മുച്ചൂടും മാറ്റിപ്പണിയുന്നുണ്ടോ ഈ നവോത്ഥാനം?
നവോത്ഥാനമെന്ന വാക്ക് കേരളീയ മുസ്‌ലിം വേദികളില്‍ ഇന്ന് വലിയ ചര്‍ച്ചാ വിഷയമാണല്ലോ. തങ്ങളുടെ പ്രവര്‍ത്തനഫലമായി കേരളത്തിലെ മുസ്‌ലിംകളില്‍ വലിയ തോതില്‍ നവോത്ഥാനമുണ്ടായി എന്ന് ഒരുകൂട്ടര്‍ അവകാശപ്പെടുമ്പോള്‍, അതല്ല തങ്ങള്‍ക്കാണ് ഈ ഇമ്മിണി ബല്യ നവോത്ഥാനത്തിന്റെ മൊത്തക്കുത്തകാവകാശം എന്ന് മറുപക്ഷവും വാദിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ പ്രബോധനം ലക്കം 27ല്‍ നവോത്ഥാനത്തെക്കുറിച്ച ഈടുറ്റ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചത് ചര്‍ച്ചക്ക് ദിശാബോധമേകാന്‍ കുറച്ചൊക്കെ പര്യാപ്തമായി.
യഥാര്‍ഥത്തില്‍ അങ്ങനെ എളുപ്പത്തില്‍ ആര്‍ക്കും, കേവലം മദ്രസാധ്യാപകര്‍ക്കുവരെ അനായാസമെടുത്ത് അലങ്കാരമായി കഴുത്തിലണിഞ്ഞു നടക്കാവുന്ന പരിമിതാര്‍ഥമുള്ള ഒരു വാക്കാണോ നവോത്ഥാനമെന്നത്? പരിവര്‍ത്തനത്തിന്റെ പടഹമടിച്ച് കടന്നുപോയ നൂറ്റാണ്ടുകളില്‍ ജനപദങ്ങളുടെ ഭാവി ഭാഗധേയം നിര്‍ണയിച്ചുകൊണ്ട് മഹാ മനീഷികളുടെ നേതൃത്വത്തില്‍ ലോകവേദികളില്‍ അരങ്ങേറിയ മുന്നേറ്റങ്ങളാണല്ലോ നവോത്ഥാനം. അതുകൊണ്ടുതന്നെ നവോത്ഥാനം (Renaissance) എന്ന വാക്കിന് ഇന്ന് വ്യവഹാരത്തിലുള്ളതിനേക്കാള്‍ എത്രയോ ആഴത്തിലും പരപ്പിലും അര്‍ഥവ്യാപ്തിയുണ്ട്.
ഇസ്‌ലാമിക നവോത്ഥാനം ഉയിരും ഊര്‍ജവുമാര്‍ജിക്കേണ്ടത് സദ്‌റുദ്ദീന്‍ വാഴക്കാട് ചൂണ്ടിക്കാട്ടുന്നതുപോലെ, ആദം നബിമുതല്‍ തുടങ്ങുന്ന പ്രവാചക പരമ്പരയില്‍നിന്നു തന്നെയാണ്. തൗഹീദിന്റെ വെളിച്ചത്തില്‍ സമൂഹത്തെ കാലാനുസൃതമായി പുതുക്കിപ്പണിതുകൊണ്ട് പ്രവാചകന്മാരിലൂടെ തുടര്‍ന്നുവന്ന ആ പരിഷ്‌കരണ പ്രക്രിയ അന്ത്യപ്രവാചകനിലെത്തിയതോടെ സമഗ്ര രൂപം കൈവരിച്ചു. ആത്മീയ രംഗത്തെന്നപോലെ രാഷ്ട്രീയ-ഭരണ രംഗത്തും സമൂലമായ മാറ്റങ്ങള്‍ വരുത്തി മാതൃക കാണിച്ച ആ മുന്നേറ്റം നബിവര്യനിലൂടെ സമ്പൂര്‍ണ സാഫല്യത്തിലെത്തുകയും ചെയ്തു. തൗഹീദിന്റെ അടിത്തറയില്‍ മദീന ആസ്ഥാനമായി രാഷ്ട്രം സംസ്ഥാപിച്ചുകൊണ്ടാണ് റസൂലുല്ലാഹ് മാനവതയ്ക്ക് നവോത്ഥാനത്തിന്റെ രാജപാതയൊരുക്കിക്കൊടുത്തത്. കലര്‍പ്പറ്റ വെളിപാടു വചനങ്ങളില്‍നിന്നുരുവാര്‍ന്ന മൂല്യവ്യവസ്ഥതന്നെ പള്ളിയെയും പാര്‍ലമെന്റിനെയും നിയന്ത്രിക്കുമ്പോഴേ രാജ്യത്ത് സമൃദ്ധിയും സമാധാനവും ജനങ്ങള്‍ക്ക് മനഃശാന്തിയും അഭിവൃദ്ധിയും കൈവരികയുള്ളൂവെന്ന് തിരുദൂതര്‍ പ്രായോഗികമായി തെളിയിച്ചു.
വിശ്വാസത്തിലെ വ്യതിചലനത്തോടൊപ്പം രാജ്യഭരണത്തിലെ നെറികേടുകളെയും ധീരോദാത്തമായി ചോദ്യംചെയ്തും തിരുത്തിക്കുറിച്ചുമാണ് പ്രവാചകര്‍ക്കും അനുയായികള്‍ക്കും നവോത്ഥാന മുന്നേറ്റങ്ങളൊക്കെയും സാധ്യമായതെന്ന് വ്യക്തമാണല്ലോ. സാമൂഹിക പരിവര്‍ത്തനത്തിന്റെ ഈ വഴിയില്‍ മുന്നേറുമ്പോള്‍ നബിപുംഗവനും സഹചരര്‍ക്കും സഹിക്കേണ്ടിവന്ന കൊടിയ പീഡനങ്ങള്‍ക്കും പലായനങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും കൈയും കണക്കുമില്ലതാനും.
14-18 നൂറ്റാണ്ടുകള്‍ക്കിടയില്‍ ആധുനിക ശാസ്ത്രത്തിന്റെ തിരയേറ്റത്തോടൊപ്പമെത്തിയ യൂറോപ്യന്‍ നവോത്ഥാനത്തെത്തുടര്‍ന്നും സമൂഹത്തില്‍ വലിയ മാറ്റങ്ങളാണുണ്ടായത്. ഭരണ രംഗത്ത് ചര്‍ച്ചിന്റെ അന്ധമായ മതാധിപത്യത്തിനു പകരം മതേതരത്വത്തിന്റെ അരങ്ങേറ്റമുണ്ടായി. പദാര്‍ഥജ്ഞാനം, ജ്യോതിശാസ്ത്രം, ചരിത്രം, കല, സാഹിത്യം, നിരൂപണം, നിയമ-നീതിവ്യവസ്ഥ, തത്വചിന്ത, രാഷ്ട്രമീമാംസ, ബോധന ശാസ്ത്രം, വൈദ്യശാസ്ത്രം, ദൈവശാസ്ത്രം, ധനതത്വ ശാസ്ത്രം, രസതന്ത്രം, ഗതാഗതം, വാര്‍ത്താ വിനിമയം തുടങ്ങി ഭൗതിക ജീവിതത്തിന്റെ സര്‍വതലങ്ങളെയും ബൗദ്ധികമായും ശാസ്ത്രീയമായുമത് മാറ്റിപ്പണിതു. മര്‍ദക ഭരണ വര്‍ഗത്തില്‍നിന്ന് മതവിചാരണക്കോടതികളടക്കമുള്ള (Inquisition court) ക്രൂര പീഡനങ്ങള്‍ സഹിച്ചുകൊണ്ടായിരുന്നു യൂറോപ്യന്‍ നവോത്ഥാന നായകര്‍ക്ക് ലക്ഷ്യത്തിലേക്ക് മുന്നേറാനായത്. ശ്രീ നാരായണ ഗുരു, വക്കം അബ്ദുല്‍ ഖാദര്‍ മൗലവി തുടങ്ങിയവരുടെ നേതൃത്വത്തില്‍ അരങ്ങേറിയ കേരളീയ നവോത്ഥാനത്തിലും സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങളും ഭരണകൂട നെറികേടുകള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊണ്ടിരുന്നു.
ഇത്തരത്തില്‍, യാഥാസ്ഥിതികതയുടെ ഇരുളിലാണ്ടു മുരടിച്ച അന്തരംഗത്തെ നവീന ചിന്തകള്‍കൊണ്ട് സമൂലമായി ശുദ്ധീകരിക്കുകയും ജനവിരുദ്ധ ഭരണകൂടങ്ങളെ അടിവേരോടെ പിഴുതെറിഞ്ഞ് പുതുലോകക്രമം സ്ഥാപിക്കുകയും ചെയ്യുന്ന സമഗ്രമായ പരിവര്‍ത്തന പ്രക്രിയയെയാണ് നവോത്ഥാനമെന്ന് വിശേഷിപ്പിക്കുന്നത്. ജീവിതത്തിന്റെ സര്‍വതലങ്ങളെയും സമുദ്ധരിച്ച് ലോകത്തെ മുച്ചൂടും മാറ്റിപ്പണിയുന്ന ഇത്തരമൊരു നവോത്ഥാന പരിശ്രമത്തിന്റെ വൈപുല്യവും ധൈഷണിക പശ്ചാത്തലവുമൊക്കെ കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ ഇന്ന് കൊട്ടിഘോഷി ക്കുന്ന നവോത്ഥാന സംരംഭങ്ങള്‍ക്കുണ്ടോ?
Comments