Prabodhanm Weekly

Pages

Search

2014 ഏപ്രില്‍ 25

ഇസ്‌ലാമിനോളം സംഗീതമുണ്ടോ

ജമീല്‍ അഹ്മദ് /ലേഖനം

         സംഗീതം ഇസ്‌ലാമില്‍ അനുവദിക്കപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന ചര്‍ച്ച ഇസ്‌ലാമിക ചിന്തയുടെ തുടക്കം മുതല്‍ ഇന്നത്തെ ഇന്റര്‍നെറ്റ് ചര്‍ച്ചകള്‍ വരെ സജീവമാണ്. പല രീതിയിലും കോണിലുമുള്ള നിലപാടുകള്‍ സമര്‍ഥിച്ചുകൊണ്ട് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവരും ഇക്കാര്യത്തിലുള്ള 'തങ്ങളുടെ' ഇസ്‌ലാമിനെ സാധൂകരിച്ചുകൊണ്ടിരിക്കുന്നു. ഇമാം ഗസ്സാലി മുതല്‍ ഇസ്മാഈല്‍ റാജി ഫാറൂഖി വരെയുള്ള ചിന്തകരില്‍ ബഹുഭൂരിപക്ഷവും സംഗീതത്തെക്കുറിച്ച് സ്വരൂപിച്ചെടുത്ത നിലപാടുകളെല്ലാം ഇങ്ങനെ ചില സ്വത്വങ്ങളടങ്ങിയവയാണ്. വിഷയം ഇസ്‌ലാമിന്റെ കര്‍മശാസ്ത്രം, സൗന്ദര്യ ദര്‍ശനം, കലാസമീപനം, നിദാനശാസ്ത്രം എന്നിവയുമായെല്ലാം ബന്ധപ്പെടുന്നതാണ് എന്നതിനാല്‍ ഏതെങ്കിലുമൊരു കോണില്‍ നിന്നുള്ള വിലയിരുത്തല്‍ മതിയാവുകയില്ല. ഈ സംവാദ വിഷയത്തില്‍ ഇടപെടുന്നവരില്‍ പലരുമാകട്ടെ ഈ സങ്കീര്‍ണത ഉള്‍ക്കൊണ്ടവരുമല്ല. അത്തരം വ്യവഹാരങ്ങളെ പലകുറി വായിച്ചപ്പോഴുണ്ടായ ചില ദഹനക്കേടുകളെ തിരിച്ചറിയാനുള്ള ശ്രമമാണ് ഈ ലേഖനം. സംഗീതവും ഇസ്‌ലാമും തമ്മിലെന്ത് ബന്ധം എന്ന് അന്വേഷിക്കുന്നതിന് ആമുഖമായി വായിക്കേണ്ടതു മാത്രമാണ് ഇത്, മറിച്ച് അതിലുള്ള ഒരു നിലപാടോ പ്രശ്‌നത്തിന് പരിഹാരമോ അല്ല. സംഗീതത്തെയും ഇസ്‌ലാമിനെയും ആഴത്തില്‍ മനസ്സിലാക്കിയവര്‍ ഇടപെടേണ്ട ഒരിടത്ത് അതിന്റെ രണ്ടിന്റെയും ഒരാസ്വാദകന്‍ ഇടപെടുന്നു എന്ന കുറവേ ഈ ലേഖനത്തിനുള്ളൂ. 

സംഗീതത്തെയും അതിന്റെ ഇസ്‌ലാമിക സൗന്ദര്യത്തെയും നിലപാടുകളെയും കുറിച്ചുള്ള ചര്‍ച്ചകളില്‍, പൊതുവെ സംഗീതമെന്താണെന്ന് നിര്‍വചിക്കാന്‍ കഴിയായ്കയാണ് പ്രധാന കുഴപ്പമായി അനുഭവപ്പെടാറുള്ളത്. ആ കുഴപ്പത്തെ തരണം ചെയ്യാത്തതുകൊണ്ട് കുയിലിന്റെ കൂവലും ഖുര്‍ആന്‍ പാരായണവും ഇസ്‌ലാമികഗാനങ്ങളും സിനിമാപ്പാട്ടും സംഗീതം എന്ന ഒറ്റ പെട്ടിയിലിട്ട് കച്ചവടം നടത്താനും ചിലര്‍ക്കാവും. സ്വര-രാഗ-ശ്രുതി-താള-ലയ മിശ്രമാണ് സംഗീതം. അതിലെ ഏതെങ്കിലും ഒന്നു മാത്രവും സംഗീതാത്മകത്വം സൃഷ്ടിക്കും. ശ്രുതി പ്രസംഗത്തിലും രാഗം കോകിലകൂജനത്തിലും ലയം സംസാരത്തിലും താളം നടത്തത്തിലും സ്വരം ഖുര്‍ആന്‍ പാരായണത്തിലും സൃഷ്ടിക്കുന്ന ആസ്വാദകത്വം സംഗീതത്തിന്റെ മിശ്രണമാണ്. അതുകൊണ്ടുമാത്രം അവയെല്ലാം സംഗീതമാണെന്ന് പറയാനാവില്ല. 'സംഗീതംപോലുള്ള നടത്തം' എന്നു പറയാം. നടത്തം സംഗീതമാണെന്ന് പറയാനാവില്ല. പ്രകൃതിയിലെ ചരാചരങ്ങളുടെ ശബ്ദ പ്രതികരണങ്ങളിലുള്ള സംഗീതാത്മകത്വം അതുകൊണ്ടുതന്നെ മനുഷ്യര്‍ സൃഷ്ടിക്കുന്ന സംഗീതത്തിനു തുല്യവുമല്ല. ബാങ്ക്, ഖുര്‍ആന്‍ പാരായണം, തക്ബീര്‍ തുടങ്ങിയ ഇസ്‌ലാമിക വ്യവഹാരങ്ങളിലെ രാഗവും താളവും ലയവും കണ്ട് അത് ഇസ്‌ലാമിലെ സംഗീതമാണെന്ന് ആലങ്കാരികമായി മാത്രമേ പറയാനാവൂ. യഥാര്‍ഥത്തില്‍ അവയല്ല സംഗീതം. അവയെ സംഗീതമായി ശരിയായ സംഗീതാസ്വാദകര്‍ മനസ്സിലാക്കുന്നുമില്ല. ഇസ്‌ലാമിലെ എന്തെങ്കിലും ഒരു കാര്യം കാലാതിവര്‍ത്തിയായി  നിലനില്‍ക്കുന്നത് അതിലെ സംഗീതമൂല്യം കൊണ്ടാണെന്ന് മനസ്സിലാക്കിപ്പോകരുതെന്നും ഈ മുന്‍കരുതലിനു പിന്നിലുണ്ട്. 

ഇസ്‌ലാം സംഗീതത്തെ തീര്‍ത്തും ഹറാമാക്കി എന്ന ധാരണ ചിലര്‍ക്കിടയിലെങ്കിലും നിലവിലുണ്ട്. അത് കണിശമായി വാദിക്കുന്ന പണ്ഡിതരെയും അത് ഇസ്‌ലാമിന്റെ പൊതു അഭിപ്രായമാണെന്ന് തെറ്റിദ്ധരിച്ച്  ഇസ്‌ലാമിനെ വിമര്‍ശിക്കുന്നവരെയും ഒരേ അപൂര്‍ണജ്ഞാനത്തിന്റെ പേരില്‍ നമുക്ക് മാറ്റിനിറുത്തേണ്ടിവരും.  ചിലരെങ്കിലും അവയ്ക്കു രണ്ടിനും മറുപടി നല്‍കാന്‍ തുനിയുന്നത് കാണാം. ഇസ്‌ലാം സംഗീതം വിലക്കുന്നു എന്ന അസത്യ പ്രസ്താവന കേള്‍ക്കുന്ന ആരും പെട്ടെന്ന് പ്രതികരിക്കുക, പ്രകൃതിയില്‍ മുഴുവന്‍ സംഗീതമുണ്ടല്ലോ എന്നാണ്. എന്നിരിക്കെ ഇസ്‌ലാമിലെങ്ങനെ സംഗീതം ഹറാമാകും? പ്രകൃതിയിലെ സ്വാഭാവിക സംഗീതവും മനുഷ്യന്‍ സൃഷ്ടിക്കുന്ന സംഗീതവും സംഗീതപണ്ഡിതര്‍ പണ്ടുതൊട്ടേ രണ്ടായി മനസ്സിലാക്കിയിരുന്നു. പ്രകൃതിയിലെ താളവും സംഗീതവും ആസ്വദിക്കുന്നത് ഇസ്‌ലാം വിലക്കുന്നില്ലെന്നു മാത്രമല്ല അവയിലൂടെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലേക്കെത്താന്‍ ഇസ്‌ലാം മനുഷ്യനോടാവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. പ്രകൃതിയില്‍ മുഴുവന്‍ സംഗീതമുണ്ട് എന്നത് മനുഷ്യന്‍ ഉല്‍പാദിപ്പിക്കുന്ന സംഗീതത്തോട് ഒരു മുസ്‌ലിം സ്വീകരിക്കേണ്ട കര്‍മശാസ്ത്രപരമായ സമീപനം  നിര്‍ണയിക്കുന്നതിന് ഉപാധിയാകുന്നതെങ്ങനെയാണ്? ആ സമീപനവും അതിന്റെ ഉപാധികളും നിര്‍ണയിക്കേണ്ട ചുമതല ഫുഖഹാക്കള്‍ക്കും മുജ്തഹിദുകള്‍ക്കുമാണ്. അതിനാല്‍, ഇസ്‌ലാമിക പ്രമാണങ്ങളില്‍ ആഴത്തില്‍ അറിവില്ലാത്തവര്‍ ഇസ്‌ലാമിലെ സംഗീതത്തെക്കുറിച്ചു മാത്രമല്ല ഏതുകാര്യത്തെക്കുറിച്ചും ഫത്‌വകള്‍ നല്‍കുന്നത് ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ഗുണകരമാവില്ല. 

 മറുവശത്ത് മറ്റൊരു പ്രശ്‌നംകൂടിയുണ്ട്. ഇസ്‌ലാമിക ബാങ്കിംഗിനെക്കുറിച്ച് ഫത്‌വ സ്വരൂപിക്കാന്‍ ശ്രമിക്കുന്ന ഒരു ഇസ്‌ലാമിക പണ്ഡിതന്‍, നിലനില്‍ക്കുന്ന ബാങ്കിംഗ് സംവിധാനത്തിന്റെ എല്ലാ മേഖലയിലും സാമാന്യ ധാരണ നേടണമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ സംഗീതത്തിന്റെയും കലയുടെയും കാര്യത്തില്‍ ഇസ്‌ലാമിക സമീപനം നിര്‍ണയിക്കാന്‍ ശ്രമിക്കുന്ന ചില മതപണ്ഡിതന്മാര്‍ കലാ - സംഗീത മേഖലകളെ വളരെ ഉപരിപ്ലവമായി മാത്രം മനസ്സിലാക്കിക്കൊണ്ടാണ് അതിനു പുറപ്പെടുന്നത്. സംഗീതത്തെക്കുറിച്ചുള്ള ഇസ്‌ലാമിക വിധികള്‍ പുറപ്പെടുവിക്കുന്ന ഫുഖഹാക്കള്‍ സംഗീതത്തിന്റെ മേഖലയില്‍ക്കൂടി സാമാന്യ ധാരണ നേടിയവരായിരിക്കണം. വ്യഭിചാരം, മോഷണം, കൊലപാതകം എന്നിവപോലെ മൂര്‍ത്തവും വ്യക്തവുമായ മനുഷ്യ വ്യവഹാരമല്ല സംഗീതം. അതിനാല്‍ സംഗീതത്തെ ആകെക്കൂടി ഹറാമായി പ്രഖ്യാപിക്കാതെ, ഇസ്‌ലാമിന്റെ സത്തയ്ക്കു യോജിച്ച വിധം സംഗീതത്തിലെ ഇസ്‌ലാമികവിധിക്രമങ്ങള്‍ നിര്‍മിക്കാന്‍ ഫുഖഹാക്കള്‍ സംഗീതത്തിന്റെ എല്ലാ ധാരകളെയും മനസ്സിലാക്കുന്നത് ആ മേഖലയിലെ ചിന്തകള്‍ക്ക് പിന്തുണയേകും. ചുരുക്കത്തില്‍, ഇസ്‌ലാമിക പ്രമാണങ്ങളില്‍ വേണ്ടത്ര അറിവില്ലാതെ ചില സംഗീതവിദ്വാന്‍മാരും സംഗീതത്തെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാതെ ചില ഇസ്‌ലാമിക പണ്ഡിതരും നടത്തുന്ന അഭിപ്രായപ്രകടനങ്ങളെ ആധികാരികമായ ഫത്‌വകളായി അംഗീകരിച്ച് ഈ വിഷയത്തില്‍ മുന്നോട്ടു പോകാനാവില്ല. 

ഇസ്‌ലാമിന് മഹത്തായ സംഗീതപാരമ്പര്യമുണ്ടെന്ന് ചിലരെങ്കിലും വാദിക്കുന്നുണ്ട്. പാരമ്പര്യം എന്നത് പ്രശ്‌നവത്കരിക്കേണ്ട ഒരു പ്രയോഗമാണ്. ആമുഖമായി ചില ചോദ്യങ്ങള്‍ക്ക്  ഉത്തരം കണ്ടെത്തി മാത്രമേ ആ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്താവൂ. എന്താണ് ഇസ്‌ലാമില്‍ പാരമ്പര്യം? നമസ്‌കാരം ഇസ്‌ലാമിക പാരമ്പര്യമാണോ, അതോ നിര്‍ബന്ധാനുഷ്ഠാനമോ? പൂര്‍വികര്‍ ചെയ്ത മഹത്തായ കാര്യങ്ങളെയാണ് പാരമ്പര്യം എന്നു പറയാവുന്നതെങ്കില്‍, സുന്നത്താണ് ഇസ്‌ലാമിന്റെ ശ്രേഷ്ഠ പാരമ്പര്യം എന്നും അഭിപ്രായപ്പെടാമല്ലോ. താടി ഇസ്‌ലാമിക പാരമ്പര്യമാണോ അതോ ഇസ്‌ലാമിന്റെ സൗന്ദര്യചിഹ്നമോ? പാരമ്പര്യവും ഇസ്‌ലാമിക ജീവിതവും തമ്മില്‍ നേരിട്ട് ബന്ധമുണ്ടോ? ഒട്ടേറെ അഭിപ്രായവ്യത്യാസവും ആശയക്കുഴപ്പവുമുണ്ടാക്കുന്ന ചോദ്യങ്ങളാണിത്. ഇസ്‌ലാമിലെ സംഗീതത്തിന്റെ പാരമ്പര്യം എന്നത് ഏതാണ് ഇസ്‌ലാമിക പാരമ്പര്യത്തിന്റെ പൊതു ധാര എന്ന് നിര്‍ണയിച്ചതിനുശേഷം മാത്രം നിശ്ചയിക്കേണ്ട വസ്തുതയാണ്. അതിനാല്‍ മുന്‍കാലത്തെ ഏതെങ്കിലും മുസ്‌ലിം ജനവിഭാഗമോ വ്യക്തികളോ സംഗീതത്തില്‍ മുഴുകിയിട്ടുണ്ടെങ്കില്‍ പോലും അത് സംഗീതത്തിന്റെ ഇസ്‌ലാമികത നിര്‍ണയിക്കാനുള്ള പ്രധാന ഉപാധിയാകരുത്.

അതുപോലെ ശങ്കയുള്ള വാക്കുതന്നെയാണ് 'സംഗീതം' എന്നതും. പലരും പാട്ടിനെയാണ് സംഗീതം എന്ന പേരില്‍ വ്യവഹരിക്കാറുള്ളത്. പലപ്പോഴും കവിതയെപ്പോലും സംഗീതത്തിന്റെ വരുതിയില്‍ നിര്‍ത്തി സ്വന്തം കാര്യങ്ങള്‍ സമര്‍ഥിക്കുന്നതു കാണാം. ഇസ്‌ലാമിക സംസ്‌കാരത്തില്‍ കവിത എഴുതിയതിനും പാട്ടുപാടിയതിനും മാതൃകകളുണ്ട് എന്നത് സംഗീതപാരമ്പര്യത്തിന് തെളിവല്ലതന്നെ. പാട്ടുപാടിയിരുന്നതിന്റെയും ദഫ്ഫ് മുട്ടിയതിന്റെയും സന്ദര്‍ഭങ്ങള്‍ ഹദീസിലും നബിചരിതങ്ങളിലും കാണാം. സംഗീതത്തിന്റെ ചേര്‍ച്ചകളുള്ള ചില സന്ദര്‍ഭങ്ങള്‍ മാത്രമാണവ. അത് സംഗീതത്തിന് ഇസ്‌ലാം കല്‍പിക്കുന്ന അതിരുകള്‍ക്ക് ചില സൂചനകള്‍ നല്‍കുന്നുവെന്നേയുള്ളൂ. അവയെ ആസ്പദമാക്കി സംഗീതത്തെ ഇസ്‌ലാമികമാക്കുന്നത് സൂക്ഷിച്ചു വേണം. അത്തരം സന്ദര്‍ഭങ്ങളെയും പാട്ടുകളെയും ഇസ്‌ലാം എന്നെങ്കിലും ഹറാമോ കറാഹത്തോ ആക്കിയിട്ടുമില്ലല്ലോ. കുഴല്‍ പോലുള്ള ചില സംഗീതോപകരണങ്ങളെ വിലക്കിക്കൊണ്ടുള്ള ഹദീസുകള്‍ സംഗീതത്തെ നേരിട്ട് കൈകാര്യംചെയ്യുന്നവയുമാണ്. എന്നാല്‍ സംഗീതം ഇന്ന് ചില മിശ്രിത ശബ്ദ സുഖങ്ങളായി പരിവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. അവ ഹറാമാണെന്നു പറയാന്‍ പണ്ഡിതന്മാര്‍ മുന്നോട്ടു വെക്കുന്ന തെളിവുകളും കാരണങ്ങളും പരിശോധിച്ചാണ് കൃത്യമായ അറിവുകള്‍ രൂപീകരിക്കേണ്ടത്. 

ഇസ്‌ലാമിന് ചിലര്‍ ഉണ്ടെന്നു പറയുന്ന സംഗീത പാരമ്പര്യം പ്രാദേശികമായ ചില സവിശേഷ ഗാനസംസ്‌കാരങ്ങളാണെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആ സംസ്‌കാര സവിശേഷതകള്‍ ഓരോ പ്രദേശത്തിനും അവിടങ്ങളിലെ മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കും അനുസരിച്ച് വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. നമ്മുടെ നാട്ടിലെ മാപ്പിളപ്പാട്ടും ഗസലും ഖവാലിയും അറബനമുട്ടും ഇത്തരം മുസ്‌ലിം സാംസ്‌കാരിക - കലാ പാരമ്പര്യങ്ങളാണ്. അവയെ ഹറാമാക്കി മാറ്റിനിറുത്തുന്നതും ഇസ്‌ലാമിക കലയായി മാളികമുകളേറ്റിനടത്തുന്നതും ഒരുപോലെ അപഹാസ്യമാണ്. കല്യാണത്തിന് പുതുപെണ്ണിനെ അണിയിച്ചൊരുക്കാന്‍ നാത്തൂന്മാര്‍(വരന്റെ സഹോദരിമാര്‍) വേണം എന്ന സാമുദായിക നിബന്ധന ഇസ്‌ലാമിക ശര്‍ത്താണെന്ന് വാദിക്കുന്നതും ബിദ്അത്താണെന്ന് വാദിക്കുന്നതും ഒരേ അബദ്ധമാകുന്നതുപോലെ. അതിനാല്‍, മാപ്പിളപ്പാട്ടിനെ സാമുദായിക ജീവിതത്തിന്റെ സത്തയായി സ്വീകരിക്കുന്നതാണ് ഇസ്‌ലാമിക സംസ്‌കാരത്തിന്റെയും തിളക്കം. ഹദീസുകളില്‍ പെണ്‍കുട്ടികള്‍ പാട്ടുപാടുന്നതേ കാണുന്നുള്ളൂ, അതിനാല്‍ ആണ്‍കുട്ടികള്‍ പാട്ടുപാടുന്നത് ബിദ്അത്താണ് എന്ന് പോലും ചില സലഫി പണ്ഡിതന്‍മാര്‍ വാദിക്കുന്നുണ്ട്. 

അതോടൊപ്പം ഇസ്‌ലാമിക സംഗീതത്തെ പറ്റി പഠിക്കുമ്പോള്‍ മാല - മൗലൂദുകളെക്കൂടി അതിന്റെ പാരമ്പര്യത്തിനു തെളിവുകളായി ചിലര്‍ സൂചിപ്പിച്ചുകാണുന്നു. മുഹമ്മദ് നബിയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള മദ്ഹാലാപനങ്ങളെയും അങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നു. മാലമൗലൂദുകളും ബുര്‍ദയും പ്രവാചകരെയും പുണ്യപുരുഷന്‍മാരെയും പ്രകീര്‍ത്തിക്കുന്ന കവിതകളാണ്. അവക്ക് എന്തെങ്കിലും സംഗീതമൂല്യമുണ്ടെന്ന് കരുതേണ്ടതില്ല. മുസ്‌ലിം സമുദായത്തില്‍ ഇന്നോളം അവ നിലനിന്നത് അവയിലുള്ള സംഗീതമൂല്യം കൊണ്ടുമല്ല. മറിച്ച് ആശയപരമായി ആ പ്രകീര്‍ത്തനങ്ങള്‍ മുസ്‌ലിം സമുദായത്തെ പലനിലക്കും സ്വാധീനിച്ചതിനാലാണ്.  ഗാനാത്മകമായ സ്തുതികള്‍ എന്ന നിലക്ക് അവയിലെ ആചാരങ്ങളെയും അനാചാരങ്ങളെയും വേര്‍തിരിക്കേണ്ടതും നിര്‍ണയിക്കേണ്ടതും ഇസ്‌ലാമിക പണ്ഡിതന്മാരുടെ മറ്റൊരു പണിയാണ്. അത്തരം പണികള്‍ക്കിടയിലുണ്ടാകുന്ന സംവാദവിഷയങ്ങളെ സംഗീതത്തിന്റെ പ്രകരണത്തില്‍ കൈകാര്യം ചെയ്യേണ്ടതില്ല. അവ ഹറാമാണെന്ന് വിലക്കപ്പെടാന്‍ കാരണം അത് ആലപിക്കുന്നതിലും വായിക്കുന്നതിലും ഈണവും താളവും സംഗീതാത്മകതയും ഉണ്ടായിരുന്നതുകൊണ്ടല്ല, മറിച്ച് അവയിലെ ആശയപരമായ അഭിപ്രായഭിന്നതകള്‍ കൊണ്ടാണ്.  ഭാഷാസാഹിത്യപരമായി അവക്ക് മൂല്യമുണ്ടെന്നതുകൊണ്ട് അവ ആലപിക്കുന്നതിലെ ഇസ്‌ലാമിന്റെ സംഗീതസമീപനം നിര്‍ണയിക്കപ്പെടുകയുമില്ല.  അവ സംഗീതാത്മകമായി പാരായണം ചെയ്യാമെന്നത് ഇസ്‌ലാമിന്റെ സംഗീതസംസ്‌കാരത്തിനും പാരമ്പര്യത്തിനും തെളിവുനല്‍കുന്നില്ല. കാരണം, ഏതു വാക്കിലും സംഗീതത്തിന്റെ സത്തയുണ്ട്. ഒരു മികച്ച സംഗീതവിദ്വാന് പത്രവാര്‍ത്തപോലും ഈണത്തിലും രാഗാത്മകമായും പാടാന്‍ കഴിയും. 

സംഗീതത്തിന്റെ സ്വാധീനം മനുഷ്യനെ മാറ്റിമറിക്കുമെന്നും അതുകൊണ്ടുതന്നെ അതില്‍ പ്രബോധനപരമായ മൂല്യങ്ങളുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. മനുഷ്യനില്‍ വേഗവും പ്രകടവുമായ വര്‍ത്തനവ്യതിയാനം വരുത്താന്‍ മാത്രം കേവലസംഗീതത്തിന് കഴിവില്ല. തികച്ചും ആസ്വാദനമാണ് അതിന്റെ  മുഖ്യലക്ഷ്യം. എന്നാല്‍ പാട്ടുകളാകട്ടെ മനുഷ്യനെ മാറ്റുന്നതിലും മാറ്റത്തിന് തയ്യാറാക്കുന്നതിലും സ്വാധീനിച്ചിട്ടുണ്ടെന്നതിന് ചരിത്രം സാക്ഷിയാണ്. പാട്ടിലെ വരികളുടെ സാഹിത്യമേന്‍മയാണ് അതിനു കാരണം. അത് മുന്നില്‍ വെച്ച് സംഗീതം ഇസ്‌ലാമില്‍ അനിവാര്യമാണെന്ന് വാദിക്കുന്നതില്‍ കഴമ്പില്ല. കാരണം, സംഗീതവും പാട്ടും ഒന്നല്ല. പാട്ടില്‍ സംഗീതമുണ്ട് എന്ന് പറയാം. സംഗീതം ഒരു വിപ്ലവത്തെയും നേരിട്ട് സഹായിക്കുന്നില്ല. എന്നാല്‍ സാഹിത്യമുക്തവും നിരപേക്ഷവുമായ സംഗീതത്തിനും താളത്തിനും മനുഷ്യനില്‍ നേരിയ ഇളക്കങ്ങള്‍ സാവധാനം ഉളവാക്കാന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. സംഗീതം കേള്‍ക്കുന്ന ആസ്വാദകരുടെ താല്‍പര്യവും ധാരണയും അതിനുണ്ടായിരിക്കണം. ആസ്വദിക്കുന്നവരെ ഉണര്‍ത്താനും അവരില്‍ ആവേശം സൃഷ്ടിക്കാനും കേവല സംഗീതത്തിന് കഴിയും. യുദ്ധമുന്നണിയിലും മറ്റും പടയാളികളെ ആവേശഭരിതരാക്കാന്‍ പെരുമ്പറയുടെയും ചെണ്ടയുടെയും താളം ഉപയോഗിക്കാറുണ്ട്. ജാഹിലിയ്യാ യുദ്ധക്കളങ്ങളില്‍ അവ വ്യാപകമാണ്, ഇന്നും. ഇസ്‌ലാമിക യുദ്ധമുന്നണിയില്‍ അത്തരം താളവാദ്യങ്ങളും സംഗീതോപകരണങ്ങളും ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

മറിച്ച്, എക്കാലത്തും ഏതൊരു മുന്നേറ്റത്തെയും ചലനാത്മകമാക്കാന്‍ മികച്ച സാഹിത്യമൂല്യമുള്ള പാട്ടും കവിതയും നേരിട്ട് ഉപയോഗിച്ചിട്ടുണ്ട്. ഇസ്‌ലാമും പാട്ടിനെയും കവിതയെയും നബിയുടെ കാലംമുതലേ അടുത്തുനിന്ന് പരിചരിച്ചിട്ടുണ്ട്. മലബാറിലെ വിദേശ ശക്തികള്‍ക്കെതിരെയുള്ള സാമുദായിക വികാരത്തിന് മാപ്പിള പടപ്പാട്ടുകളും ഉത്തേജകങ്ങളായത് അതിലെ സംഗീതാത്മകത കൊണ്ടാണെന്ന് തോന്നുന്നില്ല, മറിച്ച് വരികളിലെ അര്‍ഥപരമായ സ്വഭാവസവിശേഷതകള്‍ കൊണ്ടായിരിക്കണം. ആ  സവിശേഷതകള്‍ ഉള്ളേടത്തോളം പ്രബോധനരംഗത്ത് പാട്ടുകള്‍ക്ക് പ്രസക്തിയുണ്ട്. പ്രസംഗം കേള്‍ക്കാന്‍ ആളെക്കൂട്ടാനുള്ള വിനോദമായി ആവിഷ്‌കരിച്ച്, അതില്‍ അനിസ്‌ലാമികമായ അടയാളങ്ങള്‍ നിറച്ച് പ്രബോധനത്തിന്റെ യുക്തി സ്ഥാപിക്കുന്ന ഇന്നത്തെ അവസ്ഥയില്‍നിന്നു മാറി പാട്ടിലൂടെത്തന്നെ പ്രബോധനം സാധ്യമാകുന്ന സമയത്തേ ഈ ആശയം പൂര്‍ണമാവൂ. 

സംഗീതത്തെ നിരാകരിച്ച ഹദീസുകളുടെ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ ചരിത്രപരവും ഭാഷാശാസ്ത്രപരവുമായ ചില കാര്യങ്ങള്‍ പരിഗണിക്കാവുന്നതാണ്. സംഗീതം ആകെക്കൂടി ഉല്‍പാദിപ്പിക്കുന്നത് ചില പ്രണയ പ്രചോദനങ്ങളാണെന്നാണ് അതിനെ നിരാകരിക്കുന്നവര്‍ ഉയര്‍ത്തുന്ന പ്രധാന ആക്ഷേപം. ജാഹിലിയ്യാകാലത്ത് സംഗീതവിദുഷികള്‍ വേശ്യകള്‍ കൂടിയായിരുന്നു. അതുകൊണ്ടുതന്നെ ചില സംഗീതോപകരണങ്ങള്‍ അവ വായിക്കുന്നവരുടെ സംസ്‌കാരത്തോടുകൂടിയാണ് അര്‍ഥമാക്കപ്പെട്ടത്. ചില സംഗീതവീചികള്‍ സങ്കടമുണ്ടാക്കുകയും അത് മനുഷ്യനെ ജീവിതനിരാശയിലേക്ക് നയിക്കുകയും ചെയ്യുമെന്നും ഇക്കൂട്ടര്‍ ഉന്നയിക്കുന്നു. വിഷാദവും പ്രണയവും മാത്രമല്ല വിപ്ലവാവേശവും അക്രമണോദ്യുക്തതയും ശാന്തിയും ലൈംഗികമോഹവും പേടിയും സന്തോഷവും ഉത്തേജിപ്പിക്കാന്‍ സംഗീതത്തിന് കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അര്‍ഥോല്‍പാദകമല്ലാത്ത വെറും ഉപകരണസംഗീതത്തെക്കുറിച്ചാണ് ഈ പറഞ്ഞത്. എന്നുവെച്ച് സംഗീതം കൊണ്ടുമാത്രം അവ ഉല്‍പാദിപ്പിക്കപ്പെടുന്നുമില്ല. ഉത്തേജകമാവാനേ സംഗീതത്തിന് കഴിയൂ. വിഷാദവാനായ ഒരാളെ കൂടുതല്‍ വിഷാദംകൊള്ളിക്കാന്‍ നേര്‍ത്ത ഒരോടക്കുഴല്‍ നാദത്തിന് കഴിഞ്ഞേക്കും. സന്തോഷവാനായിരിക്കുന്ന ഒരാളെ എത്ര കടുത്ത വിഷാദരാഗവും ദുഃഖഭരിതനാക്കില്ല. അത്തരം അവസരങ്ങളില്‍ ഒരാളും അത് കേള്‍ക്കാന്‍പോലും ആഗ്രഹിക്കുന്നില്ല. അതായത് സംഗീതത്തെ പൂര്‍ണമായും വിശ്വാസത്തിലെടുക്കരുതെന്നര്‍ഥം. സിനിമ, നാടകം തുടങ്ങിയവയില്‍ പാട്ടിനും പശ്ചാത്തല സംഗീതത്തിനുമുള്ള സ്ഥാനവും ഇതുതന്നെയാണ്. 

പ്രണയമോ വിഷാദമോ ഉത്തേജിപ്പിക്കും എന്നതുകൊണ്ടാണ് സംഗീതത്തെ ഇസ്‌ലാം വിലക്കിയത് എന്ന അഭിപ്രായത്തിന് സാധുതയില്ല. മറിച്ച്, സ്‌നേഹത്തെയും സങ്കടത്തെയും പ്രചോദിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് സംഗീതത്തിന്റെ ഏറ്റവും ഗുണാത്മകമായ വശം. സംഗീതത്തിനുള്ള പ്രധാന സാധ്യതയും ആ ഗുണമാണ് എന്ന് തോന്നുന്നു. പ്രണയവും വിഷാദവും ഇസ്‌ലാമില്‍ വിരോധിക്കപ്പെട്ടതല്ല. ഖുര്‍ആന്‍ പാരായണത്തിന് വിഷാദാത്മകത നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. പ്രണയമാകട്ടെ മനുഷ്യഭാവത്തിന്റെ ഉദാത്തനിലകളിലൊന്നാണ്. സംഗീതമെന്നല്ല, എല്ലാ മനുഷ്യവ്യവഹാരങ്ങളുടെയും ഭൗതികമായ സാഫല്യങ്ങളുടെ ആകത്തുക നിര്‍ണയിക്കുന്നത് പ്രണയമാണ്. അല്ലാഹു മനുഷ്യനു നല്‍കിയ പ്രധാന നിഅ്മത്തുകളിലൊന്നാണ് സ്ത്രീപുരുഷന്മാര്‍ക്കിടയിലെ 'മവദ്ദത്ത്'. പ്രണയം എന്നുതന്നെയാണതിന് അര്‍ഥം. പ്രണയത്തെ പ്രോജ്ജ്വലിപ്പിക്കുന്നതിന് ലോക സംസ്‌കാരത്തിലെങ്ങും സംഗീതത്തെ വ്യാപകമായി ഉപയോഗപ്പെടുത്തി. ദൈവത്തോടുള്ള പ്രണയത്തെ സ്ഥാപിക്കാനും സംഗീതത്തെ മാധ്യമമാക്കിയത് അങ്ങനെയാണ്. ഭക്തിയും പ്രണയവും വിഷാദവും സംഗീതംകൊണ്ട് എളുപ്പം ഉത്തേജിപ്പിക്കാനാവും എന്നതുകൊണ്ടാണിത്. സ്വൂഫി സംഗീതംപോലും ഇത്തരമൊരു പ്രണയാതുരതയുടെ ഉല്‍പന്നമാണ്. ഇസ്‌ലാമൊഴികെ മറ്റു പ്രധാന മതങ്ങളുടെ ആരാധനകളുടെ പ്രധാന പശ്ചാത്തലം സംഗീതവും പാട്ടുമായത് അതുകൊണ്ടാകാം.

തസ്വവ്വുഫും സംഗീതവും തമ്മിലുള്ള ചില ബന്ധങ്ങളെ ഇസ്‌ലാമും സംഗീതവുമായുള്ള ബന്ധമായും സംഗീതത്തിന്റെ ഇസ്‌ലാമിക പാരമ്പര്യമായും വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളുമുണ്ട്. തസ്വവ്വുഫിന്റെ ഭൗതിക സാകല്യങ്ങളിലൊന്നാണ് സംഗീതവുമായുള്ള അതിന്റെ ചാര്‍ച്ച. അതോടൊപ്പം തസ്വവ്വുഫും സംഗീതവും തമ്മിലുള്ള കൂട്ടായ്മകള്‍ ഇസ്‌ലാമിന്റെ സംഗീത പാരമ്പര്യത്തെ സാധൂകരിക്കുന്നതിന് എത്രത്തോളം തയ്യാറാകും എന്ന കാര്യവും ചിന്തിക്കേണ്ടതാണ്. കാരണം സ്വൂഫിസം എന്നത് പല അര്‍ഥവിശേഷങ്ങളുമുള്ള സംജ്ഞാനാമമാണ്. ഇസ്‌ലാമുമായി ചാര്‍ച്ചയില്ലാത്ത മതേതര സ്വൂഫിസം മുതല്‍ ഇസ്‌ലാമിന്റെ സത്തയും ഗുണങ്ങളും ആവിഷ്‌കരിക്കുന്ന സ്വൂഫി ധാരകളടക്കം ഈ നാമത്തിനുള്ളിലുണ്ട്. ഏറെക്കുറെ എല്ലാ സ്വൂഫിധാരകളിലും ഗാനാത്മകമായ സ്മരണവേളകളും അവതരണങ്ങളും ഉണ്ട്.  തികച്ചും ഉപകരണ സംഗീതം മാത്രം പയറ്റുന്ന സംഗീതസന്ദര്‍ഭങ്ങളുണ്ടെന്നു മാത്രമല്ല അക്കാര്യത്തില്‍ മാത്രം പ്രശസ്തമായ സ്വൂഫി ധാരകളും പ്രമുഖരുമുണ്ട്. അതിനെ നൃത്താവിഷ്‌കാരങ്ങളിലേക്കുകൂടി വികസിപ്പിക്കാന്‍ ചില സ്വൂഫീ സംഘങ്ങള്‍ മടിച്ചിട്ടില്ല. അതിനാല്‍ എല്ലാറ്റിനെയും ഒറ്റത്തലക്കെട്ടില്‍ സ്വൂഫീസംഗീതം എന്ന് വ്യവഹരിക്കുന്നതും സ്വൂഫീ സംഗീതത്തെ മുഴുവന്‍ ഇസ്‌ലാമികം എന്ന് വിശേഷിപ്പിക്കുന്നതും അശ്രദ്ധയാണ്.

സ്വൂഫീ സംഗീതത്തെക്കുറിച്ച് ധാരാളം പഠനങ്ങളുമുണ്ടായിട്ടുണ്ട്. സംഗീതത്തെയും കവിതയെയും പരസ്പരം ബന്ധിപ്പിക്കാന്‍ സ്വൂഫീ സംഗീതത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന പുതു നിരീക്ഷണം ഇതില്‍ സാധ്യമാണ്. കവിതയിലെ ആത്മീയതയെ കണ്ടെത്താനുള്ള ശ്രമംപോലെ ഇസ്‌ലാമിലെ കാവ്യാംശത്തെ കണ്ടെത്താനുള്ള ശ്രമം എന്ന് തസ്വവ്വുഫിനെ വായിക്കാം. കൂടുതല്‍ പഠനം ആവശ്യപ്പെടുന്ന പരികല്‍പനയാണത്. സ്വൂഫികളുടെ സംഗീതം മാത്രമല്ല, ജീവിതരീതി, തത്വചിന്ത, ലോകബോധം, വേഷം, സാമൂഹികബന്ധം തുടങ്ങിയവയിലെല്ലാം ഇസ്‌ലാമിക ചിന്താലോകത്ത് സംവാദങ്ങളുണ്ട്. സ്വൂഫിസവും ഇസ്‌ലാമും തമ്മിലുള്ള ബന്ധവും സംഗീതവും ഇസ്‌ലാമും തമ്മിലുള്ള ബന്ധവും ഒരേ ചര്‍ച്ചാവിഷയങ്ങളല്ലെങ്കിലും ഏകാത്മക സ്വഭാവമുള്ളതാണ്. അതിനാല്‍ രണ്ടു വശങ്ങളെയും പരിഗണിച്ചുകൊണ്ടേ നിലപാട് നിര്‍ണയിക്കാന്‍ കഴിയൂ. ഉസ്താദ് ഇനായത്ത് ഖാന്‍, മുസഫ്ഫര്‍ അലി, ആബിദാ പര്‍വീന്‍, റാഹത്ത് ഫത്തഹ് അലി ഖാന്‍ തുടങ്ങി പല പേരുകളും സമകാലിക സ്വൂഫി സംഗീതത്തിന്റെ പട്ടികയില്‍ കാണാം.

ഉപകരണ സംഗീതത്തെ പല നിലക്കും സമീപിക്കുന്ന ഇസ്‌ലാമിക ചിന്തകളുണ്ട്. ഹലാല്‍ - ഹറാം സ്വഭാവങ്ങള്‍ അതില്‍ നിര്‍ണയിക്കേണ്ടതുണ്ട് എന്ന ആഗ്രഹത്തോടെ ഫിഖ്ഹിന്റെ മാനദണ്ഡങ്ങളുപയോഗിച്ചാണ് അവരില്‍ പലരും ഉപകരണ സംഗീതത്തെ സമീപിക്കുന്നത്. ഉപകരണങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന സംഗീതത്തിന്റെ സാമൂഹിക പ്രതികരണങ്ങളെ ആശ്രയിച്ച് വിധി കല്‍പ്പിക്കുന്നവരുമുണ്ട്. പാശ്ചാത്യ സംഗീതത്തെ മാത്രം എതിര്‍ക്കുന്നവര്‍ ഇത്തരക്കാരാണ്. ശിര്‍ക്കിന്റെ കലര്‍പ്പുള്ള സംഗീതം എന്ന മുന്‍വിധിയോടെ പൗരസ്ത്യ സംഗീതത്തെ എതിര്‍ക്കുന്നവരെയും കാണാം. അങ്ങനെ ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിലെ പ്രധാന ധാരകളായ കര്‍ണാട്ടിക് - ഹിന്ദുസ്ഥാനി സംഗീതങ്ങള്‍ അനിസ്‌ലാമികമാണെന്ന് ഇക്കൂട്ടര്‍ ധരിക്കുന്നു.  ശിര്‍ക്ക് എന്ന കാര്യം ആ സംഗീതധാരകളുടെ  അര്‍ഥത്തിലാണോ ഈണത്തിലാണോ എന്ന് തീര്‍ച്ചപ്പെടുത്താതെയാണ് ഈ ഹറാമീകരണം നടന്നിട്ടുള്ളത്. ഇന്ത്യന്‍ സംഗീതത്തിലെ പ്രധാന ഒരിനം പ്രത്യേക അര്‍ഥമുദ്ദേശിക്കാത്ത സ്വരാലാപനങ്ങളാണ്. തുംരി, ഖയാല്‍, തില്ലാന തുടങ്ങിയ ശാസ്ത്രീയ സംഗീതാലാപനങ്ങള്‍ ഇത്തരത്തിലുള്ളവയാണ്.  ഇതില്‍ ഏതിന്റെയും വിധികളെ വിലയിരുത്തേണ്ടത് ഇസ്‌ലാമിന്റെ മത - സാമൂഹിക നിലപാടുകള്‍ വിവരിക്കുന്ന പ്രമാണങ്ങളില്‍ അറിവുള്ളവരാണെങ്കിലും അവ ആസ്വദിക്കുന്നതിലെ ഇസ്‌ലാമും ജഹാലത്തും മുന്‍വിധികളില്ലാതെ തീര്‍ച്ചപ്പെടുത്തേണ്ടതുണ്ട്. 

ഉപകരണ സംഗീതത്തെ വിലക്കുന്ന ഹദീസുകളെ സംഗീതശാസ്ത്രത്തിലും അറബിഭാഷയിലും ഒരുപോലെ അറിവുള്ള പണ്ഡിതരാണ് പുനപ്പരിശോധിക്കേണ്ടത് എന്ന് അതുകൊണ്ടാണ്  മുമ്പ് അഭിപ്രായപ്പെട്ടത്. ഹദീസുകളില്‍ സൂചിപ്പിച്ച പദങ്ങളുടെ യഥാര്‍ഥ അര്‍ഥം, ആ ഉപകരണങ്ങളുടെ സാങ്കേതികമായ സ്വഭാവം, അവ വായിക്കുന്നതിന്റെ സാന്ദര്‍ഭികമായ ഉദ്ദേശ്യം, പ്രവാചകന്റെ കാലത്ത് ആ ഉപകരണങ്ങള്‍ക്കുണ്ടായിരുന്ന സാമൂഹികസ്വഭാവം, അവയുടെ അവതരണവുമായി ബന്ധപ്പെട്ട മറ്റു അനാചാരങ്ങള്‍ എന്നിവയെല്ലാം ചരിത്രാത്മക ഭാഷാശാസ്ത്രത്തിന്റെ പുതിയ അറിവുകള്‍ വെച്ച് വിലയിരുത്തേണ്ടതുണ്ട്. നബി നിരോധിച്ച സംഗീതോപകരണങ്ങളുടെ അക്കാലത്തെ രൂപവും രീതിയും അവതരണശൈലിയും ചുറ്റുപാടും സംഗീതചരിത്രത്തിന്റെ സഹായത്തോടെ വിശകലനം ചെയ്യണം. എന്നിട്ടുമാത്രമേ അവയെ ഹറാമാക്കി വിധികല്‍പ്പിക്കാവൂ. അല്ലാത്തപക്ഷം പ്രവാചകന്‍ ഹറാമാക്കാത്ത ഒരു കാര്യത്തെ അറിവുകേടുകൊണ്ടുമാത്രം ഹറാമാക്കി മാറ്റിനിറുത്തിയെന്ന ചരിത്രപരമായ അബദ്ധം തുടര്‍ന്നുപോകും. മാത്രമല്ല, ഇസ്‌ലാമിന്റെ സൗന്ദര്യസത്തയുടെ സൂക്ഷ്മതലം അതുമൂലം മറക്കപ്പെടും. ഒരു വലിയ വിഭാഗം മുസ്‌ലിംകളെ നരകശിക്ഷാഭയത്തിലേക്ക് ഇത് തള്ളിവിടുകയും ചെയ്യും.

ഉപകരണ സംഗീതത്തിന്റെ കാര്യത്തില്‍, നബി നിരോധിച്ചത് ആ ഉപകരണത്തെയാണോ, അതുല്‍പാദിപ്പിക്കുന്ന ശബ്ദത്തെയാണോ, ആ സംഗീതോപകരണവും ശബ്ദവും ചേര്‍ന്നുല്‍പ്പാദിപ്പിക്കുന്ന സവിശേഷമായ സന്ദര്‍ഭത്തെയാണോ തുടങ്ങിയ സന്ദേഹങ്ങളാണ് ബാക്കിയുള്ളത്. ആ ഉപകരണത്തെയാണെങ്കില്‍ മുകളില്‍ സൂചിപ്പിച്ച മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിലക്കുകളെ തീരുമാനിക്കേണ്ടത്. അതല്ല ഒരു പ്രത്യേക ശബ്ദത്തെയാണെങ്കില്‍ സംഗീതോപകരണത്തിലൂടെയല്ലാതെ സ്വാഭാവികമായുണ്ടാകുന്ന ആ ശബ്ദം ഹറാമാകുമോ എന്നും തീരുമാനിക്കേണ്ടിവരും. മാത്രമല്ല ഇന്ന് ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രത്യേക ഉപകരണങ്ങളില്ലാതെ ഏതു തരം ശബ്ദവും സംഗീതമായി മാറ്റാമെന്നിരിക്കെ ഫിഖ്ഹിന്റെ പുതിയ ഇജ്തിഹാദുകളും ഇക്കാര്യത്തില്‍ ആവശ്യമായിവരും. ചുരുക്കത്തില്‍, ഇസ്‌ലാമും സംഗീതവും എന്ന വിഷയം ഇന്നോളം കൈകാര്യം ചെയ്യപ്പെട്ടതുപോലെ അല്ല ഇനി വിശകലനം ചെയ്യേണ്ടത് എന്ന് സൂചിപ്പിക്കാനാണ് ഈ ലേഖനം ഉദ്ദേശിച്ചത്. രണ്ടറ്റങ്ങളില്‍ നിന്നുള്ള വെടിവെയ്പ്പ് ഉപേക്ഷിച്ച് സമചിത്തതയോടെ ആയിരിക്കണം ആ വിശകലനം എന്ന് സൂചിപ്പിക്കാനാണ്. 

ഈ വിഷയത്തിനു പുറമെ കടന്ന്, ഇസ്‌ലാം വിലക്കിയത് സംഗീതം ഉല്‍പാദിപ്പിക്കുന്നതാണോ അത് കേള്‍ക്കുന്നതാണോ എന്ന സന്ദേഹവും ഉണ്ട്. അല്ലാഹു തീര്‍ച്ചയായും കേള്‍വികളുടെ ഉത്തരവാദിത്വം മനുഷ്യനെ ഏല്‍പിച്ചിരിക്കുന്നു (ഖുര്‍ആന്‍ 17:36). പാട്ടുകളുടെ പിന്‍ബലമില്ലാത്ത വെറും സംഗീതം ഉല്‍പാദിപ്പിക്കുന്നതാണ് വിലക്കപ്പെട്ടതെങ്കില്‍ അത് കേള്‍ക്കുന്നതിലുള്ള വിധിയെന്ത് എന്നും അന്വേഷിക്കേണ്ടിവരും. ഒരു കാര്യം വ്യക്തമാണ്, ആധുനികാന്തര ജീവിതപരിസരത്തിന്റെ ശബ്ദലോകം കാതുകള്‍ക്ക് ബാധിര്യം അനുഗ്രഹമാകുന്നിടത്തോളം കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നു. കണ്ണുകളെപ്പോലെ ഇഷ്ടമനുസരിച്ച് അടച്ചുകളയാനുള്ള സൗകര്യം അല്ലാഹു കാതുകള്‍ക്ക് എന്തുകൊണ്ട് നല്‍കിയില്ല എന്ന് മനുഷ്യന്‍ സങ്കടപ്പെടുന്നു. വേണ്ടാത്ത കാഴ്ചകളില്‍ നിന്ന് കണ്ണുകള്‍ താഴ്ത്തിക്കളയാനാണല്ലോ ഇസ്‌ലാം ഉപദേശിച്ചത്. കാതുകള്‍ അടച്ചുകളയാന്‍ കഴിയാത്തിടത്തോളം മനുഷ്യന്‍ സംഗീതം കേള്‍ക്കാതിരിക്കുമോ? 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20 / ത്വാഹാ/ 71-73
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം