വേര്‍പാടിന്റെ വേദനയറിയുമ്പോള്‍
മരണം, നിത്യേന കേട്ടുകൊണ്ടിരിക്കുന്ന നിസ്സംഗമായ ഒരു പ്രയാണം. ജീവിതത്തിന്റെ അനിവാര്യമായ ഒരു യാത്രാപഥം. എന്നാല്‍ ചില മരണങ്ങള്‍ ഉള്ളുലക്കുന്ന തീക്ഷ്ണാനുഭവങ്ങളായി മാറുന്നു. പ്രത്യേകിച്ചും നിനച്ചിരിക്കാതെയെത്തുന്ന വേളകളില്‍ (മരണത്തിന് നിശ്ചിത കാലഗണനയൊന്നുമില്ലെങ്കിലും). അത്തരത്തിലുള്ള ഒരു വേര്‍പാടായിരുന്നു ഈയിടെ ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ പ്രിയ സുഹൃത്തും കെ.ഐ.ജി റൗദ യൂനിറ്റ് പ്രസിഡന്റുമായിരുന്ന സഹോദരന്‍ മുജീബ് എടവണ്ണയുടേത്.
മമ്പാട് എം.ഇ.എസ് കോളേജിലെ ബിരുദ പഠന കാലഘട്ടത്തിലാണ് മുജീബുമായി പരിചയപ്പെടുന്നത്. കോളേജിലെ സാംസ്‌കാരിക രംഗത്തും കോളേജ് ഇലക്ഷനിലുമെല്ലാം ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനം സജീവ സാന്നിധ്യമറിയിച്ച കാലഘട്ടം. പ്രസ്ഥാനത്തോട് അകലെ നിന്ന് അനുഭാവം പുലര്‍ത്തുന്നവരെപ്പോലും കണ്ടെത്തി അണിചേര്‍ത്തുകൊണ്ടിരിക്കുന്നതിന്റെ ഭാഗമായാണ് മുജീബിനെ തേടിപ്പിടിക്കുന്നത്. മറ്റൊരു വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ഭാഗമെങ്കില്‍ കൂടി ഞങ്ങളെ കാണുമ്പോള്‍ മുഖത്ത് തെളിയുന്ന ജാള്യതയും ഞങ്ങളോടുള്ള അടുപ്പവുമെല്ലാം അപ്പോഴേക്കും മുജീബിനെ ഞങ്ങളുടെ നിരന്തര ബന്ധത്തിലെ ഒരു കണ്ണിയാക്കി മാറ്റിയിരുന്നു. അങ്ങനെ ചിലപ്പോഴെല്ലാം യൂനിറ്റ് യോഗങ്ങളില്‍ സാന്നിധ്യമറിയിച്ച് മുജീബ് തന്റെ ദ്വയാംഗത്വവുമായി തുടര്‍ന്നുകൊണ്ടിരുന്നു.
കേവല ബന്ധങ്ങള്‍ക്കപ്പുറത്തേക്ക് മനസ്സിനെ പറഞ്ഞയക്കാന്‍ വിസമ്മതിച്ചിരുന്ന വിദ്യാര്‍ഥി കാലഘട്ടത്തില്‍ ഏതാണ്ടെല്ലാ ബന്ധങ്ങളും എം.ഇ.എസ്സിന്റെ കവാടം പിന്നിട്ടതോടെ വിസ്മൃതിയിലായി. പിന്നീട് പ്രവാസത്തിന്റെ തുടക്കത്തിലെ വിരക്തി കാലം കഴിഞ്ഞ് പ്രസ്ഥാന രംഗത്ത് സജീവമായിക്കൊണ്ടിരുന്ന നാളുകളിലാണ് മുജീബിനെ വീണ്ടും കാണുന്നത്. ഭാര്യാ സഹോദരന്‍ ജലീലുമായി മുജീബിനുണ്ടായിരുന്ന ആത്മബന്ധം, ജലീല്‍ പിന്നീട് പ്രസ്ഥാനത്തിലേക്ക് തട്ടകം മാറുന്നതോടെ മുജീബിന്റെ കടന്നുവരവിനും കാരണമാവുകയായിരുന്നു.
മലബാര്‍ വില്ലയുടെ യൗവനം തുളുമ്പുന്ന നാളുകളില്‍ മുജീബുള്‍പ്പെടെ ശക്തമായ യുവനിര അണിനിരന്ന യൂനിറ്റിലേക്കായിരുന്നു എന്റെ വരവ്. ആത്മബന്ധങ്ങളുടെ ആഴവും പരപ്പും വേണ്ടുവോളം അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്ത കാലം. ബന്ധങ്ങളുടെ വിശാലത യൂനിറ്റ് പ്രവര്‍ത്തകരും അവരുടെ കുടുംബങ്ങളും കടന്ന് നാട്ടിലെ കുടുംബങ്ങളിലേക്ക് പോലും വ്യാപിച്ചുകൊണ്ടിരുന്നു. വെക്കേഷന്‍ സമയത്തെ കുടുംബ സന്ദര്‍ശനങ്ങളിലൂടെ പരസ്പരം അറിയുകയും അടുക്കുകയും ചെയ്തുകൊണ്ടിരുന്നു. തീക്ഷ്ണമായ ജീവിതാനുഭവങ്ങളിലൂടെയായിരുന്നു ഈ സമയത്തെ അവന്റെ യാത്ര. സര്‍വതും പരസ്പരം പങ്കുവെക്കുന്നത്രയും വളര്‍ന്ന ബന്ധത്തിലൂടെ, മുജീബിനോളം പരീക്ഷണ ഘട്ടം താണ്ടുന്നവരായി അന്ന് ഞങ്ങളുടെ കൂട്ടത്തിലാരുമില്ലായിരുന്നുവെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവനോട് ഞങ്ങള്‍ക്കെല്ലാം വല്ലാത്തൊരനുകമ്പയായി. ചിലപ്പോഴെങ്കിലും ഒന്നിച്ചുചേര്‍ന്ന് ഒരു കൈത്താങ്ങാകാനും സാധിച്ചു. ഇക്കാരണത്താല്‍ തന്നെ ലൗകിക കാര്യങ്ങളിലെല്ലാം ഞങ്ങളെക്കാള്‍ ഒരല്‍പം പിറകിലായി അവന്റെ യാത്ര; പരിഭവങ്ങളൊന്നുമില്ലാതെ, എല്ലാം ഒരു പുഞ്ചിരിയിലൊതുക്കി.
കുടുംബ ജീവിതത്തിലേക്ക് ജംഷിയുടെ കടന്നുവരവും അല്‍പം കഴിഞ്ഞുണ്ടായ ജോലിമാറ്റവുമെല്ലാം മുജീബിനെ ജീവിതത്തിന്റെ ട്രാക്കിലേക്ക് കൊണ്ടുവരികയായിരുന്നു. ഒരു നിയോഗമെന്നോണം പിതാവിന്റെ ഭാഗധേയം ഏറ്റെടുത്ത് ഉമ്മയും സഹോദരിയും രണ്ട് സഹോദരന്മാരുമടങ്ങുന്ന കുടുംബത്തെ നയിച്ചിരുന്നത് അവനായിരുന്നു. അതുകൊണ്ടു തന്നെ ഞങ്ങളില്‍ പലരും ഇക്കാലത്തിനിടക്ക് ഒരല്‍പമെങ്കിലും സാമ്പത്തിക ഭദ്രത നേടിയപ്പോള്‍ അവന് കൈമുതലായുണ്ടായിരുന്നത് കുടുംബത്തിന്റെ കലര്‍പ്പില്ലാത്ത കൂട്ടും സ്‌നേഹവും സഹധര്‍മിണിയുടെ പിന്തുണയും മാത്രമായിരുന്നു. സ്വന്തമായ വീടെന്ന സ്വപ്നത്തിലേക്ക് തുഴയെറിയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായെങ്കിലും ഭാഗികമായെങ്കിലും പൂര്‍ത്തീകരിക്കാനായത് ഈയിടെ മാത്രമാണ്.
ചിലരെങ്കിലും മരണത്തെ മുന്‍കൂട്ടി കണ്ടെന്നപോലെ ചില മുന്നൊരുക്കങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ പതിവു പോലെ തീര്‍ത്തും സ്വാഭാവികമായ ഒരു ഓഫീസ് യാത്രയായിരുന്നു അവനെ സംബന്ധിച്ചേടത്തോളം അന്നു കാലത്തും. ജിദ്ദയില്‍ നിന്നും റാബഖിലേക്ക് ഓഫീസ് മാറിയതു മുതല്‍ കമ്പനിയൊരുക്കിയ യാത്രാ സംവിധാനത്തില്‍ സഹപ്രവത്തകര്‍ക്കൊപ്പമുള്ള യാത്രയില്‍ അപകട സാധ്യത വിരളവുമാണ്. എന്നാല്‍, നാഥന്റെ തീര്‍പ്പ് വന്നെത്തിയതു പോലെ പതിവില്‍ നിന്ന് മാറി ഓഫീസ് ട്രെയിനിംഗ് കാരണം അല്‍പം വൈകുകയും ഓഫീസില്‍ പരിചിതനായ ഒരു ഈജിപ്ഷ്യന്റെ വാഹനത്തില്‍ മറ്റു മൂന്നു പേരോടൊപ്പം മടങ്ങുകയുമായിരുന്നു. പിന്നീട് സംഭവിച്ച അപകടത്തില്‍ നാഥന്‍ അവനെ മാത്രം തിരിച്ചു വിളിക്കുകയും മറ്റുള്ളവരെ നിസ്സാര പരിക്കുകളോടെ ജീവിതത്തിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. ഓഫീസില്‍ നിന്നിറങ്ങും മുമ്പ് പ്രിയതമയുമായുള്ള സംസാരം തന്റെയവസാന വാക്കുകളാവുമെന്ന് രണ്ടു പേരും നിനച്ചില്ല.
ജീവിതത്തിന്റെ ആദ്യാവസാനം ഞങ്ങളില്‍ നിന്നെല്ലാം മാറി സഞ്ചരിച്ചു മുജീബ്. ഞങ്ങളാരുമനുഭവിക്കാത്ത ജീവിതാനുഭവങ്ങള്‍, പ്രവാസ ജീവിതത്തിലെ പ്രയാസ ഘട്ടങ്ങള്‍, നിറയൗവനത്തിലെ മടക്കം; ആ യാത്ര വ്യത്യസ്തമായിരുന്നു. അതുകൊണ്ടുതന്നെയാവാം സാമ്പ്രദായിക രീതികള്‍ക്കപ്പുറത്ത് അവനെ അവസാനമായി കാണാന്‍ പ്രിയ മാതാവിനും ജ്യേഷ്ഠ സഹോദരനും വിശുദ്ധ മണ്ണിലേക്കെത്താനായത്. വിശുദ്ധ ഹറമില്‍ ആയിരങ്ങള്‍ പങ്കുകൊണ്ട ജനാസ നമസ്‌കാരം, സമീപ കാലത്ത് വിദേശികള്‍ക്കപ്രാപ്യമായ മഖ്ബറ മഅ്‌ലായില്‍ ഹറമിന്റെ ചാരെ അന്ത്യവിശ്രമം; അതും വിദൂരതയില്‍ നിന്നു പോലും യാത്രയാക്കാനെത്തിയ സുഹൃത്തുക്കളുടെയും ബന്ധുമിത്രാദികളുടെയും അനേകം പ്രസ്ഥാന പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍.
പ്രിയ സഹോദരന്‍ ഓര്‍മിക്കാന്‍ ബാക്കിവെച്ച നന്മകളേറെയാണ്. പ്രയാസങ്ങളെ പുഞ്ചിരിയോടെ സമീപിക്കുകയും പതറാതെ നേരിടുകയും ചെയ്തു. ആദ്യാവസാനം ഒരു വലിയ കുടുംബത്തിന്റെ സംരക്ഷകനായതു തന്നെ അവന്റെ ജീവിതം ധന്യമാക്കാന്‍ മതിയായതാവും.
Comments