Prabodhanm Weekly

Pages

Search

2014 ഏപ്രില്‍ 25

മുഹമ്മദ് ഖുത്വ്ബ് എന്ന പുസ്തകം വായിക്കുമ്പോള്‍

വി.എ കബീര്‍ /കവര്‍സ്‌റ്റോറി

         ഈ ലേഖകന്‍ ദോഹയിലുണ്ടായിരുന്ന തൊണ്ണൂറുകളില്‍ മുഹമ്മദ് ഖുത്വ്ബ്, മുഹമ്മദുല്‍ ഗസ്സാലി, ജമാല്‍ അത്വിയ്യ തുടങ്ങിയ ധിഷണാശാലികളായ ഗ്രന്ഥകാരന്മാര്‍ ഖത്തര്‍ യൂനിവേഴ്‌സിറ്റിയില്‍ അധ്യാപകരായി ജോലി ചെയ്യുന്നുണ്ടായിരുന്നു. മുഹമ്മദുല്‍ ഗസ്സാലി കുറേകാലം ഇഖ്‌വാനില്‍ നിന്ന് വിട്ടുപിരിഞ്ഞ ശേഷം വീണ്ടും ഇഖ്‌വാനിലേക്ക് തിരിച്ചുവന്ന പണ്ഡിതനായിരുന്നു. ഇഖ്‌വാനില്‍ നിന്ന് വിട്ടപ്പോള്‍ 'മആലിമുദ്ദം' (രക്തക്കറകള്‍) എന്നൊരു കൃതി രചിച്ചിരുന്നു ഗസ്സാലി; തിരിച്ചുവന്നപ്പോള്‍ 'ഖദാഇഫുല്‍ ഹഖ്' (സത്യത്തിന്റെ തീയുണ്ടകള്‍) എന്ന മറ്റൊരു കൃതിയും. ഹസനുല്‍ ഹുദൈബിയടക്കമുള്ള ഇഖ്‌വാന്‍ നേതാക്കള്‍ സയ്യിദ് ഖുത്വ്ബിന്റെ പാതയല്ല ഇഖ്‌വാന്റേതെന്ന് പ്രഖ്യാപിച്ചപ്പോള്‍ കുവൈത്തിലെ അല്‍ മുജ്തമഅ് വാരികയില്‍ 'ജനങ്ങളുടെ അറിവിന് വേണ്ടി' എന്ന ശീര്‍ഷകത്തില്‍ മുഹമ്മദ് ഖുത്വ്ബിന്റെ ഒരു പ്രസ്താവന വന്നിരുന്നു. സമൂഹം കാഫിറായതിനാല്‍ സമൂഹത്തില്‍ നിന്ന് പലായനം ചെയ്യണമെന്ന് വാദിച്ചിരുന്ന 'തക്ഫീര്‍ വല്‍ ഹിജ്‌റ' എന്ന തീവ്രവാദ പ്രസ്ഥാനം സയ്യിദ് ഖുത്വ്ബാണ് തങ്ങളുടെ ഗുരുവെന്ന് അവകാശപ്പെട്ടിരുന്നു. സയ്യിദ് ഖുത്വ്ബിന്റെ വരികള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് തെറ്റായി വായിച്ചതിന്റെ ഫലമായിരുന്നു സത്യത്തില്‍ ആ വാദങ്ങള്‍. നിലവിലെ വ്യവസ്ഥിതിയും പ്രവാചകന്റെ കാലത്തെ വ്യവസ്ഥിതിയും തമ്മിലുള്ള അന്തരത്തിന്റെ വിശകലനത്തിലെ ഊന്നലുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നു. അത് ആ നിലക്ക് മനസ്സിലാക്കാതെ സയ്യിദ് ഖുത്വ്ബിനെ തള്ളിപ്പറഞ്ഞവര്‍ എലിയെ കൊല്ലാന്‍ ഇല്ലം ചുടുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഹമ്മദ് ഖുത്വ്ബിന് പരേതനായ തന്റെ സഹോദരന് വേണ്ടി പൊതു പ്രസ്താവന ഇറക്കേണ്ടിവന്നത്. സയ്യിദിന്റെ ചിന്തകളെ ഏറ്റവും അടുത്ത് അറിഞ്ഞ വ്യക്തി എന്ന നിലക്ക് കൂടിയാണ് ഈ പ്രസ്താവനയെന്ന് മുഹമ്മദ് ഖുത്വ്ബ് വ്യക്തമാക്കുന്നുണ്ട്. സയ്യിദിനെക്കുറിച്ച് അങ്ങനെയൊരു ചിന്തക്ക് തന്നെ പ്രസക്തിയില്ലെന്നും മുഹമ്മദ് ഖുത്വ്ബ് പറയുന്നുണ്ട്. ഇതും ഇതുപോലുള്ള പല വിഷയങ്ങളും ശൈഖ് ഗസ്സാലിയുമായും മുഹമ്മദ് ഖുത്വ്ബുമായും സംസാരിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, മുന്‍ പരിചയമില്ലാത്തവരെ നേരിട്ട് അഭിമുഖീകരിക്കുന്നതിലുള്ള സഹജമായ സങ്കോചം അതിന് തടസ്സമായി. പരിചയമുള്ളവരുടെ സഹായം തേടിയാല്‍ സ്വതന്ത്രമായി സംസാരിക്കാന്‍ പറ്റിയെന്നും വരില്ല. അങ്ങനെയാണ് ആ പരിപാടി പാടേ ഉപേക്ഷിച്ചത്.

പിന്നീട് ടി.കെ ഇബ്‌റാഹീമി(ടൊറണ്ടോ)നെപ്പോലെ മുഹമ്മദ് ഖുത്വ്ബുമായി പരിചയമുള്ളവരെ കാണുമ്പോള്‍, ഇപ്പോള്‍ ലഭ്യമല്ലാത്ത സാഹിത്യകൃതികളടക്കമുള്ള സയ്യിദിന്റെ പുസ്തകങ്ങളുടെ പുനര്‍മുദ്രണത്തെക്കുറിച്ച്, ഖുത്വ്ബുമായി സംസാരിച്ചുകൂടേ എന്ന് ചോദിക്കാറുണ്ടായിരുന്നു. പ്രായാധിക്യത്തിന്റെ അവശത മൂലം അദ്ദേഹം സന്ദര്‍ശകരെ സ്വീകരിക്കുന്ന പതിവ് ഇപ്പോള്‍ തീരെ കുറച്ചിരിക്കുകയാണെന്നായിരുന്നു ഈ അന്വേഷണത്തില്‍ കിട്ടിയ പ്രതികരണം. മസ്തിഷ്‌കക്ഷതം ബാധിച്ചു മരിക്കുമ്പോള്‍ അദ്ദേഹത്തിന് 95 വയസ്സ് കഴിഞ്ഞിരുന്നു.

ഖത്തര്‍ യൂനിവേഴ്‌സിറ്റിയില്‍ മുഹമ്മദ് ഖുത്വ്ബിനൊപ്പം തുനീഷ്യന്‍ അക്കാദമിഷ്യനായ ഡോ. അഹ്മദ് ഖദീദിയുമുണ്ടായിരുന്നു. അദ്ദേഹം എഴുതിയ അനുസ്മരണക്കുറിപ്പില്‍ ഡോ. ജമാല്‍ അത്വിയ്യ (അല്‍ മുസ്‌ലിം അല്‍ മുആസ്വര്‍-സമകാലിക മുസ്‌ലിം- എന്ന പ്രൗഢ മാഗസിന്റെ പത്രാധിപര്‍ കൂടിയായിരുന്നു അദ്ദേഹം)യുടെ കൂടെ മുഹമ്മദ് ഖുത്വ്ബിന്റെ വീട്ടില്‍ വെച്ച് നടന്ന ദീര്‍ഘമായ സംസാരത്തെക്കുറിച്ച് പറയുന്നുണ്ട്. മുസ്‌ലിം ലോകം സങ്കീര്‍ണമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ഭാവിയെക്കുറിച്ച് താന്‍ ഇപ്പോഴും ശുഭപ്രതീക്ഷയില്‍ തന്നെയാണെന്ന് മുഹമ്മദ് ഖുത്വ്ബ് പറഞ്ഞതായി ഖദീദി എഴുതുന്നു. മുസ്‌ലിം സമൂഹത്തെ ശിഥിലീകരിച്ച് ഇല്ലാതാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായിരുന്നു ഉസ്മാനിയ ഖിലാഫത്തിന്റെ തകര്‍ച്ച. ഇഖ്‌വാനെതിരെയുള്ള ഈജിപ്ഷ്യന്‍ ഏകാധിപതികളുടെ നീക്കങ്ങളുടെ ലക്ഷ്യവും അതുതന്നെയായിരുന്നു. എന്നാല്‍ ആ ഗൂഢാലോചനകളൊന്നും ശത്രു ഉദ്ദേശിച്ച അളവില്‍ വിജയിക്കുകയുണ്ടായില്ല. എങ്കിലും ശത്രുക്കളുടെ ലക്ഷ്യം തിരിച്ചറിയാതെ, അവര്‍ക്ക് ഇരയായി നിന്നുകൊടുക്കാനുള്ള നീക്കങ്ങള്‍, തീവ്രവാദ ലൈനുകള്‍ സ്വീകരിക്കുന്നവരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത് ഖേദപൂര്‍വം മുഹമ്മദ് ഖുത്വ്ബ് ചൂണ്ടിക്കാട്ടിയത് ഖദീദി ഓര്‍ക്കുന്നു.

ഇഖ്‌വാന്‍ ബന്ധം

1919 ഏപ്രില്‍ 26-ന് ഈജിപ്തിലെ മൂശാഗ്രാമത്തില്‍ ജനിച്ച മുഹമ്മദ് ഖുത്വ്ബ് മതനിഷ്ഠയുള്ള ഒരു കുടുംബാന്തരീക്ഷത്തില്‍ ഭക്തയായ മാതാവിന്റെ പ്രത്യേക ശിക്ഷണത്തിലാണ് വളര്‍ന്നത്. ഒമ്പതാമത്തെ വയസ്സില്‍ തന്നെ ഖുര്‍ആന്‍ പഠനം ആരംഭിച്ചു. ഖുര്‍ആന്‍ മനഃപാഠമാക്കാനാണ് ആദ്യം ശ്രമിച്ചത്.  അല്‍ബഖറയുടെ ആദ്യപകുതി ഹൃദിസ്ഥമാക്കിയതോടെ അതല്‍പം വിഷമകരമാണെന്ന് മനസ്സിലായതിനാല്‍ ശ്രമം ഉപേക്ഷിച്ചു. പിന്നീട് ഖുര്‍ആന്റെ നിത്യ പാരായണത്തിലൊതുങ്ങി ആ ബന്ധം. എന്നാല്‍, അദ്ദേഹം ബിരുദമെടുത്തത് ഇസ്‌ലാമിക വിഷയങ്ങളിലായിരുന്നില്ല. കയ്‌റോ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലാണ് മുഹമ്മദ് ഖുത്വ്ബ് ബിരുദമെടുത്തിരുന്നത്. ഒപ്പം ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് സ്‌കൂളില്‍ നിന്ന് അധ്യാപനത്തില്‍ ഡിപ്ലോമയും കരസ്ഥമാക്കി.

1954-ലാണ് ഇസ്‌ലാമിക പ്രസ്ഥാനവുമായുള്ള മുഹമ്മദ് ഖുത്വ്ബിന്റെ മാനസിക ബന്ധം ദൃഢീകൃതമാകുന്നത്. 1954-ല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ നേരിട്ട അഗ്നിപരീക്ഷകളായിരുന്നു അതിന്റെ നിമിത്തം. അന്ന് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ മുഹമ്മദ് ഖുത്വ്ബുമുണ്ടായിരുന്നു. '52 മുതല്‍ ഇഖ്‌വാനുമായി ചില ബന്ധങ്ങളുണ്ടായിരുന്നെങ്കിലും പരിമിത മേഖലകളിലൊതുങ്ങുന്നതായിരുന്നു അത്. അധികൃതരുടെ അടുക്കല്‍ അതിന് യാതൊരു തെളിവുമുണ്ടായിരുന്നില്ല. സയ്യിദ് ഖുത്വ്ബിന്റെ സഹോദരന്‍ എന്ന ഏക കാരണത്താലായിരുന്നു മുഹമ്മദ് ഖുത്വ്ബിന്റെ അറസ്റ്റ്. അന്യായമായ ഈ അറസ്റ്റിനെക്കുറിച്ച് സയ്യിദ് തന്നെ അക്കാലത്ത് അധികൃതര്‍ക്ക് പരാതികളയച്ചിരുന്നു. ജയിലനുഭവങ്ങളാണ് ഇഖ്‌വാനുമായി കൂടുതല്‍ അടുക്കാന്‍ അദ്ദേഹത്തിന് പ്രേരകമായത്. അതേവരെ അകലെ നിന്നുകൊണ്ട് ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവുകയും ബുദ്ധിപരമായ മേഖലകളില്‍ സംഭാവനകളര്‍പ്പിക്കുകയും ചെയ്യുന്നതില്‍ പരിമിതമായിരുന്നു അദ്ദേഹത്തിന്റെ കര്‍മരംഗം. തടവറ അദ്ദേഹത്തിന്റെ ജീവിതം തന്നെ മൗലികമായി മാറ്റിമറിച്ചു. ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളില്‍ സജീവവും ക്രിയാത്മകവുമായ പങ്ക് വഹിക്കുന്ന ആളായി മാറി പിന്നീടദ്ദേഹം.

ജയിലിലെ 'സ്വീകരണാഘോഷം'

ജയിലിലെ 'സ്വീകരണാഘോഷ'മാണ് ഈ മാറ്റത്തിന്റെ ഹേതുവെന്നാണ് മുഹമ്മദ് ഖുത്വ്ബ് വിശദീകരിക്കുന്നത്. ജയിലിലെത്തിയ ഉടനെ തടവുപുള്ളിയെ എതിരേല്‍ക്കുന്ന മര്‍ദനമുറകളെ സൂചിപ്പിക്കുന്ന ഇഖ്‌വാന്‍കാരുടെ പദപ്രയോഗമാണ് 'സ്വീകരണാഘോഷം' (ഹഫ്‌ലതുല്‍ ഇസ്തിഖ്ബാല്‍). മുഹമ്മദ് ഖുത്വ്ബിന്റെ അറസ്റ്റിന് രണ്ട് ദിവസം മുമ്പ് യൂസുഫ് ത്വല്‍അത്ത് എന്ന ഒരു ഇഖ്‌വാന്‍ പ്രവര്‍ത്തകന്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.ജയിലിലെത്തിയ ഉടനെ ത്വല്‍അത്തിനെ കഠിനമായി മര്‍ദിക്കുന്ന കാഴ്ചയാണ് മുഹമ്മദ് ഖുത്വ്ബിനെ എതിരേല്‍ക്കുന്നത്. അത് അദ്ദേഹത്തിന്റെ മനസ്സിന് കനത്ത ആഘാതമേല്‍പിച്ചു. തടവറയില്‍ കടന്ന ഉടനെ ത്വല്‍അത്തിനെ വിചാരണക്ക് കൊണ്ടുപോകുന്നതാണ് മുഹമ്മദ് ഖുത്വ്ബ് കാണുന്നത്. ഉറച്ച ശരീരപ്രകൃതക്കാരനായ ത്വല്‍അത്ത് വളരെ ശോഷിച്ചിരുന്നു. മര്‍ദനത്തിന്റെ പാടുകളൊന്നും അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്നില്ല. എന്നാല്‍ അഞ്ച് സെന്റീമീറ്ററില്‍ കൂടുതല്‍ അകലത്തില്‍ അടിവെച്ച് നടക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഓരോ അടിവെക്കുമ്പോഴും ജയില്‍ കിങ്കരന്മാര്‍ അദ്ദേഹത്തെ ചാട്ട കൊണ്ട് പ്രഹരിച്ചു. 'വേഗം നടക്കൂ' എന്ന് നിന്ദാപൂര്‍വം ശാസിക്കുന്നുണ്ടായിരുന്നു. ഈ കാഴ്ച മുഹമ്മദ് ഖുത്വ്ബിനെ വികാരവിവശനാക്കി. അതദ്ദേഹത്തെ ഭീരുവാക്കുകയല്ല ധീരനാക്കുകയാണുണ്ടായത്. അതോടെ ഈ മാര്‍ഗമാണ് തെരഞ്ഞെടുക്കേണ്ടതെന്ന ബോധം ഉണ്ടാവുകയും അതില്‍ പ്രവേശിക്കുക തന്നെ വേണമെന്ന് ഉറച്ച തീരുമാനമെടുക്കുകയും ചെയ്തു അദ്ദേഹം (യൂസുഫ് ത്വല്‍അത്ത് പിന്നീട് രക്തസാക്ഷിയാവുകയായിരുന്നു).

തടവറയിലെ അഗ്നിപരീക്ഷകള്‍ നേരിട്ടവരായിരുന്നു ഖുത്വ്ബ് കുടുംബം മുഴുവന്‍. സയ്യിദ് ഖുത്വ്ബിനെ തൂക്കിലേറ്റി. മൂത്ത സഹോദരി നഫീസ ഖുത്വ്ബിനെ മിലിട്ടറി ജയിലിലാക്കുമ്പോള്‍ 65 വയസ്സായിരുന്നു അവര്‍ക്ക്. മകന്‍ രിഫ്അത് ബക്ര്‍ ജയില്‍ മര്‍ദനത്തെത്തുടര്‍ന്ന് രക്തസാക്ഷിയാകുമ്പോഴും അവര്‍ ജയിലില്‍ തന്നെയായിരുന്നു. മറ്റൊരു സഹോദരിയായ അമീന ഖുത്വ്ബും മിലിട്ടറി ജയിലില്‍ തന്നെയായിരുന്നു. നഫീസയേക്കാളേറെ അവര്‍ക്ക് ജയിലില്‍ കഴിയേണ്ടിവന്നിട്ടുണ്ട്. അതേ മിലിട്ടറി ജയിലില്‍ തന്നെയാണ് ഇളയ സഹോദരി ഹമീദ ഖുത്വ്ബും ആറു വര്‍ഷവും 4 മാസവും കഴിച്ചുകൂട്ടിയത്. മൂത്ത സഹോദരിയുടെ മകളും രിഫ്അത്തിന്റെയും അസ്മിയുടെയും സഹോദരിയുമായ ഫതീഹ ബക്‌റിന്റെ ഭര്‍ത്താവ് മുസ്ത്വഫാ കാമിലും 1954-ലും 1965-ലും തടവില്‍ കിടന്നിട്ടുണ്ട്. '71-ലാണ് അദ്ദേഹം ജയില്‍ മോചിതനാകുന്നത്. മുഹമ്മദ് ഖുത്വ്ബിന്റെ തടവ് കാലം ആറ് വര്‍ഷവും നാല് മാസവുമായിരുന്നു. 1977-ല്‍ ബ്രിട്ടന്‍ സന്ദര്‍ശിച്ച വേളയില്‍ അവിടത്തെ ഇസ്‌ലാമിക വിദ്യാര്‍ഥി സംഘടന (ഫെഡറേഷന്‍ ഓഫ് സ്റ്റുഡന്‍സ് ഇസ്‌ലാമിക് സൊസൈറ്റി)യുടെ അറബി മുഖപത്രമായ 'അല്‍ ഗുറബാഇ'ന് അനുവദിച്ച അഭിമുഖത്തില്‍ തന്റെ ജയിലനുഭവങ്ങള്‍ മുഹമ്മദ് ഖുത്വ്ബ് വിശദമായി പറഞ്ഞിരുന്നു. അവ അച്ചടിക്കരുതെന്ന് പറഞ്ഞതിനാല്‍ ആ ഭാഗം ഒഴിവാക്കിയാണ് അല്‍ ഗുറബാ സുദീര്‍ഘമായ ആ അഭിമുഖം പ്രസിദ്ധീകരിച്ചത്.

ഒഴിവു കാലത്ത് സാര്‍ത്രെയെക്കുറിച്ച് ഒരു പുസ്തകമെഴുതുന്നതില്‍ വ്യാപൃതനായിരിക്കെയാണ് മുഹമ്മദ് ഖുത്വ്ബ് അറസ്റ്റ് ചെയ്യപ്പെടുന്നത്. പ്രസ്തുത കൃതിയുടെ കൈയെഴുത്ത് പ്രതി അധികൃതര്‍ പിടിച്ചെടുക്കുകയുണ്ടായി, പിന്നീടത് മടക്കിക്കൊടുക്കുകയുണ്ടായില്ല.

ഫ്രോയിഡിന്റെ ആകര്‍ഷണവലയത്തില്‍

പതിമൂന്ന്-പതിനേഴ് വയസ്സ് കാലയളവില്‍ ഫ്രോയിഡിയന്‍ സിദ്ധാന്തങ്ങള്‍ മുഹമ്മദ് ഖുത്വ്ബിനെ ആകര്‍ഷിക്കുകയുണ്ടായി. ആത്മീയ വിഷയങ്ങളില്‍ ആഭിമുഖ്യമുണ്ടായിരുന്ന കാലമായിരുന്നു അത്. ആ ആഭിമുഖ്യത്തിന് അപ്പോള്‍ സൂഫീഛായ കൈവന്നിരുന്നില്ല. ദീനീ താല്‍പര്യത്താല്‍ പ്രചോദിതമായ ഒരുതരം ആത്മീയാന്വേഷണം മാത്രമായിരുന്നു അത്. മനുഷ്യ മനസ്സിന്റെ സവിശേഷ ഭാവങ്ങളെ കുറിച്ച് ചര്‍ച്ച നടത്തുന്നതില്‍ അതീവ തല്‍പരനായിരുന്നു അക്കാലത്ത് മുഹമ്മദ് ഖുത്വ്ബ്. 'ഉപബോധ മനസ്സ്' എന്ന സങ്കല്‍പത്തിലൂടെ മനഷ്യ മനസ്സിന്റെ ആന്തര ഭാവങ്ങളുടെ ചിത്രമാണ് ഫ്രോയിഡ് നല്‍കിയിരുന്നതെന്ന് മുഹമ്മദ് ഖുത്വ്ബ് പറയുന്നു. മുഹമ്മദ് ഖുത്വ്ബിന്റെ അന്വേഷണ വിഷയവും അതുതന്നെയായിരുന്നു. അതിനാല്‍ ഫ്രോയിഡിന്റെ മിക്ക കൃതികളും അദ്ദേഹം വായിച്ചു. 'ഉപബോധമനസ്സ്' എന്ന ഫ്രോയിഡിയന്‍ സങ്കല്‍പം അദ്ദേഹത്തിന് ഇഷ്ടമായി. പക്ഷേ, മനുഷ്യ ജീവിതത്തിലെ മുഴുവന്‍ പ്രതിഭാസങ്ങളും ലൈംഗികമായി വ്യാഖ്യാനിക്കുന്ന ഫ്രോയിഡിന്റെ രീതിയുമായി പൊരുത്തപ്പെടാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. കലാശാലാ ജീവിതത്തിലുടനീളം ഫ്രോയിഡിന്റെ ചിന്താഗതികളോടുള്ള ഈ വ്യത്യസ്ത വീക്ഷണങ്ങളെക്കുറിച്ച് താന്‍ ബോധവാനായിരുന്നു എന്ന് 'അല്‍ ഗുറബാ' നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്. കലാശാലാ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്നപ്പോള്‍ മനഃശാസ്ത്രത്തെക്കുറിച്ചും ഫ്രോയിഡിനെക്കുറിച്ചും വിശദമായി പഠിക്കാന്‍ അവസരം ലഭിച്ചു. ഫ്രോയിഡിന്റെ ചിന്താഗതികളുടെ വിവിധ വശങ്ങളെക്കുറിച്ച് പൂര്‍ണമായി പഠിക്കാന്‍ കഴിഞ്ഞതോടെ ഫ്രോയിഡിയന്‍ സിദ്ധാന്തങ്ങളോടുള്ള ആഭിമുഖ്യം അസ്തമിച്ചു. ആദ്യകാല ആകര്‍ഷണം അപൂര്‍ണ പഠനത്തിന്റെ ഫലമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഈ ആകര്‍ഷണത്തെ കുറിച്ച് 'മനുഷ്യന്‍ ഭൗതികത്വത്തിനും ഇസ്‌ലാമിനും മധ്യേ' എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ മുഹമ്മദ് ഖുത്വ്ബ് പറയുന്നുണ്ട്. ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിലെ പഠനാനന്തരം മനുഷ്യ മനസ്സിനോട് ഇസ്‌ലാമിന്റെ സമീപനമെന്താണെന്ന അന്വേഷണത്തിലായിരുന്നു അദ്ദേഹം. മനസ്സിനെക്കുറിച്ചുള്ള ഈ പഠനത്തിന്റെ ഗതി മാറ്റം ഒരു പ്രഭാഷണം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നതിനിടെ മനസ്സില്‍ മിന്നിമിറിഞ്ഞ ചിന്താശകലങ്ങളുടെ കൂടി ഫലമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിക്കുന്നുണ്ട്. തന്റെ ചിന്താഗതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ ഫ്രോയിഡ് മുമ്പില്‍ കണ്ടിരുന്ന യൂറോപ്യന്‍ സമൂഹം ലൈംഗിക വിഷയങ്ങളില്‍ അമിത നിയന്ത്രണം ചുമത്തിയിരുന്നുവെന്നും സെക്‌സിനെ പാപമായാണ് കണ്ടിരുന്നതെന്നും പ്രഭാഷണം നടത്തിയ പ്രഫസര്‍ വ്യക്തമാക്കിയിരുന്നു.  അത്തരം അമിത നിയന്ത്രണങ്ങള്‍ അനാവശ്യമാണെന്ന് ബോധ്യപ്പെട്ടതോടൊപ്പം സ്വതന്ത്ര ലൈംഗികത എന്ന ഫ്രോയിഡിയന്‍ സിദ്ധാന്തവും തീവ്രവാദമായാണ് മുഹമ്മദ് ഖുത്വ്ബിന് തോന്നിയത്. എന്നാല്‍ ഈ രണ്ട് ആത്യന്തികതകള്‍ക്കും മധ്യേയാണ് ഇസ്‌ലാമിന്റെ നിലപാടെന്ന് അദ്ദേഹത്തിന് മനസ്സിലാക്കാന്‍ പ്രയാസമുണ്ടായില്ല. ഇസ്‌ലാമിന്റെ ഈ സമീപനരീതിയാണ് മുഹമ്മദ് ഖുത്വ്ബിന്റെ ചിന്താഗതിയെ മാറ്റിമറിച്ചത്. അത് പിന്നീട് 'മനുഷ്യന്‍- ഇസ്‌ലാമിനും ഭൗതികത്വത്തിനും മധ്യേ' എന്ന ഗ്രന്ഥരചനയോളം ചെന്നെത്തി. പത്ത് വര്‍ഷത്തെ അഗാധമായ പഠനത്തിനു ശേഷമാണ് ഈ പുസ്തകമെഴുതിയതെന്ന് മുഹമ്മദ് ഖുത്വ്ബ് പറയുന്നുണ്ട്. 'മനുഷ്യ മനസ്സിനെക്കുറിച്ച് ചില പഠനങ്ങള്‍'(ദിറാസാത്തുന്‍ ഫിന്നഫ്‌സില്‍ ഇന്‍സാനിയ്യ) എന്ന മറ്റൊരു ബൃഹദ് ഗ്രന്ഥവും ഈ വിഷയത്തില്‍ മുഹമ്മദ് ഖുത്വ്ബിനുണ്ട്. ഇസ്‌ലാമുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ബുദ്ധിപരമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണുണ്ടായത്. ''ഇസ്‌ലാമുമായുള്ള എന്റെ ഇടപെടലുകള്‍ ചിന്താപരമായ ചില പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിലാണുണ്ടായത്. ചില പ്രത്യേക പ്രശ്‌നങ്ങള്‍ എന്റെ മനസ്സില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ ആരംഭിച്ചിരുന്നു അക്കാലത്ത്. എന്റെ ബുദ്ധിപരമായ അന്വേഷണത്തിന് വിഷയീഭവിച്ച ആദ്യത്തെ പ്രശ്‌നം മനുഷ്യമനസ്സിനെക്കുറിച്ച ഖുര്‍ആന്റെ വിഭാവന എന്ത് എന്നുള്ളതായിരുന്നു. പിന്നീട് ഒരു ഇസ്‌ലാമിക സാമ്പത്തിക സിദ്ധാന്തം ആവിഷ്‌കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇസ്‌ലാമിന്റെ സാമ്പത്തിക നിയമങ്ങളെ അഗാധമായി പഠിക്കാനാണ് ഞാന്‍ എന്റെ ചിന്താശക്തിയെ വിനിയോഗിച്ചത്. 'മനുഷ്യന്‍: ഭൗതികത്വത്തിനും ഇസ്‌ലാമിനും മധ്യേ', 'ഇസ്‌ലാം: തെറ്റിദ്ധരിക്കപ്പെട്ട മതം' എന്നീ രണ്ട് ഗ്രന്ഥങ്ങള്‍ വിരചിതമാകുന്നത് വരെ ഈ ഘട്ടം തുടര്‍ന്നിരിക്കണം'' (അല്‍ ഗുറബ നടത്തിയ അഭിമുഖം).

സുഊദിയിലേക്ക്

ജയില്‍ മോചിതനായ ശേഷം മുഹമ്മദ് ഖുത്വ്ബ് കയ്‌റോ വിട്ടു. പിന്നീട് രണ്ട് വര്‍ഷത്തോളം ബനീ സുവൈഫ് ഹൈസ്‌കൂളില്‍ അധ്യാപകനായി നിയമിതനായി.

1972-ലാണ് മുഹമ്മദ് ഖുത്വ്ബ് സുഊദി അറേബ്യയിലെത്തുന്നത്. മക്കയിലെ ഉമ്മുല്‍ ഖുറാ യൂനിവേഴ്‌സിറ്റിയില്‍ ദീര്‍ഘകാലം അദ്ദേഹം അധ്യാപകനായി സേവനമനുഷ്ഠിച്ചു. നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ക്ക് അദ്ദേഹം അവിടെ ഗൈഡാവുകയുണ്ടായി. പ്രശസ്തനായ സുഊദി മതപണ്ഡിതന്‍ സഫറുല്‍ ഹല്‍വാനിയുടെ 'അല്‍ ഇര്‍ജാഉ ഫില്‍ ആലമില്‍ ഇസ്‌ലാമി' എന്ന ഗവേഷണ പ്രബന്ധത്തിന്റെ ഗൈഡ് മുഹമ്മദ് ഖുത്വ്ബായിരുന്നു. സുഊദിയിലെ ദീര്‍ഘവാസത്തിനിടക്ക് അശ്അരി-സൂഫി ചായ്‌വില്‍നിന്ന് അദ്ദേഹം ഹമ്പലി-സലഫി ചായ്‌വിലേക്ക് മാറിയതായി ചിലര്‍ വിലയിരുത്തുന്നുണ്ട്. ഏതായാലും സുഊദിയിലെ 'മശാഇഖി'ന് അദ്ദേഹത്തോട് ആദരവായിരുന്നു. സെക്കന്ററി-ഹയര്‍ സെക്കന്ററി തലങ്ങളില്‍ തൗഹീദ് വിഷയകമായ പാഠപുസ്തക രചന അദ്ദേഹത്തെ ഏല്‍പിച്ചതില്‍ നിന്ന് തന്നെ സുഊദിയിലെ സലഫി പണ്ഡിതന്മാര്‍ക്കിടയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന വിശ്വാസ്യത മനസ്സിലാക്കാവുന്നതാണ്.

1988-ലെ ഫൈസല്‍ അവാര്‍ഡ് മുഹമ്മദ് ഖുത്വ്ബിനായിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ അദ്ദേഹം അവസാനമെഴുതിയ പുസ്തകം 'ഇസ്രയേലിന്റെ സുരക്ഷിത അതിരുകള്‍' (അല്‍ ഹുദൂദുല്‍ ആമിന ലി ഇസ്രാഈല്‍) ആണ്. ഈ പുസ്തകത്തിന് പ്രസാധകരെ കിട്ടുമോ എന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നുവത്രെ. പുസ്തകം പിന്നീട് വെളിച്ചം കണ്ടോ എന്നറിയില്ല. 'ശുബ്ഹാതുന്‍ ഹൗലല്‍ ഇസ്‌ലാം' എന്ന കൃതി പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ 'തെറ്റിദ്ധരിക്കപ്പെട്ട മതം' എന്ന ശീര്‍ഷകത്തില്‍ പരിഭാഷപ്പെടുത്തിയത് ഐ.പി.എച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ റമദാന്‍ മുതല്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുഹമ്മദ് ഖുത്വ്ബ് 2014 ഏപ്രില്‍ 4-നാണ് ഇഹലോകവാസം വെടിഞ്ഞത്. മസ്ജിദുല്‍ ഹറാമില്‍ അവിടത്തെ ഇമാമായ ശൈഖ് ഫൈസല്‍ ഗസ്‌റാവിയുടെ നേതൃത്വത്തില്‍ നടന്ന ജനാസ നമസ്‌കാരത്തില്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരും സുഊദി പണ്ഡിതന്മാരുമടക്കം ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുകയുണ്ടായി. തുടര്‍ന്ന് വന്‍ ജനസഞ്ചയത്തിന്റെ അകമ്പടിയോടെ മക്കയിലെ 'മുഅല്ലാത്ത്' മഖ്ബറയില്‍ മൃതദേഹം മറമാടി. ഹറമിലെ ജനാസ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കാത്ത നിരവധിയാളുകള്‍ മഖ്ബറയില്‍ വെച്ചാണ് നമസ്‌കാരം നിര്‍വഹിച്ചത്. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20 / ത്വാഹാ/ 71-73
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം