സൈക്കിള്‍ റിക്ഷ കൊണ്ട് ജീവിതം ചവിട്ടുന്നവര്‍
റാബിയ ഖാത്തൂന്റെ കൈയിലെ സൂചി പ്രത്യേക താളത്തിലും വേഗത്തിലും ചലിച്ചുകൊണ്ടിരുന്നു. നിവര്‍ത്തി വിരിച്ച സാരിയില്‍ ചെറിയ മുത്തുമണികള്‍ മനോഹരമായി തുന്നിപ്പിടിപ്പിക്കുകയായിരുന്നു അവര്‍. ആകര്‍ഷകമായി പാക്ക് ചെയ്ത് നാളെ ഇന്ത്യയിലെ ഏതെങ്കിലുമൊരു വന്‍നഗരത്തിലെ റെഡിമെയ്ഡ് ഷോപ്പില്‍ കൂടിയ വിലയ്ക്ക് ആ സാരി വില്‍പനക്കെത്തും. അത് എത്ര പണം കൊടുത്തും വാങ്ങിയണിയാന്‍ സ്ത്രീജനങ്ങളുമുണ്ടാകും.പക്ഷേ, ആ മുത്തുമണികളുടെ മനോഹാരിതയോ അലങ്കാരങ്ങളുടെ ആകര്‍ഷണീയതയോ റാബിയ ഖാത്തൂന്റെ ജീവിതത്തിലില്ല. അവരാ സൂചി കൊണ്ട് തുന്നുന്നത് സ്വന്തം ജീവിതം തന്നെയാണ്. വിശപ്പിന്റെ വിളിക്കനുസരിച്ച് തുന്നലിനു വേഗം വര്‍ധിക്കുന്നു.
പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയില്‍, കൊല്‍ക്കത്തയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ റബിബാഗ് ഗ്രാമത്തിലാണ് റാബിയ ഖാത്തൂന്‍ താമസിക്കുന്നത്. 'ബംഗാളിന്റെ ദുഃഖം' എന്നറിയപ്പെടുന്ന ദാമോദര്‍ നദി കടന്നുവേണം റബിബാഗിലെത്താന്‍. ജനസംഖ്യയുടെ 24.44 ശതമാനം മുസ്‌ലിംകളുള്ള ഹൗറ ജില്ലയിലെ റബിബാഗ്, അക്കുബാഗ്, ഗുജറാത്ത്, കണൈപൂര്‍, അമുറിയ, ഖജൂര്‍നാന്‍, ഹലന്‍ തുടങ്ങിയ ഗ്രാമങ്ങള്‍ മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ളവയാണ്. ഇത്തരം ഗ്രാമങ്ങളിലെ പുല്ലുമേഞ്ഞ കുടിലുകള്‍ക്കകത്ത് മണ്ണില്‍ തറച്ച നാലു കാലുകളില്‍ വലിച്ചുകെട്ടിയ സാരികള്‍ കാണാം. കൊല്‍ക്കത്തയിലെയും മറ്റും നെയ്ത്തു ശാലകളില്‍ നിന്ന് ഏജന്റുമാര്‍ വഴിയാണ് നിര്‍മാതാക്കള്‍ അവ ഗ്രാമങ്ങളിലെത്തിക്കുന്നത്. ആ സാരികളില്‍ മാര്‍ക്കറ്റില്‍ വലിയ ഡിമാന്റുള്ള ഹാന്റ് എംബ്രോയിഡറി ചെയ്യുന്നത് ഗ്രാമീണ ദരിദ്ര സ്ത്രീകളാണ്. എംബ്രോയിഡറി ചെയ്യാന്‍ തുടങ്ങുന്നതു മുതല്‍ ഒരാഴ്ചയിലേറെയെടുത്ത് അവസാനിപ്പിക്കുന്നതുവരെ നിവര്‍ത്തിക്കെട്ടിയ സാരി കേടുകൂടാതെ സൂക്ഷിക്കുക എന്നതുതന്നെ ആ കുടിലുകളില്‍ ഏറെ പ്രയാസകരമായ ഉത്തരവാദിത്തമാണ്. പിന്നെ പണിപ്പെട്ട് സൂക്ഷ്മതയോടെ ഉടമകളെ സന്തോഷിപ്പിക്കുംവിധം എംബ്രോയിഡറി ചെയ്യണം. മണ്ണും ചാണകവും തേച്ച നിലത്ത് ചമ്രം പടിഞ്ഞിരുന്ന് ദിവസം 