Prabodhanm Weekly

Pages

Search

2013 ജനുവരി 26

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

എ.ആര്‍

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ അതിക്രൂരമായ കൂട്ട മാനഭംഗത്തിനിരയായ യുവതി ജീവത്യാഗം ചെയ്യേണ്ടിവന്നതില്‍ പിന്നെ സ്ത്രീ സുരക്ഷയെക്കുറിച്ച ചര്‍ച്ച മുമ്പൊരിക്കലും ഇല്ലാത്തവിധം നാനാ തലങ്ങളില്‍ തീവ്രതരമായി തുടരുന്നു. വനിതാ സംഘടനകളും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും മത-സാംസ്‌കാരിക കൂട്ടായ്മകളും മീഡിയയുമെല്ലാം പ്രാണനും മാനത്തിനും ഭീഷണിയില്ലാതെ ഇന്ത്യന്‍ സ്ത്രീക്ക് എങ്ങനെ ജീവിക്കാനും പഠിക്കാനും തൊഴിലെടുക്കാനും സഞ്ചരിക്കാനും കഴിയും എന്നാണ് ഉറക്കെ ചിന്തിക്കുന്നത്. ഒരു വശത്ത് മാനഭംഗത്തിനും ബലാത്സംഗത്തിനും പരമാവധി ശിക്ഷ തന്നെ നല്‍കണമെന്ന മുറവിളികള്‍ ഉയരുമ്പോള്‍ വധശിക്ഷ ഒന്നിനും പരിഹാരമല്ലെന്നും ഷണ്ഡീകരണം ഉള്‍പ്പെടെയുള്ള മറ്റു ശിക്ഷകളെക്കുറിച്ചാണ് ആലോചിക്കേണ്ടതെന്നും പരസ്പര വിരുദ്ധമായ അഭിപ്രായ പ്രകടനങ്ങളാണ് നടക്കുന്നത്. ശിക്ഷയുടെ കാര്‍ക്കശ്യമല്ല ഇരകള്‍ക്ക് അതിവേഗത്തിലും പ്രയാസരഹിതമായും നീതി കിട്ടാത്തതാണ് യഥാര്‍ഥ പ്രശ്‌നമെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. എല്ലാവരും ഒരുപോലെ സമ്മതിക്കുന്ന കാര്യം ശിക്ഷ എത്രതന്നെ കഠിനതരമാക്കിയാലും സാമൂഹികാന്തരീക്ഷം സ്ത്രീസൗഹൃദപരമല്ലാത്തേടത്തോളം കാലം സ്ത്രീയുടെ സുരക്ഷാ പ്രശ്‌നം അപരിഹാര്യമായി തുടരുമെന്നതാണ്. അന്തരീക്ഷം എങ്ങനെ സ്ത്രീസൗഹൃദപരമാവും എന്നതിനെക്കുറിച്ച് ഭിന്ന കാഴ്ചപ്പാടുകളാണ് പ്രകടിപ്പിക്കപ്പെടുന്നത്.
ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്, രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എ ബന്‍വാരിലാല്‍ സിംഗാള്‍, ആള്‍ദൈവം ആസാറാം ബാപു, ഛത്തീസ്ഗഢ് വനിത കമീഷന്‍ അധ്യക്ഷ വിഭാ റാവു, മധ്യപ്രദേശ് വ്യവസായ മന്ത്രി കൈലാഷ് വിജയ വര്‍ഗീയ തുടങ്ങിയവരുടെ പ്രതികരണങ്ങള്‍ ഇതിനകം വന്‍ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തി. സ്ത്രീ പീഡനത്തിന് സ്ത്രീകളുടെ പരിധിവിട്ട സ്വാതന്ത്ര്യബോധവും ഉത്തരവാദിയാണെന്നും ചില ലക്ഷ്മണരേഖകള്‍ അവരും പാലിച്ചേ മതിയാവൂ എന്നുമാണ് ഇവരൊക്കെ പറഞ്ഞതിന്റെ രത്‌നച്ചുരുക്കം. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും വെവ്വേറെ സ്‌കൂള്‍ ബസ്സുകള്‍ ഏര്‍പ്പെടുത്തുമെന്നും പെണ്‍കുട്ടികള്‍ക്ക് ഓവര്‍കോട്ട് നിര്‍ബന്ധമാക്കുമെന്നും മൊബൈല്‍ ഫോണ്‍ വിലക്കുമെന്നും പോണ്ടിച്ചേരി വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചതിന്റെ നേരെയുമുണ്ട് എതിര്‍പ്പ്. ഇമ്മാതിരി നടപടികളൊക്കെ സ്ത്രീയെ പുരുഷന്റെ അടിമയായി കാണുന്ന ഫ്യൂഡല്‍ ചിന്താഗതികളുടെ ഭാഗമാണെന്നും സ്ത്രീ-പുരുഷ സമ്പൂര്‍ണ സമത്വം എന്ന പുരോഗമന ചിന്തയുടെ നിരാസമാണെന്നും ഉദ്‌ഘോഷിക്കപ്പെടുന്നു.
