Prabodhanm Weekly

Pages

Search

2014 മെയ്‌ 23

സഫലമായ ഒരു ജീവിത യാത്രയുടെ മായാ മുദ്രകള്‍

നാദിര്‍ നൂരി/ പി.കെ ജമാല്‍/ സംഭാഷണം

         കുവൈത്തിന്റെ മണ്ണില്‍ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ വിത്ത് പാകി വെള്ളവും വളവും നല്‍കി വലുതാക്കി മഹാ വൃക്ഷമാക്കിത്തീര്‍ത്ത ഖ്യാതി മതി ജനങ്ങള്‍ 'അബൂ അബ്ദുല്ല' എന്ന് സ്‌നേഹപൂര്‍വം വിളിക്കുന്ന ശൈഖ് നാദിര്‍ നൂരിയെ കുറിച്ച ഓര്‍മകള്‍ അനശ്വരമാക്കി നിലനിര്‍ത്താന്‍. ടി.വി പരിപാടികളിലും റേഡിയോ പ്രോഗ്രാമുകളിലും പത്രകോളങ്ങളിലും നിറഞ്ഞുനിന്ന നാദിര്‍ ജീവിതത്തില്‍ വിശ്രമത്തിനിടം നല്‍കാത്ത കര്‍മകാണ്ഡങ്ങളുടെ ഇതിഹാസം രചിച്ചാണ് രക്ഷിതാവിന്റെ സന്നിധിയിലേക്ക് യാത്ര തിരിച്ചത്. നാദിര്‍ എന്ന ബഹുമുഖ പ്രതിഭയുടെ മുദ്ര പതിയാത്ത പ്രബോധന-സാമൂഹിക-സാംസ്‌കാരിക- ആതുര സേവന പ്രവര്‍ത്തനങ്ങള്‍ കുവൈത്തിലില്ല. കുവൈത്തിന്റെ മണ്ണില്‍ വേരുകളാഴ്ത്തി ലോകത്തിന്റെ നാനാഭാഗത്തേക്കും ചില്ലകളും ശാഖകളും പടര്‍ത്തിയ വന്‍വൃക്ഷമായിരുന്നു നാദിര്‍. ആറ് മാസങ്ങള്‍ക്ക് മുമ്പ് പരിക്ഷീണമായ ശബ്ദത്തില്‍ സ്‌നേഹപൂര്‍വമായ ആവശ്യത്തിന് വഴങ്ങി പ്രബോധനത്തിന് നല്‍കിയ ഇന്റര്‍വ്യൂ ആ മഹിത ജീവിതത്തിന്റെ ഭാസുര ചിത്രങ്ങള്‍ നമുക്ക് നല്‍കും. ഖബ്ര്‍സ്ഥാനിലേക്ക് ഒഴുകിയ വന്‍ ജനാവലിയുടെ ഇരട്ടി വരും തുടര്‍ന്നുള്ള ദിവസങ്ങളില്‍ അദിലിയ്യയിലെ ദീവാനുന്നൂരിയില്‍ അനുശോചനമറിയിക്കാനും പ്രാര്‍ഥിക്കാനുമെത്തിയവര്‍. അനുശോചന സന്ദേശങ്ങളുടെ പ്രവാഹമായിരുന്നു പത്രത്താളുകളില്‍. പത്രങ്ങള്‍ ഒന്നൊഴിയാതെ മുഖപ്രസംഗങ്ങള്‍ എഴുതി. കുവൈത്ത് അമീറും പ്രധാനമന്ത്രിയും മന്ത്രിസഭാംഗങ്ങളും പാര്‍ലമെന്റും അനുശോചനം രേഖപ്പെടുത്തി പ്രത്യേക പത്രക്കുറിപ്പിറക്കി. ജനസഹസ്രങ്ങളുടെ പ്രാര്‍ഥനകളാല്‍ ധന്യമായ മഹാത്മാവിന്റെ മുഖം ജനഹൃദയങ്ങളില്‍ ചിരകാലം ഒളിമങ്ങാതെ തിളങ്ങി നില്‍ക്കും. മരിക്കുന്നതിന് ആറു മാസം മുമ്പ് നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

ചാരിറ്റി പ്രവര്‍ത്തന രംഗത്തേക്ക് താങ്കള്‍ കടന്നുവരാനിടയായ സാഹചര്യം വിശദീകരിക്കാമോ?

         രോഗികളെ ശുശ്രൂഷിക്കുന്നതും മയ്യിത്ത് കുളിപ്പിക്കുന്നതും മയ്യിത്ത് സംസ്‌കരണത്തില്‍ പങ്കുവഹിക്കുന്നതും ചെറുപ്പം മുതല്‍ക്കേ എന്റെ ശീലമായിരുന്നു. എന്റെ വീടിന്റെ ഔട്ട് ഹൗസില്‍ സമ പ്രായക്കാരായ യുവാക്കള്‍ രാത്രി വേളകളില്‍ ഒരുമിച്ചുകൂടുമായിരുന്നു. അവിടെത്തന്നെ ഉറങ്ങുമായിരുന്നു. ആ നല്ല കൂട്ടുകാരില്‍ പലരും വലിയ ഉദ്യോഗസ്ഥരായി. ചിലരെല്ലാം സര്‍വീസില്‍ നിന്ന് പിരിഞ്ഞു. ഒരുമിച്ചിരുന്ന് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുകയും നബി(സ)യുടെ ജീവചരിത്രം വായിച്ച് ചര്‍ച്ച നടത്തുകയുമായിരുന്നു ഞങ്ങളുടെ രാത്രി സമയങ്ങളിലെ ജോലി. ചില സാമൂഹിക പ്രവര്‍ത്തനങ്ങളും നടത്തിപ്പോന്നു. നമസ്‌കാരവും ആരാധനാ കര്‍മങ്ങളുമില്ലാതെ അലസരായി വഴിതെറ്റി നടന്ന യുവാക്കളെ സംസ്‌കരിച്ച് കുടുംബത്തിനും സമൂഹത്തിനും കൊള്ളാവുന്നവരാക്കുകയായിരുന്നു മുഖ്യ പ്രവര്‍ത്തനം. അവര്‍ക്ക് ചായയും ഖഹ്‌വയും ഉണ്ടാക്കിക്കൊടുത്ത് പരിചരിക്കുന്നതിലായിരുന്നു എന്റെ സായൂജ്യം. സുബ്ഹ് നമസ്‌കാരത്തിന് ഞങ്ങളൊന്നിച്ചു പോകും. ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ എനിക്ക് ബാല്യകാലം മുതല്‍ക്കെ താല്‍പര്യമായിരുന്നു. 1965 മുതല്‍ക്കാണ് എന്റെ മനഃപാഠ യജ്ഞം തുടങ്ങിയത്.

പിതൃസഹോദരന്‍ ശൈഖ് അബ്ദുല്ലാ നൂരിയും പിതാവും താങ്കളുടെ ജീവിതത്തില്‍ എങ്ങനെയാണ് സ്വാധീനം ചെലുത്തിയത്?

         ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ എന്റെ പ്രത്യേക താല്‍പര്യം കണ്ടറിഞ്ഞ പിതൃസഹോദരന്‍ ശൈഖ് അബ്ദുല്ല നൂരി എന്നില്‍ സവിശേഷ ശ്രദ്ധ ചെലുത്തുകയും എന്റെ വീക്ഷണങ്ങള്‍ കരുപ്പിടിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിക്കുകയും ചെയ്തു. ഇസ്‌ലാമിന്റെ മധ്യമ മാര്‍ഗം എനിക്ക് വിശദീകരിച്ചു തരികയും തീവ്രതയും ജീര്‍ണതയുമില്ലാത്ത മതത്തിന്റെ ഋജുസരണിയിലേക്ക് എന്നെ നയിക്കുകയും ചെയ്തു. ശൈഖ് മുഹമ്മദുബ്‌നുല്‍ ജര്‍റാഹിനെ പോലുള്ള പണ്ഡിത പ്രമുഖരുമായി കൂടുതല്‍ അടുത്തിടപഴകാന്‍ എന്നെ പ്രേരിപ്പിച്ചു. ഉസ്വൂലുല്‍ ഫിഖ്ഹില്‍ ശൈഖ് മുഹമ്മദുല്‍ അശ്ഖറും അറബി ഭാഷയിലും സാഹിത്യത്തിലും ശൈഖ് അബ്ദുല്‍ ഖാദിര്‍ അല്‍ ആനിയുമാണ് എന്റെ ഗുരുവര്യന്മാര്‍. പത്താം വയസ്സിലേ തുടങ്ങിയതാണ് പരന്ന വായന. പിതാവ് കവിയും സാഹിത്യകാരനുമായിരുന്നു. കോടതിയില്‍ സിവില്‍ നിയമ വിദഗ്ധനായിരുന്നു. ഞങ്ങള്‍ നാല് ആണ്‍കുട്ടികളും ആറ് പെണ്‍കുട്ടികളുമാണ്. ഞാനാണ് ഏറ്റവും ഇളയവന്‍.

വ്യവസ്ഥാപിത ചാരിറ്റി പ്രവര്‍ത്തനം തുടങ്ങിയതെന്നാണ്?

         ഫൈസല്‍ അവാര്‍ഡ് ജേതാവും കുവൈത്തിലെ പ്രമുഖ വ്യക്തിത്വവും ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് ചാരിറ്റബ്ള്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപക ചെയര്‍മാനുമായ യൂസുഫ് ജാസിമുല്‍ ഹിജ്ജി ഔഖാഫ് മന്ത്രിയായിരുന്ന കാലം. ശരീഅത്തില്‍ ഉപരിപഠനാര്‍ഥം മദീനാ യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു പഠിക്കാനുള്ളതാല്‍പര്യം ഞാന്‍ അദ്ദേഹത്തെ അറിയിച്ചു. ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും കൊമേഴ്‌സിലും കുവൈത്ത് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയിരുന്നു ഞാന്‍. അദ്ദേഹം അതിനോട് യോജിച്ചു. ഞാന്‍ യാത്രക്ക് വേണ്ട ഒരുക്കങ്ങളിലേര്‍പ്പെട്ടു. തൊട്ടടുത്ത ദിവസം എന്നെ അദ്ദേഹം ഔഖാഫിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫിഖ്ഹ് എന്‍സൈക്ലോപീഡിയ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് മാറ്റിയതറിഞ്ഞ് ഞാന്‍ അമ്പരന്നു. മഹാ പണ്ഡിതനായ ശൈഖ് ബദ്ര്‍ മുതവല്ലി അബ്ദുല്‍ ബാസിതായിരുന്നു ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി. അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയായിട്ടാണ് നിയമനം. കുറഞ്ഞ വര്‍ഷങ്ങള്‍ അവിടെ ജോലി നോക്കി. മന്ത്രി മാറി. പിന്നെ ഇസ്‌ലാമിക് അഫയേര്‍സ് ഡയറക്ടര്‍ ശൈഖ് അബ്ദുല്ലാ അഖീല്‍ വിരമിച്ചതോടെ ഞാന്‍ തല്‍സ്ഥാനത്ത് അവരോധിക്കപ്പെടുകയായിരുന്നു. 25 വര്‍ഷം ഇസ്‌ലാമിക് അഫയേഴ്‌സ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. എന്റെ പിതൃസഹോദരന്റെ പ്രവര്‍ത്തനങ്ങളുടെ പിന്‍തുടര്‍ച്ചയായി സ്ഥാപിതമായ ശൈഖ് അബ്ദുല്ല നൂരി ചാരിറ്റി സൊസൈറ്റിയില്‍ മുഴുസമയം ചെലവഴിച്ച് അതിനെ ഒരു വലിയ സ്ഥാപനമാക്കിത്തീര്‍ക്കാനാണ് പിന്നീട് ആ ജോലി രാജിവെച്ചത്. 1981 ആദ്യത്തിലാണ് സൊസൈറ്റി നിലവില്‍ വന്നത്. അന്ന് മുതല്‍ക്കേ എന്റെ സായാഹ്നങ്ങള്‍ ഞാന്‍ അവിടെയാണ് ചെലവിട്ടത്. യൂസുഫുല്‍ ഹിജ്ജി ചെയര്‍മാനും ഞാന്‍ സെക്രട്ടറിയുമായിരുന്നു. ജംഇയ്യ എന്നെ സംബന്ധിച്ചേടത്തോളം എനിക്ക് മനഃശാന്തിയും സംതൃപ്തിയും നല്‍കിയ കേന്ദ്രമായിരുന്നു. നിരവധി സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും അനേകം വ്യക്തിത്വങ്ങളുമായി നേരിട്ട് ഇടപഴകാനും കൈവന്ന അവസരമായിരുന്നു 'ജംഇയ്യത്ത് അബ്ദുല്ലാ നൂരി'യിലെ പ്രവര്‍ത്തന കാലഘട്ടം. ബൈത്തുസ്സകാത്തിന്റെയും ഹൈഅല്‍ ഖൈരിയ്യ അല്‍ ആലമിയ്യയുടെയും രൂപവത്കരണത്തില്‍ നേതൃപരമായ പങ്കുവഹിച്ചു.

ശൈഖ് അബ്ദുല്ലാ നൂരിയില്‍ താങ്കളെ ആകര്‍ഷിച്ച മഹനീയ ഗുണങ്ങള്‍?

         വിനയവും വിവേകവും മുഖപ്രസാദവും. സദാ പുഞ്ചിരിച്ചുകൊണ്ടേ അദ്ദേഹത്തെ കാണുകയുള്ളൂ. ജനങ്ങളെ സ്‌നേഹിച്ച് അവരുടെ കാര്യങ്ങളില്‍ ഇടപെട്ട്, ഏത് വിഷയവും സങ്കീര്‍ണമാക്കാതെ ലളിതമായി പരിഹരിച്ചു കൊടുക്കുന്ന സ്വഭാവം ഞാന്‍ അദ്ദേഹത്തില്‍ നിന്ന് ആര്‍ജിച്ചതാണ്. ചാരിറ്റി പ്രവര്‍ത്തനത്തോടുള്ള ആഭിമുഖ്യവും അദ്ദേഹം ഉണ്ടാക്കിത്തന്നത് തന്നെ. നേരത്തെ ഉറങ്ങുകയും നേരത്തെ ഉണരുകയും ചെയ്യുന്ന ശീലവും അദ്ദേഹത്തില്‍ നിന്ന് സ്വായത്തമാക്കിയതാണ്.

         നിരന്തര യാത്ര, രാജ്യത്തെ ഭരണാധികാരികളുമായി ഗുണകാംക്ഷാപൂര്‍വമായ ബന്ധം, വിനയത്തോടെയുള്ള പെരുമാറ്റം, ജനസേവനതല്‍പരത- ഇവയെല്ലാം ശൈഖ് അബ്ദുല്ലാ നൂരിയില്‍ നിന്ന് കരസ്ഥമാക്കിയ സ്വഭാവങ്ങളും ശീലങ്ങളുമാണ്. വില പിടിച്ച കാര്‍ വീട്ടിലുണ്ടായിരുന്നെങ്കിലും അബ്ദുല്ലാ നൂരി തന്റെ പ്രൈവറ്റ് സെക്രട്ടറിയായ ഫവാസ് അബ്ദുര്‍റഹ്മാനോടൊപ്പം പിക്കപ്പ് വാനില്‍ യാത്ര ചെയ്യാനാണ് ഇഷ്ടപ്പെട്ടത്. അദ്ദേഹം ഫവാസിന് ഒരു വീടുണ്ടാക്കിക്കൊടുത്തു. അതിലായിരുന്നു മരിക്കുന്നത് വരെ താമസം.

താങ്കള്‍ സഞ്ചാര പ്രിയനാണെന്ന് കേട്ടിട്ടുണ്ട്. എന്നും യാത്രയില്‍ തന്നെയാണ് താങ്കള്‍. നിരവധി രാജ്യങ്ങള്‍... ആളുകള്‍...

         എന്റെ യാത്രകളും സഞ്ചാരങ്ങളുമൊന്നും എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തവിധം അസംഖ്യമാണ്. ഓരോ വര്‍ഷവും പേജുകള്‍ തികയാത്തതിനാല്‍ പാസ്‌പോര്‍ട്ട് പുതുക്കേണ്ടിവരാറുണ്ട്. 64 പേജുള്ള പാസ്‌പോര്‍ട്ട് ആറു മാസം കൊണ്ട് നിറയും. ആറു മാസം നാട്ടിലും ആറു മാസം വിദേശത്തുമെന്നതാണ് ശരാശരി കണക്ക്. ഹോട്ടലുകളില്‍ ഞാന്‍ തങ്ങാറില്ല. മന്ത്രിമാരോടും ഉന്നതോദ്യോഗസ്ഥരോടുമൊപ്പം വിദേശയാത്ര പോവേണ്ടിവരുമ്പോള്‍ ഞാന്‍ നമ്മുടെ പ്രസ്ഥാന പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് അവരോടൊപ്പം താമസിക്കാനാണ് ഇഷ്ടപ്പെടുക. അതും ഒരു പ്രബോധന യാത്രയായി മാറ്റിയെടുക്കും.

         2007-ലായിരുന്നു എന്റെ ഒടുവിലത്തെ ഹജ്ജ്. എല്ലാ വര്‍ഷവും ഹജ്ജിന് പോകുമായിരുന്ന എനിക്ക് രോഗം പിടിപെട്ടതു മുതല്‍ അതിന് കഴിയാതെ വന്നു. ഭാര്യയെയും പെണ്‍മക്കളെയും കൂട്ടിയായിരുന്നു അവസാനത്തെ ഹജ്ജ് യാത്ര.

ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തം?

         പറയാന്‍ പലതുമുണ്ട്. ഒന്നെനിക്ക് മറക്കാന്‍ കഴിയുന്നതല്ല. ഞാന്‍ വളര്‍ന്നു വലുതായപ്പോള്‍ ഒരിക്കല്‍ ശൈഖ് അബ്ദുല്ലാ നൂരി അരികത്ത് വിളിച്ചിരുത്തി എന്നോട്: ''മോനേ, ജീവിതത്തില്‍ ഒരിക്കലും തഖ്‌വ കൈവിടരുതെന്നും പണ്ഡിതന്മാരുമായുള്ള സഹവാസം ശീലമാക്കണമെന്നും ഞാന്‍ വസ്വിയ്യത്ത് ചെയ്യുന്നു. തീവ്രത പാടില്ല. ദീനില്‍ മധ്യമ മാര്‍ഗം സ്വീകരിക്കണം. അത്തരമാളുകളുമായിട്ടാവണം നിന്റെ സഹവാസം.'' രണ്ടാമത്തെ വസ്വിയ്യത്ത് അദ്ദേഹത്തിന്റെ മരണത്തിന് ഏതാനും മണിക്കൂറുകള്‍ മുമ്പാണ്: ''മോനേ, എന്റെ മനസ്സില്‍ ഒരു ചിന്തയുണ്ട്. നിന്നോടല്ലാതെ മറ്റാരോടും അത് വെളിപ്പെടുത്തുന്നില്ല. നീയാണ് അതിന് യോഗ്യന്‍ എന്ന് ഞാന്‍ കരുതുന്നു. ഞാന്‍ ഇപ്പോള്‍ സ്വദേശത്തും വിദേശത്തുമായി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റി-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ പറ്റിയ കൈകളില്ലെങ്കില്‍ അവ നിലച്ചുപോകും. നമ്മുടെ മക്കളില്‍ ഈ ഉത്തരവാദിത്വ നിര്‍വഹണം ഞാന്‍ നിന്നെയാണ് ഏല്‍പിക്കാന്‍ ഉദ്ദേശിക്കുന്നത്. തദ്‌സംബന്ധമായ രേഖകള്‍ നമുക്ക് നാളെ തയാറാക്കാം. നാളെ നീ വരണം.'' ഞാന്‍ ചെല്ലുമ്പോഴേക്കും അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞ് കഴിഞ്ഞിരുന്നു. യൂസുഫുല്‍ ഹിജ്ജിയോടും ഈ ഉത്തരവാദിത്വ നിര്‍വഹണത്തിന് മുന്നോട്ടുവരാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു.

റ്റവും സ്വാധീനിച്ച ചരിത്ര പുരുഷന്‍?

         ഇമാം അഹ്മദുബ്‌നു ഹമ്പല്‍. കഠിന പരീക്ഷണ ഘട്ടങ്ങളെ പതറാതെ പര്‍വതം  പോലെ ഉറച്ചുനിന്ന അഹ്മദുബ്‌നു ഹമ്പലിന്റെ സഹനവും ആത്മത്യാഗവും എന്നെ അതിശയിപ്പിച്ചിട്ടുണ്ട്.

ജീവിതത്തില്‍ ഏറ്റവും സ്‌നേഹിച്ച വ്യക്തി?

         എന്റെ ഭാര്യ തന്നെ. പരിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ സ്‌നേഹമയിയും സദ്‌വൃത്തയുമായ ഒരുവളെയാണ് അല്ലാഹു എനിക്ക് ജീവിത സഖിയായി തെരഞ്ഞെടുത്ത് തന്നിട്ടുള്ളത്. എന്റെ ആവശ്യങ്ങളെല്ലാം കണ്ടറിഞ്ഞ് വേണ്ട വിധത്തില്‍ നിറവേറ്റിത്തരാന്‍ കഴിവുറ്റവരാണവര്‍. അവരോടുള്ള കടപ്പാടും ബാധ്യതയും പൂര്‍ണമായും നിറവേറ്റാനായോ എന്ന് ഞാന്‍ പലപ്പോഴും ശങ്കിക്കാറുണ്ട്. സ്വര്‍ഗത്തില്‍ ഞങ്ങളിരുവരെയും ഒന്നിച്ചു ചേര്‍ക്കണമേ എന്നാണ് എന്റെ പ്രാര്‍ഥന.

ബൂബദ്‌റും താങ്കളും തമ്മില്‍ ഒരു പ്രത്യേക ബന്ധം നിലനിന്നിരുന്നതായി ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്. അബൂബദ്‌റും താങ്കളെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ വാചാലനാവുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

         ശരിയാണ്. അബ്ദുല്ല അലി അല്‍ മുത്വവ്വ എന്ന അബൂബദ്ര്‍ ഒരു കാലഘട്ടത്തിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ശബ്ദവും സ്പന്ദനവുമായിരുന്നു. ലോകത്തുള്ള മിക്കവാറും എല്ലാ ഇസ്‌ലാമിക സംരംഭങ്ങള്‍ക്കും പദ്ധതികള്‍ക്കും അബൂബദ്‌റിന്റെ സമ്പത്ത് പ്രയോജനപ്പെട്ടിട്ടുണ്ട്. എന്നോട് വലിയ സ്‌നേഹവും വാത്സ്യല്യവുമായിരുന്നു അമ്മ് അബൂബദ്‌റിന്. ഞാന്‍ അങ്ങനെയേ അദ്ദേഹത്തെ സംബോധന ചെയ്തിട്ടുള്ളൂ. സംഭാവനകള്‍ക്ക് ജനങ്ങള്‍ അദ്ദേഹവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കും. സമീപിക്കുന്ന ആരെയും അബൂബദ്ര്‍ വെറുംകൈയോടെ തിരിച്ചയക്കില്ല. ഭീമമായ തുകകള്‍ ആവശ്യമുള്ള പ്രോജക്ടുകളുമായി ആളുകള്‍ സമീപിക്കുകയോ, ആരുടെയെങ്കിലും കാര്യത്തില്‍ സംശയം തോന്നുകയോ ചെയ്താല്‍ അബൂബദ്ര്‍ എന്നെ വിളിക്കും, ബന്ധപ്പെടും. എന്റെ വാക്കുകള്‍ അവസാന വാക്കായി സ്വീകരിക്കുകയും ചെയ്യും. ലോകത്തുടനീളം നിരന്തരം സഞ്ചരിച്ചും സമ്പര്‍ക്കം സ്ഥാപിച്ചും ഇസ്‌ലാമിക പ്രസ്ഥാനങ്ങളോട് അഭേദ്യബന്ധം പുലര്‍ത്തുന്ന എനിക്ക് ഇവയെക്കുറിച്ചെല്ലാം വ്യക്തമായ ധാരണയുണ്ടാകുമെന്ന് അബൂബദ്‌റിന് ഉറപ്പുണ്ടായിരുന്നു. തസ്‌കിയ(സാക്ഷ്യപത്രം)കള്‍ ഉദാരമായി നല്‍കരുതെന്ന് ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹം എന്നെ ശാസിക്കുകയുണ്ടായിട്ടുണ്ട്. എന്നെ ശാസിക്കാനും ഉപദേശിക്കാനും അദ്ദേഹം എടുക്കുന്ന സ്വാതന്ത്ര്യത്തില്‍ ഞാന്‍ അഭിമാനിച്ചിരുന്നു.

         ഏതാണ്ട് ഇതേ പോലുള്ള ഒരു ബന്ധം യൂസുഫ് ജാസിമുല്‍ ഹിജ്ജിയുമായും എനിക്കുണ്ടായിരുന്നു. അദ്ദേഹം എനിക്ക് അമ്മ് അബൂയഅ്ഖൂബാണ്. ഇപ്പോള്‍ വാര്‍ധക്യത്തിന്റെ അവശതകളുണ്ട്. എന്നാലും ഊര്‍ജസ്വലനാണ്.

വായന, പഠനം...?

         യാത്രകളിലാണ് എന്റെ മുഖ്യ വായന. എന്നാലും ഒഴിവ് കിട്ടുന്ന ഒരു നിമിഷവും വെറുതെയിരിക്കുന്നത് എനിക്കിഷ്ടമല്ല. വീട്ടിലെ ബൃഹത് ലൈബ്രറി താങ്കള്‍ കണ്ടതാണല്ലോ. വീട്ടിലുള്ള അധിക സമയവും പുസ്തകങ്ങളിലൂടെയും ഗ്രന്ഥങ്ങളിലൂടെയും മേഞ്ഞു നടക്കാനാണ് എനിക്കിഷ്ടം. ഞാന്‍ ട്വിറ്ററില്‍ കുറിച്ചത് താങ്കള്‍ വായിച്ചുവോ എന്നറിയില്ല. അത് ഇതാണ്: ''എല്ലാ ആനന്ദവും ഞാന്‍ പരീക്ഷിച്ചു നോക്കി. ഒരു ഗ്രന്ഥം എവിടെയെങ്കിലും ചെന്ന് ഒറ്റക്കിരുന്ന് വായിക്കുന്നതിനേക്കാള്‍ ആനന്ദദായകമായി ഒന്നുമില്ലെന്നാണ് എനിക്ക് ബോധ്യമായത്. ഓരോരുത്തര്‍ക്കുമുണ്ടാവും ഓരോ ആഭിമുഖ്യവും അഭിനിവേശവും. എന്റെ സന്തോഷം കുടികൊള്ളുന്നത് മുഴുവന്‍ പുസ്തക പാരായണത്തിലും പഠനത്തിലുമാണ്.''

         അല്‍ മുജ്തമഅ് വാരികയുടെ ഒന്നാമത്തെ ലക്കം മുതല്‍ ഇന്നുവരെയുള്ള മുഴുവന്‍ ലക്കങ്ങളും സ്‌കാന്‍ ചെയ്ത് ഞാന്‍ എന്റെ കമ്പ്യൂട്ടറില്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.  ലബനാനില്‍ നിന്ന് ഫത്ഹിയകനും ഫൈസല്‍ മൗലവിയും നേതൃത്വം നല്‍കി പ്രസിദ്ധീകരിച്ചിരുന്ന ശിഹാബ് വാരികയും ഇഖ്‌വാന്റെ മുഖപത്രമായ അദ്ദഅ്‌വയും എന്റെ സിസ്റ്റത്തില്‍ ഉണ്ട് (മര്‍ഹൂം കെ.സി അബ്ദുല്ല മൗലവി അല്‍ മുജ്തമഇന് നല്‍കിയ ഇന്റര്‍വ്യൂ എനിക്ക് സിസ്റ്റത്തില്‍ കാണിച്ചുതന്നു)

തേവരെയുള്ള ജീവിതത്തില്‍ സംതൃപ്തനാണോ താങ്കള്‍?

         അല്‍ഹംദുലില്ലാഹ്. ലോകത്തെങ്ങുമുള്ള 60 രാജ്യങ്ങളിലെ 2900 സ്ഥാപനങ്ങളുമായി സജീവ ബന്ധം പുലര്‍ത്താനായത് വലിയ നേട്ടമായി ഞാന്‍ കാണുന്നു. പലതിന്റെയും സ്ഥാപനത്തില്‍ പങ്കുവഹിക്കാനും കഴിഞ്ഞിട്ടുണ്ട്. 1984 മുതല്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് നിര്‍ധനരായ 5000 വിദ്യാര്‍ഥികള്‍ക്ക് കുവൈത്ത് യൂനിവേഴ്‌സിറ്റി ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളില്‍ സ്‌കോളര്‍ഷിപ്പോടു കൂടിയ പഠനത്തിന് സഹായം ചെയ്യാന്‍ സാധിച്ചു.

         ലോകമെങ്ങുമുള്ള പാവങ്ങള്‍ക്കും അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിഞ്ഞുകൂടുന്ന ലക്ഷക്കണക്കായ അശരണര്‍ക്കും ദുരിതാശ്വാസത്തിനായി നടത്തപ്പെടുന്ന സേവന പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കുവഹിക്കാന്‍ കഴിഞ്ഞു എന്നത് എന്നെ ഏറെ സന്തുഷ്ടനാക്കുന്നു. ഇപ്പോള്‍ സിറിയന്‍ അഭയാര്‍ഥികള്‍ക്ക് സഹായം സംഭരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ് ഞങ്ങള്‍. എന്റെ ഭാര്യയോടും മക്കളോടും പേരക്കുട്ടികളോടുമൊത്ത് ഞാന്‍ ചെലവഴിക്കുന്ന നിമിഷങ്ങളാണ് ജീവിതത്തിലെ ആനന്ദവേള. പതിതരും പാവങ്ങളും നിസ്വരുമായ ജനങ്ങളില്‍ എന്റെ കുടുംബത്തിന്റെ മുഖമാണ് ഞാന്‍ കാണുന്നത്.

         'വിശ്വാസി ലളിത മനസ്‌കനും സരള ഹൃദയനും ഏവര്‍ക്കും പ്രാപ്യനുമായിരിക്കും' എന്ന നബി വചനത്തിന്റെ ആള്‍ രൂപമാണ് നാദിര്‍ നൂരി എന്ന് മനസ്സില്‍ കുറിച്ചിട്ടാണ് ഖുറൈഹിലെ അദ്ദേഹത്തിന്റെ വസതി വിട്ടു ഞാന്‍ ഇറങ്ങിയത്. 'ജനസേവന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അല്ലാഹു തന്റെ സൃഷ്ടികളില്‍ ചില പ്രത്യേക ദാസന്മാരെ തെരഞ്ഞെടുക്കും. ഒരു ഭീതിയും അവര്‍ക്കുണ്ടാവില്ല' എന്ന് ഇത്തരം വ്യക്തിത്വങ്ങളെ കുറിച്ചാണ് നബി(സ) പറഞ്ഞത് എന്ന് ഞാന്‍ ന്യായമായും വിശ്വസിച്ചു.

 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 86-88
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം