Prabodhanm Weekly

Pages

Search

2014 ഏപ്രില്‍ 25

കറാമത്തും യാദൃഛികതകളും

ടി.കെ അബ്ദുല്ല /സദ്‌റുദ്ദീന്‍ വാഴക്കാട് /നടന്നു തീരാത്ത വഴികളില്‍ 39

         അല്ലാഹുവിന്റെ ഔലിയാക്കളുടെ കറാമത്തുകളുമായി ബന്ധപ്പെട്ട് ഏതാനും അനുഭവങ്ങളും നിരീക്ഷണങ്ങളും വായനക്കാരുമായി പങ്കുവെക്കുകയാണിവിടെ. അതിനു ആമുഖമായി ചെറിയൊരു താത്വിക വിശദീകരണം ആവശ്യമാണെന്ന് തോന്നുന്നു.

മനുഷ്യരില്‍ നിന്ന് സവിശേഷം തെരഞ്ഞെടുത്ത് നിയോഗിക്കുന്ന അമ്പിയാമുര്‍സലുകള്‍ (പ്രവാചകന്മാര്‍) മുഖേന അല്ലാഹു വെളിപ്പെടുത്തുന്ന അമാനുഷ സിദ്ധികള്‍ക്കും അത്ഭുത ദൃഷ്ടാന്തങ്ങള്‍ക്കും ദീനിന്റെ ഭാഷയില്‍ 'മുഅ്ജിസത്ത്' എന്ന് പറയുന്നു. പ്രവാചക ദൗത്യത്തിന്റെ വിശ്വാസ്യത ഉറപ്പ് വരുത്തുകയും 'വഹ്‌യ്' എന്ന ദിവ്യബോധനത്തിന്റെ സാധുത ബോധ്യപ്പെടുത്തുകയുമാണ് മുഅ്ജിസത്ത് കൊണ്ട് സാക്ഷാല്‍ക്കരിക്കപ്പെടുന്നത്. ഇസ്‌ലാമിക വിശ്വാസ സംഹിതയുടെ അവശ്യഘടകമാണ് മുഅ്ജിസത്ത്.

മഹാപ്രളയത്തില്‍ വിശ്വാസികളെ രക്ഷപ്പെടുത്തിയ നൂഹ് നബിയുടെ പെട്ടകം, അഗ്നികുണ്ഡം ഇബ്രാഹീം നബിക്ക് ശൈത്യവും ശാന്തിയുമായി മാറിയത്, മൂസാ നബിയുടെ അത്ഭുതവടി, മണ്‍പ്രതിമകളില്‍ ഈസാ നബി ജീവനൂതിയത്- ഇങ്ങനെ പ്രവാചകന്മാരുടെ മുഅ്ജിസാത്തിനു ഉദാഹരണങ്ങള്‍ സുലഭം. അന്ത്യപ്രവാചകരിലൂടെ എത്രയോ അമാനുഷികതകള്‍ വെളിപ്പെടുത്തിയെങ്കിലും തിരുമേനിയുടെ ഏറ്റവും വലിയ മുഅ്ജിസത്തായി അല്ലാഹു ഉയര്‍ത്തിക്കാട്ടിയത് വിശുദ്ധ ഖുര്‍ആന്‍ തന്നെയാണ് (ഖുര്‍ആന്റെ അമാനുഷികത വിശദീകരിക്കാന്‍ ഇവിടെ പരിമിതികളുണ്ട്).

അല്ലാഹുവിന്റെ ഔലിയാക്കള്‍ക്ക് ഇല്‍ഹാമും കറാമത്തും ഉണ്ടാകാം എന്നതും ഇസ്‌ലാമിക വിശ്വാസത്തിന്റെ ഭാഗമാണ്. എന്നാല്‍ ഇത് പ്രവാചകന്മാര്‍ക്കുള്ള വഹ്‌യിന്റെയും മുഅ്ജിസാത്തിന്റെയും പദവിയില്‍ ഉള്ളതല്ല. ദൈവികമായ വെളിപാടുകളാണ് ഇല്‍ഹാം എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. ഔലിയാക്കള്‍ക്കുള്ള ആദരവിന്റെയും അംഗീകാരത്തിന്റെയും അടയാളമാണ് കറാമത്ത്. ദൈവിക മാര്‍ഗത്തില്‍ അവരുടെ ത്യാഗങ്ങളെയും സേവനങ്ങളെയും അത് അടയാളപ്പെടുത്തുന്നു.

എന്നാല്‍ വലിയ്യിന്റെ ഇല്‍ഹാമും കറാമത്തും ദീനിന്റെ വിധിവിലക്കുകള്‍ തീരുമാനിക്കുന്ന പ്രമാണങ്ങളല്ല. ശരീഅത്തിന്റെ നിയമ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമോ ദീനിന്റെ അന്തസ്സത്തക്ക് നിരക്കാത്തതോ ആയ 'ഇല്‍ഹാമും കറാമത്തും' ആരില്‍ നിന്ന് പ്രകടമായാലും തള്ളിക്കളയേണ്ടതാണ്. കാരണം അബദ്ധങ്ങളില്‍ നിന്നുള്ള സുരക്ഷ (ഇസ്മത്ത്) എന്ന സവിശേഷമായ കാവല്‍ പ്രവാചകന്മാര്‍ക്ക് മാത്രം അവകാശപ്പെട്ടതാകുന്നു. മനുഷ്യന്റെ മനോവ്യാപാരങ്ങളില്‍ പൈശാചിക ദുര്‍ബോധനകളുടെ ഇടപെടലില്‍ നിന്നുള്ള കാവലും തിരുത്തലും പ്രവാചകന്മാര്‍ക്കു മാത്രമേ അല്ലാഹു ഉറപ്പ് വരുത്തിയിട്ടുള്ളൂ (സൂറ: അല്‍ഹജ്ജ് 52).

ആരാണ് ഔലിയാക്കള്‍ എന്നതും പ്രശ്‌നമാണ്. ക്രിസ്തീയ പൗരോഹിത്യത്തിലെ 'വാഴ്ത്തപ്പെട്ടവര്‍' പോലൊരു സംവിധാനം ഇസ്‌ലാമില്‍ ഇല്ല. പ്രവാചക നിയോഗം പോലെ ഒരു പ്രഖ്യാപിത നിയോഗമല്ല ഔലിയാപ്പട്ടം. സ്വന്തം ആത്മീയ വളര്‍ച്ചയിലൂടെയും ദൈവമാര്‍ഗത്തിലെ ബലിദാനങ്ങളിലൂടെയും സച്ചരിതരായ സത്യവിശ്വാസികള്‍ക്കു ലഭ്യമാകാവുന്ന അനുഗ്രഹവും അംഗീകാരവുമാണത്. അല്ലാഹുവിന്റെ ഔലിയാക്കള്‍ക്ക് ഖുര്‍ആനില്‍ നല്‍കപ്പെട്ട വിശേഷണം 'ഭയമോ ദുഃഖമോ ഇല്ലാത്തവര്‍' എന്നാണ് (10:62). ഇതേ വിശേഷണമാണ് ദൈവിക ഹിദായത്ത്(സന്മാര്‍ഗം) പിന്തുടരുന്ന എല്ലാ സത്യവിശ്വാസികള്‍ക്കും അല്ലാഹു നല്‍കിയിരിക്കുന്നത് (2:38). വിശ്വാസ-കര്‍മങ്ങളിലെ ഗുണനിലവാര വ്യത്യാസം പോലെ വിലായത്ത് പദവിയിലും നിലവാര വ്യത്യാസം ഉണ്ടാകാവുന്നതാണ്.

എന്നാല്‍ ഇപ്പറഞ്ഞതില്‍ നിന്നെല്ലാം വളരെ ഭിന്നമായ വിശ്വാസങ്ങളും ധാരണകളുമാണ് ഔലിയാ പ്രശ്‌നത്തില്‍ പാരമ്പര്യ മുസ്‌ലിം സമുദായം വെച്ചുപുലര്‍ത്തുന്നത് എന്ന് സമ്മതിക്കലാണ് ശരി. വിലായത്ത് പദവിയില്‍ പ്രഥമസ്ഥാനീയരായ പ്രവാചക ശിഷ്യന്മാര്‍ (സ്വഹാബത്ത്) സമുദായത്തില്‍ ഔലിയാക്കളെന്ന് അറിയപ്പെടുന്നില്ല. ബദ്‌രീങ്ങളും ഉഹ്ദീങ്ങളും ശുഹദാക്കളാണ്. സമുദായ ഭാഷയില്‍ ഔലിയാക്കളല്ല. പൂര്‍വ സൂരികളായ മുജദ്ദിദുകളും മുജ്തഹിദുകളും മുഫസ്സിറുകളും മുഹദ്ദിസുകളും ഫുഖഹാക്കളും സര്‍വ്വാദരണീയരായ ഇമാമുകള്‍ ആണെങ്കിലും ഔലിയാക്കളെന്ന് വിളിക്കപ്പെടുന്നില്ല. അതേ സമയം മുഹ്‌യിദ്ദീന്‍ ശൈഖും രിഫായി ശൈഖും മുതല്‍ അജ്മീര്‍ ശൈഖും മമ്പുറത്തെ തങ്ങളും പോലുള്ളവര്‍ ഔലിയാക്കളാണ്. ഇ.കെ.യും എ.പിയും ഓരോ സുന്നികളില്‍ ഉസ്താദുമാര്‍ എന്നല്ലാതെ ഔലിയാക്കളെന്നറിയപ്പെടുന്നില്ല. എന്നാല്‍ സി.എം ഔലിയയും ചെറുവണ്ണൂര്‍ ഔലിയയും ലക്ഷണമൊത്ത ഔലിയാക്കളാണ്! അപ്പോള്‍ ആരാണ് ഔലിയാക്കള്‍?

സുന്നി-തബ്‌ലീഗ്- ത്വരീഖത്ത് വൃത്തങ്ങളിലാണ് വിലായത്തും കറാമത്തും കൊടികുത്തി വാഴുന്നത്. ആണ്ട്-നേര്‍ച്ച- ഉറൂസാദികള്‍ അതിന്റെ ജനകീയ പ്രകടനങ്ങളാണ്. ആരാണ് ഔലിയാക്കളെന്ന പ്രശ്‌നോത്തരിയില്‍ സമുദായ മനസ്സിലുയരുന്ന ലളിത യുക്തി കൗതുകകരവും സഹതാപാര്‍ഹവുമാണ്. ആത്മീയ പരിവേഷമുള്ള പ്രാകൃത വേഷധാരികള്‍, പരസ്പര ബന്ധമില്ലാതെ അതുമിതും പറയുന്ന അരക്കിറുക്കന്മാരെപ്പോലുള്ള, ആളുകള്‍ കാണെ നോമ്പും നിസ്‌കാരവും ഇല്ലാത്തവര്‍, നാട്ടിലിരിക്കുമ്പോഴും മക്കത്ത്‌പോയി ഹജ്ജ് ചെയ്യുന്നോര്‍, നാവിനു നഞ്ഞുള്ളോര്‍, അവരെപ്പേടിച്ചാരും മറുവാക്ക് പറയാത്തവര്‍, ജാറങ്ങളില്‍ ഖബറിടങ്ങള്‍ രണ്ടടി, നാലടിപൊക്കിക്കെട്ടിയോര്‍,ഖബറിടങ്ങള്‍ സ്വയം നീളുന്നോര്‍...ഇങ്ങനെയൊക്കെയാണ് സമുദായ മനസ്സില്‍ ഇടം പിടിച്ച ഔലിയാവേഷങ്ങള്‍. വെള്ളത്തിലൊഴുകി വന്ന അജ്ഞാത ജഡങ്ങള്‍വരെ ഔലിയാക്കളായി വാഴ്ത്തപ്പെടുന്നത് അപൂര്‍വ്വമല്ല. ഇതിന്റെയൊക്കെ പിന്നിലെ വമ്പിച്ച മുതലെടുപ്പും മൂലധന ശക്തികളും തിരിച്ചറിയപ്പെടാതെ പോകുന്നു. അത്രക്ക് ശുദ്ധത്മാക്കളും പാവത്താന്മാരുമാണ് നമ്മുടെ സാമാന്യജനം!

ഗുണനിലവാരമുള്ള ഏത് വസ്തുവിനും ഡ്യൂപ്ലിക്കേറ്റുകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. ദൈവത്തിനു കപട ദൈവങ്ങളും പ്രവാചകനു കള്ളപ്രവാചകരുമെന്നപോലെ ഔലിയാക്കള്‍ക്കും നിരവധി അപരന്മാരുണ്ട്. ഡ്യൂപ്ലിക്കേറ്റ് കറാമത്തുകള്‍കൊണ്ട് ആത്മീയച്ചന്ത വീര്‍പ്പ് മുട്ടുമ്പോള്‍ എന്താണ്, എവിടെയാണ് തിരിച്ചറിയലിന്റെ ചൂണ്ടുപലകയെന്ന ചോദ്യം തികച്ചും പ്രസക്തമാണ്. ലോല സൂക്ഷ്മമായ അതിര്‍ത്തി രേഖകളിലെ ചുഴികളിലും ചതിക്കുഴികളിലും ഒരുവിധപ്പെട്ടവരൊക്കെ വീണുപോകുന്നുവെന്ന അനുഭവയാഥാര്‍ഥ്യം സമ്മതിക്കാതെ വയ്യ. ഒറിജിനലിനെ വെല്ലും വ്യാജന്മാര്‍ അങ്ങാടി അടക്കിവാഴുമ്പോള്‍, മുക്കുപണ്ടത്തിലും കള്ളനോട്ടിലും സായൂജ്യം കണ്ടെത്തുന്ന ആര്‍ത്തി പൂണ്ട ജനം ആത്മീയക്കച്ചവടത്തില്‍ മാത്രം തോറ്റുപോകരുതെന്ന് കിനാവ് കാണുന്നതിനര്‍ഥമില്ല. ഒരു യഥാര്‍ഥ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ രക്ഷാ കവചം തന്നില്‍ തന്നെയുണ്ട്. അവന്റെ ആദര്‍ശപരമായ വിവേകവും വിശ്വാസപരമായ ലക്ഷണജ്ഞാനവും (ഫറാസത്തുല്‍ മുഅ്മിന്‍) സ്വയം കാവലാളായി വര്‍ത്തിച്ചു കൊള്ളും. അതിലുപരി അല്ലാഹുവിന്റെ കാവലും.

മറ്റൊരു ബാഹ്യലക്ഷണവും ജ്ഞാനികള്‍ പറഞ്ഞിട്ടുണ്ട്. പണക്കൊതിയും അനുബന്ധ കാമനകളും കറാമത്തിനു അകമ്പടിയുണ്ടെങ്കില്‍ ഉറപ്പിച്ചുകൊള്ളുക, അവന്‍ താന്‍ വ്യാജന്‍! ഇമാം ഗസ്സാലി ഉണര്‍ത്തിയത് പോലെ, ഒരുവന്റെ കീറിത്തുന്നിയ കുപ്പായമോ മുട്ടോളം പൊക്കിയുടുത്ത മുണ്ടോ നെറ്റിത്തടത്തിലെ നിസ്‌കാരത്തഴമ്പോ കണ്ട് തോറ്റുപോകണ്ട. ആള് പണക്കിലുക്കത്തില്‍ വീണുപോകുന്നുണ്ടോ എന്ന് നോക്കിയാല്‍ മതി. ഏതെങ്കിലുമൊരു 'ഔലിയാ' തന്റെ 'കറാമത്ത്' സ്വന്തം കഴിവുകൊണ്ടാണെന്ന് വാദിക്കുന്നുവെങ്കില്‍- അഥവാ അങ്ങനെ വിശ്വസിക്കുന്ന ഭക്തജനത്തിന്റെ തെറ്റ് തിരുത്തുന്നില്ലെങ്കില്‍- വ്യാജസിദ്ധനാണെന്നതിനു തെളിവായി അതുതന്നെ ധാരാളം മതി. മാത്രമല്ല, ദൈവത്തിന്റെ കഴിവ് സ്വയം അവകാശപ്പെട്ടതുകൊണ്ട് അയാള്‍ കപട ദിവ്യത്വവാദിയുമാണ്.

യാദൃഛികതകളുമായി ബന്ധപ്പെട്ടതാണ് മറ്റൊരു പ്രശ്‌നം.

നമ്മുടെ സങ്കീര്‍ണമായ ജീവിത വഴികളില്‍ ചില ഒറ്റപ്പെട്ട അപൂര്‍വതകളും അസ്വാഭാവികമായ യാദൃഛികതകളും സംഭവിക്കാറുണ്ട്. ഭൗതികന്മാര്‍ അതൊക്കെ പ്രകൃതിയുടെ വികൃതികളായി തള്ളുമ്പോള്‍ വിശ്വാസികള്‍ അതിലൊക്കെ ദൈവ വിധി കണ്ടത്തുന്നു. സംഭവം ശുഭകരമാണെങ്കില്‍ അല്ലാഹുവിന്റെ അനുഗ്രഹമായും കാണുന്നു. സംഭവത്തെ കറാമത്തുമായി കണ്ണിചേര്‍ക്കുന്നവരും അപൂര്‍വ്വമല്ല. തനി പ്രകൃതിപരമായ സാധാരണ സംഭവങ്ങളില്‍ പോലും അത്ഭുത സിദ്ധി ആഘോഷിക്കുന്നവരാണ് സമുദായത്തിലെ മത ഭൂരിപക്ഷം. കാലാവസ്ഥാ വ്യതിയാനത്താല്‍ അപൂര്‍വമായി മാത്രം മാവ് പൂത്ത കൊല്ലം റോഡ്‌വക്കത്ത് മതസ്ഥാപനത്തിന്റെ കോമ്പൗണ്ടില്‍ മാവ് പൂത്താല്‍ കറാമത്ത്! മതപണ്ഡിതന്റെ 'ദുആ' സംഗമത്തില്‍ പങ്കെടുത്ത പെണ്‍പ്രജകളില്‍ ഒരു ഗര്‍ഭിണിക്ക് സുഖപ്രസവമായാല്‍ അതും കറാമത്ത്! ഗള്‍ഫില്‍ പോയ മകനോ ഭര്‍ത്താവോ തടി സലാമത്തായി തിരിച്ചുവന്നാല്‍ അത് 'തങ്ങളുപ്പാപ്പാടെ ബര്‍ക്കത്ത് കൊണ്ട്'! ഇതിനെല്ലാം അകമ്പടിയും മേമ്പൊടിയുമായി പണവും പാരിതോഷികങ്ങളും!! ഇതൊക്കെയാണ് സമുദായത്തിന്റെ പൊതു സ്ഥിതി. ദൈവമാര്‍ഗത്തില്‍ പീഡാനുഭവങ്ങള്‍ ഏറ്റുവാങ്ങി ജീവത്യാഗം വരിച്ച ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും അല്ലാഹുവിങ്കല്‍ നിന്നുള്ള അമാനുഷികമായ കാവലും പിന്തുണയും ഒരിക്കലും അവിശ്വസിച്ച് തള്ളാവുന്നതല്ല. (ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ ഹുഡിന്റെ 80 വര്‍ഷത്തെ ചോരകൊണ്ടെഴുതിയ ചരിത്രത്തില്‍ ഇത്തരത്തിലുള്ള ഒട്ടേറെ അത്ഭുത സംഭവങ്ങള്‍ കുറിച്ചിടപ്പെട്ടിട്ടുണ്ട്. അവയൊക്കെ പുസ്തക പരമ്പരകളായി അച്ചടിച്ചു വന്നിട്ടുമുണ്ട്.)

ഇനിയങ്ങോട്ട് പങ്ക്‌വെക്കാനുള്ളത് ഓര്‍മയുടെ ഇത്തിരി വെട്ടങ്ങളാണ്. എന്റെ അറിവിലും അനുഭവത്തിലും പെട്ട ഏതാനും കൊച്ചുസംഭവകഥകള്‍. അതിനോടുള്ള പ്രതികരണം വായനക്കാര്‍ക്ക് വിട്ടുനല്‍കുന്നു. 

* വടകര താലൂക്കിലെ അറിയപ്പെടുന്ന ഭൂപ്രഭുവും നാട്ടുകാരണവരുമായിരുന്നു വാണിമേല്‍ പണിക്കര്‍ വീട്ടില്‍ (പി.വി) കുഞ്ഞമ്മദ് ഹാജി. കൃഷികാര്യങ്ങള്‍ക്കും മരത്തടിക്കച്ചവടാര്‍ഥവും അദ്ദേഹത്തിനു പലപ്പോഴും വയനാടന്‍ മലവാരങ്ങളില്‍ പോകേണ്ടിവരാറുണ്ട്. മതവിശ്വാസപരമായി ഹാജി സാഹിബ് മുജാഹിദും ജമാഅത്തുമാണ്. മാരണം, മന്ത്രവാദം, ഉറുക്ക്, ഏലസ്സാദികളിലൊന്നും വിശ്വാസമില്ല. മലയോരങ്ങളിലെ ആദിവാസികള്‍ക്കും മറ്റും അദ്ദേഹത്തോട് വലിയ ഭക്തിബഹുമാനമാണ്. ഒരിക്കല്‍ ഒരു ആദിവാസി പണിക്കന്‍ ഹാജിയാര്‍ തമ്പ്രാന്റെ സമക്ഷത്തില്‍ വലിയൊരു സങ്കടവുമായി വന്നു. തന്റെ എല്ലാമായ രണ്ട് ഉഴുത്തുകാള കാട്ടില്‍ കാണാതായിരിക്കുന്നു. അടിയന്റെ ജീവിതം തന്നെ ആ കാള ജോഡിയാണ്. അവിടുന്ന് വല്ലതുമൊരു വഴി കാണിച്ചു തരണമെന്ന് ആദിവാസി കാല്‍ക്കല്‍ വീണ് സങ്കടപ്പെട്ടു. ഹാജിസാഹിബ് അമ്പരന്നുപോയി. ഈ പാവം പണിക്കനെ എങ്ങനെ കൈകാര്യം ചെയ്യും! ഞാനെന്തറിഞ്ഞു കാളപോയ വഴികള്‍! എന്നാലും ഇവനെ സമാധാനിപ്പിക്കാതെ വയ്യ. കുഞ്ഞമ്മദ് ഹാജി കാട്ടിലോട്ട് കയറി പ്രത്യേകം തെരഞ്ഞ് കണ്ടെത്തിയ പോലെ ഏതോ ഒരു മരക്കമ്പ് ഒടിച്ചെടുത്തു. അതിന്മേല്‍ എന്തോ മന്ത്രിച്ചു. ഈ പച്ചമരക്കമ്പ് കൈയില്‍ മുറുക്കിപ്പിടിച്ച്, കാളപോയെന്ന് സംശയിക്കുന്ന വഴിയിലൂടെ നേരെ മുന്നോട്ട് നടക്കണം. ഇടംവലം തിരിഞ്ഞുനോക്കരുത്. പടച്ചതമ്പുരാന്റെ കൃപകൊണ്ട് കാളവരുന്നത് കണ്ടാല്‍ കണ്ടിടത്ത് നില്‍ക്കണം. ആദിവാസി, ഭയഭക്തിയോടെ മരക്കമ്പ് വാങ്ങി വണങ്ങി, പറഞ്ഞ പ്രകാരം മുന്നോട്ട് വച്ചുപിടിച്ചു. കുറെ ദൂരം പോയപ്പോള്‍ അതാ വരുന്നു കാളക്കൂറ്റന്മാര്‍! കൊണിച്ചും തലകുലുക്കിയും യജമാനനെ കണ്ട സന്തോഷത്തില്‍ അവര്‍ ഓടിയടുത്തു. കാളകളെ തടവിയും തലോടിയും 'യജമാനന്‍' ഹാജിയാരുടെ മുന്നില്‍ കൊണ്ടുവന്ന് സമര്‍പ്പിച്ചു. കുഞ്ഞമ്മദ് ഹാജിയുടെ കഠിന നിര്‍ബന്ധം കൊണ്ടാണ് പാവം ആദിവാസി കാളകളെയും കൂട്ടി സ്വന്തം 'കൊട്ടാര'ത്തിലേക്ക് മടങ്ങിയത്. പിറ്റേന്ന് ഒരു 'കുരിയല്‍' നിറയെ പഞ്ചസാരപ്പൊതിയുമായി ആദിവാസി ഹാജി സാഹിബിന്റെ മുമ്പില്‍ വണങ്ങിനിന്നു. ആദര്‍ശം പറഞ്ഞ് ആ പാരിതോഷികമെങ്ങാനും നിരസിച്ചിരുന്നുവെങ്കില്‍ ആ പാവം ആദിവാസി അവിടെ കിടന്ന് 'ചത്തു'കളയുമായിരുന്നു (കുഞ്ഞമ്മദ് ഹാജി നേരില്‍ പറഞ്ഞ കഥ).

* കോഴിക്കോട് ജില്ലയില്‍ പേരാമ്പ്രക്കടുത്ത് മുയിപ്പോത്ത് പ്രദേശത്ത് ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു പ്രഭാഷണ പരിപാടി നടക്കുന്നു. സുന്നി ഭൂരിപക്ഷ മഹല്ലായ മുയിപ്പോത്ത് ജമാഅത്തിനെ ഗുരുതരമായി തെറ്റിദ്ധരിപ്പിക്കും വിധം സുന്നി പണ്ഡിതന്മാരുടെ 'വഅദ്' പരമ്പര നടന്നിരുന്നു. ഒരു ദിവസത്തെ മറുപടി പ്രസംഗം അത്യാവശ്യമെന്ന് സ്ഥലത്തെ പ്രവര്‍ത്തകരും വി. അബ്ദുല്ലമൗലവിയും താല്‍പര്യപ്പെട്ടത് പ്രകാരമാണ് പരിപാടി. പ്രസംഗകര്‍ ഞാനും കെ.എന്‍ അബുദുല്ല മൗലവിയും. എന്റെ പ്രസംഗം ആരംഭിക്കുകയായി. ഒഴുക്കന്‍ മട്ടിലുള്ള പ്രസംഗമല്ല. തെളിവുകളും പ്രമാണങ്ങളും ഉദ്ധരിച്ചുള്ള മറുപടി പ്രസംഗംതന്നെ. പ്രസ്ഥാന ബന്ധുക്കളും നിഷ്പക്ഷമതികളും സ്റ്റേജിനു മുന്നില്‍ സ്ഥലം പിടിച്ചിരിക്കുന്നു. എന്നാല്‍ അകന്നു മാറി, അവിടെയും ഇവിടെയുമായി കൊച്ചുകൊച്ചു ആള്‍ക്കൂട്ടങ്ങള്‍ നില്‍ക്കുന്നത് കാണാം. അവരുടെ ഹാവഭാവങ്ങള്‍ സൂചിപ്പിക്കുന്നത് നല്ല ലക്ഷണമല്ല. കൂട്ടംകൂടി നില്‍ക്കുന്നവരുടെ 'നിയ്യത്ത്' നല്ലതല്ലെന്നത് കട്ടായം. അന്തരീക്ഷത്തില്‍ എന്തോ ഒരു ദുരൂഹത. എന്തോ സംഭവിച്ചേക്കാമെന്ന ഒരു തോന്നല്‍. ഒരു ചാറ്റല്‍ മഴ അതിനു പശിമ പകര്‍ന്നു. പ്രസംഗം ആരംഭിച്ചുകഴിഞ്ഞെങ്കിലും ഉള്ളകം പുകയുന്നു. അതിനിടയിലിതാ നടന്നു വരുന്നു, റോഡിലൂടെ ചെറുവണ്ണൂര്‍ ഔലിയയും സംഘവും! ഔലിയാ അവര്‍കളെ കണ്ടതും കൂട്ടം കൂടി നിന്നവര്‍ അങ്ങോട്ട് നീങ്ങി തുടങ്ങി. പിന്നീട് കേട്ടറിഞ്ഞപ്രകാരം, ചുറ്റും കൂടിനിന്ന ഭക്ത ജനങ്ങളില്‍ നിന്ന് ഔലിയാവിനോട് അന്വേഷണം വന്നുവത്രെ: 'ഇവിടെ നടക്കുന്നത്, നമ്മള്‍ സുന്നികള്‍ക്കെതിരെ ജമാഅത്തുകാരുടെ പ്രസംഗമാണ്. ഞങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്ന്. തങ്ങളവര്‍കള്‍ കല്‍പിച്ചാലും'. ചോദിച്ചതിനല്ലല്ലോ ഔലിയാക്കള്‍ ഉത്തരം അരുളുക. അവരുടെ മൊഴിമുത്തുകള്‍ വ്യാഖ്യാനിച്ചെടുക്കേണ്ടിവരും. നമ്മുടെ ചെറുവണ്ണൂര്‍ ഔലിയാ അവര്‍കള്‍ മൊഴിഞ്ഞതിങ്ങനെ:'മഴ പെയ്യും മഴ പെയ്യും'. മഴ പെയ്യുമെന്നോ? അല്ലാഹുവിന്റെ റഹ്മത്ത് ആണല്ലോ മഴ. അപ്പോള്‍ ജമാഅത്തുകാരുടെ യോഗത്തില്‍ പടച്ച തമ്പുരാന്റെ കാരുണ്യം ഇറങ്ങുമെന്നോ? നമ്മളേതായാലും പൊല്ലാപ്പിനൊന്നും പോകണ്ട. അവന്മാര്‍ (ജമാഅത്തുകാര്‍) പറയാനുള്ളതും പറഞ്ഞ് പോയ്‌ക്കോട്ടെ'. അങ്ങനെ മലപോലെ വന്നത് മഞ്ഞുപോലെ പോയി. പരിപാടി ശാന്തമായും ഭംഗിയായും സമാപിച്ചു.

അപ്പോള്‍, ഇത് ആരുടെ കറാമത്ത്? ചെറുവണ്ണൂര്‍ ഔലിയ ആരുടെ ഭാഗത്ത്? ജമാഅത്തിന്റെയോ സുന്നികളുടെയോ? 

(തുടരും)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20 / ത്വാഹാ/ 71-73
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം