Prabodhanm Weekly

Pages

Search

2014 ഏപ്രില്‍ 25

ബഹ്‌റൈന്‍ വത്കരണം മലയാളികള്‍ക്ക് തിരിച്ചടി

ജമാല്‍ ഇരിങ്ങല്‍ /കവര്‍സ്‌റ്റോറി

         പുരാതന കാലം മുതലേ മനുഷ്യവാസമുണ്ടായിരുന്ന രാജ്യമാണ് ബഹ്‌റൈന്‍. പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ ഈ രാജ്യത്തിനുള്ള നയതന്ത്രപ്രധാനമായ സ്ഥാനം കാരണം അസീറിയന്‍, ബാബിലോണിയന്‍, പേര്‍ഷ്യന്‍, അറബ് വംശജര്‍ ഈ രാജ്യത്തെ സ്വന്തം അധീനതയില്‍ നിര്‍ത്താന്‍ കിണഞ്ഞ് ശ്രമിച്ചിരുന്നു. മെസൊപൊട്ടേമിയന്‍ നാഗരികതയില്‍ ഡില്‍മന്‍ എന്ന പ്രദേശവുമായി ബഹ്‌റൈന് കച്ചവടബന്ധങ്ങളുണ്ടായിരുന്നതായി കരുതപ്പെടുന്നു. ജനസംഖ്യയില്‍ മൂന്നില്‍ രണ്ടും അറബികളാണ്. ഇതില്‍ ചെറിയൊരു ശതമാനം ഒമാന്‍, സുഊദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഈജിപ്ത്, സിറിയ തുടങ്ങിയ അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരും ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും ഇവിടെ വളരെ സാഹോദര്യത്തോടെയും ഐക്യത്തോടെടെയും താമസിച്ചുവരുന്നു. 

ലോകത്തെങ്ങുമുള്ള പ്രവാസികള്‍ പൊതുവേ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ ബഹ്‌റൈനിലുള്ള പ്രവാസികളും ഏറ്റക്കുറച്ചിലോടെ അനുഭവിക്കുന്നുണ്ട്. താരതമ്യേന ഇതര ജി.സി.സി രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രവാസികളേക്കാളും മെച്ചപ്പെട്ട അവസ്ഥയാണ് ഇവിടെയുള്ളവര്‍ക്കുള്ളത്. ഭരണകൂടം പ്രവാസികളുടെ അധ്വാനത്തെ ഏറെ വിലമതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. അവര്‍ രാജ്യപുരോഗതിയുടെ മാര്‍ഗത്തില്‍ അര്‍പ്പിച്ചുകൊണ്ടിരിക്കുന്ന സംഭാവനകളെ ശ്ലാഘിക്കാനും പിശുക്ക് കാണിക്കാറില്ല. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാര്‍ സ്വന്തം രാജ്യത്ത് അനുഭവിക്കുന്ന പോലെയുള്ള സ്വാതന്ത്ര്യം ഇവിടെ അനുഭവിക്കുന്നുണ്ട്. ഒരു വിദേശ രാജ്യത്താണ് താമസിക്കുന്നതെന്ന് പോലും പലപ്പോഴും അനുഭവപ്പെടാറില്ല. മലയാളി സംഘടനകളുടെ പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും കാണുമ്പോള്‍ നാട്ടിലെത്തിയ പ്രതീതിയാണുണ്ടാവാറ്. 

ഇങ്ങനെയൊക്കെയാണെങ്കിലും ചില പ്രതിസന്ധികളും പ്രയാസങ്ങളും അവര്‍ അനുഭവിക്കുന്നുണ്ട് എന്നതും ഒരു യാഥാര്‍ഥ്യമാണ്. പ്രത്യേകിച്ച് രാജ്യത്ത് ഈയിടെയുണ്ടായ രാഷ്ട്രീയ അസ്വാരസ്യങ്ങള്‍ക്ക് ശേഷം. അതില്‍ ഒന്നാണ് ഇതര ജി.സി.സി രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ വേതനനിരക്ക് കുറവാണ് എന്നത്. വിദഗ്ധ-അവിദഗ്ധ തൊഴില്‍ മേഖലകളിലും ഇത് കാണപ്പെടുന്നുണ്ട്. മറ്റു ഗള്‍ഫ് രാജ്യങ്ങളേക്കാള്‍ ജീവിത ചെലവ് ഇവിടെ കുറവാണെങ്കിലും അവശ്യസാധനങ്ങളുടെ വിലക്കയറ്റം പ്രശ്‌നമാണ്. ഭക്ഷ്യ വസ്തുക്കള്‍, വസ്ത്രം, പഠനചെലവ്, ഇതര നിത്യോപയോഗ സാധനങ്ങള്‍ എന്നിവക്കൊക്കെ പണ്ടത്തേക്കാള്‍ വില വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, ഈ അനുപാതത്തിനനുസരിച്ച് വേതനം അധികരിച്ചില്ല. എടുക്കുന്ന ജോലിക്ക് ചിലപ്പോഴൊക്കെ വേതനം ലഭിക്കാതിരിക്കുകയോ മാസങ്ങള്‍ അനവധി കഴിഞ്ഞ് ലഭിക്കുകയോ ചെയ്യുന്നതും ഇവിടെ പതിവാണ്. മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലുടമകള്‍ ധാരാളമുള്ള നിര്‍മാണ മേഖലയിലാണ് ഈ പ്രശ്‌നം കൂടുതലായി കണ്ടുവരുന്നത്. നാട്ടില്‍ നിന്നും ഭീമമായ തുക വിസക്ക് വേണ്ടി കൈപ്പറ്റിയ ഇവര്‍  വാഗ്ദാനം ചെയ്ത വേതനം കൃത്യമായി നല്‍കാതിരിക്കുകയാണ്. എല്‍.എം.ആര്‍.എക്ക് നല്‍കേണ്ട പത്ത് ദീനാറും നാട്ടിലേക്കുള്ള ടിക്കറ്റും, വിസ മാറ്റി അടിക്കാനുള്ള കാശും ഒക്കെ ഈ പാവങ്ങള്‍ തങ്ങളുടെ തുഛമായ ശമ്പളത്തില്‍ നിന്നുമാണ് കൊടുക്കേണ്ടത്. ജോലിസ്ഥലത്ത് നിന്നും ഉണ്ടാവുന്ന അപകടങ്ങള്‍ക്ക് പോലും പലപ്പോഴും ഈ ഹതഭാഗ്യര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാറില്ല. രാജ്യത്തെ തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി രൂപം കൊടുത്ത ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ കൃത്യവും പ്രശംസനീയവുമായ ചില ഇടപെടലുകളിലൂടെ തൊഴില്‍ രംഗത്തുള്ള ഇത്തരം ചൂഷണങ്ങള്‍ പണ്ടത്തേതിനേക്കാളും കുറച്ചൊക്കെ ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്.

ഇടക്കാലത്ത് ബഹ്‌റൈനിലുണ്ടായ രാഷ്ട്രീയപ്രശ്‌നങ്ങളെ തുടര്‍ന്ന് രാജ്യത്ത് വ്യാപാരമാന്ദ്യം അനുഭവപ്പെടുന്നുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളുടെയും ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെയും കടന്നുകയറ്റവും മലയാളികളായ പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. ഹോട്ടല്‍, റെസ്റ്റോറന്റ്, കോള്‍ഡ് സ്റ്റോര്‍, ടെക്സ്റ്റയില്‍-ഫൂട്ട്‌വേര്‍ തുടങ്ങിയ മേഖലയിലുള്ളവര്‍ക്കാണ് കൂടുതല്‍ പ്രയാസം അനുഭവിക്കേണ്ടി വന്നത്. ഇടത്തരക്കാരായ പല സംരംഭകരും ഇതിനകം കാലിടറി വീണു. ചിലര്‍ തൊഴിലാളികളുടെ എണ്ണം കുറച്ചും മറ്റും പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെടുന്നു. പുതിയ പ്രോജക്ടുകള്‍ ഏറ്റെടുക്കാനും പല സംരംഭകരും മടിച്ചുനില്‍ക്കുകയാണ്.

പ്രവാസികളുടെ മറ്റൊരു പ്രശ്‌നമാണ്, വിവിധ കേസുകളില്‍ കുടുങ്ങി വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടിവരുന്നു എന്നത്. ഇതില്‍ പലരും സ്‌പോണ്‍സര്‍മാരുടേയോ ശത്രുക്കളുടെയോ ഭാഗത്ത് നിന്നും ഉണ്ടായ കള്ളക്കേസുകളില്‍ കുടുങ്ങിയവരാണ്. കോടതി വിധിക്കുന്ന ഭീമമായ പിഴ അടക്കാന്‍ കഴിയാതെ കാലങ്ങളായി ജയിലിനകത്ത് കഴിയുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്. ഇവര്‍ക്കൊരിക്കലും ജയിലിനകത്ത് നിന്നും തങ്ങള്‍ക്ക് ആവശ്യമായ പിഴസംഖ്യ സ്വരൂപിക്കാന്‍ സാധിക്കില്ല. ഒരു പക്ഷേ ഉപാധികളോടെ ഇവരെ പുറത്ത് വിടുകയാണെങ്കില്‍ ഇവര്‍ക്ക് എങ്ങനെയെങ്കിലും ഈ സംഖ്യ അധ്വാനിച്ചുണ്ടാക്കാനും അതുവഴി കേസിന്റെ ഊരാക്കുടുക്കില്‍ നിന്ന് മോചിതരാകാനും സാധ്യമായേക്കും. വര്‍ഷങ്ങളായി യാത്രാനിരോധം ഉള്ളവരും ഇവിടെയുണ്ട്. 

മലയാളികളുടെ പൊതുസ്വഭാവമാണ് മറ്റുള്ളവരുടെ അനുഭവങ്ങളില്‍ നിന്ന് ഒരിക്കലും അവര്‍ പാഠം പഠിക്കുകയില്ല എന്നത്. തങ്ങളുടെ വരുമാനത്തേക്കാള്‍ കൂടുതലായി അവര്‍ എന്നും പണം ചെലവഴിച്ചുകൊണ്ടിരിക്കും. അതിനായി പലപ്പോഴും  വഴിവിട്ട സമ്പാദ്യമാര്‍ഗം തെരഞ്ഞെടുക്കുകയോ പലിശയുമായി ബന്ധപ്പെടുകയോ ചെയ്യുന്നു. അനധികൃത കച്ചവടങ്ങളിലും സംരംഭങ്ങളിലും വളരെ അപൂര്‍വം ചിലര്‍ നിയവിരുദ്ധ മദ്യവില്‍പനയിലും ഏര്‍പ്പെടുന്നു. കള്ള ടാക്‌സി ബിസിനസ് നടത്തുന്നവരിലും മലയാളികളുണ്ട്. ഇത്തരം ഏര്‍പ്പാടുകളില്‍ പോലീസിന്റെ പിടിയിലായി വര്‍ഷങ്ങളോളം ജയിലില്‍ കിടക്കേണ്ടി വരുന്നവരും വിരളമല്ല. പലിശ രാജാക്കന്മാരും മലയാളികളെ ശരിക്കും ചൂഷണം ചെയ്യുന്നുണ്ട്. അത്യാവശ്യത്തിനോ ആര്‍ഭാടത്തിനോ കച്ചവടത്തിനോ ഒക്കെ ചെറിയ സംഖ്യയും ഭീമമായ സംഖ്യയും പലിശക്കെടുക്കുന്നവരുണ്ട്. മുതലും പലിശയും പിഴ പലിശയും കൊടുത്തിട്ടും അവസാനം സ്വന്തം കിടപ്പാടം വരെ ഈ മാഫിയക്ക് എഴുതികൊടുക്കേണ്ട അവസ്ഥ പലര്‍ക്കുമുണ്ടായിട്ടുണ്ട്. പല തൊഴിലാളികളുടെ ബാങ്ക് എ.ടി.എം കാര്‍ഡുകള്‍ ഈ പലിശ രാജാക്കന്മാരുടെ കൈകളിലാണ്. നൂറ് ദീനാറിന് മാസത്തില്‍ എട്ടും പത്തും ദീനാറാണ് പലിശ ഈടാക്കുന്നത്. 

ഗവണ്‍മെന്റ് എല്ലാ മേഖലയിലും ബഹ്‌റൈന്‍വത്കരണം നടത്തുന്നതും മലയാളികള്‍ക്ക് തിരിച്ചടിയാണ്. ഇതു മുഖേന രാജ്യത്തുള്ള നിരവധി തൊഴില്‍ അവസരങ്ങള്‍ വിദേശികള്‍ക്ക് നഷ്ടപ്പെടുകയുണ്ടായി. ബഹ്‌റൈനികള്‍ വിദ്യാഭ്യാസപരമായി ഏറെ മുന്നോട്ട് കുതിക്കുകയും പ്രഫഷണല്‍ രംഗത്ത് കൂടുതല്‍ വൈദഗ്ധ്യം നേടുകയും ചെയ്തുകഴിഞ്ഞു. ഐ.ടി, മെഡിസിന്‍, എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ് തുടങ്ങിയ ഉന്നത തൊഴില്‍ മേഖലയിലേക്ക് ആവശ്യമായ വിദഗ്ധരെ നല്‍കാന്‍ നിലവില്‍ ബഹ്‌റൈന്‍ പ്രാപ്തമാണ്. ഇതുമൂലം ഈ രംഗത്ത് മലയാളികള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്നില്ല. 

കെട്ടിടനിര്‍മാണം, വീട്ടുജോലി, കടകളിലും മറ്റുമുള്ള തൊഴില്‍, ഓഫീസ് ബോയ് എന്നീ മേഖലകളില്‍ കൂടുതലായി ബഹ്‌റൈനികള്‍ എത്തിയിട്ടില്ല. എന്നാല്‍ തുഛമായ വേതനത്തിന് നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ഇത്തരം ജോലികള്‍ക്ക് സന്നദ്ധരാണ്. ഈ മേഖലകളിലെ തൊഴിലാളികള്‍ക്ക് തങ്ങളുടെ റൂം വാടകയും ഭക്ഷണവും ഫോണ്‍ വിളിയും കഴിഞ്ഞാല്‍ പിന്നെ കാര്യമായൊന്നും കൈയില്‍ ബാക്കിയുണ്ടാവില്ല. അതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും രണ്ട് വര്‍ഷം ഇവിടെ പിടിച്ചുനില്‍ക്കുകയും പിന്നീട് എന്നേക്കുമായി ബഹ്‌റൈനിനോട് വിട പറയുകയും ചെയ്യുന്നവരും ധാരാളമുണ്ട്. മറ്റു രാജ്യങ്ങളേക്കാള്‍ ബഹ്‌റൈനില്‍ സ്വാതന്ത്ര്യം അനുവദിക്കുന്നത് ചിലയാളുകള്‍ ദുരുപയോഗം ചെയ്യുന്നുമുണ്ട്. മലയാളികളില്‍ തന്നെ ചിലയാളുകള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ടുപോവുന്നുണ്ട്. ചിലര്‍ പെണ്ണ് കേസിലും പെടുന്നു. ഇതുവഴി പല കുടുംബങ്ങളാണ് നിത്യദുരിതത്തിലകപ്പെടുന്നത്. 

പൊതുവെ പറഞ്ഞാല്‍ മലയാളികളില്‍ നിന്ന് നല്ലൊരു വിഭാഗം ഇവിടെ നിന്ന് കൊഴിഞ്ഞ് പോയ്‌ക്കൊണ്ടിരിക്കുന്നു. എന്നാല്‍ പണ്ടത്തെ പോലെയുള്ള ഒഴുക്ക് കേരളത്തില്‍ നിന്ന് ഇവിടേക്കില്ല എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. നാട്ടില്‍ തന്നെ നല്ല വരുമാനം ലഭിക്കുന്നതും ഇതര ഗള്‍ഫ് നാടുകളില്‍ ഇവിടത്തെക്കാളും നല്ല വേതനം ലഭിക്കുന്നതുമായിരിക്കാം അതിന്റെ കാരണം.  


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20 / ത്വാഹാ/ 71-73
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം