സി.കെ നസീമ ടീച്ചര്‍
ജമാഅത്തെ ഇസ്‌ലാമി കുന്ദംകുളം ഏരിയാ പ്രസിഡന്റ് കെ.എച്ച് മുഹമ്മദ് സാഹിബിന്റെ ഭാര്യയും ചാവക്കാട് വിമന്‍സ് ഇസ്‌ലാമിയാ കോളേജ് അധ്യാപികയുമായ നസീമ ടീച്ചര്‍ കോളേജിലേക്കുള്ള യാത്രാമധ്യേ വാഹനത്തില്‍നിന്നും വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയും ദിവസങ്ങള്‍ക്കകം മരണപ്പെടുകയും ചെയ്തു.
വാടാനപ്പള്ളി സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ഹനീഫ മാഷിന്റെ സഹോദരിയായ അവര്‍ അവിടത്തെ പൂര്‍വ വിദ്യാര്‍ഥിനി കൂടിയാണ്. കഴിഞ്ഞ 16 വര്‍ഷമായി ചാവക്കാട് കോളേജില്‍ അധ്യാപികയായ അവര്‍ മരണപ്പെടുമ്പോള്‍ നായരങ്ങാടി ഹല്‍ഖാ നാസിമത്തായിരുന്നു.
വാത്സല്യപൂര്‍ണമായ പെരുമാറ്റം കൊണ്ടും സ്‌നേഹം കൊണ്ടും ആരെയും സ്വാധീനിക്കുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു. ഉത്തരവാദിത്വങ്ങള്‍ കൃത്യനിഷ്ഠയോടെ നിര്‍വഹിക്കും. 1996-ല്‍ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ച ടീച്ചര്‍ ഖുര്‍ആന്‍, ഫിഖ്ഹ് തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിലും പഠിപ്പിക്കുന്ന കാര്യങ്ങള്‍ സ്വന്തം ജീവിതത്തിലും വിദ്യാര്‍ഥികളിലും പ്രാവര്‍ത്തികമാക്കുന്നതിലും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സ്‌നേഹനിധിയായ മാതാവിനെപ്പോലെയാണ് വിദ്യാര്‍ഥികളോട് അവര്‍ പെരുമാറിയിരുന്നത്. അനാഥരും നിര്‍ധനരുമായവരെ പരിഗണിക്കുകയും അവരുടെ ആവശ്യങ്ങള്‍ കണ്ടറിയുകയും ചെയ്യുമായിരുന്നു. ദാരിദ്ര്യവും രോഗവും കൊണ്ട് പ്രയാസപ്പെടുന്ന വിദ്യാര്‍ഥികളെ സമാശ്വസിപ്പിച്ച് അവര്‍ക്ക് വേണ്ട സഹായങ്ങള്‍ സ്വന്തം ശമ്പളത്തില്‍നിന്നും മറ്റു വിദ്യാര്‍ഥികളില്‍നിന്നും സമാഹരിച്ച് വളരെ രഹസ്യമായി നല്‍കും. സ്വഭാവ വൈകല്യമുള്ളവരെ ഉപദേശിക്കും. അവര്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കാന്‍ ടീച്ചര്‍ അനുവദിക്കുകയില്ല. ദയാവാത്സല്യത്തോടെ, ഗുണകാംക്ഷിയായി ഒപ്പം ചേര്‍ത്ത് നിര്‍ത്തി കുട്ടികളെ നന്മയില്‍ നടത്താനുള്ള ടീച്ചറുടെ കഴിവ് അപാരമായിരുന്നു
ഇതര മതസ്ഥരായ വിദ്യാര്‍ഥിനികളോടും സഹപ്രവര്‍ത്തകരോടും നിഷ്‌കളങ്കമായ പെരുമാറ്റത്തിലൂടെ ഇസ്‌ലാമിലെ നന്മ പകര്‍ന്നു നല്‍കിയിരുന്നു. പുസ്തകങ്ങള്‍ കൈമാറി പ്രബോധന പ്രവര്‍ത്തനങ്ങളിലും അതീവ താല്‍പര്യം കാണിച്ചു. ഡയലോഗ് സെന്ററിന്റെ വിവിധ പരിപാടികളില്‍ ധാരാളം പേരെ പങ്കെടുപ്പിക്കുമായിരുന്നു. സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ താങ്ങും തണലുമായി എന്നും ടീച്ചര്‍ കൂടെയുണ്ടായിരുന്നു.
പി. ഇസ്മാഈല്‍ ചാവക്കാട്
കെ.വി മുഹമ്മദ്
മര്‍ഹൂം പി.വി കുഞ്ഞുമൊയ്തീന്‍ മൗലവിയോടൊപ്പം ആദ്യ കാലത്ത് തന്നെ സജീവമായി ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തന രംഗത്തേക്കിറങ്ങിയ വ്യക്തിയാണ് ഈയടുത്ത് നിര്യാതനായ മലപ്പുറം ജില്ലയിലെ പുളിക്കല്‍ സ്വദേശി കെ.വി മുഹമ്മദ് സാഹിബ്. മുത്തഫിഖ് ഹല്‍ഖയുടെ നാസിം, സെക്രട്ടറി എന്നീ നിലകളില്‍ പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചിരുന്നതോടൊപ്പം മഹല്ല് കമ്മിറ്റിയിലും സജീവ പങ്കാളിത്തം വഹിച്ചു. മഹല്ല് ഭരണസമിതിയായ 'കവാകിബുന്നയ്യിറ'യില്‍ അംഗമായിരുന്നു. പുളിക്കല്‍ ആലുങ്ങല്‍ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ സ്ഥാപിക്കുന്നതില്‍ പി.വിയോടും കാട്ടാളി മുഹമ്മദ് സാഹിബിനോടുമൊപ്പം നേതൃപരമായ പങ്കുവഹിച്ച കെ.വി മരണം വരെ മദ്‌റസാ കമ്മിറ്റി ഭാരവാഹി കൂടിയായിരുന്നു. മസ്ജിദുത്തഖ്‌വ സ്ഥാപിക്കുന്നതിലും മുന്‍പന്തിയിലുണ്ടായിരുന്നു.
കെ.സി ജലീല്‍, പുളിക്കല്‍
Comments