി അറിയാം.
വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹത്തിന് ഗള്‍ഫിലെ പ്രസ്ഥാന ഘടകത്തിനകത്തും പുറത്തും ഒരുപാട് സുഹൃത്തുക്കളുണ്ട്. ഐ.സി.സിയുടെ ദേര ഘടകം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ജമാഅത്തെ ഇസ്‌ലാമി അംഗമായിരുന്ന അദ്ദേഹം മൂന്ന് വര്‍ഷം മുമ്പ് ഗള്‍ഫില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയ ശേഷം ചാലക്കല്‍ അസ്ഹറുല്‍ ഉലൂം കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
ഭാര്യ: മൂവാറ്റുപ്പുഴ കുറുമ്പാലക്കാട് പുത്തന്‍പുരയില്‍ കുടുംബാംഗം ശഹീദ. മക്കള്‍: മുഹമ്മദ് മുഹ്‌സിന്‍ (സുഊദി), മൂസാ ഇസാം, തസ്‌നീം, ഫാത്വിമ ഹുസ്‌ന. മരുമക്കള്‍: അന്‍സാര്‍ (കുവൈത്ത്), സാജിദ് റഹ്മാന്‍ (അബൂദബി), ഷാല്‍മിയ (സുമി). അല്ലാഹു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുകയും, മര്‍ഹമത്തും മഗ്ഫിറത്തും നല്‍കി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ.
അഡ്വ. ടി.കെ മുഹമ്മദ് അസ്‌ലം
(യു.എ.ഇ, ഐ.സി.സി ജനറല്‍ സെക്രട്ടറി)
Comments