സ്ത്രീപീഡനം അവസാനിപ്പിക്കാനും സ്ത്രീയുടെ സുരക്ഷ ഉറപ്പാക്കാനുമായി ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ജസ്റ്റിസ് ജെ.എസ് വര്‍മ കമീഷന്‍ മുമ്പാകെ പതിനൊന്നിന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയുണ്ടായി. സ്ത്രീയും പുരുഷനും തമ്മിലുള്ള ശരിയായ വിവാഹക്കരാറിലൂടെയുള്ള ലൈംഗിക ബന്ധം മാത്രമേ നിയമവിധേയമാക്കാവൂ, ബലാത്സംഗം പോലുള്ള കുറ്റങ്ങള്‍ക്ക് വധശിക്ഷ തന്നെ നല്‍കണം, നഗരങ്ങളില്‍ സുരക്ഷ സംവിധാനമുള്ള ഗതാഗത സൗകര്യങ്ങള്‍ സ്ത്രീകള്‍ക്കായി ഏര്‍പ്പെടുത്തണം, വിവാഹം സുഗമമാക്കുന്നതോടൊപ്പം സ്ത്രീധനം പോലുള്ള അനാചാരങ്ങള്‍ അവസാനിപ്പിക്കണം, എല്ലാ കുറ്റകൃത്യങ്ങള്‍ക്കും നിമിത്തമാവുന്ന ലഹരി സമ്പൂര്‍ണമായി നിരോധിക്കണം, ക്രിമിനല്‍ ശിക്ഷാവിധികള്‍ കര്‍ക്കശമാക്കണം, നീതിന്യായ നടപടിക്രമങ്ങള്‍ ലളിതവും വേഗത്തിലുമാക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ജമാഅത്തിന്റെ നിവേദനത്തിലുള്ളത്. കൂട്ടത്തില്‍ സഹ വിദ്യാഭ്യാസം ഒഴിവാക്കാനും ഡ്രസ് കോഡ് ഏര്‍പ്പെടുത്താനുമുള്ള നിര്‍ദേശങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് ജമാഅത്തിനോടുള്ള സാമ്പ്രദായിക വിരോധം തീര്‍ക്കുകയാണ് ചില സംഘടനകളും മീഡിയയും. മാര്‍ക്‌സിസ്റ്റ് വനിതാ സംഘടനയായ ജനാധിപത്യ മഹിളാ ഫെഡറേഷന്‍ പ്രതികരിച്ചതിങ്ങനെ: ''ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നു പഠിക്കുന്നത് സ്ത്രീപീഡനത്തിന് ഇടയാക്കുമെന്നാണ് ജമാഅത്തെ ഇസ്‌ലാമി അഭിപ്രായപ്പെട്ടത്. പെണ്‍കുട്ടികള്‍ക്ക് പ്രത്യേക വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രത്യേക വസ്ത്ര നിബന്ധനയും നിര്‍ദേശിക്കുന്നു. സ്ത്രീകള്‍ അടുക്കളയില്‍ ഒതുങ്ങിക്കഴിയണമെന്ന സംഘ്പരിവാറിന്റെ വാദവും ഇതുതന്നെയാണ്. മതസങ്കുചിത ബോധത്തില്‍ നിന്നാണ് ഇത്തരം സ്ത്രീവിരുദ്ധാശയങ്ങള്‍ ഉടലെടുക്കുന്നത്. പൊതുസമൂഹത്തില്‍ നിര്‍ഭയമായും അന്തസ്സോടെയും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുമിച്ച് ജീവിക്കാനുള്ള സാഹചര്യമാണ് ജനാധിപത്യ സമൂഹത്തില്‍ പ്രതീക്ഷിക്കുന്നത്.
ഉയര്‍ന്ന മാനുഷികമൂല്യങ്ങളും രാഷ്ട്രീയ സാമൂഹികബോധവും മനസ്സില്‍ സൂക്ഷിക്കുന്ന സ്ത്രീകളും പുരുഷന്മാരും അടുത്തിരുന്ന് ജോലി ചെയ്യുന്നതുകൊണ്ടോ പഠിക്കുന്നതുകൊണ്ടോ തരംതാണ പ്രലോഭനങ്ങള്‍ക്ക് വശംവദരാകില്ല. സ്ത്രീ ഒരു ഉപഭോഗ വസ്തുവാണെന്നു കരുതുന്ന സങ്കുചിത മനസ്സുകള്‍ക്ക് മാത്രമേ സ്ത്രീകള്‍ക്കു നേരെ ബലപ്രയോഗം നടത്താന്‍ തോന്നൂ. ബലപ്രയോഗങ്ങള്‍ നിയമപരമായി കുറ്റകൃത്യമാണ്. നിയമങ്ങള്‍ കര്‍ക്കശമാക്കുകയും ഉയര്‍ന്ന സാമൂഹികബോധം വളര്‍ത്തിയെടുക്കുകയുമാണ് വേണ്ടത്. ഇതിന് സ്ത്രീപുരുഷന്മാര്‍ പൊതു ഇടങ്ങളില്‍ ഒരുമിച്ച് ചേരേണ്ടത് അത്യാവശ്യമാണ്.
അഫ്ഗാനിസ്താനിലും സുഊദി അറേബ്യയിലുമെല്ലാം കര്‍ശനമായ നിബന്ധനകള്‍ സ്ത്രീസമൂഹത്തിനു മേല്‍ അടിച്ചേല്‍പ്പിച്ചിട്ടും സ്ത്രീപീഡനങ്ങള്‍ കൂടുകയായിരുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്ന രണ്ടാമത്തെ രാജ്യമാണ് സുഊദി അറേബ്യ എന്ന് കണക്കുകള്‍ കാണിക്കുന്നു. അഫ്ഗാന്‍ സ്ത്രീകള്‍ മതഭീകരരില്‍നിന്ന് ഏറ്റുവാങ്ങുന്ന പീഡനങ്ങള്‍ വിവരണാതീതമാണ്. മതവിശ്വാസത്തിന്റെ പേരില്‍ സങ്കുചിത സ്ത്രീവിരുദ്ധ ബോധം പ്രചരിപ്പിക്കുന്നത് സമൂഹത്തിന് വലിയ ദോഷം ചെയ്യും.
ഇത്തരം പ്രചാരണങ്ങളില്‍നിന്ന് ജനാധിപത്യ വിശ്വാസമുള്ളവര്‍ പിന്മാറണമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ടി.എന്‍ സീമയും സെക്രട്ടറി കെ.കെ ശൈലജയും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു'' (ദേശാഭിമാനി, ജനുവരി 10, 2013).
'ഉയര്‍ന്ന മാനുഷിക മൂല്യങ്ങളും സാമൂഹിക ബോധവും മനസ്സില്‍ സൂക്ഷിക്കുന്ന സ്ത്രീകളും പുരുഷന്മാരും അടുത്തിരുന്നു ജോലി ചെയ്യുന്നതുകൊണ്ടോ പഠിക്കുന്നതുകൊണ്ടോ തരംതാണ പ്രലോഭനങ്ങള്‍ക്ക് വശംവദരാകില്ല' എന്നാണല്ലോ മാര്‍ക്‌സിസ്റ്റ് വനിതാ സംഘടന അവകാശപ്പെടുന്നത്. അങ്ങനെയല്ലാത്ത സമൂഹങ്ങള്‍ക്ക് ഉദാഹരണമായി അവര്‍ സുഊദി അറേബ്യയെയും അഫ്ഗാനിസ്താനെയും എടുത്തുകാട്ടുകയും ചെയ്യുന്നു. ഇതിലെ വസ്തുതാപരമായ ശരിയും തെറ്റും അവിടെയിരിക്കട്ടെ. സമ്പൂര്‍ണ സ്ത്രീ സ്വാതന്ത്ര്യം അനുവദിച്ച, സ്ത്രീയും പുരുഷനും ഒരിടത്തിരുന്നു പഠിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്ന, വസ്ത്രധാരണത്തിലടക്കം ആരും ഇടപെടാത്ത പരിഷ്‌കൃത സമൂഹങ്ങളിലെ സ്ഥിതിയെന്താണ്? അമേരിക്കയിലെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ സംഘടനകളില്‍ ഏറ്റവും വലിയ ഒന്നായ ആര്‍.എ.ഐ.എന്‍.എന്‍ വെളിപ്പെടുത്തിയതനുസരിച്ച് പ്രതിവര്‍ഷം 207754 ബലാത്സംഗങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതായത് മണിക്കൂറില്‍ 23 വീതം(ഇന്ത്യയില്‍ മണിക്കൂറില്‍ രണ്ട് മാത്രം). 54 ശതമാനം ബലാത്സംഗങ്ങളും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നും 97 ശതമാനം ബലാത്സംഗ പ്രതികളും ഒരുനാള്‍ പോലും ജയിലില്‍ കഴിയേണ്ടിവന്നില്ലെന്നും സംഘടന വെളിപ്പെടുത്തുന്നു. മാനഭംഗ കേസുകളില്‍ 66 ശതമാനവും ഇരകളുടെ പരിചിതരില്‍ പെട്ടവരാണെന്നും 38 ശതമാനം സുഹൃത്തുക്കളാണെന്നും കൂടിയുണ്ട് ആര്‍.എ.ഐ.എന്‍.എന്‍ കണക്കുകളില്‍ (ദ ഹിന്ദു 2013 ജനുവരി 13). അപ്പോള്‍ ചോദ്യം: അമേരിക്കന്‍ സ്ത്രീകള്‍ പര്‍ദാ ധാരിണികളോ സഹ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവരോ വേറിട്ട തൊഴിലിടങ്ങളില്‍ കഴിയുന്നവരോ ആയതുകൊണ്ടാണോ ഇത്ര ഭീകരമായി മാനഭംഗത്തിനിരയാവുന്നത്? ഇനി മുക്കാല്‍ നൂറ്റാണ്ട് കാലത്തോളം സാക്ഷാല്‍ സോഷ്യലിസ്റ്റ് സ്വര്‍ഗമായിരുന്ന, സ്ത്രീ-പുരുഷ സമത്വത്തിന്റെ ലോക മാതൃകയായി വിലസിയ റഷ്യയിലെ കഥയോ! 2009-ലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 6208 ബലാത്സംഗ കേസുകളുമായി ലോക രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തായിരുന്നു റഷ്യ. അതേസമയം, ലോകത്ത് രണ്ടാം സ്ഥാനത്താണെന്ന് മാര്‍ക്‌സിസ്റ്റ് വനിതാ സംഘടന ആരോപിച്ച സുഊദി അറേബ്യ 93 രാജ്യങ്ങളടങ്ങുന്ന പട്ടികയിലേ ഇല്ല. മൊത്തം കുറ്റകൃത്യങ്ങളുടെ പട്ടികയിലാകട്ടെ 115-ാമതായിരുന്നു സുഊദി അറേബ്യയുടെ സ്ഥാനം. സ്ത്രീ പുരുഷ സമ്പര്‍ക്കത്തിനും സഹവാസത്തിനും ഒരുവിധ നിയന്ത്രണവുമില്ലാത്ത സൗത്താഫ്രിക്കയാണ് ബലാത്സംഗ കേസുകളുടെ എണ്ണത്തില്‍ ഒന്നാമത്. ബലാത്സംഗത്തിന്റെ ലോക തലസ്ഥാനം എന്ന അപഖ്യാതിയുള്ള ദക്ഷിണാഫ്രിക്കയില്‍ ലൈംഗികാതിക്രമത്തിന് വിധേയരാവുന്ന സ്ത്രീകളുടെ സംഖ്യ 70 ശതമാനം വരും. 2011-ല്‍ അവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബലാത്സംഗ കേസുകള്‍ മാത്രം 64000 വരും (രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈയില്‍ നടന്ന സാമൂഹിക സന്നദ്ധ സംഘടനകളുടെ ആഗോള സംഗമത്തില്‍ സംബന്ധിക്കാനെത്തിയ ഒരു ദക്ഷിണാഫ്രിക്കന്‍ ന്യായാധിപനെതിരെ അവിടത്തുകാരിയായ വനിതാ പ്രതിനിധി സ്ത്രീപീഡനത്തിന് കേസ് കൊടുത്ത സംഭവം ഓര്‍ക്കുക).
സ്ത്രീ-പുരുഷ വിവേചനം എന്ന ഫ്യൂഡല്‍ ചിന്ത നാലയലത്ത് കൂടി പോവാത്ത രാജ്യമാണല്ലോ കമ്യൂണിസ്റ്റ് ചൈന. അവിടെ 26 സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ലീ ഗ്വാങ് എന്ന അധ്യാപകന്റെ കഥ 2005-ല്‍ ലോക മാധ്യമങ്ങളില്‍ വന്നു. മംഗോളിയ, മ്യാന്മര്‍, വടക്കന്‍ കൊറിയ, റഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് നിര്‍ബന്ധ വിവാഹത്തിനും തൊഴിലിനും വേശ്യാവൃത്തിക്കും വേണ്ടി സ്ത്രീകളും കുട്ടികളും ചൈനയിലേക്ക് വന്‍തോതില്‍ കടത്തപ്പെടുന്നതായ വാര്‍ത്ത ഇതോട് ചേര്‍ത്തുവായിക്കുക. മുതലാളിത്ത രാജ്യങ്ങളുടെ കുത്തകയല്ല ബലാത്സംഗവും അനുബന്ധ കുറ്റകൃത്യങ്ങളും എന്ന് ചുരുക്കം.
ഇന്ത്യയിലേക്ക് വരുമ്പോഴോ? മൂന്നര പതിറ്റാണ്ട് കാലം മാര്‍ക്‌സിസ്റ്റ് ഭരണത്തിലിരുന്ന പശ്ചിമബംഗാളാണ് 2011-ല്‍ 2363 സംഭവങ്ങളുമായി ബലാത്സംഗ കേസുകളില്‍ രണ്ടാം സ്ഥാനത്ത്. 3406 സംഭവങ്ങളുമായി മധ്യപ്രദേശാണ് ഒന്നാം സ്ഥാനത്ത്.
ഇതില്‍ നിന്നൊക്കെ മനസ്സിലാക്കേണ്ടത് എന്താണ്? അനിയന്ത്രിത സ്ത്രീ സ്വാതന്ത്ര്യം കൊണ്ട് പരിഹരിക്കാവുന്നതല്ല സുരക്ഷാ പ്രശ്‌നം. സംസ്‌കാരവും ധാര്‍മിക സംശുദ്ധിയും മനുഷ്യാവകാശ പ്രതിബദ്ധതയുമുള്ള സമൂഹങ്ങളില്‍ സ്ത്രീ സാമാന്യേന ആദരിക്കപ്പെടും, അവര്‍ക്ക് മാനംമര്യാദയായി ജീവിക്കാന്‍ അവസരം ലഭിക്കും. എന്നാല്‍, മാനഭംഗമോ ബലാത്സംഗമോ മറ്റു ലൈംഗികാതിക്രമങ്ങളോ തീരെ ഇല്ലാതാവില്ല. അതിനാണ് കടുത്ത ശിക്ഷാ വിധികള്‍. വിധികള്‍ ഏട്ടിലുറങ്ങിയത് കൊണ്ടായില്ല. കുറ്റവാളികളെ പെട്ടെന്ന് പിടികൂടാനും നീതിപീഠങ്ങളുടെ മുമ്പാകെ ഹാജരാക്കാനും കെല്‍പുറ്റ പോലീസ് സേന വേണം. വിചാരണ പ്രക്രിയ വൈകാതെ പൂര്‍ത്തിയാക്കണം. പ്രതികള്‍ക്ക് പാഠം പഠിക്കാനുതകുന്ന ശിക്ഷ തന്നെ നല്‍കുകയും വേണം. അധാര്‍മികതയുടെ ചെളിക്കുണ്ടില്‍ കിടക്കുന്ന ഒരു സമൂഹത്തില്‍, സംശുദ്ധിയോ ഉത്തരവാദിത്വബോധമോ തൊട്ടുതീണ്ടാത്ത നിയമപാലകര്‍, ഒച്ചിനെ തോല്‍പിക്കുന്ന നീതിന്യായ വ്യവസ്ഥ. ഈ അവസ്ഥ നിലനില്‍ക്കുമ്പോള്‍ നിയമം എത്ര കര്‍ക്കശമാക്കിയിട്ടും പ്രയോജനമൊന്നുമില്ല. സമഗ്ര മാറ്റത്തിന് തീവ്രയത്‌നം ചെയ്യുന്നതോടൊപ്പം സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്ന തത്ത്വം മുഖവിലക്കെടുത്ത് സ്ത്രീകള്‍ പരമാവധി കരുതലോടെ ജീവിച്ചാല്‍ അത്രക്ക് സുരക്ഷ പ്രതീക്ഷിക്കാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