Prabodhanm Weekly

Pages

Search

2014 ഏപ്രില്‍ 25

അരനൂറ്റാണ്ടിനിപ്പുറവും പ്രവാസി ജനാധിപത്യത്തിന്റെ പടിക്ക് പുറത്ത് തന്നെ

കെ.സി.എം അബ്ദുല്ല /കവര്‍സ്‌റ്റോറി

         16-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നടപടികള്‍ പുരോഗമിക്കുമ്പോള്‍ രാജ്യത്തെ മറ്റ് പൗരന്‍മാര്‍ക്ക് ലഭിക്കുന്ന ന്യായമായ നീതിയും അവകാശവും നേടിയെടുക്കാനുള്ള നിയമപോരാട്ടത്തിലാണ് വിദേശരാജ്യങ്ങളില്‍ കഴിയുന്ന  ഇന്ത്യന്‍ പൗരന്‍മാര്‍. അടുത്ത അഞ്ച് വര്‍ഷത്തേക്ക് രാജ്യം ആര് ഭരിക്കണമെന്ന വിധിയെഴുത്തില്‍  ഇത്തവണയും ഒരു കോടിയിലധികം വരുന്ന പ്രവാസികള്‍ക്ക് കാഴ്ചക്കാരായി മാറി നില്‍ക്കേണ്ടിവന്നു. അനിവാര്യമായ കാരണങ്ങളാല്‍ സ്വന്തം നാട്ടില്‍നിന്ന് മാറിനില്‍ക്കേണ്ടിവന്ന സാഹചര്യത്തിലും രാജ്യത്തിന്റെ പുരോഗതിയിലും പ്രയാണത്തിലും നിര്‍മാണാത്മകമായ പങ്ക് വഹിക്കുന്ന ഒരുവിഭാഗം പൗരന്‍മാരുടെ പങ്കാളിത്തം നിഷേധിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ നിഷ്പക്ഷവും നീതിപൂര്‍വകവുമാണെന്ന് പറയാന്‍ സാധിക്കുമോ? 

പതിറ്റാണ്ടുകളായി പ്രവാസികള്‍ക്ക് വോട്ടവകാശം നിഷേധിച്ചുകൊണ്ട് ബോധപൂര്‍വമായ ഒരു തമസ്‌കരണമാണ് കേരളത്തിലെയും കേന്ദ്രത്തിലെയും രാഷ്ട്രീയപാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചുപോരുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ഫല പ്രഖ്യാപനം വരെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ രംഗം കൊഴുപ്പിക്കുന്നതിനും അതിനാവശ്യമായ സാമ്പത്തിക സ്രോതസ് കണ്ടെത്തുന്നതിനും പ്രവാസലോകത്തെ അണികളുടെയും പോഷക സംഘടനകളുടെയും സഹായം അവര്‍ക്ക് വേണം താനും. ഭരണ സംവിധാനങ്ങളെ സ്വാധീനിക്കുന്ന, നിയമനിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള മൗലിക അവകാശത്തില്‍നിന്ന് മാറ്റി നിര്‍ത്തുമ്പോഴും സ്വന്തം അണികളെ കൂടെ ഉറപ്പിച്ച് നിര്‍ത്താനും അവരുടെ സമയവും സമ്പത്തും ചോര്‍ത്തിയെടുക്കാനും നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കുമുള്ള മിടുക്കിന്റെ ഉദാഹരണം കൂടിയാണ് പ്രവാസലോകത്തെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗം. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷക ഘടകങ്ങളായും സാംസ്‌കാരിക വേദികളായും ഗള്‍ഫ് മേഖലയിലും യൂറോപ്യന്‍ നാടുകളിലും അനേകം പേരുകളിലുള്ള പ്രവാസി സംഘടനകള്‍ ഉണ്ടായിട്ടും പ്രവാസി വ്യവസായ പ്രമുഖനായ ഷംസീര്‍ വയലിലാണ് പ്രവാസികളുടെ വോട്ടവകാശമെന്ന ന്യായമായ ആവശ്യവുമായി ഇപ്പോള്‍ കോടതി കയറിയിരിക്കുന്നതെന്നതും ശ്രദ്ധേയം. 

16-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലൊന്നും സാധാരണക്കാരായ പ്രവാസികള്‍ ചര്‍ച്ചയായില്ല. അവര്‍ നേരിടുന്ന മൗലിക പ്രശ്‌നങ്ങള്‍ ഒന്നും ചര്‍ച്ചചെയ്യപ്പെടാതെയാണ് തെരഞ്ഞെടുപ്പ് മുന്നോട്ട് പോകുന്നതും. വോട്ട് നിഷേധവും, പാസ്‌പോര്‍ട്ട് ഫീസ് കുത്തനെ വര്‍ധിപ്പിച്ചതും, യാത്രാ ദുരിതവും, പ്രവാസി സര്‍വ്വകലാശാലയും, പ്രവാസി പുനരധിവാസവും, എന്തിനേറെ പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ നേരിടുന്ന കാലതാമസവും പഴയപടി തുടരുകയാണ്. തൊഴില്‍ രംഗത്ത് നേരിടുന്ന ചൂഷണങ്ങള്‍ക്കുള്ള പരിഹാരങ്ങളും ഗള്‍ഫ് ജയിലുകളില്‍ കഴിയുന്നവര്‍ക്കുള്ള നിയമ സഹായങ്ങളും എങ്ങുമെത്തിയില്ല. കഴിഞ്ഞ ദിവസം കേരളം കൊണ്ടാടിയ വിഷുദിനത്തില്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കേണ്ടിയിരുന്ന എയര്‍കേരള പ്രവാസികള്‍ക്ക് സര്‍ക്കാറില്‍നിന്ന് ലഭിച്ച ഒടുവിലത്തെ വാഗ്ദാനം മാത്രമായിരുന്നു. അഥവാ പ്രവാസികളുടെ ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും പരിഹാരം കാണാന്‍ കഴിയാതെയാണ് ഒരു തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞുപോകുന്നത്. വോട്ടവകാശം പോലും നിഷേധിക്കപ്പെട്ട ഒരു ജനതയുടെ രോദനം മുഖവിലക്കെടുക്കേണ്ടതില്ലെന്ന നിലപാടില്‍ രാഷ്ട്രീയ നേതൃത്വം ഉറച്ചുനില്‍ക്കുമ്പോള്‍ നിരായുധന്റെ നിസ്സഹായാവസ്ഥയാണ് പ്രവാസി അനുഭവിക്കുന്നത്. 

നിതാഖാത്ത് സമയത്ത് സുഊദി ഭരണകൂടം മുഴുവന്‍ പ്രവാസികള്‍ക്കും നല്‍കിയ ആനുകൂല്യങ്ങള്‍ പോലും സ്വന്തം കണക്കില്‍ വരവുവെക്കാനുള്ള പരിഹാസ്യമായ ശ്രമങ്ങളും ചില രാഷ്ട്രീയ നേതൃത്വങ്ങളില്‍നിന്നും അണികളില്‍നിന്നും പ്രവാസികള്‍ക്ക് കാണേണ്ടിവന്നു. പ്രവാസികള്‍ക്ക് ചെയ്തുകൊടുത്തെന്ന് പറയുന്ന ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിച്ച് ആവര്‍ത്തിക്കുന്നതിനപ്പുറം യഥാര്‍ഥ പ്രശ്‌നങ്ങള്‍ മാറ്റമില്ലാതെ തുടരുകയാണ്. രാഷ്ട്രീയ നേതൃത്വത്തിന് വിധേയപ്പെട്ട് കഴിയുന്ന മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗത്തിന് ഇത് ബോധ്യപ്പെടാതെ പോകുന്നുവെന്നതാണ് ഖേദകരം. യഥാര്‍ഥത്തില്‍ പ്രവാസികളുടെ പ്രശ്‌നപരിഹാരങ്ങള്‍ക്കുള്ള വലിയൊരു വിലങ്ങുതടിയും വിധേയരായി കഴിയുന്ന ഇത്തരം വ്യക്തികളും വേദികളുമാണ്. സ്വന്തം അസ്തിത്വവും നിലനില്‍പ്പും ചോദ്യംചെയ്യപ്പെടുമ്പോഴും നിലനില്‍പ്പിനുവേണ്ടി സംഘടിക്കാതെ നേതാക്കള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെക്കുന്നവരാണിവര്‍. കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരത്തില്‍ സര്‍വം മറന്ന് പ്രവര്‍ത്തിക്കുന്ന ഈ ഒരു വിഭാഗത്തിനപ്പുറം വലിയൊരു ജനസഞ്ചയം പ്രവാസ ലോകത്തുണ്ട്. 

സുഊദിയില്‍ മാത്രം ഇന്ത്യക്കാരുടെ എണ്ണം 28 ലക്ഷം കവിഞ്ഞതായാണ് കണക്കുകള്‍. ആശ്രിതരും മറ്റുമായി എണ്ണം ഇതിലേറെയാകാനാണ് സാധ്യത. ഗള്‍ഫിലാകെ പരന്ന് കിടക്കുന്ന ലക്ഷോപലക്ഷം വരുന്ന സാധാരണക്കാര്‍ക്ക് ഇന്ത്യയെകുറിച്ചും ഇന്ത്യയുടെ ഭാവിയെകുറിച്ചും സ്വന്തം പ്രശ്‌നങ്ങളെകുറിച്ചുമൊക്കെ കാഴ്ചപ്പാടും നിലപാടും ഉണ്ട്. പ്രവാസി പൊതുമനസ്സിന്റെ ഈ നിലപാട് നിലവിലുള്ള ജീര്‍ണമായ കക്ഷിരാഷ്ട്രീയത്തിനെതിരാണെന്ന തിരിച്ചറിവുകൊണ്ടാകാം എല്ലാ കാലത്തും എല്ലാ വിഭാഗം രാഷ്ട്രീയക്കാരും പ്രവാസികളുടെ കാര്യത്തില്‍ ഒന്നിക്കുന്നതിന്റെ മുഖ്യ കാരണം. അതോടൊപ്പം പ്രവാസി വോട്ടവകാശം യാഥാര്‍ഥ്യമായാല്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ബോധപൂര്‍വം അവഗണിച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ സാധിക്കാത്ത സാഹചര്യവുമുണ്ടായേക്കുമെന്ന ബോധ്യവും ഭീതിയും ഇവര്‍ക്കുണ്ടെന്ന് ഉറപ്പാണ്. അതുകൊണ്ട് സാധ്യമാകുന്നത്ര കാലത്തോളം ഈ നീതിനിഷേധം തുടരുക തന്നെയാകും നമ്മുടെ രാഷ്ട്രീയ നേതൃത്വം ചെയ്യുക. ഇതിലൂടെ ഒരു സമ്മര്‍ദ ശക്തിയായി മാറുന്നതില്‍നിന്ന് പ്രവാസികളെ തടഞ്ഞുനിര്‍ത്താന്‍ കഴിയും. 

പതിറ്റാണ്ടുകളായി തുടരുന്ന ഭരണകൂട അവഗണനകളെ നിയമപരമായി നേരിട്ട് അവകാശം നേടിയെടുക്കാന്‍ പ്രവാസികളില്‍ നിന്ന് ഇക്കാലമത്രയും കാര്യമായ ശ്രമം ഉണ്ടായിട്ടില്ല. പ്രവാസി സംഘടനകളുടെ അനൈക്യവും ദിശാബോധമില്ലായ്മയുമാണ് ഇതിന് മുഖ്യ കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാറിമാറി വരുന്ന തെരഞ്ഞെടുപ്പുകളിലൊന്നും പ്രവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആരും മുന്നോട്ട് വന്നില്ല. അതുകൊണ്ട് തന്നെയാണ് ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും പഴയ പ്രശ്‌നങ്ങള്‍ എക്കാലത്തും തുടരുന്നതും. പ്രാദേശിക റോഡ് വികസനങ്ങളുടെ  പേരില്‍ പോലും വോട്ട് ബഹിഷ്‌കരണവും സ്ഥാനാര്‍ഥി നിര്‍ണയവും നടക്കുന്ന ഒരു ഘട്ടത്തിലാണ് രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ലക്ഷക്കണക്കിന് പൗരന്‍മാരെ നിരായുധരാക്കി ഭരണകൂടം പുഛിക്കുന്നത്. ഇക്കാലമത്രയും പ്രവാസികളെ അരികുവല്‍ക്കരിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ വിജയിക്കുകയും ചെയ്തു. 

വോട്ടെടുപ്പ് പ്രക്രിയ തുടങ്ങിക്കഴിഞ്ഞതിനാല്‍ പ്രവാസികള്‍ക്ക് അവര്‍ താമസിക്കുന്ന സ്ഥലത്ത് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കാന്‍ കഴിയില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒടുവിലത്തെ വാദവും സുപ്രീം കോടതി അംഗീകരിച്ചതോടെ ഇത്തവണയും തെരഞ്ഞെടുപ്പ് പങ്കാളിത്തമെന്ന സ്വപ്നം യാഥാര്‍ഥ്യമായില്ല. എന്നാല്‍ പല ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കുന്ന ഇന്ത്യപോലുള്ള വലിയൊരു രാജ്യത്ത് തപാല്‍ വഴിയും ഓണ്‍ലൈന്‍ വഴിയുമൊക്കെ പ്രവാസലോകത്തെ ലക്ഷക്കണക്കിന് പൗരന്‍മാരെ ജനാധിപത്യ പ്രക്രിയയില്‍ അണിനിരത്താനാകുമായിരുന്നുവെന്നത് പകല്‍പോലെ വ്യക്തമാണ്. എന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് രേഖാമൂലം കോടതിയില്‍നിന്ന് ഒളിച്ചോടുകയായിരുന്നു. യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ സമീപനം ഇരട്ടത്താപ്പും തട്ടിപ്പുമാണെന്ന് തന്നെയാണ് പ്രവാസലോകത്തെ വലിയൊരു വിഭാഗം വിശ്വസിക്കുന്നത്. ശാസ്ത്ര സാങ്കേതിക രംഗം അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച ഇക്കാലത്ത്, ഇന്ത്യന്‍ ഭരണകൂടം സാങ്കേതിക തടസ്സങ്ങള്‍ ചൂണ്ടിക്കാണിച്ച് അരനൂറ്റാണ്ടിലേറെക്കാലമായി പ്രവാസികള്‍ക്ക് ജനാധിപത്യ അവകാശം അകാരണമായി നിഷേധിക്കുന്നതില്‍ പ്രതിഷേധിക്കാനും വേണമെങ്കില്‍ സര്‍ക്കാറിന് സൗകര്യം ഒരുക്കാവുന്നതേയുള്ളൂവെന്ന് ബോധ്യപ്പെടുത്താനും സുഊദിയിലും കുവൈത്തിലും ചില പ്രവാസി സംഘടനകളെങ്കിലും മുന്നോട്ട് വന്നത് അവസരോചിതമായി. ജിദ്ദയിലെ വാഴക്കാട്ടുകാരുടെ നേതൃത്വത്തിലുള്ള പ്രാദേശിക സംഘടനയായ  വാഴക്കാട് കള്‍ചറല്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതീകാത്മക വേട്ടെടുപ്പ് സംഘടിപ്പിച്ചത്. മലപ്പുറം ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥി ലിസ്റ്റ് മാനദണ്ഡമാക്കിയായിരുന്നു പ്രവാസലോകത്തെ തെരഞ്ഞെടുപ്പ്. വാഴക്കാട് ഗവ. യുപി സ്‌കൂളിലെ 386-ാം നമ്പര്‍ ബൂത്തും ഇതിനായി സജ്ജമാക്കി. വെല്‍ഫെയര്‍ കേരള കുവൈത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'പ്രവാസി പ്രതീകാത്മക ഓണ്‍ലൈന്‍ വോട്ടെടുപ്പ് 2014' നും പ്രവാസലോകത്ത് മികച്ച പ്രതികരണം ലഭിച്ചു. കേരളത്തിലെ മുഴുവന്‍ സീറ്റുകളിലും മല്‍സരിക്കുന്നവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരമാണ് വെല്‍ഫെയര്‍ കേരള കുവൈത്തില്‍ ഒരുക്കിയത്. നേരത്തെ കേരളത്തിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് സമാനമായ മാതൃക കാണിച്ച് ചേന്ദമംഗല്ലൂര്‍ പ്രവാസി അസോസിയേഷനും ഓണ്‍ലൈന്‍ വോട്ടിംഗിന്റെ സാധ്യത പൊതുസമൂഹത്തിനും സര്‍ക്കാറിനും മുന്നില്‍ വെച്ചിരുന്നു. ഭരണ നേതൃത്വത്തിലുള്ളവര്‍ മനസ് വെച്ചാല്‍ പരിഹരിക്കാവുന്നതാണ് തെരഞ്ഞെടുപ്പ് രംഗത്തെ പ്രവാസികളുടെ ആവശ്യങ്ങളെന്ന് വ്യക്തമാക്കാന്‍ ഇത്തരം പ്രതിഷേധ മുറകള്‍ക്ക്  കഴിഞ്ഞു.  ഇന്തോനേഷ്യയും ഫിലിപൈന്‍സും ഈജിപ്തുമുള്‍പ്പെടെയുള്ള നിരവധി  വിദേശരാജ്യങ്ങളില്‍നിന്നുള്ള പൗരന്‍മാര്‍ വോട്ടവകാശം വിനിയോഗിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളുടെ നേരനുഭവങ്ങളാണ്. ഇതിനായി  ഈ രാജ്യങ്ങള്‍ അതത് എംബസികളിലും മറ്റുമായി കുറ്റമറ്റ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഗള്‍ഫില്‍ 2003 മുതല്‍ പ്രവാസികള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ ഇന്തോനേഷ്യ അവസരമൊരുക്കുന്നുണ്ട്. ഇത്തവണ സുഊദിയിലെ ചെറിയ പ്രവിശ്യകളില്‍ പോലും വോട്ട് വിനിയോഗത്തിന് ഇന്തോനേഷ്യ അവസരമുണ്ടാക്കി. 

 ഇനി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പ്രവാസികള്‍ക്ക് അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന കോടതിയുടെ നിര്‍ദ്ദേശം ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ്. ഇതു സംബന്ധിച്ച വിദഗ്ധ റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ അവധി ലഭിക്കുക പ്രയാസമാണെന്നും വോട്ട് ചെയ്യാന്‍ പ്രവാസികള്‍ നാട്ടില്‍ വരണമെന്നത് അപ്രായോഗികമാണെന്നും കോടതി നിരീക്ഷിച്ചത് ശ്രദ്ധേയമാണ്. ഇക്കാര്യം പലതവണ പ്രവാസികള്‍ ജനപ്രതിനിധികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതാണ്.  എന്നാല്‍ തീരുമാനം കൈക്കൊള്ളേണ്ടവര്‍ അലംഭാവം കാണിക്കുകയായിരുന്നു. കോടതി നിര്‍ദേശം പാലിക്കുന്നതിലും നടപ്പിലാക്കുന്നതിലും വരാനിരിക്കുന്ന സര്‍ക്കാറിന്റെ നിലപാടും സമീപനവും പ്രസക്തമായിരിക്കും. ഒരു വിജഞാപനത്തിലൂടെയോ വേണമെങ്കില്‍ നിയമനിര്‍മ്മാണത്തിലൂടെയോ മറികടക്കാന്‍ കഴിയുന്ന ഒരു വിഷയമാണ് അരനൂറ്റാണ്ടിലേറെക്കാലമായി മാറിമാറി ഭരിച്ച സര്‍ക്കാറുകള്‍ തട്ടിക്കളിക്കുന്നത്. ആവശ്യത്തിനും അനാവശ്യത്തിനും നിയമനിര്‍മ്മാണം നടത്തുന്ന, കോര്‍പറേറ്റ് കമ്പനികളുടെയും വിദേശ രാജ്യങ്ങളുടെ പോലും സംരക്ഷണത്തിനും ലാഭത്തിനും നിയമത്തിന്റെ പഴുതുകളുപയോഗപ്പെടുത്തുന്ന നമ്മുടെ രാജ്യത്താണ് ഒരുവിഭാഗം പൗരന്‍മാരുടെ വോട്ടവകാശത്തിന് നിയമത്തിന്റെ പഴുതുകള്‍ തന്നെ തേടി ഭരണകൂടം തടസ്സം സൃഷ്ടിക്കുന്നതെന്ന് ഓര്‍ക്കുക. കോണ്‍ഗ്രസിന്റെയും ഘടകക്ഷിയായ മുസ്‌ലിം ലീഗിന്റെയും 200-ഓളം വരുന്ന അണികള്‍ സ്വന്തം കീശയില്‍നിന്ന് കാശുകൊടുത്താണ് ദുബൈയില്‍നിന്ന് വിമാനം കയറി നാട്ടിലെത്തി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്തത്. ഈ സമയത്ത് അവശേഷിക്കുന്ന ലക്ഷക്കണക്കിന് അണികള്‍ക്ക് രിയാദിലെയും ജിദ്ദയിലെയും യുഎഇയിലെയും ഇന്തോനേഷ്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ വോട്ട് ചെയ്യുന്ന ഇന്തോനേഷ്യന്‍ പ്രവാസികളെ നോക്കി നില്‍ക്കാനായിരുന്നു വിധി. ന്യൂനാല്‍ ന്യൂനപക്ഷമായ ഒരു വിഭാഗത്തിന് നാട്ടിലെത്തി വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചതിന്റെ ആഹ്ലാദത്തിലമര്‍ന്നവര്‍ക്ക് കൂടെയുളള ലക്ഷോപലക്ഷം അണികളുടെ ദുര്‍വിധിയോര്‍ക്കാന്‍ പോലും കഴിഞ്ഞില്ല. പത്ത് വര്‍ഷം യു.പി.എ തുടര്‍ച്ചയായി ഭരിച്ചിട്ടും പ്രവാസ ലോകത്തെ പോഷക ഘടകങ്ങള്‍ക്ക് എന്തുകൊണ്ട് ചെറുവിരലനക്കാന്‍ കഴിഞ്ഞില്ലെന്നതാണ് പ്രവാസികളുടെ ചോദ്യവും. കോടതി വ്യവഹാരങ്ങള്‍ നടക്കുമ്പോഴും പ്രവാസികളുടെ തെരഞ്ഞെടുപ്പ് പങ്കാളിത്തമെന്ന ചിരകാല സ്വപ്നത്തിന് തടസ്സം നില്‍ക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെയും ജനപ്രതിനിധികളുടെയും വിജയത്തിനായി വിയര്‍പ്പൊഴുക്കുന്ന ഇത്തരം കെട്ടുകാഴ്ച്ചകള്‍ തന്നെയാണ് പ്രവാസികള്‍ നേരിടുന്ന ദുരന്തവും. 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20 / ത്വാഹാ/ 71-73
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം