Prabodhanm Weekly

Pages

Search

2014 ഏപ്രില്‍ 25

നമ്മള്‍ രക്ഷിതാക്കളുടെ ശകാരങ്ങള്‍ കൊണ്ട് വഴിതെറ്റുന്ന കുട്ടികള്‍

ഡോ. ജാസിം അല്‍ മുത്വവ്വ /കുടുംബം

         മാതാപിതാക്കള്‍ അത്രയൊന്നും ഗൗനിക്കാതെ പറഞ്ഞുപോകുന്ന വാക്കുകള്‍ കുട്ടികളുടെ സ്വഭാവത്തെയും ജീവിതത്തെയും തകര്‍ക്കും. വാക്കുകളും വചനങ്ങളുമാണ് ശിക്ഷണത്തിന്റെ അടിത്തറ. നാം നമ്മുടെ മക്കളെ അഭിമുഖീകരിക്കുന്നത് സംസാരിച്ചുകൊണ്ടാണ്. അവരെ ഗുണദോഷിക്കുന്നത് സംസാരിച്ചാണ്. അവരെ പ്രോത്സാഹിപ്പിക്കുന്നതും പ്രകീര്‍ത്തിക്കുന്നതും സംസാരം കൊണ്ടുതന്നെ. വാക്കുകളിലൂടെയാണ് നാം അവരോടുള്ള കോപം പ്രകടിപ്പിക്കുന്നത്. ദേഷ്യപ്പെടുന്നതും വാക്കുകള്‍ ഉപയോഗിച്ചുതന്നെ. അപ്പോള്‍ കുട്ടികളെ ശിക്ഷണ പരിശീലനങ്ങള്‍ നല്‍കി നാം വളര്‍ത്തുന്നത് ഒന്നുകില്‍ സംസാരം കൊണ്ട്; അല്ലെങ്കില്‍ പ്രവൃത്തികൊണ്ട്. രണ്ടായാലും അത് സംസാരം തന്നെ. സംസാരം വാചികമാണെങ്കില്‍ പ്രവൃത്തി വാചികമല്ലാത്ത ആശയ സംവേദനമാണ്. ആകപ്പാടെ നോക്കുമ്പോള്‍ അടിസ്ഥാനം സംസാരമാണ്. ഇതിലാണ് ശിക്ഷണത്തിന്റെ പൊരുള്‍.

മക്കളുടെ വഴിവിട്ട ജീവിതത്തിനും വ്യതിയാനങ്ങള്‍ക്കും മുഖ്യ കാരണം വാക്കുകളുടെയും സംസാരത്തിന്റെയും തെറ്റായ ഉപയോഗമാണെന്നാണ് എന്റെ അനുഭവങ്ങളില്‍നിന്ന് മനസ്സിലായത്. വീട്ടില്‍ നിന്ന് ഓടിപ്പോന്ന ഒരു യുവാവുമൊത്ത് എനിക്ക് ഇരിക്കേണ്ടിവന്നു. അവന്റെ പ്രശ്‌നം കേട്ടുകഴിഞ്ഞപ്പോള്‍ മനസ്സിലായത് പ്രശ്‌നക്കാര്‍ മാതാപിതാക്കളാണെന്നാണ്. അവരില്‍ നിന്ന് നിരന്തരം കേള്‍ക്കേണ്ടിവരുന്ന ചീത്ത വാക്കുകളും ശകാരങ്ങളുമാണ് ആ ചെറുപ്പക്കാരനെ വീടുവിട്ടോടാന്‍ പ്രേരിപ്പിച്ചത്. വഴിതെറ്റി നടന്ന ഒരു പെണ്‍കുട്ടിയും എന്നെ സമീപിക്കുകയുണ്ടായി. അവളുടെ നടപടിയില്‍ അവള്‍ തന്നെ സന്തുഷ്ടയല്ല. അവള്‍ക്ക് തൃപ്തിയുമില്ല. പക്ഷേ, വാക്കുകളാല്‍ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്ന മാതാപിതാക്കളെ ഒരു പാഠം പഠിപ്പിച്ച് പ്രതികാരം ചെയ്യണമെന്നേ അവള്‍ക്കുള്ളൂ. നാവിന്റെ വിപത്തുകള്‍ മക്കളുടെ ജീവിതം തകര്‍ക്കുന്നതെങ്ങനെയെന്ന് പഠിച്ച എനിക്ക് ചില കാര്യങ്ങള്‍ ആധികാരികമായി പറയാന്‍ കഴിയും:

1. കുട്ടികളെ മൃഗങ്ങളോട് ഉപമിച്ചുകൊണ്ടുള്ള ശകാരം. കഴുതേ, നായേ, കാളേ, ജന്തു, പോത്തേ മുതലായ പദങ്ങള്‍ കൊണ്ട് സംബോധന ചെയ്ത ശകാരം.

2. കുട്ടിയിലെ ദോഷവശങ്ങള്‍ സൂചിപ്പിച്ചുള്ള പദപ്രയോഗങ്ങള്‍: നീ ഭാഗ്യം കെട്ടവന്‍, നീ കള്ളന്‍, കോലം കെട്ട വിരൂപി, തടിമാടന്‍, കാട്ടുകള്ളന്‍, മുടന്തന്‍, കോങ്കണ്ണന്‍, ചട്ടുകാലി തുടങ്ങിയ നിന്ദാ വചനങ്ങള്‍. അവഹേളനം തീക്കട്ടയാണ്. അത് ഹൃദയത്തെ എരിയ്ക്കും.

3. മറ്റുള്ള കുട്ടികളുമായി താരതമ്യപ്പെടുത്തല്‍. കുട്ടിയുടെ സ്വത്വത്തെയും വ്യക്തിത്വത്തെയും അത് തകര്‍ക്കും. കാരണം ഓരോ കുട്ടിക്കുമുണ്ട് വ്യത്യസ്തമായ സിദ്ധിയും സ്വഭാവവും വാസനാ വിശേഷങ്ങളും. താരതമ്യം കുട്ടിയില്‍ ആത്മനിന്ദ വളര്‍ത്തും. ആത്മവിശ്വാസം തകര്‍ക്കും. ആരുമായിട്ടാണോ താരതമ്യം ചെയ്യുന്നത് അവരെ കുട്ടി വെറുത്തു തുടങ്ങും.

4. സോപാധിക സ്‌നേഹം. 'ഇങ്ങനെ ചെയ്താല്‍ ഞാന്‍ നിന്നെ സ്‌നേഹിക്കാം. ഇഷ്ടപ്പെടാം' എന്ന് പറയുമ്പോള്‍ കുട്ടിയുടെ മനസ്സില്‍ വളരുന്ന വിചാരം അങ്ങനെ ചെയ്തില്ലെങ്കില്‍ താന്‍ വെറുക്കപ്പെടുമെന്നോ സ്‌നേഹിക്കപ്പെടില്ലെന്നോ ആയിരിക്കും. ചെറുപ്പന്നേ കുടുംബത്തില്‍ വെറുക്കപ്പെട്ടവനായി കഴിഞ്ഞ തനിക്ക് വലുതായപ്പോള്‍ കുടുംബത്തോട് എന്തിന് പ്രതിബദ്ധത വേണം എന്ന് അവന്‍ ചിന്തിച്ചുതുടങ്ങും. ഇങ്ങനെ വളരുന്ന മക്കള്‍ മാതാപിതാക്കളെ വിട്ട് വല്യുപ്പയുടെയോ വല്യുമ്മയുടെയോ അടുത്ത് സ്‌നേഹം തേടിയെത്തുന്നതായാണ് അനുഭവം. കാരണം അവരുടെ സ്‌നേഹം നിരുപാധികമാണല്ലോ.

5. മനോവീര്യം തകര്‍ക്കുന്ന വാക്കുകള്‍: നിനക്ക് എത്ര പറഞ്ഞാലും തിരിയില്ല, മിണ്ടാതിരിക്ക് ശൈത്താനേ, നിന്നെക്കൊണ്ട് ഒരു ഗുണവുമില്ല, നിന്നെ പോറ്റിയ നേരം കൊണ്ട് പത്ത് വാഴ വെച്ചാല്‍ മതിയായിരുന്നു തുടങ്ങിയ നിന്ദാവചനങ്ങള്‍ കുട്ടിയില്‍ നിരാശാ  ബോധം ഉളവാക്കും. താന്‍ ഒന്നിനും പോന്നവനല്ലെന്ന തോന്നല്‍ അവന്റെ മനോവീര്യം തകര്‍ക്കും.

6. ഭീഷണി: അടിച്ചു നിന്റെ കാല് ഞാന്‍ മുറിക്കും, മുട്ട് തല്ലിയൊടിക്കും, അറുത്തു കളയും ഞാന്‍, സകലത്തിനെയും ചുട്ടുകൊന്ന് പിന്നെ ഞാനും ചാകും തുടങ്ങി താക്കീതിന്റെയും ഭീഷണിയുടെയും സ്വരത്തിലുള്ള സംസാരം.

7. എന്ത് പറഞ്ഞാലും ചോദിച്ചാലും ഒരു ന്യായീകരണവുമില്ലാതെ ഇല്ല, ഇല്ല, ഇല്ല എന്ന നിഷേധ രൂപത്തിലുള്ള വാക്കുകളുടെ നിരന്തര ഉപയോഗം.

8. ശാപോക്തികള്‍. നീ ചത്താല്‍ മതി, ശപിക്കപ്പെട്ടവന്‍, എവിടെ ചെന്നാലും ഗുണം പിടിക്കാത്തവന്‍ തുടങ്ങിയ വാക്കുകള്‍ നിരന്തരം കേള്‍ക്കുന്ന കുട്ടിയുടെ മനസ്സില്‍ ശപിക്കപ്പെട്ട നിര്‍ഭാഗ്യവാനാണ് താന്‍ എന്ന അധമ ബോധം വളരും.

9. മറ്റുള്ളവരുടെ മുമ്പില്‍ വെച്ച് വഷളാക്കലും അപമാനിക്കലും. കുട്ടികളുടെ കുറ്റങ്ങളും കുറവുകളും വൈകല്യങ്ങളും ദൗര്‍ബല്യങ്ങളും മറ്റുള്ളവരുടെ മുമ്പില്‍ വിളമ്പി അവരെ വഷളാക്കുന്നതും അപമാനിക്കുന്നതും വലിയ വിന വരുത്തിവെക്കും. താന്‍ അപഹസിക്കപ്പെടുന്നതും പരിഹാസ പാത്രമാവുന്നതും അഭിമാനബോധമുള്ള ഒരു കുട്ടിയും പൊറുക്കില്ല.

കൗമാര പ്രായം പിന്നിടുമ്പോഴേക്കും ഒരു കുട്ടി പതിനാറായിരത്തോളം ശകാരങ്ങളും തെറിവാക്കുകളും അസഭ്യങ്ങളും മാതാപിതാക്കളില്‍ നിന്ന് കേള്‍ക്കേണ്ടിവരുന്നു എന്നാണ് ഒരു പഠനം പറയുന്നത്. തന്റെ മനസ്സിന്റെ നിഘണ്ടുവില്‍ ഇങ്ങനെ ആയിരക്കണക്കില്‍ നിന്ദാ വാക്കുകളും വചനങ്ങളും സൂക്ഷിച്ചുവെക്കേണ്ട ഒരു കുട്ടി വലുതാകുമ്പോള്‍ എത്ര മാരകശേഷിയുള്ള നശീകരണായുധമായാണ് മാറ്റപ്പെടുക എന്നോര്‍ത്തു നോക്കൂ.

റസൂല്‍ വളരെ സംക്ഷിപ്തമായ വാക്കുകള്‍ നമ്മെ പഠിപ്പിച്ചത് എത്ര അര്‍ഥവത്തായ ആശയമാണ്! ''സത്യവിശ്വാസി ആക്ഷേപ വചനങ്ങള്‍ ചൊരിയുന്നവനോ ശപിക്കുന്നവനോ മ്ലേഛ വാക്കുകള്‍ മൊഴിയുന്നവനോ അസഭ്യം പറയുന്നവനോ അല്ല.'' കുട്ടിയുടെ വ്യക്തിത്വത്തെ തകര്‍ക്കുന്ന ഇത്തരം സംസാര രീതികള്‍ക്ക് പകരം നമുക്ക് അവരെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും പ്രശംസിക്കുകയും ആദരിക്കുകയും ചെയ്യുന്ന സംസാരം ശീലിക്കാം.

നല്ല വാക്കുകള്‍ ദാനത്തേക്കാള്‍ പ്രധാനമാണ്. അല്ലാഹു പറഞ്ഞു: ''നല്ല വാക്കും മാപ്പ് നല്‍കലുമാണ്, തുടര്‍ന്ന് വരുന്ന ഉപദ്രവമേല്‍പിക്കുന്ന ദാനധര്‍മത്തേക്കാള്‍ ഗുണകരമായിട്ടുള്ളത്.'' നാം നമ്മുടെ മക്കള്‍ക്ക് എല്ലാം നല്‍കുന്നു. ഭക്ഷണം, കളിക്കോപ്പുകള്‍, വിനോദം, വിദ്യാഭ്യാസം അങ്ങനെ എല്ലാം. പക്ഷേ, വാക്കുകള്‍ കൊണ്ട് നാം അവരെ തകര്‍ക്കുന്നു, നശിപ്പിക്കുന്നു. ഇത് ഖുര്‍ആനികാധ്യാപനത്തിനെതിരാണ്.

വീട്ടില്‍ ഉപയോഗിക്കുന്ന വാക്കുകളില്‍ നാം നല്ല കരുതലും ശ്രദ്ധയും പുലര്‍ത്തണം. കാരണം, വാക്കുകളുടെ പ്രതിഫലനം ഗുരുതരമാണ്. വിശുദ്ധ ഖുര്‍ആന്റെ ഉത്ഭവം വചനമാണ്. മനുഷ്യന്‍ ഇസ്‌ലാമില്‍ പ്രവേശിക്കുന്നത് വിശുദ്ധ വചനത്തോടെയാണ്. പുറത്തു പോകുന്നതും കുഫ്‌റിന്റെ വാക്കുകള്‍ കൊണ്ടുതന്നെ. വിവാഹ ജീവിതത്തില്‍ പ്രവേശിക്കുന്നത് നികാഹിന്റെ വചനങ്ങളോടെയാണ്. വിവാഹ ജീവിതം അവസാനിപ്പിക്കേണ്ടിവരുന്നതും മോചന വചനങ്ങളാലാണ്. അതിനാല്‍ വാക്കുകളെ നാം നിസ്സാരമായി കാണരുത്. വാവിട്ട വാക്കും കൈവിട്ട കല്ലും ഒരുപോലെയാണ്. രണ്ടും തിരിച്ചെടുക്കാനാവില്ല. രണ്ടിന്റെയും പ്രഹരശേഷി കടുത്തതാണ്; ചില ഘട്ടങ്ങളില്‍ മാരകവും. ആരിലാണ്, എവിടെയാണ് അവ പതിക്കുക എന്നാര്‍ക്കും പറയാന്‍ കഴിയില്ല. പതിച്ചാല്‍ എന്തെല്ലാം പ്രത്യാഘാതങ്ങളാണ് അവ ഉണ്ടാക്കുക എന്ന് പ്രവചിക്കാനും വയ്യ.  

വിവ: പി.കെ ജമാല്‍


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20 / ത്വാഹാ/ 71-73
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം