ഇസ്തിഗ്ഫാറിന്റെ പ്രതിഫലനങ്ങള്‍
ഇസ്തിഗ്ഫാറിന്റെ അഥവാ പാപമോചനം തേടിയുള്ള പ്രാര്‍ഥനയുടെ വളരെ പ്രധാനപ്പെട്ടൊരു പ്രതിഫലനമാണ് അല്ലാഹു അതിലൂടെ ആയുരാരോഗ്യവും സൗഖ്യവും ശക്തിയും ഉന്മേഷവും സജീവതയും പ്രദാനം ചെയ്യും എന്നത്. ഹൂദ് നബി (അ)യെ ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: ''എന്റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. എന്നിട്ട് അവങ്കലേക്ക് ഖേദിച്ചു മടങ്ങുകയും ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് സമൃദ്ധമായി മഴ അയച്ചുതരികയും നിങ്ങളുടെ ശക്തിയിലേക്ക് അവന്‍ കൂടുതല്‍ ശക്തി ചേര്‍ത്തുതരികയും ചെയ്യുന്നതാണ്'' (ഹൂദ് 52). ''നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചു മടങ്ങുകയും ചെയ്യുക. എങ്കില്‍ നിര്‍ണിതമായ ഒരു അവധിവരെ അവന്‍ നിങ്ങള്‍ക്ക് നല്ല സൗഖ്യമനുഭവിപ്പിക്കുകയും ചെയ്യും....'' (ഹൂദ് 3).
സ്ത്രീകള്‍ക്ക് ശുഭവാര്‍ത്ത
അന്ത്യദിനത്തില്‍ നരകവിമുക്തിക്ക് പാപമോചനാര്‍ഥന കാരണമാകുന്നു. വിശിഷ്യ സ്ത്രീകള്‍ക്ക് തങ്ങളുടെ ഭര്‍ത്താക്കന്മാരോടുള്ള പെരുമാറ്റത്തിലും സമീപനത്തിലും അവരോടുള്ള കടമകള്‍ നിറവേറ്റുന്നതിലും സംഭവിക്കുന്ന വീഴ്ചകളും പോരായ്മകളും തെറ്റുകളും പരിഹരിക്കുന്നതിന് ഇസ്തിഗ്ഫാര്‍ രക്ഷാകവചമാകുന്നു. നബി(സ) പറയുന്നു: ''സ്ത്രീ സമൂഹമേ, നിങ്ങള്‍ ദാനധര്‍മങ്ങള്‍ ചെയ്യുക. പാപമോചനാര്‍ഥന വര്‍ധിപ്പിക്കുക. കാരണം, നിങ്ങളില്‍ കൂടുതല്‍ പേരെയും നരകാവകാശികളായാണ് ഞാന്‍ കാണുന്നത്. അപ്പോള്‍ ഒരു സ്ത്രീ ചോദിച്ചു: പ്രവാചകരേ, ഞങ്ങളില്‍ കൂടുതല്‍ പേരും നരകാവകാശികളാകാന്‍ കാരണമെന്താണെന്ന് പറഞ്ഞു തന്നാലും. അവിടുന്ന് പ്രതിവചിച്ചു: ശാപവാക്ക് കൂടുതലായി ഉച്ചരിച്ചുകൊണ്ടിരിക്കുകയും ഭര്‍ത്താക്കന്മാരുടെ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവര്‍ നിങ്ങള്‍ സ്ത്രീകളാണ്'' (മുസ്‌ലിം).
വന്ധ്യതക്ക് പരിഹാരം
ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണ്. അവന്‍ ഇഛിക്കുന്നത് സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെ നല്‍കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പെണ്‍ മക്കളെ നല്‍കുന്നു. ആണ്‍-പെണ്‍ സന്താനങ്ങളെ നല്‍കുന്നതും അവന്‍ തന്നെ. അല്ലാഹു ഉദ്ദേശിക്കുന്നവരെ വന്ധ്യരാക്കുന്നു. ഈ വസ്തുത ഖുര്‍ആന്‍ ഖണ്ഡിതമായി പറഞ്ഞ കാര്യമാണ്. പാപമോചനാര്‍ഥനയും ദാനധര്‍മവും സന്താനലബ്ധിക്കും ആഗ്രഹസഫലീകരണത്തിനും രോഗമുക്തിക്കും നിമിത്തമാകുന്നു. ജാബിര്‍ ബിന്‍ അബ്ദുല്ല(റ) പറയുന്നു: ഒരാള്‍ നബി(സ)യുടെ അടുത്തു വന്നു പറഞ്ഞു: പ്രവാചകരേ, എനിക്ക് സന്താന സൗഭാഗ്യമുണ്ടായിട്ടില്ല. പ്രവാചകന്‍ (സ) പ്രതിവചിച്ചു: ''താങ്കള്‍ ഇസ്തിഗ്ഫാറും ദാനധര്‍മങ്ങളും വര്‍ധിപ്പിക്കുക. അവ രണ്ടും താങ്കള്‍ക്ക് സന്താന സൗഭാഗ്യം ലഭിക്കാന്‍ കാരണമാകുന്നു.'' അയാള്‍ തിരികെ പോയി കൂടുതലായി ദാനധര്‍മവും ഇസ്തിഗ്ഫാറും ചെയ്യുകയുണ്ടായി. അങ്ങനെ അദ്ദേഹത്തിന് 9 ആണ്‍മക്കള്‍ ജനിച്ചു (മുസ്‌നദ് അബീ ഹനീഫ, മുല്ല അലി ഖാരിയുടെ വ്യാഖ്യാനം).
പ്രമുഖ പണ്ഡിതനായ ആഇദുല്‍ ഖര്‍നി ഒരു പ്രഭാഷണത്തില്‍ പറഞ്ഞു: ''ഒരാള്‍ക്ക് സന്താന സൗഭാഗ്യമുണ്ടാകുന്നില്ല. ഡോക്ടമാര്‍ ചികിത്സ നടത്തി വിജയിക്കാതെ വരികയും അയാള്‍ പ്രതീക്ഷയറ്റവനായി മാറുകയും ചെയ്തു. അങ്ങനെയിരിക്കെ ഒരുനാള്‍ ഒരു ഇസ്‌ലാമിക പണ്ഡിതന്‍ അദ്ദേഹത്തോട് നിര്‍ദേശിച്ചു, നിങ്ങള്‍ രാവിലെയും വൈകുന്നേരവും ധാരാളമായി ഇസ്തിഗ്ഫാര്‍ ചെയ്യുക. കാരണം, പാപമോചനാര്‍ഥന നടത്തുന്നവരെക്കുറിച്ച് അല്ലാഹു പറയുന്നു: ''സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവന്‍ (അല്ലാഹു) പോഷിപ്പിക്കുന്നതാണ്'' (നൂഹ് 12). അതുപ്രകാരം അയാള്‍ പ്രവര്‍ത്തിക്കുകയും സന്താന സൗഭാഗ്യം ലഭിക്കുകയും ചെയ്തു.''
ഇമാം ഖുര്‍ത്വുബി, റബീഅ് ബിന്‍ സ്വബീഹില്‍ നിന്ന് ഉദ്ധരിക്കുന്നു: ഒരാള്‍ ഹസനുല്‍ ബസ്വരിയെ സമീപിച്ച് ക്ഷാമത്തെക്കുറിച്ച് ആവലാതി ബോധിപ്പിച്ചു. ഹസനുല്‍ ബസ്വരി അദ്ദേഹത്തോട് പറഞ്ഞു: ''താങ്കള്‍ അല്ലാഹുവോട് പാപമോചനം തേടിക്കൊണ്ടിരിക്കുക.'' മറ്റൊരാള്‍ വന്ന് പട്ടിണിയെക്കുറിച്ച് ആവലാതി പറഞ്ഞു: അദ്ദേഹത്തോട് ഇമാം ഹസനുല്‍ ബസ്വരി പറഞ്ഞു: ''താങ്കള്‍ അല്ലാഹുവോട് പാപമോചനം തേടിക്കൊണ്ടിരിക്കുക.'' വേറൊരാള്‍ വന്ന് എനിക്ക് ഒരു കുട്ടി ജനിക്കാന്‍ താങ്കള്‍ അല്ലാഹുവോട് പ്രാര്‍ഥിക്കണം എന്നാവശ്യപ്പെട്ടു. അയാളോടും ഇമാം ഹസനുല്‍ ബസ്വരി ഇസ്തിഗ്ഫാര്‍ ചെയ്യാന്‍ നിര്‍ദേശിച്ചു. ഇനി വേറെയുമൊരാള്‍ വന്ന് തന്റെ തോട്ടം വരണ്ടുപോയിരിക്കുന്നുവെന്ന് ആവലാതി പറഞ്ഞു. അദ്ദേഹത്തോടും ഇമാം അതേ ഉത്തരം ആവര്‍ത്തിക്കുകയുണ്ടായി. ഇത് വീക്ഷിച്ചുകൊണ്ടിരുന്ന റബീഅ് ബിന്‍ സ്വബീഹ്, ഹസനുല്‍ ബസ്വരിയോട് ചോദിച്ചു: 'ഒന്നിലേറെ പേര്‍ വന്ന് വ്യത്യസ്ത ആവശ്യങ്ങളെ സംബന്ധിച്ച് ആവലാതി പറഞ്ഞപ്പോഴെല്ലാം തന്നെ താങ്കള്‍ അവരോടെല്ലാം നിര്‍ദേശിച്ചത് ഇസ്തിഗ്ഫാര്‍ ചെയ്യാനാണല്ലോ.' ഹസനുല്‍ ബസ്വരി പ്രതിവചിച്ചു: 'ഞാന്‍ ഒന്നും തന്നെ എന്റെ സ്വന്തം നിലക്ക് പറഞ്ഞിട്ടില്ല. അല്ലാഹു സൂറഃ നൂഹില്‍ (10-12 വാക്യങ്ങള്‍) പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് ഞാനവരോടെല്ലാം നിര്‍ദേശിച്ചത്.''
മറ്റൊരിക്കല്‍ ഒരാള്‍ ഹസനുല്‍ ബസ്വരിയോട് ചോദിച്ചു: ''ഒരാള്‍ തെറ്റു ചെയ്യുകയും പാപമോചനം തേടുകയും ചെയ്യുന്നു. അയാള്‍ വീണ്ടും തെറ്റുകള്‍ ചെയ്യുകയും പാപമോചനാര്‍ഥന ആവര്‍ത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. എന്തുകൊണ്ട് അയാള്‍ക്ക് അല്ലാഹുവിന്റെ മുമ്പില്‍ ലജ്ജ തോന്നുന്നില്ല?'' ഹസനുല്‍ ബസ്വരി പ്രതിവചിച്ചു: ''പിശാച് നിങ്ങളെ പരാജയപ്പെടുത്തി നിങ്ങളുടെ മേല്‍ ആധിപത്യം നേടാന്‍ ആഗ്രഹിച്ചുകൊണ്ടിരിക്കും. അതുകൊണ്ടാണ് നിങ്ങളില്‍ ഇത്തരം ചിന്ത ഉടലെടുക്കുന്നത്. അതിനാല്‍ നിങ്ങള്‍ ഒരിക്കലും ഇസ്തിഗ്ഫാര്‍ ചെയ്യുന്നത് ഉപേക്ഷിക്കരുത്.''
Comments