പ്രവാസികളുടെ ഇന്നലെകള്‍; വര്‍ത്തമാനവും
അറേബ്യന്‍ ഗള്‍ഫ് രാജ്യങ്ങള്‍ മലയാളികളുടെ സ്വപ്നഭൂമി തന്നെയാണ്; മുമ്പും ഇപ്പോഴും. സ്വപ്നസാഫല്യം നേടാന്‍ കഴിയാതെ ഈ മരുഭൂമിയില്‍ നിന്ന് നിരാശരായി മടങ്ങിയവര്‍ പോലും വീണ്ടുമൊരു ഭാഗ്യപരീക്ഷണത്തിനായി എത്തുന്നതും വിരളമല്ല. മനുഷ്യ മനസ്സിനെ മഥിക്കുന്ന എന്തോ ഒരാകര്‍ഷണം ഈ മണ്ണിനുള്ളതുപോലെ. ഷാര്‍ജയിലെ പോലീസ് മേധാവി മേജര്‍ ജനറല്‍ ഹുമൈദ് ഹുദൈദി, മീഡിയ വണ്‍ എം.ഡി ഡോ. അബ്ദുസ്സലാം അഹ്മദിന്റെ നേതൃത്വത്തിലുള്ള നിവേദക സംഘത്തോട് ഈയിടെ പറഞ്ഞു: ''ഇന്ത്യക്കാര്‍ സമാധാനകാംക്ഷികളാണ്.''
ഏതാണ്ട് നാലു പതിറ്റാണ്ടിന്റെ അനുഭവ പരിചയങ്ങള്‍ ഓര്‍ത്തെടുക്കാനൊരുങ്ങുമ്പോള്‍, യു.എ.ഇയില്‍ അന്നം തേടിയെത്തിയ മലയാളികള്‍ ഒട്ടേറെ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട് എന്ന് ഉറപ്പിച്ച് പറയാം. സാധ്യതകളും അനുകൂല സാഹചര്യങ്ങളുമൊക്കെ കുറവായിരുന്ന ആദ്യകാലത്ത് പ്രവാസികളായ മലയാളികള്‍ ഒട്ടുവളരെ വിഷമതകള്‍ സഹിക്കേണ്ടിവന്നിട്ടുണ്ട്. ഇവരുടെ ഒന്നും രണ്ടും തലമുറകളിലെ സന്തതികളാണ് ഇപ്പോള്‍ ഗള്‍ഫിലേക്ക് വിമാനം കയറുന്നത്. ആദ്യകാലങ്ങളില്‍ എത്തിയവര്‍ തങ്ങളുടെ സന്താനങ്ങളെ ശിക്ഷണവും വിഭ്യാഭ്യാസവും നല്‍കി യോഗ്യരാക്കി വളര്‍ത്തിയതിന്റെ സന്തോഷവും അനുഭൂതിയും നേരനുഭവിക്കുന്ന സന്ദര്‍ഭമാണിത്. ഉന്നത വിദ്യാഭ്യാസം നേടി ഇവിടെ ഇപ്പോഴെത്തുന്ന അവരുടെ മക്കള്‍ക്കും മക്കളുടെ മക്കള്‍ക്കും ഉയര്‍ന്ന ജോലിയും മെച്ചപ്പെട്ട വേതനവും ലഭിക്കുന്നു.
വലിയ വിദ്യാഭ്യാസ യോഗ്യതകളൊന്നുമില്ലാതെ ഹൃദയ വിശുദ്ധി മാത്രം കൈമുതലാക്കി ദുരിതപൂര്‍ണമായ യാത്രകളിലൂടെ ഇവിടെ എത്തിപ്പെട്ടവരും, ഉന്നത വിദ്യാഭ്യാസത്തിന്റെ കരുത്തില്‍ ഇവിടേക്ക് യാത്രയാകുന്നവരും തമ്മില്‍ വലിയ അന്തരമുണ്ട്. ആദ്യകാല ഹൃദയ ബന്ധങ്ങളുടെ ഊഷ്മളത പറഞ്ഞറിയിക്കാന്‍ പോലും കഴിയാത്തവിധം എങ്ങോ പോയ് മറഞ്ഞിരിക്കുന്നു.
പ്രവാസി മലയാളികളുടെ എന്നെത്തെയും ദുരന്തകഥയാണ് അര്‍ഹിക്കുന്ന ജോലിയും വേതനവും സ്ഥിരതയും. ഉന്നത ഭൗതിക വിദ്യാഭ്യാസം നേടിയവര്‍ക്ക് പോലും ചിലപ്പോള്‍ ഭാഷ പ്രശ്‌നമാവുന്നുണ്ട്. കഠിനാധ്വാനത്തിലൂടെ പണം സമ്പാദിച്ചവരുടെ അനുഭവങ്ങളാണ് ഗതകാലങ്ങളില്‍ ഭാഗ്യാന്വേഷികളെ ഇവിടേക്കാകര്‍ഷിച്ചതെങ്കില്‍ ഇപ്പോള്‍ വിദ്യാഭ്യാസ-സാങ്കേതിക യോഗ്യതകള്‍ക്കും അര്‍ഹമായ സ്ഥാനം ലഭിക്കുന്നുണ്ട്.
കാലാകാലങ്ങളിലുണ്ടായ സാമ്പത്തിക, സാങ്കേതിക, സാംസ്‌കാരിക, സാമൂഹിക മാറ്റങ്ങള്‍ പ്രവാസി മലയാളികളെയും സ്വാധീനിച്ചിട്ടുണ്ട്. വര്‍ത്തക പ്രമുഖര്‍, ഉന്നത വിദ്യാസമ്പന്നര്‍, സര്‍ക്കാര്‍തല ഉന്നത സ്ഥാനീയര്‍ തുടങ്ങി വിവിധ രംഗങ്ങളില്‍ വലിയ സംഭാവനകള്‍ അര്‍പ്പിക്കാന്‍ പ്രവാസത്തിന് കഴിഞ്ഞിരിക്കുന്നു.
ഇതൊരു ഉയര്‍ന്ന തലം മാത്രം. പതിറ്റാണ്ടുകളായി ചെറിയ ജോലികളിലേര്‍പ്പെട്ട് കുടുംബത്തിന്റെ മൊത്തം ബാധ്യത ഏറ്റെടുത്ത പലരും കടബാധ്യതകളില്‍ നിന്ന് മുക്തരാവാനാകാതെ കഴിയുന്നുവെന്നതും യാഥാര്‍ഥ്യമാണ്. എങ്കിലും അവര്‍ക്ക് ആത്മസായൂജ്യത്തിന്റെ ഒരു നെടുവീര്‍പ്പുണ്ട്. ഇന്നല്ലെങ്കില്‍ നാളെ ശരിയാവുമെന്ന ആത്മവിശ്വാസത്തിന്റെ നെടുനിശ്വാസവും.
പണത്തിനു മുകളില്‍ പ്രശസ്തിയെന്നതാണ് ചിലരുടെ സാമൂഹിക പ്രതിബദ്ധതയെന്ന് ചിലപ്പോള്‍ തോന്നിപ്പോകുന്ന തരത്തിലായിരുന്നു പ്രവാസ ലോകത്തെ സേവന മണ്ഡലങ്ങളെങ്കിലും, ഇപ്പോഴത് തിരിച്ചറിവിന്റെ ഘട്ടത്തിലേക്ക് മാറിയിരിക്കുന്നു. ദൈവത്തിന്റെ വരദാനമെന്നോണം ലഭിക്കുന്ന ആതുര സേവന രംഗങ്ങളില്‍ തങ്ങള്‍ക്ക് കഴിയാവുന്നതിനപ്പുറം മെയ്യധ്വാനം ചെയ്ത് സമാധാനത്തിന്റെ ദൂതരായി വിശേഷിപ്പിക്കാവുന്ന നിസ്വാര്‍ഥ സേവകരെ ഈയിടെ യു.എ.ഇയില്‍ സംഘടിപ്പിക്കപ്പെട്ട മീഡിയ വണ്‍ പ്രവാസോത്സവത്തില്‍ ആദരിച്ചത്, പരിവര്‍ത്തനത്തിന്റെ പ്രാരംഭമായിട്ടുവേണം കാണാന്‍. ഒരു നിയോഗം പോലെ ആരുമറിയാതെ സേവനങ്ങളിലേര്‍പ്പെട്ട താമരശ്ശേരിക്കാരന്‍ അശ്‌റഫിനെ പോലെയുള്ളവരെയാണ് ചടങ്ങില്‍ ആദരിച്ചത്. യു.എ.ഇയില്‍ മരിക്കുന്നവരുടെ മരണ വിവരം അറിഞ്ഞാല്‍ ഉടനെ സ്ഥലത്തെത്തി മരണാനന്തര കര്‍മങ്ങള്‍ക്കും മൃതദേഹം നാട്ടിലെത്തിക്കാനുമുള്ള നിയമാനുസൃത നടപടികള്‍ക്കും നേതൃത്വം നല്‍കുകയാണ് ഈ ഒറ്റയാന്‍ പട്ടാളം. പശ്ചാത്തലത്തില്‍ ഭാര്യയുടെയും കുട്ടികളുടെയും നിസ്സീമ സഹകരണവും. ഒരു പുരുഷായുസ്സില്‍ ആത്മസംതൃപ്തിയടയാന്‍ ഇതിനെക്കാളേറെ എന്തു വേണം?
സന്നദ്ധ സംഘടനകളുടെ സേവന സംരംഭങ്ങള്‍ കൊണ്ട് സജീവമാണിന്ന് യു.എ.ഇ. പ്രാദേശിക സംസ്ഥാന തലങ്ങളില്‍ രൂപം കൊണ്ട ഒട്ടേറെ സംരംഭങ്ങളുണ്ടിവിടെ. എല്ലാം യു.എ.ഇ വ്യവസ്ഥകള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
പ്രവാസികളെ അലട്ടുന്ന മുഖ്യ പ്രശ്‌നം തിരിച്ചുവരവ് തന്നെയാണ്. ജന്മനാട്ടില്‍ തങ്ങള്‍ ഏര്‍പ്പെട്ട ചെറുതും വലുതുമായ മിക്ക സംരംഭങ്ങളും പരാജയപ്പെട്ടുവെന്നത് തന്നെയാണ് അവരെ ദുഃഖിപ്പിക്കുന്നത്. അതിനാല്‍ പലപ്പോഴും ദൈവത്തിങ്കല്‍ ഭരമേല്‍പിക്കാനേ അവര്‍ക്കാവുന്നുള്ളൂ.
എങ്കിലും പ്രവാസി മലയാളികള്‍ക്കാശ്വസിക്കാന്‍ ഏറെയുണ്ട്. ഭാഷ, വേഷ, സാമൂഹിക വൈജാത്യങ്ങളോടൊപ്പം തന്നെ തങ്ങളുടെ സംസ്‌കാരത്തനിമ ഇവിടെ സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണത്. അടുത്തിടെ യു.എ.ഇയില്‍ പുതുതായി സ്ഥാനമേറ്റ ഇന്ത്യന്‍ അംബാസഡര്‍ ടി.പി സീതാറാം പറഞ്ഞു, ഇന്ത്യന്‍ സാംസ്‌കാരിക പരിപാടികള്‍ ഇവിടെ സംഘടിപ്പിക്കാന്‍ യു.എ.ഇ തന്നെയാണ് നമ്മോടാവശ്യപ്പെടുന്നതെന്ന്.
ഒന്നു കൂടി പറയട്ടെ. മലയാളികളുമായി ഏറെ ആത്മബന്ധം സൂക്ഷിക്കുന്നവരാണ് യു.എ.ഇയിലെ തദ്ദേശീയര്‍. ഔദാര്യപൂര്‍വമായ പെരുമാറ്റത്തിലൂടെ അവര്‍ മലയാളികളുടെ മനസ്സ് തൊട്ടറിയുന്നു.
Comments