Prabodhanm Weekly

Pages

Search

2014 ഏപ്രില്‍ 25

പ്രവാചകാനുചരന്മാരെ കുറിച്ചൊരു പുസ്തകം

മുനീര്‍ മുഹമ്മദ് റഫീഖ് /പുസ്തകം

         വിശ്വാസികള്‍ക്ക് ഈമാനും ഇസ്‌ലാമിന്റെ പ്രായോഗികമാതൃകകളും പകര്‍ന്നു നല്‍കുന്നതാണ് പ്രവാചക ജീവിതത്തിലെ ഓരോ ഏടും. അപ്രകാരം തന്നെയാണ് പ്രവാചക സവിധത്തില്‍ നിന്ന് ഇസ്‌ലാം പഠിക്കുകയും ശീലിക്കുകയും ചെയ്ത അനുചരന്‍മാരുടെ ജീവചരിത്രവും. തിരുദൂതരുടെ മഹനീയ സാന്നിധ്യം കൊണ്ട്, ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒരു തലമുറയായി സ്വയം പരിവര്‍ത്തിതരായവരാണ് സ്വഹാബികള്‍. ഓരോ സ്വഹാബിയുടെ ജീവിതത്തിലുമുണ്ട്, സത്യ വിശ്വാസികള്‍ക്ക് പഠിക്കാനും മനസ്സിലാക്കാനും വിശ്വാസത്തെ ദൃഢപ്പെടുത്താനുമുതകുന്ന വ്യതിരിക്തമായ സംഭവങ്ങളും തീക്ഷ്ണമായ അനുഭവങ്ങളും. അവ ഹൃദ്യവും സരളവുമായ ഭാഷയില്‍ അവതരിപ്പിക്കുകയാണ് മെന്‍ എറൗണ്ട് ദ മെസന്‍ജര്‍ (Men Around the Messenger) എന്ന ഗ്രന്ഥത്തില്‍ പ്രസിദ്ധ ഈജിപ്ഷ്യന്‍ പണ്ഡിതനായ ഖാലിദ് മുഹമ്മദ് ഖാലിദ്.

നബി ജീവിതവും പ്രവാചകാനുചരന്‍മാരുടെ ജീവിതവും വ്യത്യസ്ത ആഖ്യാനത്തിലും ശൈലിയിലും വീണ്ടും വീണ്ടും പറയപ്പട്ടുകൊണ്ടിരിക്കുകയാണ്. ഇനിയുമിനിയും അവ എഴുതപ്പെട്ടുകൊണ്ടിരിക്കുക തന്നെ ചെയ്യും; പുതു ശൈലിയിലും പുതു ഭാഷകളിലും. ഒരിക്കല്‍ കേട്ടതു കൊണ്ടോ,  വായിച്ചതു കൊണ്ടോ അനുവാചകന് പുതുമ നഷ്ടപ്പെടാത്തതാണ് സ്വഹാബി ജീവിതത്തിലെ തീക്ഷ്ണാനുഭവങ്ങളുടെ ഏടുകള്‍. വിശ്വാസത്തിന്റെ ദാര്‍ഢ്യവും കര്‍മകുശലതയുടെ പ്രസരിപ്പും പ്രവാചകസ്‌നേഹത്തിന്റെ ഉയര്‍ന്ന വിതാനവും സംസ്‌കൃതചിത്തമായ ഹൃദയങ്ങളുടെ ശുദ്ധ പ്രകൃതവുമെല്ലാം ആ കഥകളില്‍ നാം അനുഭവിച്ചറിയും. 

പ്രമുഖരായ പല സ്വഹാബികളുടെയും ജീവ ചരിത്രങ്ങള്‍ ഒരോരോ പുസ്തകങ്ങളായിത്തന്നെ നമുക്ക് മുമ്പിലുണ്ട്. എന്നാല്‍ നമ്മുടെ നിത്യ ജീവിതത്തിലും ചരിത്രസ്മരണകളിലും അപൂര്‍വമായി മാത്രം കടന്നു വരുന്ന ഏറെയൊന്നും കേള്‍ക്കാത്ത കുറേ സ്വഹാബി വര്യന്‍മാരെ കൂടി പരിചയപ്പെടുത്തുന്നുണ്ട് ഈ കൃതി. പ്രമുഖരായ 64 സ്വഹാബിമാരെ ഉള്‍ക്കൊള്ളുന്ന ഒറ്റ പുസ്തകം എന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നിവരടങ്ങിയ നാലു സച്ഛരിതരായ ഖലീഫമാരുടെ ജീവ ചരിത്രം സംഗ്രഹിച്ചിരിക്കുകയാണ് ഈ പുസ്തകത്തില്‍. 'ഖുലഫാഉര്‍റാശിദുന്‍' എന്ന പേരില്‍ സ്വതന്ത്രമായി ഇറക്കിയ അറബിഗ്രന്ഥത്തിന്റെ സംഗ്രഹ വിവര്‍ത്തനമാണ് പുസ്തകത്തിലെ ആദ്യ ഭാഗം. മിസ്അബ്ബ്‌നു ഉമൈര്‍, സല്‍മാനുല്‍ ഫാരിസി, അബൂദര്‍റുല്‍ ഗിഫാരി, ബിലാലുബ്‌നു റബാഹ്, അബ്ദുല്ലാഹിബ്‌നു ഉമര്‍, സഅദ്ബ്‌നു അബീ വഖാസ്, മുആദ്ബ്‌നു ജബല്‍, മിഖ്ദാദുബ്‌നു അംറ്, സയിദുബ്‌നു ആമിര്‍, ഹംസ ബ്‌നു അബ്ദില്‍ മുത്വലിബ്, അബ്ദുല്ലാഹിബ്‌നു മസ്ഊദ് തുടങ്ങിയ സ്വഹാബികളുടെ ജീവിതം എന്നാല്‍ അല്‍പം വിശദമായിത്തന്നെ പ്രതിപാദിച്ചിട്ടുണ്ട്. ഖബ്ബാബ്ബ്‌നുല്‍ അറത്, അബൂ ഉബൈദതില്‍ ജര്‍റാഹ്, സൈദ്ബ്‌നു ഹാരിഥ, അബുദ്ദര്‍ദ്ദാഅ്, സൈദിബ്‌നു ഥാബിത്, അബ്ബാസ്ബ്‌നു അബ്ദില്‍ മുത്തലിബ്, സാബിത്ബ്‌നു ഖൈയ്‌സ്, അബ്ദുര്‍ റഹ്മാന്‍ബ്‌നു ഔഫ്, അബൂ ജാബിര്‍ അബ്ദുല്ല, ഉബയ്യിബ്‌നു കഅബ്, അംറുബ്‌നു ആസ്വ്, അബ്ദുല്ലാഹിബ്‌നു സുബൈര്‍, അബ്ദുല്ലാഹിബ്‌നു അബ്ബാസ്, അബൂ മൂസല്‍ അശ്അരി അങ്ങനെ പോകുന്ന ആ നീണ്ട നിര. 

'അര്‍രിജാലു ഹൗലര്‍റസൂല്‍' എന്ന അറബി മൂല ഗ്രന്ഥത്തിന്റെ പരിഭാഷയാണ് മെന്‍ എറൗണ്ട് ദി മെസന്‍ജര്‍ എന്ന പുസ്തകം. ഡോ. സെകമന്യ സിറാജ് അബ്ദുല്ലയും പ്രസാധകന്‍ കൂടിയായ ഹാജി. പി. കെ. കോയക്കുട്ടിയും ചേര്‍ന്നാണ് പുസ്തകം ഇംഗ്ലീഷിലേക്കു മൊഴി മാറ്റിയത്. കൊലാലംബൂരിലെ ഇസ്‌ലാമിക് ബുക് ട്രസ്റ്റാണ്  485 പേജുകളുള്ള പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.  പ്രസാധകര്‍ മുഖവുരയില്‍ സൂചിപ്പിച്ചതുപോലെ, ഈ കഥകള്‍ പ്രസിദ്ധീകരിക്കുക വഴി, വിശ്വാസത്തിന്റെ ഒരു പുതു ചക്രവാളം വിശ്വാസിയുടെ മനസ്സില്‍ തുറന്നിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20 / ത്വാഹാ/ 71-73
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം