പ്രവാസത്തിന്റെ അടുപ്പവും പശിമയും ചോര്‍ന്നു പോകുന്നുവോ?
പ്രവാസികളുടെ ദുരിതങ്ങളും പ്രത്യാശകളും പതിറ്റാണ്ടുകളായി ചര്‍ച്ച ചെയ്യുന്നതാണ്. നൂറ്റാണ്ടുകളുടെ തന്നെ കഥകള്‍ ഈ ദുരിത-പ്രത്യാശ ജീവിതത്തിന് പറയാനുണ്ടാകും. ആരായിരിക്കും ആദ്യമായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറിയത് എന്നത് ഉത്തരം കിട്ടാതെ നില്‍ക്കുന്ന ചോദ്യം തന്നെയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ മലയാളികള്‍ കേരളത്തിന് പുറത്തേക്ക് കുടിയേറി തുടങ്ങിയിരുന്നു. 70കളിലാണ് ഗള്‍ഫിലേക്കുള്ള കുടിയേറ്റത്തിന് ആക്കം കൂടുന്നത്. എണ്‍പതുകളിലും 90 കളിലും ഗള്‍ഫ് രാജ്യങ്ങളിലേക്ക് മലയാളികളുടെ പ്രയാണം ശക്തിയാര്‍ജിക്കുന്നതാണ് നാം കാണുന്നത്. 2010 വരെ ഇത് നിര്‍ബാധം തുടരുകയും ചെയ്തു. ഗള്‍ഫ് രാഷ്ട്രങ്ങളിലെ തൊഴില്‍ മേഖലയില്‍ വന്ന മാറ്റം കാരണമായി പഴയത് പോലെയുള്ള തള്ളിക്കയറ്റം ഇപ്പോഴുണ്ടെന്ന് പറയാന്‍ കഴിയില്ല.
എന്നാല്‍ ഗള്‍ഫിലേക്ക് കുടിയേറിയ മലയാളികളില്‍ അധിക പേരും വിദ്യാഭ്യാസമുള്ളവരോ എന്തെങ്കിലും പ്രത്യേക തൊഴില്‍ അറിയുന്നവരോ ആയിരുന്നില്ല. സാമ്പത്തികമായും സാമൂഹികമായും ഏറെ പിന്നാക്കം നിന്നവരായിരുന്നു ഇവര്‍. വീട്ട് ഡ്രൈവര്‍മാരോ ചായക്കടകളില്‍ ഗ്‌ളാസ് കഴുകുന്നവരോ, മുനിസിപ്പാലിറ്റികളിലെ തൂപ്പുകാരോ മറ്റോ ആയിരുന്നു അവര്‍. മൂന്ന് വര്‍ഷത്തിലൊരിക്കലായിരുന്നു പലരും നാട്ടിലേക്ക് പോയിരുന്നത്. മരുഭൂമിയില്‍ മുടന്തി നടക്കാന്‍ വിധിക്കപ്പെട്ട ഒട്ടകത്തെ പോലെ അവര്‍ പലപ്പോഴും ഏന്തി വലിഞ്ഞ് ജീവിച്ചു. വീട്ടിലെയും നാട്ടിലെയും സകല ബാധ്യതകളും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ തലയിലേറ്റേണ്ടി വന്നവരായിരുന്നു അവര്‍. കുടുംബത്തില്‍ നടക്കുന്ന വിവാഹങ്ങളും, മറ്റ് പ്രത്യേക ചടങ്ങുകളുമെല്ലാം അവര്‍ക്ക് അന്യമായിരുന്നു. അടുത്ത ബന്ധുക്കളുടെ മരണാനന്തര ചടങ്ങുകളില്‍ പോലും സംബന്ധിക്കാന്‍ അവര്‍ക്ക് വിധിയുണ്ടായിരുന്നില്ല. എന്നാല്‍ നാട്ടില്‍ നടക്കുന്ന ഏത് കാര്യങ്ങളും നടത്തുന്നതിനുള്ള സാമ്പത്തിക ബാധ്യത ഇവരുടെ ചുമലില്‍ വീഴും. പരസ്പരം സ്‌നേഹിക്കാനും സഹജീവിയുടെ വേദന അറിയാനും അത് പരിഹരിക്കാനും ഇത്രമേല്‍ ആര്‍ദ്രത മുറ്റിയ ഒരു വിഭാഗം വേറെ ഉണ്ടായിരുന്നില്ല.
ഇവിടെ എങ്ങനെയാണ് അവര്‍ ജീവിക്കുന്നതെന്നോ എന്താണ് നാട്ടിലെ തൊഴിലെന്നോ അറിയാന്‍ ആര്‍ക്കും താല്‍പര്യം ഉണ്ടായിരുന്നില്ല. പണം കോരുന്ന ഏതോ ഒരു തുരുത്തിലാണ് അവരെന്ന് മാത്രം സാധാരണക്കാര്‍ വിശ്വസിച്ചു. ലോഞ്ച് വഴിയോ കപ്പല്‍ വഴിയോ ഇവിടെ എത്തിപ്പെട്ടാല്‍ അവന്‍ രക്ഷപ്പെട്ടൂവെന്ന് പൊതുജനം വിലയിരുത്തി. ഒരു പരിധി വരെ ഇതായിരുന്നു ശരിയും. മലബാറിലെ കുഗ്രാമങ്ങളില്‍ നിന്ന് ഇവിടെ എത്തിപ്പെട്ട എത്രയെത്ര സാധാരണക്കാരാണ് തങ്ങളുടെ നാടിന്റെ ഭാഗധേയം തന്നെ തിരുത്തിയെഴുതിയത്. വൈദ്യുതിയും വാഹനങ്ങളും ഇല്ലാതിരുന്ന പല ഭൂപ്രദേശങ്ങളും ഇന്ന് സമ്പൂര്‍ണ്ണ വികസിത പ്രദേശങ്ങളായി മാറിയിരിക്കുന്നു.
ഗള്‍ഫ് പ്രവാസത്തിന്റെ തുടക്കവും അതിന്റെ ശിഷ്ട ഫലങ്ങളുമാണ് മുകളില്‍ വിവരിച്ചത്. എന്നാല്‍ വര്‍ത്തമാന പ്രവാസിയുടെ ജീവിതത്തിലേക്ക് വരുമ്പോള്‍ അവനിലുണ്ടായ മാറ്റം ആരെയും അതിശയിപ്പിക്കുന്നത് തന്നെയാണ്. ഖത്തറിലെ പ്രവാസ ഭൂമികയില്‍ നിന്ന് കഴിഞ്ഞ കാലത്തെ പ്രവാസിയുടെ വളര്‍ച്ചയും തളര്‍ച്ചയും വിലയിരുത്തുകയും പുതിയ തലമുറയുടെ കടന്ന് കയറ്റം പഠന വിധേയമാക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ വലിയ അമ്പരപ്പാണ് അനുഭവപ്പെടുന്നത്. നാട്ടില്‍ നിന്ന് അയല്‍ക്കാരന്‍, സുഹൃത്ത് തുടങ്ങി ആരെങ്കിലുമൊക്കെ ഇവിടേക്ക് വരുന്നുണ്ടെന്ന് അറിഞ്ഞാല്‍ എന്തൊരു സന്തോഷമായിരുന്നു! സഹധര്‍മ്മിണിയുടെ കത്തുകളും അവള്‍ കൊടുത്തയച്ച പലഹാരങ്ങളും മറ്റ് വിഭവങ്ങളും കൈപ്പറ്റാനും അവന് താമസം, ജോലി എന്നിവ കണ്ടെത്താനുമുള്ള ഒരുക്കമായിരിക്കും ദിവസങ്ങളോളം. ഏതെങ്കിലും വിധേന അവനൊരു ജോലി കണ്ടെത്തും വരെ താമസവും ഭക്ഷണവും സുഹൃത്തുക്കളുടെ വക തികച്ചും സൗജന്യമാണ്. ഈ സൗജന്യം അനുഭവിക്കാത്തവര്‍ പഴയ കാല പ്രവാസികളില്‍ ആരുമുണ്ടാകില്ല. ഇങ്ങനെ ഇവിടെ എത്തിയവര്‍ കഠിനാധ്വാനം കൊണ്ട് ഉന്നതങ്ങളില്‍ എത്തിയ ചരിത്രം നിരവധിയാണ്. എന്നാല്‍ വര്‍ത്തമാന കാലത്തെ പ്രവാസി, അവന്‍ ആധുനിക ഭാഷയില്‍ പറഞ്ഞാല്‍ ജീവിക്കാന്‍ പഠിച്ചവനാണ്. കൃത്യമായ കണക്ക് കൂട്ടലുകളും കാഴ്ചപ്പാടുകളും അവനുണ്ട്. വിദ്യാഭ്യാസവും തൊഴില്‍ നേടിയെടുക്കാന്‍ കഴിയുമെന്ന ധൈര്യവുമുണ്ട്. അവന്‍ വിമാനം കയറുന്നതിന് മുമ്പ് തന്നെ തന്റെ വഴികള്‍ അന്വേഷിച്ചിട്ടുണ്ടാകും. പലപ്പോഴും മറ്റുള്ളവരുടെ സഹവര്‍ത്തിത്വത്തെ ഇക്കൂട്ടര്‍ കാണുന്നത് ഒരു തരം വിമ്മിട്ടത്തോടെയാണ്. കഴിഞ്ഞ ദിവസം ജോലി തേടിയെത്തിയ അയല്‍ നാട്ടുകാരനായ യുവാവിനെ പരിചയപ്പെടാന്‍ ഇടയായി. ഇവിടെ എത്തിയിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് സര്‍ട്ടിഫിക്കറ്റുമായാണ് അവന്‍ എത്തിയിരിക്കുന്നത്. മുപ്പത്തഞ്ച് വര്‍ഷത്തോളമായി ഇവിടെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ തുപ്പുകാരനായി ജോലി ചെയ്യുന്ന പിതാവ് തന്റെ തുച്ഛമായ ശമ്പളം കൊണ്ടാണ് അവനെ പഠിപ്പിച്ചത്. പഠനത്തിന് ശേഷം നല്ലൊരു തൊഴില്‍ കണ്ടെത്തിയാല്‍ തനിക്ക് മടങ്ങി പോകാമെന്ന് ആ പിതാവ് തീര്‍ച്ചയായും വിചാരിക്കുന്നു. മകനൊരു ജോലി കണ്ടത്താനുള്ള തീവ്ര ശ്രമത്തിലാണ് അദ്ദേഹം. എന്നാല്‍ പുതിയ തലമുറയുടെ പ്രതീകമായ ഈ ചെറുപ്പക്കാരന്‍ ആ പിതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കുമോ?
ഖത്തര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സാമ്പത്തികമായി ഏറ്റവും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന രാജ്യമായി മാറിയിരിക്കുന്നു. ആളോഹരി വരുമാനത്തില്‍ വലിയ വര്‍ദ്ധനവാണ് ഈ വര്‍ഷവും രേഖപ്പെടുത്തിയിട്ടുള്ളത്. സാമ്പത്തികമായി കൈവരിച്ച വലിയ മുന്നേറ്റം ഖത്തറിലെ തൊഴില്‍ സാധ്യതകളെയും ഏറെ വികസിപ്പിച്ചിട്ടുണ്ട്. പെട്രോളിയം മേഖല മാത്രമല്ല പ്രകൃതി വാതകവും മറ്റ് വാണിജ്യ മേഖലകളും ഇവിടെ ഏറെ വികസിച്ച് വരികയാണ്. 2022 ലോക കപ്പ് ഫുട്ബാള്‍ ഖത്തറില്‍ നടക്കുമെന്ന സാധ്യത കൂടി ആയപ്പോള്‍ നിര്‍മാണ മേഖലയില്‍ വലിയ കുതിച്ച് ചാട്ടം തന്നെയാണ് നടക്കുന്നത്. ലോകോത്തര മാതൃകയില്‍ വലിയ വികസനമാണ് ഈ കൊച്ചു രാജ്യം സ്വപ്നം കാണുന്നത്.
ഈ വികസനം ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് നല്‍കുന്ന പ്രതീക്ഷയും ചെറുതൊന്നുമല്ല. തൊഴില്‍ മേഖലയുടെ വികസനം സ്വാഭാവികമായും പുതിയ തലമുറക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. എഞ്ചിനീയറിംഗ് മേഖലയോടൊപ്പം തന്നെ മറ്റ് അനുബന്ധ മേഖലകളും വികസിക്കുന്നൂവെന്നത് പ്രതീക്ഷക്ക് ആഴം വര്‍ദ്ധിപ്പിക്കുന്നു. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ലഭിക്കാത്ത വേതനവും ഖത്തറിലെ തൊഴില്‍ മേഖലയിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ കാരണമാണ്. ദുബൈ നേരിട്ടത് പോലുള്ള വലിയ പ്രതിസന്ധികള്‍ ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങളാണ് ഖത്തര്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്.
സുഊദി അറേബ്യയില്‍ വിദേശ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന നിതാഖാത്ത് പോലെയുള്ള വിഷയങ്ങള്‍ നിലവില്‍ ഖത്തറിലില്ല. എന്നാല്‍ തൊഴില്‍ ദാതാവിന്റെ കീഴില്‍ തന്നെ ജോലി ചെയ്യണമെന്ന നിയമം ഏറെക്കുറെ ഇവിടെ കര്‍ശനമാണ് താനും. ഇങ്ങനെ പിടിക്കപ്പെട്ടാല്‍ അന്‍പതിനായിരം റിയാല്‍ വരെയാണ് പിഴ നല്‍കേണ്ടത്. വിസയില്ലാതെ ഇവിടെ തൊഴിലെടുക്കുന്നവര്‍ തുലോം കുറവാണ്.
ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലും വലിയ മുന്നേറ്റത്തിനാണ് ഖത്തര്‍ ഒരുങ്ങുന്നത്. ഖത്തര്‍ ഫൗണ്ടേഷന് കീഴില്‍ നിലവില്‍ വന്ന വിവിധ വിദേശ യൂനിവേഴ്‌സിറ്റികളുടെ ശാഖകളില്‍ ഇന്ന് നിരവധി മലയാളി കുട്ടികള്‍ പഠനം നടത്തുന്നു. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന് കീഴിലെ ട്രെയിനിംഗ് കോഴ്‌സുകള്‍ മികവുറ്റവരെ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു.
ഖത്തറിന്റെ വളര്‍ച്ചയുടെയും വികസനത്തിന്റെയും പെരുമ പറയുമ്പോഴും സാധാരണ പ്രവാസിയുടെ പ്രതീക്ഷകള്‍ പലപ്പോഴും സ്വപ്നങ്ങളായി അവശേഷിക്കുകയാണ് ചെയ്യുന്നത്. രാജ്യത്തിന്റെ വികസനത്തിന് ചിറക് വെക്കുമ്പോള്‍ ചെറിയ ശമ്പളക്കാരായ സാധാരണക്കാര്‍ ജീവിതം മുമ്പോട്ട് നയിക്കാന്‍ പ്രയാസപ്പെടുകയാണ്. ഭക്ഷണ സാധനങ്ങളുടെ വില വര്‍ദ്ധനവ് മാത്രമല്ല വാടകയിലുണ്ടായ വലിയ വര്‍ദ്ധനവും കൂടിയായപ്പോള്‍ കിട്ടുന്ന ശമ്പളം ഇവിടെ തന്നെ ചെലവഴിക്കാന്‍ അവന്‍ നിര്‍ബന്ധിതനാവുകയാണ്. കുടുംബത്തോടൊപ്പം ഇവിടെ താമസിക്കുന്നവര്‍ക്ക് മക്കളുടെ വിദ്യാഭ്യാസ ചെലവ് കൂടിയാകുമ്പോള്‍ മാസാവസാനം കടം വാങ്ങേണ്ട അവസ്ഥ വരുന്നു. കുടുംബങ്ങളുമായി ഇവിടെ താമസിച്ചിരുന്ന പലരും അവരെ നാട്ടിലയക്കാനുള്ള ഒരുക്കത്തിലാണ്. കുട്ടികളുടെ വിദ്യാഭ്യാസം വലിയ ചെലവായി മാറിയ സാഹചര്യത്തില്‍ കുടുംബത്തോടൊപ്പമുള്ള ജീവിതം പ്രയാസകരമാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ കാല പ്രവാസികളില്‍ നിന്ന് ഭിന്നമായി കൈത്തൊഴില്‍ അറിയുന്ന തൊഴിലന്വേഷകന് ഖത്തറില്‍ ഇനിയും സാധ്യതകള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. പ്രത്യേക തൊഴിലൊന്നും അറിയാതെ ഇങ്ങോട്ട് വരുന്നവര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ തൊഴില്‍ സാധ്യത കുറവാണെന്ന കാര്യവും അറിഞ്ഞിരിക്കേണ്ടതാണ്.
മുന്‍കാല പ്രവാസികളിലുണ്ടായിരുന്ന സ്‌നേഹവും പരസ്പര ബന്ധവും പുതിയ പ്രവാസിയില്‍ നേര്‍ത്ത് പോയിരിക്കുന്നുവെന്ന് പറയാതെ വയ്യ. പ്രവാസി മലയാളിയുടെ സാന്നിധ്യം സഹജീവിയോടുള്ള നിസ്വാര്‍ഥ സ്‌നേഹമായിരുന്നു. കേരളത്തിന്റെ മിക്ക പ്രദേശങ്ങളിലും ഈ സ്‌നേഹത്തിന്റെ കയ്യൊപ്പ് ചെന്നെത്താതിരുന്നിട്ടില്ല. മഹല്ലുകളും സന്നദ്ധ സംഘടനകളും എന്തിനേറെ, രാഷ്ട്രീയ പാര്‍ട്ടികളും അന്നം മുട്ടാതെ ജീവിച്ച് പോകുന്നത് ഈ ഔദാര്യം കൊണ്ടല്ലെന്ന് പറയാന്‍ കഴിയുമോ? അതെ, പ്രവാസികള്‍ക്ക് ദിനംപ്രതി പ്രശ്‌നങ്ങള്‍ പെരുകുകയാണെങ്കിലും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നിരാലംബരുടെ നിലവിളിക്കും മുമ്പില്‍ അവര്‍ വാതായനം അടച്ച് പിടിക്കില്ല. മരുഭൂമിയിലെ കപ്പലെന്ന് വിശേഷിപ്പിക്കുന്ന ഒട്ടകത്തിന്റെ നന്മ ഇനിയും അവരില്‍ ബാക്കി നില്‍ക്കുന്നുവെന്നാണിത് തെളിയിക്കുന്നത്.
Comments