4-5 മണിക്കൂറിലേറെ, ഒരാഴ്ചയോളം പണിയെടുത്താല്‍ 200-400 രൂപ കിട്ടും. ഇങ്ങനെ കുറഞ്ഞ കൂലിക്ക് കൂടുതല്‍ ജോലി ചെയ്യുന്ന ധാരാളം മുസ്‌ലിം സ്ത്രീകളെ റബിബാഗ്, അസ്ഗറ, ഹരിങ്കൊള, സര്‍ബറിയ തുടങ്ങി പല ഗ്രാമങ്ങളിലും കാണാനായി. തുഛമായ കൂലിക്ക് അത്യധ്വാനം ചെയ്യിക്കുന്നത് ചൂഷണമാണെങ്കിലും അങ്ങനെ കിട്ടുന്ന നാണയത്തുട്ടുകള്‍ അവര്‍ക്ക് അരച്ചാണ്‍ വയറ് നിറക്കാനുള്ള പോംവഴിയാണ്. റെഡിമെയ്ഡ് ഷോപ്പുകളില്‍ കയറി വസ്ത്രങ്ങള്‍ തെരഞ്ഞു മടുത്ത് ഫാഷന്‍ മതിയാകാതെ ഇറങ്ങിപ്പോരുമ്പോള്‍ നാമറിയുന്നില്ല, ദിവസങ്ങളോളം മണ്ണുതേച്ച തറയില്‍ പടിഞ്ഞിരുന്നും വസ്ത്ര നിര്‍മാണ കമ്പനികളില്‍ എല്ലുമുറിയെ പണിയെടുത്തും ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ സ്ത്രീകള്‍ ഒഴുക്കിയ വിയര്‍പ്പിന്റെ ഫലമാണ് നമ്മുടെ മുമ്പില്‍ നിവര്‍ത്തിമടക്കിയതെന്ന്. അവരുടെ കണ്ണീരിന്റെ വിലയുണ്ട് നമ്മുടെ ഫാഷന്‍ സ്വപ്നങ്ങള്‍ക്കെന്ന്!
അതിരൂക്ഷമായ തൊഴിലില്ലായ്മയും ഉള്ള തൊഴിലിന് കൂലിയില്ലായ്മയും കൂടുതല്‍ വേതനം ലഭിക്കുന്ന ജോലിക്കാവശ്യമായ യോഗ്യതകളില്ലായ്മയുമാണ് ഉത്തരേന്ത്യന്‍ മുസ്‌ലിം ജീവിതം കടുത്ത ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപ്പെടാത്തതിന്റെ കാരണങ്ങളില്‍ പ്രധാനം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ അനുഭവിക്കുന്നവരില്‍ ഉള്‍പ്പെടുന്ന മുസ്‌ലിംകള്‍ ഈ വിഷയത്തില്‍ പട്ടിക ജാതി, പട്ടിക വര്‍ഗക്കാരുടെ തൊട്ടു മുകളിലാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. വിദ്യാ സമ്പന്നരായ മുസ്‌ലിംകള്‍ക്കിടയില്‍ 18 ശതമാനമാണ് തൊഴിലില്ലായ്മയെങ്കില്‍ വിദ്യാഭ്യാസമില്ലാത്ത, സാക്ഷരര്‍ പോലുമായിട്ടില്ലാത്ത ഉത്തരേന്ത്യന്‍ മുസ്‌ലിംകളിലെ തൊഴിലില്ലായ്മയുടെ കണക്കുകള്‍ പോലും ലഭ്യമല്ല. ഗ്രാമീണ മുസ്‌ലിംകളില്‍ 41 ശതമാനം പ്രസ്താവ്യമല്ലാത്ത ചെറു ജോലികള്‍ ചെയ്ത് ഉപജീവനം കണ്ടെത്തുന്നവരാണ്. അവരുടെ ശരാശരി മാസവരുമാനം 500 രൂപയില്‍ താഴെയാണെന്ന കണക്കുകളില്‍ അത്ഭുതപ്പെടാനില്ലെന്ന് അവരുടെ കുടിലുകളും ജീവിത നിലവാരവും പറഞ്ഞുതരുന്നുണ്ട്. വിശപ്പിന്റെ വിളിയാളത്തിന് മറുപടി പറയാന്‍, പട്ടിണി മരണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പുരുഷന്മാര്‍ക്ക് പുറമെ സ്ത്രീകളും കുട്ടികളും ജോലി ചെയ്യണം എന്നതാണ് ഉത്തരേന്ത്യയിലെ അവസ്ഥ. ബാലവേല നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും പത്തു വയസ്സുകാരന്‍ മുതല്‍ സാമാന്യം അധ്വാനശേഷിയുള്ള വൃദ്ധര്‍ വരെ, മുതിര്‍ന്ന സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അംഗങ്ങളെല്ലാം എന്തെങ്കിലും ജോലി ചെയ്തുകൊണ്ടിരിക്കുന്നത് എല്ലാ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും നഗര തെരുവുകളിലും കാണാനിടയായി. അസമിലെ ഈറ്റാര്‍ബിറ്റയില്‍ അടക്കയുടെ തോട് കളയല്‍ ജോലിയിലേര്‍പ്പെട്ട സ്ത്രീകള്‍ക്ക് 50-60 രൂപയുടെ തുഛവരുമാനമാണ് ഒരു ദിവസം ലഭിക്കുക. പശ്ചിമബംഗാളിലെ ബെല്‍ഡങ്കയില്‍ കണ്ട, ടെലിഫോണ്‍ കേബിളിന് കുഴിയെടുക്കുന്ന പത്തു വയസ്സുകാരനും ബിഹാറിലെ മുസഫര്‍പൂരില്‍ റോഡരികിലെ പഞ്ചറടക്കുന്ന കടയില്‍ രാത്രി 8 മണി സമയത്തും ലോറിയുടെ വലിയ ടയര്‍ അഴിച്ചെടുക്കുന്ന പന്ത്രണ്ടുവയസ്സുകാരനും ഉത്തര്‍പ്രദേശിലെ മിലങ്ങ് പല്ലുപുരയില്‍ ഇഷ്ടികക്കളത്തിലേക്ക് മണ്ണു ചുമക്കുന്ന പത്തു വയസ്സ് തികഞ്ഞിട്ടില്ലാത്ത കൊച്ചു പയ്യനും ഇന്ത്യയെ അറിയുന്നവര്‍ക്ക് അപൂര്‍വ കാഴ്ചയല്ലെങ്കിലും എന്റെ കണ്ണുകളെ ഈറനണിയിക്കുകയുണ്ടായി.
രാത്രി ഒമ്പത് മണിയോടെ കൊല്‍ക്കത്ത സിറ്റിസെന്റര്‍ സന്ദര്‍ശിച്ച് പുറത്തിറങ്ങിയപ്പോള്‍ ഒരു സംഘം സൈക്കിള്‍ റിക്ഷക്കാര്‍ ഓടി വന്ന് വളഞ്ഞു. 'ഭായ്, എന്റെ റിക്ഷയില്‍ കയറൂ' എന്ന് എല്ലാവരും പറയുന്നുണ്ടായിരുന്നു. ആര്‍ക്കും പിടി കൊടുക്കാതെ ഞങ്ങള്‍ അല്‍പം മാറിനിന്നു. ഏതാനും മിനിറ്റുകള്‍ക്കകം മെലിഞ്ഞുണങ്ങിയ ഒരാള്‍ സൈക്കിള്‍ റിക്ഷയും ഉന്തിക്കൊണ്ട് വന്നു. 'സാര്‍ എങ്ങോട്ടാണ്?' ഭവ്യതയോടെയുള്ള ചോദ്യം. സ്ഥലം പറഞ്ഞു, 40 രൂപ വാടകയും നിശ്ചയിച്ചു. ജോലിയെയും കുടുംബത്തെയും കുറിച്ച് ചോദിച്ചപ്പോള്‍ 'റഫീഖുല്‍' എന്നു പേരുള്ള ആ സഹോദരന്‍ പറഞ്ഞു തുടങ്ങി. 'സാര്‍ ഇന്ന് 20 രൂപയാണ് ആകെ കിട്ടിയത്. അതും കൊണ്ട് വീട്ടില്‍ പോകാനൊക്കില്ല. അരി വാങ്ങണ്ടേ?' 40 രൂപയുടെ ഓട്ടമാണുണ്ടായിരുന്നതെങ്കിലും ഞങ്ങള്‍ 50 രൂപ കൊടുത്തു. ആ മുഖത്ത് ചെറിയൊരു സന്തോഷം പോലെ തോന്നി.
പശ്ചിമ ബംഗാള്‍, ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ മുസ്‌ലിംകളില്‍ വലിയൊരു വിഭാഗത്തിന്റെ ജോലിയാണ് സൈക്കിള്‍ റിക്ഷ. കൊല്‍ക്കത്തയിലും ദല്‍ഹിയിലുമാണ് ഏറ്റവും കൂടുതല്‍ റിക്ഷാവാലകളുള്ളത്. ഇന്ത്യയിലെ സൈക്കിള്‍ റിക്ഷക്കാരില്‍ 85 ശതമാനവും മുസ്‌ലിംകളാണ്. അവരില്‍ ഏറെയും പശ്ചിമബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നും വരുന്നവര്‍. ഉര്‍ദു സംസാരിക്കുന്ന റിക്ഷാവാലകള്‍ പൊതുവെ ബിഹാരികളും ബംഗാളി സംസാരിക്കുന്നവര്‍ പശ്ചിമബംഗാളികളുമായിരിക്കും. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ്, ഉത്തര്‍ ദിനാജ്പൂര്‍, 24 നോര്‍ത്ത് പര്‍ഗാനാസ് ജില്ലകളില്‍ നിന്നും ബിഹാറിലെ കത്തിഹാര്‍, അററിയ, പുരുണിയ ജില്ലകളില്‍ നിന്നുമുള്ളവരാണ് ഏറെയും. 60 മുതല്‍ 120 രൂപ വരെയാണ് ഇവരുടെ ശരാശരി ദിവസ വരുമാനം. 150 രൂപയെന്നത് അവരെ സംബന്ധിച്ച് വളരെ ഉയര്‍ന്നതും അപൂര്‍വമായി ലഭിക്കുന്നതുമാണ്. മിക്കവാറും ആളുകളുടെ കൈയിലെ, ഇത്രയും തുഛ വരുമാനം മാത്രം നേടിക്കൊടുക്കുന്ന സൈക്കിള്‍ റിക്ഷകള്‍ പോലും അവരുടെ സ്വന്തമല്ല എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത. നൂറുക്കണക്കിന് സൈക്കിള്‍ റിക്ഷകളുടെ ഉടമസ്ഥരായ വലിയ മുതലാളിമാരില്‍ നിന്ന് വാടകക്ക് എടുക്കുന്നതാണ് അവ. 50 രൂപ വരെ ഉടമക്ക് ദിവസം വാടക കൊടുക്കേണ്ടിവരുന്നവരുണ്ട്. 24 നോര്‍ത്ത് പര്‍ഗാനാസ് ജില്ലയിലെ ഹത്തിയാര്‍ ഗ്രാമത്തിലെ ഇത്തരമൊരു 'പ്രഭു'വിന്റെ ഉടമസ്ഥതയിലുള്ളത് 1200 റിക്ഷകള്‍. എല്ലാം വാടകക്ക് കൊടുത്തിരിക്കുന്നു. അയാള്‍ക്കവ സ്വന്തമായി സൂക്ഷിക്കുക പോലും ചെയ്യേണ്ടതില്ല. വാടകയിനത്തില്‍ ഒരു സൈക്കിളിന് ഒരു ദിവസം 30-50 രൂപ പ്രകാരം ദിനം പ്രതി 5000 രൂപ വരെയാണ് അയാളുടെ ദിവസ വരുമാനം. ആരെങ്കിലും സ്വന്തമായി എങ്ങനെയെങ്കിലുമൊരു സൈക്കിള്‍ റിക്ഷ വാങ്ങുകയോ, ഏതെങ്കിലുമൊരു സന്നദ്ധ സംഘടന സൗജന്യമായി നല്‍കുകയോ ചെയ്താല്‍, ഇത്തരം മുതലാളിമാരുടെ ഗുണ്ടകള്‍ അത് എടുത്തുകൊണ്ട് പോകും. സ്വന്തം സൈക്കിള്‍ റിക്ഷകള്‍ സംരക്ഷിക്കാന്‍ പോലും ത്രാണിയില്ലാത്തവരുടെ ജീവിതത്തെക്കുറിച്ച് എന്തു പറയാന്‍!
കൊല്‍ക്കത്തയിലും ദല്‍ഹിയിലും തലങ്ങും വിലങ്ങും ഓടുന്ന സൈക്കിള്‍ റിക്ഷകള്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ പരാധീനതകളുടെ കരളലിയിപ്പിക്കുന്ന പ്രതീകങ്ങളാണ്. പകലന്തിയോളം പൊരിവെയിലില്‍ സൈക്കിള്‍ റിക്ഷ ചവിട്ടുന്നവര്‍ക്ക് ലഭിക്കുന്നത് തുഛമായ വരുമാനമാണെന്നതിന് പുറമെ, സാമൂഹിക ഉച്ചനീചത്വത്തിന്റെ ഒരു മുഖം കൂടി അതില്‍ വന്നുചേരുന്നുണ്ട്. ഒരുതരം അടിമത്തത്തിന്റെ ചിഹ്നമാണ് സൈക്കിള്‍ റിക്ഷകളെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നമ്മെപ്പോലെ അന്തസ്സും ആത്മാഭിമാനവുമുള്ള മനുഷ്യര്‍ നമ്മെ പിറകിലിരുത്തി ചവിട്ടി വലിച്ചു നടക്കുന്നു. അതില്‍ കയറി യാത്ര ചെയ്യുമ്പോള്‍ അവരെ അപമാനിക്കുന്നതുപോലെ തോന്നിയിട്ടുണ്ട്. പലരും അവരോട് മനുഷ്യത്വമില്ലാതെ പെരുമാറുന്നത് കൊല്‍ക്കത്തയിലും ദല്‍ഹിയിലും പല തവണ കണ്ടിട്ടുണ്ട്. മുഖത്ത് അടിവീഴുമ്പോഴും തുപ്പുമ്പോഴും ദേഹത്ത് ചവിട്ടുമ്പോഴും നിഷ്‌ക്രിയരായി, നിശ്ശബ്ദരായി നിന്ന് അതെല്ലാം സഹിക്കുന്ന സൈക്കിള്‍ റിക്ഷക്കാര്‍ പതിവു കാഴ്ചകളാണ് ദല്‍ഹി തെരുവുകളില്‍. കലിയടങ്ങി മേലാളര്‍ തിരിച്ചുപോവുകയല്ലാതെ ഒരിക്കല്‍ പോലും അവര്‍ക്കെതിരെ ഒന്ന് പ്രതികരിക്കാന്‍, തിരിച്ചടിക്കാന്‍, തുറിച്ചുനോക്കാന്‍ പോലും കഴിയാത്ത പാവങ്ങളാണ് പതിനായിരക്കണക്കിന് വരുന്ന സൈക്കിള്‍ റിക്ഷക്കാര്‍. കാലു കൊണ്ട് ചിവിട്ടുന്ന സൈക്കിള്‍ റിക്ഷകള്‍ മാത്രമല്ല, കൈകൊണ്ട് വലിച്ചുകൊണ്ട് ഓടുന്ന 'ടാണാ റിക്ഷ'കളുമുണ്ട് കൊല്‍ക്കത്തയില്‍. മനുഷ്യന്‍ മനുഷ്യനെ കൈകൊണ്ട് വലിച്ചുകൊണ്ട് ഓടുക! അതൊരു ജോലിയായി സ്വീകരിച്ച് അന്നത്തിനുള്ള വഴി തേടുക! മനസ്സില്‍ അല്‍പമെങ്കിലും ദയയുണ്ടെങ്കില്‍ ജീവിതത്തില്‍ ഒരിക്കലേ നാം അത് കണ്ടുനില്‍ക്കൂ. അത്രക്ക് മുറിവേല്‍പിക്കുന്നതാണ് ആ കാഴ്ച. ഇങ്ങനെ ചിന്തിക്കുമ്പോള്‍ പലപ്പോഴും സൈക്കിള്‍ റിക്ഷകളിലും ടാണാ റിക്ഷകളിലും കയറാന്‍ വല്ലാത്ത പ്രയാസം തോന്നും. ഓട്ടോറിക്ഷയില്‍ കയറാമെന്ന് ചിന്തിക്കും. പിന്നെയോര്‍ക്കും, നാം കൊടുക്കുന്ന പണം റിക്ഷവലിക്കുന്നവര്‍ക്ക് വലിയ സന്തോഷം നല്‍കുന്നുണ്ടല്ലോ. അവര്‍ തിരികെ ചെല്ലാന്‍ കാത്തിരിക്കുന്ന കുടിലുകള്‍, ഭാര്യ, കുട്ടികള്‍, മാതാപിതാക്കള്‍, അവരുടെ വിശന്നു പൊരിയുന്ന വയര്‍, കരുവാളിച്ച മുഖങ്ങള്‍. അതോര്‍ക്കുമ്പോള്‍ നാം അവരുടെ 'വാഹന'ത്തില്‍ തന്നെ യാത്ര ചെയ്യും. നമ്മളാല്‍ കഴിയുന്ന ഒരു ചെറു സഹായം അവര്‍ക്ക് ലഭിക്കട്ടെ എന്നു ചിന്തിക്കും. പക്ഷേ, അതുകൊണ്ടായില്ല. ഒരു ദിവസത്തെ ആഹാരത്തിനപ്പുറം ആത്മാഭിമാനമുള്ള ജീവിതത്തിലേക്ക്, അല്ലലില്ലാത്ത രാപ്പകലുകളിലേക്ക്, ശോഭനമായ ഭാവിയിലേക്ക് അവരെ മോചിപ്പിച്ചെടുക്കുനാനുള്ള ത്യാഗപൂര്‍ണവും ആസൂത്രിതവുമായ ശ്രമങ്ങളാണാവശ്യം.
ഗ്രാമങ്ങളിലെ കൃഷിഭൂമികളില്‍ നിന്നാണ് പലരും നഗര പ്രദേശങ്ങളിലേക്ക് സൈക്കിള്‍ റിക്ഷ ചവിട്ടാന്‍ വരുന്നത്. കാര്‍ഷിക മേഖലയിലെ തൊഴില്‍ ദൗര്‍ലഭ്യതയാണ് ഈ കുടിയേറ്റത്തിന്റെ ഒരു കാരണം. വര്‍ഷത്തില്‍ പൊതുവെ മൂന്ന് മാസമാണ് കാര്യമായി കൃഷി ജോലിയുണ്ടാവുക. രണ്ടു മാസത്തോളം വിളവിറക്കാനും ഒരു മാസം വിളവെടുക്കാനും. അതിനു ലഭിക്കുന്ന കൂലിയാകട്ടെ 100-150 രൂപ. ബാക്കിയുള്ള ഒമ്പത് മാസം അവര്‍ ദല്‍ഹി, കൊല്‍ക്കത്ത, കേരളം തുടങ്ങിയ പുറം നാടുകളിലേക്ക് തൊഴില്‍ തേടി പോകുന്നു. ഇതില്‍ കേരളം മാത്രമാണ് അവര്‍ക്ക് തെല്ലൊരു ആശ്വാസമാകുന്നത്. ബംഗാള്‍-ബിഹാര്‍ -അസം ദേശക്കാരുടെ 'ഗള്‍ഫാ'ണ് കേരളം എന്നു പറയുന്നതില്‍ അതിശയോക്തി ഒട്ടുമില്ലെന്നത് അനുഭവസത്യമാണ്. ദല്‍ഹിയിലെ ഓഖ്‌ലയില്‍, രാവിലെ നടക്കാനിറങ്ങിയാല്‍ അന്നന്നത്തെ തൊഴില്‍ തേടിയിറങ്ങിയവരുടെ വലിയൊരു പട തന്നെ കാണും. തങ്ങളുടെ കൈയിലുള്ള പഴകിയ തൊഴിലുപകരണങ്ങളുമെടുത്ത് അവര്‍ റോഡരികില്‍ കാത്തുനില്‍ക്കുന്നു. കടന്നുവരുന്ന ഓരോരുത്തരെയും അവര്‍ പ്രതീക്ഷയോടെ നോക്കും. ആരെങ്കിലും ജോലിക്കു വിളിച്ചാല്‍ ഇന്ന് ആഹാരത്തിനുള്ള വക ഒത്തുകിട്ടും എന്നാണവര്‍ കരുതുന്നത്. ചിലര്‍ക്ക് ഭാഗ്യം തെളിയും. ഒമ്പത്/പത്ത് മണി വരെ കാത്തിരുന്നിട്ടും ജോലി കിട്ടാതെ നിരാശയോടെ തിരിച്ചുപോകുന്നവരെ ദല്‍ഹിയിലും കൊല്‍ക്കത്തയിലുമൊക്കെ കണ്ടിട്ടുണ്ട്.
റിക്ഷവലി, ബീഡിതെറുപ്പ്, കൃഷിയിടങ്ങളിലും കെട്ടിട നിര്‍മാണ രംഗത്തുമുള്ള കൂലിപ്പണി, ചായക്കടകളിലെ സഹായ ജോലി, കാട്ടുവിഭവങ്ങള്‍ ശേഖരിച്ചു വില്‍ക്കല്‍, മീന്‍ കച്ചവടം, വെള്ളം കോരല്‍, കടകളില്‍ സാധനങ്ങള്‍ എടുത്തു കൊടുക്കല്‍, വിറക് കീറല്‍, അടക്കയുടെ തോട് കളയല്‍, നെയ്ത്ത്, ഇഷ്ടിക നിര്‍മാണം, പഴയ സാധനങ്ങള്‍ പെറുക്കി വില്‍ക്കല്‍... ഇതൊക്കെയാണ് ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ പൊതു തൊഴിലുകള്‍. ഏതു തൊഴിലിനും അതിന്റേതായ മഹത്വവും ദൗത്യവുമുണ്ടെങ്കിലും കുറഞ്ഞ വേതനവും പൊതുവെ താഴെക്കിടയിലുള്ളതെന്ന് വിലയിരുത്തപ്പെടുന്നതുമായ തൊഴിലുകള്‍ മാത്രം ഒരു സമുദായത്തിന് സംവരണം ചെയ്യപ്പെടുന്നത് ശുഭകരമല്ലല്ലോ. അതിന്റെ സാമ്പത്തിക-സാമൂഹിക പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. ഒന്നാമതായി, സാമ്പത്തിക വശം പരിഗണിച്ചാല്‍ ഇന്ത്യയില്‍ ഏററവും കുറഞ്ഞ പ്രതിശീര്‍ഷ വരുമാനമുള്ളവര്‍ മുസ്‌ലിംകളാണെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. പതിനേഴ് കോടി വരുന്ന ഇന്ത്യന്‍ മുസ്‌ലിംകളില്‍ 32 ശതമാനം, അഥവാ ആറു കോടിയോളം പേരുടെ മാസവരുമാനം 2004-2005-ലെ കണക്കനുസരിച്ച് 550 രൂപയാണ്. ഇത് നഗരങ്ങളിലെ അവസ്ഥ. എന്നാല്‍, ഗ്രാമീണ മുസ്‌ലിംകളില്‍ 32 ശതമാനത്തിന്റെ പ്രതിമാസ വരുമാനം 338 രൂപയാണ്. ഗവണ്‍മെന്റ് സര്‍വേയനുസരിച്ച് 32.7 ശതമാനം മുസ്‌ലിംകളുടെ ദിവസ വരുമാനം ശരാശരി 32 രൂപയാണ്. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ഹിന്ദുക്കള്‍ക്ക് 1125 രൂപയും, ക്രിസ്ത്യാനികള്‍ക്ക് 1543 രൂപയും, സിഖുകാര്‍ക്ക് 1659 രൂപയും പ്രതിമാസം ചെലവഴിക്കാന്‍ ശേഷിയുള്ളപ്പോള്‍, മുസ്‌ലിംകളുടെ പ്രതിമാസ ചെലവഴിക്കല്‍ ശേഷി 980 രൂപ മാത്രമാണ്. മുസ്‌ലിംകളുടെ തുഛമായ വരുമാനത്തെയാണ് ഇത് കുറിക്കുന്നത്. കുറഞ്ഞ കൂലിക്ക് ജോലി ചെയ്യേണ്ടിവരികയും കാര്യമായ കൂലി വര്‍ധന ഇല്ലാതിരിക്കുകയും അതേസമയം വിലക്കയറ്റം ഒരു യാഥാര്‍ഥ്യമായി അനുഭവിക്കേണ്ടിവരികയുംചെയ്യുന്ന സങ്കീര്‍ണതകള്‍ക്കും വൈരുധ്യങ്ങള്‍ക്കുമിടയിലാണ് ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ ജീവിക്കുന്നത്. 100-150 രൂപ ദിവസക്കൂലി കിട്ടുന്നവര്‍ക്കും മാര്‍ക്കറ്റില്‍ ഒരു കിലോ സാധാരണ താഴ്ന്ന ഇനം അരിക്ക് 16-20 രൂപ കൊടുക്കണം. ഒരുവിധം നല്ല അരി കിട്ടാന്‍ 25-30, 40-50 രൂപയും. പശ്ചിമ ബംഗാളില്‍ ചെറിയ മണ്‍കപ്പില്‍ മൂന്ന് രൂപക്ക് ചായ കിട്ടും. കേരളത്തില്‍ 6/7 രൂപക്ക് കിട്ടുന്ന ചായയുടെ പകുതി അളവു മാത്രമേ അതുണ്ടാകൂ. ഫലത്തില്‍ 600/700 രൂപ കൂലിയുള്ള കേരളത്തിലും 100-150 രൂപ ശരാശരി കൂലിയുള്ള ബംഗാളിലും ബിഹാറിലും ചായക്ക് ഒരേ വില തന്നെ. ബീഫ് 120 രൂപ, ചിക്കന്‍ 110-130, മട്ടന്‍ 350-400 എന്നിങ്ങനെയാണ് ഒരു വര്‍ഷം മുമ്പ് പശ്ചിമബംഗാളിലെ വില നിലവാരമെന്ന് മാര്‍ക്കറ്റില്‍ നിന്ന് അന്വേഷിച്ചറിയുകയുണ്ടായി. ഈ ഉദാഹരണങ്ങള്‍ മുമ്പില്‍ വെച്ച് അവരുടെ വരവും ചെലവും എങ്ങനെ ഒത്തുപോകുെമന്ന് ചിന്തിച്ചു നോക്കുക.
മെച്ചപ്പെട്ട വരുമാനം ലഭിക്കാവുന്ന വ്യാപാരം, വ്യവസായം, ഗവണ്‍മെന്റ് ഉദ്യോഗം എന്നിവയില്‍ മുസ്‌ലിംകളുടെ പങ്കാളിത്തം താരതമ്യേന കുറവാണ്. ചില പ്രദേശങ്ങളില്‍ കുറച്ചു പേര്‍ വ്യാപാര രംഗത്തുണ്ട്. എന്നാല്‍, അല്‍പം സാമ്പത്തിക ശേഷിയുള്ള ഇത്തരം മുസ്‌ലിംകള്‍ക്ക് മഹാഭൂരിപക്ഷം വരുന്ന ദരിദ്ര സാധാരണക്കാരുമായി പറയത്തക്ക ബന്ധമൊന്നുമില്ല. അതേസമയം ഗവണ്‍മെന്റ് ജോലിയുടെ കാര്യമാണ് പരമ ദയനീയമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷത്തിന്റെ സര്‍ക്കാര്‍ സര്‍വീസിലെ പ്രാതിനിധ്യം 2.5 ശതമാനമാണെന്ന് ന്യൂനപക്ഷ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. അതും താഴെക്കിടയിലുള്ള തസ്തികകളിലാണ് അവരേറെയും ജോലി ചെയ്യുന്നത്. ഉയര്‍ന്ന പദവികളില്‍ ജോലി ചെയ്യേണ്ടവരായി, അതിന് അര്‍ഹതയുള്ളവരായി പൊതുസമൂഹം ഉത്തരേന്ത്യയില്‍ മുസ്‌ലിംകളെ കാണുന്നില്ല എന്നതാണ് ദുഃഖകരമായ പരമാര്‍ഥം. മുമ്പ് മലയാളികള്‍ അണ്ണാച്ചികളെയും ആദിവാസികളെയും കണ്ടിരുന്നതുപോലെയാണ് ഇപ്പോഴും ഉത്തരേന്ത്യയില്‍ മുസ്‌ലിംകള്‍ അവമതിക്കപ്പെടുന്നത്. ഒരു മുസ്‌ലിം, കലക്ടറോ പോലീസ് ഓഫീസറോ ആവുക വലിയ അത്ഭുതമുള്ള കാര്യമാണവര്‍ക്ക്. പേര് കേള്‍ക്കുമ്പോള്‍ 'കലക്ടര്‍' മുസ്‌ലിമാണ്, പക്ഷേ, ഒരു മുസ്‌ലിമിന് കലക്ടര്‍ പദവിയിലിരിക്കാന്‍ മാത്രം യോഗ്യതയുണ്ടാകുമോ? ഒരു മുസ്‌ലിം കലക്ടറെ കണ്ടപ്പോഴുള്ള പശ്ചിമബംഗാളിലെ ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും ഈ അത്ഭുതംകൂറലില്‍ ഒട്ടും ആശ്ചര്യപ്പെടാനില്ല!
(തുടരും)
Comments