Prabodhanm Weekly

Pages

Search

2014 ഏപ്രില്‍ 25

തുര്‍ക്കി പ്രാദേശിക തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സന്ദേശം

ഫഹ്മീ ഹുവൈദി /വിശകലനം

         കഴിഞ്ഞ മാര്‍ച്ച് 30-ന് നടന്ന തുര്‍ക്കി പ്രാദേശിക തെരഞ്ഞെടുപ്പും ഫലവും പ്രത്യേക വിശകലനമര്‍ഹിക്കുന്നു. പ്രാദേശിക ഭരണ കൗണ്‍സിലുകളിലേക്കുള്ള ഇലക്ഷനായിരുന്നെങ്കിലും ഭരണകക്ഷിയായ എ.കെ പാര്‍ട്ടിയുടെ ജനകീയത അളക്കുന്ന തെരഞ്ഞെടുപ്പായാണ് വിലയിരുത്തപ്പെട്ടത്.  അതോടൊപ്പം, പരാജയപ്പെട്ടാല്‍ രാജിവെക്കുമെന്നും രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ച പ്രധാനമന്ത്രി ഉര്‍ദുഗാന് ഇത് വിധിനിര്‍ണായകവുമായിരുന്നു. 12 വര്‍ഷമായി തുര്‍ക്കി ഭരിക്കുന്നത് തുര്‍ക്കി ഭാഷയില്‍ എ.കെ പാര്‍ട്ടി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിയാണ്. വരുന്ന ആഗസ്റ്റിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ എ.കെ പാര്‍ട്ടിക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. അതുകൂടി ജയിക്കാനായാല്‍ അടുത്ത വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പിനെ അവര്‍ക്ക് ധൈര്യമായി നേരിടാം. ഈ മൂന്ന് ഘട്ടങ്ങളും പിന്നിടുന്നതോടെ (നഗരസഭ, പ്രസിഡന്റ്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍) 2023 വരെ തുര്‍ക്കിയെ ഭരിക്കുക എന്ന ഉര്‍ദുഗാന്റെയും പാര്‍ട്ടിയുടെയും സ്വപ്‌നമാണ് യാഥാര്‍ഥ്യമാവാന്‍ പോവുന്നത്. തുര്‍ക്കി റിപ്പബ്ലിക് 100 വര്‍ഷം തികക്കുന്ന വര്‍ഷം എന്നതാണ് 2023 എന്ന വര്‍ഷത്തിന്റെ പ്രാധാന്യം. ചില വമ്പന്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ഉര്‍ദുഗാന്‍ നിശ്ചയിച്ച കാലാവധി കൂടിയാണത്. തുര്‍ക്കിയെ ഒരു വലിയ കുതിച്ചുചാട്ടത്തിന് പര്യാപ്തമാക്കുന്ന പദ്ധതികളാണവ. 

ലോകത്തെ ആദ്യ 10 സാമ്പത്തിക ശക്തികളില്‍ നിന്ന് ആദ്യ ആറിലേക്ക് കുതിക്കാന്‍ അതോടെ തുര്‍ക്കിക്കാവും. അതില്‍ മുന്‍നിരയിലുള്ളത് മര്‍മറായ് പാലം പദ്ധതിയാണ്. ഇസ്തംബൂള്‍ നഗരത്തിന്റെ ഏഷ്യന്‍- യൂറോപ്യന്‍ തീരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ബോസ്ഫറസ് കടലിടുക്കിലൂടെയുള്ള റെയില്‍വെ തുരങ്കമാണത്. 3000 മീറ്റര്‍ നീളത്തില്‍ പണിയുന്ന തുരങ്കം ജലനിരപ്പില്‍ നിന്ന് 60 മീറ്റര്‍ ആഴത്തിലാണ് നിര്‍മിക്കുന്നത്. അത് ഏഷ്യാ- യൂറോപ്പ് വന്‍കരകളെ തമ്മില്‍ ബന്ധിപ്പിക്കും. 150 വര്‍ഷങ്ങള്‍ക്കു മുമ്പ് ഉസ്മാനിയാ ഭരണാധികാരികള്‍ സ്വപ്നം കണ്ട പദ്ധതിയാണത്. തുര്‍ക്കി റിപ്പബ്ലിക്കിന്റെ 100-ാം വാര്‍ഷികത്തോടെ അത് പൂര്‍ത്തിയാക്കാനാണ് ഉര്‍ദുഗാന്‍ ആഗ്രഹിക്കുന്നത്. പുതിയ കാലത്തിന്റെ പദ്ധതിയല്ല ഇതെന്നും മറിച്ച്, എക്കാലത്തെയും പദ്ധതിയാണ് എന്നുമാണ് അദ്ദേഹം പറഞ്ഞത്. കാരണം, രണ്ട് ഭൂഖണ്ഡങ്ങളുടെ ബന്ധത്തില്‍ പുതിയ ചരിത്രം രചിക്കുന്ന പദ്ധതിയാണത്. 

പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായിരുന്ന മര്‍ഹൂം അഹ്മദ് ബഹ്ജത്തിന്റെ കൂടെ ഈ ലേഖകന്‍ തൊണ്ണൂറുകളുടെ മധ്യത്തില്‍ ഉര്‍ദുഗാനെ സന്ദര്‍ശിച്ചിരുന്നു. ഇസ്തംബൂള്‍ നഗരസഭയുടെ മേധാവിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട സന്ദര്‍ഭമായിരുന്നു അത്. തുര്‍ക്കിയിലെ ഏതൊരു രാഷ്ട്രീയക്കാരനേക്കാളും തുര്‍ക്കി ജനതയെ അദ്ദേഹത്തിനറിയാം. തന്റെ ദരിദ്രകുടുംബത്തെ പോറ്റാനായി തുര്‍ക്കി തെരുവുകളില്‍ തണ്ണിമത്തനും കേക്കും വിറ്റുനടന്ന കാലം മുതലേ അവരെയറിയാം. ശേഷം 10 വര്‍ഷം ഗ്രാമത്തിലും ചെറിയ ക്ലബ്ബുകളിലും അറിയപ്പെടുന്ന ഫുട്‌ബോളറായി. പിന്നീട് റഫാഹ് പാര്‍ട്ടിയുടെ യുവജനവിഭാഗത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. അതിലൂടെ നേടിയ പരിചയമാണ് തന്റെ നാടിന്റെ സ്പന്ദനങ്ങളും സ്വപ്നങ്ങളും തൊട്ടറിയാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. ആ പരിചയമാണ് ഇസ്തംബൂള്‍ നഗരസഭയുടെ പ്രസിഡന്റ് പദത്തില്‍ എത്തിച്ചത്. പിന്നാക്കാവസ്ഥയില്‍ നിന്ന് തന്റെ നഗരസഭയെ മോചിപ്പിക്കാനും കടബാധ്യതകള്‍ തീര്‍ക്കാനും അദ്ദേഹത്തിന് സാധിച്ചു. യൂറോപ്പിലെ ശ്രദ്ധേയമായ നഗരമായും യൂറോപ്യന്‍ സാംസ്‌കാരിക തലസ്ഥാനമായും ഇസ്തംബൂള്‍ അറിയപ്പെട്ടത് അതോടെയാണ്. 

ഇക്കഴിഞ്ഞ ഇലക്ഷന്‍ ഉര്‍ദുഗാനും പാര്‍ട്ടിക്കും നിര്‍ണായകമായിരുന്നു. പ്രതിപക്ഷം നേരത്തെ തന്നെ തന്ത്രങ്ങള്‍ മെനയുന്നുണ്ടായിരുന്നു. ഒരു പതിറ്റാണ്ടിന്റെ ഭരണനേട്ടങ്ങള്‍ നിരത്തിയാണ് എ.കെ പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്, പ്രതിപക്ഷം ന്യൂനതകള്‍ ചൂണ്ടിക്കാട്ടിയും. ഭരണനേട്ടങ്ങളില്‍ 100 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായ ലോകബാങ്കിന്റെ സാക്ഷ്യപത്രമാണ് ഏറ്റവും ശ്രദ്ധേയം. വാര്‍ഷിക ആളോഹരി വരുമാനം നാലായിരത്തില്‍ നിന്ന് 11000 ആയി വര്‍ധിച്ചതാണ് മറ്റൊരു നേട്ടം. വിദൂര സംസ്ഥാനങ്ങളില്‍ പോലും നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളാണ് മറ്റൊന്ന്. പുതുതായി ഒന്നും സമര്‍പ്പിക്കാനില്ലാത്ത പ്രതിപക്ഷ പ്രചാരണം കേവലം കുറവുകള്‍ നിരത്തുന്നതിലും അവസാനകാലത്ത് ഭരണകക്ഷിയെ കരിവാരിത്തേക്കാന്‍ ഉന്നയിക്കപ്പെട്ട അഴിമതി ആരോപണങ്ങളിലും പരിമിതമായിരുന്നു. 

81 തദ്ദേശ സ്വയംഭരണ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍  45.5 ശതമാനം വോട്ടാണ് എ.കെ പാര്‍ട്ടി നേടിയത്. 38.8 ശതമാനം നേടിയ 2009-ലെ തെരഞ്ഞെടുപ്പിനേക്കാള്‍ 7 ശതമാനം കൂടുതല്‍. മുഖ്യപ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പീപിള്‍സ് പാര്‍ട്ടി നേടിയത് 27.8 ശതമാനം വോട്ടാണ്. തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചനകള്‍ ഇങ്ങനെ സംഗ്രഹിക്കാം: 

 പത്തു വര്‍ഷത്തിനിടെ നടക്കുന്ന ആറാമത്തെ തെരഞ്ഞെടുപ്പിലും ഉര്‍ദുഗാന് ലഭിച്ച  ഭൂരിപക്ഷ പിന്തുണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ അദ്ദേഹത്തിന് ആത്മവിശ്വാസം പകരുന്നതാണ്. 

 സര്‍ക്കാരിനെതിരെയുള്ള അഴിമതിയാരോപണ കുപ്രചാരണങ്ങളും തുടര്‍ന്നു നടന്ന പ്രക്ഷോഭങ്ങളും തുര്‍ക്കി ജനതയെ സ്വാധീനിച്ചില്ല. തങ്ങളുടെ മെച്ചപ്പെട്ട ജീവിതനിലവാരവും വികസന പദ്ധതികളുമാണ് അവരെ ആകര്‍ഷിച്ചത്. 

 വരേണ്യ രാഷ്ട്രീയക്കാരും പൊതുസമൂഹവും തമ്മിലുള്ള പ്രകടമായ അന്തരമാണ് ഫലം നല്‍കുന്ന മറ്റൊരു പാഠം. കഴിഞ്ഞ കുറെ മാസങ്ങളായി പ്രതിപക്ഷം മീഡിയയിലൂടെ പ്രചരിപ്പിച്ചതിന് നേര്‍ വിപരീതമായാണ് തുര്‍ക്കി തെരുവും ജനതയും പ്രതികരിച്ചത്. പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഒരോ പാര്‍ട്ടിയുടെയും യഥാര്‍ഥ ശക്തി എന്തെന്ന് തെളിയിക്കുന്നത് കൂടിയായി തെരഞ്ഞെടുപ്പ് ഫലം. 

 ഏറ്റവും വലിയ വിരോധാഭാസം, ചരിത്രപരമായി പരസ്പര ശത്രുക്കളും എതിരാളികളുമായിരുന്ന രാഷ്ട്രീയ വിഭാഗങ്ങള്‍ തമ്മില്‍ എ.കെ പാര്‍ട്ടി എന്ന പൊതു ശത്രുവിനെതിരെ ഐക്യപ്പെട്ടു എന്നതാണ്. റിപ്പബ്ലിക്കന്‍ പീപിള്‍സ് പാര്‍ട്ടി സെക്യുലറിസ്റ്റ് വിഭാഗവുമായും ഇടതുപക്ഷം തീവ്ര വലതുപക്ഷ ചിന്താഗതിക്കാരായ നാഷണലിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടിയുമായും സഖ്യത്തിലേര്‍പ്പെട്ടു. ഇതിനു രണ്ടിനുമിടക്ക് നിലപാടുകളില്‍ യോജിപ്പുണ്ടാക്കിയതാവട്ടെ അമേരിക്കയില്‍ പ്രവാസജീവിതം നയിക്കുന്ന ഫത്ഹുല്ലാ ഗുലന്റെ അനുയായികളും. നിഗൂഢ ശൈലിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഗുലന്‍ മൂവ്‌മെന്റ് (ഹിസ്മത്ത് പാര്‍ട്ടി). ഇസ്‌ലാമിക സംഘടനയായ അവര്‍ അരാഷ്ട്രീയ പ്രസ്ഥാനാമായാണ് സ്വയം പരിചയപ്പെടുത്തുന്നത്. എ.കെ പാര്‍ട്ടിയുടെ പതനമെന്ന ഏക ലക്ഷ്യത്തില്‍ പരിമിതമായിരുന്നു ആ സഖ്യത്തിന്റെ അജണ്ട. അത് അവരുടെ വിശ്വാസ്യത പോലും നഷ്ടപ്പെടുത്തി. പ്രഖ്യാപിത നിലപാടുകളില്‍ നിന്ന് പിറകോട്ടുപോയ ഗുലനെതിരെ സ്വന്തം പാര്‍ട്ടിയില്‍ പോലും എതിര്‍പ്പുണ്ടായി. മാത്രമല്ല, പുതിയ ഒരു പദ്ധതിയും അവര്‍ക്ക് സമര്‍പ്പിക്കാനുണ്ടായിരുന്നില്ല. അതിന്റെ ഫലമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമെന്ന് ധരിച്ചിരുന്ന അന്താലിയ അടക്കമുള്ള മൂന്ന് സീറ്റുകളിലും അവര്‍ പരാജയപ്പെട്ടു.

 കുര്‍ദുകള്‍ കൈവരിച്ച നേട്ടമാണ് മറ്റൊന്ന്. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എ.കെ പാര്‍ട്ടി നടത്തിയ ശ്രമങ്ങള്‍ക്ക് ഫലമുണ്ടായി. അവരുടെ പീസ് ആന്റ് ഡെമോക്രസി പാര്‍ട്ടി അനറ്റോളിയയില്‍ ശ്രദ്ധേയമായ വിജയം നേടി. 6 വലിയ നഗരസഭയടക്കം 13 സീറ്റുകളില്‍ വിജയിക്കാന്‍ അവര്‍ക്ക് സാധിച്ചു. കഴിഞ്ഞ ഇലക്ഷനില്‍ 5 ശതമാനം വോട്ടു നേടിയ നജ്മുദ്ദീന്‍ അര്‍ബകാന്‍ സ്ഥാപിച്ച സആദത്ത് പാര്‍ട്ടിക്ക് ഇത്തവണ ഒരു ശതമാനം പോലും വോട്ടു നേടാനായില്ല. തെരഞ്ഞെടുപ്പില്‍ അവരുടെ മുഖ്യപ്രതിയോഗികളായി അവര്‍ കണ്ടത് എ.കെ പാര്‍ട്ടിയായിരുന്നു എന്നതു തന്നെയാണ് ഈ തിരിച്ചടിയുടെ പ്രധാന കാരണം.

തുര്‍ക്കി ഫലം കൂടുതല്‍ നിരാശപ്പെടുത്തിയത് അമേരിക്കയെയും ഇസ്രയേലിനെയുമാണ്. തെരഞ്ഞെടുപ്പിന്റെ തലേദിവസമായ മാര്‍ച്ച് 29-ന് ഇസ്രയേല്‍ റേഡിയോയില്‍ സംസാരിച്ച നെതന്യാഹു പറഞ്ഞത്, ഇതോടെ ഉര്‍ദുഗാന്‍ യുഗത്തിന്റെ അന്ത്യം പ്രതീക്ഷിക്കുന്നു എന്നാണ്. ഉര്‍ദുഗാന്റെ വിജയം ഇസ്രയേലിന് ഭീഷണിയാണ് എന്ന് ഇസ്രയേല്‍ കോളമിസ്റ്റുകള്‍ നിരീക്ഷിക്കുന്നു; നിലവിലെ യുക്രൈന്‍ പ്രതിസന്ധിയില്‍ തുര്‍ക്കിയുടെ തന്ത്രപ്രധാനമായ സ്ഥാനത്തിന് പടിഞ്ഞാറും അമേരിക്കയും വലിയ വില നല്‍കുന്ന പുതിയ സാഹചര്യത്തില്‍ വിശേഷിച്ചും. കാരണം, റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന കരിങ്കടലിന്റെ (Black Sea) ഗമനാഗമന മാര്‍ഗത്തിന്റെ നല്ലൊരു ഭാഗവും നിയന്ത്രിക്കുന്നത് തുര്‍ക്കിയാണ്. മധ്യധരണ്യാഴി(Mediterranean)യിലേക്ക് റഷ്യക്കുള്ള പ്രവേശനം നിയന്ത്രിക്കാന്‍ സാധിക്കുന്ന ഏക രാഷ്ട്രവും തുര്‍ക്കി തന്നെ. അതിനാല്‍, ഇസ്രയേലിനോടുള്ള സമീപനം മാറ്റാന്‍ ഉര്‍ദുഗാനെ നിര്‍ബന്ധിക്കാന്‍ യു.എസിനാവില്ല. ഈജിപ്തിലെ പല രാഷ്ട്രീയ നേതാക്കളുടെ പ്രതികരണവും നേരത്തെ പറഞ്ഞ അമേരിക്കയുടെയും ഇസ്രയേലിന്റെയും പ്രതികരണങ്ങളില്‍ നിന്ന് ഭിന്നമല്ല എന്നതും ദുഃഖകരമാണ്. 

വിവ: നാജി ദോഹ

[email protected]


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20 / ത്വാഹാ/ 71-73
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം