Prabodhanm Weekly

Pages

Search

2014 ഏപ്രില്‍ 25

ഞങ്ങള്‍ പറയുന്നതാണ് സത്യം; നിങ്ങള്‍ വെളിപ്പെടുത്തുന്നതല്ല

ബഷീര്‍ തൃപ്പനച്ചി /ലൈക് പേജ്

         'ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വര്‍ഷിക്കാനുള്ള കാരണമെന്ത്?' ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഹിസ്റ്ററി ക്ലാസ്സില്‍ അധ്യാപകന്‍ ഉന്നയിച്ച ചോദ്യമാണ്. ക്ലാസ്സിലെ മിടുക്കനും ഇപ്പോള്‍ കോളേജ് അധ്യാപകനുമായ ചങ്ങാതി ചാടിയെഴുന്നേറ്റ് ചരിത്ര പാഠപുസ്തകത്തിലെ വരികള്‍ കാണാതെ ഇങ്ങനെ ഉരുവിട്ടു: ''യുദ്ധത്തില്‍ അതുവരെ നിഷ്പക്ഷത പാലിച്ചിരുന്ന അമേരിക്കയുടെ പേള്‍ ഹാര്‍ബറിലെ സൈനികത്താവളം ഒരു മുന്നറിയിപ്പുമില്ലാതെ ജപ്പാന്‍ സൈന്യം ആക്രമിച്ചതാണ് അമേരിക്കയെ യുദ്ധത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിപ്പിച്ചതും ഹിരോഷിമ-നാഗസാക്കിയില്‍ അണുബോംബ് വര്‍ഷിപ്പിക്കാന്‍ പ്രേരിപ്പിച്ചതും.'' അന്നത്തെ കൗമാര മനസ്സില്‍ അണുബോംബാക്രമണം വരുത്തിയ വിപത്തുകള്‍ ഭയാശങ്കകള്‍ സൃഷ്ടിച്ചിരുന്നുവെങ്കിലും ജപ്പാന്‍ അമേരിക്കയെ കൊണ്ട് അത് ചെയ്യിപ്പിച്ചതല്ലേ എന്ന 'പാഠപുസ്തക ന്യായത്തില്‍' അതെല്ലാം മുങ്ങിപ്പോവുകയായിരുന്നു. പ്രായത്തിനൊപ്പം വായനയും മുതിര്‍ന്നപ്പോഴാണ് ഓരോ സൈനിക ഇടപെടലിനും ഒരു ചരിത്ര ന്യായം സൃഷ്ടിച്ചെടുക്കുകയെന്നത് അമേരിക്കന്‍ യുദ്ധതന്ത്രമാണെന്നറിയുന്നത്. ജപ്പാനില്‍ നിന്ന് പേള്‍ ഹാര്‍ബര്‍ ലക്ഷ്യമിട്ട് വിമാനം ഉയര്‍ന്നുപൊങ്ങിയ നിമിഷം മുതല്‍ ജപ്പാന്റെ ഓരോ ചലനത്തെക്കുറിച്ചും അമേരിക്കക്ക് കൃത്യമായ വിവരമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയത് അമേരിക്കന്‍ സൈനിക തലപ്പത്തുണ്ടായിരുന്ന പ്രമുഖര്‍ തന്നെയാണ്. ലോക മനസ്സാക്ഷിയെ തങ്ങള്‍ക്കനുകൂലമായി ചിന്തിപ്പിക്കുന്ന ഒരു ചരിത്രകാരണത്തിന് പേള്‍ ഹാര്‍ബറില്‍ അവര്‍ അവസരം ഒരുക്കുകയായിരുന്നു.

പക്ഷേ, നമ്മുടെ മലയാളക്കരയിലടക്കമുള്ള ഔദ്യോഗിക ചരിത്രഗ്രന്ഥങ്ങളിലും പാഠപുസ്തകങ്ങളിലും രണ്ടാം ലോകയുദ്ധത്തില്‍ അമേരിക്കന്‍ ഇടപെടലിന്റെ ചരിത്ര ന്യായം ഇന്നും പഠിപ്പിക്കപ്പെടുന്നു. സ്വതന്ത്ര ഇന്ത്യയുടെ മനസ്സാക്ഷിയെ ആഴത്തില്‍ പരിക്കേല്‍പിച്ച ബാബരിധ്വംസനത്തിന്റെ പിന്നിലെ ഉന്നതതല ഗൂഢാലോചന പുറത്ത് വിട്ട കോബ്ര പോസ്റ്റ് വെബ് പോര്‍ട്ടിന്റെ വെളിപ്പെടുത്തലിനോട് ഭരണകൂടവും ഔദ്യോഗിക അന്വേഷണ ഏജന്‍സികളും മീഡിയയും സ്വീകരിച്ച സമീപനം കണ്ടപ്പോഴാണ് ഇന്നും തുടരുന്ന ഹിരോഷിമ-നാഗസാക്കികളുടെ ഔദ്യോഗിക ചരിത്ര വായനയും അതിന്റെ യഥാര്‍ഥ ചിത്രവും മനസ്സിലേക്ക് വന്നത്. പ്രമാദമായ ഗൂഢാലോചനയിലും ഓപ്പറേഷനിലും നേരിട്ട് പങ്കെടുത്തവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അതിന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ അവ സ്വീകരിക്കപ്പെടാതിരിക്കുകയും ഭരണകൂടത്തിന്റെ ഔദ്യോഗിക ഭാഷ്യങ്ങള്‍ മാത്രം ഒരേയൊരു സത്യവും വരുംതലമുറകള്‍ പോലും പഠിച്ചിരിക്കേണ്ട ചരിത്ര പാഠങ്ങളുമായി മാറുകയും ചെയ്യുന്നതെങ്ങനെയെന്നതിന് നാഗസാക്കി-ബാബരി സംഭവങ്ങള്‍ ഉത്തമോദാഹരണങ്ങളാണ്.

കര്‍സേവകരുടെ ഒരു നിമിഷത്തിലെ ആവേശത്തള്ളിച്ചയില്‍ സംഭവിച്ച ദേശീയ ദുരന്തമാണ് ബാബരിയുടെ തകര്‍ച്ചയെന്നാണ് കാലങ്ങളായി ഭരണകൂടങ്ങളും അതിന്റെ സകല ഔദ്യോഗിക ഏജന്‍സികളും നമ്മെ പഠിപ്പിച്ചുപോരുന്നത്. അങ്ങനെയൊരു 'മതേതര ദുരന്തം' സംഭവിക്കുമെന്നതിന് ഒരു നിമിഷം മുമ്പെങ്കിലും വല്ല മുന്നറിവും ഉണ്ടായിരുന്നുവെങ്കില്‍ ജീവന്‍ കൊടുത്തും ബാബരിയുടെ മിനാരങ്ങള്‍ ഞങ്ങള്‍ സംരക്ഷിക്കുമായിരുന്നുവെന്നാണ് സകല മതേതര നേതാക്കന്മാരും ആവര്‍ത്തിച്ചുരുവിട്ടിരുന്നത്. ഈ മതേതര വര്‍ത്തമാനങ്ങളെല്ലാം കപട നാട്യങ്ങളായിരുന്നുവെന്ന വെളിപ്പെടുത്തലുകള്‍ കൂടിയാണ് കോബ്ര പോസ്റ്റ് തുറന്നു കാട്ടുന്നത്. മാസങ്ങള്‍ക്ക് മുമ്പേ കൃത്യമായി നടത്തിയ മുന്നൊരുക്കങ്ങളുടെയും ആസൂത്രണത്തിന്റെയും ഭാഗമായാണ് ബാബരി മസ്ജിദ് പൊളിച്ചതെന്നും ബി.ജെ.പിയുടെയും കോണ്‍ഗ്രസ്സിന്റെയും ദേശീയ നേതൃത്വത്തിനു വരെ ഈ വിവരം നേരത്തേ അറിയാമായിരുന്നുവെന്നും വെബ് പോര്‍ട്ടിലെ മൊഴികള്‍ സാക്ഷ്യപ്പെടുത്തുന്നു. കര്‍സേവയില്‍ നേരിട്ട് നേതൃപരമായി ഇടപെടുകയും അതിനുള്ള മുന്നൊരുക്കങ്ങളിലും ഗൂഢാലോചനകളിലും സജീവമായി പങ്കെടുക്കുകയും ചെയ്ത 23 പ്രമുഖരുടെ ദൃശ്യമൊഴികളാണ് കോബ്ര പോസ്റ്റ് പുറത്ത് വിട്ടിരിക്കുന്നത്. അവരില്‍ പലരും മുന്‍മന്ത്രിമാരും എം.പിമാരും എം.എല്‍.എമാരും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമാണ്.

പക്ഷേ, ഈ മൊഴികളുടെ നേര്‍സാക്ഷ്യങ്ങളൊന്നും തെളിവായി സ്വീകരിക്കാന്‍ പറ്റില്ലെന്നാണ് ബാബരി കേസ് അന്വേഷണം പൂര്‍ത്തിയാക്കിയ(?!) സി.ബി.ഐ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. തങ്ങള്‍ കണ്ടെത്തുന്നത് മാത്രമാണ് ഔദ്യോഗിക 'സത്യങ്ങളും' ശരികളെന്നുമാണ് അപ്പറഞ്ഞതിന്റെ മറുഭാഷ്യം. അല്ലാത്തവയെല്ലാം ആര് വെളിപ്പെടുത്തിയാലും അനൗദ്യോഗിക വര്‍ത്തമാനങ്ങള്‍ മാത്രം. അവക്ക് ഒരു ദിവസത്തെ വാര്‍ത്താ പ്രാധാന്യത്തിലപ്പുറം ചരിത്രത്തിലോ വര്‍ത്തമാനത്തിലോ സ്ഥാനമില്ല. ഇത് ലോകചരിത്രം നല്‍കുന്ന പാഠം കൂടിയാണ്. അല്ലെങ്കിലും മതേതര ഇന്ത്യയുടെ പൊതു മനസ്സാക്ഷിയെ തൃപ്തിപ്പെടുത്തുന്നതും ലോകജനതക്ക് മുമ്പില്‍ അതിന്റെ യശസ്സ് ഉയര്‍ത്തുന്നതും ബാബരി തകര്‍ച്ചയെക്കുറിച്ചുള്ള ഔദ്യോഗിക ചരിത്ര ഭാഷ്യമാണല്ലോ. 'ഒരു നിമിഷത്തിന്റെ മാനസിക ദൗര്‍ബല്യത്തില്‍ ഏതാനും പേര്‍ക്ക് സംഭവിച്ച അബദ്ധമായിരുന്നു ബാബരി പതനത്തിന് ഇടവെച്ചതെ'ന്ന് നാളത്തെ ചരിത്ര പാഠപുസ്തകത്തില്‍ കുട്ടികള്‍ പഠിക്കുമ്പോഴല്ലേ നമ്മുടെ മതേതരത്വത്തിന് രോമാഞ്ചം ഉണ്ടാവുകയുള്ളൂ. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20 / ത്വാഹാ/ 71-73
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം