Prabodhanm Weekly

Pages

Search

2014 ഏപ്രില്‍ 25

ജീവിതപാഠങ്ങള്‍-3

ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി

         പട്ടിണിപ്പാവങ്ങളുടെ വിശപ്പിനെക്കുറിച്ചും ഉടുതുണിപോലുമില്ലാത്തവരുടെ ദുരിതത്തെക്കുറിച്ചുമോര്‍ക്കുക.  അസുഖബാധിതരുടെ ദീനാവസ്ഥയെക്കുറിച്ചും, തടവുകാരന്റെ  ഇരുണ്ട ജീവിതത്തെക്കുറിച്ചും ആലോചിക്കുക. എങ്കില്‍ സ്വന്തം പ്രയാസങ്ങളില്‍ എളുപ്പം ക്ഷമയവലംബിക്കാന്‍ നിങ്ങള്‍ക്കാവും. പുനരുത്ഥാനനാളിലെ മഹാവിപത്തിനെക്കുറിച്ചും നിങ്ങളെക്കുറിച്ച് അല്ലാഹുവിനുള്ള മുന്നറിവിനെക്കുറിച്ചും നിങ്ങളുടെ കാര്യത്തില്‍ അവനുള്ള ശ്രദ്ധയെക്കുറിച്ചും വിധി നിര്‍ണയത്തെക്കുറിച്ചുമോര്‍ക്കുക. എങ്കില്‍ അവന്റെ സാന്നിധ്യത്തില്‍ സ്വന്തത്തെക്കുറിച്ചോര്‍ത്ത് നിങ്ങള്‍ ലജ്ജിക്കും. പാപങ്ങളില്‍ പശ്ചാത്തപിച്ച് അല്ലാഹുവിനെ ഭയപ്പെട്ടാല്‍ അവന്‍ സകല ദുഃഖങ്ങളില്‍ നിന്നും ദുരിതങ്ങളില്‍നിന്നും നിങ്ങളെ കരകയറ്റും. സത്യസന്ധരായ അടിമകള്‍ അല്ലാഹുവില്‍നിന്നുള്ള  അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുകയും അവനില്‍നിന്നുള്ള ശിക്ഷകള്‍ ക്ഷമയോടെ സ്വീകരിക്കുകയും  ആജ്ഞകളനുസരിക്കുകയും വിലക്കപ്പെട്ടവയില്‍നിന്നും അകന്നു നില്‍ക്കുകയും ചെയ്യുന്നു. അവ്വിധമാകുന്നു ഹൃദയങ്ങള്‍ വികാസം പ്രാപിക്കുന്നത്. നല്‍കുന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുമ്പോള്‍ അല്ലാഹു കൂടുതല്‍ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്നു. ശിക്ഷകളില്‍ ക്ഷമിക്കുമ്പോള്‍ അവ ലഘൂകരിക്കപ്പെടുകയോ അവയില്‍നിന്നും മുക്തിയേകുകയോ ചെയ്യുന്നു. ഉറ്റവരും ഉടയവരും വിട പറയുമ്പോഴും സമ്പത്തും സല്‍പ്പേരും നഷ്ടമാവുമ്പോഴും ഭൗതിക ലക്ഷ്യങ്ങളില്‍ പരാജയം നേരിടുമ്പോഴും സൃഷ്ടികളില്‍നിന്ന് ഉപദ്രവമുണ്ടാവുമ്പോഴും ക്ഷമിക്കുക. അതുവഴി നിങ്ങള്‍ക്കൊരുപാട് നന്മകള്‍ സമ്പാദിക്കാം. 

സുഖാവസ്ഥകളില്‍ നന്ദി കാണിക്കുകയും വിഷമഘട്ടങ്ങളില്‍ ക്ഷമിക്കുകയും ചെയ്യുമ്പോള്‍ നിങ്ങളുടെ വിശ്വാസത്തിന്റെ ചിറകുകള്‍ പൂര്‍ണ വളര്‍ച്ച പ്രാപിക്കുകയും ഹൃദയവും അന്തരാത്മാവും(സിര്‍റ്) യജമാനന്റെ വാതില്‍പ്പടിയിലേക്കു ചിറകടിച്ചുയരുകയും ചെയ്യുന്നു. 

ക്ഷമയില്ലാതിരിക്കെ നിങ്ങള്‍ക്കെങ്ങനെ വിശ്വാസി എന്നവകാശപ്പെടാനാവും? നബിതിരുമേനി(സ)യുടെ വചനങ്ങള്‍ നിങ്ങള്‍ക്കറിയില്ലേ? ''ഉടലിനു തലയെന്ന പോലാകുന്നു വിശ്വാസത്തിന് ക്ഷമ''. അപ്പോള്‍, ക്ഷമയില്ലെങ്കില്‍ നിങ്ങളുടെ വിശ്വാസം ശിരസ്സറ്റ ഉടല്‍ പോലെ മൃതമാകുന്നു. ദുരിതങ്ങള്‍ അയക്കുന്നവനെ മനസ്സിലാക്കിയിരുന്നുവെങ്കില്‍ അവനില്‍നിന്നുള്ള ദുരിതങ്ങള്‍ നിങ്ങള്‍ സഹിക്കുമായിരുന്നു. ഇഹലോകത്തെ ശരിയാംവണ്ണം തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ അതു മോഹിച്ചു നിങ്ങള്‍ അനുസരണക്കേടു കാണിക്കില്ലായിരുന്നു. 

അല്ലാഹുവേ, വഴികേടിലായവര്‍ക്കെല്ലാം നീ നേര്‍വഴി കാണിക്കേണമേ. അനുസരണക്കേടു കാണിക്കുന്നവര്‍ക്കെല്ലാം നീ പൊറുത്തു കൊടുക്കേണമേ. ദുരിത ബാധിതര്‍ക്കെല്ലാം നീ ക്ഷമ പ്രദാനം ചെയ്യേണമേ. സുഖാവസ്ഥയിലുള്ളവരെയെല്ലാം നീ നന്ദിയുള്ള അടിമകളില്‍ പെടുത്തേണമേ. 

അല്ലാഹുവെ ഭയപ്പെടുകയും ക്ഷമാലുക്കളാവുകയും ചെയ്യുക. ക്ഷമ ദീനിന്റെ ശിരസ്സും, കര്‍മ്മം അതിന്റെ ഉടലുമാകുന്നു. അല്ലാഹുവിന്റെ വിധിയില്‍ ക്ഷമിക്കാതെ ഒരു കര്‍മ്മവും പൂര്‍ത്തീകരിക്കാനാവില്ല. ദൃഢചിത്തരാവുകയും ക്ഷമയും സംയമനവും പാലിക്കുകയും ചെയ്യുക. പൊതു ജീവിതത്തിലും സ്വകാര്യജീവിതത്തിലുമൊരുപോലെ  ആത്മനിയന്ത്രണം ശീലിക്കുക. ഇഹലോകത്തിന്റെ ഓഹരികളില്‍നിന്നും മുഖം തിരിക്കുക. 

അല്ലയോ യുവാക്കളേ, അല്ലാഹുവിന്റെ പടിവാതില്‍ക്കലുള്ള നില്‍പ് എത്രമാത്രം സുദീര്‍ഘമാകുന്നുവോ അത്രമാത്രം നിങ്ങളുടെ ആഗ്രഹാഭിലാഷങ്ങളും അതിമോഹങ്ങളും കുറയുകയും വിനയം വര്‍ധിക്കുകയും ചെയ്യുന്നു. ക്ഷമ കാമചോദനകളെ ഉന്മൂലനം ചെയ്യുന്നു. ശീലങ്ങളെ മാറ്റിയെടുക്കാനും, ഉപാധികളിന്മേലുള്ള ആശ്രിതത്വമൊഴിവാക്കാനും കപടദൈവങ്ങളെ തച്ചുടക്കാനും ക്ഷമ കൊണ്ടു കഴിയുന്നു. 

നിങ്ങളൊരു മിഥ്യാബോധത്തിലാകുന്നു. അല്ലാഹുവെക്കുറിച്ചും അവന്റെ ദൂതന്മാരെക്കുറിച്ചും പുണ്യാത്മാക്കളെക്കുറിച്ചുമെല്ലാം നിങ്ങള്‍ അജ്ഞരാകുന്നു. പരിത്യാഗം വാദിക്കുന്നുവെങ്കിലും യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ ഇഹലോക മോഹികളാകുന്നു. യജമാനനായ അല്ലാഹുവിലേക്കുള്ള തീവ്രാഭിലാഷം വെടിഞ്ഞ് ഇഹലോകാസക്തനാവാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു? നന്നായി ആലോചിക്കുക. സല്‍സ്വഭാവങ്ങള്‍ വളര്‍ത്തിയെടുക്കുകയും ചെയ്യുക. എങ്കില്‍ എനിക്കു നിങ്ങളെ അല്ലാഹുവിന്റെ വാതിലപ്പടിയിലേക്കു വഴികാട്ടാനും അഹങ്കാരത്തിന്റെ ഉടയാടകളുരിഞ്ഞ് വിനയത്തിന്റെ വസ്ത്രമണിയിക്കാനും കഴിഞ്ഞേക്കും.  

വിവ: വി. ബഷീര്‍


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20 / ത്വാഹാ/ 71-73
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം