Prabodhanm Weekly

Pages

Search

2014 ഏപ്രില്‍ 25

ഫലസ്ത്വീന്റെ ഭാവി

         ഫലസ്ത്വീന്‍-ഇസ്രയേല്‍ സമാധാന സംഭാഷണം പിന്നെയും സ്തംഭനത്തിലായിരിക്കുകയാണ്. ഈ ഏപ്രില്‍ 30-ന് ഇരു കക്ഷികളും കരാര്‍ ഒപ്പുവെക്കണമെന്നാണ് അമേരിക്കയുടെ അന്ത്യശാസനം. അതിന്റെ കാലാവധി നീട്ടാന്‍ ആലോചിക്കുകയാണിപ്പോള്‍ അമേരിക്ക. വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഇതിനകം പലവട്ടം ഇസ്രയേലില്‍ വന്ന് പ്രധാനമന്ത്രി നെതന്യാഹുവുമായി ചര്‍ച്ച നടത്തിയെങ്കിലും കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. ഇസ്രയേലിന്റെ കടുംപിടുത്തമാണ് സംഭാഷണം പുനരാരംഭിക്കുന്നതിന് തടസ്സമെന്ന് ജോണ്‍ കെറിക്ക് തുറന്നടിക്കേണ്ടിവന്നിരിക്കുകയാണ്.

ഇസ്രയേലിന്റെ യഹൂദ ഐഡന്റിറ്റി ഫലസ്ത്വീനികള്‍ സമ്മതിക്കുകയും ഇസ്രയേലില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ഫലസ്ത്വീനികള്‍ ജന്മദേശത്തേക്ക് തിരിച്ചുവരാനുള്ള അവകാശം കൈയൊഴിയുകയും ചെയ്യുന്നതുവരെ ഫലസ്ത്വീനുമായി സമാധാന സംഭാഷണം സാധ്യമല്ലെന്നാണ് നെതന്യാഹു ഇപ്പോള്‍ പറയുന്നത്. സമാധാന കരാറുണ്ടായില്ലെങ്കില്‍ ഫലസ്ത്വീനികള്‍ അധിവസിക്കുന്ന ഗസ്സാ ചീന്ത് കൂടി കൈയടക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ജറൂസലമിലെ അല്‍ അഖ്‌സ്വാ പള്ളിയില്‍ ജൂതര്‍ പ്രവേശിക്കുന്നത് ഇസ്രയേല്‍ തന്നെ നേരത്തെ നിയമം മൂലം തടഞ്ഞിരുന്നതാണ്. ഈ ഏപ്രില്‍ രണ്ടാം വാരത്തില്‍ ഇസ്രയേല്‍ സൈനികര്‍ അല്‍ അഖ്‌സ്വായുടെ കവാടങ്ങള്‍ ബലം പ്രയോഗിച്ച് തുറക്കുകയും യഹൂദരെ പള്ളിക്കകത്തേക്ക് പ്രവേശിപ്പിക്കുകയും ചെയ്തുകൊണ്ട് ആ പ്രദേശം സംഘര്‍ഷഭരിതമാക്കിയിരിക്കുന്നു. സംഭാഷണം തുടങ്ങുന്നതിന് മുന്നുപാധിയായി ഫലസ്ത്വീന്‍ ഉന്നയിച്ചതും ഇസ്രയേല്‍ സമ്മതിച്ചതുമായ, ഇസ്രയേല്‍ ജയിലിലുള്ള നൂറോളം ഫലസ്ത്വീന്‍ തടവുകാരുടെ മോചനം ഇതുവരെ നടപ്പിലായിട്ടില്ല. അധിനിവിഷ്ട പ്രദേശത്തെ ജൂത പാര്‍പ്പിട നിര്‍മാണം നിര്‍ത്തിവെക്കണമെന്നായിരുന്നു ഫലസ്ത്വീന്‍ ഉന്നയിച്ച മറ്റൊരുപാധി. അതിനും ഇസ്രയേല്‍ തയാറായിട്ടില്ല. ഇതെല്ലാം അവഗണിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നെതന്യാഹു തന്റെ ഭാഗത്തുനിന്ന് പുതിയ പുതിയ ഉപാധികളുന്നയിച്ചുകൊണ്ടിരിക്കുന്നത്. ഇസ്രയേല്‍ ആഗ്രഹിക്കുന്നത് സമാധാനകരാറല്ല. ഫലസ്ത്വീനികളുടെ കീഴടങ്ങല്‍ കരാറാണ്. അവര്‍ക്കു വേണ്ടത് ഇസ്രയേലിന്റെ ഭദ്രതയും വികാസവുമാണ്. അതിന് ഫലസ്ത്വീനികള്‍ തുടച്ചുനീക്കപ്പെടണം. ആ തുടച്ചു നീക്കലിന് പരിഷ്‌കൃത ലോകത്തിന്റെ അംഗീകാരം വേണം. അതിനുള്ള തന്ത്രമാണ് ഫലസ്ത്വീനികളെ ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്ന സമാധാനാ കരാര്‍ നാടകങ്ങള്‍. ഈ കരാറുകള്‍ക്ക് മധ്യസ്ഥം ചമയുന്ന അമേരിക്കയുടെയും ലക്ഷ്യം അതുതന്നെയാണ്. ഓസ്‌ലോ കരാറിലൂടെ ഗസ്സയില്‍ ഫലസ്ത്വീന്‍ അതോറിറ്റി എന്ന പേരില്‍ പഞ്ചായത്ത് ഭരണം നടത്താനുള്ള അനുവാദമാണ് ഫലസ്ത്വീനിന് ലഭിച്ചത്. ഇസ്രയേല്‍ നേടിയതോ, ഇസ്രയേലിന്റെ അസ്തിത്വത്തിന് ഫലസ്ത്വീനികളുടെ അംഗീകാരമായിരുന്നു. വാസ്തവത്തില്‍ യാസിര്‍ അറഫാത്തിനു പറ്റിയ ഭീമാബദ്ധമായിരുന്നു അത്. ഫലസ്ത്വീനികള്‍ ഇസ്രയേലിന്റെ  നിലനില്‍പിനെ അംഗീകരിച്ചുകഴിഞ്ഞിരിക്കുന്നു എന്ന അടിസ്ഥാനത്തിലായി പിന്നീടുള്ള അവരുടെ സംസാരവും പ്രവര്‍ത്തനവുമൊക്കെ. ഒരു രാഷ്ട്രം എന്ന നിലയിലുള്ള ഇസ്രയേലിന്റെ സ്റ്റാറ്റസിനെ ചോദ്യം ചെയ്യാന്‍ ഫലസ്ത്വീനികള്‍ക്കവകാശമില്ലാതായി. എന്നാല്‍, ഓസ്‌ലോ കരാര്‍ പ്രകാരം സ്ഥാപിതമാകേണ്ട  സ്വതന്ത്ര ഫലസ്ത്വീന്‍ രാഷ്ട്രം ഇപ്പോഴും തുടങ്ങിയേടത്തുതന്നെ നില്‍ക്കുകയാണ്. ഓസ്‌ലോയില്‍ പിണഞ്ഞതുപോലുള്ള അബദ്ധങ്ങള്‍ ഫലസ്ത്വീനികള്‍ ഇനിയും ആവര്‍ത്തിക്കണമെന്നാണ് ഇസ്രയേല്‍ ആഗ്രഹിക്കുന്നത്. ഇസ്രയേലിന്റെ ജൂത ഐഡന്റിറ്റിയെയും തിരിച്ചുവരാനുള്ള അവകാശം അഭയാര്‍ഥികള്‍ കൈയൊഴിയുന്നതിനെയും കുറിച്ചുള്ള നെതന്യാഹുവിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത് അതാണ്. ഇസ്രയേല്‍ യഹൂദരുടെ മാത്രം രാഷ്ട്രമാണെന്ന് സമ്മതിക്കുകയാണ് ജൂത ഐഡന്റിറ്റി അംഗീകരിക്കുക എന്നതുകൊണ്ടുദ്ദേശ്യം. അതോടെ അറബികള്‍- ഇപ്പോള്‍ ഇസ്രയേലില്‍ അവശേഷിക്കുന്നവരുള്‍പ്പെടെ- ഇസ്രയേലിന്റെ പൗരത്വത്തിന് അര്‍ഹരല്ലാതായിത്തീരും. പുറത്താക്കപ്പെട്ടവര്‍ക്ക് തിരിച്ചുവരാനവകാശമില്ല എന്നുകൂടി വരുന്നതോടെ രാജ്യത്ത് അവശേഷിക്കുന്ന അറബികളെ കൂടി ആട്ടിയോടിച്ച് പൂര്‍ണമായ വംശശുദ്ധീകരണം സാധ്യമാക്കാം. നെതന്യാഹുവിന്റെ പ്രസ്താവന ശ്രദ്ധിച്ചുവായിച്ചാല്‍ അദ്ദേഹം ഉന്നയിക്കുന്ന ആവശ്യങ്ങളെല്ലാം ഫലസ്ത്വീനികള്‍ അംഗീകരിച്ചാലും സ്വതന്ത്ര ഫലസ്ത്വീന്‍ രാഷ്ട്രം സ്ഥാപിക്കുമെന്നതിന് അതില്‍ യാതൊരു ഗാരണ്ടിയുമില്ലെന്ന് കാണാം. സമാധാന സംഭാഷണം തുടരാമെന്നു മാത്രമാണ് ഓഫര്‍. സംഭാഷണം വഴി ഒരു കരാറുണ്ടാവാം, ഉണ്ടാവാതിരിക്കാം. ഉണ്ടായാല്‍ തന്നെ അതുവഴി ഫലസ്ത്വീനികള്‍ക്ക് എന്തു നേട്ടമുണ്ടാകുമെന്നും വ്യക്തമാക്കുന്നില്ല.

ഫലസ്ത്വീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഇസ്രയേലിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ നിലപാടിനോട് കടുത്ത സ്വരത്തില്‍ തന്നെയാണ് ഇക്കുറി പ്രതികരിച്ചിരിക്കുന്നത്. അദ്ദേഹം പറഞ്ഞു: ''ഞങ്ങള്‍ ഒരിക്കലും ഇസ്രയേലിന് യഹൂദ ഐഡന്റിറ്റി അംഗീകരിച്ചുകൊടുക്കാന്‍ പോകുന്നില്ല. ഫലസ്ത്വീനികള്‍ക്ക് ജന്മനാട്ടിലേക്ക് തിരിച്ചുവരാനുള്ള അവകാശം കൈയൊഴിയുന്ന പ്രശ്‌നവുമില്ല. സ്വതന്ത്ര ഫലസ്ത്വീന്റെ തലസ്ഥാനമായി കിഴക്കന്‍ ജറൂസലം അല്ലാതെ മറ്റൊരു സ്ഥലം സ്വീകരിക്കാനും തയാറല്ല; അതിന് എന്തു വില കൊടുക്കേണ്ടിവന്നാലും ശരി. ഇസ്രയേല്‍ 1967-ന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് പിന്‍വാങ്ങിയേ പറ്റൂ. ഐക്യരാഷ്ട്രസഭ അംഗീകരിച്ച കാര്യമാണത്. ദേശീയ സ്വാതന്ത്ര്യത്തിന്റെയും മൗലികാവകാശങ്ങളുടെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും ഫലസ്ത്വീനികള്‍ തയാറല്ല. ഞങ്ങളെ വഞ്ചിക്കാന്‍ ആരെയും അനുവദിക്കുകയുമില്ല.'' യു.എന്‍ ആഭിമുഖ്യത്തിലുള്ളള ജനീവ കണ്‍വെന്‍ഷനില്‍ ഫലസ്ത്വീന്‍ അംഗത്വം നേടിയെടുത്തത് ഈ പ്രസ്താവനയുടെ തുടര്‍ച്ചയായി കാണാവുന്നതാണ്. യുനസ്‌കോയുടെ അംഗീകാരം അത് നേരത്തെ നേടിയിട്ടുണ്ട്. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നിരീക്ഷക പദവിയുമുണ്ട്. പൂര്‍ണ അംഗത്വത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. ലോക സമൂഹത്തിന് മുമ്പില്‍ ഫലസ്ത്വീന്‍ രാഷ്ട്രം ഒരു സങ്കല്‍പത്തിന്റെ അവസ്ഥ വിട്ട് മൂര്‍ത്ത യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുകയാണ്. ആ രാഷ്ട്രത്തിന്റെ അതിരുകള്‍ നിര്‍ണയിക്കാന്‍ ഐക്യ രാഷ്ട്രസഭക്ക് ബാധ്യതയുണ്ട്. ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ കേസ് പറയാനും ഇപ്പോള്‍ ഫലസ്ത്വീന് അവകാശമുണ്ട്. എത്ര ചെറുതും ദുര്‍ബലവുമാണെങ്കിലും 130-ഓളം രാജ്യങ്ങള്‍ ഫലസ്ത്വീനിനെ അംഗീകരിച്ചിരിക്കുന്നു. ആ രാജ്യങ്ങളുമായി ഫലസ്ത്വീന്‍ നയതന്ത്ര ബന്ധം സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. ഈ യാഥാര്‍ഥ്യങ്ങളൊന്നും പരിഗണിക്കാതെ തങ്ങള്‍ക്കെന്ന പോലെ ലോകത്തിനും ഫലസ്ത്വീന്‍ രാഷ്ട്രം ഒരു ദിവാസ്വപ്നമാണന്ന മട്ടില്‍ മുന്നോട്ടുപോകാന്‍ ഇനി ഇസ്രയേലിന് കഴിയില്ല. അങ്ങനെ പോയാല്‍ ഇസ്രയേല്‍ ഒറ്റപ്പെടുകയായിരിക്കും ഫലം. അതുകൊണ്ടുതന്നെയാണ് ഫലസ്ത്വീന്‍ യു.എന്നില്‍ ഏതെങ്കിലും തരത്തിലുള്ള പ്രാതിനിധ്യം നേടുന്നതിനെ ഇസ്രയേലും അമേരിക്കയും അവരുടെ മറ്റു സില്‍ബന്തികളും പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തുകൊണ്ടിരിക്കുന്നത്. അമേരിക്കയും ഇസ്രയേലും കുഴിക്കുന്ന ചതിക്കുഴികളില്‍ വീണു കൊടുക്കാനോ അവരുടെ ഭീഷണികള്‍ കേട്ട് വിരണ്ട് മിണ്ടാതിരിക്കാനോ ഇനി ഫലസ്ത്വീനികളെ കിട്ടില്ല എന്ന ദൃഢനിശ്ചയമാണ് മഹ്മൂദ് അബ്ബാസിന്റെ പ്രസ്താവനയില്‍ മുഴങ്ങുന്നത്. പക്ഷേ, ഈ ആത്മവീര്യവും ധൈര്യവും അദ്ദേഹത്തിനു നിലനിര്‍ത്താന്‍ കഴിയുമോ? അതിനെ ആശ്രയിച്ചിരിക്കുന്നു സ്വതന്ത്ര ഫലസ്ത്വീന്‍ എന്ന സ്വപ്നത്തിന്റെ ഭാവി. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20 / ത്വാഹാ/ 71-73
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം