നിതാഖാത്ത്; <br>ഇരകളുടെ വ്യഥകള്‍
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം മുതല്‍ തന്നെ മലയാളികള്‍ അന്യ നാടുകളിലേക്ക് ജോലി തേടി പോയിരുന്നു. ശ്രീലങ്ക, മലായ, ബര്‍മ എന്നിവിടങ്ങളില്‍ അവര്‍ എത്തിപ്പെടാന്‍ കാരണമായത് അങ്ങനെയാണ്. 1960-കളുടെ ഒടുവിലും '70കളുടെ ആദ്യത്തിലും ഗള്‍ഫില്‍ പെട്രോള്‍ കണ്ടെത്തിയതോടെയാണ് ആ നാടുകളിലേക്കുള്ള മലയാളികളുടെ ദേശാടനം ആരംഭിച്ചത്. ആദ്യം യു.എ.ഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്കും '80കളുടെ ആദ്യത്തില്‍ സുഊദിയിലേക്കും മറ്റും ഈ ഒഴുക്ക് തുടര്‍ന്നു. '80-കളുടെ അവസാനമായപ്പോഴേക്കും സ്വദേശികള്‍ യൂനിവേഴ്‌സിറ്റികളില്‍ നിന്ന് ബിരുദമെടുത്ത് പുറത്ത് വരാന്‍ തുടങ്ങിയത് അവിദഗ്ധ പ്രവാസി തൊഴിലാളികളുടെ ജോലിയെ ബാധിച്ചു. രണ്ടായിരമായപ്പോഴേക്കും ഗള്‍ഫിലെ അമ്പതിലധികം വരുന്ന യൂനിവേഴ്‌സിറ്റികളില്‍ നിന്ന് വിദ്യാ സമ്പന്നരായ സ്വദേശികള്‍ പഠനം പൂര്‍ത്തിയാക്കി വന്നതോടെ സ്വദേശിവത്കരണം ശക്തിപ്പെട്ടു. യു.എ.ഇ, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളില്‍ ഇത് നേരത്തെ തുടങ്ങിയിരുന്നു. സുഊദിയിലും നിതാഖാത്ത് നേരത്തെ ആരംഭിച്ചിരുന്നുവെങ്കിലും പല കാരണങ്ങളാലും അത് ശക്തിയായി നടപ്പാക്കാന്‍ നിര്‍ബന്ധിതമായത് 2010- ന് ശേഷമാണ്. നിതാഖാത്തിനെക്കുറിച്ച് സുഊദിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു.
പല രാജ്യങ്ങളും ക്രിയാത്മകമായി ഇടപെടുകയും സുഊദി അധികൃതരെ കാര്യം ധരിപ്പിക്കുകയും ചെയ്തതിനാല്‍ ഇന്ത്യയിലെ തൊഴിലാളികളെ ബാധിച്ചതുപോലെ പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫലസ്ത്വീന്‍, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, ഈജിപ്ത്, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ നിതാഖാത്ത് ബാധിച്ചിട്ടില്ല. നിതാഖാത്തിന്റെ തീയതി നീട്ടി കൊടുത്തത് പോലും ഈ രാജ്യങ്ങളിലെ ഭരണാധികാരികള്‍ നേരിട്ട് ഇടപെട്ടതുകൊണ്ടായിരുന്നു.
സര്‍ക്കാറും എംബസിയും ഇന്ത്യക്കാരുടെ കാര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും ക്രിയാത്മകമായി ഇടപെടുകയും ചെയ്തിരുന്നെങ്കില്‍, ഇരകളുടെ എണ്ണം കുറക്കാന്‍ കഴിയുമായിരുന്നു. ഉദ്ദേശിച്ചത്ര പേര്‍ എന്നിട്ടും മടങ്ങാതിരുന്നതും പലര്‍ക്കും രേഖ ശരിയാക്കാന്‍ കഴിഞ്ഞതും പ്രവാസി ബിസിനസ്സുകാരുടെയും സംഘടനകളുടെയും സഹായവും ഇടപെടലും കാരണമായിട്ടായിരുന്നു.
സുഊദിയിലെ 20 ലക്ഷത്തോളം വരുന്ന മലയാളികളില്‍ ഏകദേശം അമ്പതിനായിരം പേരാണ് നിതാഖാത്ത് മൂലം മടങ്ങേണ്ടിവന്നത് എന്നതാണ് കണക്ക്. ഇവര്‍ക്ക് സര്‍ക്കാറും എംബസിയും രേഖ ശരിയാക്കാനും ടിക്കറ്റിനും പുനരധിവാസത്തിനും വന്‍ വാഗ്ദാനങ്ങളാണ് ചൊരിഞ്ഞത്.
യഥാര്‍ഥത്തില്‍ ഒരു സഹായവും എംബസികള്‍ ചെയ്തിട്ടില്ല. ഒരു ഉദ്യോഗസ്ഥനെയും അധികമായി നിയമിച്ചിട്ടില്ല. ഒരാള്‍ക്കും ടിക്കറ്റ് നല്‍കിയിട്ടുമില്ല. എല്ലാം ചെയ്തത് പ്രവാസി സന്നദ്ധ സംഘടനകളായിരുന്നു. മറ്റു പല രാജ്യങ്ങളും ഇതിനായി എംബസിയില്‍ പ്രത്യേക സെല്‍ തുറക്കുകയും ഓഫീസര്‍മാരെ നിയമിക്കുകയും ചെയ്തിട്ടുണ്ട് എന്ന് നാമറിയണം.
നിതാഖാത്ത് മൂലം മടങ്ങിയവരെ സ്വീകരിക്കാന്‍ പ്രത്യേക കൗണ്ടര്‍ പോലും എയര്‍പോര്‍ട്ടുകളില്‍ ഏര്‍പ്പെടുത്തിയില്ല. അതുകൊണ്ട് തന്നെ കൃത്യമായ എണ്ണവും അധികൃതരുടെ പക്കലില്ല. മറ്റു രാജ്യങ്ങള്‍ മടങ്ങിയവര്‍ക്ക് വലിയ പാക്കേജുകള്‍ പ്രഖ്യാപിച്ചപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളും ചില പാക്കേജുകള്‍ പ്രഖ്യാപിച്ചു.
ഇരകള്‍ കൂടുതല്‍ മലബാറില്‍ നിന്നുള്ളവരാണ്. പ്രത്യേകിച്ച് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്ന്. സോളിഡാരിറ്റി പോലുള്ള യുവജന സംഘടനകളും ചില പ്രാദേശിക കൂട്ടായ്മകളും നിതാഖാത്തിന്റെ ഇരകള്‍ക്കായി നടത്തിയ സംഗമങ്ങളില്‍ നൂറുക്കണക്കിനാളുകള്‍ പങ്കെടുത്തിരുന്നു. ഈ കൂട്ടായ്മകള്‍ പ്രഗത്ഭരെ പങ്കെടുപ്പിച്ച് പ്രായോഗിക പരിപാടികള്‍ ആസൂത്രണം ചെയ്തതിന്റെ ഫലമായി ഒറ്റക്കും കൂട്ടായും നിരവധി സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞു എന്നതല്ലാതെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമായിരുന്നു. വിവരങ്ങളറിയാന്‍ പ്രവാസി വകുപ്പിനെ സമീപിക്കുമ്പോള്‍ കലക്‌ട്രേറ്റിലും നോര്‍ക്ക ഓഫീസിലും വ്യവസായ വകുപ്പിലും ബന്ധപ്പെടാന്‍ പറഞ്ഞ് തടിതപ്പുകയായിരുന്നു.
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ കലക്‌ട്രേറ്റുകളില്‍ നിരവധി പേര്‍ ഇതിനകം ബന്ധപ്പെട്ടിട്ടുണ്ട്. ഒരു ഫോം പൂരിപ്പിച്ച് വാങ്ങും. ഒരു അച്ചടിച്ച കടലാസ് തരും. ഓഫീസില്‍ ചെന്നാല്‍ പുതിയ വിവരങ്ങളില്ല. വിളിച്ചാല്‍ മര്യാദക്ക് മറുപടിയും കിട്ടില്ല. പെരിന്തല്‍മണ്ണ സ്വദേശി സുഊദിയിലെ അറാറില്‍ നിന്നെത്തി ഒരു വര്‍ഷമായി. മലപ്പുറം കലക്‌ട്രേറ്റിലും നോര്‍ക്കയിലും മാറി മാറി കയറിയിറങ്ങി. പല പദ്ധതികളും പരിചയപ്പെടുത്തി. ഒന്നും യാഥാര്‍ഥ്യമായില്ല. അവസാനം അധികൃതര്‍ പറഞ്ഞത് 'നിങ്ങള്‍ക്കറിയുന്ന തൊഴില്‍ നിങ്ങള്‍ തന്നെ കണ്ടുപിടിക്കുന്നതാണ് നല്ലത്' എന്നായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞു. ഇപ്പോള്‍ അദ്ദേഹം നേരത്തെ അറിയാമായിരുന്ന പ്ലംബിംഗ് ജോലി സ്വന്തമായി തുടങ്ങി.
കോഴിക്കോട് ടൗണില്‍ താമസക്കാരനായ മുഹ്‌സിന്‍ നോര്‍ക്കയിലും കലക്‌ട്രേറ്റിലും മുട്ടാത്ത വാതിലുകളില്ല. ആയിരത്തിലധികം ചെറുകിട വ്യാപാരങ്ങളെ പരിചയപ്പെടുത്തിയെങ്കിലും എല്ലാം പലിശയുമായി ബന്ധപ്പെട്ട് കിടക്കുന്നു. മിക്കതും പരിചയമില്ലാത്ത വ്യവസായങ്ങള്‍. ഏതെങ്കിലും ഒന്ന് തുടങ്ങാന്‍ തീരുമാനിച്ചാലോ നിയമങ്ങളുടെ നൂലാമാലകള്‍. അവസാനം അദ്ദേഹം ടൗണിലെ പ്രധാന ഹോട്ടലുകളിലേക്ക് പൊറാട്ട, പത്തിരി, പലഹാരങ്ങള്‍ വിതരണം ചെയ്യുന്ന ഒരു ചെറു സംരംഭം സ്വയം തുടങ്ങുകയായിരുന്നു. സംഗമങ്ങളില്‍ പങ്കെടുത്തവര്‍ക്ക് അവിടെ നിന്ന് ലഭിച്ച ആത്മധൈര്യമായിരുന്നു ജീവിതായോധനത്തിന് സഹായകമായത്.
മലബാറില്‍ സ്വദേശിവത്കരണം മൂലവും നിതാഖാത്ത് കൊണ്ടും മടങ്ങിയവരെ സഹായിക്കാന്‍ 40-ലധികം കൂട്ടായ്മകളുണ്ട്. കലക്‌ട്രേറ്റിലും നോര്‍ക്കയിലും ചെന്ന് സമയം പാഴാക്കുന്നതിനെക്കാള്‍ ഈ കൂട്ടായ്മകളാണ് അവര്‍ക്ക് ധൈര്യം നല്‍കുന്നതും ചെറിയ സംരംഭങ്ങള്‍ നല്‍കാന്‍ പ്രേരണ നല്‍കുന്നതും. പുനരധിവാസ പദ്ധതികളും മറ്റു പദ്ധതികള്‍ പോലെ വൃഥാവിലാവുകയാണ്. നിതാഖാത്തിനിരയായി തിരിച്ചുവന്ന നിരവധി പേര്‍ അധികൃതരെ സമീപിക്കുന്നുണ്ടെങ്കിലും കൃത്യമായ വിവരം ലഭിക്കാതെ പ്രയാസപ്പെടുന്നു. നോര്‍ക്കയും പ്രവാസി വകുപ്പും ഒരു ധവളപത്രം ഇറക്കണമെന്നാണ് പ്രവാസി പ്രാദേശിക കൂട്ടായ്മകളുടെ ആവശ്യം.
വാല്‍കഷ്ണം: ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ പുനരധിവാസ പാക്കേജുകള്‍ക്കായി കോടിക്കണക്കിന് രൂപയാണനുവദിച്ചത്, സംരംഭങ്ങള്‍ തുടങ്ങാനും സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നേടി കൊടുക്കാനും പ്രത്യേക വകുപ്പും. അവിടെ നാടിന് വിദേശനാണ്യം നേടിത്തന്ന സവിശേഷ പൗരന്‍മാരായിട്ടാണ് പ്രവാസികളെ കാണുന്നത്. നമ്മുടെ നാടിന്റെ വികസനത്തിലും പുരോഗതിയിലും വന്‍ മുതല്‍കൂട്ടായ പ്രവാസി മലയാളികളെ വെറും പൗരന്മാരായി അംഗീകരിക്കാന്‍ തന്നെ എത്രനാള്‍ കാത്തിരിക്കണം!
Comments