ആലിയ അക്കാദമിക്ക് പ്രൗഢമായ തുടക്കം
കാസര്‍കോട്: ഏഴര പതിറ്റാണ്ടിന്റെ വൈജ്ഞാനിക സേവന പാരമ്പര്യമുള്ള ആലിയ, മത-ഭൗതിക സമന്വയവിദ്യാഭ്യാസ രംഗത്ത് കാലിക പരിഷ്‌കാരങ്ങളോടെ ആരംഭിക്കുന്ന ആലിയ അക്കാദമി ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിക്ക് പ്രൗഢമായ തുടക്കം. കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാനത്തിന് വൈജ്ഞാനികമായ കരുത്തും കാതലുമായി വര്‍ത്തിച്ച ആലിയയുടെ പുതിയ കോഴ്‌സിന്റെ പ്രഖ്യാപനം 2014 ഏപ്രില്‍ 14-ന് ആലിയ കാമ്പസില്‍ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി നിര്‍വഹിച്ചു.
പഴയ തലമുറയിലെ ഗുരുനാഥന്മാര്‍ പുതിയ തലമുറക്ക് മാറ്റങ്ങളില്ലാതെ ചൊല്ലിക്കൊടുക്കുന്നതാണ് മതവിദ്യാഭ്യാസത്തിന്റെ പാരമ്പര്യരീതി. ഇതുമൂലം ദീനീ വിദ്യാഭ്യാസം പ്രസാരണ നഷ്ടം സംഭവിച്ച് ശോഷിച്ചു പോകുന്നു. മാറ്റം അനിവാര്യമാണ്. കേരളത്തിലെ ഇസ്‌ലാമിക വിദ്യാഭ്യാസമേഖലയില്‍ കാലോചിതമായ മാറ്റത്തിന്റെ മാതൃകയാകട്ടെ 'ആലിയ അക്കാദമി' എന്ന് ടി. ആരിഫലി ആശംസിച്ചു. വിവരങ്ങളെ വിജ്ഞാനമാക്കി മാറ്റാന്‍ മതകലാലയങ്ങള്‍ക്ക് കഴിയണം. ടെക്‌നോളജിയില്‍ ശേഖരിക്കപ്പെടുന്നത് വിവരങ്ങളാണ്. അവ അറിവായി മാറുന്നത് പണ്ഡിതന്മാരുടെ മനസ്സിലും മസ്തിഷ്‌കത്തിലും സൂക്ഷിച്ച് മനനവും പഠനവും നടക്കുമ്പോഴാണ്. കഴിവുറ്റ പണ്ഡിതന്മാരെ വാര്‍ത്തെടുക്കുകയാണ് ആലിയയുട ലക്ഷ്യം. നവീകരണത്തിനിടയില്‍ യഥാര്‍ഥ ലക്ഷ്യം മറന്നുപോകരുത്. നവോത്ഥാനമെന്നാല്‍ പഴയതിനെ നശിപ്പിക്കലല്ല; പുനരുജ്ജീവിപ്പിക്കലാണ്. അതോടൊപ്പം പുതിയതിനെ ഉള്‍ക്കൊണ്ട് ക്രമപ്രവൃദ്ധമായി വളരലും. ഈ വളര്‍ച്ച കൈവരിക്കാനാകാതെ മതവിദ്യാഭ്യാസ മേഖല സ്തംഭിച്ചു നില്‍ക്കുകയാണ്. ദീനീമദാരിസുകളെ കുറിച്ച് ഐ.ഒ.എസ് തയാറാക്കിയ പഠനത്തില്‍, മതവിദ്യാഭ്യാസം നേരിടുന്ന പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്നുണ്ട്. ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തതയാണ് അതില്‍ പ്രധാനം. മതകലാലയങ്ങളില്‍ മതേതര സ്ഥാപനങ്ങളെ വെല്ലുന്ന ഭൗതിക സൗകര്യങ്ങള്‍ ഉണ്ടാകണം. ആലിയ അക്കാദമി ഇതിന് ഊന്നല്‍ നല്‍കണം. രണ്ടാമതായി, ഇംഗ്ലീഷ്-അറബി ഭാഷകളില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യരുത്. മൂന്നാമതായി, ലോകത്തിന്റെ ഏതു ഭാഗത്തും അംഗീകൃത യൂനിവേഴ്‌സിറ്റികളില്‍ തുടര്‍ പഠനം സാധ്യമാകും വിധം വിദ്യാര്‍ഥികള്‍ക്ക് മുഖ്യധാരയിലേക്ക് വാതില്‍ തുറന്നു കൊടുക്കണം. നാലാമതായി, വൈവിധ്യമാര്‍ന്ന കഴിവുകള്‍ വളര്‍ത്തുന്നതിനും (Skill Development) പ്രത്യേക ശ്രദ്ധകൊടുക്കണം. മിടുക്കരായ വിദ്യാര്‍ഥികളും സമര്‍ഥരായ അധ്യാപകരും മികച്ച ഭൗതിക സൗകര്യങ്ങളും ഇതിന് ആവശ്യമാണ്. അതിന് ഒന്നാമതായി ഉണ്ടാകേണ്ടത് പണമാണ്. അതുകൊണ്ട് പണം നല്‍കിയും മിടുക്കരായ വിദ്യാര്‍ഥികളെ നല്‍കിയും ആലിയ അക്കാദമിയെ പിന്തുണക്കാന്‍ സഹൃദയര്‍ മുന്നോട്ട് വരണമെന്നും അമീര്‍ ആവശ്യപ്പെട്ടു.
ആലിയ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ഡോ. സി.പി ഹബീബുര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു. പ്രബോധനം സീനിയര്‍ സബ് എഡിറ്റര്‍ സദ്‌റുദ്ദീന്‍ വാഴക്കാട് കോഴ്‌സ് പരിചയപ്പെടുത്തി. മുതിര്‍ന്ന അധ്യാപകര്‍ക്കും മികച്ച സേവനത്തിനുമുള്ള ഉപഹാരങ്ങള്‍ ടി. ആരിഫലി വിതരണം ചെയ്തു. ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ ഹംസ അബ്ബാസ് 'മതവിദ്യാഭ്യാസ മേഖല മാറ്റത്തിന്റെ രീതി ശാസ്ത്രം', എഞ്ചി.സി.എച്ച് മുഹമ്മദ് 'ആലിയ ഇന്ന്' എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. അക്കാദമിയുടെ ബ്രോഷര്‍ ഡോ. സഈദ് മരക്കാരിന് നല്‍കി വി.കെ ഹംസ അബ്ബാസ് പ്രകാശനം ചെയ്തു. യു.പി സിദ്ദീഖ് മാസ്റ്റര്‍, പി. റുക്‌സാന, യു. അബ്ദുസ്സലാം, ഡോ. അബ്ദുല്‍ ജലീല്‍, വി.പി ഷക്കീര്‍, സി.എച്ച് മുഹമ്മദ് ബഷീര്‍, ജുവൈരിയ ആശംസകള്‍ അര്‍പ്പിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ടി.കെ മുഹമ്മദലി സ്വാഗതം പറഞ്ഞു. റെക്ടര്‍ കെ.വി അബൂബക്കര്‍ ഉമരി സമാപന പ്രസംഗം നടത്തി. അജ്മല്‍ ഷാജഹാന്‍ നന്ദി പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര ശൂറാംഗവും ആലിയയിലെ പൂര്‍വ വിദ്യാര്‍ഥിയുമായ ടി.കെ അബ്ദുല്ല സംഗമം ഉദ്ഘാടനം ചെയ്തു. കെ.വി അബൂബക്കര്‍ ഉമരി അധ്യക്ഷത വഹിച്ചു. വനിതാ കോളേജിന്റെ അല്‍ ആലിയ മാഗസിന്‍ ഒ.പി അബ്ദുസ്സലാം മൗലവി പ്രകാശനം ചെയ്തു. സീനത്ത് ഇബ്‌റാഹീം ഏറ്റുവാങ്ങി. 'ആലിയ; കടന്നു വന്ന വഴികളും കൈവരിച്ച നേട്ടങ്ങളും' എന്ന വിഷയത്തില്‍ ടി.ഇ മുഹമ്മദ് റാഫി (ലക്ച്ചറര്‍ ഇസ്‌ലാമിയാ കോളേജ്, കൊല്ലം) പ്രബന്ധം അവതരിപ്പിച്ചു. പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ യു.എ.ഇ, ഖത്തര്‍, സുഊദി പ്രതിനിധികളായ ടി. അബ്ദുല്‍ വാരിസ്, കെ.ടി ശരീഫ്, എന്‍. അഹ്മദ് സംസാരിച്ചു. പ്രിന്‍സിപ്പല്‍ കെ.എം അബുല്‍ ഗൈസ് നദ്‌വി സ്വാഗതവും പി.കെ സിറാജുദ്ദീന്‍ നന്ദിയും പറഞ്ഞു. ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന്‍ പുനഃസംഘടനാ സെഷനില്‍ പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് വളാഞ്ചേരി അധ്യക്ഷത വഹിച്ചു. എം.പി മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍, ആസിഫ് ഇഖ്ബാല്‍ മംഗലാപുരം, അബ്ദുല്‍ ജബ്ബാര്‍ ഹാജി ഇരിക്കൂര്‍, ഫൈസല്‍ പാലോളി, ടി.കെ അബ്ദുല്‍ ഹമീദ്, വി.ടി അബ്ദുസ്സമദ്, കെ.എസ് നിസാര്‍, ഇസ്ഹാഖ് സംസാരിച്ചു. എം. അബൂസ്വാലിഹ് സ്വാഗതം പറഞ്ഞു.
Comments