മാറ്റം കൊതിക്കുന്നവര്‍ ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കട്ടെ
മാറ്റം കൊതിക്കുന്നവര്‍ ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കട്ടെ
പ്രബോധനം ലക്കം(2845)ശൈഖ് മുഹമ്മദ് കാരക്കുന്ന് എഴുതിയ കുറിപ്പ്, സ്ഥാപനങ്ങളുടെ ഉയര്‍ച്ചയും വളര്‍ച്ചയും സ്വപ്നം കണ്ട് ലക്ഷ്യ പ്രാപ്തി നേടാത്ത സ്ഥാപനാധികാരികള്‍ക്കുള്ള ഉണര്‍ത്തലായി. ഒരേ തൊഴിലില്‍ ദീര്‍ഘകാലം തുടരാനാവുക എന്നത് സ്തുത്യര്‍ഹമായ കാര്യമാണ്. അറിവ് കൊണ്ടും അനുഭവസമ്പത്ത് കൊണ്ടും ഉയരങ്ങള്‍ കീഴടക്കാന്‍ അതുമുഖേന സാധിക്കും. എന്നാല്‍ സ്വത്വ വളര്‍ച്ചയും സ്ഥാപനവളര്‍ച്ചയും കീഴ്‌പ്പോട്ടാണെങ്കില്‍ കടിച്ച് തൂങ്ങി നില്‍ക്കാതെ മാറിനില്‍ക്കാന്‍ ബന്ധപ്പെട്ടവരെല്ലാം വിശാല മനസ്സ് കാണിക്കണം. വ്യക്തിയുടെ വികാസം സ്ഥാപനത്തിന്റെ വികാസത്തിന് മുതല്‍ക്കൂട്ടാവണം. വ്യക്തിപരമായി വികാസവും സംതൃപ്തിയും കൈവരുകയും സ്ഥാപന വളര്‍ച്ച മുരടിക്കുകയുമാണെങ്കില്‍ പരിഗണിക്കേണ്ടത് സ്ഥാപനത്തിന്റെ ഭാവിയാണ്.
സ്വപ്രേരണയാല്‍ വിദ്യാഭ്യാസ മേഖലയില്‍ ജോലി തേടിയെത്തുന്ന യുവാക്കള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന കൊടുക്കാനും ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കാനും തയാറായാല്‍ മാറ്റം യാഥാര്‍ഥ്യമാവും. ചെയ്യുന്ന കര്‍മങ്ങള്‍ക്ക് ഇഛിക്കുന്ന ഫലം കരസ്ഥമാക്കണമെന്നാഗ്രഹിക്കുന്നവരാണ് യുവാക്കള്‍. അത് വിദ്യാഭ്യാസസ്ഥാപന നടത്തിപ്പ് മേഖലയിലാകുമ്പോള്‍, അനുഭവസ്ഥരുടെ നിര്‍ലോഭ പിന്തുണയും കൂടിച്ചേരുമ്പേള്‍ ലക്ഷ്യവും അതിലപ്പുറവും നേടിയെടുക്കാന്‍ സ്ഥാപന മേധാവികള്‍ക്ക് കഴിയും.
അബൂരീഹ പുലാപ്പറ്റ
രാഷ്ട്രീയ പാര്‍ട്ടികളില്‍ ശുദ്ധികലശം അനിവാര്യം
ജീര്‍ണിക്കുന്ന രാഷ്ട്രീയ സംസ്‌കാരത്തെക്കുറിച്ച എഡിറ്റോറിയല്‍ (ലക്കം 2845) ആനുകാലിക പ്രസക്തിയുള്ള ഒന്നായിരുന്നു. ദേശീയ രാഷ്ട്രീയ രംഗം ഇന്ന് കലങ്ങിമറിഞ്ഞുകൊണ്ടിരിക്കുകയാണ്. ജനാധിപത്യം പണാധിപത്യത്തിന് വഴിമാറുന്ന കാഴ്ച തെരഞ്ഞെടുപ്പ് ഗോദയില്‍ നാം കണ്ടുകൊണ്ടിരിക്കുന്നു. എങ്ങനെയെങ്കിലും അധികാരം പിടിച്ചെടുക്കുക എന്ന ചിന്താഗതിയാണ് ഓരോ പാര്‍ട്ടിക്കുമുള്ളത്.
ദേശീയതലത്തില്‍ പുതിയ പുതിയ പാര്‍ട്ടികള്‍ രംഗപ്രവേശം ചെയ്യുമ്പോഴും പലരും ഗ്രൂപ്പിസത്തിന്റെ പേര് പറഞ്ഞ് അണികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളെ തൃണവത്ഗണിച്ചുകുതിച്ചോടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പല അടിസ്ഥാന യാഥാര്‍ഥ്യങ്ങളും കണ്ടില്ലെന്ന് നടിക്കുന്നതും അപചയമാണ്.
പ്രത്യയശാസ്ത്രങ്ങളെയും മൂല്യാധിഷ്ഠിത തത്ത്വങ്ങളെയും ബലികഴിച്ചുകൊണ്ടുള്ള സമീപനമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്നതെങ്കില്‍ പൗരബോധമുള്ള ഒരു തലമുറ ഇവിടെ ഉയര്‍ന്നുവന്ന് അതിനെതിരെ ശക്തമായി പ്രതികരിക്കുകതന്നെ ചെയ്യും.
ആചാരി തിരുവത്ര,ചാവക്കാട്
ഒരു പരമ സാത്വികനെക്കുറിച്ച ഓര്‍മ
പ്രബോധനം ഏപ്രില്‍ 18-ല്‍ (ലക്കം 2847) മൗലാനാ മുഹമ്മദ് യൂസുഫ് സാഹിബിന്റെ വ്യക്തിചിത്രത്തില്‍ വന്ന ചില പരാമര്‍ശങ്ങളാണ് ഈ കുറിപ്പിന്നാധാരം. '1971-ല്‍ പാകിസ്താനില്‍ സുല്‍ഫിക്കര്‍ അലി ഭൂട്ടോ ജമാഅത്തിനെതിരെ കരാള നടപടികള്‍ സ്വീകരിച്ചപ്പോള്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അനുഭവിച്ച പ്രയാസങ്ങളാണ് യാ ലൈത്ത ഖൗമീ യഅ്‌ലമൂന്‍ എന്ന രചനയിലൂടെ അദ്ദേഹം കോറിയിട്ടത്' എന്നെഴുതിയത് എത്രത്തോളം ശരിയാണ് എന്നതില്‍ സംശയമുണ്ട്. 1970 ഡിസംബറിലെ പൊതു തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ പാകിസ്താനില്‍ ശൈഖ് മുജീബുര്‍റഹ്മാന്റെ അവാമി ലീഗ് ഒരു സീറ്റൊഴികെ ബാക്കിയെല്ലാം അടിച്ചെടുത്തു. പശ്ചിമ പാകിസ്താനിലാകട്ടെ ഭൂട്ടോയുടെ പീപ്പ്ള്‍സ് പാര്‍ട്ടിയാണ് മഹാഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയിച്ചത്. ഇത് സൃഷ്ടിച്ച രാഷ്ട്രീയ പ്രതിസന്ധിയാണ് അവാമി ലീഗിന്റെ വിഘടനവാദത്തിലേക്കും തുടര്‍ന്ന് നടന്ന സൈനിക നടപടികളിലേക്കും ഒടുവില്‍ ബംഗ്ലാദേശ് രൂപവത്കരണത്തിലേക്കും നയിച്ചത്. 1971 ഡിസംബറിലായിരുന്നു പാക് സൈന്യത്തിന്റെ കീഴടങ്ങലും ബംഗ്ലാദേശ് പ്രഖ്യാപനവും. അതില്‍ പിന്നെയായിരുന്നു അവശിഷ്ട പാകിസ്താന്റെ പൂര്‍ണാധികാരം ഭൂട്ടോക്ക് കൈവന്നത്. അതിനാല്‍ 1971-ല്‍ ഭൂട്ടോ ജമാഅത്തെ ഇസ്‌ലാമിയുടെ നേരെ കരാള നടപടികള്‍ സ്വീകരിച്ചിരിക്കാന്‍ സാധ്യതയില്ല. ഭൂട്ടോ അധികാരത്തിലേറി അഞ്ചു വര്‍ഷം പിന്നിട്ടപ്പോള്‍ നടത്തിയ പൊതു തെരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേട് അരങ്ങേറി എന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം പങ്കാളികളായ ജനകീയ പ്രക്ഷോഭമാണ് ജനറല്‍ സിയാഉല്‍ ഹഖിന്റെ സൈനിക ഭരണത്തില്‍ പാകിസ്താനെ എത്തിച്ചതെന്നും സ്മരണീയമാണ്. ജനാധിപത്യ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഭൂട്ടോ ആവുംവിധം ശ്രമിച്ചുവെന്നതും അതിനിരയായവരില്‍ ജമാഅത്തെ ഇസ്‌ലാമി കൂടി ഉള്‍പ്പെട്ടുവെന്നതുമാണ് വാസ്തവം.
മറ്റൊരു സ്ഖലിതം കൂടി ചൂണ്ടിക്കാണിക്കട്ടെ. '1952-ല്‍ ചേന്ദമംഗല്ലൂരില്‍ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയുടെ സംസ്ഥാപനത്തിനും പിന്നീട് 1966-ല്‍ ആ സ്ഥാപനം കോളേജാക്കി ഉയര്‍ത്തിയ സമ്മേളനത്തിലും അദ്ദേഹം ഉദ്ഘാടകനായെന്ന്' എഴുതിയത് മുഴുവന്‍ ശരിയല്ല. 1952-ല്‍ ചേന്ദമംഗല്ലൂര്‍ മദ്‌റസ ഉദ്ഘാടനം ചെയ്ത മുഹമ്മദ് യൂസുഫ് സാഹിബ് 1966-ല്‍ പങ്കെടുത്തത് ഇസ്‌ലാമിയാ കോളേജിന്റെ വാര്‍ഷിക സമ്മേളനത്തിലാണ്. കോളേജ് 1960-'61 വര്‍ഷത്തില്‍ തന്നെ നിലവില്‍ വന്നിരുന്നു.
ഹ്രസ്വമായ വ്യക്തിചിത്രത്തില്‍ എല്ലാം ഉള്‍പ്പെടുത്താനുള്ള പ്രയാസം കാരണമാവാം ലാളിത്യത്തിന്റെ പര്യായവും സഹിഷ്ണുതയുടെ ആള്‍രൂപവുമായിരുന്ന മുഹമ്മദ് യൂസുഫ് സാഹിബ് അമുസ്‌ലിം പ്രമുഖരോട് നിരന്തരം നടത്തിവന്ന പ്രബോധനപരമായ സംവാദങ്ങള്‍ പരാമര്‍ശിക്കപ്പെടാതെ പോയത്. യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ വേറിട്ട സവിശേഷത, നേരിട്ടും കത്തുകളിലൂടെയും പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മുതല്‍ കേരളത്തിന്റെ ധനമന്ത്രി പി.കെ കുഞ്ഞു സാഹിബ് വരെയുള്ളവരുമായി നടത്തിയ ആശയവിനിമയമായിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് രാം മനോഹര്‍ ലോഹ്യയോടൊപ്പം അടിയന്തരാവസ്ഥ കാലത്ത് ദല്‍ഹി ജയിലില്‍ കഴിയേണ്ടിവന്നപ്പോഴുണ്ടായ അനുഭവം ലോഹ്യ നിര്യാതനായപ്പോള്‍ ഒരനുസ്മരണക്കുറിപ്പില്‍ യൂസുഫ് സാഹിബ് വിവരിച്ചിട്ടുണ്ട്. പൂര്‍ണ നാസ്തികനും മതേതരനുമായിരുന്ന ലോഹ്യക്ക് മുമ്പില്‍ ഇസ്‌ലാമിന്റെ ഏകദൈവവിശ്വാസവും തത്ത്വാധിഷ്ഠിത ദര്‍ശനവും അദ്ദേഹം അവതരിപ്പിച്ചു. എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ ലോഹ്യ ചോദിച്ചു: 'മൗലാനാ, താങ്കള്‍ പറഞ്ഞതൊക്കെ ശരിയാണെങ്കില്‍ ദൈവം നീതിമാനും കാരുണ്യവാനുമായിരിക്കുമല്ലോ. എങ്കില്‍ അവന്‍ എന്നെ പിടികൂടി ശിക്ഷിക്കുമോ?' മൗലാനയുടെ മറുപടി: 'ദൈവം കല്‍പിച്ചതുപോലെ ജീവിക്കുകയും അവന്‍ വിലക്കിയതൊക്കെ വര്‍ജിക്കുകയും ചെയ്യുന്നയാളെയും അതൊന്നും തീരെ ഗൗനിക്കാതെ തോന്നിയ പോലെ ജീവിച്ചയാളെയും ഒരേ രീതിയില്‍ പരിഗണിക്കുന്നത് നീതിയായിരിക്കുമോ?' ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ വിശുദ്ധ ഖുര്‍ആന്റെ ഒരു ഹിന്ദി പതിപ്പ് ലോഹ്യ മുഹമ്മദ് യൂസുഫ് സാഹിബിനോട് ആവശ്യപ്പെട്ടു. തിരിച്ചെത്തിയ ശേഷം മൗലാനാ അതദ്ദേഹത്തിന് എത്തിച്ചു കൊടുക്കുകയും ചെയ്തു. ഏറെ നാള്‍ കഴിഞ്ഞ് ലോഹ്യയെ വീണ്ടും കാണാനിടയായപ്പോള്‍ അദ്ദേഹം പറഞ്ഞു: 'മൗലാനാ, വളരെ കഷ്ടമായിപ്പോയി. ആ ഖുര്‍ആന്‍ പരിഭാഷ ആരോ അടിച്ചുമാറ്റിക്കളഞ്ഞു.' ഉടന്‍ മൗലാനയുടെ പ്രതികരണം: 'സാരമില്ല. വിശുദ്ധ ഗ്രന്ഥം അപഹരിച്ചാലും നന്നാവുകയേ ചെയ്യൂ. ചീത്തയാവില്ല.' തുടര്‍ന്ന് വീണ്ടും ഒരു കോപ്പി എത്തിക്കാന്‍ കഴിയുന്നതിന് മുമ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായനായിരുന്ന രാം മനോഹര്‍ ലോഹ്യ ഈ ലോകത്തോട് വിട പറഞ്ഞിരുന്നു.
ഒ. അബ്ദുര്‍റഹ്മാന്‍ ചേന്ദമംഗല്ലൂര്‍
2845-ാം ലക്കത്തില്‍ ലൈക് പേജില്‍ മജീദ് കുട്ടമ്പൂര്‍ എഴുതിയ 'സുപ്രയില്‍ നിന്ന് ബുഫെയിലേക്ക്' ഏറെ ചിന്തനീയം തന്നെ. വിവാഹവേദികളിലെ ഭക്ഷണ ശീലങ്ങള്‍ ആര്‍ഭാടവും ജാട നിറഞ്ഞതുമായിത്തീര്‍ന്നിരിക്കുന്നു. ഒട്ടും ആതിഥേയ മര്യാദയില്ലാത്ത വിവാഹ സല്‍ക്കാരങ്ങളില്‍ വിഭവങ്ങള്‍ എത്ര സമൃദ്ധമായിട്ടെന്തു കാര്യം.
കണിയാപുരം നാസറുദ്ദീന്‍
മാറിമാറി വരുന്ന സര്‍ക്കാറുകള്‍ ഒട്ടനവധി ചെറുകിട ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കാറുണ്ട്. അവക്ക് വകയിരുത്തിയ ഫണ്ടും പത്രമാധ്യമങ്ങളില്‍ പരസ്യപ്പെടുത്താറുമുണ്ട്. പക്ഷേ, സര്‍ക്കാറിന്റെ കാലാവധി കഴിയുമ്പോള്‍ അതില്‍ എത്ര പദ്ധതികള്‍ നടപ്പാക്കിയെന്ന് ആരും അന്വേഷിക്കാറില്ല. വകയിരുത്തിയ ഫണ്ടിനോടൊപ്പം പല പദ്ധതികളും ജനമനസ്സില്‍ നിന്ന് അപ്രത്യക്ഷമാവുന്നു. പുതിയ പദ്ധതി പ്രഖ്യാപനങ്ങളുമായി വരുന്ന പുതിയ സര്‍ക്കാറിന്റെ പരസ്യങ്ങളിലേക്ക് ജനശ്രദ്ധയും മാധ്യമ പരിഗണനയും വഴിമാറുകയും ചെയ്യുന്നു. അന്വേഷണാത്മക പത്രപ്രവര്‍ത്തകരാരെങ്കിലും ഇത്തരം പദ്ധതികളുടെ പിന്നാമ്പുറം ചികയുകയാണെങ്കില്‍ അഞ്ചു വര്‍ഷം കൊണ്ട് മുക്കിയ കോടികളുടെ ഞെട്ടിക്കുന്ന കണക്ക് അറിയാനാകുമായിരുന്നു.
എന്‍.കെ ബുഷ്‌റ ചെറുപുത്തൂര്‍
Comments